‘വ്യത്യസ്ത ഭൂഭാഗങ്ങള്‍ തേടി ഞാനലയാറുണ്ട്. പലപ്പോഴും. പക്ഷേ വീണ്ടും വീണ്ടും ഞാന്‍ ഇവിടേക്ക് തന്നെ തിരിച്ചുവരുന്നു. ഇതൊരു പരിമിതിയാവാം. അറിയാത്ത ആഴങ്ങളെ ഗര്‍ഭത്തില്‍ വഹിക്കുന്ന സമുദ്രങ്ങളേക്കാള്‍ അറിയുന്ന എന്റെ നിളാനദിയെയാണ് എനിക്കിഷ്ടം.’ എംടിയുടെ ഏറെ പ്രശസ്തമായ പ്രഖ്യാപനമാണിത്. എം.ടിയുടെ രചനാലോകത്തിലേക്കുള്ള നല്ല കിളിവാതിലാണ് ഈ വാക്യങ്ങള്‍. അറിയാത്തതിനെ ക്ലേശിച്ച് എത്തിപ്പിടിച്ച് എഴുതുകയല്ല, അറിഞ്ഞതിനെ ആത്മമുദ്രചാര്‍ത്തി വൈകാരിക തീക്ഷ്ണതയോടെ കാവ്യാത്മകമായി ഹൃദയരക്തത്തില്‍ അലിയിപ്പിച്ച് ദൃശ്യവത്കരിക്കുകയായിരുന്നു എം.ടിയിലെ കൃതഹസ്തനായ പെരുന്തച്ചന്‍.
കേരളീയതയുടെ ദേശാഖ്യാനങ്ങളായിരുന്നു എം.ടിയുടെ മിക്ക രചനകളും. സംസ്‌കാരത്തിന്റെ മഹാധമനിയായ നിളാനദിയുടെ മഹിതപാരമ്പര്യവും നൈര്‍മല്യവും എംടിയുടെ രചനകളില്‍ പ്രാണജലമായി എന്നും സന്നിഹിതമായിരുന്നു. തനിക്ക് അജ്ഞാതമായ ഭാവനയുടെയും വിശാല സമുദ്രങ്ങളിലേക്ക് തോണിയിറക്കി ദുരന്തം സ്വയം ഏറ്റുവാങ്ങുവാന്‍ എം.ടി ഒരിക്കലും തയ്യാറായിട്ടില്ല. തന്റെ വള്ളവും വലയും കൃത്യമായി ഉപയോഗിച്ച് പ്രാദേശിക സംസ്‌കൃതിയിലേക്കും ദേശീയ സംസ്‌കൃതിയിലേക്കും സ്വാഭാവികമായ ഗതിവേഗത്തോടെ തുഴഞ്ഞെത്തി വായനക്കാര്‍ക്ക് പ്രിയങ്കരനായിത്തീരുകയായിരുന്നു എം.ടി. സ്വന്തം പരിമിതികളറിഞ്ഞുള്ള ഈ സാഹിതീയയാത്ര, ഉയര്‍ന്ന പൈങ്കിളിസാഹിത്യസഞ്ചാരം മാത്രമാണെന്ന് വിമര്‍ശിച്ചവരുണ്ട്. എന്നാല്‍ അത് തെറ്റായ ചിന്തയുടെ ഉത്പന്നമായിരുന്നു. എം.ടി.പതിവുപൈങ്കിളി സാഹിത്യത്തിന്റെ ജനപ്രിയചേരുവകളല്ല തന്റെ രചനകളില്‍ ഇഴപാകിയത്. സമൂഹത്തിന്റെ ആഴക്കാഴ്ച കളും വിഷാദവും പ്രണയവും ഏകാന്തതയും സ്വകഥാപാത്രങ്ങളുടെ മനോഘടനയിലലിയിച്ചു ചേര്‍ത്തു കൊണ്ട് എം.ടി മലയാളിസമൂഹത്തിന്റെ വായനയുടെ വിസ്തൃതിയാണ് വര്‍ധിപ്പിച്ചത്. അതുവഴി സാഹിത്യകലയുടെ ജനപ്രിയതയാണ് വര്‍ധിപ്പിച്ചത്.
