ഡോ. ഭീംറാവ് റാംജി അംബേദ്കറെ, അദ്ദേഹം മുന്‍പില്‍ നിന്ന് രൂപം നല്‍കിയ ഭരണഘടനയുടെ അടിസ്ഥാനത്തില്‍ നടന്ന ആദ്യ തിരഞ്ഞെടുപ്പില്‍ (1952) തന്നെ പരാജയപ്പെടുത്തിയതില്‍ ജവഹര്‍ലാല്‍ നെഹ്രുവും കോണ്‍ഗ്രസ്സും ആനന്ദം കൊണ്ട് ആറാടുകയായിരുന്നു. അത്തരത്തില്‍ നെഹ്രുവിന്റെ കോണ്‍ഗ്രസ്സ് ആനന്ദത്തിലാറാടിയ സന്ദര്‍ഭം അതിനുമുമ്പ് ഉണ്ടായത് 1946 ബോംബെ പ്രവിശ്യയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ അവര്‍ ഡോ.അംബേദ്കറെ പരാജയപ്പെടുത്തിയപ്പോഴായിരുന്നു. ഭാരതത്തിന്റെ ഭരണഘടനാ നിര്‍മ്മാണ സഭയിലേക്ക് അംബേദ്കര്‍ പ്രവേശിക്കുന്നതിന് തടയിടാനായിരുന്നു നെഹ്രുവിന്റെയും കോണ്‍ഗ്രസ്സിന്റെയും ആ പരാജയപ്പെടുത്തല്‍. അന്ന്, ബംഗാളിലെ നാമ ശൂദ്രര്‍ അടങ്ങുന്ന പിന്നാക്ക ജനവിഭാഗത്തിന്റെ ജനകീയശക്തിയാണ് അംബേദ്കര്‍ക്ക് എതിരെയുയര്‍ന്ന കോണ്‍ഗ്രസ്സ് ധിക്കാരത്തെ വെല്ലുവിളിച്ചത്. ബാരിസ്റ്റര്‍ ജ്യോതീന്ദ്രകുമാര്‍ മണ്ഡല്‍ ബംഗാളില്‍ നിന്നുള്ള തന്റെ അംഗത്വം രാജിവെച്ച് അംബേദ്കര്‍ക്കു വീണ്ടും മത്സരിക്കുവാന്‍ അവസരമൊരുക്കി. അങ്ങനെ ബംഗാളില്‍ മത്സരിച്ചു ജയിച്ചാണ് തല ഉയര്‍ത്തിക്കൊണ്ട് തന്നെ ഭാരതത്തിലെ അധ:സ്ഥിത ജനവിഭാഗത്തിന്റെ അതിശക്തനായ വക്താവ്, ഭാരതീയ ദേശീയതയെ കുറിച്ചു തനിക്കുള്ള മൗലിക ബോദ്ധ്യത്തില്‍ ഇളക്കത്തിനിടം കൊടുത്തിട്ടില്ലാത്ത മഹാപ്രതിഭ, ലോകം അതുവരെ കണ്ട ഭരണഘടനകളെ പഠിച്ച് അപഗ്രഥിച്ച് സമത്വവും സ്വാതന്ത്ര്യവും സാഹോദര്യവും ധാര്‍മ്മിക അടിത്തറ നല്‍കുന്ന ഒരു മഹത്തായ ഭാരത ഭരണഘടനയുടെ വിശാലമായ ചട്ടക്കൂടും ഉള്ളടക്കവും ഉള്ളില്‍ ധരിച്ചിരുന്ന ഡോ ഭീംറാവ് അംബേദ്കര്‍, ഭരണഘടനാ നിര്‍മ്മാണ സഭയുടെ ഉള്ളില്‍ തന്റെ ഇരിപ്പിടം ഉറപ്പിച്ചതും മഹത്തായ ഒരു ഭരണഘടന നല്‍കുന്നതിന് നേതൃത്വം നല്‍കിയതും. 1946ലും 1952ലും നടന്ന തിരഞ്ഞെടുപ്പുകളില്‍, അത്തരത്തില്‍, അംബേദ്കറെ പരാജയപ്പെടുത്തി ആനന്ദതുന്ദിലരായ നെഹ്രുവിന്റെ കോണ്‍ഗ്രസ്സ് 1954ലെ ഒരു ഉപതിരഞ്ഞെടുപ്പിലൂടെ ലോക്‌സഭയിലേക്ക് മത്സരിച്ചപ്പോഴും പരാജയപ്പെടുത്തി ഡോ.അംബേദ്കറോട് പക ആവര്‍ത്തിക്കുകയായിരുന്നു. അന്നവിടെ അദ്ദേഹത്തോടൊപ്പം നിന്നത് രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ മുതിര്‍ന്ന പ്രചാരകനും ദാര്‍ശനികനുമായിരുന്ന ദത്തോപന്ത് ഠേംഗ്ഡി ആയിരുന്നെന്നതും ചരിത്രം കുറിച്ചിട്ടിട്ടുള്ള മറ്റൊരു വസ്തുത.
1952 തിരഞ്ഞെടുപ്പില്‍ താന്‍’അംബേദ്കറെ താഴെയിട്ടു’ (Ambedkar has been dropped)- എന്ന ‘സന്തോഷ വാര്‍ത്ത’ ജവാഹര്‍ലാല്‍ നെഹ്രു, എഡ്വിനാ മൗണ്ട് ബാറ്റനോട് പങ്കു വെച്ചുവെന്നതാണ് ജനാധിപത്യഭാരതത്തിനു മുമ്പില്‍ ഇന്ന് സജീവ ചര്‍ച്ചയ്ക്കായി ഉയര്‍ന്നു വന്നിരിക്കുന്ന ഒരു വിഷയം. ജവഹര്‍ലാല്‍ നെഹ്രുവിന്റെ തിരഞ്ഞെടുത്ത കൃതികളി (Selected Works of Jawaharlal Nehru) ലാണ് 1952 ജനുവരി 16ന് സ്വതന്ത്രഭാരതത്തിന്റെ ആദ്യ പ്രധാനമന്ത്രി ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ അവസാന വൈസ്രായിയുടെ ഭാര്യക്ക് അയച്ച ഇത്തരം ഒരു കത്തിന്റെ കോപ്പി പ്രസിദ്ധീകരിച്ചിട്ടുള്ളത്. പ്രണയലോലനായ ഒരു കാമുകന്‍ തന്റെ ചെറുതും വലുതുമായ വീരകഥകള്‍, അവള്‍ക്കും കൂടി താത്പര്യമുള്ളതാണെങ്കില്‍, തന്റെ പ്രണയിനിക്ക് പങ്കുവെക്കുന്ന സര്‍വ്വസാധാരണമായ ഒരു സംഭവം മാത്രമായി അതിനെ കാണാന്‍ കഴിയുമോ? അതോ ഭാരതത്തില്‍ അധികാരം ഒഴിഞ്ഞിട്ടും പുതിയ ഭരണകൂടത്തിലും സ്വാധീനം ഉറപ്പിക്കാന്‍ രഹസ്യ അജണ്ടയുമായി വട്ടം ചുറ്റുകയായിരുന്ന ആംഗ്ലോ ക്രിസ്ത്യന്‍ സാമ്രാജ്യത്വത്തിന്റെ സ്ഥാപിത താത്പര്യങ്ങള്‍ സംരക്ഷിക്കുവാന്‍ ചുമതലപ്പെടുത്തിയിരുന്ന, അവസാനത്തെ ഇംഗ്ലീഷ് വൈസ്രോയ് ലോഡ് മൗണ്ട് ബാറ്റനും ആ ചുമതല ഏറ്റു നടപ്പാക്കാന്‍ സ്വയം സന്നദ്ധനായ ആദ്യ ഭാരത പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവും പങ്കുവെച്ചിരുന്ന ഏതെങ്കിലും രാഷ്ട്രീയ അജണ്ടയുടെ ഭാഗമായിട്ടായിരുന്നോ അംബേദ്കറെ പരാജയപ്പെടുത്താന്‍ നെഹ്രു കച്ചകെട്ടി ഇറങ്ങിയത്? അവസാനത്തെ ബ്രിട്ടീഷ് ഇന്ത്യന്‍ വൈസ്രോയ് ആയിരുന്ന ലോര്‍ഡ് മൗണ്ട് ബാറ്റന്‍ ആദ്യത്തെ ഇന്ത്യന്‍ ഗവര്‍ണര്‍ ജനറല്‍ പദവിയിലും ഇരുന്നതുകൊണ്ട് 1948 ജൂണില്‍ ആ പദവി ഒഴിയും വരെ ഭാരതത്തില്‍ അന്ന് നിയോഗിക്കപ്പെട്ടിരുന്ന പ്രധാനമന്ത്രിക്ക് രാജ്യത്തിന്റെ വിവരങ്ങള്‍ ഔദ്യോഗികമായും ഔപചാരികമായും അറിയിക്കാമായിരുന്നു. മൗണ്ട് ബാറ്റന്‍ ആ പദവി ഒഴിഞ്ഞതോടെ അങ്ങനെയൊരു റിപ്പോര്‍ട്ടിംഗ് അനുചിതമാകുമെന്ന് കരുതിയതുകൊണ്ടാണോ 1948 മുതല്‍ ലേഡി മൗണ്ട് ബാറ്റന്‍ മരണമടയുന്ന 1960 വരെ നെഹ്രു അവര്‍ക്കയച്ചിരുന്ന പ്രണയലേഖനങ്ങളിലൂടെ ഭാരതത്തിന്റെ ആഭ്യന്തര കാര്യങ്ങള്‍ ഒരു വിദേശ സാമ്രാജ്യത്വ ശക്തിക്ക് ചോര്‍ത്തിക്കൊടുക്കുന്ന ദൗത്യവും നിര്‍വ്വഹിച്ചത്? സ്വാതന്ത്ര്യത്തിന് മുമ്പ് സര്‍ദാര്‍ പട്ടേലിനെ ഒഴിവാക്കി ജവാഹര്‍ലാല്‍ നെഹ്രുവിനെ പ്രധാനമന്ത്രിയായി നിയോഗിക്കുന്നതില്‍ ആരംഭിച്ച ഇടപെടലുകള്‍ ലോര്‍ഡ് മൗണ്ട് ബാറ്റനും ഇംഗ്ലീഷ് ശക്തികളും 1964ല്‍ നെഹ്രുവിന്റെ മരണശേഷവും, നടത്തിനോക്കിയെന്നത് (അന്ന് പാണ്ടന്‍ നായുടെ പല്ലിനു ശൗര്യം പണ്ടേപ്പോലെ ഫലിച്ചില്ലെന്നു മാത്രം!) ചരിത്രരേഖകളില്‍ പ്രകടമാകുമ്പോള്‍ സ്വതന്ത്ര ഭാരതത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ബ്രിട്ടന്‍ പുലര്‍ത്തിയിരുന്ന സ്ഥാപിത താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ നെഹ്രു, എഡ്വിനയ്ക്കയച്ച കത്തുകള്‍ എത്രമാത്രം പങ്കു വഹിച്ചുവെന്നത് അന്വേഷിക്കേണ്ടതല്ലേ?
