ജനലക്ഷങ്ങള്‍ പങ്കെടുക്കുന്ന ശിവഗിരി തീര്‍ത്ഥാടനത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനത്തില്‍ സനാതനധര്‍മ്മത്തിന്റെ വക്താവോ, പ്രയോക്താവോ അല്ല ശ്രീനാരായണഗുരുദേവന്‍ എന്ന പ്രസ്താവനയിലൂടെ ഗുരുദേവനെ നിന്ദിച്ച് അവഹേളിക്കുകയായിരുന്നു കേരളത്തിന്റെ മുഖ്യമന്ത്രി. അദ്ദേഹത്തിന്റെ നാവില്‍ നിന്ന് ഇത്തരത്തില്‍ ഒരു പ്രസ്താവന കേരളീയ സമൂഹം പ്രതീക്ഷിച്ചിരുന്നില്ല. ഇത് ഗുരുദേവനെ കുറിച്ച് വേണ്ടത്ര അറിവില്ലാത്തത് കൊണ്ട് സംഭവിച്ചതാണോ? അതോ ഞാനെന്തു പറഞ്ഞാലും ആരും ചോദിക്കാനില്ല എന്ന ധാര്‍ഷ്ട്യമോ, അഹങ്കാരമോ ആണോ അദ്ദേഹത്തെ ഇത്തരം പ്രസ്താവനയ്ക്ക് മുതിരാന്‍ പ്രേരിപ്പിച്ചത്?
മുഖ്യമന്ത്രിയുടെ പ്രസ്താവനയെ പിന്തുണച്ചുകൊണ്ട് പാര്‍ട്ടി സെക്രട്ടറി തുടര്‍ പ്രസ്താവന എന്നോണം സനാതനധര്‍മ്മം അശ്ലീലമാണ് എന്ന പരാമര്‍ശവുമായി രംഗത്ത് വന്ന് സനാതനമായ നമ്മുടെ ധാര്‍മ്മിക ചിന്തകളെ വികലമായി ചിത്രീകരിക്കാന്‍ ശ്രമം നടത്തി. ഇത്തരത്തില്‍ തുടര്‍ച്ചയായി സനാതനധര്‍മ്മത്തെ അവഹേളിക്കുന്ന സാഹചര്യങ്ങള്‍ സംജാതമായപ്പോഴാണ് സമൂഹ മനസ്സില്‍ സനാതനധര്‍മ്മ വിശ്വാസികളെയും ശ്രീനാരായണഗുരുദേവനെയും ലക്ഷ്യം വെച്ചും ഭാരതീയ തത്വ സംഹിതകളെ വികലമായി ചിത്രീകരിക്കുന്നതിലൂടെയും നിഗൂഢമായ അജണ്ട നടപ്പിലാക്കുകയാണ് കമ്മ്യൂണിസ്റ്റ്- ജിഹാദി-നിരീശ്വരവാദസിദ്ധാന്തക്കാരുടെ ലക്ഷ്യം എന്ന് തെളിഞ്ഞത്. ഗുരുദേവനെ കുറിച്ചും സനാതന ധര്‍മ്മത്തെക്കുറിച്ചും തെറ്റായ ആഖ്യാനം ചമയ്ക്കാന്‍ മുഖ്യമന്ത്രി തന്നെ നേതൃത്വം കൊടുക്കുന്നത് ശരിയല്ല എന്ന അഭിപ്രായമാണ് കേരളീയ ജനതയ്ക്ക് ഉള്ളത്.
