നദികള്‍ പൂജിക്കപ്പെടുന്നത് ഭാരതീയ സംസ്‌കാരത്തിന്റെ ഭാഗമാണ്. ഹരിദ്വാറിലും പ്രയാഗിലുമൊക്കെ നടക്കാറുള്ള കുംഭമേളകള്‍ക്കു പ്രബലമായ ഐതിഹ്യമുണ്ടെങ്കിലും പ്രകൃതിസംരക്ഷണമാണ് നദീപൂജയിലൂടെ ലക്ഷ്യംവെക്കുന്നത്. സകലജീവജാലങ്ങളുടേയും നിലനില്‍പ്പിന് നദികളും പുഴകളും വനങ്ങളും അനിവാര്യമാണല്ലോ. ഉത്തരേന്ത്യയില്‍ നടക്കാറുള്ള കുംഭമേളകള്‍ ലോകപ്രസിദ്ധമാണ്. അതുപോലെ ദക്ഷിണേന്ത്യയിലും ഒരു കാലഘട്ടത്തില്‍ നദീ ഉത്സവം നടന്നിരുന്നു. മാമാങ്കം എന്ന പേരില്‍ അറിയപ്പെട്ടിരുന്ന കേരളത്തിന്റെ സാംസ്‌കാരികോത്സവമാണത്. ദക്ഷിണഭാരതത്തിലെ പുരാതനവും കേരളത്തിലെ ഏക നദീ ഉത്സവവുമായിരുന്നു മാഘമാസത്തില്‍ നടന്നു വന്നിരുന്ന മാമാങ്കം. ഇത് ഭാരതപ്പുഴയുടെ കുംഭമേളയാണ്. 2025 ഫെബ്രുവരി 13ന് ത്രിമൂര്‍ത്തി സ്‌നാനഘട്ടില്‍ ഭാരതപ്പുഴ പൂജിക്കപ്പെടുമ്പോള്‍ ഈ നദീ ഉത്സവത്തിന്റെ ഐതിഹ്യവും ചരിത്രവും മലയാളികള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്. പ്രയാഗിലും ഹരിദ്വാറിലും നടക്കുന്ന കുംഭമേളകളുടെ ചരിത്രത്തില്‍ നിന്നും വിഭിന്നമാണ് ഭാരതപ്പുഴയുടെ കുംഭമേളയുടെ ഐതിഹ്യവും ചരിത്രവും. അത് ഭാരതപ്പുഴയുടെ ചരിത്രം കൂടിയാണ്.
ബ്രഹ്മാവിന്റെ യാഗം ദേവിമാരുടെ ശാപവും
കേരളത്തിന്റെ അഭിവൃദ്ധിക്ക് ഒരുയാഗം നടത്തിതരണമെന്ന് പരശുരാമന്‍ ബ്രഹ്മാവിനോട് അഭ്യര്‍ത്ഥിച്ചു. അതുപ്രകാരം പശ്ചിമഘട്ട മലനിരകളിലെ ആനമുടിയാണ് യാഗഭൂമിയായി നിശ്ചയിച്ചത്. യജമാന പത്‌നിയായി സരസ്വതിദേവിയേയും തീരുമാനിച്ചു. യാഗമുഹൂര്‍ത്തത്തില്‍ സരസ്വതിദേവി എത്തിയില്ല. തുടര്‍ന്ന്, യാഗം മുടങ്ങാതിരിക്കാന്‍ അവിടെ സന്നിഹിതയായ ഗായത്രീദേവിയെ യജമാനപത്‌നിയാക്കി യാഗം തുടങ്ങി. സരസ്വതിദേവി എത്തിയപ്പോള്‍ കണ്ടത് ഗായത്രീദേവിയെ യജമാനപത്‌നിയാക്കി യാഗം നടക്കുന്നതാണ്. തന്നെ അപമാനിച്ചുവെന്ന തോന്നലുണ്ടായ സരസ്വതീദേവി ‘ദേവി ഒരു നദിയായിത്തീരട്ടെ’യെന്ന് ഗായത്രീ ദേവിയെ ശപിച്ചു. തന്നെ ഒരു കാരണവും കൂടാതെ ശപിച്ചതിന് ഗായത്രീദേവിയും ക്ഷുഭിതയായി. ദേവിയും ഒരു ‘നദിയായിത്തീരട്ടെ’യെന്ന് ഗായത്രീദേവി സരസ്വതിദേവിയേയും ശപിച്ചു. ഇതോടെ യാഗം അലങ്കോലപ്പെട്ടു. ദേവന്മാരും ഋഷീശ്വരന്മാരും രണ്ടുദേവിമാരോടും ശാപത്തിന്റെ കാഠിന്യം കുറയ്ക്കാന്‍ അഭ്യര്‍ത്ഥിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ രണ്ടുദേവിമാരും അവരുടെ ഓരോ അംശങ്ങള്‍ നദിയായി ഒഴുകാനും ശചി തുടങ്ങി യാദവപത്‌നിമാരുടെ അംശങ്ങള്‍ പോഷകനദികളായി ഒഴുകാനും തീരുമാനമായി. അപ്രകാരം ഗായത്രി-സരസ്വതി ദേവിമാരുടെ ഓരോ അംശങ്ങള്‍ ഒരുമിച്ച് ഒരുനദിയായി ഒഴുകാന്‍ തുടങ്ങി. ഈ നദി പേരാറ്, പ്രതിചി എന്നീ പേരുകളില്‍ അറിയപ്പെട്ടു.
