ചേര്‍പ്പ്: ദല്‍ഹിയില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ മത്സരം നിയന്ത്രിച്ചു തിരിച്ചെത്തിയ വിമല്‍രാജിന്റെ ജീവിതമൊരു വിസ്മയമാണ്. പുതുക്കാട് – പാലാഴി സ്വാമി ആഗമാനന്ദ ബാലവികാസ കേന്ദ്രത്തില്‍ ജീവിച്ചു വളര്‍ന്ന വിമല്‍രാജ് ദല്‍ഹിയില്‍ നടന്ന ഏഷ്യന്‍ ഗെയിംസിന്റെ ഔദ്ദ്യോഗിക റഫറിയായി മത്സരങ്ങള്‍ നിയന്ത്രിച്ചാണ് ശ്രദ്ധ പടിച്ചുറ്റിയത്. ലോകോത്തര മത്സര ഇനങ്ങളായ സെപക് തക് റോയില്‍ കേരള ടെസ്റ്റിലും കെറ്റില്‍ ബെല്‍ ലിഫ്റ്റിങ്ങില്‍ ഇന്റര്‍നാഷണല്‍ ടെസ്റ്റിലും വിജയിക്കുകയും ചെയ്തു വിമല്‍രാജ്. നവം.29 മുതല്‍ ഡിസം: 2 വരെ ദല്‍ഹിയില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് മത്സരത്തിലായിരുന്നു കെറ്റില്‍ ബെല്‍ ലിഫ്റ്റിങ്ങ് ഫൗണ്ടേഷന് ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പും ഇന്റര്‍നാഷണല്‍ റഫറി ടെസ്റ്റും നടന്നത്.
റഫറി ടെസ്റ്റില്‍ ഭാരതത്തില്‍ നിന്നും ഇരുപതു പേരും കേരളത്തില്‍ നിന്ന് ആദ്യമായി മൂന്നുപേരുമാണ് പങ്കെടുത്തത്. ഈ ടെസ്റ്റില്‍ വിമല്‍രാജ് ഉന്നത വിജയം കരസ്ഥമാക്കിയാണ് ഭാരതത്തിന്റെ പ്രതിനിധിയായി ജഡ്ജി (റഫറി) തിരഞ്ഞെടുക്കപ്പെട്ടത്. ഇന്റര്‍നാഷണല്‍ കെറ്റില്‍ ബെല്‍ ലിഫ്റ്റിങ്ങ് ചാമ്പ്യന്‍ഷിപ്പില്‍ റഫറിയാവാനുള്ള യോഗ്യതയാണ് ഇതിലൂടെ കരസ്ഥമാക്കിയത്.
ചാലക്കുടി ഐ.ടി. ഐ.യില്‍ പഠിക്കുന്ന കാലത്ത് വിമല്‍രാജ് പതിനായിരം മീറ്റര്‍ ദീര്‍ഘദൂരം ഓട്ടമത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയതോടെയാണ് കായികരംഗത്തേക്കുള്ള പ്രവേശനം. തുടര്‍ന്ന് ചാലക്കുടി വ്യാസവിദ്യാനികേതന്‍ സെന്‍ട്രല്‍ സ്കൂളില്‍ മൂന്നുവര്‍ഷത്തോളം ട്രെയിനറായി. 2013 ല്‍ ചേര്‍പ്പിലെ സി.എന്‍. എന്‍. ഹൈസ്കൂളില്‍ കായിക അദ്ധ്യാപകനായി ചേര്‍ന്നു.
മാതാപിതാക്കള്‍ റോഡുവക്കില്‍ ഉപേക്ഷിച്ചുപോയ വിമല്‍രാജിനെ കണ്ടെത്തി വീട്ടില്‍ കൊണ്ടുവന്ന് വളര്‍ത്തിയത് ചാലക്കുടി ജഗദ്ഗുരു ട്രസ്റ്റ് ഡെപ്യൂട്ടി ചെയര്മാന് പി.കെ.സുബ്രഹ്മണ്യനായിരുന്നു.