രാജ്യവ്യാപകമായി ഇത്തരം പ്രചാരണങ്ങള്‍ സനാതനധര്‍മ്മത്തിനെതിരായി നടക്കുന്നു. വൈദേശിക സംഘടനകളുടെ പണം പറ്റി ഭാരതവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയാണ് ഇക്കൂട്ടര്‍. സനാതനധര്‍മ്മം ഡെങ്കിപ്പനിയ്ക്കും മലേറിയയ്ക്കും തുല്യം എന്ന തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന്‍നടത്തിയ പരാമര്‍ശവും പ്രതിഷേധത്തിന് ഇടയാക്കി. സനാതനധര്‍മ്മത്തെ എതിര്‍ത്താല്‍ പോരാ, ഉന്മൂലനം ചെയ്യണമെന്നാണ് ഡിഎംകെ നേതാക്കള്‍ ആവശ്യമുന്നയിച്ചത്. അതിനായി സനാതന ധര്‍മ്മ ഉന്മൂലന സമ്മേളനം വിളിച്ചു ചേര്‍ത്ത് ആ സമ്മേളനത്തിലാണ് ഉദയനിധി സ്റ്റാലിന്‍ ഈ പ്രസ്താവന നടത്തിയത്. സനാതനധര്‍മ്മം സാമൂഹ്യനീതിക്കും തുല്യതയ്ക്കും എതിരാണ് എന്ന കണ്ടെത്തലും അദ്ദേഹം നടത്തി, കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രക്കാരും നിരീശ്വരവാദ സിദ്ധാന്തക്കാരും ജിഹാദിപ്രസ്ഥാനങ്ങളും സംയുക്തമായി തയ്യാറാക്കിയ അജണ്ടയുടെ അടിസ്ഥാനത്തിലാണ് ഈ പ്രവര്‍ത്തനങ്ങളും ആരോപണങ്ങളും ആക്ഷേപങ്ങളും എന്നത് നാം തിരിച്ചറിയണം.
ശിവഗിരി മഠം കാലങ്ങളായി നടത്തിവരുന്ന തീര്‍ത്ഥാടന മഹാസമ്മേളനത്തിന് ലഭിക്കുന്ന സ്വീകാര്യതയും ആത്മീയ ഉണര്‍വും തങ്ങളുടെ ദേശവിരുദ്ധ വൈദേശിക പ്രത്യയശാസ്ത്രത്തിന് പിന്‍ബലം നഷ്ടപ്പെടുത്തുന്നു എന്ന തിരിച്ചറിവാണ് കേരള മുഖ്യമന്ത്രിയുടെയും പാര്‍ട്ടി സെക്രട്ടറിയുടെയും വിറളി പൂണ്ട പ്രസ്താവനയ്ക്ക് അടിസ്ഥാന കാരണം. ഈഴവരാദി പിന്നാക്ക സമൂഹങ്ങള്‍ തിരിച്ചറിവിന്റെ പാതയിലേക്ക് പ്രവേശിക്കുന്നു എന്നത് കമ്മ്യൂണിസ്റ്റ് നിരീശ്വരവാദ സിദ്ധാന്തക്കാര്‍ക്ക് സ്വപ്‌നത്തില്‍ പോലും ചിന്തിക്കാന്‍ കഴിയുന്ന കാര്യമില്ല. അതുകൊണ്ടുതന്നെ ഏത് പ്രതീകമാണോ തങ്ങളുടെ മുന്നോട്ടുള്ള ഗമനത്തിന് മാര്‍ഗ്ഗതടസ്സം സൃഷ്ടിക്കുന്നത് അതിനെ തട്ടിത്തെറിപ്പിക്കാനുള്ള ശ്രമമാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ ഇതിലൂടെ നടത്തുന്നത്. സനാതനധര്‍മ്മത്തിന്റെ വക്താവല്ല ഗുരുദേവന്‍ എന്ന് പ്രസ്താവിക്കുന്നവര്‍ ഗുരുദേവന്റെ മഹത്വത്തെയും തത്വചിന്തകളെയും പ്രവര്‍ത്തനങ്ങളെയും ഒരുകാലത്തും അംഗീകരിച്ചിരുന്നില്ല എന്നതിന് നിരവധി ഉദാഹരണങ്ങളുണ്ട്.
കമ്മ്യൂണിസ്റ്റ് ആചാര്യന്‍ ഇ.എം. ശങ്കരന്‍ നമ്പൂതിരിപ്പാട് എഴുതിയ കേരള ചരിത്രത്തില്‍ ശ്രീനാരായണഗുരുദേവനെ ചില സന്ദര്‍ഭങ്ങളില്‍ മാത്രമായി ഒതുക്കി. കേരളത്തില്‍ നിലനിന്നിരുന്ന സാമൂഹ്യ നവോത്ഥാന പരിശ്രമങ്ങളുടെ അഗ്രഗാമിയായ ശ്രീനാരായണഗുരുദേവനെ സ്മരിക്കാത്തവര്‍ ഗുരുദേവനെ സിമന്റ് നാണു എന്ന് വിളിച്ച് ആക്ഷേപിച്ചു. ടാബ്ലോയില്‍ ഗുരുദേവനെ കുരിശില്‍ തറച്ച് പ്രദര്‍ശിപ്പിച്ചു. നാട്ടില്‍ ആകെ ഗുരുദേവ മന്ദിരങ്ങള്‍ തകര്‍ത്തവരെ സംരക്ഷച്ചിവര്‍, ശിവഗിരിയില്‍ ഇസ്ലാമിക ഭീകരവാദികള്‍ക്ക് താവളം ഒരുക്കി. ഇവരാണ് ഗുരുദേവ ആശയങ്ങളുടെ സംരക്ഷകരെന്ന് അവകാശപ്പെടുന്നത്. ഇവര്‍ ഗുരുദേവനെ കമ്മ്യൂണിസ്റ്റാക്കാന്‍ ശ്രമിക്കുകയാണ്.
ഗുരുദേവ സ്തുതി ചൊല്ലുമ്പോള്‍ എഴുന്നേറ്റു നില്‍ക്കാന്‍ കൂട്ടാക്കാത്ത കേരള മുഖ്യമന്ത്രിതന്റെ മന്ത്രിസഭയിലെ മന്ത്രി എഴുന്നേറ്റു നിന്നപ്പോള്‍ അദ്ദേഹത്തെയും വിലക്കുന്ന കാഴ്ച ദൃശ്യമാധ്യമങ്ങളിലൂടെ കേരളീയ സമൂഹം കണ്ടു. ഗുരുദേവ നാമവും സന്ദേശവും പ്രചരിക്കപ്പെടുന്നതിലെ അസഹിഷ്ണുതയും ഇത്തരം അവഹേളനങ്ങള്‍ നടത്താന്‍ കാരണമാകുന്നുണ്ട്.
ശ്രീനാരായണ ഗുരുദേവന്‍ സനാതനധര്‍മ്മത്തിന്റെ വക്താവും പ്രയോക്താവും അല്ല എന്നും സനാതനധര്‍മ്മം അശ്ലീലവും മലേറിയയ്ക്കും, ഡെങ്കിപ്പനിക്കും തുല്യമെന്നും പ്രസ്താവന നടത്തുന്നവരോട് അഭ്യര്‍ത്ഥിക്കാനുള്ളത് ശ്രീനാരായണഗുരുദേവനെയും സനാതനധര്‍മ്മത്തെയും പഠിക്കണം എന്നാണ്. ഗുരുദേവന്‍ പറഞ്ഞത് എഴുതിയത്, പ്രവര്‍ത്തിച്ചത് എന്താണെന്ന് അറിയാന്‍ ശ്രമിക്കണം. രാഷ്ട്രീയ തിമിരം കൊണ്ട് അന്ധത ബാധിച്ച കണ്ണുകള്‍ക്ക് ചികിത്സ അനിവാര്യമാണ്. അതിനുള്ള ശ്രമവും ഉണ്ടാകണം. ആരായിരുന്നു ഗുരു, എന്തായിരുന്നു ഗുരു തന്റെ ജീവിതവും വാക്കും പ്രവര്‍ത്തിയും കൊണ്ട് കേരളീയ മനസ്സുകളില്‍ കുറിച്ചിട്ടത് എന്ത് എന്ന് പഠനവിധേയമാക്കാന്‍ സമാജം തയ്യാറാവണം.
