ഒരു രാഷ്ട്രത്തിന്റെ സ്ഥിരതയുടെ പ്രധാനഘടകമാണ് ധീരത. ധൈര്യശാലികളും വീരന്മാരുമായ സൈനികരെ പൗരാണികകാലം മുതല്‍ ഭാതതം ആദരിച്ചു വന്നിരുന്നു എന്ന് യുദ്ധ ചരിത്രത്തില്‍ നിന്നും ഇതിഹാസങ്ങളില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയും. രക്തസാക്ഷിയായി മരിക്കുന്നതിന്റെ പ്രാധാന്യം വിലമതിക്കപ്പെട്ടതും സ്വര്‍ഗ്ഗത്തിലേക്കു പോകാനുള്ള എളുപ്പമാര്‍ഗ്ഗമായും മഹാഭാരതത്തില്‍ പറയുന്നുണ്ട്. യുദ്ധക്കളത്തില്‍ വെച്ച് ഏതുതരത്തിലുള്ള മരണവും മഹത്തരമാണെന്ന് കരുതപ്പെട്ടിരുന്നു. യുദ്ധത്തില്‍ രക്തസാക്ഷികളാവുന്ന യോദ്ധാക്കളുടെ ബഹുമാനാര്‍ത്ഥം സ്മാരകങ്ങള്‍ നിര്‍മ്മിക്കുക, അവരുടെ ആശ്രിതര്‍ക്ക് സ്ഥാനമാനങ്ങള്‍ നല്‍കുക, പുരസ്‌കാരങ്ങള്‍ നല്‍കുക തുടങ്ങിയവ എല്ലായ്‌പ്പോഴും ജനങ്ങള്‍ക്ക് പ്രചോദനം നല്‍കിയിരുന്നു. അസാധാരണമായ ധീരതയ്ക്കും ശൗര്യത്തിനും മാന്യതയ്ക്കും സമ്മാനിക്കുന്ന പുരസ്‌കാരങ്ങളാണ് ധീരതയ്ക്കുള്ള (Gallantry) അവാര്‍ഡുകള്‍.
1950 ജനുവരി 26നാണ് ഭാരത സര്‍ക്കാര്‍ ആദ്യമായി മൂന്ന് ധീരതാ പുരസ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തിയത്. പരമവീരചക്രം (PVC), മഹാവീരചക്രം (MVC), വീരചക്രം(VRC) എന്നീ മൂന്നുധീരതാപുരസ്‌കാരങ്ങള്‍ 1947 ആഗസ്റ്റ് 15 മുതല്‍ പ്രാബല്യത്തില്‍ വരുന്ന വിധത്തില്‍ വിജ്ഞാപനമിറക്കി. 1952 ജനുവരി 4 ന് ഭാരത സര്‍ക്കാര്‍, അശോകചക്രം ക്ലാസ്-1, അശോകചക്രം ക്ലാസ് – 2, അശോകചക്രം ക്ലാസ് – 3 എന്നിങ്ങനെ മൂന്ന് ധീരതാ പുരസ്‌കാരങ്ങള്‍ കൂടി ഏര്‍പ്പെടുത്തി. ഈ പുരസ്‌കാരങ്ങളും 1947 ആഗസ്റ്റ് 15 മുതല്‍ പ്രാബല്യത്തില്‍ വരുന്ന വിധത്തില്‍ വിജ്ഞാപനം ചെയ്തു. 1967 ജനുവരി മാസം ഈ പുരസ്‌കാരങ്ങളെ അശോകചക്രം, കീര്‍ത്തിചക്രം, ശൗര്യചക്രം എന്നീ പേരുകളില്‍ പുനര്‍നാമകരണം ചെയ്തു. റിപ്പബ്ലിക്ക് ദിനത്തിലും (ജനുവരി 26) സ്വാതന്ത്ര്യദിനത്തിലുമാണ് (ആഗസ്റ്റ് 15) ധീരതാപുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്നത്.
ധീരതാ പുരസ്‌കാരങ്ങളെ പ്രധാനമായും രണ്ടു വിഭാഗങ്ങളായി തിരിക്കാം. ഒന്ന്-യുദ്ധകാലവീരതാപുരസ്‌കാരങ്ങള്‍. രണ്ട്-സമാധാനകാല ധീരതാപുരസ്‌കാരങ്ങള്‍. ഓരോ വിഭാഗത്തിലും മൂന്നുതരം വീരതാ പുരസ്‌കാരങ്ങളുണ്ട്. ശത്രുക്കള്‍ക്കെതിരെ യുദ്ധക്കളത്തില്‍ പോരാടുമ്പോള്‍ കാണിക്കുന്ന ശൗര്യത്തിനാണ് യുദ്ധകാല വീരതാപുരസ്‌കാരങ്ങള്‍ നല്‍കുന്നത്. പരമ വീരചക്രം, മഹാവീരചക്രം, വീരചക്രം എന്നീ വീരതാ പുരസ്‌കാരങ്ങള്‍ ഈ വിഭാഗത്തില്‍പ്പെടുന്നു. യുദ്ധക്കളത്തിനുപുറത്ത് ശത്രുമുഖത്തല്ലാതെ കാണിക്കുന്ന ധീരതയ്ക്കും സാഹസികതയ്ക്കും നല്‍കുന്ന പുരസ്‌കാരങ്ങളാണ് സമാധാന കാലത്തുള്ള ധീരതാ പുരസ്‌കാരങ്ങള്‍. സാധാരണയായി പ്രതിരോധ കലാപ (Counter Insurgency) പ്രവര്‍ത്തനങ്ങള്‍ക്കും ആഭ്യന്തരസുരക്ഷാ (Internal Security) പ്രവര്‍ത്തനങ്ങള്‍ക്കുമാണ് ഈ പുരസ്‌കാരങ്ങള്‍ നല്‍കുന്നത്. അശോകചക്രം, കീര്‍ത്തിചക്രം, ശൗര്യചക്രം എന്നിങ്ങനെയാണ് ഈ പുസ്‌കാരങ്ങള്‍. മരണാനന്തര ബഹുമതിയായും ധീരതാ പുരസ്‌കാരങ്ങള്‍ നല്‍കാറുണ്ട്. 2018 ജനുവരി 26 വരെ 21 പരമവീരചക്രം, 83 അശോകചക്രം, 218 മഹാവീരചക്രം, 458 കീര്‍ത്തിചക്രം, 1322 വീരചക്രം, 1997 ശൗര്യചക്രം എന്നിവ സ്വാതന്ത്ര്യലബ്ധിക്കു ശേഷം നല്‍കിയിട്ടുണ്ട്.
ധീരതയ്ക്കുള്ള പുരസ്‌കാരങ്ങള്‍ രണ്ടാമതു ലഭിക്കുമ്പോള്‍ ഒരു ‘ബാര്‍’ പുരസ്‌കാരം നല്‍കും. തുടര്‍ന്നുള്ള ധീരസാഹസികതയ്ക്ക് വേണ്ടി വീണ്ടും ‘ബാര്‍’ പുരസ്‌കാരം കൂട്ടി ചേര്‍ക്കപ്പെടും. അത്തരം ബാറുകള്‍ മരണാനന്തര ബഹുമതിയായും നല്‍കാവുന്നതാണ്. ഓരോ ‘ബാര്‍’ പുരസ്‌കാരം ലഭിക്കുമ്പോഴും ഒരു ചെറു മെഡല്‍ (പതക്കം) റിബണില്‍ കൂട്ടിച്ചേര്‍ക്കപ്പടും.