ആ ചോദ്യങ്ങള്‍ക്കൊക്കെ വസ്തുനിഷ്ഠമായ ഉത്തരങ്ങള്‍ തേടേണ്ടതുണ്ട്. അതില്‍ വര്‍ത്തമാനകാലത്തും പ്രസക്തി തുടരുന്ന പ്രധാന വിഷയങ്ങള്‍, അംബേദ്കറെ പരാജയപ്പെടുത്തിയതിന്റെ പിന്നിലെ നെഹ്രുവിന്റെ ലക്ഷ്യവും അംബേദ്കര്‍ പുറത്താക്കപ്പെട്ടെന്ന് എഴുതി അറിയിച്ചാല്‍ എഡ്വിനയ്ക്ക് സന്തോഷമാകുമെന്ന് നെഹ്രു കരുതിയതിന്റെ പിന്നിലെ കാരണങ്ങള്‍ക്കുമാണ് മുന്‍ഗണന നലകേണ്ടതെന്നു മാത്രം. പതിനയ്യായിരം വോട്ടുകള്‍ക്ക് മാത്രം പരാജയം നേരിട്ട ഡോ.അംബേദ്കര്‍ക്ക് ലഭിക്കാമായിരുന്നെന്നു കരുതപ്പെടുന്ന 75,000 ത്തോളം വോട്ടുകള്‍ ഭരണകൂട സ്വാധീനം ഉപയോഗിച്ച് അസാധുവാക്കി പ്രഖ്യാപിപ്പിച്ചാണ് നെഹ്രുപക്ഷം അദ്ദേഹത്തിന്റെ പരാജയം ഉറപ്പാക്കിയതെന്നു കൂടി ഓര്‍ക്കുക. ആ തിരഞ്ഞെടുപ്പില്‍ അംബേദ്കര്‍ ജയിച്ചാലും മൃഗീയ ഭൂരിപക്ഷം സ്വാഭാവികമായും പ്രതീക്ഷിച്ചിരുന്ന നെഹ്രുവിന് അധികാരം തുടരുന്നതിനൊരു തടസ്സവും ഉയരാനുമിടയുണ്ടായിരുന്നുമില്ല. അങ്ങനെയൊരു സാഹചര്യത്തിലും അംബേദ്കറുടെ പരാജയം ഉറപ്പാക്കാന്‍ നെഹ്രു അമിതോത്സാഹം പ്രകടിപ്പിച്ചതും എഡ്വിനയോട് തന്റെ നേട്ടം പങ്കിട്ടതും നല്‍കുന്ന സൂചനകള്‍ ചരിത്രം പഠിക്കുന്നവര്‍ ഗൗരവപൂര്‍വ്വം വിശകലനം ചെയ്യേണ്ടതുണ്ട്.
അംബേദ്കര്‍ പക്ഷത്തെ ആയുധമാക്കിയ ബ്രിട്ടീഷ് ഭരണകൂടം
അവിടെയാണ് ഡോ.അംബേദ്കറും അദ്ദേഹത്തെ ആശയും ആവേശവുമായി സ്വീകരിച്ചിരുന്ന അധഃസ്ഥിതരായ അശരണജനവിഭാഗവും ആംഗ്ലോ ക്രിസ്ത്യന്‍ സാമ്രാജ്യത്വത്തിന്റെയും നെഹ്രു കുടുംബാധിപത്യത്തിന്റെയും താത്പര്യ സംരക്ഷണത്തിനുവേണ്ടി ദുര്‍വിനിയോഗിക്കപ്പെട്ടത് എങ്ങനെയായിരുന്നു എന്നത് വിശകലനം ചെയ്യേണ്ടത് അനിവാര്യമായി മാറുന്നത്. ആംഗ്ലോ ക്രിസ്ത്യന്‍ സാമ്രാജ്യത്വം, യഥാര്‍ത്ഥത്തില്‍ അംബേദ്കറെയും അദ്ദേഹത്തിന്റെ പക്ഷത്തെയും കാപട്യത്തിലൂടെയും കൗശലത്തിലൂടെയും കൈകാര്യം (manipulate) ചെയ്യുകയായിരുന്നു. തങ്ങളുടെ ആധിപത്യം പൂര്‍ണ്ണമാക്കുകയും തുടര്‍ന്നു പോകുകയും ചെയ്യുക എന്ന രാഷ്ട്രീയ ലക്ഷ്യത്തിനു ഭാരതത്തെ ഭിന്നിപ്പിച്ചു ഭരിക്കുകയെന്നതായിരുന്നു (Divide and rule) അവരുടെ രാഷ്ട്രീയ അജണ്ട. അതോടൊപ്പം തന്നെ ക്രിസ്തുമതത്തിലേക്കുളള പരിവര്‍ത്തനം അവരുടെ മതപരമായ അജണ്ടയും. തങ്ങളുടെ അജണ്ടകള്‍ രണ്ടും സാദ്ധ്യമാക്കാന്‍, മതപരവും ജാതിപരവും പ്രാദേശികവുമായ തലങ്ങളിലെല്ലാം പരസ്പരം പോരുകള്‍ രൂക്ഷമാക്കുവാനുള്ള കുടിലതകളടങ്ങിയ രണതന്ത്രമായിരുന്നു അവര്‍ പ്രയോഗിച്ചത്. ഹിന്ദുക്കള്‍, മുസ്ലീങ്ങള്‍, മറ്റു മത ന്യൂനപക്ഷങ്ങള്‍ എന്ന തരംതിരിവിനപ്പുറം ഹിന്ദുക്കള്‍ക്കുള്ളില്‍ തന്നെയുള്ള പട്ടിക ജാതിക്കാരെയും പട്ടിക വര്‍ഗ്ഗക്കാരെയും വേറിട്ട വിഭാഗങ്ങളായി മാറ്റിനിര്‍ത്തുന്ന കുടിലതയാണവര്‍ സ്വീകരിച്ചത്. ഹിന്ദുക്കള്‍ക്കുള്ളിലെ അധ:സ്ഥിത വിഭാഗങ്ങള്‍ക്ക് ചരിത്രപരമായി സംഭവിച്ചുപോന്നിരിക്കുവാനിടയുള്ള അസ്വാരസ്യങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ക്കും പരിഹാരം കണ്ടെത്തുന്നതിന് ബ്രിട്ടീഷ് ഭരണകൂടം അവരോടൊപ്പമുണ്ടെന്ന കാപട്യമാണവര്‍ കാട്ടിയിരുന്നത്. ഹൈന്ദവ ദേശീയതയുടെ അടിത്തറയില്‍ സാമ്രാജ്യത്വത്തിനെതിരെയുള്ള ഭാരത വിമോചന മുന്നേറ്റത്തിന് ഒരു സശസ്ത്ര പോരാട്ടത്തിന്റെ ഐക്യനിരയ്ക്ക് അരങ്ങൊരുങ്ങിയാല്‍ ബ്രിട്ടീഷ് ഭരണകൂടത്തിന് ഇവിടെ പിടിച്ചു നില്‍ക്കാനാകില്ലെന്ന യാഥാര്‍ത്ഥ്യബോധമാണ് ഭിന്നിപ്പിക്കുകയെന്ന കുതന്ത്രത്തിലേക്ക് അവര്‍ നീങ്ങാന്‍ കാരണം. അതുകൊണ്ടു തന്നെയാണ് അഹിംസാവാദികളും ആദ്യകാലത്ത് (1929 വരെ), പൂര്‍ണ്ണ സ്വരാജെന്ന ആവശ്യം പോലും ഉന്നയിക്കാതിരുന്നവരുമായ കോണ്‍ഗ്രസ്സ് പക്ഷത്തിന് തന്ത്രപരമായ പ്രോത്സാഹനം നല്‍കുകയെന്ന കൗശലവും അവര്‍ പുറത്തിറക്കിയത്. അതേസമയം, മുസ്ലീം വര്‍ഗീയ പക്ഷത്തെ പ്രീണിപ്പിച്ചു കൂടെ നിര്‍ത്താനായിരുന്നു 1857ലെ സ്വാതന്ത്ര്യ സമരത്തിനുശേഷം ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ മുതല്‍ ബ്രിട്ടീഷുകാര്‍ തന്ത്രങ്ങളിറക്കിയത്. മുസ്ലീംവിഭാഗത്തെ പ്രീണിപ്പിക്കുന്നതില്‍ ഗാന്ധിജിയുടെയും നെഹ്രുവിന്റെയും കോണ്‍ഗ്രസ്സ് ബ്രിട്ടീഷുകാരോട് മത്സരത്തിന് തുനിയുകയും കൂടി ചെയ്തതിന്റെ ഫലമായിട്ടാണ് 1917 ലെ ലഖ്‌നൗ ഉടമ്പടി മുതല്‍ ഭാരത വിഭജനം വരെയുള്ള നേട്ടങ്ങള്‍ക്ക് മുസ്ലീം വര്‍ഗീയപക്ഷം പ്രാപ്തമായത്. മുസ്ലീം സമൂഹം കഴിഞ്ഞാല്‍ ഹിന്ദുമതത്തിലെ ദളിത സമൂഹത്തെയും വേറെ വിഭാഗമായി പരിഗണിച്ച് അവര്‍ക്ക് നിഷേധിക്കപ്പെട്ട നീതി ലഭ്യമാക്കാമെന്നതായിരുന്നു ബ്രിട്ടീഷുകാര്‍ അവരെ ഭിന്നിപ്പിക്കാന്‍ മുന്നോട്ടുവെച്ച