ദുരൂഹതയുടെ പൊടിക്കാറ്റുപടര്‍ത്താതെയും അനാവശ്യ പരീക്ഷണങ്ങളില്‍ അഭിരമിക്കാതെയും എം.ടി സൃഷ്ടിച്ച കലാശില്‍പങ്ങള്‍ വായനക്കാരുടെ ധൈഷണികതയോടല്ല, അവരുടെ ഹൃദയങ്ങളോടാണ് എക്കാലവും സംവദിച്ചത്. അപൂര്‍വ്വം എഴുത്തുകാര്‍ക്ക് മാത്രം സാധ്യമാകുന്ന വിധം ഭാഷയെ ഭാവഭദ്രതയോടെ മഹാനായ ഈ എഴുത്തുകാരന്‍ ഉപയോഗിച്ചു. അനാവശ്യമായ ഒരു വാക്കോ ചിഹ്നമോ പോലും ആ ഭാഷാസ്വരൂപത്തില്‍ നിന്ന് കണ്ടെടുക്കാനാവില്ല. മൗനത്തിന്റെ അര്‍ത്ഥഗാംഭീര്യവും നോവിന്റെ വേവും നഷ്ടപ്രണയത്തിന്റെ കാന്തിയും ഭ്രാന്തമായ ജീവിതസങ്കല്‍പങ്ങളും എം.ടി തൊട്ടറിഞ്ഞു, ശേഷം അക്ഷരങ്ങളിലൂടെ വായനക്കാര്‍ക്ക് അനുഭവവേദ്യമാക്കി.
മലയാളിയുടെ സാമൂഹ്യ ജീവിതത്തെയും രാഷ്ട്രീയ സാമൂഹിക വ്യവസ്ഥയെയും ആഴത്തില്‍ രേഖപ്പെടുത്തിയ കഥാകാരന്‍ കൂടിയാണ് എം.ടി വാസുദേവന്‍ നായര്‍. ഫ്യൂഡലിസത്തിന്റെ തകര്‍ച്ചയും ഒരു ജനതയുടെ പരിഭ്രാന്തമായ മാനസികാവസ്ഥയും പുതിയ ലോകത്തിന്റെ താപനിലയും തന്റെ നോവലുകളിലൂടെയും കഥകളിലൂടെയും എംടി അനുപമമായി ചിത്രീകരിച്ചപ്പോള്‍ മലയാളി അതില്‍ അവന്റെ ആത്മചരിത്രം ദര്‍ശിച്ചു. ആധുനികതയിലേക്ക് മലയാള കഥയെയും നോവലിനെയും നയിച്ചത് യഥാര്‍ത്ഥത്തില്‍ എം.ടിയായിരുന്നു. ഈ യാഥാര്‍ത്ഥ്യം വൈകിയാണ് പലരും അംഗീകരിച്ചത്. ഒറ്റപ്പെട്ടുപോയ മനുഷ്യരുടെ നിരാലംബജീവിതത്തെ ഇത്രമേല്‍ ആര്‍ദ്രതയോടെ മറ്റൊരു എഴുത്തുകാരനും ഭാഷയില്‍ ആവിഷ്‌കരിച്ചിട്ടില്ല.
എം.ടി എന്ന രണ്ടക്ഷരം മലയാളികളുടെ സര്‍ഗഭാവനയുടെ മാന്ത്രിക മുദ്രയായി, പര്യായമായി മാറിയിട്ട് അനേകം പതിറ്റാണ്ടുകളായി. ആധുനികതയുടെയും ഉത്തരാധുനികതയുടെയും കൊടുങ്കാറ്റ് വീശിയപ്പോഴും അതിന് മാറ്റമുണ്ടായിട്ടില്ല.
ചന്തുവിന്റെയും ഭീമന്റേയും ഉണ്ണിയാര്‍ച്ചയുടെയും ദ്രൗപദിയുടെയും സേതുവിന്റെയും അപ്പുണ്ണിയുടെയും വിമലയുടെയും വൈശാലിയുടെയും, പെരുന്തച്ചന്റെയും ഭ്രാന്തന്‍ വേലായുധന്റെയും കുട്ട്യേടത്തിയുടെയും ഗോവിന്ദന്‍കുട്ടിയുടെയും ഭാവാന്തരങ്ങളില്‍ അഭിരമിച്ചാണ് തലമുറകള്‍ വളര്‍ന്നുവന്നത്. പുനര്‍ നിര്‍മ്മിതിയുടെയും അട്ടിമറിയുടെയും സാധ്യതകള്‍ എംടിയോളം ഉപയോഗപ്പെടുത്തിയ കഥാകാരന്മാരും നമുക്കധികമില്ല.