ധീരതാ പുരസ്‌കാരപതക്കങ്ങളുടെ ആലേഖനം
മേജര്‍ ജനറല്‍ വിക്രം രാംജി ഖനോല്‍ക്കരുടെ സ്വിറ്റ്‌സര്‍ലണ്ടുകാരിയായ ഭാര്യ, സാവിത്രിബായി ഖനോല്‍ക്കറാണ് (ഋ്‌ല ഥ്ീിില ങമറമ്യറല ങമൃ’ീ)െ പരമവീരചക്രം പതക്കവും (ങലറമഹ) മറ്റു ധീരതാ പുരസ്‌കാരപതക്കങ്ങളും ആലേഖനം (ഉലശെഴി) ചെയ്തത്. സാവിത്രി ബായിയുടെ മകളായ കുമദിനി ശര്‍മ്മയുടെ സഹോദരീ ഭര്‍ത്താവായ മേജര്‍ സോംനാഥ് ശര്‍മ്മയ്ക്കാണ് 1947ല്‍ ബഡ്ഗാം യുദ്ധത്തില്‍ ഇന്ത്യയിലെ ആദ്യത്തെ പരമവീരചക്ര പുരസ്‌കാരം മരണാനന്തര ബഹുമതിയായി ലഭിച്ചത്.
പരമവീരചക്രം, മഹാവീരചക്രം, വീരചക്രം
ഇന്ത്യന്‍ സായുധ സേനയിലെ ഓഫീസര്‍മാരും മറ്റു പദവിയിലുള്ള സ്ത്രീപുരുഷന്മാരും മിലിറ്ററി നഴ്‌സിംഗ് സര്‍വ്വീസിലുള്ളവരും മറ്റേതെങ്കിലും നിയമപരമായി രൂപീകരിച്ച സായുധസേനാംഗങ്ങളും പരമവീരചക്രം, മഹാവീരചക്രം, വീരചക്രം എന്നീ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹതയുള്ളവരാണ്. കരയിലോ കടലിലോ ആകാശത്തോ ശത്രുക്കള്‍ക്കു നേരെയുള്ള പരമോന്നത ധീരതയ്‌ക്കോ, ബലിദാനത്തിനോ, മഹാസാഹസത്തിനോ ശൗര്യത്തിനോ ആണ് പരമവീരചക്രം നല്‍കുന്നത്. ഭൂമി, സമുദ്രം, വായു എന്നിവിടങ്ങളില്‍ ശത്രുവിനെതിരെയുള്ള ഉന്നത ധീരതയാണ് മഹാവീരചക്രപുരസ്‌കാരത്തിനു പരിഗണിക്കുന്നത്. കരയിലോ, കടലിലോ, ആകാശത്തോ ശത്രുക്കള്‍ക്കു നേരെയുള്ള ധീരതയാണ് വീരചക്ര പുരസ്‌കാരത്തിന്റെ മാനദണ്ഡം. ധീരതാപുരസ്‌കാരത്തിന്റെ ശുപാര്‍ശ ചെയ്യുന്ന വ്യക്തികള്‍ക്ക് ദോഷകരമായ റിപ്പോര്‍ട്ടോ, കോടതി കേസോ, കോര്‍ട്ടുമാര്‍ഷ്യല്‍ ശിക്ഷയോ ലഭിച്ചിരിക്കരുത്.
അശോകചക്രം, കീര്‍ത്തിചക്രം, ശൗര്യചക്രം
ഇന്ത്യന്‍ സായുധ സേനാംഗങ്ങള്‍, മിലിറ്ററി നഴ്‌സിംഗ് സര്‍വ്വീസിലുള്ളവര്‍, പോലീസുകാര്‍, പാരാമിലിറ്ററി സേനാംഗങ്ങള്‍, റെയില്‍വെ സുരക്ഷാസേനാംഗങ്ങള്‍, മറ്റു പൊതുജനങ്ങള്‍ എന്നിവര്‍ അശോകചക്രം, കീര്‍ത്തിചക്രം, ശൗര്യചക്രം എന്നീ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹതയുള്ളവരാണ്. ശത്രുവിന്റെ മുന്നില്‍ അല്ലാത്ത പരമോന്നത ധീരതയ്‌ക്കോ ജീവബലിദാനത്തിനോ, ശൗര്യത്തിനോ ആണ് അശോകചക്രം നല്‍കുന്നത്. ശത്രുവിന്റെ മുമ്പില്‍ അല്ലാതെ പ്രകടമായ ഉന്നത ധീരതയ്ക്കാണ് കീര്‍ത്തിചക്രം നല്‍കുന്നത്. ശത്രുവിന്റെ മുമ്പിലല്ലാതെ പ്രകടിപ്പിക്കുന്ന ധീരതയ്ക്കാണ് ശൗര്യചക്രം.
ധീരതാ പുരസ്‌കാരങ്ങള്‍ക്കുവേണ്ടിയുള്ള ശുപാര്‍ശകള്‍ പ്രതിരോധ മന്ത്രാലയം സായുധ സേനയില്‍ നിന്നും ആഭ്യന്തരമന്ത്രാലയത്തില്‍ നിന്നും വര്‍ഷത്തില്‍ രണ്ടുതവണ ആവശ്യപ്പെടും. റിപ്പബ്ലിക് ദിനത്തില്‍ നല്‍കേണ്ട ധീരതാ പുരസ്‌കാരങ്ങള്‍ക്കുള്ള ശുപാര്‍ശകള്‍ ആഗസ്റ്റു മാസത്തിലും സ്വാതന്ത്ര്യദിനത്തില്‍ നല്‍കേണ്ട ധീരതാപുരസ്‌കാരങ്ങളുടെ ശുപാര്‍ശകള്‍ മാര്‍ച്ചുമാസത്തിലുമാണ് പ്രതിരോധ മന്ത്രാലയത്തില്‍ നിന്നും ക്ഷണിക്കുന്നത്.
സായുധ സേനയുടെ കാര്യത്തില്‍ ധീരതയുടെ പ്രകടനം നടന്ന ഉടന്‍ യൂണിറ്റിന്റെ കാമന്‍ഡിംഗ് ഓഫീസര്‍ ധീരതാപുരസ്‌കാരത്തിനുള്ള ശുപാര്‍ശയടങ്ങുന്ന സൈറ്റേഷന്‍ (Citation) മേലധികാരിക്ക് അയക്കും. മേലധികാരികളുടെ ശുപാര്‍ശകളോടെ സേനാ മുഖ്യാലയത്തിലെത്തിയാല്‍, അവ പരിശോധിച്ച് ഏറ്റവും നല്ല സൈറ്റേഷന്‍ പ്രതിരോധ മന്ത്രാലയത്തിലേക്കയക്കും.
സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നും, പാരാമിലിറ്ററിയില്‍ നിന്നും മറ്റു സുരക്ഷാ സേനകളില്‍ നിന്നും മറ്റുമുള്ള ധീരതാപുരസ്‌കാര ശുപാര്‍ശകള്‍ ആഭ്യന്തര മന്ത്രാലയത്തിലേക്കാണ് അയക്കേണ്ടത്. ആഭ്യന്തര മന്ത്രാലയത്തിലെ പ്രത്യേക കമ്മറ്റി എല്ലാ ശുപാര്‍ശകളും പരിശോധിച്ചശേഷം ഏറ്റവും നല്ലതു തെരഞ്ഞെടുത്ത്, കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ ശുപാര്‍ശയോടെ പ്രതിരോധ മന്ത്രാലയത്തിലേക്കയക്കും. പ്രതിരോധ മന്ത്രി, ആര്‍മി, നേവി, എയര്‍ഫോഴ്‌സ് എന്നീ മൂന്നു വിഭാഗങ്ങളിലെയും സേനാധിപന്മാര്‍, പ്രതിരോധ സെക്രട്ടറി എന്നിവരടങ്ങുന്ന കേന്ദ്ര പുരസ്‌കാര കമ്മറ്റി (CH & AC) എല്ലാ സൈറ്റേഷനുകളും പരിശോധിച്ചു ഏറ്റവും നല്ലവ തെരഞ്ഞെടുക്കും. ആഭ്യന്തരമന്ത്രാലയത്തില്‍ നിന്നുവന്ന ശുപാര്‍ശകള്‍ പരിശോധിക്കുമ്പോള്‍ കേന്ദ്ര പുരസ്‌കാര കമ്മറ്റിയില്‍ ആഭ്യന്തര സെക്രട്ടറിയും അംഗമായിരിക്കും. കേന്ദ്ര പുരസ്‌കാര കമ്മറ്റി തിരഞ്ഞെടുക്കുന്ന സൈറ്റേഷനുകള്‍ പ്രധാനമന്ത്രിയുടെയും പ്രസിഡന്റിന്റെയും അനുമതിക്കുശേഷം റിപ്പബ്ലിക്കുദിനത്തിലും സ്വാതന്ത്ര്യദിനത്തിലും പ്രഖ്യാപനം ചെയ്യും.
പരമവീരചക്രം, അശോകചക്രം എന്നീ പുരസ്‌കാരങ്ങള്‍ റിപ്പബ്ലിക്കു ദിനാഘോഷ പരിപാടിയില്‍ വെച്ച് ഇന്ത്യന്‍ പ്രസിഡന്റാണ് വിജയേതാക്കള്‍ക്കോ, അവരുടെ അടുത്ത ബന്ധുവിനോ സമ്മാനിക്കുന്നത്. മറ്റു പുരസ്‌കാരങ്ങള്‍ രാജ്ഭവനില്‍ വെച്ചു നടക്കുന്ന ചടങ്ങില്‍ വെച്ച് നല്‍കും. ഈ അവാര്‍ഡുകളുടെ കൂടെ പണവും മറ്റ് ആനുകൂല്യങ്ങളും കേന്ദ്രഗവണ്‍മെന്റും സംസ്ഥാനഗവണ്‍മെന്റും പ്രത്യേകമായി നല്‍കാറുണ്ട്. ഓരോ പുരസ്‌കാരത്തിന്റെയും ആനുകൂല്യങ്ങള്‍ വ്യത്യസ്തമായിരിക്കും. പല സംസ്ഥാനങ്ങളും പുരസ്‌കാര ജേതാക്കള്‍ക്കോ, അവരുടെ അടുത്ത ബന്ധുക്കള്‍ക്കോ നല്‍കുന്ന ആനുകൂല്യങ്ങളും പെന്‍ഷനും കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നതിനേക്കാള്‍ കൂടുതലാണ്. പുരസ്‌കാരജേതാവിന്റെ മരണശേഷം ഈ പെന്‍ഷന്‍, വിധവയുടെ പേരിലേക്കുമാറ്റും. വിധവ വേറെ കല്ല്യാണം കഴിച്ചാല്‍ ഈ പെന്‍ഷന്‍ നിര്‍ത്തലാക്കും.
പരമവീരചക്രം
കരയിലോ, കടലിലോ, ആകാശത്തോ ശത്രുവിനുനേരെയുള്ള യുദ്ധത്തില്‍ പരമോന്നത ധീരതയ്ക്കുള്ള ഏറ്റവും വലിയ പുരസ്‌കാരമാണിത്. 1950 ജനുവരി 26ന് ഏര്‍പ്പെടുത്തിയ ഈ പുരസ്‌കാരം 1947 ആഗസ്റ്റ് 15 മുതല്‍ നിലവില്‍ വരുത്തി പ്രഖ്യാപനമിറക്കി. പരമവീരചക്രം ഏറ്റവും വലിയ സൈനിക ബഹുമതിയും ഭാരതരത്‌നത്തിനുശേഷമുള്ള രണ്ടാമത്തെ വലിയ ദേശീയ ബഹുമതിയുമാണ്. ഇന്ത്യന്‍ സായുധ സേനാംഗങ്ങള്‍ക്കു (കരസേന, വായുസേന, ജലസേന) മാത്രം നല്‍കുന്ന ഈ പുരസ്‌കാരം അമേരിക്കയുടെ ‘മെഡല്‍ ഓഫ് ഓണര്‍’ ഇംഗ്ലണ്ടിന്റെ ‘വിക്ടോറിയ ക്രോസ്’ എന്നീ പുരസ്‌കാരങ്ങള്‍ക്കു സമാനമാണ്. ദേശീയ ബഹുമതികളുടെ ക്രമപ്രകാരം ‘ഭാരതരത്‌നം’, പരമവീരചക്രത്തിനു മുകളിലും ‘അശോകചക്രം’ താഴെയുമാണ്. ഇത്തരം വീരതാ പുരസ്‌കാരങ്ങള്‍ ലഭിക്കുന്നവര്‍ക്ക് പേരിനുപിറകെ പുരസ്‌കാരത്തിന്റെ ചുരുക്കപ്പേര് എഴുതിച്ചേര്‍ക്കാവുന്നതാണ്. (ഉദാഹരണം: മേജര്‍ സോംനാഥ് ശര്‍മ്മ, PVC) ‘പരമ വീര ചക്രം’ എന്ന വാക്കിന്റെ അര്‍ത്ഥം, ‘അത്യധിക ധീരതയുടെ ചക്രം’ എന്നാണ്. ഭൂമി, ആകാശം, കടല്‍ എന്നിവിടങ്ങളില്‍ ശത്രുക്കള്‍ക്കു നേരെ യുദ്ധക്കളത്തില്‍ പരമോന്നത ധീരത, ജീവബലിദാനം, മഹാസാഹസം, ശൗര്യം എന്നിവയിലേതെങ്കിലും പ്രകടമാക്കുമ്പോഴാണ് ഈ ധീരതാപുരസ്‌കാരത്തിനു വേണ്ടി ആ യോദ്ധാവിന്റെ പേര് ശുപാര്‍ശ ചെയ്യപ്പെടുന്നത്.
