ആത്മപീഡിതന്റെ അശാന്തി പര്‍വ്വമാണ് എംടിയുടെ കല. നിളയുടെ തരംഗഭംഗിയില്‍ തരളിതമാകുന്ന ശ്രുതിമേളമാണത്. തലമുറയുടെ കുഴമറിച്ചിലുകളും മൂല്യച്യുതിയുടെ കബന്ധ നാടകവും കാലപരിണതിയുടെ വിഹ്വലതകളും ആ ഭൂമികയെ വ്യത്യസ്തമാക്കുന്നു. ആത്മാന്വേഷണത്തിന്റെ മുറിപ്പാടുകളില്‍ തളംകെട്ടുന്ന രോഷവും പ്രതികാരാഗ്നിയുമാണ് എംടിയുടെ കഥാപ്രപഞ്ചത്തെ ചലനാത്മകമാക്കുന്നത്. ഗ്രാമപ്പശിമയൂറുന്ന കൂടല്ലൂര്‍ മണ്ണില്‍ രൂപംകൊണ്ട ധര്‍മ്മസങ്കടമൂര്‍ത്തികളാണ് കഥയില്‍ പ്രതിഷ്ഠാപനം നേടുന്നത്. ആഖ്യാനകലയുടെ ആത്മാവില്‍ നിന്നൊഴുകുമ്പോള്‍ ആ കഥകള്‍ കവിതയാകുന്നു. സാന്ദ്രവും സൂക്ഷ്മവുമായ സംവേദനത്വത്തിന്റെയും അനുഭൂതിലാവണ്യത്തിന്റെയും പാരസ്പര്യത്തില്‍ ജ്ഞാനപീഠികയായി എം.ടി ഉയിര്‍ക്കൊള്ളുന്നു. വിചാരത്തിന്നതീതമായ വികാരാനുഭവ സാക്ഷ്യത്തില്‍ കാല്‍പ്പനിക ഭാവങ്ങളെ വെല്ലുന്ന പാരുഷ്യത്തിന്റെയും പൗരുഷത്തിന്റെയും അഗ്നിമുഖമാണ് ഈ എഴുത്തുകാരന്‍ അനാവരണം ചെയ്യുന്നത്. പൈമ്പാല്‍ പോലെ മധുരമായ കാല്‍പ്പനികതയുടെ സങ്കല്‍പ്പപ്രമാണത്തെയും ലാവണ്യപൂരത്തെയുമാണ് ആ വീക്ഷണമാര്‍ഗ്ഗം തേടിയലയുന്നത്. മനുഷ്യന്‍ തന്നെ ദര്‍ശനമായി സാക്ഷാത്ക്കാരം നേടുന്നെങ്കിലും മാനവതാതീതമായ മനുഷ്യസംസ്‌കൃതി സത്തയുടെ മഹാകാശമാണ് എംടിയുടെ അന്വേഷണവിഷയം.
ഇടശ്ശേരിയും അക്കിത്തവും പയറ്റിത്തെളിഞ്ഞ പൊന്നാനിക്കളരിയുടെ അദൃശ്യചാരുതകള്‍ എംടിയുടെ സര്‍ഗ്ഗരേഖയില്‍ അവിടെവിടെ മിന്നലാട്ടമായുണ്ട്. എംടിയുടെ എഴുത്തിന്റെ രാഷ്ട്രീയത്തെ ഭ്രമാത്മകമാക്കുന്ന താത്ത്വികഘടകങ്ങള്‍ സങ്കീര്‍ണ്ണമായൊരു സാമൂഹ്യവ്യവസ്ഥിതിയുടെ മുഖപടലങ്ങളാണ്. പൊന്നാനിക്കളരി വിഭാവനം ചെയ്യുന്ന ശുദ്ധധര്‍മ്മ സങ്കല്‍പ്പത്തെ ഭാഗികമായി മാത്രമാണ് എംടി സ്വീകരിക്കുന്നത്. ധര്‍മ്മാദര്‍ശ രൂപങ്ങളല്ല ധര്‍മ്മപ്രരൂപങ്ങളാണ് ഈ സ്രഷ്ടാവിന്റെ അസംസ്‌കൃത വസ്തു. ആരാധ്യമെന്ന് ഒന്നിനെയും കരുതുന്നില്ലെങ്കിലും സ്വന്തം തറവാട്ടിലെ മച്ചകത്തമ്മയ്ക്ക് എംടി ആത്മാവില്‍ പീഠമൊരുക്കുന്നു. ധ്യാനാധിഷ്ഠിതമായ ജ്ഞാനാനന്ദ സൂചികയാണത്. എംടിയുടെ അക്ഷരകല അഗ്നിരൂപമായ വചസ്സിന്റെ ദര്‍ശന പ്രകാശമാണ്. ആ സ്വത്വബോധത്തില്‍ ശുദ്ധകാല്പനികതയും ഏകാന്തതാബോധവും അസംതൃപ്തിയും അമര്‍ഷവുമെല്ലാം ലയാത്മകമായ സര്‍ഗ്ഗവീര്യം മാത്രം. വിഷയം മനുഷ്യനും മനുഷ്യപ്രകൃതിയും കാലവും അതീതത്വവും അനാദിയായി ഒഴുകുന്ന ആത്മസന്ദേഹവുമാണ്. എംടി പറയുന്നു ”തിരിഞ്ഞു നോക്കിയപ്പോള്‍ ശൂന്യത മാത്രം. സാഫല്യം എന്നൊക്കെ പറയുന്നത് ആപേക്ഷികമാണ്.” പരന്നൊഴുകുന്ന ഏതോ വിഷാദഗാനത്തിന്റെ നനുത്ത അലയാണ് ആ കലാലാവണ്യത്തിന്റെ ഊര്‍ജ്ജപ്പൊരുള്‍. ജീവിതത്തിന്റെ മുറിപ്പാടുകളും ആജ്ഞേയമായ വേദനകളും നേടാനില്ലാതെ നെയ്യുന്ന സ്വപ്‌നങ്ങളും അമറുന്ന പകയുടെ പുകച്ചിലുകളും അന്യഥാത്വവും സ്‌നേഹവൈവശ്യവും അവിടെ സ്വപ്‌നസന്നിഭമായ തിളക്കത്തിലാണ്. ആത്മവിദ്യയുടെ ഭാവഗീതികളും തരളിത വൈകാരികതയുടെ ആമന്ത്രണവും സംഘര്‍ഷാത്മകമായ താരാട്ടുകളും അവിടെ ഉണര്‍ന്നുയരുന്നു. പൂര്‍ണ്ണപ്രകൃതിയുടെ ആംശികമായ ആത്മപ്രത്യയങ്ങളും സൂക്ഷ്മനീരിക്ഷണ പ്രഹേളികകളും ഈണം പകരുന്ന സമഗ്രദര്‍ശനത്തില്‍ എംടിയുടെ സര്‍ഗ്ഗസമീക്ഷ സൂക്ഷ്മഹൃദയത്തിന്റെ കണ്ണീരൂപ്പായി ഉറയുന്നു.
നാഗരികതയുടെ നിറച്ചാര്‍ത്തുകള്‍ക്ക് സ്ഥാനമുണ്ടെങ്കിലും ഗ്രാമത്തിന്റെ മണ്ണും മനസ്സുമാണ് എംടിയുടെ അന്വേഷണപഥം. സംവേദനത്വത്തിന്റെ ആന്തരികതയില്‍ പൈതൃകസംസ്‌കൃതിയുടെ അന്തര്‍നാദം സൂക്ഷ്മമായി വിലയിക്കുന്നു. ആര്‍ദ്രമായ ധൈഷണിക പ്രഭാവവും ചിന്താക്ലാന്തമായ ജീവിതരംഗ വ്യാഖ്യാനവുമാണ് അവിടെ കൊടിയേറുക. ചെറുകഥയും നോവലും പഠനവും സ്മരണയും യാത്രയും തിരക്കഥയും ലേഖനവും നാടകവും പ്രസ്ഥാനഭേദമില്ലാതെ പ്രകാശിപ്പിക്കുക ആത്മഗന്ധിയായ ജീവനാന്തരീക്ഷവും മാനവനിര്‍വ്വചനങ്ങളും പ്രകൃതിപ്രമാണങ്ങളും ചേര്‍ന്ന ഏകമുഖമായ സത്വപൂര്‍ണ്ണിമയാണ്. ചെറുകഥ കുറിക്കുമ്പോള്‍ കവിയും ചലച്ചിത്രമെഴുതുമ്പോള്‍ കാമുകനും ആഖ്യായികാരചനാ വേളയില്‍ ഭ്രാന്തനുമാണ് എംടി. സര്‍ഗ്ഗകലയുടെ ഉള്ളിടങ്ങളില്‍ വിതയ്ക്കുന്ന ആ മൗനസമാധി അന്തര്‍മുഖത്വത്തിന്റെ മാനമായി ഉള്‍വലിയുന്നു.
