എംടി. മിതഭാഷിയാണ്. അദ്ദേഹത്തിന്റെ രചനകളും അതെ. വാക്കുകളുടെ ദുര്‍വ്യയവും ധാരാളിത്തവും കണ്ടറിഞ്ഞ് ഒഴിവാക്കിയാണ് എംടി. എഴുതിയത്. പരത്തിപ്പറയലിന് ‘പല്ലവനം’ എന്ന ഒരു വാക്കുണ്ടത്രെ. സാഹിത്യത്തില്‍ ഈ ദോഷത്തെ വിഷമായാണ് കണക്കാക്കുന്നത്. ഈ വിഷത്തെ കുറിച്ച് നല്ല ബോധ്യമുള്ള എഴുത്തുകാരനായിരുന്നു എം.ടി. ചെറുകഥകളില്‍ മാത്രമല്ല, നോവലുകളിലും വാക്കുകളുടെ ദുര്‍വ്യയത്തെ അദ്ദേഹം അതിരമ്യമായി നിയന്ത്രിച്ചു. അതുകൊണ്ടു തന്നെ ഉപയോഗിക്കുന്ന വാക്കുകള്‍ പകരം വെക്കാനാവാത്തവയായിത്തീര്‍ന്നു. ഇത്തരം വാക്കുകളുടെയും വാക്യഘടനകളുടെയും സൗന്ദര്യത്തികവാണ് എംടിയുടെ സാഹിത്യം. ചെറുകഥകള്‍ക്ക് ഈ നിഷ്ഠപാലിക്കേണ്ടതിനെ കുറിച്ച് എംടി തന്നെ പറയുന്നുണ്ട്. നോവലില്‍ അല്‍പം പരത്തിപ്പറയല്‍ ഉണ്ടായാല്‍ അത് കൃതിയെ ബാധിക്കില്ല. വലിയ ക്യാന്‍വാസുകളില്‍ എഴുതപ്പെടുന്ന നോവലുകളില്‍ ഒന്നോ രണ്ടോ അധ്യായങ്ങള്‍ തന്നെ അനാവശ്യമായി എഴുതിച്ചേര്‍ത്തുപോയാലും അത് അഭംഗിയാവില്ലെന്നും എന്നാല്‍ ചെറുകഥയുടെ കാര്യം അങ്ങനെയല്ലെന്നും അനാവശ്യമായ ഒരു വാക്കിന്റെ ആധിക്യം പോലും ചെറുകഥയുടെ സൗന്ദര്യത്തെ ബാധിക്കുമെന്നും അദ്ദേഹം തന്റെ ‘കാഥികന്റെ പണിപ്പുര’ എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്.
എംടിയുടെ ചെറുകഥകളുടെ സവിശേഷത അവയ്ക്ക് നോവലിന്റെ വിശാല ക്യാന്‍വാസിലേക്ക് വികസിക്കാനുള്ള ഉള്ളടക്കമുണ്ട് എന്നതാണ്. അദ്ദേഹത്തിന്റെ നിരവധി ചെറുകഥകള്‍ ചലച്ചിത്രങ്ങള്‍ക്ക് തിരക്കഥയായി ഭവിച്ചത് അതുകൊണ്ടാവണം. ആ കഥകളോരോന്നും കവിതയുടെ തലത്തില്‍ ഉയര്‍ന്നു നില്‍ക്കുകയും ചെയ്യുന്നു. ഗദ്യമെഴുത്തില്‍ കാലുറപ്പിച്ചപ്പോഴും കവിതയോടുള്ള പ്രണയം കൈവിടാതിരുന്നയാളാണല്ലോ എംടി. മലയാളത്തില്‍ മാത്രമല്ല, ലോകത്തിലെ വിവിധ ഭാഷകളില്‍ എഴുതപ്പെടുന്ന മികച്ച കവിതകളെല്ലാം അദ്ദേഹം ജീവിതകാലം മുഴുവന്‍ ആസ്വദിച്ചിരുന്നു. കാവ്യാത്മകമായ വാക്കുകളും പ്രയോഗങ്ങളും അദ്ദേഹത്തിന്റെ കഥകളിലും നോവലുകളിലും സിനിമാസംഭാഷണങ്ങളിലുമെല്ലാം സമൃദ്ധമായി കാണാം. തനിക്കേറ്റവും ഇഷ്ടപ്പെട്ട സാഹിത്യരൂപം കവിതയാണെന്ന് എംടി പറഞ്ഞതായി കെ.പി. അപ്പന്‍ എഴുതിയിട്ടുണ്ട്. ‘എംടിയുടെ നോവലുകള്‍ താന്‍ ഇന്നേവരെ എഴുതിയിട്ടില്ലാത്ത ഏതോ കാല്‍പനികകാവ്യത്തെ കുറിച്ചുള്ള ഗദ്യവിശദീകരണങ്ങളാണ്’ എന്നാണ് അപ്പന്‍ മഞ്ഞിനെ കുറിച്ചെഴുതിയ പഠനത്തില്‍ പറയുന്നത്.