ഭഗവാന്‍ ബാദരായണന്‍ മുതല്‍ ആരംഭിക്കുന്ന ഭാരതത്തിന്റെ ഋഷി പാരമ്പര്യത്തിലെ അവസാനത്തെ കണ്ണിയായ, സന്യാസിവര്യനും കേരള നവോത്ഥാന ചരിത്രത്തിലെ നവോത്ഥാന നായകനും സാമൂഹ്യ പരിഷ്‌കര്‍ത്താവും ആയിരുന്നു ശ്രീനാരായണഗുരുദേവന്‍. ‘അവനവനാത്മസുഖത്തിനാചരിക്കുന്നവയപരന് സുഖത്തിനായി വരേണം’ എന്നുള്ളത് എല്ലാവര്‍ക്കും സുഖവും സന്തോഷവും വരണമെന്ന ലോകസന്ദേശം തന്നെയായിരുന്നു. അതായിരുന്നു അദ്ദേഹത്തിന്റെ ആദര്‍ശവും ജീവിതലക്ഷ്യവും. പുണ്യഗ്രന്ഥങ്ങളിലും തത്വശാസ്ത്രങ്ങളിലും ആശയങ്ങളിലും അത് സൂചിപ്പിക്കുന്ന ബിംബങ്ങളിലും അതിനോട് അനുബന്ധമായ ആഘോഷങ്ങളിലുമെല്ലാം ഇതിന്റെ സന്ദേശങ്ങളെയാണ് ഗുരുദേവന്‍ ഉള്‍പ്പെടുത്തിയത്.
ജാതി വ്യവസ്ഥയെ ചോദ്യം ചെയ്ത ഒരു സാമൂഹിക പരിഷ്‌കര്‍ത്താവായിരുന്നു ശ്രീനാരായണ ഗുരുദേവന്‍. ‘വിവേകം താനേ വരില്ല, യത്‌നിക്കാന്‍ ധാരാളം വായിക്കണം’ എന്നാണ് ഗുരുദേവന്‍ പഠിപ്പിച്ചത്. അരുവിപ്പുറത്ത് നദിയില്‍ നിന്നും മുങ്ങിയെടുത്ത ശില പ്രതിഷ്ഠ നടത്തിയ ഗുരുദേവനെ എതിര്‍ത്തവരോടും, സംശയം ഉന്നയിച്ചവരോടും ഗുരുദേവന്‍ പറഞ്ഞത് ഇത് നമ്മുടെ ശിവന്‍ ആണെന്നാണ്. ശിവഗിരിയില്‍ ശിവപ്രതിഷ്ഠയും വിദ്യാദേവതയായി ശാരദാദേവിയെയും ആണ് ഗുരുദേവന്‍ പ്രതിഷ്ഠിച്ചത്.
ഏതു രൂപത്തിലും ഭാവത്തിലും സങ്കല്പത്തിലും ഈശ്വര സ്വരൂപത്തെ ദര്‍ശിക്കാം എന്നാണ് ഗുരുദേവന്‍ ഇതിലൂടെ തെളിയിച്ചത്. സാമൂഹ്യ സംഘര്‍ഷത്തിന് കാരണമാകുന്ന ഇത്തരം സന്ദര്‍ഭങ്ങളെ വളരെ ലളിതമായി അദ്ദേഹം പരിഹരിച്ചു.