മാഘമാസത്തിലെ യാഗത്തില്‍ പുണ്യനദികളുടെ സാന്നിദ്ധ്യം
ആനമുടിയില്‍ മുടങ്ങിയ യാഗം പിന്നീട് താപസ്സന്നൂരിലാണ് പൂര്‍ത്തിയാക്കിയത്. ഇന്നത്തെ തവനൂര്‍ പഴയ കാലത്ത് തപസ്സന്നൂര്‍ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. താപസ്സന്നൂരാകട്ടെ, പൊന്നാനി മുതല്‍ ഗുരുവായൂര്‍ വരെ വ്യാപിച്ചു കിടന്നിരുന്ന ഗോവര്‍ദ്ധനപുരം നാട്ടില്‍ പെട്ടതായിരുന്നു. തിരുമനശ്ശേരി നമ്പൂതിരിമാരായിരുന്നു ഗോവര്‍ദ്ധനപുരം ഭരിച്ചിരുന്നത്. മാഘമാസത്തില്‍ 28 ദിവസം നീണ്ടുനിന്ന യാഗമായിരുന്നു അത്. കേരളത്തിന്റെ അഭിവൃദ്ധിക്ക് വേണ്ടി നടന്ന യാഗത്തില്‍ സംപ്രീതരായ ഗംഗ തുടങ്ങിയ സപ്തനദികളുടെ സാന്നിദ്ധ്യം പ്രതിചി (പേരാറ്)ലുണ്ടായതായി തിരിച്ചറിഞ്ഞത് പരശുരാമനാണ്.
ഓരോ മാഘമാസത്തിലും 28 ദിവസങ്ങളില്‍ സപ്തനദികളുടെ സാന്നിദ്ധ്യമുണ്ടാവുമെന്നും ഭാരതത്തില്‍ മറ്റൊരു നദിക്കും അവകാശപ്പെടാനില്ലാത്ത മഹത്വം ഈ നദിക്കുണ്ടെന്നും അതിനാല്‍ മാഘമാസത്തില്‍ നദിയുടെ ഉത്സവം ആഘോഷിക്കണമെന്നും പരശുരാമന്‍ നിര്‍ദ്ദേശിച്ചു. തുടര്‍ന്നുള്ള ഓരോ മാഘമാസത്തിലും ഭക്തജനങ്ങള്‍ 28 ദിവസം നദിയുടെ ഉത്സവം ആഘോഷിക്കാന്‍ തുടങ്ങി. ഭാരതത്തിലെ മറ്റൊരു നദിക്കുമില്ലാത്ത ഈ സവിശേഷതയെത്തുടര്‍ന്നാണ് പ്രതിചി അഥവാ പേരാറിന് ഭാരതത്തിന്റെ പേരു വന്ന് ഭാരതപ്പുഴയായത്. മാഘമാസത്തില്‍ മകംവരെയുള്ള ദിവസങ്ങളിലായാണ് ഭാരതപ്പുഴയുടെ ഉത്സവം. നദീ ഉത്സവത്തിന്റെ സമാപന ദിവസമായ മകം നക്ഷത്രത്തില്‍ വലിയ രീതിയിലാണ് ഉത്സവം നടത്തിയിരുന്നത്. അതുകൊണ്ടുതന്നെ മാഘമക മഹോത്സവം, മഹാമക മഹോത്സവം, മാമാങ്കം എന്നീ പേരുകളില്‍ ഭാരതപ്പുഴയുടെ ഉത്സവം അറിയപ്പെട്ടു.