‘അറിയാത്ത മഹാരഹസ്യം ഉള്ളിലൊതുക്കിയ സമുദ്രത്തെക്കാള്‍ എനിക്കിഷ്ടം അറിയുന്ന നിളാനദിയാണ്’ എന്നു ഉപദര്‍ശനത്തിലൂടെ മാനവിക ജീവിതത്തിന്റെ സമഗ്രപ്രതിഷ്ഠാപനമല്ല കുഞ്ഞു മനുഷ്യന്റെ അവ്യാഖ്യേയമായ കൊച്ചു ലോകങ്ങളെ കണ്ടെത്തുകയാണ് എഴുത്തുകാരന്‍. മനുഷ്യഹൃദയത്തിന്റെ മായികമായ അന്തര്‍നാദം ആ നിപുണ ശ്രോത്രം സ്വാംശീകരിക്കുന്നു. പ്രതിജനഭിന്നമായ ജീവന കൗതുകങ്ങളെയും സംഘര്‍ഷാത്മകമായ സൂക്ഷ്മ പ്രഹേളികയെയും അത് അനുധാവനം ചെയ്യുന്നു. മരുമക്കത്തായത്തിന്റെ അസ്തമന സൂര്യനിലും ഫ്യൂഡലിസത്തിന്റെ ശിഷ്ടസാമഗ്രിയിലും ആദികാല കഥകള്‍ മുഴുകുന്നുണ്ട്. ചരിത്രത്തെയല്ല അതിന്റെ പരിവേഷഘടകങ്ങളെയാണ് നാടകീയമായി സന്ധിക്കാനും സംവദിക്കാനും കഥാകാരന്‍ ശ്രമിക്കുക. കാഥികന്റെ പണിപ്പുരയില്‍ നിന്ന് കാഥികന്റെ കലയിലേക്കുള്ള പ്രയാണ നിര്‍വ്വഹണമാണത്. വേദനയുടെ വെളിപാടുകളും കണ്ണീരിന്റെ കടച്ചിലുകളും നീറുന്ന നഷ്ടബോധവേവുകളുമെല്ലാം കാല്‍പ്പനികതയുടെ നിറങ്ങളും നിറഭേദങ്ങളുമായി രചനയില്‍ ഭാവഭാഷ്യമൊരുക്കുന്നു.
ഏകാകിയായ ധിക്കാരിയുടെ സന്ത്രാസവും മോഹതാപവുമാണ് എംടിയുടെ മഷി. ആത്മവേദനയെ അറിയുക, ആരായുക, കണ്ടെത്തുക എന്ന യാത്രാപഥം അവിടെ സഫലമാകുന്നു. അപ്പുണ്ണിയും (നാലുകെട്ട്) ഗോവിന്ദന്‍ കുട്ടിയും (അസുരവിത്ത്) സേതുവും (കാലം) സമൂഹത്തിലെ നൂതന മനുഷ്യന്റെ മനവും മാനവും പ്രത്യക്ഷീകരിക്കുന്നുണ്ട്. മനുഷ്യാവസ്ഥകളുടെ സങ്കീര്‍ണ്ണതയും സമസ്തജീര്‍ണ്ണതയും കഥാകാരന്‍ സാമഗ്രിയാക്കുന്നു. പരാജിതരുടെ കരുത്തും കാന്തിയും കാരുണ്യപ്രത്യയങ്ങളും കഥാത്മാവിനെ നയിക്കുന്നുണ്ട്. വേലായുധന്‍ എന്ന ഭ്രാന്തന്‍ (ഇരുട്ടിന്റെ ആത്മാവ്) പോലും സ്വയം തിരിച്ചറിയുന്ന നിമിഷങ്ങള്‍ ദാര്‍ശനിക വൈകാരികതയുടെ പ്രത്യക്ഷചിത്രണമാണ്. ഒരര്‍ത്ഥത്തില്‍ അന്തര്‍ലീനമായ ആസ്തികതയുടെ ഇത്തരം മിന്നലാട്ടം അപൂര്‍വ്വമായേ എംടിയുടെ സാഹിത്യത്തില്‍ ദര്‍ശനീയമാവൂ. അന്തര്‍മുഖത്വവും അറിവുറവകളുമായി സഞ്ചരിക്കാനാണ് എംടിയുടെ പ്രതിഭ നിയോഗിക്കപ്പെടുന്നത്. സമൂഹ ജീവനമന്ദാരങ്ങള്‍ അവിടെ മന്ദഗതിയിലാണ്.
