മണിപ്പൂരിലെ ആദ്യകലാപം പൊട്ടിപ്പുറപ്പെട്ടതിന്റെ രണ്ടാം ദിവസമായ 2023 മെയ് 5 ന് അമേരിക്കയില്‍ പുതിയൊരു സംഘടന രജിസ്റ്റര്‍ ചെയ്യപ്പെടുകയുണ്ടായി. ‘നോര്‍ത്ത് അമേരിക്ക മണിപ്പൂര്‍ ട്രൈബല്‍ അസോസിയേഷന്‍ എന്ന പേരില്‍ കുക്കി ഗോത്രങ്ങള്‍ക്കായാണ് മണിപ്പൂരുകാരിയും ദല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ ഫ്‌ളോറന്‍സ് ലോവ് ചില ക്രൈസ്തവ സംഘടനകളുടെയും ജമാ അത്ത് ഇസ്ലാമിയുടെയും പിന്തുണയോടെ രൂപം നല്‍കിയത്. അവര്‍ തന്നെയായിരുന്നു സംഘടനയുടെ പ്രസിഡന്റും. വൈകാതെ കാനഡയിലും ചില ഖാലിസ്ഥാനി സംഘടനകളുടെ പിന്തുണയോടെ ഇതേ സംഘടന പ്രവര്‍ത്തനമാരംഭിച്ചു. അമേരിക്കയില്‍ കോര്‍പ്പറേറ്റ് മേഖലയില്‍ ജോലി ചെയ്യുന്ന ലോവ് ടെക്‌സാസിലെ ഡള്ളസ് ആസ്ഥാനമായുള്ള ‘റെഫൂജി സര്‍വീസസ് ഓഫ് ടെക്‌സാ’സെന്ന അഭയാര്‍ഥി സംഘടനയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ്. 1978-ല്‍ സ്ഥാപിതമായ ഈ സംഘടനയുടെ പങ്കാളികളിലൊരാള്‍ അമേരിക്കയിലെ ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള ‘ഇസ്ലാമിക് സര്‍ക്കിള്‍ ഓഫ് നോര്‍ത്ത് അമേരിക്ക’യാണ് (ഐസിഎന്‍എ)്. 1946ല്‍ സ്ഥാപിതമായ ‘ചര്‍ച്ച് വേള്‍ഡ് സര്‍വീസസിന്റെയും ഭാഗമാണ് (സിഡബ്ല്യുസി) ‘റെഫ്യൂജി സര്‍വീസസ് ഓഫ് ടെക്‌സാസ്’. 2017-2021 നിടയില്‍ ‘ചര്‍ച്ച് വേള്‍ഡ് സര്‍വീസസ്’ അതിന്റെ വിവിധ പദ്ധതി ചിലവുകള്‍ക്കായി അമേരിക്കന്‍ ബിസിനസുകാരനായ ജോര്‍ജ്ജ് സോറോസിന്റെ ‘ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷ’നില്‍ നിന്നുമാണ് പണം സ്വീകരിച്ചിരുന്നത്. ഇത് കൂടാതെ 2022-ല്‍ ‘ചര്‍ച്ച് വേള്‍ഡ് സര്‍വീസസ്’ അലക്‌സാണ്ട്രിയ ആസ്ഥാനമായ ‘ഇസ്ലാമിക് റിലീഫ് യു.എസ്.എ’ യെന്ന സംഘടനയുടെ പങ്കാളികളായി മാറി. മുസ്ലീം ബ്രദര്‍ഹുഡ് അംഗങ്ങള്‍ രൂപീകരിച്ചതും യു.എ.ഇ സര്‍ക്കാര്‍ നിരോധിച്ചതുമായ ‘ഇസ്ലാമിക് റിലീഫ് വേള്‍ഡ് വൈഡി’ലെ അംഗമാണ് ‘ഇസ്ലാമിക് റിലീഫ് യു.എസ്.