കപട വാഗ്ദാനം. അക്കാര്യത്തിലും, അതായത് മുസ്ലീം വര്‍ഗീയവാദികളെ പ്രീണിപ്പിക്കുന്നതിന് ബ്രിട്ടീഷുകാരോട് മത്സരിച്ചതുപോലെ, കോണ്‍ഗ്രസ്സ് ദളിത സമൂഹത്തെ പറഞ്ഞു പറ്റിക്കുന്നതിലും ബ്രിട്ടീഷുകാരോട് മത്സരിച്ചതിന്റെ ഫലമായിട്ടാണ് ദളിതസമൂഹത്തിന് അര്‍ഹതപ്പെട്ട രാഷ്ട്രീയ അധികാരം പൂനാ പാക്ടിലൂടെ അവര്‍ക്ക് നഷ്ടമായത്. കോണ്‍ഗ്രസ്സിന്റെ ചതി, തുടക്കത്തില്‍ തന്നെ കൃത്യമായി തിരിച്ചറിഞ്ഞ അംബേദ്കര്‍ ബ്രിട്ടീഷുകാരുടെ നീതിബോധത്തില്‍ അവസാനം വരെ, അതായത് സ്വാതന്ത്ര്യം ലഭിക്കുന്നതുവരെയും, പ്രതീക്ഷ പുലര്‍ത്തിയെന്നതാണ് അദ്ദേഹം പോലും ബ്രിട്ടീഷ് ചതിയില്‍ നിന്ന് മുക്തനാകാന്‍ കഴിയാതെ പോയതിന്റെ കാരണം. ഏതായാലും അധികാരക്കൈമാറ്റത്തോടെ ബ്രിട്ടീഷുകാര്‍ക്ക് അംബേദ്കറും അധസ്ഥിതരും ഭിന്നിപ്പിച്ചു ഭരിക്കാനുള്ള ആയുധം എന്ന നിലയിലുള്ള പ്രസക്തി ഇല്ലാതായി. സ്വന്തം മതത്തില്‍ പെട്ട കറുത്തവര്‍ഗ്ഗക്കാരോട് പോലും വിവേചനം കാണിക്കുന്നതിലും അടിച്ചമര്‍ത്തുന്നതിലും ഒരു വിട്ടുവീഴ്ചയും കാണിക്കാത്ത ആംഗ്ലോ ക്രിസ്ത്യന്‍ സമൂഹം ഭാരതത്തിലെ ഹിന്ദുപിന്നാക്ക വിഭാഗത്തോട് മനുഷ്യത്വത്തിന്റെ പേരില്‍ എന്തെങ്കിലും മമത കാണിക്കുമെന്നുള്ള പ്രതീക്ഷ പുലര്‍ത്തിയതു തന്നെ തെറ്റായിപ്പോയെന്ന പാഠം ചരിത്രം ബാക്കിവെക്കുകയും ചെയ്തു.
ഒപ്പംതന്നെ രണ്ടാം ലോകമഹായുദ്ധം വിജയിച്ചെങ്കില്‍ പോലും ഭാരതം വിടേണ്ടിവന്ന ബ്രിട്ടീഷ് ഭരണകൂടം കാലം കാത്തിരിക്കുകയായിരുന്ന അവരുടെ അസ്തമനത്തിന്റെ ലക്ഷണങ്ങള്‍ ഉള്‍ക്കൊള്ളാതെ ഭാരതത്തില്‍ പുതിയ സ്വാധീന സാദ്ധ്യതകള്‍ ഉരുത്തിരിയും എന്ന് സ്വ പ്‌നങ്ങള്‍ കാണുകയും ആ സ്വപ്‌ന സാക്ഷാത്കാരത്തിനുമുള്ള ഉപാധിനെഹ്രുവാണ് എന്ന് കൂടുതല്‍ അനുയോജ്യനെന്ന് കരുതിയിട്ടുമുണ്ടാകണം. കയ്യിലും കഴുത്തിലും കിടന്ന ചങ്ങലകള്‍ പൊട്ടിക്കഴിഞ്ഞാലും ആ ചങ്ങലുകള്‍ സൃഷ്ടിച്ച പാടുകള്‍ മായാതെ തുടരുന്നുവെന്നു പറയുന്നതുപോലെ, സ്വതന്ത്രഭാരതത്തിലും ഇംഗ്ലീഷ് വിധേയത്വം മായാതെ തെളിഞ്ഞു നിന്നിരുന്ന നെഹ്രുവില്‍ അവര്‍ പ്രതീക്ഷിച്ചയര്‍പ്പിച്ചതില്‍ അസ്വാഭാവികമായി ഒന്നുമില്ല. അങ്ങനെ വരുമ്പോള്‍ നെഹ്രുവിനെതിരെ വെല്ലുവിളി ഉയര്‍ത്താന്‍ ഉശിരുള്ള ഡോ. അംബേദ്കറെ ലോക് സഭയില്‍ നിന്നകറ്റിനിര്‍ത്താന്‍ എഡ്വിനാ മൗണ്ട് ബാറ്റന്‍ പ്രതിനിധീകരിച്ചിരുന്ന ഇംഗ്ലീഷ്പക്ഷം ആഗ്രഹിച്ചിട്ടുണ്ടാകാമെന്നത് സ്വാഭാവികവും. അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ക്ലമന്റ് ആറ്റ്‌ലിയുടെ ഭരണകൂടത്തിന്റെ ഭാഗത്തു നിന്നും സാമുഹിക നീതി ലഭിച്ചില്ലായെന്നതു കാരണം വിന്‍സ്റ്റണ്‍ ചര്‍ച്ചിലിനെ സമീപിച്ചതും അംബേദ്കറിനെതിരെ എഡ്വിനയെ പോലുള്ളവരെ തിരിക്കാന്‍ കാരണമായിട്ടുണ്ടാകാം. അതുപോലെ തന്നെയാണ് ആംഗ്ലോ ക്രിസ്ത്യന്‍ സാമ്രാജ്യത്വത്തിന്റെ മതപരിവര്‍ത്തന അജണ്ടയെ ഫലപ്രദമായി പ്രതിരോധിച്ചതിന്റെ പേരില്‍ അവര്‍ക്ക് അംബേദ്കറോടുള്ള പകയും അദ്ദേഹം തിരഞ്ഞടുപ്പില്‍ പരാജയപ്പെട്ടുവെന്നൊരു വാര്‍ത്ത സന്തോഷപൂര്‍വ്വം കേള്‍ക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ടാകുക.
ഹിന്ദുപക്ഷവുമായി അംബേദ്കര്‍ സന്ധിയിലാണെന്ന നെഹ്രുവിന്റെ നിരീക്ഷണം
ഡോ.അംബേദ്കറെ പരാജയപ്പെടുത്തിയെന്ന സന്തോഷം പങ്കുവെക്കാന്‍ എഡ്വിനാ മൗണ്ട് ബാറ്റന് ജവഹര്‍ലാല്‍ നെഹ്രു അയച്ച കത്തിലെ ഒരു ആരോപണം അംബേദ്കര്‍ ഹിന്ദുവര്‍ഗീയ ശക്തികളുമായി സന്ധിയിലാണെന്നതായിരുന്നു. അവിടെ ആദ്യം ഉയരുന്ന ചോദ്യം ആംഗ്ലോ ക്രിസ്ത്യന്‍ സാമ്രാജ്യത്വ ശക്തികളുടെ പ്രതിനിധിയോട് അത്തരത്തില്‍ അംബേദ്കറെയും ഹൈന്ദവസമൂഹത്തെയും കുറ്റപ്പെടുത്തുന്ന പരമാര്‍ശം നടത്തിയതില്‍ നിന്ന് വ്യക്തമാകുന്നത് രണ്ടു പേരും ഹിന്ദുവിനോടുള്ള എതിര്‍പ്പിലും ഒന്നിച്ചിരുന്നുവെന്നല്ലേ? പക്ഷേ, എന്തിന്റെ പേരിലാണ് നെഹ്രു അങ്ങനെയൊരു പരാമര്‍ശം നടത്തിയത് എന്നത് ചരിത്രബോധമുള്ളവര്‍ക്ക് ഉത്തരം ലഭിക്കാത്ത ചോദ്യമാണ്. ഹിന്ദുക്കളില്‍ അമിതാവേശമുള്ള ചിലര്‍ ചിലയിടങ്ങളിലായി ചില സംഘങ്ങള്‍ പല സന്ദര്‍ഭങ്ങളില്‍ രൂപീകരിച്ചിട്ടുണ്ടാകാമെങ്കിലും ഹിന്ദു വര്‍ഗ്ഗീയ ശക്തികളെന്നൊരു പ്രബലരാഷ്ട്രീയപക്ഷം ഇന്നുവരെ ഭാരതത്തിലുണ്ടായിട്ടില്ലെന്നതാണ് ഒന്നാമത്തെ വസ്തുത. ഹിന്ദുക്കളിലെ ദലിതസമൂഹത്തോട് ചരിത്രപരമായി കാട്ടിയ ക്രൂരതകളുടെ പേരില്‍ ഹിന്ദുമതമൗലികവാദത്തോട് അംബേദ്കര്‍ ഒരിക്കലും സന്ധിചെയ്തിട്ടില്ലായെന്നതും ചരിത്ര സത്യമാണ്. അവസാന ഘട്ടത്തില്‍ അദ്ദേഹം അനുയായികളുമൊത്ത് ബുദ്ധമതത്തിലേക്ക് മതപരിവര്‍ത്തനം ചെയ്തത് തന്നെ അതിന് ഏറ്റവും വലിയ തെളിവാണ്.