ഒരു മതത്തെയും പ്രതിനിധീകരിക്കാത്ത ആചാര്യനാണ് എന്ന് പ്രചരിപ്പിച്ചവര്‍ ഗുരുദേവന്‍ സ്ഥാപിച്ചത് ഹൈന്ദവ ക്ഷേത്രങ്ങളും ആശ്രമങ്ങളും മന്ദിരങ്ങളും ആണ് എന്നത് വിസ്മരിക്കുന്നു. അവിടെ പ്രതിഷ്ഠിച്ചത് ഓരോരുത്തരുടെയും ഉള്ളിലുള്ള ഈശ്വരീയതയെ ദര്‍ശിക്കാന്‍ കഴിയുന്ന കണ്ണാടിയാണ്. ഗുരുദേവന്‍ പ്രതിഷ്ഠിച്ച മുപ്പതിലധികം ക്ഷേത്രങ്ങളിലും താന്ത്രിക വിധിപ്രകാരമുള്ള വഴിപാടുകളും പൂജകളുമാണ് നിശ്ചയിച്ചത്.
ശിവനെയും ദേവിയെയും, സുബ്രഹ്മണ്യനെയും, ഗണപതിയെയും, ശക്തി സ്വരൂപിണിയെയും പ്രതിഷ്ഠിച്ച ഗുരുദേവന്‍ വിവിധ സമ്പ്രദായങ്ങളില്‍ഉള്ള ശ്ലോകങ്ങളും കീര്‍ത്തനങ്ങളും രചിച്ചു നല്‍കി. ഗുരുദേവന്‍ രചിച്ച കൃതികള്‍ ദൈവദശകവും, ആത്മോപദേശ ശതകവും, ദര്‍ശനമാലയും, ജനനീ നവരത്‌ന മഞ്ജരിയും, കുണ്ഡലിനിപ്പാട്ടും പോലെയുള്ള കൃതികളാണ്. സംസ്‌കൃത പഠനത്തെ അദ്ദേഹം പ്രോത്സാഹിപ്പിച്ചു. മന്ത്രം, യന്ത്രം, തന്ത്രം തുടങ്ങി ഒന്നിനെയും എതിര്‍ത്തില്ല. വേദങ്ങള്‍, ഉപനിഷത്തുക്കള്‍ എന്നിവ ആഴത്തില്‍ പഠിച്ചു. വ്യത്യസ്ത ആരാധനാ സമ്പ്രദായങ്ങളില്‍ ഒന്നിനെയും തള്ളിപ്പറഞ്ഞില്ല. എല്ലാ ദേവതകളെയും ഉള്‍കൊണ്ടു.
1925-ല്‍ കേരളകൗമുദി പ്രസിദ്ധപ്പെടുത്തിയ ടി.ഭാസ്‌കരന്‍ തയ്യാറാക്കിയ ‘ശ്രീനാരായണ വൈഖരി’ എന്ന പുസ്തകത്തിലെ 179-ാം പേജില്‍ മതസംഹിതകളുടെ അടിസ്ഥാനം സനാതനധര്‍മ്മമാണെന്നും, സനാതനധര്‍മ്മത്തിന്റെ അടിസ്ഥാനമില്ലാതെ ഒരു മതത്തിനും നിലനില്‍ക്കാന്‍ സാധ്യമല്ല എന്നുമുള്ള ഗുരുദേവ വചനങ്ങള്‍ രേഖപ്പെടുത്തി. 278-ാ മത്തെ പേജില്‍ സനാതനധര്‍മ്മത്തില്‍ വിശ്വസിക്കുന്നവരെ എല്ലാം ഒന്നായി ചേര്‍ക്കുന്നത് ഏറ്റവും ഉത്തമം ആയിരിക്കുമെന്ന് നമുക്ക് തോന്നുന്നു എന്ന് ഗുരുദേവന്‍ പറഞ്ഞു. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്നാണ് അദ്ദേഹത്തിന്റെ ആപ്തവാക്യം. മതങ്ങള്‍ മനുഷ്യ നന്മക്കാവണം എന്ന സദുദ്ദേശ്യമാണ് അദ്ദേഹം അതിലൂടെ വിളംബരം ചെയ്തത്.
