‘എനിക്കു മനസ്സിലാവുന്നു. നിന്റെ മനസ്സ് ഗ്രന്ഥവരികള്‍ പോലെ എനിക്ക് കാണാന്‍ കഴിയുന്നു. നിന്റെ പ്രായത്തില്‍ അകലെനിന്ന് ഒന്നു കാണാന്‍ കഴിഞ്ഞാല്‍ ആ ദിവസം ധന്യം. കൂട്ടത്തില്‍ നില്‍ക്കുന്ന എന്റെ മുഖത്ത് ഒരു നിമിഷം കൂടുതല്‍ കണ്ണുകള്‍ തങ്ങിനിന്നാല്‍ സായൂജ്യം.’
ഒരമ്മയ്ക്ക് മകളോട് ഈ വിധം പറയാനാകുമോയെന്ന സന്ദേഹത്തിന് പ്രസക്തിയില്ലാത്തവിധമാണ് ‘വൈശാലി’യിലെ മാലിനി മകളോട് തന്റെ മനസ്സു തുറക്കുന്നത്. മാലിനി, ലോമപാദ മഹാരാജാവിനെ ഇപ്പോഴും ആരാധനാപൂര്‍വം പ്രണയിക്കുന്നു എന്നത് സാരഗര്‍ഭമായി എം.ടി വാസുദേവന്‍ നായര്‍ എന്ന മലയാളം കണ്ട എക്കാലത്തെയും വലിയ തിരക്കഥാകാരന്‍ ആവിഷ്‌കരിച്ചതെങ്ങനെയെന്നു ശ്രദ്ധിച്ചാല്‍ ആ കൈയ്യടക്കത്തെ അഭിവാദനം ചെയ്യാതിരിക്കാന്‍ സാധ്യമല്ല.
അക്കാലം, എഴുത്തുകാരനായി തിളങ്ങി നില്‍ക്കുമ്പോള്‍ത്തന്നെ 1965 ഡിസംബര്‍ 24 വെള്ളിയാഴ്ച തിയേറ്റേറുകളിലെത്തിയ മുറപ്പെണ്ണിന്റെ കഥയും തിരക്കഥയും സംഭാഷണവുമെഴുതി ചലച്ചിത്രരംഗത്തേക്ക് കടന്ന എം.ടി അക്ഷരാര്‍ത്ഥത്തില്‍ അവിടെ പൊന്നുവിളയിക്കുകയായിരുന്നു. തിരക്കഥാ രചനയ്ക്ക് പുതിയൊരു മാനം നല്‍കിയ ആ എഴുത്തുകള്‍ പ്രേക്ഷകര്‍ക്ക് വളരെ വേഗം സ്വീകാര്യമായി.
‘ചലച്ചിത്രത്തിന് ഒരു കഥ വേണം. കഥ ആദിമധ്യാന്തമുള്ളതാവാം. തലമുറകള്‍ പ്രത്യക്ഷപ്പെടുന്നതാവാം. ഒരു വ്യക്തിയുടെയോ ഒരന്തരീക്ഷത്തിന്റെയോ നിമിഷത്തിന്റെയോ ആവാം. നിമിഷത്തിന്റെ ചിറകിലെ പരാഗരേണു പോലെ, ചിലന്തിവലയെ വര്‍ണ്ണം പിടിപ്പിക്കുന്ന അന്തിക്കതിര് പോലെ അത്ര സൂക്ഷ്മവും ലോലവും ആവാം. പക്ഷേ അതും കഥ എന്ന വകുപ്പില്‍ പെടുന്നു. അത് മീഡിയത്തിന്റെ ഘടകങ്ങള്‍ ഉപയോഗിച്ച് പറയുമ്പോള്‍ തിരക്കഥയാകുന്നു.’