പക്ഷേ അതേ ഘട്ടത്തില്‍ പോലും ഹിന്ദു സാംസ്‌കാരികതയുടെ അടിസ്ഥാനത്തില്‍ ഭാരതീയ ദേശീയതയുടെ ഐക്യം കെട്ടിപ്പൊക്കി ഹിന്ദുസമാജ പരിവര്‍ത്തനത്തിനും ഭാരത സ്വാതന്ത്ര്യത്തിനും വേണ്ടിയൊരു സമരമുഖം തയാറാക്കാന്‍ ശ്രമിച്ച വീര വിനായക ദാമോദര്‍ സാവര്‍ക്കര്‍, ഡോ.ബി.എസ്സ്. മുഞ്ചേ, ഡോ.കേശവ് ബലിറാം ഹെഡ്‌ഗേവാര്‍ തുടങ്ങിയവരോട് ചേരാവുന്ന മേഖലകളില്‍ ഒന്നിച്ചു ചേരുവാന്‍ അംബേദ്കര്‍ താത്പര്യം പ്രകടിപ്പിച്ചതാണ് അത്തരമൊരു വാദമുയര്‍ത്താന്‍ നെഹ്രുവിനെ പ്രേരിപ്പിച്ചതെങ്കില്‍ അത് വസ്തുതകളുടെ അടിസ്ഥാനത്തിലാണെന്നതില്‍ തര്‍ക്കമില്ല.
ഹിന്ദു സമൂഹത്തിലെ ജാതിതിരിച്ചുള്ള തൊഴില്‍ വിഭജനത്തെ അതിശക്തമായി എതിര്‍ത്തുകൊണ്ട് അതിന്റെ സൃഷ്ടിയായ യോദ്ധാക്കളുടെ വര്‍ഗവും (martial class) യോദ്ധാക്കളല്ലാത്തവരുടെ വര്‍ഗ്ഗവുമായുള്ള (non martial class) തരംതിരിവിന് അവസാനം വരുത്തിക്കൊണ്ട് സകലരും യുദ്ധപരിശീലനം തേടണമെന്നും സ്വാതന്ത്ര്യം നേടുവാനുള്ള സായുധ പോരാട്ടത്തില്‍ ജാതിമതവ്യത്യാസങ്ങള്‍ക്ക് അറുതി വരുത്തി എല്ലാവരും ഒന്നായി അണിചേരണമെന്ന ആഹ്വാനമായിരുന്നു സാവര്‍ക്കര്‍ നടത്തിയത്. ആ ആഹ്വാനത്തിലൂടെ നല്‍കിയ വിപ്ലവകരമായ സന്ദേശം സാവര്‍ക്കറെ അംബേദ്ക്കര്‍ക്ക് സീകാര്യനാക്കി. ബ്രിട്ടീഷ് സാമ്രാജ്യത്വ ശക്തിയോട് വിട്ടുവീഴ്ചയില്ലാത്ത നേര്‍ക്കു നേര്‍ പോരാട്ടത്തിന് സ്വയം സമര്‍പ്പിച്ചപ്പോള്‍ തന്നെ വീര വിനായക് ദാമോദര്‍ സാവര്‍ക്കര്‍ ജാതിയുള്‍പ്പടെയുള്ള ഏഴ് കെട്ടുകളില്‍ നിന്ന് സമാജത്തെ മുക്തമാക്കുവാന്‍ ജാതി ഉന്മൂലനവും അടിമുടി സാമൂഹിക പരിഷ്‌കരണവും ലക്ഷ്യമാക്കിയുള്ള മറ്റൊരു പടപ്പുറപ്പാടിനും മുന്നില്‍ നിന്ന് പോരാട്ടം തുടങ്ങി. സാമൂഹിക പരിഷ്‌കരണകാര്യത്തില്‍ സാവര്‍ക്കറുടെ പ്രഖ്യാപിത ലക്ഷ്യങ്ങളും പ്രായോഗിക ഇടപെടലുകളും സമാനതകളില്ലാത്തതതായിരുന്നു. അക്കാര്യത്തില്‍ ‘സമയമായില്ല, സമയമായില്ല’ എന്ന് കാലം തടസ്സം പറഞ്ഞപ്പോള്‍ സമയം ഇനിയുമില്ല, മാറ്റത്തിന്റെ വഴിയിലേക്കുള്ള തോറ്റുകൊടുക്കലില്ലാത്ത കുതിച്ചു കയറ്റം ഇപ്പോഴിവിടെ തുടങ്ങണം എന്നതായിരുന്നു അദ്ദേഹത്തിന്റെ ദൃഢനിശ്ചയം. സാവര്‍ക്കറില്‍ കണ്ട ആ നിലപാട് വ്യക്തത അംബേദ്കറെ അദ്ദേഹവുമായി അടുപ്പിച്ചു.
അതുപോലെ, 1930 കളുടെ തുടക്കത്തില്‍, നിവൃത്തികെട്ട്, ഞാന്‍ ജനിച്ചത് ഹിന്ദുവായിട്ടായിപ്പോയെങ്കിലും മരിക്കുന്നത് ഹിന്ദുവായിട്ടാകില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് ഹിന്ദുമതത്തില്‍ നിന്ന് താനും അധ:സ്ഥിത സമാജവും പരിവര്‍ത്തനം ചെയ്യുമെന്ന് പ്രഖ്യാപിച്ച ഡോ.അംബേദ്കര്‍, വീര സാവര്‍ക്കറോടും ഡോ. ബി.എസ്സ് മുഞ്ചയോടും നടത്തിയ ആശയ വിനിമയത്തിനു ശേഷമാണ് തങ്ങള്‍ പരിവര്‍ത്തനം ചെയ്യുക ഇസ്ലാമിലേക്കോ ക്രിസ്തുമതത്തിലേക്കോ ആകില്ലെന്നും പ്രഖ്യാപിച്ചത്. അങ്ങനെയാണ് അംബേദ്കര്‍ 1936 മേയില്‍ വാര്‍ദ്ധയില്‍ നടത്തിയ പ്രസ്താവന ചരിത്രമായത്. അന്നത്തെ ജനസംഖ്യയില്‍ എട്ടുകോടിയോളമുണ്ടായിരുന്ന അധ:സ്ഥിത ജനവിഭാഗം ഇസ്ലാമിലേക്കോ ക്രിസ്തുമതത്തിലേക്കോ പോയാല്‍ എന്തു സംഭവിക്കുമെന്ന് അംബേദ്കര്‍ വ്യക്തമാക്കി: ‘അവര്‍ ഇസ്ലാമിലേക്ക് പോയാല്‍ മുസ്ലീങ്ങളുടെ എണ്ണം ഇരട്ടിയാകും; അത് മുസ്ലീം ആധിപത്യമെന്ന അപകടം യാഥാര്‍ത്ഥ്യമാക്കും. അവര്‍ ്രകിസ്തുമതത്തിലേക്കു പോയാല്‍ ക്രിസ്ത്യാനികളുടെ സംഖ്യ ഗണ്യമായി വര്‍ദ്ധിക്കും; അത് നമ്മുടെ രാജ്രത്തിനു മേല്‍ ബ്രിട്ടീഷുകാരുടെ പിടി വര്‍ദ്ധിപ്പിക്കും. അധഃസ്ഥിത ജനവിഭാഗം ഇസ്ലാം മതത്തിലേക്കോ ക്രിസ്തുമതത്തിലേക്കോ പോയാല്‍ അവര്‍ ഹിന്ദു മതത്തില്‍ നിന്നു മാത്രമല്ല, ഹിന്ദുസംസ്‌കാരത്തില്‍ നിന്നും പുറത്താകും.’ഹിന്ദു സംസ്‌കാരത്തില്‍ നിന്ന് പുറത്തു പോകുന്നത് അപകടകരമണെന്ന തിരിച്ചറിവാണ്, ഇസ്ലാം മതമോ ക്രിസ്തുമതമോ സ്വീകരിക്കാതെ ബുദ്ധമതം സ്വീകരിക്കുന്നതിന് അദ്ദേഹത്തെ പ്രേരിപ്പിച്ചത്. വീര സാവര്‍ക്കര്‍ മുന്നോട്ടുവെച്ച ഹിന്ദു സംസ്‌കാരത്തിലധിഷ്ഠിതമായ ദേശീയതയുടെ വീക്ഷണത്തെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞതുകൊണ്ടാണ് അംബേദ്കര്‍ ക്രിസ്ത്യന്‍/ഇസ്ലാം മതങ്ങളിലേക്കുള്ള പരിവര്‍ത്തനം ഒഴിവാക്കിയതും ഹിന്ദു മതത്തില്‍ നിന്ന് വേര്‍പിരിഞ്ഞു പോയാലും ഹൈന്ദവ സംസ്‌കാരവുമായി ഇഴപിരിയാതിരിക്കുവാന്‍ ഉതകും വിധം പരിവര്‍ത്തനം ബുദ്ധമതത്തിലേക്ക് മതിയെന്ന തീരുമാനം എടുത്തതും.
