”ലോകാഃ സമസ്താഃ സുഖിനോ ഭവന്തു” (ലോകത്തുള്ള സമസ്ത ജീവജാലങ്ങളും സുഖമായിരിക്കട്ടെ) എന്നതാണ് ഭാരതത്തിന്റെ സാംസ്‌കാരിക പൈതൃകത്തിന്റെ – സനാതന ധര്‍മ്മത്തിന്റെ – ആത്യന്തിക ലക്ഷ്യം. ഈ ലക്ഷ്യം സാക്ഷാത്കരിക്കാനുള്ള മാര്‍ഗ്ഗങ്ങളാണ് മറ്റെല്ലാ ഭാരതീയ ശാസ്ത്രങ്ങളും ദര്‍ശനങ്ങളും. സര്‍വ്വരെയും സര്‍വ്വതിനെയും ഉള്‍ക്കൊള്ളുന്ന ഒരു ചിന്താസരണി. ഈയൊരു സാംസ്‌കാരിക പശ്ചാത്തലത്തില്‍ ജന്മംകൊണ്ട ഗാന്ധിമാര്‍ഗ്ഗത്തിന്റെയും ലക്ഷ്യം മറ്റൊന്നല്ല. സര്‍വ്വോദയം അല്ലെങ്കില്‍ ‘””Greatest or atleast the minimum happiness of all” (ഭൂരി മോദം ഭൂരി സുഖം) എന്നതാണ് ഗാന്ധിമാര്‍ഗ്ഗത്തിന്റെ ലക്ഷ്യം. അങ്ങിനെ ഒരേ ലക്ഷ്യത്തിലേക്കുള്ള മാര്‍ഗ്ഗങ്ങളായ ഭാരതീയ സാംസ്‌കാരിക പൈതൃകത്തെയും ഗാന്ധി മാര്‍ഗ്ഗത്തെയും താരതമ്യം ചെയ്തു നോക്കിയാല്‍ ഇവ രണ്ടും വ്യത്യസ്തങ്ങളായ രണ്ടു മാര്‍ഗ്ഗങ്ങളല്ല ഒന്നുതന്നെയാണെന്നു കാണുവാന്‍ വലിയ പ്രയാസമുണ്ടാകുമെന്നു തോന്നുന്നില്ല.
എന്നാല്‍ ഭാരതീയ സംസ്‌കാരത്തെയും ഗാന്ധിമാര്‍ഗ്ഗത്തെയും പരസ്പരം ബന്ധമില്ലാത്ത രണ്ട് ചിന്താപദ്ധതികളായാണ് ഇന്ന് പൊതുവെ കണ്ടു വരുന്നത്. നമ്മുടെ സാംസ്‌കാരിക പൈതൃകത്തെ ഉള്‍ക്കൊള്ളാനുള്ള ശേഷി ദീര്‍ഘ കാലം കൊണ്ട് നമുക്ക് നഷ്ടപ്പെടുകയും വൈദേശികാധിപത്യം നമ്മെ ഓജസ്സറ്റവരാക്കി മാറ്റുകയും ചെയ്തതോടെ നാം അസ്വതന്ത്രരായിത്തീര്‍ന്നു. അതുകൊണ്ടുതന്നെ സ്വാതന്ത്ര്യലബ്ധിക്കു ശേഷം നമുക്ക് സ്വയം നിര്‍ണ്ണയാവകാശം ലഭ്യമായപ്പോള്‍ നാം നമ്മുടെ സാംസ്‌കാരിക മൂല്യങ്ങള്‍ക്കപ്പുറം ഭൗതിക മൂല്യങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്ന ഒരു പുതിയ സമൂഹമായിത്തീര്‍ന്നു. സ്വാതന്ത്ര്യ സമരകാലത്തുപോലും കുറേയെങ്കിലും ഒറ്റച്ചരടില്‍ കോര്‍ത്തു നിര്‍ത്തുവാന്‍ നമ്മെ സഹായിച്ചത് ഗാന്ധിജിയുടെ സത്യ, അഹിംസാ ധര്‍മ്മങ്ങളിലൂന്നിയുള്ള പരിപാടികളും ബാലഗംഗാധര തിലകന്റെ ഇന്നും നിലനില്‍ക്കുന്ന സാര്‍വ്വജനിക ഗണേശോത്സവവും, സ്വാമി ദയാനന്ദ സരസ്വതിയുടെ ആര്യസമാജവും, രാജാറാം മോഹന്റോയിയുടെ ബ്രഹ്മസമാജവും പോലുള്ള ധാര്‍മ്മിക സ്ഫുലിംഗങ്ങളായിരുന്നു. സ്വത്വം നഷ്ടപ്പെട്ട് സുഖസുഷുപ്തിയിലാണ്ട ഒരു സമൂഹത്തെയാണ് ഗാന്ധിജി തന്റെ ധാര്‍മ്മികതയുടെ ലളിതമായ വ്യാഖ്യാനങ്ങളിലൂടെ ഉണര്‍ത്തുവാന്‍ ശ്രമിച്ചത്. ആ ധാര്‍മ്മികതയുടെ പിന്‍ബലമായിരുന്നു ഗാന്ധിജിയുടെ സ്വാതന്ത്ര്യ സമരങ്ങളുടെ വിജയ രഹസ്യവും.
എന്നാല്‍ 1947-ല്‍ നമുക്ക് ഭരണ സ്വാതന്ത്ര്യം ലഭിച്ചുവെങ്കിലും നാം നമ്മുടെ ജീവിതത്തില്‍ നിന്ന് ഗാന്ധിജിയുടെ പ്രവൃത്തി മാര്‍ഗ്ഗത്തിന്റെ അടിസ്ഥാനമായിരുന്ന ധാര്‍മ്മികതയുടെ മൂല്യത്തെ ഉപേക്ഷിച്ചു. അങ്ങിനെ നാം വീണ്ടും അടിമത്തത്തിലേക്കു തലകുത്തി വീണു. അങ്ങിനെയുള്ള ഒരു പശ്ചാത്തലത്തില്‍ വളര്‍ന്നു വന്ന പുതിയ തലമുറക്ക് ഗാന്ധിമാര്‍ഗ്ഗം അന്യമാകുന്നതില്‍ അത്ഭുതത്തിനു കാര്യമില്ല. ഗാന്ധി മാര്‍ഗ്ഗത്തെ ശരിയായി ഉള്‍ക്കൊണ്ട മഹാത്മാക്കളുടെ പിന്‍മുറക്കാരായോ തങ്ങള്‍ നേടിയ സാംസ്‌കാരിക സമ്പാദ്യത്തിന്റെ ബഹിര്‍സ്ഫുരണമായോ ഗാന്ധിമാര്‍ഗ്ഗത്തിലേക്ക് അല്ലെങ്കില്‍ നമ്മുടെ സനാതനമായ സാംസ്‌കാരിക ഭൂമികയിലേക്ക് എത്തിപ്പെട്ട എണ്ണത്തില്‍ കുറവായ ധിഷണാശാലികളെ പ്രപഞ്ചത്തിന്റെ നിലനില്‍പ്പിന് കാരണക്കാരായി ആദരിക്കുക തന്നെ വേണം. കാരണം സര്‍വ്വത്ര അശാന്തിയും അക്രമവും വളര്‍ന്ന് മനുഷ്യന്‍ മനുഷ്യനേയും പ്രകൃതിയേയും സര്‍വ്വ ജീവജാലങ്ങളേയും നശിപ്പിക്കുന്ന ഈ ലോകത്തില്‍ നിലനില്‍പ്പിനുതകുന്ന ഒരേയൊരു നിവൃത്തി മാര്‍ഗ്ഗമാണ് ഈ ചിന്താസരണിയില്‍ നിന്നുയരുന്ന ജീവിതം. അങ്ങനെയുള്ള ജീവിതമാണ് മനുഷ്യനെ പൂര്‍ണ്ണതയിലേക്കെത്തിക്കുന്നത്. അങ്ങിനെയുള്ള വ്യക്തിത്വങ്ങള്‍ക്കു മാത്രമേ ലോകസമാധാനത്തിന് വഴിയൊരുക്കാനാവൂ.