പരമവീരചക്ര പതക്കവും റിബണും
വെങ്കലം (Bronze)) കൊണ്ട് വൃത്താകൃതിയില്‍ ഉണ്ടാക്കിയ ഈ പതക്കത്തിന് 1.38 ഇഞ്ച് വ്യാസമുണ്ട്. ഇതിന്റെ മദ്ധ്യഭാഗത്ത് ദേശീയ ചിഹ്നവും, അതിന്റെ നാലുഭാഗത്തുമായി ഇന്ദ്രദേവന്റെ വജ്രചിഹ്നവുമുണ്ട്. ഈ പതക്കത്തിന്റെ മറുഭാഗത്ത് വൃത്താകാരത്തില്‍ പരമവീരചക്രം എന്ന് ഇംഗ്ലീഷിലും ഹിന്ദിയിലും എഴുതിയിട്ടുണ്ട്. അതിനിടയില്‍ രണ്ടു താമരപ്പൂക്കളുണ്ട്. റിബണിന്റെ നിറം പര്‍പ്പിള്‍ ആണ്. ആര്‍ക്കെങ്കിലും പരമവീര ചക്രം ബഹുമതി രണ്ടാമതു ലഭിച്ചാല്‍ പതക്കം തൂക്കിയിടുന്ന റിബ്ബണിന്റെ മുകളില്‍ ഒരുബാര്‍ ചേര്‍ത്തു വെയ്ക്കും. ഇത്തരം ‘ബാര്‍’ മരണാനന്തര ബഹുമതിയായും നല്‍കാറുണ്ട്.
പരമവീരചക്ര വിജയേതാക്കള്‍
2018 ജനുവരി 26 വരെ 21 പരമവീരചക്ര ബഹുമതിയാണ് പ്രദാനം ചെയ്തത്. ഇതുവരെ ഈ ധീരതാ പുരസ്‌കാരങ്ങള്‍ നേടിയവരുടെ പേരുകള്‍ താഴെ പറയുന്നവയാണ്.
1. മേജര്‍ സോംനാഥ് ശര്‍മ്മ (4 കുമയോണ്‍ റജിമെന്റ്) – 1947 നവംബര്‍ 03 (ബഡ്ഗാം J&K)).
2. നായക് ജദുനാഥ് സിങ്ങ് (1 രാജ്പുത്ത് റജിമെന്റ്) – 1947 നവംബര്‍ 03 (നൊഷേര J&K)).
3. സെക്കന്റ് ലഫ്റ്റിനന്റ് രാമരഘോബ റാണെ (ബോംബെ എഞ്ചിനീയര്‍) – 1948 ഏപ്രില്‍ 08 (നൊഷേര J&K)).
4. കമ്പനി ഹവല്‍ദാര്‍ മേജര്‍ പിറുസിങ്ങ് ശേഖാവത് (രോജ്പുത്താന റൈഫിള്‍സ്) 1948 ജൂലായ് 17 (തിത്‌വാള്‍, J&K)).
5. ലാന്‍സ് നായക് കരംസിങ്ങ് (1 സിക്ക് റജിമെന്റ്) – 1948 ഒക്ടോബര്‍ 13 (തിത്‌വാള്‍, J&K)).
6. ക്യാപ്റ്റന്‍ ഗുരുബയ്യന്‍ സിങ്ങ് സലാറിയ (3/1ഗോര്‍ഖാ റൈഫിള്‍സ്) – 1961 ഡിസംബര്‍ 5 (കട്ടംഗ -കൊംഗൊ).
7. മേജര്‍ ധന്‍ സിങ്ങ് താപ്പ (1/8 ഗോര്‍ഖാ റൈഫിള്‍സ്) 1962 ഒക്ടോബര്‍ 20 (ലഡാക്, J&K).
8. സുബേദാര്‍ ജോഗിന്തൂര്‍ സിങ്ങ് (1 സിക്ക് റജിമെന്റ്) 1962 ഒക്ടോബര്‍ 23 (ടോങ്ങ്‌പെന്‍ലാ).
9. മേജര്‍ ഷെയ്ത്താന്‍ സിങ്ങ് (13 കുമയോണ്‍ റജിമെന്റ്) 1962 നവംബര്‍ 18 (രസംഗ്‌ല, J&K).
10. കമ്പനി ക്വാര്‍ട്ടര്‍ മാസ്റ്റര്‍ ഹവല്‍ദാര്‍ അബ്ദുള്‍ ഹമീദ് (4 ഗ്രനേഡിയര്‍സ്) 1965 സപ്തംബര്‍ 10 (കെം കരണ്‍സെക്ടര്‍- Pak).
11. ലഫ്റ്റിനന്റ് കേണല്‍ അര്‍ദേഷിര്‍ ബുര്‍സോര്‍ജി താരാപോരെ (17 പൂനഹോഴ്‌സു) 1965 ഒക്ടോബര്‍ 15 (ഫില്ലോര – Pak).
12. ലാന്‍സ് നായക് ആല്‍ബര്‍ട്ട് എക്ക (14 ഗാര്‍ഡ്‌സ്) 1971 ഡിസംബര്‍ 3 (ഗംഗാസാഗര്‍, അഗര്‍ത്തല).
13. ഫ്‌ളയിംഗ് ഓഫീസര്‍ നിര്‍മ്മല്‍ ജിത്ത് സിങ്ങ് ശേഖൊം (18 സ്‌ക്വഡ്രന്‍, ഇന്ത്യന്‍ എയര്‍ഫോഴ്‌സ്) 1971 ഡിസംബര്‍ 14 (ശ്രീനഗര്‍).
14. സെക്കന്റ് ലഫ്റ്റിനന്റ് അരുണ്‍ ഖേ ത്രപാല്‍ (17 പൂതാഹോഴ്‌സ്) 1971 ഡിസംബര്‍ 16 (ബരാവിന്‍ഡ് -ശാഖാഗഡ്‌സെക്ടര്‍).
15. മേജര്‍ ഹൊഷ്യാര്‍ സിങ്ങ് (3 ഗ്രനേഡിയര്‍സ്) 1971 ഡിസംബര്‍ 17 (ശാഖാഗഡ് സെക്ടര്‍).
16. നയ്ബ് സുബേദാര്‍ ബാനാസിങ്ങ് (8 ജമ്മു & കാശ്മീര്‍ ലൈറ്റ് ഇന്‍ഫന്ററി) 1987 മെയ് 23 (സിയ്യാച്ചിന്‍ ഗ്ലേഷിയര്‍).
17. മേജര്‍ രാമസ്വാമി പരമേശ്വരന്‍ (8 മഹാര്‍ റജിമെന്റ്) 1987 നവംബര്‍ 25 (ശ്രീലങ്ക).
18. ക്യാപ്റ്റന്‍ മനോജ്കുമാര്‍ പാണ്ടെ (1/11 ഗോര്‍ഖ റൈഫിള്‍സ്) 1999 ജൂലായ് 3 (കാര്‍ഗില്‍).