എ’. ഈ സംഘടനയുടെ വൈസ് ചെയര്‍മാന്‍ ഡോ. ഹംഡി എ. റദ്വാന്‍ മുസ്ലീം ബ്രദര്‍ഹുഡുമായി ബന്ധപ്പെട്ട ‘മുസ്ലീം അമേരിക്കന്‍ സൊസൈറ്റി’യുടെ പ്രസിഡന്റ് കൂടിയാണ്. മനുഷ്യാവകാശങ്ങളുടെയും സേവനങ്ങളുടെയും മറവില്‍ വിവിധ ശക്തികള്‍ക്ക് മറ്റൊരു രാജ്യത്തെങ്ങനെ ഇടപെടുവാന്‍ സാധിക്കുമെന്നതിന്റെ ചെറിയൊരു ഉദാഹരണമാണിത്. അതായത് ഈ വലിയ ശൃംഖലയിലെ കണ്ണികള്‍ മണിപ്പൂരിലൂടെ ഭാരതത്തില്‍ ഇടപെടുവാനും അസ്വസ്ഥത പടര്‍ത്തുവാനും രൂപം നല്‍കിയ പുതിയൊരു പ്ലാറ്റ്‌ഫോമാണ് ‘നോര്‍ത്ത് അമേരിക്ക മണിപ്പൂര്‍ ട്രൈബല്‍ അസോസിയേഷന്‍.’
ഹിന്ദു -ക്രൈസ്തവ സംഘര്‍ഷമോ?
മണിപ്പൂരിലെ മെയ്തി ഹിന്ദുക്കള്‍ കുക്കി ക്രൈസ്തവരെ ഉന്മൂലനം ചെയ്യുന്നുവെന്നും അവരുടെ പള്ളികള്‍ കത്തിക്കുന്നത് പുറത്തറിയാതിരിക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്റര്‍നെറ്റ് വിച്ഛേദിക്കുന്നുവെന്നുമാണ് ഇത്തരം ഇടപെടലിന്റെ ഫലമായി കഴിഞ്ഞ ഒരു വര്‍ഷംകൊണ്ട് ഉയര്‍ന്നുവന്ന പ്രചരണം. ഗോത്രങ്ങള്‍ക്കിടയില്‍ നൂറ്റാണ്ടുകളായുള്ള വിടവ് ആളിക്കത്തിക്കുവാനും കലാപങ്ങളെ വര്‍ഗ്ഗീയ ലഹളയായി അവതരിപ്പിക്കുവാനും ഭാരതത്തിന്റെ അകത്തും പുറത്തുമുള്ള ഇത്തരം ശൃംഖലകള്‍ക്ക് സാധിച്ചിട്ടുണ്ടെന്നുള്ളത് ഒരു യാഥാര്‍ത്ഥ്യമാണ്. ഗോത്ര സംഘര്‍ഷങ്ങളുടെ നീണ്ട ചരിത്രമുണ്ട് മണിപ്പൂരിന്. 1997-98ല്‍ ഉണ്ടായ കുക്കി-പൈറ്റ് സംഘര്‍ഷം നൂറുകണക്കിന് ആളുകളുടെ ജീവനാണ് അപഹരിച്ചത്. 2011 ലെ സെന്‍സസ് പ്രകാരം മെയ്‌തേയ്, കുക്കി ഗോത്രങ്ങള്‍ മണിപ്പൂര്‍ ജനസംഖ്യയുടെ 71 ശതമാനമാണ്. 60 ശതമാനം വരുന്ന മെയ്‌തേയ് ഗോത്രത്തിന്റെ 83 ശതമാനം ഹിന്ദുക്കളും 8.4 ശതമാനം മുസ്ലീങ്ങളും ഒരു ശതമാനത്തിന് മുകളില്‍ ക്രൈസ്തവരും ബാക്കിയുള്ളവര്‍ തദ്ദേശീയ വിശ്വാസമായ സനാമഹി പിന്തുടരുന്നവരുമാണ്. ജനസംഖ്യയുടെ മുപ്പത് ശതമാനം വരുന്ന കുക്കി ഗോത്രത്തിന്റെ 98 ശതമാനവും ക്രൈസ്തവരാണ്. അക്രമത്തില്‍ പങ്കാളികളാവുന്നതിലും ഇരയാവുന്നവരിലും എല്ലാ വിഭാഗങ്ങളുമുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം.