അത്തരം വ്യക്തിത്വപൂര്‍ണ്ണതയ്ക്ക് സമഗ്രമായ വളര്‍ച്ച ആവശ്യമാണ്. വ്യക്തിത്വത്തിന്റെ എല്ലാ തലങ്ങളുടെയും വികാസം. ജ്ഞാനശക്തിയുടെയും ഇച്ഛാശക്തിയുടെയും ക്രിയാ ശക്തിയുടെയും വികാസം. അവിടെ വ്യക്തിത്വത്തിന്റെ ഭൗതിക തലത്തോടൊപ്പം മാനസിക തലത്തിന്റെയും വളര്‍ച്ച അത്യാവശ്യമാണ്. നമ്മുടെ മാത്രമല്ല മറ്റുള്ളവരുടെയും ജീവിതത്തെ സര്‍വ്വോല്‍കൃഷ്ടമാക്കാനുള്ള ശക്തി നമ്മുടെ ഉള്ളില്‍ത്തന്നെയുണ്ട്. നമ്മുടെ ഉള്ളില്‍ ഒളിഞ്ഞു കിടക്കുന്ന ഈ ശക്തിയെ കണ്ടെത്തുവാനും വളര്‍ത്തുവാനുമുള്ള കഴിവും നമുക്കുണ്ട്. നാം ശീലിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്ന മാനസിക ഭാവങ്ങളാണ് നമ്മുടെ വ്യക്തിത്വത്തെ നിര്‍ണ്ണയിക്കുന്നത് എന്നാണ് ശാസ്ത്രമതം. നമ്മുടെ മനസ്സില്‍ രൂപപ്പെട്ടു വരുന്ന അനുകൂലവും പ്രതികൂലവുമായ ചിന്തകളെ സൂക്ഷ്മമായി നിരീക്ഷിച്ച് സ്വയം അടങ്ങാനനുവദിക്കുക വഴി നമുക്ക് നമ്മുടെ വ്യക്തിത്വത്തെത്തന്നെ മാറ്റിമറിക്കാനാകും. നമ്മുടെ മാനസിക ദൗര്‍ബ്ബല്യം നിമിത്തം നാം വിട്ടുവീഴ്ചക്കു തയ്യാറാകുമ്പോള്‍ നമ്മുടെ ജീവിതം സത്യസന്ധമല്ലാതായിത്തീരുന്നു. ഈ രീതിയില്‍ അവനവന്റെ ആന്തരിക പ്രവര്‍ത്തനം സ്വയം അറിഞ്ഞ് മനസ്സിനെ ശാന്തമാക്കുന്നതിലൂടെ അല്ലെങ്കില്‍ ഏതെങ്കിലുമൊരു ആദര്‍ശത്തിന്റെയോ, ആശയത്തിന്റെയോ, വിശ്വാസത്തിന്റെയോ സ്വാധീനത്തില്‍ പെട്ടുപോകാതെ അവനവന്‍ അവനവനെ ഭരിക്കുന്നതിലൂടെ മാത്രമേ മനുഷ്യന് ഉല്‍കൃഷ്ടത കൈവരിക്കാന്‍ സാധിക്കൂ. വ്യക്തിയുടെ ഉല്‍കൃഷ്ടതയിലൂടെ മാത്രമേ ലോകത്തിന്റെ ഉല്‍കൃഷ്ടത സാധ്യമാകൂ. ഈ ചിന്താമാര്‍ഗ്ഗമാണ് ഭാരതീയ സംസ്‌കാരത്തിന്റെയും ഗാന്ധി ചിന്തയുടെയും കാതല്‍.
ഏതു പേരിലറിയപ്പെട്ടാലും ‘സര്‍വ്വോദയ’മെന്ന ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും തങ്ങളുടെ പ്രവൃത്തിപഥത്തില്‍ കാര്യമായ പുരോഗതി കൈവരിക്കാന്‍ സാധിച്ചിട്ടില്ലെന്നുള്ളതാണ് വാസ്തവം. ഗാന്ധിജിയുടെ പിന്‍മുറക്കാരെന്ന് സ്വയം പ്രഖ്യാപിച്ചവര്‍ അദ്ദേഹത്തിന്റെ ചിത്രം ചട്ടക്കൂട്ടിലാക്കി അതിനു ചുവട്ടിലിരുന്ന് ഗാന്ധിമാര്‍ഗ്ഗത്തിനു വിരുദ്ധമായ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നു. ഗാന്ധിമാര്‍ഗ്ഗത്തിന്റെ പ്രചോദനമുള്‍ക്കൊണ്ട് ആ പാത പിന്‍തുടര്‍ന്ന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവര്‍ പോലും സാംസ്‌കാരികലോപം മൂലമുള്ള പ്രതിസന്ധി ഘട്ടം വരുമ്പോള്‍ ചൈതന്യഹീനരായി ഉള്‍വലിയുന്നതായാണ് കാണപ്പെടുന്നത്. ഇതിന്റെയെല്ലാം അനന്തര ഫലമാണ് ഇന്ന് സര്‍വ്വ മേഖലകളിലും നടമാടുന്ന അക്രമവും അഴിമതിയും തീവ്രവാദവും അനീതിയും.
തുറന്നു പറഞ്ഞാല്‍ വര്‍ഗ്ഗീയമെന്നു ചിത്രീകരിക്കപ്പെട്ടേക്കുമെന്ന ഭയാശങ്ക കൊണ്ടോ തുറന്ന മനസ്സോടെ സമീപിക്കാത്തതുകൊണ്ടോ അധികമാരാലും ശ്രദ്ധിക്കപ്പെടാതെയും ഗൗരവമായി ചര്‍ച്ച ചെയ്യപ്പെടാതെയും വിശകലനം ചെയ്യാതെയുമിരിക്കുന്ന ഗാന്ധി മാര്‍ഗ്ഗത്തിന്റെയും ഭാരതീയ സംസ്‌കാരത്തിന്റെയും ആത്മചൈതന്യം വെളിവാക്കുവാനും ഉള്‍ക്കൊള്ളുവാനും ഇത്തരത്തിലൊരു പഠനം സമൂഹസ്‌നേഹികളെ സഹായിച്ചേക്കും.
സംസ്‌കാരം
സംസ്‌കാരം എന്നാല്‍ സംസ്‌കരിക്കപ്പെട്ട, ശുദ്ധീകരിക്കപ്പെട്ട ഒരു ജീവിത രീതി അല്ലെങ്കില്‍ ജീവിത മാതൃക എന്ന മട്ടിലാണ് പൊതുവെ മനസ്സിലാക്കപ്പെട്ടിരിക്കുന്നത്. വൈദേശിക ചിന്താരീതികള്‍ക്കനുസരിച്ച് അത് ഭൗതിക ജീവിതരീതിക്കനുയോജ്യമായ പരിഷ്‌കാരം എന്ന അര്‍ത്ഥത്തിലാണ് കൂടുതല്‍ പ്രയോഗിച്ചുവരുന്നത്. അങ്ങനെ ശുദ്ധീകരിക്കപ്പെട്ടതെന്ന് സമൂഹത്തില്‍ അംഗീകരിക്കപ്പെട്ട ജീവിത രീതിയാണ് ആചാരങ്ങളായും അനുഷ്ഠാനങ്ങളായും മാറുന്നത്. എന്നാല്‍ സംസ്‌കാരത്തിന് അതിനപ്പുറമുള്ള അര്‍ത്ഥ തലങ്ങളുണ്ട് എന്ന് വ്യക്തമാണ്. എത്ര ശുദ്ധീകരിക്കപ്പെട്ട ജീവിതരീതിയും പരിഷ്‌കാരവും കാലത്തിന്റെ-തലമുറകളുടെ മാറ്റത്തിനനുസരിച്ച് ജീവിത സാഹചര്യങ്ങളുടെ സ്വാധീനത്തില്‍പ്പെട്ട് അനാചാരങ്ങളും അപരിഷ്‌കാരവുമായി രൂപാന്തരപ്പെടുന്നതും സമൂഹത്താല്‍ തിരസ്‌കരിക്കപ്പെടുന്നതും കാണാവുന്നതാണ്. എന്നാല്‍ സംസ്‌കാരത്തിന് സനാതനമായ, അനശ്വരമായ, ഒരു സത്തയുണ്ട്. ആ അനശ്വരത തന്നെയാണ് ഭാരതീയ സംസ്‌കാരത്തെ മാറ്റമില്ലാതെ എന്നെന്നും നിലനിര്‍ത്തുന്നതും.