സവര്‍ണ്ണതയുടെയും വരേണ്യതയുടെയും വള്ളുവനാടന്‍ ഗൃഹാതുരതയുടെയും ആഖ്യാനങ്ങളായി എംടിയുടെ രചനകള്‍ ആക്ഷേപിക്കപ്പെട്ടിട്ടുണ്ട്. അത്തരം വാദങ്ങള്‍ ഉയര്‍ന്നപ്പോഴും എംടി പതറാതെ തന്റെ വഴി സ്വയം ചെത്തിക്കോരി മുന്നേറി.
എംടിയുടെ സംവിധാനമികവിലും തിരക്കഥാചാതുരിയിലും പ്രകാശിച്ച എത്രയോ സിനിമകള്‍ പിറന്നിട്ടുണ്ട്. അഭ്രപാളിയില്‍ അദ്ദേഹം അളന്നുകുറിച്ചിട്ട സ്ത്രീ കഥാപാത്രങ്ങളുടെ തനിമയും കരുത്തും മറക്കാനാകുമോ മലയാളികള്‍ക്ക്? പഞ്ചാഗ്‌നിയിലെ ഇന്ദിരയും, വടക്കന്‍ വീരഗാഥയിലെ ഉണ്ണിയാര്‍ച്ചയും പരിണയത്തിലെ ഉണ്ണിമായയും അവരില്‍ മുന്നിട്ടുനില്‍ക്കുന്നു. അത്രയധികം ഗൃഹപാഠം ചെയ്താണ് തിരക്കഥയുടെ പണിപ്പുരയില്‍ എംടി തന്നെത്തന്നെ സമര്‍പ്പിച്ചത്. അതിവിപുലമായ ഗ്രന്ഥപരിചയവും ജീവിത നിരീക്ഷണപാടവവും എംടിയുടെ എഴുത്തിനെ സചേതനമാക്കിയ ഘടകങ്ങളാണ്.
കാലവും നാലുകെട്ടും അസുരവിത്തും വാരാണസിയും രണ്ടാമൂഴവും മഞ്ഞും മലയാളനോവല്‍ ചരിത്രത്തിന്റെ അഭിന്നഘടകങ്ങളായി എന്നുമെന്നും നിലനില്‍ക്കും. വാനപ്രസ്ഥവും ഷെര്‍ലക്കും പെരുമഴയുടെ പിറ്റേന്നും കല്പാന്തവും കഥയുടെ മികച്ച മാതൃകയായി കാലാതിവര്‍ത്തിയായി എന്നെന്നും വെളിച്ചം വിതറുക തന്നെ ചെയ്യും. കാഥികന്റെ പണിപ്പുര എന്ന കൃതി, കഥയില്‍ പ്രവര്‍ത്തിക്കുന്നവരുടെ കൈപ്പുസ്തകമായി എന്നും സുപ്രതിഷ്ഠമാവുമെന്നും ഉറപ്പാണ്. കണ്ണാന്തളിപ്പൂക്കളും നിളയും വള്ളുവനാടും കൂടല്ലൂര്‍ ഗ്രാമവും നാളെ ഇല്ലാതായാലും എംടിയുടെ രചനകളിലൂടെ അവയെ വരുംതലമുറ അടുത്തറിയും. എംടിയുടെ ലേഖനങ്ങളും യാത്രാവിവരണങ്ങളും ഇനി വരുന്ന തലമുറക്ക് ജീവിതയാത്രയിലെ പാഥേയമാകുമെന്ന കാര്യത്തിലും സംശയമില്ല. എഴുത്തുകാരന്റെ അഭിപ്രായ ധീരത എന്നും നിലനിര്‍ത്തിയ സാംസ്‌കാരിക പ്രവര്‍ത്തകന്‍ എന്ന നിലയിലും എംടി ആദരണീയനാണ്. കേരളത്തില്‍ നിലനില്‍ക്കുന്ന ഫാസിസ്റ്റ് സമീപനരീതികളെ കെഎല്‍എഫ് വേദിയില്‍ വച്ച് പരസ്യമായി സമീപകാലത്ത് വിമര്‍ശിക്കുവാന്‍ തയ്യാറായ എംടി, എഴുത്തുകാരന്‍ എക്കാലവും നിലകൊള്ളേണ്ടത് സൗവര്‍ണ പ്രതിപക്ഷത്താണെന്ന് നട്ടെല്ല് വളയാതെ പ്രഖ്യാപിക്കുകയായിരുന്നു. എഴുത്തുകാരന്റെ അന്തസ്സ് ഉയര്‍ത്തിയ ഈ നിലപാട് പലരുടെയും ഉറക്കം കെടുത്തുന്നതായിരുന്നു. തപസ്യ ഏര്‍പ്പെടുത്തിയ മഹാകവി അക്കിത്തം പ്രഥമപുരസ്‌കാരം എം.