‘കഥ ആത്മാവില്‍ നിന്നൊഴുകുമ്പോള്‍ കവിതയാകുന്നു’ എന്ന് ‘മഞ്ഞി’ല്‍ കുറിക്കുമ്പോള്‍ അബോധാത്മകമായെങ്കിലും ആ സൃഷ്ടിയുടെ മായികപരിവേഷം അടയാളപ്പെടുന്നു. കാത്തിരിപ്പിന്റെയും കാലമായാജാലത്തിന്റെയും ഹിമബിന്ദുക്കളില്‍ മനുഷ്യപ്രകൃതിയുടെ പ്രണയ പ്രതീക്ഷകള്‍ തിടംവെയ്ക്കുന്നു. അനന്തമായ ജീവനലഹരിയുടെ വിഷാദഭരിതമെങ്കിലും പ്രസാദാത്മകമായ മുഖമാണ് വിമല സ്വന്തമാക്കുന്നത്. ‘മഞ്ഞി’ലെ ചരാചരങ്ങളെല്ലാം ഭാവാത്മകമായി മാനവ പ്രകൃതിയുടെ അന്തരംഗം അനുധാവനം ചെയ്യുന്നു. അടക്കിപ്പിടിച്ച് ആലപിക്കുന്ന ഒരനുരാഗ ഗാനം പോലെ ‘മഞ്ഞ്’ എംടിയുടെ രാജശില്പമായി ഉരുകിയൊഴുകുന്നു. ഫ്യൂഡല്‍ ദുഷ്പ്രഭുത്വത്തിന്റെ ഭരതവാക്യമായി ഉയിര്‍കൊളളുന്ന ‘അസുരവിത്തും’ ‘നാലുകെട്ടും’ ‘കാലവും’ ഉണര്‍ത്തുന്ന മാനവധര്‍മ്മസങ്കടങ്ങള്‍ ശില്പവൈഭവത്തില്‍ കാലാതീതമാകുന്നു. ടോള്‍സ്റ്റോയിയും ദസ്തയേവ്‌സ്‌ക്കിയും മാര്‍ക്ക്വേസും എഴുത്തിന്റെ സിരകളില്‍ സര്‍ഗ്ഗവീര്യമാകുമ്പോഴാണ് മാനവമുഖത്തിന്റെ കാണപ്പുറങ്ങളിലേക്ക് എംടി സഞ്ചരിക്കുന്നത്. പ്രാഗ്‌സ്മരണകളുടെ വിചിത്രലോകമായും പുരാണധ്വനിയര്‍ത്ഥങ്ങളുടെ കല്പനാചിത്രണങ്ങളായും കഥകളും ചലച്ചിത്രങ്ങളും രൂപം കൊള്ളുന്നതിന്റെ സര്‍ഗ്ഗരഹസ്യം ഇതുതന്നെയാവണം.
സംഭവങ്ങളുടെ നിറമാലയല്ല അവയ്ക്കുള്ളിലെ നിറവോലുന്ന നിഴല്‍മാലയാണ് എംടിക്ക് പ്രിയം. മനുഷ്യന്റെ സപ്തവ്യസനങ്ങളുടെ ദര്‍ശന ലാവണ്യത്തിലേക്കോ അഗാധമായ ആത്മാന്വേഷണ പ്രവണതകളിലേക്കോ കഥാകാരന്‍ പ്രവേശിക്കുന്നില്ല. ആസ്തിക്യം അബോധത്തിന്റെ അന്തരാളത്തിലേക്ക് വേരൂന്നിയ വാസനയാണ്. ‘വാരാണസി’യും ‘വാനപ്രസ്ഥ’വും പരീക്ഷിച്ചറിഞ്ഞ രൂപശില്പത്തില്‍ മാത്രം അഭിരമിക്കുന്നതിന്റെ കാരണമിതാണ്. ആത്മീയതയുടെ പുറന്തോടിലല്ല ആത്മീയ സ്രോതസ്സിന്റെ ആഗ്നേയ പരിപ്രേക്ഷ്യങ്ങളിലാണ് എംടി പ്രതിഭ സ്‌നാനം ചെയ്യുന്നത്. ഭാവുകത്വപരിണാമത്തിന്റെ നവയത്‌നമാണ് ‘ഷെര്‍ലക്കി’ല്‍ വെളിച്ചമാകുന്നത്. തുടര്‍ന്നുള്ള രചനകളില്‍ ഇതിന്റെ ശക്തിലാവണ്യം ദൃഢമാവുന്നു. ആത്മീയതയുടെ ശീതകിരണങ്ങളില്‍ നിലാസമൃദ്ധി പെയ്യുകയാണ് ‘വാരാണസി’. ജീവന പ്രഹേളികയിലേക്ക് പകരുന്ന ശമനൗഷധമാണത്. ഭൗതികാത്മീയതകള്‍ ഇവിടെ സമന്വയിക്കുന്നുണ്ട്. ഭാരതീയ ദര്‍ശനമായ ആത്മീയഭൗതികങ്ങളുടെ അദ്വൈതം എംടി സാക്ഷാത്ക്കരിക്കുന്നു. ‘വിലാപയാത്ര’ ജീവിതയാനത്തന്റെ അപ്രതിരോധ്യമായ ശക്തിചൈതന്യം നേടിയാണ് അപൂര്‍വ്വതയാവാഹിക്കുന്നത്. സ്‌നേഹ വൈവശ്യത്തിന്റെയും പ്രണയ സങ്കല്‍പ്പമാധുരിയുടെയും മുദ്രചാര്‍ത്തുന്ന രചനകളുണ്ടെങ്കിലും പ്രണയത്തിന്റെ മൂല്യാധിഷ്ഠിത വ്യാഖ്യാനമോ കാലാതീതമായ പൊരുളോ അനുഭൂതിജന്യമായി അടയാളപ്പെടുന്നില്ല. ജീവിതത്തിന്റെ ഇനിപ്പിലെല്ലാം ഒരുനുള്ള് ഉപ്പു ചേര്‍ത്താലേ എംടി സംതൃപ്തനാകൂ. ചവര്‍പ്പിന്റെ ചുണ്ടുകോട്ടലില്‍ എംടി ഒളിപ്പിക്കുന്നത് മധുമന്ദഹാസമാണ്. ‘വാനപ്രസ്ഥം’, ‘ബന്ധനം’, ‘പതനം’, ‘കുട്ട്യേടത്തി’, ‘പാതിരാവും പകല്‍വെളിച്ച’വും എന്നീ കഥകള്‍ ജീവിത വേദാന്തത്തിന്റെ ഉണ്മയിലേക്കുള്ള കനല്‍പ്പാതയാണ്. ‘കുട്ട്യേടത്തി’യിലെ മാളുക്കുട്ടിയും ‘ഇരുട്ടിന്റെ ആത്മാവി’ലെ അച്ചുക്കുട്ടിയും സൗമ്യവികാരത്തിന്റെയും സംഘര്‍ഷ സമസ്യയുടെയും ഛായാചിത്രങ്ങള്‍ മാത്രമായിത്തീരുന്നു. പൂര്‍ണ്ണതയെ നിരാകരിക്കാനല്ല അതിന്റെ ആംശികപ്രതിഫലനങ്ങളെ രേഖപ്പെടുത്താനാണ് യത്‌നം. ‘പഞ്ചാഗ്നി’യിലേയും ‘പരിണയ’ത്തിലെയും നായികാ സങ്കല്‍പ്പം സ്ത്രീ ശാക്തീകരണ സന്ദേശം കൊളുത്തുന്നതിനുള്ള അനന്തമായ സാധ്യതയെ സഫലമാക്കുന്ന ചിത്രാവിഷ്‌ക്കാരമാണ്. ‘വൈശാലി’യും ‘പഞ്ചാഗ്നി’യും ഉണര്‍ത്തിയെടുക്കുന്ന നാരീജന വ്യാകുലതകളും വൈവശ്യവും സ്‌ത്രൈണ വൈകാരികതയുടെ മൂകപ്രാര്‍ത്ഥനകളാകുന്നു. ‘സ്‌നേഹാദരങ്ങളോടെ’, ‘അമ്മയ്ക്ക്’, ചിത്രത്തെരുവുകള്‍’ എന്നീ സ്മരണാഞ്ജലിയില്‍ നിഴലിക്കുന്ന സ്‌നേഹാര്‍ദ്ര ചിത്രങ്ങള്‍ എംടിയുടെ ആര്‍ദ്രവിലാപത്തിന്റെ അശ്രുനേദ്യമാണ്. സ്മരണകള്‍ നിത്യ സ്മാരകമാക്കുന്ന കലാവിദ്യയാണത്. ജീവിതത്തിന്റെ കൊച്ചു നിമിഷങ്ങളില്‍ പൊരുന്നയിരുന്ന് ഓര്‍മ്മകള്‍ വിരിയിച്ചെടുക്കുന്ന കനകാംബരം എംടിയുടെ അക്ഷരസൗരഭമാണ്. ആര്‍ദ്രസ്‌നേഹത്തിന്റെ കര്‍പ്പൂരത്തിരിയായി ‘മഞ്ഞി’ ലെ വിമല ശോഭിക്കുന്നത് ഭൂതകാലാവേശത്തിന്റെ പരിരംഭണത്തിലാണ്. വ്യത്യസ്തമായ രൂപഭാവരചനാശില്പത്തില്‍ തടാകത്തില്‍ തെളിയുന്ന ചന്ദ്രബിംബം പോലെ ശീതകിരണം പൊഴിക്കുകയാണ് ഈ കഥാപാത്രം. ജീവിത കാമനയുടെ സ്വരമേളനമാണ് വിമലയുടെ ഉള്ളില്‍ തരളിതമാകുന്ന പ്രണയം. സര്‍വ്വചരാചരങ്ങളും കാലതീരത്ത് പ്രത്യാശയോടെ കാത്തിരിക്കുകയാണ്. വിലോഭനീയമായൊരു വിസ്മയം പോലെ എംടിയുടെ അക്ഷരശേഖരത്തെ ഈ കഥാപര്‍വ്വം വിമലീകരിക്കുന്നു.