2023-ലെ പ്രതിഷേധങ്ങള്‍ പെട്ടെന്ന് വ്യാപിക്കുകയും വര്‍ഗീയ മാനം കൈവരിക്കുകയുമാണുണ്ടായത്. സംവരണത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് ഈ കലാപത്തിന്റെ പെട്ടെന്നുണ്ടായ കാരണം. എന്നാല്‍ കാതലായ കാരണങ്ങള്‍ ഇവയല്ല. നിലവിലുണ്ടായിരിക്കുന്ന സംഘര്‍ഷവും മുന്‍പത്തേതിന്റെ തുടര്‍ച്ചയാണ്. മെയ്‌തേയ് സമുദായത്തിന്റെ പട്ടികവര്‍ഗ പദവിയെന്ന ആവശ്യത്തിന്‍മേലുള്ള ഒരു ഹര്‍ജി പരിഗണിക്കവേ ഇത് സംബന്ധിച്ച് ഒരു ശുപാര്‍ശ കേന്ദ്ര സര്‍ക്കാരിന് നല്‍കുവാന്‍ മണിപ്പൂര്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് 2023 ഏപ്രിലില്‍ ഉത്തരവിട്ടു. പട്ടികവര്‍ഗ്ഗ പദവിക്കായുള്ള മെയ്‌തേയിയുടെ ആവശ്യങ്ങളില്‍ പ്രതിഷേധിച്ച് കുക്കി സംഘടനയായ ‘ഓള്‍ ട്രൈബല്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍’ മെയ് 3ന് സമാധാനപരമായൊരു പ്രതിഷേധ മാര്‍ച്ച് നടത്തി. ആദ്യത്തെ മാര്‍ച്ചിന് ശേഷം ചുരാചന്ദ്പൂര്‍, ബിഷ്ണുപൂര്‍ ജില്ലകള്‍ക്കിടയിലുള്ള അതിര്‍ത്തിക്ക് സമീപം ഇരുഗോത്രങ്ങളും തമ്മില്‍ ഏറ്റുമുട്ടി. ഇത് സംവരണ വിഷയത്തില്‍ പുകഞ്ഞു നിന്ന സംസ്ഥാനത്തെ ഒരു പൊട്ടിത്തെറിയിലേക്ക് നയിക്കുകയാണുണ്ടായത്. എന്നാല്‍ സംഘര്‍ഷാവസ്ഥ രൂപപ്പെട്ടപ്പോള്‍ തന്നെ യഥാര്‍ത്ഥ കാരണങ്ങളെ മറച്ചുവെച്ചു കൊണ്ടു മറ്റ് ചില ആഖ്യാനങ്ങള്‍ നല്‍കി സംഘര്‍ഷത്തെ ആളിക്കത്തിക്കുന്ന ആസൂത്രിത സമീപനമാണ് ചില കേന്ദ്രങ്ങളില്‍ നിന്നുണ്ടായത്. അതിപ്പോഴും അതുപോലെ തുടരുന്നു.
കലാപങ്ങള്‍ക്ക് പിന്നിലെ വിദേശകരങ്ങള്‍
പ്രതിഷേധങ്ങള്‍ പെട്ടെന്ന് കലാപമായതിനു പിന്നിലെ കാരണങ്ങള്‍ തേടിയുള്ള അന്വേഷണം വിദേശ രാജ്യങ്ങളിലാണ് നമ്മെ കൊണ്ടെത്തിക്കുക. നേരിട്ടും സോഷ്യല്‍ മീഡിയയിലൂടെയുമുള്ള കുപ്രചരണ രീതി അഥവാ ഇന്‍ഫോര്‍മേഷന്‍ യുദ്ധതന്ത്രമാണ് ഇതിനായി പയറ്റുന്നത്. ഗള്‍ഫ് രാജ്യങ്ങള്‍, തുര്‍ക്കി, പാകിസ്ഥാന്‍, അമേരിക്ക, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും നിയന്ത്രിക്കുന്ന വാര്‍ത്ത – സാമൂഹിക മാധ്യമങ്ങളും സംഘടനകളും ഇതിന്റെ ഭാഗമാണ്. ഭാരതത്തിനുള്ളിലെ സമാന സംവിധാനത്തെയും കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളെയും ഇതിനായി ഉപയോഗിക്കുന്നു.