19. ഗ്രനേഡിയര്‍ യോഗേന്ദ്രസിങ്ങ് യാദവ് (18 ഗ്രനേഡിയര്‍സ്) 1999 ജൂലായ് 4 (ടൈഗര്‍ ഹില്‍, കാര്‍ഗില്‍)
20. റൈഫിള്‍മാന്‍ സഞ്ജയ് കുമാര്‍ (13 ജമ്മു & കാശ്മീര്‍ റൈഫിള്‍സ്) 1999 ജൂലായ് 5 (കാര്‍ഗില്‍)
21. ക്യാപ്റ്റന്‍ വിക്രം ബത്ര (13 ജമ്മു & കാശ്മീര്‍ റൈഫിള്‍സ്) 1999 ജൂലായ് 6 (കാര്‍ഗില്‍)
21 പരമവീരചക്ര വിജയിതാക്കളില്‍ 14 പേര്‍ക്ക് മരണാനന്തരമാണ് ഈ പുരസ്‌കാരം ലഭിച്ചത്. 20 പരമവീരചക്ര പുരസ്‌കാരം ആര്‍മിക്കും ഒന്ന് വായുസേനക്കുമാണ് ലഭിച്ചത്. ഒന്നാമത്തെ പരമവീരചക്ര പുരസ്‌കാരം മേജര്‍ സോംനാഥ് ശര്‍മ്മയ്ക്കു ലഭിച്ചു. 21-ാമത്തെ പരമവീരചക്രപുരസ്‌കാരം ക്യാപ്റ്റന്‍ വിക്രം ബത്രയ്ക്ക് ലഭിച്ചു. ഏറ്റവും പ്രായം കുറഞ്ഞ പരമ വീരചക്ര പുരസ്‌കാരം ലഭിച്ചത് 21 വയസ്സുണ്ടായിരുന്ന സെക്കന്റ് ലഫ്റ്റിനന്റ് അരുണ്‍ ഖേത്രപാലിനാണ്. മൂന്നു പരമവീരചക്ര പുരസ്‌കാരങ്ങള്‍ വീതം നേടിയ ഗ്രണേഡിയേഴ്‌സും ഗോര്‍ഖാ റജിമെന്റും ഒന്നാം സ്ഥാനത്താണ്. ഇപ്പോള്‍ ജീവിച്ചിരിക്കുന്നവരില്‍ ഈ പുരസ്‌കാരം നേടിയവരായ രണ്ടു പേരാണ് റൈഫിള്‍മാന്‍ സഞ്ജയ് കുമാറും ഗ്രണേഡിയര്‍ യോഗേന്ദ്രസിങ്ങ് യാദവും. ഒന്നിലധികം തവണ ഈ പുരസ്‌കാരം നേടാനുള്ള ഭാഗ്യം ഇതുവരെ ആര്‍ക്കുമുണ്ടായിട്ടില്ല. ചേതന്‍ ആനന്ദ് സംവിധാനം ചെയ്ത ‘പരമവീരചക്രം’ എന്ന ടെലിവിഷന്‍ പരമ്പര പരമ വീരചക്രപുരസ്‌കാരം നേടിയവര്‍ക്കു നല്‍കിയ നല്ലൊരു ശ്രദ്ധാഞ്ജലിയാണ്.
പരമവീരചക്ര വിജയിതാക്കള്‍ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുവന്നവരും പല മതത്തില്‍പ്പെട്ടവരും വിവിധ യൂണിറ്റുകളിലും റെജിമെന്റിലും റാങ്കുകളിലും പെട്ടവരാണ്. അവരിലെല്ലാം പൊതുവായുള്ള ഒന്നാണ് ദേശസ്‌നേഹം. സ്വന്തം കര്‍ത്തവ്യ നിര്‍വ്വഹണത്തിലും ദേശസുരക്ഷയിലും നിസ്വാര്‍ത്ഥ സേവനത്തിലും ആദര്‍ശമൂല്യങ്ങളിലും ഭക്തി ബഹുമാനങ്ങളിലും അടിയുറച്ചുവിശ്വസിക്കുന്ന ഇത്തരം യോദ്ധാക്കള്‍ യുദ്ധക്കളത്തില്‍, സ്വന്തം ദേശത്തിനു വേണ്ടിയും സേവനം ചെയ്യുന്ന റജിമെന്റിന്റെ അഭിമാനത്തിനു വേണ്ടിയും സ്വന്തം ജീവന്‍ ബലി അര്‍പ്പിക്കാന്‍ പോലും മടികാണിക്കുന്നില്ല എന്നതാണ് പ്രത്യേകത. പരമവീരചക്രം പോലുള്ള ധീരതയ്ക്കുള്ള ബഹുമതി കൊണ്ട് സമ്മാനിക്കപ്പെട്ട ഇവര്‍ യൂണിഫോം ധരിച്ച യഥാര്‍ത്ഥ നായകന്മാരാണ്.
1947-48, 1965, 1971, 1999 എന്നീ വര്‍ഷങ്ങളില്‍ ഒഴിച്ചുകൂടാനാവാത്ത പരിതഃസ്ഥിതിയില്‍ പാകിസ്ഥാന്‍ അക്രമിച്ചപ്പോള്‍ ഇന്ത്യയ്ക്ക് യുദ്ധം ചെയ്യേണ്ടി വന്നു. അതുപോലെ 1962ല്‍ ചൈന അക്രമിച്ചപ്പോഴും ഇന്ത്യയ്ക്കു യുദ്ധം ചെയ്യേണ്ടി വന്നു. ലോകരാഷ്ട്രസംഘടനയുടെ സമാധാനപാലനത്തിന്റെ ഭാഗമായി കോംഗോ പോലുള്ള രാജ്യങ്ങളില്‍ ഇന്ത്യന്‍ സേനയ്ക്കു സേവനമനുഷ്ഠിക്കേണ്ടി വന്നിട്ടുണ്ട്. 1987-90 കാലഘട്ടത്തില്‍ സമാധാനപാലനത്തിനുവേണ്ടി ഇന്ത്യന്‍ സായുധസേനയെ നിയോഗിച്ചിരുന്നു. മേല്‍പ്പറഞ്ഞ അവസരങ്ങളില്‍ മാതൃരാജ്യത്തിന്റെ അഭിമാനത്തിനും സുരക്ഷയ്ക്കും വേണ്ടി, നിസ്വാര്‍ത്ഥ സേവകരും ദേശസ്‌നേഹികളും ധീരസഹാസികരുമായ യുദ്ധവീരന്മാര്‍ സ്വന്തം ജീവന്‍ ബലിയര്‍പ്പിക്കാന്‍ തയ്യാറായി. അത്തരം ബലിദാനത്തിന്റെ കഥകള്‍ ഏതൊരു ദേശസ്‌നേഹിക്കും പ്രചോദനം നല്‍കുന്നവയാണ്. സായുധ സേനാനികളുടെ നിസ്തുലസേവനവും സര്‍വ്വോത്തമ ബലിദാനവും മറന്നുപോകുന്ന ചില രാഷ്ട്രീയ നേതാക്കളും ഏതാനും ആള്‍ക്കാരും സ്വതന്ത്ര ഇന്ത്യയില്‍ ജീവിക്കുന്നുണ്ടെന്ന കാര്യം പരിതാപകരമാണ്. ദേശീയഗാനത്തെയും ദേശീയപതാകയെയും ബഹുമാനിക്കാന്‍ മടിക്കുന്ന അവരില്‍ ചിലര്‍ക്ക് ദേശസ്‌നേഹത്തിന്റെ വില, ധീരതാപുരസ്‌കാരം നേടിയ യോദ്ധാക്കളുടെ ബലിദാനത്തിന്റെ കഥ കേള്‍ക്കുമ്പോള്‍ സ്വയം മനസ്സിലാവും.