ഇത്തരത്തില്‍, തിരക്കഥാ സങ്കേതത്തെക്കുറിച്ചുള്ള സ്വകീയ കാഴ്ചപ്പാട് പങ്കുവച്ച എം.ടിയുടെ ചലച്ചിത്രങ്ങള്‍ അദ്ദേഹത്തിന്റെ അഭിപ്രായത്തെ സാധൂകരിക്കുന്നവയായി. എല്ലാത്തിനുമുപരിയായി മനുഷ്യത്വമാണ് എം.ടിയില്‍ തിരക്കഥയുടെ മുഖമുദ്ര. അസുരവിത്തിലെ ഗോവിന്ദന്‍ കുട്ടിയും പഞ്ചാഗ്‌നിയിലെ ഇന്ദിരയും ആരണ്യകത്തിലെ അമ്മിണിയുമൊക്കെ മനുഷ്യപ്പറ്റ് എന്ന വിചാര വികാരത്തിന്റെ പതാകവാഹകരായി നമുക്കു മുമ്പില്‍ ഇപ്പോഴും ഉയര്‍ന്നുനില്‍ക്കുന്നത് എം.ടിയിലെ അഗാധമായ മാനവികബോധത്താലാണ്.
മുറപ്പെണ്ണില്‍, അമ്മാവനായ കുഞ്ഞികൃഷ്ണമേനോന്റെ മകളും മുറപ്പെണ്ണുമായ ഭാഗി എന്ന ഭാഗീരഥിയും ബാലനും തമ്മില്‍ വേര്‍പിരിയാത്ത വിധം ഇഷ്ടത്തിലായിരുന്നു. അവളെ വിവാഹം കഴിക്കാനായുള്ള ബാലന്റെ ആഗ്രഹത്തിനു തുരങ്കംവച്ച് അനുജന്‍ കേശവന്‍കുട്ടി ഭാഗിയെ തന്റെ താക്കുന്നത് അയാള്‍ക്ക് നിസ്സഹായനായി കണ്ടു നില്‍ക്കേണ്ടി വരുന്നു. ഭാഗിയെ മാറ്റിനിര്‍ത്തി കേശവന്‍കുട്ടി മറ്റൊരു വിവാഹത്തിനൊരുങ്ങുമ്പോള്‍ ചലച്ചിത്രത്തില്‍ വൈകാരികമായ അടുത്ത മുഹൂര്‍ത്തം ഉടലെടുക്കുന്നു. ബാലനോടവള്‍ക്ക് സഹതാപാദ്രമായ സ്‌നേഹമുണ്ടെങ്കിലും ഒടുവില്‍ മനോസംഘര്‍ഷത്തില്‍ ഒരു മുഴം കയറില്‍ തന്റെ ജീവിതമവസാനിപ്പിക്കുകയും ചെയ്തത് നെഞ്ചുതകരുന്ന വേദനയോടെയാണ് മലയാളി കണ്ട് കണ്ണീരണിഞ്ഞത്.
തിരസ്‌ക്കരിക്കപ്പെട്ട ജീവിതമെഴുത്തിന്റെ കഥാകാരനാണ് എം.ടി. ഇരുട്ടിന്റെ ആത്മാവ് കഥയായും ചലച്ചിത്രമായും മലയാളിയെ പിന്തുടരുന്നത് എഴുത്തിലെ ശക്തിസൗന്ദര്യത്താലാണ്. ഭ്രാന്തില്‍നിന്നും മുക്തനായി ഒരുനാള്‍ വേലായുധന്‍ വരുന്നത് താന്‍ സ്‌നേഹിച്ച പെണ്ണിനെ കാണാനാണ്. അവളും ഭ്രാന്തനെന്ന് കരുതി അലറി വിളിച്ചോടുമ്പോള്‍ ഭ്രാന്തില്ലാത്ത അവസ്ഥയെക്കാള്‍ നല്ലത് ഭ്രാന്തനാകുന്നതാണെന്ന് അയാള്‍ക്ക് തോന്നിയത് അവിശ്വസനീയമല്ല.
