പെരിയ ഇരട്ടക്കൊലക്കേസ്സില്‍ ശിക്ഷിക്കപ്പെട്ട മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയുടെ മുന്‍ എം.എല്‍.എ കെ.വി.കുഞ്ഞിരാമനടക്കം 14 സഖാക്കളെ കണ്ട് കുറച്ചു ദിവസം ജയിലില്‍ വിശ്രമിച്ച് ശരീരം നന്നാക്കാന്‍ ഉപദേശം നല്‍കാനാണ് പാര്‍ട്ടി സംസ്ഥാന സമിതിയംഗവും ജയില്‍ വികസന സമിതിയംഗവുമായ പി.ജയരാജന്‍ ജനുവരി 5 ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ എത്തിയത്. ജയിലിലേക്ക് വരുന്നവരുടെ ക്ഷേമം അന്വേഷിക്കേണ്ടത് ജയില്‍ വികസന സമിതി അംഗം എന്ന നിലയ്ക്ക് അദ്ദേഹത്തിന്റെ ഡ്യൂട്ടിയാണല്ലോ. ജയില്‍ വികസന സമിതിയില്‍ അംഗമായതോടെ ജയില്‍ വികസിപ്പിക്കേണ്ടതിനെക്കുറിച്ചുള്ള ഗൗരവമായ ചിന്തയിലായിരുന്നു ജയരാജന്‍. താന്‍ വിചാരിച്ചാല്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനെ വികസിപ്പിച്ച് സംസ്ഥാനത്തെ മൊത്തം സഖാക്കളെയും പാര്‍പ്പിക്കാന്‍ പറ്റുന്ന സ്ഥലമാക്കി മാറ്റാന്‍ പറ്റില്ലെങ്കിലും പഴയ ജില്ലാ സെക്രട്ടറി എന്ന അധികാരപയോഗിച്ച് കണ്ണൂരിലെ പാര്‍ട്ടി സഖാക്കളെ മുഴുവന്‍ ഉള്‍പ്പെടുന്നതാക്കി വികസിപ്പിച്ചെടുക്കാന്‍ കഴിയും. അതിനുള്ള പണി അറിയുന്ന ആളുമാണദ്ദേഹം. അത്തരം വികസന ചിന്തയുള്ള ഒരാള്‍ പെരിയ ഇരട്ടക്കൊലക്കേസ്സില്‍ ശിക്ഷിക്കപ്പെട്ട് കുഞ്ഞിരാമനടക്കമുള്ള തന്റെ സഹപ്രവര്‍ത്തകര്‍ ജയിലിലേക്ക് വരുമ്പോള്‍ മാറിനില്‍ക്കാന്‍ പാടില്ലല്ലോ. സഖാക്കളുടെ ശരീരം നന്നാക്കാനുള്ള പോഷകാഹാരങ്ങള്‍ നല്‍കാന്‍ അവിടെ അദ്ദേഹം വ്യവസ്ഥ ചെയ്തിട്ടുണ്ട്. മനസ്സിനും വേണ്ടേ നല്ല ആരോഗ്യം? അതിന് പറ്റിയത് എന്ത് എന്നു ചിന്തിച്ചപ്പോഴാണ് തന്റെ പുതിയ പുസ്തകം അവര്‍ക്കു സമ്മാനിച്ചുകളയാം എന്ന ചിന്ത വന്നത്. മുസ്ലിം രാഷ്ട്രീയത്തെക്കുറിച്ചുള്ള തന്റെ വിപ്ലവ പുസ്തകം നാടാകെ എത്തിക്കാനുള്ള ഓട്ടത്തിലാണ് ജയരാജന്‍. ജയിലില്‍ പോയി സഖാക്കള്‍ക്ക് വിപ്ലവാഭിവാദ്യത്തോടൊപ്പം പുസ്തകത്തിന്റെ കോപ്പിയും നല്‍കി. ഇതിനെക്കുറിച്ചാണ് അസൂയമൂത്ത വലതുപക്ഷമാധ്യമങ്ങള്‍ പി..ജയരാജന്റെ സാന്നിധ്യത്തില്‍ ‘ജയിലറ കാട്ടി പേടിപ്പിക്കണ്ട’ എന്ന് മുദ്രാവാക്യം വിളിച്ചു എന്ന വാര്‍ത്ത എഴുതി പിടിപ്പിച്ചത്.
നാളെ ജയിലിലേക്ക് കടന്നുവരാനുള്ള സഖാക്കള്‍ ജയിലറ കാട്ടി പേടിപ്പിക്കേണ്ട എന്ന് ഉശിരന്‍ മുദ്രാവാക്യം വിളിച്ച് അതിന് സന്നദ്ധരാകുന്നതില്‍ തെറ്റൊന്നുമില്ലല്ലോ. രണ്ടു കൊലക്കേസില്‍ പ്രതിയായ ജയരാജന്‍ ജയിലറ കണ്ട് പേടിച്ചു പോയിരുന്നോ എന്ന് തിരിച്ചുചോദിക്കരുത്. അരിയില്‍ ഷുക്കൂര്‍ വധക്കേസിലും കതിരൂര്‍ മനോജ് വധക്കേസിലും പ്രതിചേര്‍ക്കപ്പെട്ടയാളാണ് ജയരാജന്‍. ചോദ്യം ചെയ്യാന്‍ വിളിച്ചപ്പോഴേക്കും ജയരാജന് അസുഖം മൂര്‍ച്ഛിച്ച്. പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കപ്പെട്ടു. ജയിലറയില്‍ കിടക്കുന്നതിനു പകരം സഖാവ് ആശുപത്രിയില്‍ സുഖവാസം ചെയ്തു. ജയിലറയില്‍ തളച്ചിടാന്‍ കഴിയാത്തതാണ് ജയരാജന്റെ വിപ്ലവ വീര്യം എന്ന് നാട്ടുകാര്‍ക്ക് ബോധ്യമായി. പക്ഷേ കണ്ണൂരിലെ ചില സഖാക്കള്‍ക്ക് അത് അത്രക്ക് ബോധ്യപ്പെട്ടോ എന്നറിയില്ല. അതുകൊണ്ടാവാം ജയരാജന്റെ സാന്നിധ്യത്തില്‍ വെച്ചു തന്നെ അവര്‍ ഈ മുദ്രാവാക്യം വിളിച്ചത്. സഖാക്കളെക്കൊണ്ട് കൊലനടത്തിച്ചവര്‍ ശിക്ഷിക്കപ്പെടുമ്പോള്‍ ജയിലറയിലാണ് കിടക്കേണ്ടത് ആശുപത്രിയിലല്ല എന്നുള്ള ഒരു കുത്ത് ഈ മുദ്രാവാക്യം വിളിക്കു പുറകില്‍ ഇല്ലേ എന്നാണ് സംശയിക്കേണ്ടത്.