മണിപ്പൂര്‍ വംശീയ അക്രമത്തിന് വര്‍ഗീയ നിറം നല്‍കിയ അത്തരം വാര്‍ത്താ മാധ്യമങ്ങളില്‍ ആദ്യത്തേത് ബ്രിട്ടന്‍ ആസ്ഥാനമായുള്ള ‘അപെക്‌സ് ന്യൂസ് വേള്‍ഡാ’യിരുന്നു. ക്രിസ്ത്യന്‍ ഗോത്രവര്‍ഗക്കാരും ഹിന്ദുത്വവാദികളും തമ്മിലുള്ള സംഘര്‍ഷമാണിതെന്ന് സ്ഥാപിക്കുന്നൊരു വീഡിയോ 2023 മെയ് 4 ന് വെളുപ്പിനെ 1:56 ന് ‘അപെക്‌സ് ന്യൂസ് വേള്‍ഡ്’ ട്വിറ്ററിലൂടെ പുറത്തുവിടുകയും അത് വ്യാപകമായി പ്രചരിക്കുകയും ചെയ്തു. ഈ മാധ്യമത്തിനു 2020 മെയില്‍ രൂപം നല്‍കിയത് സിംബാബ്‌വെയില്‍ വേരുകളുള്ള ബ്രിട്ടീഷ് പാസ്റ്ററായ യുബെര്‍ട്ട് ഏഞ്ചലാണ്. ഇദ്ദേഹമൊരു ടെലിവാഞ്ചലിസ്റ്റും സ്പിരിറ്റ് എംബസി ഇന്റര്‍നാഷണലിന്റെ (ഗുഡ്‌ന്യൂസ് ചര്‍ച്ച്) സ്ഥാപകനുമാണ്. ലോകമെമ്പാടും ശാഖകളുമുള്ള ബ്രിട്ടണിലെ ‘പെന്തക്കോസ്ത് മെഗാ ചര്‍ച്ചി’ന്റെ സ്ഥാപകനായ ഇദ്ദേഹം ഒരു സ്വയംപ്രഖ്യാപിത പ്രവാചകനാണ്. വ്യാജ ബിരുദങ്ങള്‍, കള്ളപ്പണം വെളുപ്പിക്കല്‍, ലൈംഗികാതിക്രമം തുടങ്ങിയവയുമായി ബന്ധപ്പെട്ട നിരവധി കേസുകളില്‍ ഇപ്പോഴും വിചാരണ നേരിടുന്നു.
