സ്വാതന്ത്ര്യാനന്തരം ഭാരതത്തിലെ ഉന്നതവിദ്യാഭ്യാസരംഗം പൊതുവെ, സങ്കുചിതവും സംഘര്‍ഷാത്മകവുമായ രാഷ്ട്രീയ സിദ്ധാന്തങ്ങളുടെ മേച്ചില്‍പ്പുറമായിരുന്നു. കോണ്‍ഗ്രസ് ഭരണകാലത്ത് രാജ്യത്തെ സാംസ്‌കാരിക അക്കാദമിക രംഗങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് തീറെഴുതിക്കൊടുക്കുകയായിരുന്നു. പരാദങ്ങളെപ്പോലെ അവര്‍ വിദ്യാഭ്യാസമെന്ന മഹാവൃക്ഷത്തെ കാര്‍ന്നുതിന്നുകൊണ്ടിരുന്നു. അതിന്റെ ഫലമായി കേരളത്തിലുള്‍പ്പെടെ ഉന്നതവിദ്യാഭ്യാസരംഗം ദിശാബോധം നഷ്ടപ്പെട്ട് അധോഗതിയിലായി. നരേന്ദ്രമോദി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരമേറ്റതു മുതല്‍ വിദ്യാഭ്യാസ മേഖലയെ ദേശീയോന്മുഖവും ആത്മനിര്‍ഭരവുമാക്കി മാറ്റാനുള്ള പദ്ധതികള്‍ നടപ്പിലാക്കിത്തുടങ്ങി.
വിദ്യാഭ്യാസരംഗം സ്വച്ഛമാവണമെങ്കില്‍ ആ മേഖലയിലെ നയങ്ങളും നിയമനങ്ങളും സ്വതന്ത്രവും സ്വാവലംബിയുമാവണം. ഇതിന്റെ നാന്ദിയെന്ന നിലയില്‍ സര്‍വകലാശാലകളിലെയും കോളേജുകളിലെയും അക്കാദമിക നിലവാരം, വൈസ് ചാന്‍സലര്‍, അധ്യാപക നിയമനം തുടങ്ങിയവ സംബന്ധിച്ച പുതുക്കിയ ചട്ടങ്ങള്‍ ഉള്‍പ്പെടുത്തി യുജിസി കരടു വിജ്ഞാപനം പുറത്തിറക്കിയിരിക്കുകയാണ്. യുജിസി ചെയര്‍മാന്റെ സാന്നിധ്യത്തില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാനാണ് പൊതുചര്‍ച്ചയ്ക്കുവേണ്ടി ഈ മാര്‍ഗനിര്‍ദേശങ്ങള്‍ മുന്നോട്ടു വെച്ചത്. വിദ്യാഭ്യാസ മേഖലയിലെ സമഗ്ര പരിവര്‍ത്തനം ലക്ഷ്യമാക്കി രണ്ടാം മോദി സര്‍ക്കാര്‍ നടപ്പാക്കിയ ദേശീയ വിദ്യാഭ്യാസ നയത്തിന് സമാനമായി ഉന്നത വിദ്യാഭ്യാസരംഗത്തും ഗുണപരവും കാര്യക്ഷമവുമായ മാറ്റമുണ്ടാക്കുകയെന്നതാണ് ഇതിന്റെ ഉദ്ദേശ്യം.
സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ നിയമനങ്ങളില്‍ ചാന്‍സലര്‍ക്കു കൂടുതല്‍ അധികാരം നല്‍കുന്ന ശുപാര്‍ശ പുതിയ കരടുവിജ്ഞാപനത്തില്‍ അടങ്ങിയിട്ടുണ്ട്. ഇതുവഴി വി.സി നിയമനത്തിനുള്ള സേര്‍ച് കമ്മിറ്റിയെ നിശ്ചയിക്കാനുള്ള അധികാരം ചാന്‍സലറില്‍ നിക്ഷിപ്തമായിരിക്കുമെന്നു കരടില്‍ വ്യക്തമാക്കുന്നു. അതിനാല്‍ തന്നെ യുജിസിയുടെ പുതിയ മാര്‍ഗനിര്‍ദേശങ്ങളെ കേരള സര്‍ക്കാര്‍ നഖശിഖാന്തം എതിര്‍ക്കുകയാണ്. യുജിസി കരട് ചട്ടങ്ങള്‍ക്കെതിരെയും മുന്‍ ഗവര്‍ണര്‍ക്കെതിരെയും വിമര്‍ശനവുമായി മുഖ്യമന്ത്രി തന്നെ രംഗത്തു വന്നു. കേരളത്തിലെ സര്‍വകലാശാലകളില്‍ പാര്‍ട്ടി നോമിനികളെ മാത്രം വൈസ് ചാന്‍സലര്‍മാരായി നിയമിക്കുകയെന്ന, കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ പിന്തുടര്‍ന്നുപോന്ന നടപ്പുശൈലിയെ നയപരമായും നിയമപരമായും നേരിടുകയും അതില്‍ വിജയംവരിക്കുകയും ചെയ്ത മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കായികമായി നേരിടാനാണ് സിപിഎമ്മും ഇടതു സര്‍ക്കാരും അവരുടെ വിദ്യാര്‍ത്ഥി സംഘടനയും ചേര്‍ന്ന് സംഘടിതമായി ശ്രമിച്ചത്. അതുകൊണ്ട് തന്നെ വിസി നിയമനങ്ങള്‍ സുതാര്യമാക്കാനുള്ള പുതിയ നിര്‍ദേശങ്ങള്‍ അവര്‍ക്ക് സ്വീകാര്യമാവാത്തത് സ്വാഭാവികമാണ്. നിയമനം ചോദ്യം ചെയ്ത കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്റെ നടപടിക്കെതിരെ യൂണിവേഴ്സിറ്റി ഫണ്ടില്‍ നിന്ന് കോടികള്‍ ചെലവഴിച്ചാണ് വിസിമാര്‍ കോടതിയില്‍ കേസ് നടത്തിയത്. എന്നാല്‍ പുതിയ രീതി പ്രാബല്യത്തില്‍ വരുന്നതോടെ ചാന്‍സലര്‍മാര്‍ എന്ന നിലയില്‍ ഗവര്‍ണര്‍മാരുടെ വിവേചനാധികാരം കൂടുതല്‍ കൃത്യമാവുകയും ഉന്നത വിദ്യാഭ്യാസ രംഗത്തിന്റെ അക്കാദമിക നിലവാരം വീണ്ടെടുക്കാന്‍ അത് വഴിതുറക്കുകയും ചെയ്യും. നേരത്തെ അക്കാദമിക യോഗ്യതകളെല്ലാം അട്ടിമറിച്ച് തികച്ചും രാഷ്ട്രീയ പരിഗണനകള്‍ മുന്‍നിര്‍ത്തി കമ്മ്യൂണിസ്റ്റു പശ്ചാത്തലമുള്ള വ്യക്തികളെയാണ് വൈസ് ചാന്‍സലര്‍മാരായും മറ്റ് അക്കാദമിക് ചുമതലകളിലും നിയമിച്ചിരുന്നത്. ഇതെല്ലാം മറച്ചുപിടിച്ചുകൊണ്ടാണ് ഇപ്പോള്‍ വിസി നിയമനങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയം കലര്‍ത്തുന്നുവെന്ന വിമര്‍ശനം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഉന്നയിക്കുന്നത്. വാസ്തവത്തില്‍, ഈ കരടുവിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് നടന്നിട്ടുള്ള അനധികൃത നിയമനങ്ങളെല്ലാം കൃത്യമായി പരിശോധിച്ച് അനര്‍ഹമായ നിയമനങ്ങള്‍ റദ്ദാക്കേണ്ടതുണ്ട്.