മഹാവീര ചക്രം
യുദ്ധകാലത്ത് ശത്രുവിനു നേരെയുള്ള യുദ്ധത്തില്‍ കരയിലോ, കടലിലോ, ആകാശത്തോ വെച്ച് പ്രകടിപ്പിക്കുന്ന ഉന്നത ധീരതയ്ക്കാണ് മഹാ വീരചക്ര പുരസ്‌കാരത്തിനുവേണ്ടി ശുപാര്‍ശ ചെയ്യുന്നത്. യുദ്ധസമയത്തു ശത്രുവിന്റെ നേരെ കാണിക്കുന്ന അസാധാരണമായ ശൗര്യത്തിന് സായുധ സേനാംഗങ്ങള്‍ക്കു മാത്രമേ ഈ വീരതാപുരസ്‌കാരം സമ്മാനിക്കാറുള്ളൂ. 1971ലെ ഇന്തോ-പാക് യുദ്ധത്തില്‍ പതിനൊന്നു വ്യോമസേനാ വീരയോദ്ധാക്കള്‍ക്ക് ഈ പുരസ്‌കാരം നല്‍കി. 2018 ജനുവരി 26 വരെ 218 ധീരയോദ്ധാക്കള്‍ക്ക് ഈ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 1999ലെ കാര്‍ഗില്‍ യുദ്ധത്തിലും വീരസേനാനികള്‍ക്ക് ഈ ബഹുമതി ലഭിച്ചു. അതില്‍ത്തന്നെ അഞ്ചു ആര്‍മി ഓഫീസര്‍മാര്‍ക്ക് മരണാനന്തരമാണ് ഈ പുരസ്‌കാരം ലഭിച്ചത്.
വെള്ളി കൊണ്ട് വൃത്താകൃതിയില്‍ നിര്‍മ്മിച്ച മഹാവീരചക്ര പതക്കത്തിന് 1.38 ഇഞ്ച് വ്യാസമുണ്ട്. അഞ്ചു കോണുകളുള്ള നക്ഷത്രത്തിനുള്ളില്‍ ദേശീയ ചിഹ്നം ഉയര്‍ന്നു നില്‍ക്കുന്നതുകാണാം. മറുവശത്ത് ‘മഹാവീര്‍ചക്രം’ എന്ന് വൃത്താകാരത്തില്‍ ഇംഗ്ലീഷിലും ഹിന്ദിയിലും എഴുതിയിട്ടുണ്ട്. അതിനിടയില്‍ രണ്ടു താമരപ്പൂക്കളുണ്ട്. മഹാവീരചക്ര റിബ്ബണിന്റെ നിറം പകുതി വെള്ള നിറവും പകുതി ഓറഞ്ചുനിറവുമാണ്.
മഹാവീരചക്ര വിജയിതാക്കള്‍
2018 ആഗസ്റ്റ് 15 വരെ, 218 മഹാവീരചക്രം സ്വാതന്ത്ര്യത്തിനുശേഷം സമ്മാനിച്ചിട്ടുണ്ട്. 1999ലെ കാര്‍ഗില്‍ യുദ്ധത്തില്‍ തങ്ങളുടെ ധീരതയ്ക്ക് മഹാവീരചക്രം നേടിയ ഇന്ത്യന്‍ വീരസേനാനികള്‍ താഴെ പറയുന്നവരാണ്.
1. മേജര്‍ വിവേക് ഗുപ്ത, 2 രാജ്പുത്താന റൈഫിള്‍സ് (മരണാനന്തരം)
2. മേജര്‍ രാജേഷ് സിങ്ങ് അധികാരി, 18 ഗ്രണേഡിയേഴ്‌സ് (മരണാനന്തരം).
3. മേജര്‍ പദ്മപാനി ആചാര്യ, 2 രാജ്പുത്താന റൈഫിള്‍സ് (മരണാനന്തരം).
4. ക്യാപ്റ്റന്‍ എന്‍.കെല്‍ഗുരുസ്, 2 രാജ്പുത്താന റൈഫിള്‍സ് (മരണാനന്തരം).
5. ക്യാപ്റ്റന്‍ അനുജ് നയ്യര്‍, 17 ജാട്ട് റജിമെന്റ് (മരണാനന്തരം).
6. ലഫ്റ്റിനന്റ് കെയ്ഷിങ്ങ് സി നോണ്‍ഗ്രും, 12 ജമ്മു ആന്റ് കാശ്മീര്‍ ലൈറ്റ് ഇന്‍ഫന്ററി.
7. മേജര്‍ സോനം വാങ്ങ്ച്ചുക്ക്, ലഡാക്ക് സ്‌കൗട്ട്‌സ്.
8. ലഫ്റ്റിനന്റ് ബല്‍ബന്ത് സിങ്ങ്, 18 ഗ്രനേഡിയേഴ്‌സ്.
9. നായക്ക് ദിഗേന്ദ്രകുമാര്‍, 2 രാജ്പുത്താന റൈഫിള്‍സ്.
വീരചക്രം
പരമ വീരചക്രത്തിനും മഹാവീരചക്രത്തിനും ശേഷം രണാങ്കണത്തില്‍ ധീരതയ്ക്കു നല്‍കുന്ന മൂന്നാമത്തെ പ്രധാന ധീരതാപുരസ്‌കാരമാണിത്. ഇന്ത്യന്‍ സായുധസേനയിലുള്ളവര്‍ക്ക് ശത്രുവിന്റെ മുന്നിലുള്ള വീരപരാക്രമത്തിനാണ് ഈ പുരസ്‌കാരം നല്‍കുന്നത്. സ്വാതന്ത്ര്യത്തിനുശേഷം 2018 ആഗസ്റ്റ് 15 വരെ, 1322 വീരചക്രപുരസ്‌കാരങ്ങള്‍ നല്‍കിയിട്ടുണ്ട്.
വെള്ളി കൊണ്ട് വൃത്താകൃതിയില്‍ നിര്‍മ്മിച്ച വീരചക്ര പതക്കത്തിന് 1.38 ഇഞ്ച് വ്യാസമുണ്ട്. അഞ്ചുകോണുകളുള്ള നക്ഷത്രത്തിനുള്ളിലെ വൃത്തത്തിനുള്ളില്‍ ദേശീയ ചിഹ്നം ഉയര്‍ന്നു നില്‍ക്കുന്ന രൂപത്തിനാണ് ഈ പതക്കം. ഈ പതക്കത്തിന്റെ മറുവശത്ത് ‘വീരചക്ര’ എന്ന് വൃത്താകാരത്തില്‍ ഇംഗ്ലീഷിലും ഹിന്ദിയിലും എഴുതിയിട്ടുണ്ട്. ആ വാക്കുകള്‍ക്കിടയില്‍ രണ്ടു താമരപ്പൂക്കളുമുണ്ട്. വീരചക്ര റിബ്ബണിന് പകുതി നീലനിറവും പകുതി ഓറഞ്ചുനിറവുമാണ്.