സംസ്‌കാരത്തിന്റെ അപരിമേയത
സംസ്‌കാരത്തിന്റെ ഈ അപരിമേയത ഉള്‍ക്കൊള്ളാന്‍ ഇന്ന് ബഹുഭൂരിപക്ഷം പേര്‍ക്കും സാധിക്കുന്നില്ല എന്നുള്ളത് നമ്മുടെ ചിന്താശേഷിയുടെ പോരായ്മയായി കാണേണ്ടതാണ്. കാരണം നാം ഒന്നിലും ആഴത്തിലേക്കു പോകാന്‍ ആഗ്രഹിക്കുന്നില്ല. താത്കാലികമായ പരിഹാരങ്ങളാണ് നാം തെരഞ്ഞെടുക്കുന്നത്. അവിടെയാണു നമുക്കു വഴി തെറ്റുന്നതും. നമ്മുടെ കര്‍മ്മങ്ങളിലെ ഈ ചിന്താശൂന്യതയാണ് നമ്മുടെ നിലനില്‍പ്പിനെത്തന്നെ അപകടത്തിലാക്കുന്നതും. എന്നാല്‍ ഭാരതീയമായ ചിന്തകളെല്ലാം പ്രപഞ്ചത്തിന്റെ നിലനില്‍പ്പില്‍ ഊന്നിയുള്ളതായിരുന്നു. ”സര്‍വ്വ ജന സുഖായ സര്‍വ്വ ജന ഹിതായ”, ”സര്‍വ്വേപി സുഖിന സന്തു: സര്‍വ്വേ സന്തു നിരാമയ”എന്ന രീതിയിലായിരുന്നു ഭാരതീയ ചിന്ത.
ആ രീതിയില്‍ നിരാമയമായ ജീവിതത്തിനുതകുന്ന ജീവിതമൂല്യങ്ങളാണ് സംസ്‌കാര ഭൂമികയായി ധിഷണാശാലികളായ ഭാരതീയര്‍ ചിന്തിച്ചെടുത്തത്. മനുഷ്യനെ ആഴത്തില്‍ പഠിച്ച ഭാരതീയന്‍ മനുഷ്യന്റെ ചിന്തകള്‍ക്ക് ഭൗതികമായ തലത്തിനപ്പുറം മാനസികമായൊരു തലം കൂടിയുണ്ടെന്ന് മനസ്സിലാക്കി. ഭൗതിക തലം മനുഷ്യനെ താത്കാലിക സുഖങ്ങളിലേയ്‌ക്കേ എത്തിക്കൂ എന്നും മാനസികതലമാണ് വിവേകത്തിലേയ്‌ക്കെത്തിക്കുന്നതെന്നും കണ്ടെത്തിയ അവര്‍ മാനസിക തലത്തിലുള്ള പ്രവര്‍ത്തനം അതിപ്രധാനമാണെന്നും കണക്കാക്കി. ചിന്തയിലൂടെയാണ് മനുഷ്യന്‍ കര്‍മ്മത്തിലേയ്‌ക്കെത്തിച്ചേരുന്നത്. എന്നാല്‍ നിമിഷം തോറും ആയിരക്കണക്കിനു ചിന്തകളാണ് മനസ്സില്‍ ഉടലെടുക്കുന്നത്. മനസ്സിനെ ചപലപ്രകൃതിയായ കുരങ്ങിന്റെ പ്രകൃതത്തിലൂടെയാണ് ഭാരതീയ പൗരാണികര്‍ ഉദാഹരിച്ചത്. ചപലപ്രകൃതിയായ കുരങ്ങ് മദ്യം കുടിച്ചു. മദ്യം കുടിച്ച കുരങ്ങിന് ഭ്രാന്തും പിടിപെട്ടു. ഭ്രാന്തന്‍ കുരങ്ങിനെ തേളും കുത്തി. ഇങ്ങനെയുള്ള കുരങ്ങിനെ പിശാചും ബാധിച്ചു. ഇതാണ് മനസ്സിന്റെ സ്ഥിതി. ചിന്തകളാണ് മനസ്സിനെ നിര്‍മ്മിക്കുന്നത്. ചിന്തകള്‍ സംഭരിക്കപ്പെട്ടിരിക്കുന്നത് മനസ്സിലാണ്. ചിന്തകളെങ്ങനെയോ അങ്ങിനെയാണ് മനസ്സും. അനുകൂലവും വിപരീതവുമായ ചിന്തകളുണ്ടാകുന്നു. ചിന്തകള്‍ ശുദ്ധമായാല്‍ മനസ്സു ശുദ്ധമാകും. ചിന്തകള്‍ മലിനമായാല്‍ മനസ്സും മലിനമാകും. മലിനമായ മനസ്സില്‍ നിന്നും രൂപപ്പെട്ട് പ്രവൃത്തി പഥത്തിലേയ്‌ക്കെത്തുന്ന കര്‍മ്മങ്ങളും വികലമായിത്തീരുന്നു. ഈ വൈകല്യങ്ങളെ തിരിച്ചറിയാനും ഉപേക്ഷിക്കാനുമുള്ള കഴിവാണ് വിവേകം. വിവേകം മനുഷ്യനെ ധിഷണയിലേയ്‌ക്കെത്തിക്കുന്നു. ഇങ്ങനെ സ്വയം സംസ്‌കരിക്കപ്പെട്ട മനുഷ്യന്റെ ആന്തരിക ഭാവമാണ് വ്യക്തി സംസ്‌കാരം. ഇങ്ങനെയുള്ള വ്യക്തി സംസ്‌കാരത്തിന്റെ സമഷ്ടി രൂപമാണ് സംസ്‌കാരം(സംസ്‌കൃതി) എന്ന് വ്യവഹരിക്കപ്പെടുന്നത്.
ആ രീതിയില്‍ ധിഷണാശാലികളായ വ്യക്തികളെ സൃഷ്ടിച്ച് അവരിലൂടെ സംസ്‌കാര സമ്പന്നമായ ഒരു ലോകത്തെ സൃഷ്ടിക്കുകയെന്നതാണ് ഭാരതീയ സംസ്‌കാരത്തിന്റെ ദൗത്യം. അതിലൂടെ മാത്രമേ പ്രപഞ്ചത്തിന്റെയും മനുഷ്യവര്‍ഗ്ഗത്തിന്റെ തന്നെയും നിലനില്‍പ്പ് സാദ്ധ്യമാകയുള്ളൂ എന്നതാണ് ആത്യന്തികമായ സത്യം. ഭാരതത്തെ സംബന്ധിച്ചിടത്തോളം മതത്തിന്റെ കാതലെന്നറിയപ്പെടുന്ന ആദ്ധ്യാത്മികത ഈയൊരു ചിന്താധാരയില്‍ നിന്നുയര്‍ന്നുവന്നതാണ്. എന്നാല്‍ വൈദേശിക ഭൗതിക സംസ്‌കാരത്തിന്റെ കടന്നുകയറ്റം ആദ്ധ്യാത്മിക മൂല്യശോഷണത്തിനും വഴിവച്ചു. ധിഷണാശാലികളായ വ്യക്തിത്വങ്ങളുടെ എണ്ണത്തിലും സാരമായ കുറവു വന്നു. എന്നാല്‍ ഒരു കാര്യം അറിയാനുള്ളത് എത്ര ശോഷിച്ചാലും ഭാരതത്തിന്റെ സംസ്‌കാരിക പാരമ്പര്യം ഒരിക്കലും ഇല്ലാതാവുകയില്ല. കാരണം ലോകത്തിന്റെ നിലനില്‍പ്പിന് അതാവശ്യമാണ്. ഈയൊരു വീക്ഷണകോണിലൂടെ നോക്കുമ്പോഴാണ് ഭാരതീയ സംസ്‌കാരത്തിന്റെ അപരിമേയത മനസ്സിലാക്കാനാകുക. ആത്യന്തിക ‘സത്യ’മെന്നപോലെ തന്നെ ആത്യന്തികമായതാണ് സംസ്‌കാരവും. വ്യക്തിയുടെ സംസ്‌കൃതമായ മനസ്സാണ് സംസ്‌കാരത്തിലേക്കെത്തിക്കുന്നത്. ഇതു തന്നെയല്ലേ ഭാരതീയ ആത്മീയതയുടെ അടിസ്ഥാന ഗ്രന്ഥങ്ങളില്‍ മുഖ്യമായതില്‍ ഒന്നെന്ന് എണ്ണുന്ന ഭഗവദ്ഗീതയും പറയുന്നത്. ”യത്ര യോഗേശ്വര കൃഷ്‌ണോ യത്ര പാര്‍ത്ഥോ ധനുര്‍ദ്ധര: തത്ര ശ്രീ വിജയോ ഭൂതി ധ്രുവാ നീതിര്‍ മതിര്‍ മമ: എന്നു പറഞ്ഞാണ് ഭഗവദ്ഗീത അവസാനിക്കുന്നത്. എവിടെയാണോ യോഗേശ്വരനായ കൃഷ്ണനുള്ളത്, എവിടെയാണോ ധനുര്‍ദ്ധരനായ അര്‍ജ്ജുനനുള്ളത് അവിടെ ഐശ്വര്യം, വിജയം, എന്നുവേണ്ട സകലതും ഉണ്ടാകും. ഇവിടെ കൃഷ്ണനെന്നത് വിവേക പൂര്‍ണ്ണമായ ആന്തരിക ശക്തിയും അര്‍ജ്ജുനനെന്നത് കര്‍മ്മശക്തിയുമാണ്. ഇന്നത്തെ നമ്മുടെ സകല പരാജയങ്ങള്‍ക്കും കാരണം ഈ ആന്തരിക ശക്തിയുടെ അഭാവമല്ലേയെന്ന് ചിന്തിക്കുവാനായാല്‍ പ്രശ്‌ന പരിഹാരത്തിനെളുപ്പമാകും.