ത്രിമൂര്‍ത്തി സ്‌നാനഘട്ടും മാഘമക മഹോത്സവവും
ഭാരതപ്പുഴയുടെ ഉത്സവം ത്രിമൂര്‍ത്തി സ്‌നാനഘട്ടിലാണ് ആഘോഷിച്ചിരുന്നത്. ഭാരതപ്പുഴയുടെ തെക്ക് ബ്രഹ്മാവിന്റെ ക്ഷേത്രവും ശിവക്ഷേത്രവും വടക്കെ കരയില്‍ തിരുന്നാവായ നാവാമുകുന്ദ ക്ഷേത്രവുമുണ്ട്. യാഗഭൂമിയിലാണ് ബ്രഹ്മക്ഷേത്രം സ്ഥിതിചെയ്യുന്നത്. ദക്ഷിണഭാരതത്തില്‍ ചതുര്‍മുഖത്തോടെയുള്ള ബ്രഹ്മാവിന്റെ ഏകക്ഷേത്രമാണിത്. യാഗദിനങ്ങളില്‍ ശിവഭഗവാന്‍ കേന്ദ്രീകരിച്ച ഭാഗത്താണ് ഭൃഗു തുടങ്ങിയ ഋഷീശ്വരന്മാര്‍ നിര്‍മ്മിച്ചതായി വിശ്വസിക്കുന്ന ശിവക്ഷേത്രമുളളത്. യാഗാനന്തരം മഹാവിഷ്ണു വടക്കെകരയിലേക്ക് പോയെന്നുമാണ് വിശ്വാസം. ഈ മൂന്നു ക്ഷേത്രങ്ങളും നിര്‍മ്മിച്ചിട്ടുള്ളത് ഗണിത ശാസ്ത്ര വിധി പ്രകാരമാണ്. ഈ ക്ഷേത്രങ്ങളുടെ സ്ഥാനം വരച്ചാല്‍ ത്രികോണസ്ഥാനങ്ങളിലാണ് ക്ഷേത്രങ്ങളെന്നു കാണാം. പരാശക്തിയുടെ പ്രതീകമായി മദ്ധ്യേ ഭാരതപ്പുഴ ഒഴുകുന്നതിനാല്‍ ഇതിനെ ത്രിമൂര്‍ത്തി സ്‌നാനഘട്ട് എന്നു വിശേഷിപ്പിക്കുന്നു. ത്രിമൂര്‍ത്തികളുടേയും പരാശക്തിയുടേയും ശക്തികേന്ദ്രമായാണ് ത്രിമൂര്‍ത്തി സ്‌നാനഘട്ടിനെ കരുതിപ്പോരുന്നത്. ഇവിടെ മറ്റൊരു പ്രാധാന്യം കൂടി എടുത്തു പറയേണ്ടതുണ്ട്. ത്രികോണ ഭാവം സകലദേവതകളുടേയും കേന്ദ്രമായ ശ്രീചക്ര സ്വരൂപമാണ്. അതിനാല്‍ ത്രിമൂര്‍ത്തി സ്‌നാനഘട്ടില്‍ ശ്രീചക്രപൂജക്കുള്ള പ്രാധാന്യം വളരെ വലുതാണ്. തിരുന്നാവായക്കും തവനൂരിനും തുല്യപ്രാധാന്യമുണ്ട്. മാഘമാസത്തില്‍ ഒരു നേരമെങ്കിലും ത്രിമൂര്‍ത്തി സ്‌നാനഘട്ടില്‍ സ്‌നാനം ചെയ്താല്‍ പുണ്യനദികളില്‍ സ്‌നാനം ചെയ്ത ഫലം ലഭിക്കുമെന്നാണ് വിശ്വാസം. പരശുരാമന്റെ നിര്‍ദ്ദേശപ്രകാരം ത്രേതായുഗം മുതല്‍ ആരും മേല്‍നോട്ടം വഹിക്കാതെ വിശ്വാസികള്‍ സ്വയമേവ ത്രിമൂര്‍ത്തി സ്‌നാനഘട്ടില്‍ വന്ന് ഭാരതപ്പുഴയെ പൂജിക്കുകയും സ്‌നാനം ചെയ്യുകയും പതിവായിരുന്നു. മാഘമാസത്തില്‍ 28 ദിവസവും നടത്തിയിരുന്ന ഭാരതപ്പുഴയുടെ ഉത്സവം കുംഭമേളകള്‍ക്കു സമാനമായിരുന്നു. ബ്രഹ്മാവിന്റെ ക്ഷേത്രത്തിനും ശിവക്ഷേത്രത്തിനും നാവാമുകുന്ദ ക്ഷേത്രത്തിനും ആറാട്ട് കടവുകളുണ്ട്. മാഘമക ദിവസം ത്രിമൂര്‍ത്തികള്‍ക്ക് ഒരേസമയത്ത് ത്രിമൂര്‍ത്തി സ്‌നാന ഘട്ടില്‍ ആറാട്ടു നടത്തിയിരുന്നുവെന്നും വിശ്വസിക്കാനുള്ള ചൂണ്ടുപലകയാണ് ഈ ആറാട്ടുകടവുകള്‍.
