1970കളില്‍ ഒരിക്കല്‍ ഏക്‌നാഥ്ജി ഗുവാഹാട്ടിയില്‍ നിന്ന് കൊല്‍ക്കത്തയിലെത്തി. ഡോ.സുജിത് ധര്‍, കൊല്‍ക്കത്തയിലെ പ്രചാരക് പ്രദീപ് ഘോഷ് എന്നിവര്‍ അദ്ദേഹത്തെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തിയിരുന്നു. ഘനശ്യാം ബേരിവാലയുടെ വസതിയിലാണ് അദ്ദേഹത്തിന് താമസസൗകര്യം ഒരുക്കിയിരുന്നത്. ”സമയം വൈകുന്നു, വേഗമാകട്ടെ, എനിക്ക് പരമപൂജനീയ ഗുരുജിയെ കാണാനുണ്ട്. അദ്ദേഹം ഉടനെ തീവണ്ടിയില്‍ യാത്രക്കായി റെയില്‍വേ സ്റ്റേഷനിലേക്ക് പോകും, അതിനുമുമ്പ് എനിക്ക് അദ്ദേഹത്തോട് പല കാര്യങ്ങളും സംസാരിക്കാനുണ്ട്.” ഏക്‌നാഥ്ജി തിടുക്കം കൂട്ടി. അവര്‍ അദ്ദേഹത്തെയും കൂട്ടി ശ്രീ ഗുരുജി താമസിക്കുന്ന സ്ഥലെത്തെത്തി. അദ്ദേഹം ശ്രീ ഗുരുജിയുടെ മുന്നില്‍ സാഷ്ടാംഗം നമസ്‌ക്കരിച്ചു. ”എവിടെ നിന്നാണ് വരുന്നത്?” മുതലായ കുശലാന്വേഷണങ്ങള്‍ ശ്രീ ഗുരുജി മറാഠിഭാഷയില്‍ അദ്ദേഹത്തോട് നടത്തി. അപ്പോഴേക്കും ആബാജി ഥത്തെ അവിടെയെത്തി സ്റ്റേഷനിലേക്ക് പോകുവാന്‍ നേരമായെന്ന് അറിയിച്ചു. ഉടനെ ശ്രീ ഗുരുജി സ്റ്റേഷനിലേക്ക് യാത്ര തിരിക്കുകയും ചെയ്തു. ഉടന്‍ തന്നെ ഏക്‌നാഥ്ജിയും അവിടെ നിന്നും പോയി. പോകുന്ന വഴിക്ക് വെച്ച് ഡോ. സുജിത് ധര്‍ ചോദിച്ചു. ”ഏക്‌നാഥ്ജി, ശ്രീ ഗുരുജിയോട് പല കാര്യങ്ങളും സംസാരിക്കാനുണ്ടെന്നല്ലെ അങ്ങ് പറഞ്ഞത്! പക്ഷെ, അങ്ങു ശ്രീ ഗുരുജിയോട് ഒന്നും പറഞ്ഞില്ലല്ലൊ!”
പുഞ്ചിരിച്ചുകൊണ്ട് ഏക്‌നാഥ്ജി പറഞ്ഞു: ”നിങ്ങള്‍ ആമക്കുഞ്ഞിനെ കണ്ടിട്ടില്ലെ? അത് അതിന്റെ അമ്മയുടെ അരികിലെത്തുമ്പോള്‍, അതിനു വേണ്ടതെല്ലാം ആ അമ്മ തന്റെ കണ്ണുകളിലൂടെ നല്‍കും! പിന്നെ കുഞ്ഞിന് മറ്റൊന്നും വേണ്ടിവരില്ല!”