അങ്ങനെ ആത്മശക്തിയും കര്‍മ്മശക്തിയും വളര്‍ന്ന, വിവേകിയായ, സംസ്‌കാര സമ്പന്നനായ, വ്യക്തിക്കു മാത്രമേ സഹജീവികളെ തന്നോടൊപ്പം കാണാനാകൂ. സഹജീവികളെ നമ്മോടൊപ്പം കാണാനായാല്‍ മാത്രമെ സമൂഹം നിലനില്‍ക്കുകയുള്ളൂ. ആ ഒരു നിലപാടില്‍ നിന്നുകൊണ്ടു വേണം ഭാരതീയ സംസ്‌കാരത്തെ പരിശോധിക്കുവാന്‍. എന്നാല്‍ ഇന്ന് നാഗരികമായ പരിഷ്‌കാരത്തെയാണ് സംസ്‌കാരമായി പരിഗണിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ ഭാരതീയ സംസ്‌കാരത്തിന്റെ പ്രഭവസ്ഥാനമെന്നറിയപ്പെടുന്ന ഭാരതത്തില്‍ തന്നെ ഭാരതീയ സംസ്‌കാരത്തിനൊരു വിശദീകരണം ആവശ്യമായി വന്നിരിക്കുന്നു.
ഭാരതീയ സംസ്‌കാരം
ഭാരതീയ സംസ്‌കാരം സനാതനമായാണ് അറിയപ്പെടുന്നത.് ഇത് എവിടെ തുടങ്ങി ആര് അവതരിപ്പിച്ചു എന്നുള്ളതിന് വ്യക്തവും കൃത്യവുമായ യാതൊരു പ്രമാണവുമില്ല. ചരിത്രത്തോളം പ്രാചീനത അവകാശപ്പെടുകയും ചെയ്യാം. നാശത്തിലേക്കു നയിക്കുന്നതൊന്നും അതില്‍ കാണ്മാനില്ല. എന്നാല്‍ നിലനില്‍പ്പിനുതകുന്നതെല്ലാം ഉണ്ടുതാനും. എങ്ങിനെ ഉരുത്തിരിഞ്ഞു വന്നതായാലും സംസ്‌കൃതചിത്തരുടെ ചിന്തയില്‍ നിന്നുയര്‍ന്നതാണെന്നുറപ്പ്. അത്രയും സമഗ്രമാണത്. അതുകൊണ്ടുതന്നെ അത്തരം വികസിതമായ ചിത്തമാണ് ഭാരതീയ സംസ്‌കാരത്തിന്റെ മൂലപ്രകൃതി എന്നു വേണം കരുതാന്‍. അത് ഇന്നു നിലനില്‍ക്കുന്നതുപോലുള്ള ഒരു മതവുമല്ല. അനവധി മതങ്ങള്‍ അവയുടെ മൂലരൂപത്തില്‍ ഇതില്‍ കാണാം. ഇതില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊണ്ടുകൊണ്ട് ഭാരതത്തില്‍ ഉടലെടുത്ത പല മതങ്ങളുടെയും സത്തൈക്യം ഇതില്‍ കാണുന്നതുകൊണ്ടാകാം ഹിന്ദു മതം എന്നപേരില്‍ ഇത് തെറ്റായി വ്യവഹരിക്കപ്പെടുന്നത്. നിലനില്‍പ്പിനാവശ്യമായതുകൊണ്ട് ഇത് സനാതനമായിത്തന്നെ നിലനില്‍ക്കുകയും ചെയ്യും. ഹിന്ദുമതമെന്ന പ്രായേണ ചുരുങ്ങിയ പേരിനപ്പുറം ‘സനാതനധര്‍മ്മ’മെന്ന വിശാലമായ പേരാണ് ഭാരതീയ സംസ്‌കാരത്തിന് യോജിക്കുന്നത്.
മനുഷ്യന്റെ ഉത്ക്കര്‍ഷമാണ് ഭാരതീയ സംസ്‌കാരത്തിന്റെ ലക്ഷ്യം. ഭാരതീയ ചിന്താധാരയുടെ ആത്മാവായി എടുത്തു കാണിക്കുന്നത് ബ്രഹ്മമെന്നോ, ഈശ്വരനെന്നോ, മറ്റെന്തെങ്കിലുമായോ പ്രതിപാദിച്ചു വരുന്ന ആത്യന്തിക സത്യമാണ്. ഈ ആത്യന്തിക സത്യത്തിന്റെ സ്ഫുലിംഗങ്ങളാണ് പ്രപഞ്ചത്തിലുള്ള സര്‍വ്വതും. മണ്ണ്, കല്ല്, മുതലായവയും വൃക്ഷലതാദികളും പക്ഷിമൃഗാദികളും മനുഷ്യനും എല്ലാം. ഇതില്‍ മണ്ണ്, കല്ല്, മുതലായ അജൈവ വസ്തുക്കള്‍ക്ക് അസ്തിത്വം മാത്രമേയുള്ളൂ. വൃക്ഷലതാദികള്‍ക്ക് അസ്തിത്വത്തോടൊപ്പം പ്രാണനും ഉണ്ട്. പക്ഷി മൃഗാദികള്‍ക്കാകട്ടെ അസ്തിത്വത്തോടും പ്രാണനോടുമൊപ്പം വിശപ്പും ദാഹവും തീര്‍ക്കുവാനുള്ള ഉപായം തേടുവാനുള്ള ബുദ്ധിവിശേഷം കൂടിയുണ്ട്. മനുഷ്യനാകട്ടെ ഇവയോടൊപ്പം വിശേഷ ബുദ്ധി കൂടിയുണ്ട്.