വിദ്യാഭ്യാസരംഗത്ത് വളര്‍ച്ചയും വൈവിധ്യവും കൊണ്ടുവരാനുള്ള മുന്നൊരുക്കങ്ങള്‍ കരടുവിജ്ഞാപനത്തിലുണ്ട്. യുജി, പിജി തലത്തില്‍ പഠിക്കാത്ത വിഷയത്തിലും ഗവേഷണം നടത്താനും ‘നെറ്റ്’ ഉള്‍പ്പെടെയുള്ള അധ്യാപക യോഗ്യതാപരീക്ഷകള്‍ എഴുതാനും വിദ്യാര്‍ത്ഥികള്‍ക്ക് അവസരമൊരുക്കുമെന്ന നിര്‍ദ്ദേശവും പ്രാദേശികഭാഷകളിലെ കോഴ്‌സുകള്‍ അധ്യാപക നിയമനത്തിനുള്ള അധിക യോഗ്യതയായി പരിഗണിക്കുമെന്ന പ്രഖ്യാപനവും വൈവിധ്യമാര്‍ന്ന വിദ്യാഭ്യാസ ശൈലിയിലേക്ക് വഴിതുറക്കാന്‍ സഹായകമാകും. വിസി നിയമനങ്ങള്‍ സുതാര്യമാവുകവഴി സര്‍വകലാശാല ഭരണത്തില്‍ സംശുദ്ധിയും നിഷ്പക്ഷതയും ഉറപ്പാക്കാനുമാവും.
കേരളത്തിലെ ഉന്നതവിദ്യാഭ്യാസരംഗം ദുര്‍ഗന്ധം വമിക്കുന്ന ഒരു ഈജിയന്‍ തൊഴുത്തായി മാറുകയും ഇവിടുത്തെ സര്‍വകലാശാലകളും കോളേജുകളുമെല്ലാം അവയുടെ പഠനനിലവാരവും ഗവേഷണസ്വഭാവവുമെല്ലാം നഷ്ടപ്പെടുത്തുകയും കലാലയങ്ങള്‍ കലാപാലയങ്ങളായി രൂപാന്തരപ്പെടുകയും ചെയ്തതിന്റെ ദുരന്തഫലമായി മലയാളി യുവാക്കള്‍ ഇതരദേശങ്ങളിലേക്ക് വിദ്യാഭ്യാസ കുടിയേറ്റം നടത്തുകയും കേരളത്തില്‍ കലാലയങ്ങള്‍ കാലിയാകുകയും ചെയ്യുകയാണ്. സംസ്ഥാനത്ത് ബിരുദതലത്തില്‍ 85,552 സീറ്റുകളും ബിരുദാനന്തരബിരുദ തലത്തില്‍ 13,047 സീറ്റുകളും ഒഴിഞ്ഞുകിടക്കുകയാണെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ച കണക്കില്‍ പറയുന്നു. പരീക്ഷാപേപ്പര്‍ ചോര്‍ച്ചയും അദ്ധ്യാപകരുടെ രാഷ്ട്രീയവല്‍ക്കരണവും കലാലയങ്ങളിലെ അക്രമരാഷ്ട്രീയത്തിന്റെ അതിപ്രസരവും വലിയ സാമൂഹിക വിപത്തുകളായി കേരളത്തിനു മുന്നിലുണ്ട്.
പ്രാചീന ഭാരതത്തിലെ വിദ്യാകേന്ദ്രമായിരുന്ന നളന്ദ സര്‍വകലാശാല പുനര്‍നിര്‍മ്മിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രത്തിനു സമര്‍പ്പിച്ചത് ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ്. വിദ്യാഭ്യാസ രംഗത്ത് നഷ്ടമായ ഗതകാല വൈഭവം വീണ്ടെടുക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ പരിശ്രമങ്ങളുടെ നാന്ദിയാണ് നളന്ദയുടെ പുനര്‍നിര്‍മ്മാണവും പുതിയ ദേശീയ വിദ്യാഭ്യാസനയത്തിന്റെ ആവിഷ്‌കരണവും. ഇതിന്റെ തുടര്‍ച്ചയെന്നോണം ഉന്നതവിദ്യാഭ്യാസ മേഖലയെ ശുദ്ധീകരിക്കാനുള്ള ശ്രമമാണ് യുജിസിയുടെ പുതിയ കരടുവിജ്ഞാപനത്തില്‍ തെളിഞ്ഞുകാണുന്നത്.