സനാതനധര്‍മ്മ വിശ്വാസികളെ മതപരിവര്‍ത്തനത്തിന് വിധേയമാക്കാന്‍ സംഘടിത ശക്തികള്‍ പരിശ്രമിച്ചപ്പോള്‍ മറുപടി നല്‍കാന്‍ ഹിന്ദുമത ഗ്രന്ഥങ്ങള്‍ തന്റെ ഉത്തമ ശിഷ്യന്മാരെ പഠിപ്പിച്ച് അതിന്റെ അന്തഃസത്തയും ശ്രേഷ്ഠതയും മാലോകരുടെ മുമ്പില്‍ അവതരിപ്പിച്ച് അവരെ മതപരിവര്‍ത്തന പ്രലോഭനങ്ങളില്‍ നിന്നും മോചിപ്പിക്കാനും മതം പ്രചരിപ്പിക്കാനും അയച്ചത് ഗുരുദേവന്‍ ആണ്. മതവിരോധം മൂലമായിരുന്നില്ല ഗുരുദേവന്‍ ഈ നിര്‍ദ്ദേശം നല്‍കിയത്. മതപരിവര്‍ത്തനത്തിന്റെ ഭാഗമായി നടക്കുന്ന മതദ്വേഷം നിര്‍ത്തുന്നതിനാണ് അദ്ദേഹം പരിശ്രമിച്ചത് എന്നതാണ് ഏറ്റവും പ്രധാന കാര്യം.
1905ല്‍ പരവൂര്‍ ഈഴവ മഹായോഗത്തില്‍ ആചാര പരിഷ്‌കരണത്തിനാണ് ഗുരുദേവന്‍ മാര്‍ഗ്ഗദര്‍ശനം നല്‍കിയത്. സമൂഹത്തില്‍ ഗുരുദേവന്‍ നടത്തിയ ആചാര പരിഷ്‌കരണങ്ങളുടെ ഗുണഭോക്താക്കളും ഹിന്ദുക്കള്‍ ആയിരുന്നു. തിരണ്ടു കുളി പോലുള്ള ദുരാചാരങ്ങള്‍ നിര്‍ത്തല്‍ ചെയ്യാന്‍ തീരുമാനിച്ചത് ഗുരുദേവന്റെ ഗുരുദേവ നിര്‍ദ്ദേശം അനുസരിച്ചാണ്. അല്പം മാത്രം ചെലവ് വരുന്നതും സാംസ്‌കാരികപരമായി ഉയര്‍ന്നതുമായ ഒരു പുതിയ വിവാഹ സമ്പ്രദായത്തിന് ഗുരുദേവന്‍ രൂപം കൊടുത്തു. സംസ്‌കൃത മന്ത്രോച്ചാരണത്തോടെയും അഗ്‌നി സാക്ഷിയായും നടത്തപ്പെടുന്ന പുതിയ വിവാഹരീതി തികച്ചും സാത്വികപരമായിരുന്നു. കൊല്ലത്ത് നടന്ന വാര്‍ഷിക സമ്മേളനത്തില്‍ വ്യവസായ സമ്മേളനം വിളിച്ചു ചേര്‍ത്തു വ്യാവസായികമായി വളരേണ്ട സാഹചര്യം സമൂഹത്തെ ബോധ്യപ്പെടുത്തി. സമ്മേളനത്തില്‍ ഗുരുദേവന്‍ നാല് ഗുണപ്രദമായ വിഷയങ്ങള്‍ അവതരിപ്പിച്ചു. മതം, സദാചാരം, വിദ്യാഭ്യാസം, വ്യവസായം എന്നിവയായിരുന്നു അത്. ആവശ്യമായ സ്ഥലങ്ങളില്‍ എല്ലാം വിദ്യാഭ്യാസ ശാലകളും വ്യവസായശാലകളും തുടങ്ങുവാന്‍ ആഹ്വാനം ചെയ്തു. വാസനയുള്ള യുവാക്കളെ കണ്ടെത്തി ബ്രഹ്മചാരികളാക്കുവാനും ലക്ഷ്യത്തിലേക്ക് നയിക്കാന്‍ കഴിവുള്ളവരെ പഠിപ്പിച്ച് സന്യാസിമാര്‍ ആക്കുന്നതിനെ കുറിച്ചും ഗുരുദേവന്‍ ബോധ്യപ്പെടുത്തി.