അശോകചക്രം
സമാധാന കാലത്തുള്ള ഏറ്റവും വലിയ ധീരതാപുരസ്‌കാരമാണ് ‘അശോകചക്രം.’ ശത്രുവിന്റെ മുമ്പിലല്ലാതെ, മറ്റെവിടെയെങ്കിലും പ്രകടിപ്പിക്കുന്ന പരമോന്നത ധീരസാഹസത്തിനും ആത്മത്യാഗത്തിനുമാണ് ഈ പുരസ്‌കാരം നല്‍കുന്നത്. ഈ പുരസ്‌കാരം സായുധസേനാംഗങ്ങള്‍ക്കും മറ്റുസാധാരണക്കാര്‍ക്കും നല്‍കാറുണ്ട്. മരണാനന്തരവും നല്‍കാറുള്ള ഈ പുരസ്‌കാരം പരമവീരചക്രത്തിനു തുല്യമായി സമാധാന കാലത്തു നല്‍കുന്ന ധീരതാ പുരസ്‌കാരമാണ്. ആദ്യത്തെ അശോകചക്രപുരസ്‌കാരം 1952ല്‍ ഫ്‌ളയിറ്റ് ലഫ്റ്റിനന്റ് സുഹാസ് ബിശ്വാസിനാണ് ലഭിച്ചത്. 2018 ആഗസ്റ്റ് 15 വരെ 84 അശോകചക്രമാണ് സ്വാതന്ത്ര്യത്തിനുശേഷം സമ്മാനിച്ചത്. അതില്‍ 58 പുരസ്‌കാരം മരണാനന്തരമാണ് നല്‍കിയത്. കേണല്‍ എന്‍.ജെ.നായര്‍ എന്ന ആര്‍മി ഓഫീസര്‍ മാത്രമാണ് അശോകചക്രവും കീര്‍ത്തി ചക്രവും (രണ്ട് ധീരതാ പുരസ്‌കാരങ്ങള്‍) നല്‍കി ആദരിക്കപ്പെട്ട ഒരേ ഒരു വീര സേനാനി.
സ്വര്‍ണ്ണ നിറത്തില്‍ വൃത്താകാരത്തില്‍ നിര്‍മ്മിച്ച അശോകചക്രപതക്കത്തിന് 1.38 ഇഞ്ച് വ്യാസമുണ്ട്. താമരപൂമാലകളുടെ മധ്യഭാഗത്ത് അശോകചക്രമാണ് ഈ പതക്കത്തിന്. മറുഭാഗത്ത് ഇംഗ്ലീഷിലും ഹിന്ദിയിലും വൃത്താകാരത്തില്‍ ‘അശോക ചക്ര’ എന്ന് എഴുതിയിട്ടുണ്ട്. അതിന്റെ ഇടയില്‍ രണ്ടു താമരപ്പൂക്കളുണ്ട്. റിബ്ബണിന്റെ നിറം പച്ചയാണ്. പച്ചനിറത്തെ ലംബമായ ഒരു ഓറഞ്ചു വരകൊണ്ട് രണ്ടു തുല്യഭാഗങ്ങളായി വിഭജിച്ചിട്ടുണ്ട്.
കീര്‍ത്തിചക്രം
സമാധാന കാലത്തു നല്‍കുന്ന രണ്ടാമത്തെ വലിയ ധീരതപുരസ്‌കാരമാണ് കീര്‍ത്തിചക്രം. ശത്രുവിന്റെ മുമ്പിലല്ലാതെ മറ്റെവിടെയെങ്കിലും പ്രകടിപ്പിക്കുന്ന ഉന്നത ധീരതയ്ക്കും ശൗര്യത്തിനും സൈനികര്‍ക്കും മറ്റു സാധാരണക്കാര്‍ക്കും ഈ പുരസ്‌കാരം നല്‍കാറുണ്ട്. ഈ പുരസ്‌കാരം മഹാവീരചക്രത്തിനു തുല്യമായി സമാധാനകാലത്തു നല്‍കുന്ന ധീരതാ പുരസ്‌കാരമാണ്. 2018 ആഗസ്റ്റ് 15 വരെ 459 കീര്‍ത്തിചക്ര പുരസ്‌കാരങ്ങള്‍ നല്‍കിയിട്ടുണ്ട്. അതില്‍ 198 എണ്ണം മരണാനന്തരമാണ് നല്‍കിയത്.
വൃത്താകൃതിയില്‍ വെള്ളികൊണ്ടു നിര്‍മ്മിച്ച കീര്‍ത്തിചക്ര പതക്കത്തിന് 1.38 ഇഞ്ച് വ്യാസമുണ്ട്. ഇതിന്റെ മദ്ധ്യഭാഗത്തായി അശോകചക്രവും അതിനുചുറ്റുമായി താമരപ്പൂ മാലയുമാണ്. അരികിലായി ഉള്‍ഭാഗത്ത് താമര ഇലകളുടെയും താമരപ്പൂക്കളുടെയും ഡിസൈന്‍ വൃത്താകൃതിയിലുണ്ട്. മറുഭാഗത്ത് വൃത്താകൃതിയില്‍, ‘കീര്‍ത്തിചക്ര’ എന്ന് ഇംഗ്ലീഷിലും ഹിന്ദിയിലും എഴുതിയിട്ടുണ്ട്. അതിനിടയില്‍ ഓരോ താമരപ്പൂവുമുണ്ട്. കീര്‍ത്തിചക്ര റിബ്ബണിന്റെ നിറം പച്ചയാണ്. ലംബമായ രണ്ടു ഓറഞ്ചു വരകളാല്‍ പച്ചനിറത്തെ മൂന്നു തുല്യ ഭാഗങ്ങളായി വിഭജിച്ചിട്ടുണ്ട്.
ശൗര്യചക്രം
സമാധാനകാലത്തു ശത്രുവിന്റെ മുമ്പിലല്ലാതെ മറ്റെവിടെയെങ്കിലും പ്രകടിപ്പിക്കുന്ന ശൗര്യത്തിനോ, ധീരതയ്‌ക്കോ, ആത്മത്യാഗത്തിനോ നല്‍കുന്ന മൂന്നാമത്തെ വലിയ ധീരതാ പുരസ്‌കാരമാണ് ശൗര്യചക്രം. വീരചക്രത്തിനു സമാനമായി സമാധാനകാലത്തു നല്‍കുന്ന ഈ പുരസ്‌കാരം സായുധ സേനാംഗങ്ങള്‍ക്കും സാധാരണക്കാര്‍ക്കും നല്‍കാറുണ്ട്. സ്വാതന്ത്ര്യത്തിനുശേഷം 2018 ആഗസ്റ്റ് 15 വരെ, 2017 ശൗര്യ ചക്രപുരസ്‌കാരങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്. അതില്‍ 627 എണ്ണം മരണാനന്തരമാണ് നല്‍കിയത്.
വെങ്കലം കൊണ്ട് വൃത്താകൃതിയില്‍ നിര്‍മ്മിച്ച ശൗര്യ ചക്ര പതക്കത്തിന് 1.38 ഇഞ്ച് വ്യാസമുണ്ട്. ഈ പതക്കത്തിന്റെ ഒരു ഭാഗത്ത് നടുവിലായി അശോകചക്രവും അതിനുചുറ്റുമായി താമരപ്പൂമാലയുമാണ്. പതക്കത്തിന്റെ അരികില്‍ ഉള്‍ഭാഗത്ത് വൃത്താകാരത്തില്‍ താമരപ്പൂവിന്റെയും ഇലകളുടെയും ഡിസൈന്‍ ഉണ്ട്. മറുഭാഗത്ത് ‘ശൗര്യചക്ര’ എന്ന് ഇംഗ്ലീഷിലും ഹിന്ദിയിലും വൃത്താകൃതിയില്‍ എഴുതിയിട്ടുണ്ട്. അതിനിടയില്‍ ഓരോ താമരപ്പൂവുമുണ്ട്. ശൗര്യചക്ര റിബ്ബണിന്റെ നിറം പച്ചയാണ്. ലംബമായ മൂന്നു ഓറഞ്ചു വരകളാല്‍ പച്ച നിറത്തെ നാല് തുല്യ ഭാഗങ്ങളായി വീതിച്ചിട്ടുണ്ട്.