ഈ വിശേഷ ബുദ്ധിയുടെ സഹായം കൊണ്ടാണ് മനുഷ്യന്‍ സംതൃപ്തിയും സമാധാനവും നിറഞ്ഞ ആനന്ദം അനുഭവിക്കുന്നത്. ഈ ആനന്ദത്തിന് ലൗകികമായി നാം അനുഭവിക്കുന്ന സുഖത്തിനുമപ്പുറമുള്ളൊരു അസ്തിത്വമുണ്ട്. ലൗകികമായി നാം അനുഭവിക്കുന്ന സുഖങ്ങളെല്ലാം ക്ഷണഭംഗുരമാണ്. അത് ദീര്‍ഘകാലം നിലനില്ക്കുന്നതല്ല. അനുഭവിക്കുന്നതോടുകൂടിത്തന്നെ ദു:ഖവും വന്നുചേരുന്നു. അതേസമയം പാരത്രിക സുഖം ശാശ്വതമാണ്. കാരണം അതിന് അവശേഷിപ്പുകളുണ്ടാകുന്നില്ല. അവിടെ സ്വയം അനുഭവിക്കുക എന്നതു മാത്രമേയുള്ളൂ. മറ്റാരെയും ബാധിക്കുന്നതുമല്ല. അത് നമ്മെ വിട്ടുപോകുന്നില്ല. ശാന്തമായ മനസ്സോടുകൂടിയിരുന്ന് ലൗകികതയില്‍ നിന്നുകൊണ്ടുതന്നെ ഈ ആനന്ദം അനുഭവിക്കാനാകും. അവിടെയാണ് സമാധാനമുണ്ടാകുന്നത്. ഈ പാരത്രിക ആനന്ദാനുഭവങ്ങളാണ് നമ്മെ വിവേകത്തിലേക്കു നയിക്കുന്നത്. അങ്ങനെ നമ്മുടെ ചിന്തയും പ്രവൃത്തിയും വിവേകപൂര്‍ണ്ണമാകുമ്പോള്‍ അത് ധിഷണയിലേക്കെത്തിക്കുന്നു. ധിഷണ ജ്ഞാനമാണ്. അങ്ങനെ ജ്ഞാനിയായ, സംസ്‌കാര പൂര്‍ണ്ണനായ മനുഷ്യനാണ് ആത്യന്തിക സത്യവും ഞാനും തമ്മില്‍ വേര്‍തിരിവില്ലെന്നു തിരിച്ചറിയുന്നത്. ആ വേര്‍തിരിവില്ലാതാകുമ്പോഴാണ് പരമാനന്ദാനുഭൂതി ലഭ്യമാകുന്നത്. ഇത് അമാനുഷമായൊരു കര്‍മ്മ പദ്ധതിയൊന്നുമല്ല. ചിന്തകള്‍ ശുദ്ധമായാല്‍ മതി. ചിന്തകള്‍ ശുദ്ധമാകുമ്പോള്‍ മനസ്സും ശുദ്ധമാകും. അപ്പോള്‍ ഞാനെന്നും എന്റേതെന്നുമുള്ള ഭേദഭാവങ്ങള്‍ ഇല്ലാതാകും. മറ്റുള്ളവരെ പരിഗണിക്കുന്ന മനസ്സുള്ളവരാകും. മലിനമായ മനസ്സില്‍ നിന്ന് വളര്‍ന്നു വരുന്ന അഹങ്കാര-ഞാനെന്ന ഭാവമാണ് മനുഷ്യനെ ദു:ഖത്തിലേക്കു നയിക്കുന്നത്. അഹങ്കാരത്തില്‍ നിന്ന് അഹംബോധ-ഞാന്‍ ആരാണെന്നുള്ള ബോധം-ത്തിലേക്ക് എത്തണം. അങ്ങനെ ശുദ്ധമായ മനസ്സിലൂടെ വ്യക്തിയെ വളര്‍ത്തി പരമമായ വൈഭവത്തിലേക്കെത്തിക്കുകയാണ് ഭാരതീയ സംസ്‌കാരത്തിന്റെ ലക്ഷ്യം.
സംസ്‌കാരവും മതവും
സംസ്‌കാരവും മതവും ഒന്നായി വ്യവഹരിക്കപ്പെടുന്നുണ്ടെങ്കിലും ഒന്നായി കാണാനാകുകയില്ല. മതങ്ങള്‍ ആത്യന്തിക സത്യത്തിലേക്കുള്ള വ്യത്യസ്തങ്ങളായ പന്ഥാവുകളാണ്. മതത്തില്‍ അഭിപ്രായ ഭേദങ്ങളുണ്ടാകാം, അപചയങ്ങളുണ്ടാകാം. കാരണം അത് ആത്യന്തിക സത്യത്തെ കണ്ടെത്താന്‍ സത്യാന്വേഷകര്‍ കണ്ടെത്തുന്ന വഴികളാണ്. സത്യമാര്‍ഗ്ഗത്തില്‍ എല്ലാവര്‍ക്കും ഒരേ വഴിയായിരിക്കുകയില്ല. എല്ലാവര്‍ക്കും ഒരു വഴി തന്നെ തെരഞ്ഞെടുക്കാനുമാകില്ല. വ്യക്തിയുടെ മനോവികാസത്തിനനുസരിച്ച് വഴികളും വ്യത്യസ്തമായിരിക്കും. അതേസമയം അവനവന് യോജിച്ച വഴി അവനവന് തെരഞ്ഞെടുക്കുകയുമാകാം. ഇതൊന്നും കൂടാതെ ഒരു പുതിയ വഴി വെട്ടിത്തുറക്കുകയുമാകാം. എന്നാല്‍ എല്ലാ വഴികളും എത്തിച്ചേരുന്നത് മനോവികാസത്തിലൂടെ സംസ്‌കരിക്കപ്പെട്ട, പ്രപഞ്ചത്തിലെ സര്‍വ്വതിനെയും ഒരുപോലെ പരിഗണിക്കുന്ന, ഒന്നായിക്കാണുന്ന, ഒരു മനോഗതിയിലേക്കാണ്. തുടര്‍ന്നങ്ങോട്ട് ഒരേ മനോഭാവത്തോടെ മുമ്പോട്ടു പോകുന്ന സനാതനമായ ജീവിതരീതിയിലേക്കാണ്. അങ്ങനെ ആത്യന്തിക സത്യത്തിനടുത്തെത്തി നില്‍ക്കുന്ന, ഈ പ്രപഞ്ചത്തിന്റെ തന്നെ നിലനില്‍പ്പിനു കാരണമാകുന്ന, ബാഹ്യമായ അടിച്ചേല്‍പ്പിക്കലില്‍ നിന്നോ ചിട്ടപ്പെടലില്‍നിന്നോ ഉണ്ടാകാതെ മനസ്സാക്ഷിയുണര്‍ന്നുണ്ടായ ജീവിതക്രമമാണ് സംസ്‌കാരം. ഈയൊരു കാഴ്ചപ്പാടില്‍ നിന്നാണ് എല്ലാ മതങ്ങളുേടയും ഉത്ഭവവും. അതുകൊണ്ടാണ് സംസ്‌കാരവും മതവും ഒന്നായി വ്യവഹരിക്കപ്പെടുന്നത്. എന്നാല്‍ പിന്‍തുടരുന്നവരുടെ മനോവികാസത്തിനനുസരിച്ച് മതങ്ങളില്‍ മാറ്റങ്ങളുണ്ടാകാം, അപചയങ്ങളുണ്ടാകാം. അതില്‍ പലപ്പോഴും ഉള്ളുണരാതെയുള്ള ശീലപ്പെടലുകള്‍ ഉണ്ടായിവരും. അതാണ് ആചാരങ്ങളെ അന്ധമായി പിന്‍തുടരുമ്പോഴുണ്ടാകുന്നത്.
ഗാന്ധിജിയെപ്പോലുള്ള മഹാത്മാക്കള്‍ സംസ്‌കാരത്തെയും യഥാര്‍ത്ഥ മതത്തെയും ഒന്നായാണ് വ്യവഹരിച്ചിരുന്നത്. കാരണം അവര്‍ സര്‍വ്വ മതങ്ങളെയും മനുഷ്യന്റെ ആത്മവികാസത്തിനുള്ള വ്യത്യസ്തങ്ങളായ മാര്‍ഗ്ഗങ്ങള്‍ മാത്രമായാണ് കണ്ടിരുന്നത്. അതുകൊണ്ടുതന്നെ അവരെ സംബന്ധിച്ചിടത്തോളം മതങ്ങള്‍ തമ്മിലുള്ള അഭിപ്രായഭേദങ്ങള്‍ അനാവശ്യമാണ്. ഇന്നുകാണുന്ന തരത്തിലുള്ള മതഭ്രാന്തിനെയും സങ്കുചിതത്വത്തെയും അവര്‍ മതത്തിന്റെ കുഴപ്പമായല്ല മതവിശ്വാസങ്ങളിലുണ്ടായ അപചയമായാണ് കണ്ടത്.
മതങ്ങള്‍ ഗാന്ധിജിയുടെ കാഴ്ചപ്പാടില്‍
മതത്തെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായാണ് ഗാന്ധിജി കണ്ടത്. കാരണം ധാര്‍മ്മികതയില്ലാത്ത ജീവിതം നാശത്തിലേക്കേ എത്തിപ്പെടൂ എന്നദ്ദേഹം മനസ്സിലാക്കി. സാമാന്യ ജനങ്ങളുടെ ജീവിതത്തില്‍ ധാര്‍മ്മികത കൊണ്ടുവരുവാന്‍ മതത്തിനാകുമെന്ന് അദ്ദേഹം കണ്ടെത്തി.
അദ്ദേഹം പറഞ്ഞു.