വാള്‍നമ്പിമാരുടെ നേതൃത്വം
ഭാരതപ്പുഴയുടെ ഉത്സവം വിശ്വാസികള്‍ സ്വയമേവ വന്ന് നടത്തുകയാണ് ചെയ്തിരുന്നത്. ഇതിന് ഒരു നടത്തിപ്പിന്റെ സ്വഭാവം വന്നത് ബി.സി. 113 മുതല്‍ക്കാണ്. കേരളത്തിലെ നമ്പൂതിരി ഭരണ പ്രക്രിയക്ക് ഒരു അധികാരി ഉണ്ടാവണമെന്ന് തവനൂരിലെ വെള്ള ഗൃഹക്കാര്‍ തീരുമാനിക്കുകയും അതു പ്രകാരം വെള്ളനമ്പൂതിരിയുടെ നേതൃത്വത്തില്‍ തിരുന്നാവായ മണല്‍ക്കുന്നില്‍ ഒരുയോഗം ചേര്‍ന്ന് വാള്‍ നമ്പിയെ തെരഞ്ഞെടുക്കുകയും ചെയ്തു. മൂന്നു വര്‍ഷമായിരുന്നു വാള്‍ നമ്പിയുടെ കാലാവധി. പിന്നീട് ഇത് അഞ്ചു വര്‍ഷമാക്കി ദീര്‍ഘിപ്പിച്ചു. വാള്‍ നമ്പിമാരെ തെരഞ്ഞെടുത്തിരുന്നത് ഭാരതപ്പുഴയുടെ ഉത്സവകാലമായ മാഘ മാസത്തിലായിരുന്നു. വാള്‍ നമ്പിമാരെ തെരഞ്ഞെടുക്കുന്ന വര്‍ഷത്തെ മാഘമകമഹോത്സവത്തിന് വാള്‍നമ്പിമാരാണ് നേതൃത്വം നല്‍കിയിരുന്നത്. തെരഞ്ഞെടുപ്പ് നടക്കാത്ത വര്‍ഷങ്ങളില്‍ ആരും നേതൃത്വം നല്‍കാതെ വിശ്വാസികളെത്തി ഭാരതപ്പുഴയെ പൂജിച്ചും സ്‌നാനം ചെയ്തും ഭാരതപ്പുഴയുടെ ഉത്സവം ആഘോഷിച്ചുവന്നു. വാള്‍ നമ്പിമാരെ തെരഞ്ഞെടുത്തിരുന്ന മണല്‍ക്കുന്ന് വാള്‍പ്പറമ്പ് എന്നപേരിലാണ് അറിയപ്പെട്ടിരുന്നത്. വാല്‍പ്പറമ്പ് എന്നപേരില്‍ ഇന്നും അതുണ്ട്.
പെരുമാക്കന്മാരുടെയും വള്ളുവക്കോനാതിരിയുടേയും കാലം
വാള്‍നമ്പിമാരുടെ കാലഘട്ടം പെരുമാള്‍ അവരോധത്തോടെ അവസാനിച്ചു. വാള്‍പ്പറമ്പില്‍ വെച്ചായിരുന്നു ആദ്യത്തെ ചേരമാന്‍ പെരുമാളിനെ തെരഞ്ഞെടുത്തത്. 12 വര്‍ഷമാണ് പെരുമാക്കന്മാരുടെകാലാവധി. മാഘമാസത്തിലാണ് പെരുമാക്കന്മാരുടേയും ആരോഹണം. വാള്‍നമ്പിമാരെ പോലെത്തന്നെ ഓരോ പന്ത്രണ്ടാമത്തെ വര്‍ഷത്തിലും ഭാരതപ്പുഴയുടെ മാഘമക മഹോത്സവത്തിന് നേതൃത്വംനല്‍കിയിരുന്നത് പെരുമാക്കന്മാരായിരുന്നു. 11 വര്‍ഷവും ആരും നേതൃത്വം നല്‍കാതെ വിശ്വാസികള്‍ സ്വയമേവ വന്ന് നദിയുടെ ഉത്സവം ആഘോഷിക്കും. ഒടുവിലത്തെ പെരുമാള്‍ കൊച്ചി രാജവംശജനായ തൃപ്പൂണിത്തുറ കോവിലകത്തെ രാമവര്‍മ്മ രാജ്യഭാരമുപേക്ഷിച്ച് സന്ന്യാസം സ്വീകരിച്ച് ‘സുന്ദരമൂര്‍ത്തിസ്വാമികളാ’യതോടെ ഭാരതപ്പുഴയുടെ ഉത്സവം നടത്താനുള്ള അധികാരം വള്ളുവക്കോനാതിരിക്ക് ലഭിച്ചു. വള്ളുവക്കോനാതിരി 100 വര്‍ഷത്തിനിടയില്‍ എട്ടു തവണ ഭാരതപ്പുഴയുടെ ഉത്സവം നടത്തിയിട്ടുണ്ട്.
മാഘമകമഹോത്സവം രക്തപങ്കിലമായതെങ്ങിനെ?
വള്ളവക്കോനാതിരി ഗോവര്‍ദ്ധനപുരം അക്രമിച്ച് കീഴടക്കാന്‍ പദ്ധതിയിട്ടിരിക്കുന്നതായി ചാരപ്രമുഖരിലൂടെ തിരുമനശ്ശേരി രാജാവ് അറിഞ്ഞു. തുടര്‍ന്ന് നാടിനെ രക്ഷിക്കാന്‍ സഹായിക്കണമെന്ന് തിരുമനശ്ശേരി സാമൂതിരിയോട് അഭ്യര്‍ത്ഥിച്ചു. സാമൂതിരി സൈന്യസമേതം പൊന്നാനിയിലെത്തി. തിരുമനശ്ശേരി രാജാവാകട്ടെ ഗോവര്‍ദ്ധനപുരം കോഴിക്കോടിനു സമര്‍പ്പിച്ച് സാമൂതിരിയ്ക്ക് വിധേയനാവുകയാണുണ്ടായത്. ഈ അവസരം കൃത്യമായി വിനിയോഗിച്ചുകൊണ്ട് സാമൂതിരി തൃക്കാവില്‍ ഒരു കോവിലകം നിര്‍മ്മിച്ച് പൊന്നാനി കേന്ദ്രമാക്കുകയും ചെയ്തു.