നവോത്ഥാന കേരളത്തിന്റെ ശില്പിയും, സമഗ്ര മാനവികതയിലേക്ക് കേരളത്തെ നയിച്ച മഹാമനീഷിയുമായിരുന്ന ശ്രീനാരായണ ഗുരുദേവനെ മുഴുവന്‍ സമൂഹവും ആദരവോടെ വണങ്ങുന്നത് ഇതുമൂലമാണ്. സഹസ്രാബ്ദങ്ങളായി തുടരുന്ന ഭാരതീയ തത്വചിന്തയുടെ ഈ കാലഘട്ടത്തിലെ പ്രധാനകണ്ണിയായിരുന്നു ഗുരുദേവന്‍. ഗുരുദേവന്‍ നമുക്ക് പറഞ്ഞു തന്നത് പതിരായിപ്പോയ പഴഞ്ചന്‍ ആശയമല്ല, കടലോളം അറിവ് ഹൃദയത്തിലേക്ക് സന്നിവേശിപ്പിച്ച് അദ്ധ്യാത്മ സാധന പകര്‍ന്നുനല്‍കിയ ദൈവിക പുരുഷനാണ് ഗുരുദേവന്‍. അദ്ധ്യാത്മികതയുടെ അടിത്തറയില്‍ നിന്നുകൊണ്ടുള്ള സാമൂഹ്യ പരിവര്‍ത്തനത്തിനായിരുന്നു ശ്രീനാരായണ ഗുരുദേവന്‍ നേതൃത്വം കൊടുത്തത്.
അയിത്തം, അനാചാരം, അസ്പൃശ്യത, ഉച്ചനീച്ചത്വം എന്നിവ കൊടികുത്തി വാണിരുന്ന കാലഘട്ടത്തില്‍ ആണ് അദ്ദേഹം സമൂഹ പരിഷ്‌കരണ ത്തിന് നേതൃത്വം നല്‍കിയത്. കേരളത്തില്‍ അക്കാലത്ത് നിലനിന്നിരുന്ന സാമൂഹ്യജീര്‍ണ്ണതകള്‍ക്കെതിരെ പോരാടി കേരളീയ സമൂഹത്തെ നവോത്ഥാനത്തിന്റെ പാതയിലൂടെ അദ്ദേഹം സഞ്ചരിപ്പിച്ചു. ജാതിവ്യവസ്ഥകളെ ചോദ്യം ചെയ്തു. കേരളത്തിലും തമിഴ്‌നാട്ടിലുമായി 45 ഓളം ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ചു. സമൂഹത്തില്‍ നിലനിന്നിരുന്ന അസ്പൃശ്യതയെ, ക്ഷേത്രങ്ങളിലെ ജാതിയ്ക്കും, വര്‍ഗ്ഗത്തിനും, വര്‍ണ്ണത്തിനും അതീതമായ ഒത്തുചേരലിലൂടെ നിര്‍മ്മാര്‍ജ്ജനം ചെയ്തു. ക്ഷേത്രങ്ങളെ ആരാധനാ കേന്ദ്രങ്ങള്‍ എന്നതിലുപരി സാമൂഹ്യ കേന്ദ്രങ്ങളാക്കി മാറ്റി ഗുരുദേവന്‍.