ആധുനികതയുടെ ആദിമുദ്രകളില്‍ പതിയുന്ന അനുധ്യാനവും ഭാഷയുടെ താത്ത്വികതയും മുറിവേറ്റ മനുഷ്യാത്മാവിന്റെ നീറ്റലുകളും ചടുലമായ ആഖ്യാനശൈലിയുടെ ജാഗ്രതയും എംടിയുടെ ശില്പസാമഗ്രിയായി സഞ്ചരിച്ചു. ജനനാന്തര ദുഃഖത്തിനും അസ്തിത്വവിഷാദത്തിനുമപ്പുറം അകൃത്രിമമായ ജീവചോദനയുടെ വ്യഥയും വേപഥുവുമാണ് ആ അക്ഷരാരാധനയുടെ തപസ്ഥലി. മൗനത്തിന്റെ നിസ്തന്ദ്രമായ നിഴലും അതിന്റെ വശ്യമായ ഭാവരാഗതാളങ്ങളും ആ ആഖ്യാനകലയുടെ സംസ്‌കൃതി മൂല്യമാണ്. കണ്ണീരിലൂടെ അനന്തമായ ജീവിതനടനം കാണവേ കാണുന്നവന്റെ കണ്ണില്‍ തെളിയുക മഴവില്ലും അതിനപ്പുറം മൂലപ്രകൃതിയായ മഹാകാശവുമാണ്. അനുഭവങ്ങളുടെ തീക്ഷ്ണമായ പ്രതലങ്ങളും അനുഭൂതിയുടെ ഭാവവൈചിത്ര്യവും തപസ്സമാധിയിലൂടെ പുനഃസൃഷ്ടിക്കുമ്പോഴാണ് മാനവതയുടെ സര്‍ഗ്ഗഭാഷ്യമായി എംടിയുടെ ദര്‍ശന സമീക്ഷ പൂര്‍ണ്ണത നേടുന്നത്. ആത്മാവിലേക്ക് നോക്കി എഴുതുമ്പോഴാണ് എംടി എഴുത്തില്‍ സമഗ്രാധിപത്യം നിറവേറുന്നത്. സമൂഹത്തെ അല്പം മാറിനിന്ന് മാത്രം നിരീക്ഷിച്ചാണ് അദ്ദേഹം സാമൂഹ്യമാനങ്ങളും ഇതിവൃത്തവും സ്വാംശീകരിക്കുക. ഏകാകിയുടെ അന്തര്‍മണ്ഡലം ഏകാന്തവേളയില്‍ തുറന്നിടുമ്പോഴാണ് എംടിയില്‍ ആശയനക്ഷത്രങ്ങള്‍ ഉദിക്കുക. ആത്മാവിന്റെ കിളിവാതിലിലൂടെ അകക്കണ്ണില്‍ വിരിയുന്ന വൈവിധ്യപ്രപഞ്ചമാണ് ആ ആഖ്യാനത്തിന്റെ നിഴലും നിലാവും. മിത്തും പുരാണങ്ങളും സ്മൃതികളും സ്വപ്‌നപ്പഴമകളും ഐതിഹ്യങ്ങളും ഇതിഹാസസങ്കല്‍പ്പങ്ങളുമെല്ലാം എംടിയുടെ ഇതിവൃത്ത മേഖലയിലുണ്ടെങ്കിലും അവയുടെ ആത്മാവിനെ സ്പര്‍ശിച്ചറിയുന്നതിനപ്പുറം അതിന്റെ മറിച്ചെഴുത്തിലൂടെ യുക്തിയുടെയോ മനസ്സിന്റെയോ അനുഭവതലത്തില്‍ വ്യാഖ്യാനിക്കുകയും ജീവിതത്തിന്റെ തനതു സന്ദര്‍ഭമായി കഥാനുഭൂതി പകരുകയുമാണ്. ‘വൈശാലി’യും ‘വടക്കന്‍ വീരഗാഥ’യും ‘പെരുന്തച്ചനും’ ‘പഴശ്ശിരാജ’യും തിരക്കഥാ രൂപത്തില്‍ പ്രതീകങ്ങളുടെ കലയാകുന്നു. ‘രണ്ടാമൂഴ’മാകട്ടെ മറുപാഠത്തിന്റെ രചനാതന്ത്രത്തില്‍ ദര്‍ശനപരമായ ലാവണ്യം നേടിയില്ല. മഹേതിഹാസത്തെ ‘ഗോത്രസംസ്‌കൃതിയാവിഷ്‌ക്കാരം’ മാത്രമായി സ്വീകരിച്ച് മൂല്യനിര്‍ണ്ണയം ചെയ്യുമ്പോഴാണ് ഭാവഭദ്രതയുടെ മിഴിവ് നഷ്ടപ്പെടുന്നത്. ഏകനായ മനുഷ്യന്റെ ദൈന്യതയും അപകര്‍ഷതയും പകക്കനലും അനാഥത്വവും ധര്‍മ്മവേഷവും അവസരനിഷേധവും സൂക്ഷ്മാല്‍ സൂക്ഷ്മമായി ഭീമനിലൂടെ ആവിഷ്‌കൃതമാകുന്നുണ്ട്.