അതുപോലെ ഡോ. കേശവ് ബലിറാം ഹെഡ്‌ഗേവാര്‍ സമാരംഭിച്ച രാഷ്ട്രീയ സ്വയംസേവക സംഘം സമാജത്തിലെ സകലരെയും സമരസപ്പെടുത്താന്‍ നടത്തുന്ന പരിശ്രമങ്ങളില്‍ ഡോ.അംബേദ്കര്‍ ആകൃഷ്ടനായി. സംഘത്തിന്റെ വഴിയിലൂടെയുള്ള സാമൂഹികമാറ്റത്തിന് കാലദൈര്‍ഘ്യം ഉണ്ടാകുമെന്ന ആശങ്ക പ്രകടിപ്പിച്ചുവെങ്കിലും ഡോക്ടര്‍ജിയെയും സ്വയംസേവകരെയും അഭിനന്ദിക്കുന്നതിനും അംഗീകരിക്കുന്നതിനും അദ്ദേഹത്തിനൊരു മടിയുമില്ലായിരുന്നു. അതൊക്കെ വ്യക്തമാക്കുന്നത് ഡോ.ഭീം റാവ് റാംജി അംബേദ്കര്‍ ഹിന്ദുമതത്തെ വിമര്‍ശിക്കുമ്പോള്‍ പോലും നെഹ്രുവിനെ പോലെ ഒരിക്കലും ഹിന്ദുവിരുദ്ധ വര്‍ഗീയ വാദികളോടൊപ്പമായിരുന്നില്ലെന്നത് തന്നെയാണ്.
ഹിന്ദുത്വത്തോടുള്ള അംബേദ്കറുടെ സമീപനത്തിലെ വ്യക്തത
Annihilation of Caste എന്ന ഡോ.അംബേദ്കറുടെ കൃതിയിലെ മര്‍മ്മപ്രധാനമായ ഒരു വാചകം സ്വാതന്ത്ര്യാനന്തര ഭാരതത്തെ കുറിച്ചും ഹിന്ദുത്വത്തോടും അദ്ദേഹത്തിന്റെ വീക്ഷണത്തെ സംബന്ധിച്ച വ്യക്തത നല്‍കുന്നു. ‘നിങ്ങള്‍ക്കതിനെ (ജാതിയെ)പ്രതിരോധിക്കാനാകില്ലെങ്കില്‍ സ്വരാജ് കൊണ്ട് പ്രയോജനമില്ല. പ്രതിരോധിക്കുന്നതിലെ കൂടുതല്‍ പ്രാധാന്യമുള്ള വിഷയം സ്വരാജില്‍ ഹിന്ദുക്കളെ പ്രതിരോധിക്കുന്നതാണ്. എന്റെ അഭിപ്രായത്തില്‍ ഹിന്ദുസമാജം ഒരു ജാതിരഹിത സമാജമാകുമ്പോഴാണ് അതിന് സ്വയം പ്രതിരോധിക്കുന്നതിന് പര്യാപ്തമായ ശക്തിയുണ്ടെന്ന് പ്രതീക്ഷിക്കാനാകുക. അങ്ങനെ ഒരു ആന്തരിക ശക്തി ഇല്ലായെങ്കില്‍ സ്വരാജ് അടിമത്തത്തിലേക്കുള്ള ഒരു പടിയായി മാറും.'(There is no use of Swaraj if you cannot defend it. More important is the question of defending is the defending of Hindus under the Swaraj. In my opinion only when the Hindu society becomes a casteless society then it can hope to have the strength enough to defend itself. Without such internal strength, Swaraj for Hindus may turn out be a step towards slavery). അത്രയും വ്യക്തമായി അദ്ദേഹം നടത്തിയ നിരീക്ഷണം നല്‍കുന്ന സന്ദേശം കൃത്യമാണ്. ഭാരതം സ്വതന്ത്രമായി നിലനില്‍ക്കുന്നതിന് ഹിന്ദുവിന്റെ നിലനില്‍പ്പ് അനിവാര്യമാണെന്നതില്‍ അദ്ദേഹം യോജിച്ചിരുന്നു. വിയോജിപ്പ് ജാതി വ്യവസ്ഥയും ഉച്ചനീചത്വങ്ങളും നിലനില്‍ക്കുന്നതിനോട് മാത്രമായിരുന്നു. അതുകൊണ്ട് ജാതി വ്യവസ്ഥമൂലം അടിച്ചമര്‍ത്തപ്പെട്ടവരുടെ വിമോചനത്തിനു വേണ്ടിയും അതിന്റെ പേരില്‍ ഹിന്ദു സമൂഹത്തില്‍ നിന്ന് പുറത്തു പോകേണ്ടിവന്നവരെ തിരിച്ച് മാതൃസമാജത്തിലേക്ക് മടക്കിക്കൊണ്ടുവരുവാന്‍ ‘ഘര്‍വാപസി’ പോലുള്ള പദ്ധതികളുമായി മുന്നേറിയ സ്വാമി ശ്രദ്ധാനന്ദയോട് അംബേദ്കര്‍ക്ക് ആദരവായിരുന്നു. 1920 കളുടെ ആദ്യം അധ:സ്ഥിത ജനവിഭാഗത്തിന്റെ ഉന്നതിക്കും അയിത്തോച്ചാടനത്തിനു വേണ്ടിയുള്ള കോണ്‍ഗ്രസ്സ് സമിതിയുടെ ചുമതല സ്വാമി ശ്രദ്ധാനന്ദയ്ക്ക് നല്‍കിയിട്ട് വാഗ്ദാനം ചെയ്തതും പാര്‍ട്ടി ബജറ്റില്‍ വക കൊള്ളിച്ചതുമായ തുക പോലും നല്‍കാതെയും മറ്റു തരത്തിലും പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം നിന്ന് സ്വാമിജിയെ കോണ്‍ഗ്രസ്സില്‍ നിന്നും പുകച്ചു പുറത്താക്കിയ മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയെയും മോത്തിലാല്‍ നെഹ്രുവിനെയും അംബേദ്കര്‍ തന്റെWhat Congress and Gandhi Have Done to Untouchables എന്ന പുസ്തകത്തില്‍ അതിനിശിതമായി വിമര്‍ശിക്കുകയും ചെയ്തിരിക്കുന്നു. സ്വാമി ശ്രദ്ധാനന്ദയെ വധിച്ച ഷഹീദിനെ തന്റെ സഹോദരതുല്യനെന്ന് പറഞ്ഞ് നെഞ്ചോട് ചേര്‍ത്ത ഗാന്ധിജിയില്‍ നിന്ന് വ്യത്യസ്തനായി അത്തരം മതഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഇസ്ലാമിക തീവ്രവാദത്തെ അതിനിശിതമായിട്ടാണ് അംബേദ്കര്‍ വിമര്‍ശിച്ചത്.
അംബേദ്കറോടുള്ള പകയ്ക്കു കാരണം?
ഹൈന്ദവ ദേശീയതാ പക്ഷത്തോടുള്ളവരോട് അംബേദ്കര്‍ക്കുണ്ടായിരുന്ന സകാരാത്മക സമീപനത്തെ ‘ഹിന്ദുവര്‍ഗീയ ശക്തികളുമായുള്ള ബന്ധമായി’ നെഹ്രു ദുര്‍വ്യാഖ്യാനം ചെയ്തത് ഗാന്ധിവധത്തെ തുടര്‍ന്ന് അദ്ദേഹം എടുത്ത നിലപാടുകളുടെ പശ്ചാത്തലത്തിലാണോ എന്നതും ഗൗരവത്തോടെ ചര്‍ച്ച ചെയ്യേണ്ടതുണ്ട്. ഗാന്ധിവധത്തെ ഹിന്ദു ഉന്മൂലനത്തിനുള്ള ഒരു അവസരമായി ദുര്‍വിനിയോഗം ചെയ്യുവാനുള്ള പ്രധാനമന്തി നെഹ്രുവിന്റെ കുതന്ത്രങ്ങള്‍ക്ക് അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ തന്നെ നിയമ മന്ത്രി ഡോ. അംബേദ്കര്‍ പ്രതിരോധം തീര്‍ക്കാന്‍ ശ്രമിച്ചത് അദ്ദേഹത്തില്‍ സ്വാഭാവികമായും പക വളര്‍ത്തിയിട്ടുണ്ടാകാം. ഗാന്ധിവധവുമായി ഒരു ബന്ധവുമില്ലായിരുന്ന വീരവിനായക ദാമോദര്‍ സാവര്‍ക്കറെ കള്ളക്കേസില്‍ കുടുക്കി ജവാഹര്‍ലാല്‍ നെഹ്രുവിന്റെ കോണ്‍ഗ്രസ്സ് ഭരണകൂടം ഇല്ലാതാക്കാന്‍ ശ്രമിച്ചപ്പോള്‍ അന്ന് ഡോ അംബേദ്കര്‍, സാവര്‍ക്കറുടെ അഭിഭാഷകന്‍, എല്‍.പി. ബൊപാത്കറുമായി രഹസ്യ കൂടിക്കാഴ്ച നടത്തി നെഹ്രു ഭരണകൂടത്തിന്റെ കുതന്ത്രങ്ങളുടെ സൂചന നല്‍കി. ഒപ്പം തന്നെ സാവര്‍ക്കര്‍ നിഷ്‌ക്കളങ്കനാണെന്നതുകൊണ്ട് കേസ് നടത്തിപ്പുമായി ശക്തമായി മുന്നോട്ടു പോയാല്‍ വീരസാവര്‍ക്കര്‍ക്ക് നീതി കിട്ടുമെന്ന നിരീക്ഷണം നടത്തി പ്രചോദിപ്പിക്കുകയും ചെയ്തു.