ഒരേസമയം നായകനും പ്രതിനായകനുമായി അഭിനയചക്രവര്‍ത്തി സത്യന്‍ തകര്‍ത്താടിയ ചലച്ചിത്രമായ പകല്‍ക്കിനാവില്‍ ജീവിതം ആഘോഷിക്കാനുള്ളതാണെന്നു വിശ്വസിച്ച് ബന്ധങ്ങള്‍ക്ക് വിലകല്‍പ്പിക്കാത്തൊരു യുവാവിന്റെ കഥയാണ് എം.ടി പറഞ്ഞത്. കൂടുതല്‍ മെച്ചപ്പെട്ടൊരു ജീവിതം കൊതിച്ച് ഗ്രാമത്തില്‍നിന്നും മദ്രാസിലേക്ക് കുടിയേറിയ കുടുംബത്തിന്റെ കഥയായ നഗരമേ നന്ദിയില്‍ നഗരജീവിതത്തിന്റെ ഒറ്റപ്പെടലും നിരാശാജന്യമായ വെറുപ്പുമൊക്കെച്ചേര്‍ന്ന് രൂപപ്പെടുത്തിയ കടുംനിറമാണുള്ളത്. നഗരവന്യതയുപേക്ഷിച്ച് ഗ്രാമത്തിന്റെ സ്വച്ഛതയിലേക്കുള്ള ശേഷിച്ച കുടുംബത്തിന്റെ തിരികെയാത്ര പ്രലോഭനസ്വഭാവിയായ നാഗരികതയെ തള്ളിക്കളയുംവിധമാണ്.
നഗ്‌നമായ സാമൂഹ്യയാഥാര്‍ത്ഥ്യം തെളിച്ചു കാട്ടിയ തന്റെ തന്നെ നോവലിന്റെ ചലച്ചിത്ര രൂപാന്തരമായിരുന്നു എഴുത്തുകാരന്‍ അസുരവിത്തിലൂടെ നിര്‍വഹിച്ചത്. മതത്തിന്റെ പേരില്‍ കിഴക്കുമ്മുറി എന്ന പാലക്കാടന്‍ ഗ്രാമത്തിന്റെ സാമൂഹ്യാന്തരീക്ഷം തകര്‍ക്കുന്ന ഇരു വിഭാഗത്തില്‍പ്പെട്ട രണ്ട് പ്രമാണിമാരുടെ ശ്രമങ്ങളില്‍പ്പെട്ടു പോകുന്ന ഗോവിന്ദന്‍കുട്ടി മലയാളം കണ്ട ധീരനും അതേസമയം വ്യക്തിബന്ധങ്ങളുടെ സമ്മര്‍ദ്ദത്താല്‍ നിസ്സഹായനുമായ കഥാപാത്രമാണ്. മതം മാറി അബ്ദുള്ളയായ ഗോവിന്ദന്‍കുട്ടി വലിയൊരു ചോദ്യമായി ഇപ്പോഴും നില്‍ക്കുന്നു.
ബാപ്പൂട്ടിയുടെയും നബീസ്സുവിന്റെയും ദുരന്ത പര്യവസായിയായ കഥ പകര്‍ത്തിയ ഓളവും തീരവും (1970) എം.ടിയുടെ തന്നെ കഥയുടെ ദൃശ്യാവിഷ്‌ക്കാരമായിരുന്നു. അതേവര്‍ഷം തന്നെ പുറത്തുവന്ന നിഴലാട്ടം എന്ന ചിത്രം പണക്കാരനായ അച്ഛന്റെ മരണശേഷം അതേ പാത പിന്തുടര്‍ന്ന് ഉല്ലസിച്ച് ഒടുവില്‍ ആരുമില്ലാതെ തെരുവിനെ അഭയം പ്രാപിക്കേണ്ടി വന്ന ഒരുവന്റെ കഥയാണ് പറഞ്ഞുവച്ചത്. കുട്ട്യേടത്തിയുടെയും ജാനുവേടത്തിയുടെയും അപ്പുവിന്റെയും കഥപറയുന്ന കുട്ടേ്യടത്തി, ഒരു ക്ഷയിച്ച തറവാടിന്റെ അകക്കാഴ്ചകളാണ് ചിത്രീകരിച്ചത്.