” മതമില്ലാതെ ഒരു മനുഷ്യനും ജീവിക്കാന്‍ വയ്യ. യുക്തിശീലരെന്ന അഹന്ത വച്ചു പുലര്‍ത്തുന്ന ചിലയാളുകള്‍ തങ്ങള്‍ക്കു മതവുമായി യാതൊരു ബന്ധവുമില്ലെന്നു പ്രഖ്യാപിക്കാറുണ്ട്. അത് ഒരു മനുഷ്യന്‍ ശ്വസിക്കുന്നുണ്ടെങ്കിലും തനിക്കു മൂക്കില്ലെന്നു പറയുംപോലാണ്. യുക്തിയുടെയോ വാസനയുടെയോ അന്ധവിശ്വാസത്തിന്റെയോ എന്തിന്റെ പേരിലായാലും ശരി മനുഷ്യന്‍ തനിക്കും ഈശ്വരനും തമ്മില്‍ എന്തോ ഒരു ബന്ധമുണ്ടെന്ന് അംഗീകരിക്കുക തന്നെ ചെയ്യുന്നു. അതിരൂക്ഷമായ നാസ്തികത്വമോ നിരീശ്വരവാദമോ വച്ചുപുലര്‍ത്തുന്നവര്‍ പോലും ഒരു ധാര്‍മ്മിക നിയമം ആവശ്യമാണെന്നു സമ്മതിക്കുന്നുണ്ട്. അത് അനുസരിക്കുന്നതു നല്ലതാണെന്നും അനുസരിക്കാതിരിക്കുന്നതില്‍ എന്തോ പിശകുണ്ടെന്നും അവര്‍ അംഗീകരിക്കുന്നു. ബ്രാഡ്‌ലായുടെ നിരീശ്വരവാദം പ്രസിദ്ധമാണല്ലോ. അദ്ദേഹം തന്റെ ഏറ്റവും ആന്തരമായ ഈ വിശ്വാസം എല്ലായ്‌പ്പോഴും പ്രഖ്യാപിച്ചിട്ടുണ്ട്. അങ്ങനെ സത്യം തുറന്നുപറഞ്ഞതിന് അദ്ദേഹത്തിന് ഒട്ടേറെ വൈഷമ്യങ്ങള്‍ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. എങ്കിലും അതിലദ്ദേഹത്തിനു സന്തോഷമേ തോന്നിയിട്ടുള്ളൂ. സത്യത്തിന്റെ പ്രതിഫലം സത്യം തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. സത്യനിഷ്ഠകൊണ്ടുണ്ടാകുന്ന ആഹ്‌ളാദം അദ്ദേഹം അറിയുകയും ചെയ്തു. ആ ആഹ്‌ളാദം തീരെ ലൗകികമല്ല. ഈശ്വരനുമായുള്ള സമ്പര്‍ക്കത്തില്‍നിന്നാണത് ഉടലെടുക്കുന്നത്. അതുകൊണ്ടാണ് മതവുമായി യാതൊരു ബന്ധവുമില്ലെന്നു പ്രഖ്യാപിക്കുന്നയാള്‍ പോലും മതമില്ലാതെ ജീവിക്കുന്നില്ല, അതിനയാള്‍ക്കു കഴിയുകയില്ല എന്നു ഞാന്‍ പറഞ്ഞത്.” (യംഗ് ഇന്ത്യ 21-7-1920 (Young India, My Religion p.4) തത്ത്വചിന്തയും മതവും പേജ്- 447, കേരള ഗാന്ധി സ്മാരക നിധി പ്രസിദ്ധീകരണം.)
എന്താണു മതമെന്നു ഗാന്ധിജി പറഞ്ഞിരിക്കുന്നതു ശ്രദ്ധിച്ചാല്‍ ഇന്നു കാണുന്ന അപചയം സംഭവിച്ച മതങ്ങളെയല്ല, അതിനപ്പുറം മനുഷ്യനെ ആത്യന്തികസത്യത്തിലെക്കെത്തിക്കുന്ന മാര്‍ഗ്ഗങ്ങളാണ് മതങ്ങളെന്നും അതുതന്നെയാണ് സംസ്‌കാരമെന്നും നമുക്ക് കാണാന്‍ സാധിക്കും.
”മതമെന്നു പറയുമ്പോള്‍ ഞാന്‍ ഉദ്ദേശിക്കുന്നതെന്തെന്നു വിവരിക്കാം. മറ്റെല്ലാ മതങ്ങളെക്കാളും ഞാന്‍ ഏറ്റവും വിലമതിക്കുന്ന ഹിന്ദു മതമല്ല, ഹിന്ദുമതത്തെത്തന്നെ അതിവര്‍ത്തിക്കുകയും, മനുഷ്യപ്രകൃതിയെ പരിവര്‍ത്തനവിധേയമാക്കുകയും, മനുഷ്യനെ ആന്തരസത്യത്തോട് അഭേദ്യമാംവണ്ണം ബന്ധിപ്പിക്കുകയും, നിരന്തരം ശുദ്ധീകരിക്കുകയും ചെയ്യുന്ന മതമാണ്, ഞാന്‍ ഉദ്ദേശിക്കുന്നത്. അതു മനുഷ്യപ്രകൃതിയുടെ സ്ഥായിയായ ഒരു ഘടകമാണ് – സമ്പൂര്‍ണമായ ആത്മാവിഷ്‌ക്കരണം നേടുന്നതിന് എന്തു വില കൊടുത്താലും വേണ്ടില്ലെന്നു കരുതുന്ന ഒരു ഘടകം. തന്നെത്തന്നെ അറിയുകയും, തന്റെ സ്രഷ്ടാവിനെ മനസ്സിലാക്കുകയും, സ്രഷ്ടാവും താനും തമ്മിലുള്ള യഥാര്‍ത്ഥമായ ഐക്യരൂപ്യം കണ്ടെത്തുകയും ചെയ്യുന്നതുവരെ ആത്മാവിനെ അത് അസ്വസ്ഥമാക്കിക്കൊണ്ടിരിക്കും”. (യംഗ് ഇന്ത്യ 12-5-1920 ( Young India, MY Religion p.3 ) തത്ത്വചിന്തയും മതവും പേജ്- 446, കേരള ഗാന്ധി സ്മാരക നിധി പ്രസിദ്ധീകരണം.)
ഈയൊരു കാഴ്ചപ്പാടില്‍ നിന്നു നോക്കുമ്പോള്‍ യഥാര്‍ത്ഥ മതമെന്നത് ഇന്നു നാം കാണുകയും വ്യവഹരിക്കുകയും ചെയ്യുന്നതല്ലെന്ന് വ്യക്തമാകുന്നതാണ്. അതുകൊണ്ടാണ് പല ഭാഷകളിലും മതത്തിന് ധര്‍മ്മം എന്ന വാക്കുതന്നെ ഉപയാഗിക്കുന്നത്. ധര്‍മ്മം എന്നാല്‍ നിലനില്‍പ്പിനുതകുന്നത് എന്നാണര്‍ത്ഥം. ധര്‍മ്മത്തിനെപ്പറ്റി വിശദമായിത്തന്നെ പ്രതിപാദിക്കപ്പെടേണ്ടതുണ്ട്. എന്നാല്‍ ഇന്ന് മതങ്ങളുടെ തലത്തില്‍ നിന്നു നോക്കുമ്പോള്‍ മതത്തെയും സംസ്‌കാരത്തെയും വേര്‍തിരിച്ചു കാണേണ്ടതിന്റെ പ്രാധാന്യം മനസ്സിലാകും. എല്ലാ മതങ്ങളുടെയും ആന്തരികസത്ത എടുത്തു സൂക്ഷ്മമായി പരിശോധിക്കുകയാണെങ്കില്‍ അവ തമ്മില്‍ വ്യത്യാസമില്ലെന്നു കാണുവാന്‍ സാധിക്കും. അതുകൊണ്ടാണ് ഗാന്ധിജി മതത്തെയും സംസ്‌കാരത്തെയും തമ്മില്‍ വേര്‍തിരിച്ച് പറയാതിരുന്നിട്ടുള്ളത്. എന്നാല്‍ ഇന്നത്തെ മതങ്ങള്‍ മിക്കവാറും ധര്‍മ്മത്തില്‍ നിന്നകന്നാണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ഈയൊരു തിരിച്ചറിവോടുകൂടിവേണം ഗാന്ധിജിയുടെ മതത്തെക്കുറിച്ചുള്ള വാക്കുകളെ ഉള്‍ക്കൊള്ളുവാന്‍.