ഗാന്ധിശിഷ്യനായി പൊതുജീവിതം ആരംഭിച്ച ഗോഡ്‌സെ നടത്തിയ ഗാന്ധി വധത്തില്‍ രാഷ്ട്രീയസ്വയംസേവകസംഘത്തിന് ഒരു ബന്ധവുമില്ലായിരുന്നു. എന്നിട്ടും ആ അവസരം ദുരുപയോഗം ചെയ്തുകൊണ്ട് നെഹ്രു ഭരണകൂടം സംഘത്തിനുമേല്‍ നിരോധനം ഏര്‍പ്പെടുത്തി. ആ നിരോധനം നീക്കംചെയ്യാന്‍ അന്ന് നെഹ്രു മന്ത്രിസഭയിലെ നിയമമന്തിയായിരുന്ന ഡോ.അംബേദ്കര്‍ നടത്തിയ ഇടപെടലുകള്‍ തത്വാധിഷ്ഠിതമായിരുന്നു. അത്തരം മൂല്യാധിഷ്ഠിത സമീപനത്തിന്, നിരോധനം നീക്കം ചെയ്ത ശേഷം ശ്രീഗുരുജി ഗോള്‍വല്‍ക്കര്‍ ഡോ.അംബേദ്കറോട് നന്ദി പറഞ്ഞതും ചരിത്രരേഖകളിലുണ്ട്.
ഗാന്ധി വധക്കേസിലെ അംബേദ്കറുടെ മറ്റൊരു ഇടപെടലും നെഹ്രുവിനെ ചൊടിപ്പിച്ചിട്ടുണ്ടാകാം. ഗാന്ധിവധം എന്ന ക്രൂരകൃത്യം ചെയ്ത ഗോഡ്‌സെയോട് ഭാരതത്തിലാകെ അമര്‍ഷം ഉണ്ടായിരുന്നെങ്കിലും അഹിംസയുടെ ആചാര്യനായിരുന്ന ഗാന്ധിയുടെ ഘാതകനുമേല്‍ വധശിക്ഷ നടപ്പാക്കുകയെന്നത് അനുചിതമാണെന്ന പക്ഷത്തായിരുന്നു ഗാന്ധിജിയുടെ മക്കളും ശിഷ്യന്മാരും ഉള്‍പ്പടെ നിരവധിപേര്‍. അംബേദ്കര്‍ ഒരു പടികൂടി മുന്നോട്ടുപോയി. അദ്ദേഹം ഗോഡ്‌സെയുടെ ബന്ധുക്കളുമായി ബന്ധപ്പെട്ടു. ഗോഡ്‌സെയോ വേണ്ടപ്പെട്ടവരോ ദയാഹര്‍ജി സമര്‍പ്പിച്ചാല്‍ നിയമമന്ത്രിയായ താന്‍ ഇടപെട്ട് അങ്ങനെയൊരു ഇളവ് സാദ്ധ്യമാക്കാന്‍ വേണ്ടതു ചെയ്യാമെന്നായിരുന്നു അദ്ദേഹം മുന്നോട്ടുവെച്ച നിര്‍ദ്ദേശം. പക്ഷേ തനിക്കു വേണ്ടി ആരും ദയാഹര്‍ജി സമര്‍പ്പിക്കരുതെന്നും തനിക്ക് അങ്ങനെയൊരു ഔദാര്യം വേണ്ടെന്നും തന്നെ തൂക്കിലേറ്റുന്നതിനൊപ്പം ഗാന്ധിയുടെ അഹിംസയും തൂക്കിലേറ്റപ്പെടട്ടെയെന്നും, തനിക്ക് ബോദ്ധ്യമായ സത്യത്തിലധിഷ്ഠിതമായ, തത്വാധിഷ്ഠിതമായ നിലപാട് ഗോഡ്‌സെ എടുത്തതുകൊണ്ട് ഡോ. അംബേദ്കര്‍ അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ മുന്നിട്ടിറങ്ങിയതില്‍ നിന്ന് പിന്മാറി. (കോണാര്‍ഡ് എല്‍സ്റ്റിന്റെ Why I Killed the Mahatma-:- Uncovering Godse’s Defence എന്ന പുസ്തകം അംബേദ്കറുടെ ആ ഇടപെടലിന്റെ വിശദീകരണം നല്‍കുന്നുണ്ട്). ഗാന്ധിവധവുമായി ബന്ധപ്പെട്ട കേസിന്റെ ഗൂഢാലോചനയെ കുറിച്ച് കൂടുതല്‍ ആഴത്തിലുള്ള അന്വേഷണം പിന്നീട ഉണ്ടാകുകയാണെങ്കില്‍ സത്യം പുറത്തുവരാതിരിക്കാന്‍ നിര്‍ണ്ണായക തെളിവുകളുടെ സ്രോതസ്സായ ഗോഡ്‌സെയെ ഏറ്റവും വേഗം ഇല്ലാതാക്കി സത്യം എന്നെന്നേക്കുമായി കുഴിച്ചു മൂടണം എന്നത് നെഹ്രു ഭരണകൂടത്തിന്റെ ആവശ്യമായിരുന്നിരിക്കാം.. അങ്ങനെയൊരന്വേഷണം വഴി അല്ലാതെയും സത്യം വരാന്‍ സാദ്ധ്യത ഉണ്ടായിരുന്നു. ഗാന്ധിശിഷ്യനായി പൊതുജീവിതം ആരംഭിച്ച് ഗാന്ധിഘാതകനായി മാറിയ നാഥുറാം വിനായക ഗോഡ്‌സെ ജീവപര്യന്തം തടവിലായിരുന്നെങ്കില്‍ ആത്മ പരിശോധനയ്ക്ക് വിധേയനാകുമ്പോള്‍ ഉണ്ടാകുന്ന കുറ്റബോധത്തിന്റെ ഫലമായി ആ ക്രൂരമായ കൊലപാതകം ചെയ്യുന്നതിന് തനിക്ക് പ്രേരണയോ പ്രകോപനമോ പ്രചോദനമോ സഹായങ്ങളോ നല്‍കിയവരുടെ യഥാര്‍ത്ഥ പേരൂകള്‍ പുറത്തു പറയാന്‍ സാദ്ധ്യതയുണ്ടായിരുന്നു. അങ്ങനെ യഥാര്‍ത്ഥ വസ്തുതകള്‍ പുറത്തുവന്നാല്‍ അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിനെയോ ഒരുപക്ഷേ അന്നത്തെ ഗവര്‍ണര്‍ ജനറല്‍ ലോര്‍ഡ് മൗണ്ട് ബാറ്റനെയോ ചരിത്രം പ്രതിക്കൂട്ടിലാക്കാന്‍ ഇടയുണ്ടെന്ന തിരിച്ചറിവില്‍ നിന്നാകണം ഗോഡ്‌സെയെ എത്രയും വേഗം തൂക്കിലേറ്റാന്‍ നെഹ്രു ഭരണകൂടം തിടുക്കം കാട്ടിയത്. അല്ലെങ്കില്‍ 1948 ജനുവരി 30ന് നടന്ന കുറ്റകൃത്യത്തിന്, കേവലം ഒന്നരവര്‍ഷത്തിനുള്ളില്‍, 1949 നവംബറില്‍ വധശിക്ഷ! ആ കേസിലെ വിധിക്കെതിരെയുള്ള അപ്പീല്‍, അന്നത്തെ നിയമമനുസരിച്ച് ബ്രിട്ടീഷ് പാര്‍ലമെന്റിലെ പ്രിവി കൗണ്‍സില്‍ മുമ്പാകെയാണ് സമര്‍പ്പിച്ചത്. പക്ഷേ, രണ്ടു മാസങ്ങള്‍ക്കുള്ളില്‍, 1950 ജനൂവരിയില്‍, ഭാരതത്തില്‍ സുപ്രീം കോടതി രൃപീകൃതമാകാന്‍ പോകുന്നതുകൊണ്ട് തങ്ങള്‍ക്കതില്‍ തീര്‍പ്പു കല്‍പ്പിക്കുവാന്‍ സമയമില്ലായെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട് അപ്പീല്‍ പരിഗണിക്കുന്നതില്‍ നിന്ന് 1949 നവംബറില്‍ ഒഴിവാകുകയാണ് ചെയ്തത്. ആ തീരുമാനം പുതിയതായി രൂപീകൃതമാകുന്ന ഭാരതത്തിന്റെ സുപ്രീം കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കുന്നതിന് സ്വാഭാവികമായുള്ള അവസരം തുറക്കുകയായിരുന്നു. നീതിബോധമുള്ള ഒരു ഭരണകൂടം അത്തരത്തില്‍ അപ്പീല്‍ സമര്‍പ്പിക്കുന്നതിന് അവസരം നല്‍കേണ്ടതുമായിരുന്നു. പക്ഷെ, നെഹ്രുവിന്റെ ഭരണകൂടത്തിന് ഗോഡ്‌സെയെ കൊന്നില്ലാതാക്കാന്‍ അസാധാരണ തിരക്കായിരുന്നു. 1949 നവംബര്‍ 15ന് ഗോഡ്‌സെയെ തൂക്കിലേറ്റി. അത്ര ധൃതിയില്‍ വധശിക്ഷ നടപ്പാക്കാന്‍ കാത്തിരുന്ന ജവാഹര്‍ലാല്‍ നെഹ്രുവിന്റെ ക്യാബിനറ്റിലെ നിയമമന്ത്രിയായിരുന്ന ഡോ അംബേദ്കറാണ് ഗോഡ്‌സെക്കുവേണ്ടി ദയാ ഹര്‍ജി സമര്‍പ്പിച്ചാല്‍ അതില്‍ ഇടപെടാമെന്ന് വാഗ്ദാനം ചെയ്തതെന്നത് കണക്കിലെടുക്കണം.