‘ആധുനിക പാശ്ചാത്യസാഹിത്യത്തിലെ കഥയുടെയും നോവലിന്റെയും മണ്ഡലങ്ങളിലേക്ക് കടന്നുചെന്നതു മുതല്‍ക്കാണ് എനിക്ക് പുതിയ വെളിച്ചത്തിന്റെ നാളങ്ങള്‍ കിട്ടിയത്’ എന്ന് എംടി ‘കാഥികന്റെ പണിപ്പുര’യില്‍ പറയുന്നു. അതേസമയം ഏതെങ്കിലും ഒരു മാതൃകയെ അനുകരിച്ചുകൊണ്ട് ആര്‍ക്കും എവിടെയും എത്താന്‍ സാധിക്കില്ലെന്ന ബോധ്യവും അദ്ദേഹം പങ്കുവെക്കുന്നുണ്ട്. വളച്ചുകെട്ടില്ലാത്ത ആഖ്യാനങ്ങളാണ് എം.ടിയുടെ കഥകള്‍. നമുക്ക് സുപരിചിതരായ, നമുക്ക് ചുറ്റും ജീവിക്കുന്ന സാധാരണക്കാരായ മനുഷ്യരാണ് കഥാപാത്രങ്ങള്‍. ലളിതമായ അവതരണം. മലയാള നവയാഥാതഥ്യ സാഹിത്യമാണ് എം.ടിയുടെ കഥകളും നോവലുകളുമെന്ന് നിരൂപകര്‍ വിലയിരുത്തിയത് അതുകൊണ്ടാണ്.
‘കര്‍ക്കടകം’, ‘പള്ളിവാളും കാല്‍ചിലമ്പും’ തുടങ്ങിയ ആദ്യകാല കഥകളിലെ സാമൂഹ്യയാഥാര്‍ത്ഥ്യങ്ങളുടെ ശക്തമായ ആവിഷ്‌കാരം നവറിയലിസത്തിന്റെ ഭാഗമായി തന്നെ കണക്കാക്കാം. മേല്‍പ്പറഞ്ഞ രണ്ട് കഥകളും സമൂഹത്തില്‍ അന്ന് നിലനിന്ന ദാരിദ്ര്യാവസ്ഥയുടെയും മിഥ്യാഭിമാനത്തിന്റെയും നേര്‍ചിത്രങ്ങളാണ്. പള്ളിവാളും കാല്‍ചിലമ്പും ‘നിര്‍മ്മാല്യം’ എന്ന പേരില്‍ എംടി തന്നെ സംവിധാനം ചെയ്ത് ചലച്ചിത്രമാക്കിയപ്പോള്‍ അതിന് ദേശീയ അവാര്‍ഡ് ലഭിച്ചത് സാമൂഹ്യയാഥാര്‍ത്ഥ്യങ്ങളെ പ്രതിഫലിപ്പിച്ച അതിശക്തമായ പ്രമേയം കാഴ്ചവെച്ചതിന്റെ പേരിലാണ്. നിര്‍മ്മാല്യം എന്ന സിനിമയായപ്പോള്‍ എംടി തന്റെ ചെറുകഥയില്‍ കാതലായ ചില മാറ്റങ്ങള്‍ വരുത്തുന്നുണ്ട്. വെളിച്ചപ്പാട് തന്റെ ചിലമ്പുകളും പള്ളിവാളും പഴയ ഓടിന്റെ വിലയ്ക്ക് തൂക്കി വില്‍ക്കുന്നിടത്താണ് കഥ അവസാനിക്കുന്നത്. എന്നാല്‍ സിനിമ അവസാനിക്കുന്നത് വെളിച്ചപ്പാട് താന്‍ ജീവിതകാലമത്രയും ആശ്രയിച്ച ഭഗവതിയുടെ മുന്നില്‍ ഉറഞ്ഞുതുള്ളി തലവെട്ടിപ്പൊളിച്ച്, ശിരസ്സില്‍ നിന്ന് വായിലേക്ക് ഒലിച്ചിറങ്ങിയ രക്തം ഭഗവതിയുടെ മുഖത്തേക്ക് തുപ്പുന്നിടത്താണ്. ഈ രംഗം പ്രേക്ഷകനില്‍ നടുക്കവും വ്യസനവും അതുവഴി വിരേചനവും സൃഷ്ടിക്കുന്നു എന്നല്ലാതെ, ദൈവത്തിന് നേരെ തുപ്പുന്നതിന്റെ പേരില്‍ അന്ന് ഒരു വിവാദമുയര്‍ന്നില്ല (1973 ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്). ഇന്നാണെങ്കില്‍ ഈ രംഗം വിവാദമാകുമായിരുന്നു എന്ന രീതിയിലുള്ള നിരീക്ഷണങ്ങള്‍ ചില ഭാഗങ്ങളില്‍ നിന്നുണ്ടായി. വെളിച്ചപ്പാടിന്റെ ചെയ്തി ദേവിയോടുള്ള വിശ്വാസഭംഗത്തില്‍ നിന്ന് ഉയിര്‍ക്കൊണ്ടതല്ലെന്നും, ഭഗവതിയോട് പരിഭവിക്കുന്നതും തെറിവിളിക്കുന്നതുമെല്ലാം ഭഗവതിയാരാധനയുടെ ഭാഗമായി ഇന്നും നിലനില്‍ക്കുന്ന കേരളത്തില്‍ ഇത് ഇന്നും വിവാദമാകാനുള്ള സാധ്യതയില്ലെന്നതുമാണ് പരമാര്‍ത്ഥം. വിവാദമാക്കാന്‍ പതിറ്റാണ്ടുകള്‍ക്ക് ശേഷം ചിലര്‍ നടത്തിയ ശ്രമങ്ങള്‍ പൊളിയുകയാണുണ്ടായത്.
മലയാളത്തില്‍ ആധുനികതയുടെയും ഉത്തരാധുനികതയുടെയുമെല്ലാം വരവിനനുസരിച്ചുള്ള മാറ്റങ്ങള്‍ എംടിയുടെ ചെറുകഥകളിലുമുണ്ടായിട്ടുണ്ട്. വാനപ്രസ്ഥവും ഷെര്‍ലകും ഉള്‍പ്പെടെ ചുരുക്കം ചിലതെങ്കിലും എംടി കഥകളിലെ പൊതുധാരയില്‍ നിന്ന് വേറിട്ടവയായി വിലയിരുത്തപ്പെട്ടിട്ടുണ്ട്. ഫ്യൂഡല്‍ വ്യവസ്ഥിതിയുടെ സംക്രമണകാലത്ത് തുടങ്ങിയ കഥാപരിസരങ്ങള്‍ ആധുനിക കാലത്തേക്ക് കടന്നെത്തുമ്പോഴുള്ള പ്രമേയ മാറ്റങ്ങള്‍ക്കൊപ്പം തന്നെ ഫ്യൂഡല്‍ ഗൃഹാതുരത്വത്തിന്റെ തഴുകലുകള്‍ ഈ കഥകളിലെല്ലാം ഉണ്ട്. ഷെര്‍ലക് എന്ന പൂച്ച അമേരിക്കന്‍ അധിനിവേശസംസ്‌കാരത്തിന്റെ പ്രതീകമാണെന്നും, അതല്ല മനുഷ്യന്റെ ഉള്ളിലെ മാര്‍ജാരത്വത്തിന്റെ (മൃഗീയതയുടെ) പ്രതീകമാണെന്നുമൊക്കെയുള്ള നിരീക്ഷണങ്ങള്‍ നിരൂപകര്‍ നടത്തിയിട്ടുണ്ട്. ഇരുപതിലേറെ ചെറുകഥാ സമാഹാരങ്ങളിലായി പ്രസിദ്ധീകരിക്കപ്പെട്ട എം.ടിയുടെ ചെറുകഥകള്‍ അരനൂറ്റാണ്ടിലധികം നീണ്ട കാലം കൊണ്ട് എഴുതപ്പെട്ടവയാണ്. കഥയുടെ സുവര്‍ണഗോപുരത്തിന്റെ പടവുകള്‍ ഓരോന്നും മലയാളി ജീവിതത്തിന്റെ കാലവും ദേശവും അടയാളപ്പെടുത്തുന്നു.