1973ല്‍ പുറത്തിറങ്ങിയ നിര്‍മ്മാല്യം, പള്ളിവാളും കാല്‍ച്ചിലമ്പുമെന്ന സ്വന്തം കഥ ചലച്ചിത്രമാക്കിയതാണ്. അഷ്ടിക്കുവകയില്ലാത്ത വെളിച്ചപ്പാടിന്റെ കുടുംബപശ്ചാത്തലം പ്രേക്ഷകമനസ്സിനെ വേദനിപ്പിക്കുംവിധം ആവിഷ്‌കരിച്ച ഈ ചലച്ചിത്രം ചില യാഥാര്‍ത്ഥ്യത്തിലേയ്ക്കാണ് വെളിച്ചം വീശിയത്. പി.ജെ.ആന്റണി എന്ന കലാകാരന്റെ മികച്ച അഭിനയമുഹൂര്‍ത്തങ്ങള്‍ സന്നിവേശിപ്പിക്കുവാന്‍ നിര്‍മ്മാല്യത്തിന് കഴിഞ്ഞു. പില്‍ക്കാലത്ത് ഒട്ടേറെ വിവാദങ്ങള്‍ ഈ സിനിമയുടെ പര്യവസാനരംഗത്തെക്കുറിച്ച് ഉണ്ടാകുകയും അതിന്നും തുടരുകയും ചെയ്യുന്നു.
കഥകളിയുടെ പശ്ചാത്തലത്തില്‍ എം.ടി എഴുതിയ തിരക്കഥയായിരുന്നു 1985ല്‍ പുറത്തിറങ്ങിയ രംഗം. ഈ ചലച്ചിത്രത്തിലൂടെയാണ് എസ്. രമേശന്‍ നായര്‍ ഗാനരചയിതാവായത്. 1986 ല്‍ പുറത്തിറങ്ങിയ പഞ്ചാഗ്‌നി മലയാള ചലച്ചിത്രലോകത്ത് ഭാവുകത്വപരമായ ചലനങ്ങള്‍ സൃഷ്ടിച്ചു. നക്‌സലിസത്തിന്റെ അവസ്ഥാന്തരങ്ങള്‍ കൃത്യതയോടെ രേഖപ്പെടുത്തുവാന്‍ ഇതിലൂടെ എം.ടിക്കാവുകയും പില്‍ക്കാലത്ത് ആരണ്യകം എന്ന സിനിമയിലും ഇതിന്റെ മറ്റൊരു രൂപം പ്രദര്‍ശനാത്മകമാവുകയും ചെയ്തു.
86ലെ നഖക്ഷതങ്ങള്‍ കൗമാരപ്രണയത്തിന്റെ ലോലവും തീക്ഷ്ണവുമായ ഭാവങ്ങളാണ് കാട്ടിത്തന്നത്. ഗുരുവായൂരില്‍ നിന്നും ആരംഭിക്കുന്ന തിരക്കഥ പര്യവസാനിക്കുന്നത് റെയില്‍പ്പാളത്തിലാണ്. ഇതേ പ്രണയജോഡികളെവച്ച് പുറത്തിറങ്ങിയ ഋതുഭേദം കൂട്ടുകുടുംബവ്യവസ്ഥയില്‍ നിയമവ്യവഹാരങ്ങളില്‍പ്പെട്ട് ജീവിതം ഇല്ലാതായിപ്പോകുന്നതിനെക്കുറിച്ചുള്ള ആകുലതയായിരുന്നു. എം.ടിയുടെ സിനിമാജീവിതത്തിലെ സുപ്രധാനമായ ഒരേട് എന്നു വിശേഷിപ്പിക്കാനാവുന്ന ‘ഒരു വടക്കന്‍ വീരഗാഥ’ (1989) വടക്കന്‍പാട്ടിലെ ചതിയന്‍ ചന്തു എന്ന പ്രയോഗത്തെ, വിശ്വാസത്തെ മാറ്റിക്കുറിച്ചു.