ചുരുക്കത്തില്‍, ഗാന്ധി വധക്കേസില്‍ നിരപരാധിയായിരുന്ന വീര സാവര്‍ക്കര്‍ക്ക് നീതി ലഭിക്കേണ്ടതുണ്ടെന്നും ആ പേരും പറഞ്ഞ് രാഷ്ട്രീയ സ്വയംസേവക സംഘത്തിനുമേല്‍ ഏര്‍പ്പെടുത്തിയ നീതിക്ക് നിരക്കാത്ത നിരോധനം എടുത്തു കളയിക്കാന്‍ ഇടപെട്ടതും താന്‍ ചെയ്ത കൃത്യം ഏറ്റുപറഞ്ഞയാളാണെങ്കിലും ഗോഡ്‌സെയ്ക്ക് ഗാന്ധി ശിഷ്യന്മാരുടെ ഭരണകൂടം വധശിക്ഷ നല്‍കുന്നതില്‍ അധാര്‍മ്മികതയുണ്ടെന്നും കരുതിക്കൊണ്ട് നെഹ്രുവിന്റെ കുതന്ത്രങ്ങളെ പ്രതിരോധിക്കാനുള്ള തത്വാധിഷ്ഠിത നിലപാടുകള്‍ എടുത്തതാണോ അംബേദ്കര്‍ ചെയ്ത കുറ്റം എന്നുള്ള ചോദ്യം അന്തരീക്ഷത്തില്‍ ഇന്നും ഉയര്‍ന്നു നില്‍ക്കുന്നു. അതോ ബ്രിട്ടീഷ് സാമ്രാജ്യത്വം അവസാനിച്ച ഇടത്ത് നെഹ്രുവിന്റെ കുടുംബാധിപത്യം അരക്കിട്ടുറപ്പിക്കുവാനുള്ള മോഹങ്ങള്‍ക്ക് തടയിടാനുള്ള വ്യക്തിപ്രഭാവവും ജനപിന്തുണയും ഉള്ള നേതാവായിരുന്നു അംബേദ്കര്‍ എന്നുള്ളതായിരുന്നോ ജവാഹര്‍ലാല്‍ നെഹ്രു, ലെനിന്റെയും സ്റ്റാലിന്റെയും മാവോ സേതൂങ്ങിന്റെയും ശൈലിയില്‍ ഡോ.അംബേദ്കറെ അവഹേളിക്കാനും അവഗണിക്കാനും ചരിത്രത്തില്‍ നിന്ന് തുടച്ചു നീക്കാനും ശ്രമിച്ചതിനു പിന്നില്‍ എന്നതും പരിശോധിക്കേണ്ടതുണ്ട്.
കോണ്‍ഗ്രസ്സിന്റേത് വഞ്ചിച്ച ചരിത്രം
ആ ചോദ്യം ചര്‍ച്ചയ്‌ക്കെടുക്കുമ്പോള്‍ ആ കൂടുംബ വംശാധിപത്യത്തിന്റെ ആധാരശിലയിട്ട സ്ഥാപകനായ മോത്തിലാല്‍ നെഹ്രുവില്‍ നിന്ന് വിശകലനം തുടങ്ങേണ്ടതുണ്ട്. മോഹന്‍ ദാസ് കരംചന്ദ് ഗാന്ധിജി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ ഏകച്ഛത്രാധിപതിയായി മാറിയ ശേഷമാണ് 1920കളില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പദവിയിലായിരുന്ന മോത്തിലാല്‍ നെഹ്രു കോണ്‍ഗ്രസ്സിലെ കരുത്തനായി മാറിയത്. ജവഹര്‍ലാല്‍ നെഹ്രുവിനേക്കാള്‍ പ്രതിഭയും കരുത്തുമുണ്ടായിരുന്ന അംബേദ്കറും നേതാജിയും സര്‍ദാര്‍ പട്ടേലുമൊക്കെയടങ്ങുന്ന നേതാക്കളെ ഒതുക്കിയൊഴിവാക്കിയും അംബേദ്കര്‍ ഭാഗമായ ദളിത സമൂഹത്തെ തീണ്ടാപ്പാട് അകലത്തില്‍ നിര്‍ത്തിയും തങ്ങളുടെ കുടുംബാധിപത്യത്തിന്റെ വഴി വെടിപ്പാക്കുന്ന രാഷ്ട്രീയമാണ് മോഹന്‍ ദാസ് കരംചന്ദ് ഗാന്ധിയെ സ്വാധീനിച്ചുകൊണ്ട് മോത്തിലാല്‍ നെഹ്രു തുടങ്ങി വെച്ചത്. അങ്ങനെ ഗാന്ധിജിയും കോണ്‍ഗ്രസ്സും തൊട്ടുകൂടാത്തവരുടെ സമൂഹത്തോട് കാട്ടിയിട്ടുള്ളതൊക്കെ What Gandhi and Congress Have Done to the Untouchables എന്ന പുസ്തകത്തില്‍ ഡോ.അംബേദ്കര്‍ വളരെ വിശദമായി വിവരിച്ചിട്ടുമൂണ്ട്. മോത്തിലാല്‍ നെഹ്രുവിനു ശേഷം അതേ പാത പിന്തുടര്‍ന്നുകൊണ്ട്, കോണ്‍ഗ്രസ്സിലും പൊതുസമൂഹത്തിലും ബഹുഭൂരിപക്ഷ പിന്തുണയുണ്ടായിരുന്ന സര്‍ദാര്‍ പട്ടേലിനെ സ്വതന്ത്ര ഭാരതത്തിന്റെ ആദ്യ പ്രധാനമന്ത്രി പദത്തില്‍ നിന്ന് ഒഴിവാക്കി ഗാന്ധിജി ജവഹര്‍ലാല്‍ നെഹ്രുവിനെ അവിടെ ഇടം നല്‍കിയതോടെ ഭാരതത്തില്‍ ജനാധിപത്യത്തിന്റെ ലേബലില്‍ നെഹ്രു കുടുംബാധിപത്യത്തിന്റെ തുടക്കം കുറിക്കുകയാണ് സംഭവിച്ചത്. 1929 ലെ കോണ്‍ഗ്രസ്സ് സമ്മേളനത്തില്‍ തന്നെ പട്ടേലിനെ പാര്‍ശ്വവത്കരിക്കുന്നതിന്റെ തുടക്കം പ്രകടമായിയെന്നതാണ് വസ്തുത. ആ സമ്മേളനത്തിന്റെ അവസാനം വരെ സര്‍ദാര്‍ പട്ടേല്‍ അടുത്ത പ്രസിഡന്റാകും എന്നതായിരുന്നു പട്ടേലും പൊതുസമൂഹവൂം ധരിച്ചുവെച്ചിരുന്നത്. ഗാന്ധിജിയുടെ സഹായത്തോടെ അട്ടിമറിയിലൂടെ പട്ടേലിനെ ഒഴിവാക്കി ജവഹര്‍ലാല്‍ നെഹ്രുവിനെ കോണ്‍ഗ്രസ്സ് പ്രസിഡന്റാക്കിയ മോത്തിലാല്‍ നെഹ്രു അന്നേ അത്തരം അട്ടിമറികള്‍ക്ക് തുടക്കമിടുകയായിരുന്നു. 1935ലും അതാവര്‍ത്തിച്ചു. അതോടൊപ്പം തന്നെ മകന്റെ വരവൊരുക്കാന്‍ മോത്തിലാല്‍ നെഹ്രു പ്രസിഡന്റായിരുന്ന സമയത്തു തന്നെ ജവഹര്‍ലാല്‍ നെഹ്രുവിനെ ജനറല്‍ സെക്രട്ടറിയുമാക്കിയിരുന്നു എന്നതും ഓര്‍ക്കുക. അതേ ശൈലിയിലാണ് നെഹ്രു പ്രധാനമന്ത്രിയായിരുന്നപ്പോള്‍ തന്നെ ഇന്ദിരയെ ആള്‍ ഇന്ത്യാ കോണ്‍ഗ്രസ്സ് പ്രസിഡന്റാക്കിക്കൊണ്ട് കുടുംബാധിത്യത്തിന്റെ തുടര്‍വഴിയൊരുക്കിയത്. ഇന്ദിര പ്രധാനമന്ത്രിയും കോണ്‍ഗ്രസ്സ് പ്രസിഡന്റുമായിരുന്നപ്പോള്‍ തന്നെ ആദ്യം സഞ്‌ജൈയെയും പിന്നീട് രാജീവിനെയും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാക്കി കുടുബവാഴ്ചയുടെ ഭാവി അവരും ഉറപ്പാക്കി. അങ്ങനെ ഒരു പദവി സോണിയക്കോ മക്കള്‍ക്കോ കൊടുക്കാന്‍ രാജീവിനു കഴിയാതിരുന്നതുകൊണ്ടായിരിക്കാം അദ്ദേഹത്തിനു ശേഷം കുടുംബവാഴ്ചത്തുടര്‍ച്ചയില്‍ വിടവു വീണതിന് ഒരു കാരണം. അവിടെ രാജീവ് കൊല്ലപ്പെടുന്നതിനു മുമ്പ് തന്നെ പ്രധാനമന്ത്രി പദത്തില്‍ നിന്ന് ജനങ്ങള്‍ ചവിട്ടിപ്പുറത്താക്കി കഴിഞ്ഞിരുന്നുവെന്നത് മറ്റൊരു കാരണമായിരുന്നു. ഭാരത വിരുദ്ധ അജണ്ടയുമായി അഴിമതിയുടെ കേന്ദ്രബിന്ദുവായി മാറിയ സോണിയയുമായി രാജീവ് രാഷ്ട്രീയമായി ഒത്തുചേരാത്ത ഘട്ടത്തിലായിക്കഴിഞ്ഞിരുന്നുഎന്ന തരത്തില്‍ ഡോ. സുബ്രഹ്മണ്യ സ്വാമിയെ പോലൊരാള്‍ പറയാറുള്ളതും ഒരു പക്ഷേ മറ്റൊരു കാരണമായിരുന്നിരിക്കാം.. മക്കള്‍ രണ്ടുപേരും അതിനുള്ള പ്രായത്തിലെത്തിയിരുന്നില്ലായെന്നതും രാജീവിന്റെ അകാല മരണവും സ്വാഭാവിക കാരണങ്ങളും.