കൊടുങ്കാറ്റായി ചീറുമ്പോഴും ഉള്ളില്‍ ഉണരുന്നത് മര്‍മ്മരം മാത്രമാണെന്ന കാവ്യാത്മകമായ ധ്വനിചിന്ത മനഃശാസ്ത്രാവബോധത്തോടെയാണ് അവതരിപ്പിക്കുന്നത് ”ഭീമന്റെ സ്വഭാവം അയാളുടെ തന്നെ ഒരു പ്രശ്‌നമാണെന്ന് കണ്ടെത്തുമ്പോഴാണ് ആഖ്യായികയുടെ രചനാമുഹൂര്‍ത്തമെന്ന് എംടി പറയുന്നു. ഭീമന്റെ ‘വായുപുത്രന്‍’ എന്ന പിതൃസ്ഥാന സങ്കല്‍പ്പത്തെ വ്യാഖ്യാനമുറയില്‍ തച്ചുടയ്ക്കാനാണ് എംടിയുടെ ശ്രമം. ”കൊടും കാട്ടില്‍ നിന്നദ്ദേഹം കയറി വന്നു. ചങ്ങലയഴിഞ്ഞ ചണ്ഡമാരുതനെപ്പോലെ പേരറിയാത്ത ഒരു കാട്ടാളന്‍” എന്ന ‘സത്യവാങ്മൂല’മാണ് കഥാകാരന്റെ സാക്ഷ്യപത്രം. കര്‍ണ്ണന്റെയും യുധിഷ്ഠിരന്റെയും ‘പുതുപിതാക്കന്മാരെ’യും എംടി കണ്ടെത്തുന്നുണ്ട്. മിത്തിനെ വിത്തായി സ്വീകരിക്കാം. വിത്ത് മുച്ചൂടും കരിച്ചുകളയുക രചനാ സ്വാതന്ത്ര്യമാവില്ല. മിത്തിന്റെ നവീനസൃഷ്ടി സാമൂഹ്യാവബോധത്തിന്റെ നൈതികതയില്‍ ഉയിരെടുക്കാനുള്ള ഉണ്മയായ് മാറേണ്ടതുണ്ട്. കാലസ്ഥലികളുടെ അവ്യാഖ്യേയമായ ശ്രേണീതലം എംടിയുടെ ഓരോ രചനാഭൂപടത്തിലും രേഖീയമാവുന്നു. കാലഘട്ടത്തിന്റെ സ്വത്വപ്രമാണങ്ങളും തനതുകേരളീയ മുദ്രകളും നാടോടിത്തവും ആഖ്യാനത്തിന്റെ പരിച്ഛേദതലങ്ങളില്‍ പ്രകടമാകുന്നുണ്ട്. കാവ്യബിംബങ്ങള്‍ പോലെ തനതാവിഷ്‌ക്കാരങ്ങളില്‍ കടന്നുവരുന്ന ബിംബസങ്കല്‍പ്പങ്ങള്‍ എംടിയുടെ സാഹിത്യസര്‍വ്വസ്വത്തില്‍ കാന്തികവലയം സൃഷ്ടിക്കുന്നു. ഇമേജുകളുടെ സങ്കല്പന വൈവിധ്യവും രൂപകങ്ങളുടെ നിയതക്രമങ്ങളും ബിംബാവലികളുടെ ശയ്യയും ലാവണ്യസൂചകമായ കല്പനകളും സംക്ഷേപണകലയും ആ സര്‍ഗ്ഗാന്തരീക്ഷത്തിന്റെ മിഴിയും മൊഴിയുമായി മാറുന്നു. മിതമായും കര്‍ക്കശമായും വാക്കിന്റെ ഉജ്ജീവന വിദ്യയെ ഉജ്ജ്വലിപ്പിക്കുകയാണ് ആ ആഖ്യാനതന്ത്രം.