അദ്ദേഹം വിശദമാക്കി. ”മതം എല്ലാ പ്രവര്‍ത്തനങ്ങളിലും വ്യാപിച്ചു നില്‍ക്കണം. ഇവിടെ മതമെന്നു പറയുന്നതു കേവലമായ വിഭാഗീയതയെക്കുറിക്കുകയല്ല. പ്രപഞ്ചത്തിന്റെ ക്രമീകൃതവും ധാര്‍മ്മികവുമായ ഒരു ഭരണക്രമത്തിലുള്ള വിശ്വാസത്തെയാണ് അതു പ്രകടമാക്കുന്നത്. അദൃശ്യമാണെന്നുള്ളതുകൊണ്ട് അതിന്റെ യാഥാര്‍ത്ഥ്യത്തിനു കുറവൊന്നുമുണ്ടാകുന്നില്ല. ഹിന്ദു-മുസ്ലിം-ക്രൈസ്തവ മതങ്ങള്‍ക്കൊക്കെ അതീതമാണ് ഈ മതം. ഇത് ആ മതങ്ങള്‍ക്കൊന്നും പകരം നില്‍ക്കുകയില്ല. നേരേമറിച്ച് ഇത് അവയെ പരസ്പരം ഇണക്കിച്ചേര്‍ക്കുന്നു. അവയ്ക്ക് ഉണ്മ പ്രദാനം ചെയ്യുന്നു(ഹരിജന്‍ 10.02.1940 (My Religion P, 3).
മനുഷ്യ പ്രവര്‍ത്തനങ്ങളില്‍നിന്നു വ്യതിരിക്തമായ മതമെന്തെന്ന് എനിക്കറിഞ്ഞുകൂടാ. മതം മനുഷ്യ യത്‌നങ്ങള്‍ക്ക് മറ്റു രീതിയില്‍ ലഭ്യമല്ലാത്ത ഒരു ധാര്‍മ്മികാടിസ്ഥാനം പ്രദാനം ചെയ്യുന്നു. അതില്ലെങ്കില്‍ ജീവിതം യാതൊന്നിനേയും കുറിക്കാത്ത ശബ്ദമേളങ്ങളുടെ ഒരു കൂത്തരങ്ങായിപ്പോകും (ഹരിജന്‍ 24-12-1938 (Non Violence in peace and war, VOl.1 P.171).
നമ്മെ ഒരുമിപ്പിക്കുന്നതെന്തോ അതാണ് മതം. സംസ്‌കൃതത്തില്‍ ധര്‍മ്മം എന്നാല്‍ നമ്മെ നിലനിര്‍ത്തുന്നത് എന്നാണര്‍ത്ഥം. മറ്റ് ഏതിനേക്കാളും നമ്മുടെ നിലനില്‍പ്പിനാധാരം മതമാണ്. ഏറ്റവും അടിസ്ഥാനമായ ധര്‍മ്മമാണത്. ധര്‍മ്മവും സദാചാരവും മനുഷ്യനില്‍ അവതാരമെടുക്കുമ്പോള്‍ അത് മതമായി മാറുന്നു. കാരണം അത് നമ്മെ ഒരുമിപ്പിക്കുന്നു. നമ്മെ താങ്ങി നിര്‍ത്തുന്നു. പരീക്ഷണ ഘട്ടങ്ങളില്‍ നമ്മുടെ നിലനില്‍പ്പിന് ആശ്രയമാകുന്നു. (ഹരിജന്‍ 26-1-1934 സത്യത്തിന്റെ സ്വരംPage 179. പൂര്‍ണ്ണോദയ പ്രസിദ്ധീകരണം) .
ഈ രീതിയില്‍ മതത്തേയും സംസ്‌കാരത്തേയും വേര്‍തിരിക്കാനാവാത്ത സനാതന സത്തയായാണ് ഗാന്ധിജി കണ്ടത്. അതുകൊണ്ടുതന്നെ സംസ്‌കാരത്തിന്റെ അനിവാര്യമായ അടിത്തറയിലാണ് അദ്ദേഹത്തിന്റെ എല്ലാ ചിന്തകളും കര്‍മ്മങ്ങളും കെട്ടിയുയര്‍ത്തപ്പെട്ടത്. അത് അദ്ദേഹത്തിന്റെ സ്വഭാവം -സ്വന്തം ഭാവം- തന്നെയായിത്തീര്‍ന്നു. അത് സംസ്‌കാരം തന്നെയായിത്തീര്‍ന്നു. അടിയന്തിര ഘട്ടങ്ങളില്‍, പിന്തുടരുന്നവരുടെ മനോനിലവാരത്തിനനുസരിച്ച് സ്വത്വത്തില്‍ നിന്ന് അല്‍പസ്വല്‍പം മാറിനിന്നിട്ടായാലും കുറെയെങ്കിലും പ്രയോജനം ലഭിക്കട്ടെയെന്ന് ചിന്തിച്ച് കര്‍മ്മങ്ങളില്‍ ചിലതില്‍ അദ്ദേഹം വിട്ടുവീഴ്ച ചെയ്തിട്ടുണ്ടെങ്കിലും അതിന്റെ സ്വത്വത്തെ ബാധിക്കുന്ന യാതൊരു വിട്ടുവീഴ്ചക്കും അദ്ദേഹം തയ്യാറായില്ല. ഈ ശക്തമായ അടിത്തറയില്‍ കെട്ടിയുയര്‍ത്തപ്പെട്ടതായതുകൊണ്ടാണ് ഭാരതീയ സാംസ്‌കാരിക പൈതൃകത്തിന്റെ അടിസ്ഥാനത്തിലെ കര്‍മ്മയോഗിയായ അദ്ദേഹത്തിന്റെ കര്‍മ്മങ്ങള്‍ കാലാതിവര്‍ത്തിയായതും. എന്റെ ജീവിതം തന്നെയാണ് എന്റെ സന്ദേശമെന്ന് അദ്ദേഹം പറഞ്ഞതും അതുകൊണ്ടാണ്.
സംസ്‌കാരത്തെപ്പറ്റി ഗാന്ധിജി പറഞ്ഞിരിക്കുന്നത്:
ഇന്ത്യയിലെ ഗ്രാമവാസികളുമായി സംസാരിക്കുന്ന നിമിഷം അവരുടെ ചുണ്ടില്‍നിന്നും വീഴുന്ന വിജ്ഞാന ബിന്ദുക്കളെക്കുറിച്ച് നിങ്ങള്‍ക്ക് അറിയാറാകും. പരുക്കനായ പുറംതോടിനുള്ളില്‍ ആത്മീയതയുടെ ഒരു ഭണ്ഡാരം നിങ്ങള്‍ കണ്ടെത്തും. ഇതിനെ ഞാന്‍ സംസ്‌കാരം എന്നു വിളിക്കുന്നു. ഇത് പടിഞ്ഞാറ് കാണാന്‍ കിട്ടുന്ന ഒന്നല്ല. പാശ്ചാത്യനായ ഒരു കര്‍ഷകനോട് സംസാരിച്ചാല്‍ അവന് ആത്മീയതയിലൊന്നും വലിയ താത്പര്യമില്ല എന്നും കാണാനാകും. പരുക്കനായ പുറംതോട് മാറ്റിയാല്‍, നിരക്ഷരത ഉന്മൂലനം ചെയ്താല്‍ സംസ്‌കാര സമ്പന്നനായ ശീലഗുണങ്ങളുള്ള ഒരു സ്വതന്ത്രപൗരന്റെ മാതൃക നിങ്ങള്‍ക്ക് ഇന്ത്യയിലെ ഗ്രാമീണനില്‍ കാണാനാകും. (മഹാത്മാ, വാല്യം-5, (1952), പുറം 11 – ‘സത്യത്തിന്റെ സ്വരം’ പൂര്‍ണ്ണോദയ പ്രസിദ്ധീകരണം192)
ബ്രഹ്മചര്യം
ബ്രഹ്മചര്യം എന്നത് ഹിന്ദു സംസ്‌കാരത്തിന്റെ ഒരു സംഭാവനയാണ്. പാശ്ചാത്യ സംസ്‌കാരങ്ങളില്‍ അങ്ങനെയൊന്നില്ല. പടിഞ്ഞാറന്‍ നാടുകള്‍ ധനസമൃദ്ധി നേടി എന്ന വാദഗതിയുണ്ട്. പക്ഷേ അവരുടെ നാഗരികതയ്ക്ക് എത്ര വയസ്സായി എന്നാണ് ഞാന്‍ ചോദിക്കുന്നത്. ഈജിപ്ത്, ഗ്രീസ് തുടങ്ങി എത്രയോ നാഗരികതകള്‍ ധനസമൃദ്ധി നേടുകയും ഒടുവില്‍ മണ്‍മറഞ്ഞുപോകുകയുമുണ്ടായി. എന്നാല്‍ ഇന്ത്യന്‍ സംസ്‌കാരം ഇന്നും ജീവിക്കുന്നു. അതിന്റെ കാരണം ഇതാണ്. മറ്റു നാഗരികതകള്‍ക്കില്ലാത്ത ഒരു മഹനീയത ഇന്ത്യന്‍ സംസ്‌കാരത്തിനുണ്ട്. -ബ്രഹ്മചര്യം. (മഹാത്മാഗാന്ധിയുടെ സമ്പൂര്‍ണ്ണ കൃതികള്‍, വാല്യം- 25, പുറം 321– ‘സത്യത്തിന്റെ സ്വരം’ പൂര്‍ണ്ണോദയ പ്രസിദ്ധീകരണം-188).