അംബേദ്കറെ മരണശേഷവും അധിക്ഷേപിച്ചു
അത്തരത്തില്‍ വളര്‍ത്തിയെടുത്ത നെഹ്രു കുടുംബാധിപത്യം അംബേദ്കറെ മരണശേഷവും അവഗണിച്ചതിന്റെയും അധിക്ഷേപിച്ചതിന്റെയും തെളിവുകള്‍ നിരവധിയാണ്. അതില്‍ ‘ഭാരതരത്‌ന’ പുരസ്‌കാര കാര്യത്തില്‍ സംഭവിച്ചതാണ് ഏറ്റവും ലജ്ജാകരം. ജവഹര്‍ലാല്‍ നെഹ്രുവും ഇന്ദിരയും പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ തന്നെ ‘ഭാരതരത്‌നം’ സ്വയം തരപ്പെടുത്തിയെടുത്തു. പക്ഷ ഭരണഘടനാ ശില്പിയായ അംബേദ്കര്‍ക്ക് കോണ്‍ഗ്രസ്സ് ഭരണകൂടങ്ങള്‍ ഒരിക്കലും ഭാരതരത്‌ന നല്‍കിയില്ല. ഭാരതീയ ജനതാപാര്‍ട്ടിയുടെ പിന്തുണയോടെ വി.പി. സിംഗ് പ്രധാനമന്ത്രിയായിരുന്നപ്പോള്‍ 1990ലാണ് അംബേദ്കര്‍ക്ക് ഭാരതരത്‌ന നല്‍കിയത്. നെഹ്രുവിന്റെ പിണിയാളായി നിന്ന് അംബേദ്കറെ 1952 തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തിയ വ്യക്തിക്ക് പോലും പത്മാപുരസ്‌കാരം നല്‍കിയവരാണ് അംബേദ്കറെ അത്തരം ആദരവുകള്‍ നല്‍കാതെ മാറ്റി നിര്‍ത്തിയെന്നതോര്‍ക്കണം. മോത്തിലാലിനും ജവഹര്‍ലാലിനും ഇന്ദിരയ്ക്കും രാജീവിനും സഞ്ജയ്ക്കും വരെ നാടാകെ സ്മാരകങ്ങള്‍ ഉയര്‍ത്തിയപ്പോള്‍ ഡോ. ഭീം റാവ് റാംജി അംബേദ്കര്‍ക്ക് സ്മാരകങ്ങള്‍ ഏതാണ്ട് പൂര്‍ണ്ണമായി തന്നെ ഒഴിവാക്കിയതും പ്രകടമാണ്. അല്ലെങ്കില്‍ത്തന്നെ, ഗാന്ധി-നെഹ്രു കുടുംബ സ്മരണകള്‍ക്ക് മാത്രം ചരിത്രത്തില്‍ ഇടം നല്‍കാനുള്ള പരിശ്രമത്തിലായിരുന്നു, അവര്‍. ഉദാഹരണത്തിന്, ദില്ലിയില്‍ യമൂനാതീരത്ത് ഗാന്ധിജി അന്ത്യവിശ്രമം കൊള്ളുന്ന രാജ്ഘട്ടിനോട് ചേര്‍ന്ന് രാഷ്ട്രപതിമാരുടെയും പ്രധാനമന്ത്രിമാരുടെയും പൊതുശതമാനമോ സ്മൃതി കേന്ദ്രമോ സ്ഥാപിച്ച് അവരുടെ സ്മരണ നിലനിര്‍ത്താന്‍ ഇടമൊരുക്കിയെങ്കില്‍ മനസ്സിലാക്കാമായിരുന്നു. അവിടെ മുന്‍ പ്രധാനമന്ത്രിമാരായ നെഹ്രുവിനും ഇന്ദിരയ്ക്കും രാജീവിനും അന്ത്യവിശ്രമത്തിന് ഇടം കൊടുത്തതും ന്യായീകരിക്കാം. പക്ഷേ അവിടെ ഇടം ലഭിക്കാന്‍ ഫിറോസ് ഘണ്ടിയുടെയും ഇന്ദിരയുടെയും മകന്‍ സഞ്ജയ്യുടെ മൃതശരീരത്തിന് എന്ത് സവിശേഷ അവകാശം എന്ന് ചോദിക്കാതിരിക്കാനാവില്ല. അത്തരമൊരു പശ്ചാത്തലത്തില്‍, ഡോ. ഭീംറാവ് റാംജി അംബേദ്കര്‍ക്കും ചരിത്രത്തില്‍ അര്‍ഹമായ ഇടം നല്‍കാന്‍ നരേന്ദ്ര മോദി ഭരണകൂടം ശ്രമിച്ചതിലുള്ള അസഹിഷ്ണുതയാണ് ആഭ്യന്തര മന്ത്രിയുടെ രാജ്യസഭാ പ്രസംഗത്തെ വളച്ചൊടിച്ച്, 40സെക്കന്‍ഡുകളുള്ള ഒരു വാചകത്തെ 12 സെക്കന്റുകള്‍ മാത്രമായി വെട്ടിമാറ്റി, നുണ പ്രചരണം നടത്താന്‍ സോണിയയെയും കൂട്ടരെയും പ്രേരിപ്പിച്ചത്. ഡോ. ഭീംറാവു അംബേദ്കറെ നിരന്തരം അധിക്ഷേപിക്കുകയും അവഹേളിക്കുകയും ചെയ്ത നെഹ്രു കുടുംബവംശത്തിന്റെയും കോണ്‍ഗ്രസ്സിന്റെയും ചരിത്രം ആവര്‍ത്തിച്ചിട്ട്, ഇപ്പോള്‍ സോണിയാ കോണ്‍ഗ്രസ്സിന് അംബേദ്കറുടെ പേര് ആവര്‍ത്തിക്കുന്നത് ഒരു ഫാഷനായി മാറ്റിയിരിക്കുന്നുവെന്നാണ് ആ പ്രസംഗം ചൂണ്ടിക്കാട്ടിയത്. അംബേദ്കറെ നിരന്തരം അധിക്ഷേപിച്ചവര്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ പേര് ആവര്‍ത്തിച്ചാല്‍ അതൊക്കെ മാഞ്ഞു പോകുമോയെന്ന ചോദ്യം ഉയര്‍ത്തിയിട്ട് ഇപ്പോള്‍ എത്ര പ്രാവശ്യം അവര്‍ അംബേദ്കറുടെ പേര് ആവര്‍ത്തിക്കുന്നുവോ അത്രയും പ്രാവശ്യം ഭഗവാന്റെ പേരു പറഞ്ഞിരുന്നുവെങ്കില്‍ സ്വര്‍ഗം കിട്ടുമായിരുന്നു എന്നു പറഞ്ഞതിനെ സോണിയാ കോണ്‍ഗ്രസ്സിന്റെ മേലുള്ള പ്രഹരമായി കാണാതെ അംബേദ്കറോടുള്ള പരിഹാസമായി കാണുന്നവരുടെ വിവരമില്ലായ്മയെ രാഹുലിന്റെ തെരുവു ഗുണ്ടാശൈലിയിലുള്ള രാഷ്ട്രീയത്തിന്റെ നിലവാരത്തോടു മാത്രമേ താരതമ്യം ചെയ്യാനാകൂ.
ഗുണ്ടായിസത്തിന്റെ നെഹ്രു കുടുംബ പശ്ചാത്തലം
കര്‍പത്രി മഹാരാജിന്റെ കരണത്തടിച്ച നെഹ്രു, ലാല്‍ ബഹദൂര്‍ ശാസ്ത്രി പ്രധാനമന്ത്രിയായപ്പോള്‍ ‘ഘര്‍കാ നൗകര്‍’ പ്രധാനമന്ത്രിയായിയെന്ന് സ്വകാര്യ സംഭാഷണത്തില്‍ അധിക്ഷേപിച്ച ഇന്ദിര! നക്ഷത്ര ഹോട്ടലിലെ പാര്‍ട്ടിയ്ക്കിടയില്‍ അമ്മ ഇന്ദിരയുടെ കരണത്ത് പലപ്രാവശ്യം അടി കൊടുത്ത സഞ്ജയ്യ്! ഹൈദരാബാദ് എയര്‍പോര്‍ട്ടില്‍ വെച്ച് ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രിയായിരുന്ന പിന്നാക്കവിഭാഗം നേതാവിനെ അധിക്ഷേപിച്ച് കരയിപ്പിച്ച രാജീവ്! തനിക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റാകാന്‍ വേണ്ടി പിന്നാക്ക ജാതിക്കാരനും കോണ്‍ഗ്രസ്സ് പ്രസിഡന്റുമായിരുന്ന സീതാറാം കേസരിയെ ഉടുമുണ്ടേല്‍ തൂക്കി കുളിമുറിയിലേക്കെറിയിച്ച സോണിയാ! ആ കുടുംബത്തിന്റെ ‘പാരമ്പര്യം’ ‘കെടാതെ’ കാത്തുസൂക്ഷിക്കുന്ന രാഹുല്‍ ലോകസഭാംഗങ്ങളായ പ്രഭാത്ചന്ദ്ര സാരംഗിയെയും മുകേഷ് രാജ്പുട്ടിനെയും തള്ളിത്താഴെയിട്ടതോ തലപൊട്ടിച്ചതോ ബോധം കെടുത്തിയതോ ഒന്നും അത്ഭുതം ഉണര്‍ത്തേണ്ട കാര്യമേയല്ല. രാഹുല്‍ എന്റെ വളരെ അടുത്തേക്കുവന്നുവെന്നും എന്നെ വല്ലാതെ ബൂദ്ധിമുട്ടിച്ചുവെന്നും നാഗലാന്‍ഡില്‍ നിന്നുള്ള വനിതാ രാജ്യസഭാ അംഗം പറഞ്ഞിട്ടും രാഹുലിന്റെ ഭാഗത്തു നിന്നായതുകൊണ്ട് കാര്യവിവരമുള്ളവര്‍ക്കാര്‍ക്കും അതിശയം തോന്നിയതേയില്ല!