ഡോക്ടര്‍ പല്‍പ്പുവിന്റെ പ്രേരണയാല്‍ ശ്രീനാരായണ ധര്‍മ്മപരിപാലനയോഗം എന്ന പ്രസ്ഥാനത്തിന് രൂപം കൊടുത്തു. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന് അദ്ദേഹം ഉദ്‌ഘോഷിച്ചു. പരമ്പരാഗത രീതികള്‍ പിന്തുടരുക എന്ന അന്ധത്വം സ്വീകരിക്കാതെ തന്റെ മുന്നില്‍ എത്തിച്ചേരുന്നവര്‍ക്ക് ജീവിതത്തിന്റെ മാര്‍ഗദര്‍ശനവും മനുഷ്യത്വമെന്ന വെളിച്ചത്തെ പകര്‍ന്നു നല്‍കുകയും ആയിരുന്നു ഗുരുദേവന്‍.
ആരാധിക്കാന്‍ സ്വാതന്ത്ര്യം നിഷേധിച്ചവര്‍ക്ക് ആരാധനാലയവും, ആരാധനാസ്വാതന്ത്ര്യവും ഗുരു നേടിക്കൊടുത്തു. ഉന്നത കുലജാതര്‍ക്ക് മാത്രം അനുവദിച്ചിരുന്ന ഭാഷാ പഠനവും, വിദ്യാഭ്യാസവും എല്ലാവര്‍ക്കും നേടിക്കൊടുത്തു. ഏവര്‍ക്കും പഠിക്കാന്‍ കഴിയുന്ന വിദ്യാലയങ്ങള്‍ ഉണ്ടാക്കി, വിദ്യാലയങ്ങളില്‍ വ്യവസ്ഥയുണ്ടാക്കി മനുജ സമൂഹത്തെ പൊതുജീവിതത്തിന്റെ മുഖ്യധാരയിലേക്ക് മനുഷ്യരായി ഉയര്‍ത്തിക്കൊണ്ടുവന്നു. മനുഷ്യരാശിയെ അധമത്വത്തിലേക്ക് തള്ളിയിടാന്‍ ശ്രമിച്ചവരെ അദ്ദേഹം എതിര്‍ത്തു. അവരെ ഉത്തമ ബോധത്തിലേക്ക് ഉയര്‍ത്തി.
തള്ളിപ്പറയേണ്ടതിനെ യാതൊരു മടിയും കൂടാതെ തള്ളിപ്പറഞ്ഞു. മഹത്തരമായ ആശയങ്ങളെ കാലാനുസൃതമായി അവതരിപ്പിച്ച് ഒരു ജനതയെ ജീവിക്കാന്‍ പഠിപ്പിക്കുകയായിരുന്നു തന്റെ ജീവിതത്തിലുടനീളം ഗുരുദേവന്‍.
ഗുരുവിന്റെ ജാതി മനുഷ്യത്വം ആയിരുന്നു. മതം ആത്മസുഖവും, ദൈവം, സത്യം ജ്ഞാനം ആനന്ദം എന്നതുമായിരുന്നു. ഇതാണ് എന്നും ഗുരുദേവന്‍ ഉയര്‍ത്തിപ്പിടിച്ച ജീവിത തത്വം. ശ്രീനാരായണഗുരുദേവന്‍ അതുകൊണ്ടുതന്നെ സനാതന ധര്‍മ്മ വിശ്വാസികള്‍ക്ക് ആചാര്യനാണ്, സനാതനധര്‍മ്മത്തിന്റെ പ്രയോക്താവാണ്. അറിവുകളുടെ ആഴക്കടല്‍ ഹൃദയത്തിലേക്ക് സന്നിവേശിപ്പിച്ച് അറിവിന്റെ അമൃതം പകര്‍ന്നു നല്‍കിയ ഗുരുനാഥനാണ്.
(ഹിന്ദു ഐക്യവേദി സംസ്ഥാന വക്താവാണ് ലേഖകന്‍)