ഭാരതപ്പുഴയുടെ ഉത്സവം നടത്താനുള്ള അധികാരം തനിയ്ക്ക് ലഭിക്കണമെന്ന ആഗ്രഹം സാമൂതിരി തിരുമനശ്ശേരിയോടു പങ്കുവെച്ചു. ഒരു മാഘമക മഹോത്സവക്കാലത്ത് തിരുമനശ്ശേരിയുടെ ചാത്തിരസംഘം (നമ്പൂതിരിമാരുടെ സൈന്യം) തിരുന്നാവായയിലെത്തി വള്ളുവക്കോനാതിരിയെ അരിഞ്ഞു വീഴ്ത്തിയിട്ട് ഭാരതപ്പുഴയുടെ ഉത്സവം നടത്താനുള്ള അധികാരം സാമൂതിരിക്ക് നേടിക്കൊടുത്തു. തുടര്‍ന്ന് 12 വര്‍ഷം കൂടുമ്പോള്‍ 28 ദിവസം ഭാരതപ്പുഴയുടെ ഉത്സവം നടത്തിയിരുന്നത് സാമൂതിരിയാണ്. സാമൂതിരി 55 തവണയാണ് മാഘമക മഹോത്സവം നടത്തിയത്.
തിരുന്നാവായ തൈപ്പൂയ്യം ആഘോഷിച്ചു തുടങ്ങിയത് സാമൂതിരിയുടെ കാലത്താണെന്നാണ് കരുതുന്നത്. മാഘമക മഹോത്സവത്തിന്റെ തൊട്ടു മുന്നിലെ വര്‍ഷം, അതായത് പതിനൊന്നാമത്തെ വര്‍ഷമാണ് തൈപ്പൂയ്യം ആഘോഷിക്കാറുള്ളത്. ഇതിന് സാമൂതിരിമാര്‍ മാഘമക മഹോത്സവത്തിന്റെ പ്രാധാന്യം നല്‍കിയിരുന്നു. നിലപാടുനില്‍ക്കലാണ് മാഘമക മഹോത്സവത്തിന്റെ പ്രധാന ചടങ്ങ് എന്നാണ് പൊതുവെ കരുതിപ്പോരുന്നത്. നിലപാടു നില്‍ക്കല്‍, ആനപൊന്നണിയല്‍ തുടങ്ങിയവയൊക്കെ സാമൂതിരിയുടെ പ്രഭാവം പ്രകടമാക്കാന്‍ നടത്തിവന്നതാണ്. മാഘമക മഹോത്സവവുമായി ഇതിന് ഒരുബന്ധവുമില്ല.
ചാവേറുകളുടെ വരവും കണ്ടപ്പന്‍ പുലിയുടെ കഥയും
വള്ളുവക്കോനാതിരിയെ അരിഞ്ഞു വീഴ്ത്തിയ സംഭവം വള്ളുവനാട്ടുകാര്‍ക്ക് അഭിമാനക്ഷതമുണ്ടാക്കി. മാഘമകമോ തൈപ്പൂയമോ പരിപാലിക്കാനെത്തുന്ന സാമൂതിരിയെ വധിച്ച് മാഘമകം നടത്താനുള്ള അധികാരം വള്ളുവനാടിന് തിരിച്ചുപിടിക്കാന്‍ വള്ളുവനാട്ടുകാര്‍ പ്രതിജ്ഞാബദ്ധരായി. അവര്‍ വ്രതമനുഷ്ഠിച്ച് ഇരിക്കപ്പിണ്ഡം വച്ച് ചാവേറുകളായിതിരുന്നാവായക്ക് പുറപ്പെട്ടു. ചാവേര്‍ ചരിത്രത്തിന്റെ അടിവേരു കിടക്കുന്നതും വള്ളുവനാട്ടിലാണ്. സാമൂതിരിയെ വധിക്കാനെത്തുന്ന ചാവേര്‍ പോരാളികള്‍ക്ക് ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ കഴിയാറില്ല. വയ്യാവിനാട്ട് മുപ്പതിനായിരത്തിന്റെയും നെന്‍മിനി ചാത്തിരരുടേയും അകമ്പടിയുള്ള സാമൂതിരിയുടെ ഏഴയലത്തു വരാന്‍ ചാവേറുകള്‍ക്ക് കഴിയാറില്ല. മാഘമക മഹോത്സവക്കാലത്ത് ചാവേറുകള്‍ മാത്രമായിരുന്നില്ല കൊല്ലപ്പെട്ടത്. സാമൂതിരി എഴുന്നെള്ളുമ്പോള്‍ വണങ്ങാത്തവര്‍ പോലും വാളിനിരയായി. സാമൂതിരി 55 തവണയാണ് മാഘമകം