അനുബന്ധം 1
പുരസ്‌കാരങ്ങളുടെ മുന്‍ഗണനാക്രമം
ഗവണ്‍മെന്റ് ഓഫ് ഇന്ത്യയുടെ 2004 ജൂലായ് 19 ന്റെ വിജ്ഞാപന നമ്പര്‍ 106-Pres/2004 പ്രകാരം വിവിധ പുരസ്‌കാരങ്ങളുടെ മുന്‍ഗണനാക്രമം താഴെ കൊടുക്കുന്നു.
1. ഭാരത രത്‌നം.
2. പരമവീരചക്രം (PVC).
3. അശോകചക്രം (AC).
4. പത്മവിഭൂഷണ്‍.
5. പത്മഭൂഷണ്‍.
6. സര്‍വ്വോത്തമ യുദ്ധസേവാ മെഡല്‍ (SYSM).
7. പരമ വിശിഷ്ടസേവാ മെഡല്‍ (PVSM).
8. മഹാവീരചക്രം (MVC.
9. കീര്‍ത്തി ചക്രം (KC).
10. പത്മശ്രീ.
11. സര്‍വ്വോത്തമ ജീവന്‍രക്ഷാപതക്കം.
12. ഉത്തമ യുദ്ധസേവാ മെഡല്‍ (UYSM).
13. അതിവിശിഷ്ടസേവാ മെഡല്‍ (AVSM).
14. വീരചക്രം (VrC).
15. ശൗര്യചക്രം (SC).
16. പ്രസിഡന്റിന്റെ പോലീസ് & ഫയര്‍സര്‍വ്വീസസ് മെഡല്‍ ധീരതയ്ക്ക്.
17. പ്രസിഡന്റിന്റെ പോലീസ് മെഡല്‍ ധീരതയ്ക്ക്.
18. പ്രസിഡന്റിന്റെ ഫയര്‍ സര്‍വ്വീസ് മെഡല്‍ ധീരതയ്ക്ക്.
19. പ്രസിഡന്റിന്റെ ധീരതയ്ക്കുള്ള തിരുത്തല്‍ സേവന പതക്കം.
20. പ്രസിഡന്റിന്റെ ഹോം ഗാര്‍ഡ് & സിവില്‍ ഡിഫന്‍സ് ധീരതാ പതക്കം.
21. യുദ്ധ സേവാ മെഡല്‍ (YSM).
22. സേനാ/നവസേനാ/വായുസേനാ പതക്കം.
23. വിശിഷ്ട സേവാപതക്കം (VSM).
24. ധീരതയ്ക്കുള്ള പോലീസ് പതക്കം.
25. ധീരതയ്ക്കുള്ള ഫയര്‍ സര്‍വ്വീസ് പതക്കം.
26. ധീരതയ്ക്കുള്ള തിരുത്തല്‍ സേവാ പതക്കം.
27. ധീരതയ്ക്കുള്ള ഹോം ഗാര്‍ഡ് & സിവില്‍ ഡിഫന്‍സ് പതക്കം.
28. ഉത്തമ ജീവ രക്ഷാപതക്കം.
29. പരാക്രമ പതക്കം.
30. ജനറല്‍ സേവാപതക്കം 1947.
31. സാമാന്യ സേവാപതക്കം 1965.
32. സ്‌പെഷ്യല്‍ സേവാ പതക്കം.
33. സമര്‍ സേവാ നക്ഷത്രം 1965.
34. പൂര്‍വ്വ നക്ഷത്രം.
35. പശ്ചിമ നക്ഷത്രം.
36. ഓപ്പറേഷന്‍ വിജയ നക്ഷത്രം.
37. സിയാച്ചില്‍ ഗ്ലേഷിയര്‍ പതക്കം.
38. രക്ഷാ പതക്കം 1965.
39. സംഗ്രാം പതക്കം.
40. ഓപ്പറേഷന്‍ വിജയ പതക്കം.
41. സൈന്യ സേവാ പതക്കം.
42. ഹൈ ആള്‍ട്ടിമ്യൂഡ് പതക്കം.
43. പോലീസ് ആഭ്യന്തര സുരക്ഷാപതക്കം.
44. പോലീസ് സ്‌പെഷ്യല്‍ ഡ്യൂട്ടി പതക്കം 1962.
45. വിദേശ സേവാപതക്കം.
46. പ്രസിഡന്റിന്റെ പോലീസ് & ഫയര്‍ സര്‍വ്വീസ് പ്രത്യേകസേവന പതക്കം.
47. പ്രസിഡന്റിന്റെ പോലീസ് പ്രത്യേക സേവനപതക്കം.
48. പ്രസിഡന്റിന്റെ ഫയര്‍ സര്‍വ്വീസ് പ്രത്യേക സേവനപതക്കം.
49. പ്രസിഡന്റിന്റെ തിരുത്തല്‍ സേവനപതക്കം (പ്രത്യേക സേവനം).
50. പ്രസിഡന്റിന്റെ ഹോംഗാര്‍ഡ് & സിവില്‍ സുരക്ഷാ പ്രത്യേക സേവനപതക്കം.
51. മെറിട്ടോറിയല്‍ സേവന പതക്കം.
52. നീണ്ട സേവനത്തിനും നല്ല പെരുമാറ്റത്തിനുമുള്ള പതക്കം.
53. മെറിട്ടോറിയല്‍ സേവന പോലീസ് പതക്കം.
54. മെറിട്ടോറിയല്‍ ഫയര്‍ സര്‍വ്വീസ് പതക്കം.
55. മെറിട്ടോറിയല്‍ സേവന തിരുത്തല്‍ സേവന പതക്കം.
56. മെറിട്ടോറിയല്‍ സേവന ഹോണാര്‍ഡ്&സിവില്‍ ഡിഫന്‍സ് പതക്കം.
57. ജീവന്‍ രക്ഷാ പതക്കം.
58. ടെറിട്ടോറിയല്‍ ആര്‍മി അലങ്കാരം.
59. ടെറിട്ടോറിയല്‍ ആര്‍മി പതക്കം.
60. ഇന്ത്യന്‍ സ്വാതന്ത്ര്യപതക്കം 1947.
61. സ്വാതന്ത്ര്യപതക്കം – 1950.
62. 50-ാം സ്വാതന്ത്ര്യവാര്‍ഷിക പതക്കം.
63. 25-ാം സ്വാതന്ത്ര്യവാര്‍ഷിക പതക്കം.
64. 30 വര്‍ഷം നീണ്ട സേവന പതക്കം.
65. 20 വര്‍ഷം നീണ്ട സേവന പതക്കം.
66. 9 വര്‍ഷം നീണ്ട സേവന പതക്കം.
67. കോമണ്‍വെല്‍ത്ത് പുരസ്‌കാരം.
68. മറ്റ് പുരസ്‌കാരങ്ങള്‍.