വാല്മീകി രാമായണം ബാലകാണ്ഡം ഒമ്പത്, പത്ത്, പതിനൊന്ന് സര്‍ഗ്ഗങ്ങളിലായും മഹാഭാരതത്തിലെ വനപര്‍വം തീര്‍ത്ഥയാത്രാ പര്‍വത്തിലെ 110, 111, 112, 113 ഖണ്ഡങ്ങളിലായും പറയപ്പെട്ടിരിക്കുന്ന ഋശ്യശൃംഗകഥയാണ് വൈശാലി എന്ന ചലച്ചിത്രത്തിന് ആധാരം. കുറച്ചുമാത്രം സൂചിപ്പിച്ചിരിക്കുന്ന കഥയില്‍ ഒട്ടേറെ പഠനനിരീക്ഷണം നടത്തി വലിയ ക്യാന്‍വാസില്‍ എം.ടി തിരക്കഥ ഒരുക്കുകയായിരുന്നു. സംവിധായക പ്രതിഭയായ ഭരതന്‍ കൂടി ചേര്‍ന്നപ്പോള്‍ മലയാളത്തിലെ ഏറ്റവും മികച്ച അഭ്രകാവ്യങ്ങളിലൊന്നായി വൈശാലി മാറി.
ആലോചനകള്‍ക്കപ്പുറം കടന്നുനില്‍ക്കുന്ന പ്രതികാരത്തിന്റെ കഥയായിരുന്നു താഴ്‌വാരം. ഭാര്യയെകൊന്ന് ആഭരണങ്ങള്‍ തട്ടിയെടുത്ത്, തന്നെ ജയിലിലാക്കി കിഴക്കന്‍ മലയിലെവിടെയോ ഒളിച്ചു താമസിക്കുന്ന ശത്രുവിനെ തേടിയുള്ള നായകന്റെ അലച്ചിലും ശത്രുവിന്റെ ഉന്മൂലനാശവും ആണ് താഴ്‌വാരത്തിന്റെ തിരക്കഥ. തിരക്കഥയുടെ ശക്തി തെളിഞ്ഞു കാണുന്ന ചലച്ചിത്രമാണിത്.
പറയിപെറ്റ പന്തിരുകുലത്തിലെ വിഖ്യാതനായ പെരുന്തച്ചന്റെ കഥ തിരക്കഥയായപ്പോള്‍ അന്നേവരെ മലയാളിക്ക് അജ്ഞാതമായിരുന്ന ഒരു ഭാവനാലോകത്തേക്കാണ് കുട്ടിക്കൊണ്ടുപോയത്. 1991 ലെ കടവ് എസ്.കെ പൊറ്റെക്കാടിന്റെ കടവുതോണി എന്ന കഥയെ ആസ്പദമാക്കി എം.ടി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമായിരുന്നു. പുഴയും കൗമാരക്കാരനായ രാജു എന്ന തോണിക്കാരനും അവനില്‍ മൊട്ടിട്ട നിശ്ശബ്ദപ്രണയവും അവളെ തേടി അവന്‍ നഗരത്തിലെത്തുമ്പോഴുണ്ടാകുന്ന അനുഭവവുമാണ് പ്രതിപാദ്യം.