നടത്തിയത്. രേഖകളുടെ അടിസ്ഥാനത്തില്‍ ഇക്കാലയളവില്‍ 2700നും 3300നുമിടയില്‍ ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഒരു മാമാങ്കകാലത്ത് വള്ളുവനാട്ടിലെ ചന്തുണ്ണി എന്നു പേരുള്ള 12 വയസ്സുകാരന്‍ ചാവേര്‍ നിലപാടുതറയില്‍ ചാടിക്കയറി സാമൂതിരിയെ വെട്ടിയത് മാഘമക മഹോത്സവ ചരിത്രത്തിലെ വീരത്വം നിറഞ്ഞ അദ്ധ്യായമാണ്. അമ്മാവനോടൊപ്പമാണ് ചന്തുണ്ണി ചാവേറായി എത്തിയത്. സാമൂതിരിയുടെ സൈന്യത്തിന്റെ ആയുധങ്ങളുടെ നൂല്‍പ്പഴുതുനോക്കി നിലപാടു തറയില്‍ ചാടിയ നിമിഷം തന്നെ ചന്തുണ്ണി സാമൂതിരിയുടെ കഴുത്തിനു വാളു വീശി. തല്‍സമയം സാമൂതിരി തലകുനിച്ചതോടെ വാള്‍ത്തലയേറ്റത് നിലപാടുതറയിലെ നിലവിളക്കുതട്ടിലാണ്. നിലവിളക്കു തട്ട് തെറിച്ചു പോയി. അടുത്തനിമിഷം സാമൂതിരിയുടെ അംഗരക്ഷകന്‍ ചന്തുണ്ണിയെ വധിക്കുകയും ചെയ്തു. കോഴിക്കോട് വേങ്ങേരിയിലെ വടക്കിനാലില്‍ തറവാട്ടിലെ കാരണവരായ കണ്ടപ്പന്‍നായരാണ് ചാവേറിനെ വധിച്ചത്. കളരിയും പരദേവതകളുമൊക്കെയുള്ള വടക്കിനാലില്‍ തറവാട് ഇന്നുമുണ്ട്. ചന്തുണ്ണിയെ വധിച്ചതില്‍പ്പിന്നെ കണ്ടപ്പന്‍ നായര്‍ക്ക് വീരപരിവേഷം ലഭിച്ച് ‘കണ്ടപ്പന്‍പുലി’ എന്ന പേരില്‍ അറിയപ്പെട്ടു. ബാലനായ ചാവേറിനെ വധിക്കേണ്ടി വന്നതില്‍ കണ്ടപ്പന്‍ നായര്‍ ദു:ഖിതനായിരുന്നു. മാമാങ്കം കഴിഞ്ഞ് തിരിച്ചെത്തിയ അദ്ദേഹം തന്റെ അങ്കവാള്‍ കളരി ദേവതയ്ക്ക് മുന്നില്‍ വച്ചിട്ട് ഇനി താന്‍ ഈ വാള്‍ എടുക്കില്ലെന്ന് ശപഥം ചെയ്തു. തുടര്‍ന്നുള്ള കാലം കണ്ടപ്പന്‍ നായര്‍ ഒരു യോഗിയെ പോലെ ജീവിച്ച് സമാധിയടയുകയാണുണ്ടായത്.
മാഘമക മഹോത്സവം വാണിജ്യോത്സവമായത്
വള്ളുവക്കോനാതിരിയില്‍ നിന്നും ഭാരതപ്പുഴയുടെ ഉത്സവം നടത്താനുള്ള അധികാരം പിടിച്ചടക്കിയ സാമൂതിരി ഭാരതപ്പുഴയുടെ ഉത്സവത്തെ വാണിജ്യവല്‍ക്കരിക്കാനാണ് ശ്രമിച്ചത്. ചുങ്കം പിരിവില്‍ കണ്ണുനട്ടിരുന്ന ഷാബന്തര്‍കോയ എന്ന വ്യാപാരി സാമൂതിരിയുടെ നിഴലായി കൂടെയുണ്ടായിരുന്നു. പൊന്നാനി തുറമുഖത്തു നിന്നും തമിഴ്‌നാട്ടിലേക്കുള്ള വാണിജ്യപാതയാണ് ഇതിനു വേണ്ടി ഉപയോഗപ്പെടുത്തിയത്. ഇതു സംബന്ധമായി സാമൂതിരി രേഖകള്‍ വച്ച് പഠനം നടത്തിയ ഡോ: എന്‍.എം.നമ്പൂതിരി പറയുന്നത് വാണിയംകുളം ചന്ത പോലും മാഘമക മഹോത്സവത്തിന്റെ അവശേഷിപ്പായി കണക്കാക്കാമെന്നാണ്.