പടിഞ്ഞാറന്‍ സംസ്‌കാരം നാശകാരിയാണെന്നും കിഴക്കന്‍ സംസ്‌കാരം നിര്‍മ്മാണാത്മകമാണെന്നും പറയാം. പടിഞ്ഞാറന്‍ സംസ്‌കാരം വിഘടിപ്പിക്കുന്നു. എന്നാല്‍ കിഴക്കന്‍ സംസ്‌കാരം സമന്വയിപ്പിക്കുന്നു. പടിഞ്ഞാറന്‍ സംസ്‌കാരത്തിന് ഒരു ലക്ഷ്യമില്ലെന്നും കിഴക്കന്‍ സംസ്‌കാരത്തിന് എക്കാലവും ലക്ഷ്യബോധമുണ്ടെന്നും ഞാന്‍ വിശ്വസിക്കുന്നു. പടിഞ്ഞാറന്‍ സംസ്‌കാരത്തെയും ക്രൈസ്തവ പുരോഗതിയേയും ഞാന്‍ കൂട്ടിക്കുഴക്കുന്നില്ല. ലോകമാകെ ടെലഗ്രാഫ് സമ്പ്രദായം വ്യാപിച്ചതും ടെലഫോണ്‍ ബന്ധം സ്ഥാപിച്ചതും അല്ലെങ്കില്‍ അതിവേഗത്തിലോടുന്ന തീവണ്ടികള്‍ ഏര്‍പ്പെടുത്തിയതും ഒന്നും ക്രിസ്തീയ പുരോഗതിയുടെ അടയാളമായി ഞാന്‍ കണക്കുകൂട്ടുന്നില്ല.
പടിഞ്ഞാറന്‍ സംസ്‌കാരം പ്രവര്‍ത്തനനിരതമാണെന്നു ഞാന്‍ കരുതുന്നു. എന്നാല്‍ കിഴക്കന്‍ സംസ്‌കാരത്തില്‍ ചാരിതാര്‍ത്ഥ്യം മുന്നിട്ടു നില്‍ക്കുന്നു. ചിലപ്പോള്‍ അത് അലസതയിലേക്കു വീണുപോയി എന്നും വരും. ഇന്ത്യയിലെയും ചൈനയിലേയും ജനങ്ങള്‍ – ജപ്പാനെ തല്‍ക്കാലം ഒഴിവാക്കാം- പലപ്പോഴും ചാരിതാര്‍ത്ഥപരമായ ഒരുതരം നിഷ്‌ക്രിയാവസ്ഥയില്‍ കഴിഞ്ഞുകൂടാറുണ്ട്. ചെറിയൊരു പ്രതിബന്ധം വന്നാലിവര്‍ക്കു മടിപിടിക്കും. പടിഞ്ഞാറന്‍ സംസ്‌കാരത്തിന്റെ ചലനാത്മകമായ പ്രവര്‍ത്തനരീതി കൂടി സ്വായത്തമാക്കിയാല്‍ പിന്നെ കിഴക്കന്‍ സംസ്‌കാരം മേധാവിത്വം പുലര്‍ത്തും, കാരണം അതിന് വ്യക്തമായൊരു ലക്ഷ്യമുണ്ട്. എല്ലാ പ്രവര്‍ത്തന ശക്തികളും മൂലകേന്ദ്രത്തില്‍ നിന്നും അകലേക്കു പറന്നകലുന്ന സംസ്‌കാരത്തിന് അഥവാ അവസ്ഥക്കു ലക്ഷ്യമുണ്ടാകാന്‍ വഴിയില്ല എന്നും അതേസമയം എല്ലാം ഒരു കേന്ദ്രത്തിലേക്ക് ആവാഹിക്കപ്പെടുന്നതിന് എപ്പോഴും ലക്ഷ്യമുണ്ടായിരിക്കുമെന്നും എളുപ്പത്തില്‍ മനസ്സിലാക്കാന്‍ കഴിയുന്നതാണല്ലോ. അതിനാല്‍ ഈ രണ്ടു സംസ്‌കാരങ്ങളും കൂടിച്ചേര്‍ന്ന് വ്യത്യസ്തമായ ഒരു ശക്തിവിശേഷമുണ്ടാക്കണമെന്നാണു ഞാന്‍ പറയുന്നത്. അന്യോന്യം വെല്ലുവിളിക്കാത്ത, ശിഥിലീകരിക്കാത്ത, ഒരുമയുടെ ശക്തി. ഈ രണ്ടു സംസ്‌കാരങ്ങളും അന്യോന്യം ബന്ധപ്പെടണം ഐക്യത്തോടെ പ്രവര്‍ത്തിക്കണം. രണ്ടും വൈരുദ്ധ്യാത്മക ശക്തികളാണെങ്കില്‍പോലും ഒരു പക്ഷേ പ്രകൃതിയുടെ നിലനില്‍പ്പിന് രണ്ടും ആവശ്യമാണെന്നു വരാം. ഈ രണ്ടു വിരുദ്ധ ശക്തികളേയും ഏതു രീതിയില്‍ പ്രയോജനപ്പെടുത്തണമെന്ന് ബുദ്ധിയും ഹൃദയവുമുള്ള നമ്മള്‍ കണ്ടുപിടിക്കണം. അതു സാധിച്ചുകഴിഞ്ഞാല്‍ ഈ രണ്ടു സംസ്‌കാരങ്ങളും തമ്മില്‍ ബന്ധപ്പെടാനും അതുവഴി നന്മ കൈവരിക്കാനും കഴിയുന്നതാണ് (മഹാത്മാഗാന്ധിയുടെ സമ്പൂര്‍ണ്ണ കൃതികള്‍, വാല്യം- 8, പുറം 244-45– ‘സത്യത്തിന്റെ സ്വരം’ പൂര്‍ണ്ണോദയ പ്രസിദ്ധീകരണം-190-91).
ചൈനീസ് സംസ്‌കാരം ഇഷ്ടികക്കുളളിലും വന്മതിലുകള്‍ക്കുള്ളിലും സ്ഥിതിചെയ്യുന്നു എന്നറിഞ്ഞാല്‍ നാം ഖേദിക്കണം. ചിതലെടുക്കുന്ന ഒന്നല്ല സംസ്‌കാരം. ജനഹൃദയങ്ങളിലും അവരുടെ ആത്മാവിന്റെ ഉള്ളിലുമാണ് ഒരു രാജ്യത്തിന്റെ സംസ്‌കാരം സ്ഥിതിചെയ്യുന്നത്. ചൈനക്കാരന്റെ ജീവിതത്തിലെ ഒരവിഭാജ്യ ഘടകമായി നിന്നാലേ ചൈനാ സംസ്‌കാരം ചൈനയുടേത് എന്നു പറയാന്‍ പറ്റൂ(മഹാത്മാ, വാല്യം-5, (1952), പുറം 12- ‘സത്യത്തിന്റെ സ്വരം’ പൂര്‍ണ്ണോദയ പ്രസിദ്ധീകരണം193).
ഈയൊരു അടിത്തറയില്‍ നിന്നുകൊണ്ടായിരുന്നു ഗാന്ധിജി തന്റെ ചിന്തയും, കര്‍മ്മ പദ്ധതികളും ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനായി ഉപയോഗിച്ചത്. ആ ധാര്‍മ്മികതയായിരുന്നു ഗാന്ധിമാര്‍ഗ്ഗത്തിന്റെ കാതല്‍. അതുകൊണ്ടുതന്നെയാണ് ഗാന്ധിമാര്‍ഗ്ഗം സനാതനമായി നിലനില്‍ക്കുന്നതും. അതുതന്നെയാണ് ഭാരതത്തിന്റെയും ലോകത്തിന്റെ തന്നെയും മോചനത്തിനുള്ള ആത്യന്തികമായ മാര്‍ഗ്ഗവും.