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഒരുവന്റെ ആത്മതാപം പകര്‍ത്തിയ സദയം, സ്മാര്‍ത്തവിചാരണയെ പുതിയ കാലത്തിന് പരിചയപ്പെടുത്തിയ പരിണയം, അറേബ്യന്‍കഥകളിലെ ദയ, കൗമാരക്കാരിയുടെ കഥ പറഞ്ഞ എന്ന് സ്വന്തം ജാനകിക്കുട്ടിക്ക്, വൃദ്ധദമ്പതികളുടെ ജീവിതസാഫല്യത്തെക്കുറിക്കുന്ന ഒരു ചെറുപുഞ്ചിരി, കുടജാദ്രിയുടെ പശ്ചാത്തലത്തില്‍ പഴയ പ്രണയം ഓര്‍മ്മിക്കുന്ന തീര്‍ത്ഥാടനം, കേരളചരിത്രത്തിലെ ഇതിഹാസ ഏടായ പഴശ്ശിത്തമ്പുരാന്റെ കഥപറഞ്ഞ കേരളവര്‍മ്മ പഴശ്ശിരാജ എന്നിങ്ങനെ എം.ടി യുടെ തിരക്കഥാജീവിതം നീണ്ടു. നീലത്താമരയുടെ റീമേക്ക്, ഏഴാമത്തെ വരവ്, കഥവീട്, ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ മനോരഥങ്ങള്‍ എന്നിവയ്ക്കും എംടി തൂലിക ചലിപ്പിച്ചു.
മലയാള സാഹിത്യത്തില്‍ എന്നല്ല മലയാള സിനിമയിലും എം.ടി എന്നും അവിഭാജ്യഘടകമായിരുന്നു. മൂല്യമുള്ള തിരക്കഥാകൃത്ത്, സംവിധായകന്‍, സിനിമയെക്കുറിച്ച് ആധികാരികമായി സംവേദനം ചെയ്യുവാന്‍ കഴിവുള്ള പ്രതിഭ എന്നിങ്ങനെയുള്ള വിശേഷണങ്ങള്‍ എം.ടിക്ക് സ്വന്തം. മലയാളി ഒരിക്കലും മറക്കാത്ത ആറ്റിയും കുറുക്കിയുമുള്ള പഞ്ച് ഡയലോഗുകളുടെ സ്രഷ്ടാവാണ് എം.ടി. അകൃത്രിമസുന്ദരമായ ഭാഷയുടെ വശ്യവചസ്സായ പ്രയോഗങ്ങള്‍ ആ തൂലികക്കെന്നും ഹരമായിരുന്നു. അഭിനയിക്കുന്ന നടന്‍/ നടി തന്നെത്തന്നെ മറന്നുപോകുന്ന തരം രംഗവിതാനമുള്ളതാണ് ആ തിരക്കഥ.
ഒരിക്കല്‍ എം.ടി തിരക്കഥയെക്കുറിച്ച് ഇങ്ങനെ നിരീക്ഷിക്കുകയുണ്ടായി:-‘പ്രകടവും അമൂര്‍ത്തവുമായ ചലനം, അദൃശ്യമെങ്കിലും സംവേദനക്ഷമമായ മാനസിക ചലനം, വാക്ക്, ശബ്ദം, നിശബ്ദത, സംഗീതം, പ്രേക്ഷകന് സ്വന്തം മനസ്സിന്റെ അറയില്‍വച്ച് സൃഷ്ടി നടത്താന്‍ വിടുന്ന വിടവുകള്‍ എന്നീ ഘടകങ്ങള്‍ വച്ചാണ് സ്‌ക്രീന്‍ പ്ലേ രചയിതാവ് സ്വന്തം മീഡിയത്തിലേക്ക് കഥ പകര്‍ത്തുന്നത്.’ ജീവനില്ലാത്ത വിരസമായ സംഭാഷണങ്ങള്‍ക്കപ്പുറം ചൈതന്യവത്തായ അര്‍ത്ഥഗര്‍ഭമായ അക്ഷരനൃത്തമായിരുന്നു അത്. തിരക്കഥയെന്നാല്‍ വെറുമൊരു ജോലി മാത്രമല്ല അത് മനസ്സിന്റെ കലാപരമായ ആവിഷ്‌കരണമാണെന്ന് മലയാളികളെ ബോധ്യപ്പെടുത്തിയ മഹാപ്രതിഭയായിരുന്നു എം.ടി.