മാഘമക മഹോത്സവം കേരളത്തിനു നഷ്ടപ്പെടുന്നു
ദക്ഷിണ ഭാരതത്തിലെ പുരാതനവും കേരളത്തിലെ ഏക നദീ ഉത്സവവുമായ കുംഭമേളയ്ക്ക് സമാനമായ ഭാരതപ്പുഴയുടെ ഉത്സവം ഏറ്റവും ഒടുവില്‍ നടന്നത് എ.ഡി.1766 ലാണെന്ന് സാമൂതിരി ഗ്രന്ഥശേഖരത്തിലെ രേഖകളില്‍ കണ്ടെത്തിയിട്ടുണ്ട്. മലബാര്‍ അക്രമിക്കാന്‍ മൈസൂര്‍ സൈന്യം കോട്ടയം കുറുമ്പ്രനാട്ടില്‍ കേന്ദ്രീകരിച്ച വിവരം മാമാങ്കം കഴിഞ്ഞ് മൂന്നാമത്തെ ദിവസമാണ് സാമൂതിരി അറിഞ്ഞത്. തിരുന്നാവായ തളിയിലെ വാകയൂര്‍ കോവിലകത്തായിരുന്നു സാമൂതിരി. ഹൈദരാലിയോട് സന്ധി ചെയ്യാന്‍ സാമൂതിരി കുറുമ്പ്രനാട്ടിലേക്ക് പോയി. അവിടെവച്ച് സാമൂതിരിയെ ബന്ധനസ്ഥനാക്കിയ മൈസൂര്‍ സൈന്യം കോഴിക്കോട്ട് അമ്പാടി കോവിലകത്തു കൊണ്ടുവന്ന് കോവിലകത്ത് തടവിലാക്കി. നിത്യനിദാനം പോലും മുടങ്ങിയതില്‍ മനംനൊന്ത സാമൂതിരി അമ്പാടി കോവിലകത്തെ വെടിമരുന്നറയില്‍ കയറി തീ കൊളുത്തി ജീവത്യാഗം ചെയ്യുകയാണുണ്ടായത്. അതിനു ശേഷം ഭാരതപ്പുഴയുടെ മാഘമക മഹോത്സവം ആഘോഷിച്ചിട്ടില്ല. പിന്നീട് ബ്രിട്ടീഷ് ഭരണവും അതിനു ശേഷം രാജഭരണവും നിലച്ച സാഹചര്യവും വന്നതോടെ ഭാരതപ്പുഴയുടെ ഉത്സവം പൂര്‍ണ്ണമായും കേരളത്തിനു നഷ്ടപ്പെടുകയായിരുന്നു.
പൈതൃകത്തിന്റെ വീണ്ടെടുപ്പിന്റെ ചരിത്രം
മാഘമാസം ത്രിമൂര്‍ത്തി സ്‌നാനഘട്ടില്‍ മഹോത്സവത്തിന്റെ കാലമാണ്. മാഘ മാസത്തില്‍ മകം വരെ നാലും അഞ്ചും ദിവസങ്ങളില്‍ തിരുന്നാവായയിലും തവനൂരിലും ഭാരതപ്പുഴയുടെ ഉത്സവം ആഘോഷിക്കുന്നു. നിളയെ പൂജിക്കാന്‍ സന്ന്യാസിമാര്‍ മലപ്പുറത്തേക്കൊഴുകുന്ന മാസം കൂടിയാണിത്. ദക്ഷിണ ഭാരതത്തിനു നഷ്ടപ്പെട്ട ഭാരതപ്പുഴയുടെ പൈതൃകോത്സവത്തിന്റെ ഖ്യാതി ദേശീയ തലത്തിലേക്കുയരുമ്പോള്‍ മഹത്തായ ഈ മഹോത്സവത്തിന്റെ വീണ്ടെടുപ്പിന് കാലം നിയോഗിച്ചത് എഴുത്തുകാരനും ഓറല്‍ ഹിസ്റ്ററി റിസര്‍ച്ച് ഫൗണ്ടേഷന്‍ ഡയരക്ടറുമായ തിരൂര്‍ ദിനേശിനെ ആണ്. ഭാരതപ്പുഴയുടെ ഉത്സവം വീണ്ടെടുത്ത ചരിത്രത്തിന്റെ അടയാളപ്പെടുത്തലുകള്‍ അദ്ദേഹത്തിന്റെ നാള്‍വഴികളില്‍ കാണാം.
നിലപാടു തറയെക്കുറിച്ചുള്ള പഠനം ഇതിനുവഴിത്തിരിവായി. നിലപാടുതറയും ചാവേറുകളുംനിറഞ്ഞ രക്തപങ്കിലമായ മാമാങ്കത്തെക്കുറിച്ചു മാത്രമെ പുതിയ തലമുറയ്ക്ക് അറിയുകയുള്ളു. യഥാര്‍ത്ഥ മാമാങ്കം ഇതല്ലെന്നും കുംഭമേളയ്ക്ക് സമാനമായ ദക്ഷിണ ഭാരതത്തിന്റെ നദീ ഉത്സവമാണെന്നും കണ്ടെത്തിയ തിരൂര്‍ ദിനേശ് മഹത്തായ ഈ നദീ ഉത്സവം 2016ല്‍ പുനരാരംഭിച്ചു. ഇരുപതോ ഇരുപത്തഞ്ചോ പേര്‍ പങ്കെടുത്ത ചെറിയൊരു ചടങ്ങു മാത്രമായിരുന്നു അത്. ത്രിമൂര്‍ത്തി സ്‌നാനഘട്ടില്‍ ഭാരതപ്പുഴയ്ക്ക് ധൂപ ദീപ പുഷ്പാദികളര്‍പ്പിച്ച് കുമ്മനം രാജശേഖരനാണ് ഭാരതപ്പുഴയുടെ ഉത്സവം ഉല്‍ഘാടനം ചെയ്തത്.