മലയാള ചെറുകഥയുടെ നവസംവേദനത്വത്തിന്റെ നാന്ദീപമുഖമാണ് എംടി. എഴുത്തിന്റെ നാന്മുഖനായി നാനാശാഖയിലും സന്തര്‍പ്പണം ചെയ്ത ആ അക്ഷരകലയെ മറ്റൊരെഴുത്തുകാരനും ഭാവാത്മകമായി സ്പര്‍ശിക്കാനാവില്ല. ആത്മ സ്വത്വത്തിന്റെ ദര്‍ശനവൈഖരിയായ ഓ.വി.വിജയനും ഭ്രമാത്മക ജീവിതത്തിന്റെ ലാവണ്യപഥത്തില്‍ സഞ്ചരിച്ച മാധവിക്കുട്ടിയും പരിവര്‍ത്തനനാദമായി എംടിയെ അനുധാവനം ചെയ്യുന്നു. കാക്കനാടനും മുകുന്ദനും കോവിലനും വി.കെ.എന്നും വ്യത്യസ്ത മാര്‍ഗ്ഗാവലംബികളായാണ് അവരുടെ സ്വത്വം നിലനിര്‍ത്തിയത്. ഐതിഹാസികമായ ഉണ്മയും ഊര്‍ജ്ജസ്പന്ദങ്ങളും എംടി സ്വാംശീകരിക്കുന്നുണ്ടെങ്കിലും പൈതൃകപ്പൊലിമയിലോ പ്രകൃതിയുടെ പൂര്‍ണ്ണതാ സങ്കല്‍പ്പത്തിലോ അഭിരമിക്കുന്നില്ല. തനിക്ക് പ്രിയങ്കരനായ ഹെമിങ്ങ്‌വേയുടെ മനസ്സും മാനവും അബോധപൂര്‍വ്വമെങ്കിലും ഈ പ്രതിഭയുടെ ദര്‍ശനപഥം വിപുലമാക്കുന്നു. ജന്മായത്തമായ ഒരുതരം സാക്ഷീഭാവമോ നിര്‍മമത്വമോ എംടിയുടെ സ്വത്വത്തെ ചൂഴ്ന്നു നില്‍പ്പുണ്ട്. ഇതുകൊണ്ടത്രെ ഖണ്ഡനവിമര്‍ശം എംടിയില്‍ ഏശാതെ പോകുന്നത്.
വാക്കിന്റെ മധുവിദ്യയാണ് എംടിയുടെ സര്‍ഗ്ഗകല. മൗനത്തിന്റെ ഒരല പ്രകാശപ്പൊലിമയോടെ ആ അക്ഷര നക്ഷത്രത്തിന് കാവലായുണ്ട്. കവിതയുടെ നിസ്തന്ദ്രമായ നീരൊഴുക്കാണ് അതിന്റെ സത്യശിവസൗന്ദര്യം. ശോകസാന്ദ്രതയുടെ നനുത്തചിറകില്‍ ഒഴുകുന്ന രാപ്പാടിയാണ് എംടിയുടെ കഥാക്ഷരി. ആത്മനിഷ്ഠമായ ജീവിതദര്‍ശനത്തിന്റെ താളസ്വരമാണ് അവിടെ മുഴങ്ങുന്നത്.