ടി ഏറ്റുവാങ്ങിയത് തനിക്ക് നേരെ അസഹിഷ്ണുതാവാദികളുടെ വിമര്‍ശനശരങ്ങള്‍ ഉയരുമെന്ന നല്ല അറിവോടുകൂടി തന്നെയായിരുന്നു. തപസ്യ സംഘടിപ്പിച്ച മഹാകവി അക്കിത്തം സപ്തതി ആഘോഷത്തിന്റെ രക്ഷാധികാരിയായി പ്രവര്‍ത്തിച്ച എംടിക്ക് തപസ്യയുടെ കര്‍മശുദ്ധിയെക്കുറിച്ച് നല്ല ബോധ്യമുണ്ടായിരുന്നു. അക്കിത്തത്തിന്റെ പേരിലുള്ള പുരസ്‌കാരം അദ്ദേഹത്തിന്റെ വസതിയില്‍ ചെന്ന് തപസ്യാപ്രവര്‍ത്തകര്‍ സമര്‍പ്പിച്ച ധന്യസന്ദര്‍ഭം ഇത്തരുണത്തില്‍ ഓര്‍ത്തു പോകുന്നു. തെളിഞ്ഞു കത്തുന്ന നിലവിളക്കിനെ സാക്ഷി നിര്‍ത്തി, സരസ്വതീവിഗ്രഹത്തിനും അക്കിത്തത്തിന്റെ ഛായാചിത്രത്തിനും സമീപത്ത് ഇരുന്ന് കൈകൂപ്പി ക്കൊണ്ടാണ് എംടി പുരസ്‌കാരം ഏറ്റുവാങ്ങിയതും മനസ്സു നിറഞ്ഞ് സംസാരിച്ചതും. മഹാകവി അക്കിത്തത്തിന്റെ ഛായാചിത്രം തനിക്ക് നല്‍കാമോ എന്ന് എം.ടി ചോദിച്ചതും ആദരവോടെ അത് ഏറ്റുവാങ്ങിയതും മറക്കാനാവില്ല. രണ്ടാമൂഴത്തെക്കുറിച്ചും എംടിയുടെ ചില രാഷ്ട്രീയ അഭിപ്രായങ്ങളെക്കുറിച്ചും നമുക്ക് വിയോജിപ്പുണ്ടാവാം. എംടി അദ്ധ്യക്ഷനായ തിരൂര്‍ തുഞ്ചന്‍പറമ്പിലെ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളോടും നമുക്ക് എതിര്‍പ്പുണ്ടാവാം. അത്തരം എതിര്‍പ്പുകള്‍ സ്വാഭാവികമാണ്. എന്നാല്‍ എംടിയുടെ സാഹിതീയ – ചലച്ചിത്രമണ്ഡലങ്ങളിലെ സമുജ്വലസംഭാവനകളെ വിസ്മരിക്കുവാന്‍ ആര്‍ക്കുമാവില്ല. ഒരു യുഗാന്ത്യമാണ് എംടിയുടെ നിര്യാണത്തോടെ സംഭവിച്ചിട്ടുള്ളത്. മലയാള ഭാഷയുടെ ഒരു പുണ്യകാലമാണ് അസ്തമിച്ചത്. പ്രിയപ്പെട്ട എംടീ, അങ്ങയുടെ മൃതശരീരം അഗ്‌നി ഏറ്റുവാങ്ങിയെങ്കിലും അക്ഷരങ്ങള്‍ കൊണ്ട് അങ്ങ് പടുത്തുയര്‍ത്തിയ പ്രകാശഗോപുരങ്ങള്‍ കാലാഗ്‌നിക്ക് ഭസ്മീകരിക്കാനാവില്ല. ശ്രദ്ധാഞ്ജലി.
(കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പന്‍ കോളേജ് മലയാള ഗവേഷണവിഭാഗം മേധാവിയും തപസ്യ സംസ്ഥാന വൈസ് പ്രസിഡന്റുമാണ് ലേഖകന്‍)