വിശ്വാസവും പരിസ്ഥിതി സംരക്ഷണത്തിനുളള സന്ദേശവും കെട്ടുപിണഞ്ഞു കിടക്കുന്ന ഭാരതപ്പുഴയുടെ ഉത്സവം ഓരോ മാഘമാസ കാലത്തും ത്രിമൂര്‍ത്തി സ്‌നാന ഘട്ടിന്റെ ഇരുകരകളിലും നടത്തണമെന്നും ഹിന്ദു സംഘടനകളുടേയും സന്ന്യാസിസംഘടനകളുടേയും സാംസ്‌കാരിക സംഘടനകളുടേയും സംഗമ വേദിയായി മാഘമക മഹോത്സവത്തെ ഉയര്‍ത്തണമെന്നുമുള്ള ആഗ്രഹം തിരൂര്‍ ദിനേശില്‍ നാമ്പിട്ടു. ദക്ഷിണേന്ത്യക്ക് നഷ്ടപ്പെട്ട പൈതൃകോത്സവത്തിന്റെ വീണ്ടെടുപ്പിന് നടത്തിയ യത്‌നം വൃഥാവിലാകുമെന്ന ആശങ്കയുമുണ്ടായി. മഹോത്സവത്തിന്റെ പ്രസക്തിയും അത് സൃഷ്ടിക്കാവുന്ന സാംസ്‌കാരിക ഉണര്‍വും അവികസിത ഗ്രാമങ്ങളുടെ വികസനവും ആദ്യം പങ്കുവെച്ചത് സ്വാമി ചിദാനന്ദപുരിയോടായിരുന്നു. ഉത്തമ ചിന്തയെ അഭിനന്ദിച്ച ചിദാനന്ദപുരി സന്ന്യാസിസമൂഹത്തിന്റെ പൂര്‍ണ്ണ പിന്തുണ അറിയിച്ചു. തുടര്‍ന്ന് താനൂര്‍ അമൃതാനന്ദമയീമഠത്തിലെ സ്വാമിനി അതുല്യാമൃതപ്രാണാ, മഹാകവി അക്കിത്തം, ആചാര്യശ്രീ എം.ആര്‍. രാജേഷ് തുടങ്ങിയവരെയൊക്കെ കണ്ടു. വള്ളിക്കാവിലെത്തി സദ്ഗുരു മാതാ അമൃതാനന്ദമയിയെക്കണ്ടും ത്രിമൂര്‍ത്തി സ്‌നാനഘട്ടിലെ ഭാരതപ്പുഴയുടെ ഉത്സവത്തിന് പിന്തുണ അഭ്യര്‍ത്ഥിച്ചു. ദക്ഷിണ ഭാരതത്തിനു നഷ്ടപ്പെട്ട ഭാരതപ്പുഴയുടെ ഉത്സവത്തിന്റെ പ്രാധാന്യം അമ്മ കേട്ടു. പൂര്‍ണ്ണ പിന്തുണയും കൂടെയുണ്ടാവുമെന്ന അനുഗ്രഹവും ഊര്‍ജ്ജം പകര്‍ന്നു. അതിനു ശേഷം ഇരുകരകളിലുമായി മാഘമക മാഹോത്സവം നടത്തുന്നതിന് നേതൃത്വം നല്‍കാന്‍ ഒരു കമ്മിറ്റി രൂപീകരിച്ചു. മാതാ അമൃതാനന്ദമയി മുഖ്യ രക്ഷാധികാരിയും സ്വാമി ചിദാനന്ദപുരി, ആചാര്യ ശ്രീ എം.ആര്‍.രാജേഷ്, മഹാകവി അക്കിത്തം, വി.എം.സി.നമ്പൂതിരി, സ്വാമി പരമാനന്ദപുരി തുടങ്ങിയവര്‍ രക്ഷാധികാരികളും സ്വാമിനി അതുല്യാമൃതപ്രാണാ ജനറല്‍ കണ്‍വീനറും തിരൂര്‍ ദിനേശ് ചീഫ് കോഡിനേറ്ററുമായി ഓറല്‍ ഹിസ്റ്ററിറിസര്‍ച്ച് ഫൗണ്ടേഷന്റെ നേതൃത്വത്തിലുള്ള കമ്മറ്റിയാണത്. അതിനു കീഴില്‍ തിരുന്നാവായയിലും തവനൂരിലും പ്രത്യേകം സംഘാടക സമിതികളും രൂപീകരിച്ചു. ഈ സംഘാടക സമിതികളാണ് ഇരുകരകളിലും ഭാരതപ്പുഴയുടെ ഉത്സവം നടത്തുന്നത്. കുംഭമേളയ്ക്ക് സമാനമായ ഭാരതപ്പുഴയുടെ ഉത്സവത്തിന് കേരളത്തിനകത്തും പുറത്തു നിന്നുമായി ധാരാളമാളുകള്‍ എത്തിച്ചേരാറുണ്ട്. നൂറുകണക്കിന് സന്ന്യാസിമാരും രാജവംശങ്ങളുമൊക്കെ മാഘമക മഹോത്സവത്തില്‍ എത്തിച്ചേരുന്നു.