പാകിസ്ഥാനില്‍ നിന്നുള്ള മാധ്യമങ്ങളും കിട്ടിയ അവസരം ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്കുമിടയില്‍ വിദ്വേഷം പരത്താനായി ഉപയോഗപ്പെടുത്തുന്നു. ഇപ്രകാരം 2023 ലെ കലാപത്തില്‍ ഇടപെട്ട ആദ്യ പ്രമുഖ പാക് മാധ്യമം ‘കണ്‍സെപ്റ്റ് ടിവി ന്യൂസാ’യിരുന്നു. കേന്ദ്ര സര്‍ക്കാരാണ് അക്രമത്തിന് തുടക്കമിട്ടതെന്ന് ആരോപിച്ച് ‘കണ്‍സെപ്റ്റ് ടിവി ന്യൂസ്’ ഒരു വാര്‍ത്ത മെയ് നാലിന് രാവിലെ 11 മണിക്ക് തന്നെ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. ഇതിനെത്തുടര്‍ന്ന് പാകിസ്ഥാനില്‍ നിന്നുള്ള ധാരാളം ട്വിറ്റര്‍ അക്കൗണ്ടുകള്‍ സജീവമാവുകയും പ്രചരണം ഏറ്റെടുക്കുകയും ചെയ്തു. ഇതിന് പുറമെ പാകിസ്ഥാന്റെ ഔദ്യോഗിക പത്രമായ ഡോണ്‍, ബോള്‍ ന്യൂസ്, എ.ആര്‍.വൈ ന്യൂസ്, എ.എ.ജെ ടിവി ന്യൂസ് എന്നിവയുള്‍പ്പെടെയുള്ള മറ്റ് പ്രമുഖ പാകിസ്ഥാന്‍ വാര്‍ത്താ മാധ്യമങ്ങളും തുര്‍ക്കി, ഗള്‍ഫ് രാജ്യങ്ങള്‍ തുടങ്ങിയിടങ്ങളില്‍ നിന്നുള്ള മാധ്യമങ്ങളും അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന വാര്‍ത്തകള്‍ നല്‍കി. തുര്‍ക്കിയില്‍ നിന്നുള്ള മാധ്യമമായ ‘അല്‍-എസ്തിക്‌ലാല്‍’ പ്രകോപനപരമായ വാര്‍ത്തകളാണ് ഇതുമായി ബന്ധപ്പെട്ട് നല്‍കിയത്. കൂടാതെ ഹിന്ദു വിരുദ്ധതയില്‍ ഊന്നിക്കൊണ്ട് മുസ്‌ലിങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കുമിടയില്‍ ഐക്യമുണ്ടാക്കാന്‍ ശ്രമിക്കുകയും രണ്ട് ന്യൂനപക്ഷ സമുദായങ്ങളെങ്ങനെ ഹിന്ദു സമൂഹത്താല്‍ അടിച്ചമര്‍ത്തപ്പെടുകയും ഇരയാക്കപ്പെടുകയും ചെയ്തുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ നല്‍കി പ്രചരിപ്പിച്ചു. 2021-ല്‍ ഭാരത നിര്‍മ്മിത വസ്തുക്കള്‍ ബഹിഷ്‌ക്കരിക്കാന്‍ ഖത്തറിന്റെയും പാകിസ്ഥാന്റെയും തുര്‍ക്കിയുടെയും പിന്തുണയോടെ മുസ്ലീം ബ്രദര്‍ഹുഡ് ലോകമെമ്പാടും നടത്തിയ പ്രവര്‍ത്തനത്തില്‍ മുഖ്യ പങ്ക് വഹിച്ച മാധ്യമമാണ് ‘അല്‍ എസ്തിക്‌ലാല്‍’.
ക്രിസ്തു മതം പ്രചരിപ്പിക്കുന്നതിനായി അമേരിക്ക കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ‘ഓപ്പണ്‍ ഡോര്‍’ എന്ന സ്ഥാപനവും സമാനമായ പ്രചരണം നടത്തി. ഭാരതത്തിലെ ന്യൂനപക്ഷങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ‘ജസ്റ്റിസ് ഫോര്‍ ഓള്‍’ എന്ന പാകിസ്ഥാന്‍ ജമാഅത്തെ ഇസ്ലാമിയുടെ ഏജന്‍സിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ക്രൈസ്തവ ഏജന്‍സിയാണ് ‘ഓപ്പണ്‍ ഡോര്‍’. മറ്റൊരു വാര്‍ത്താ മാധ്യമം ‘പ്രീമിയര്‍ ക്രിസ്റ്റ്യന്‍ ന്യൂസും’ ”ഇന്ത്യയിലെ മണിപ്പൂര്‍ സംസ്ഥാനത്തെ ഡസന്‍ കണക്കിന് പള്ളികള്‍ വര്‍ഗീയ അക്രമത്തില്‍ തകര്‍ന്നു”(Dozens of churches in India’s Manipur state destroyed in communal violence) എന്ന തലക്കെട്ടോടെ വാര്‍ത്ത പ്രസിദ്ധീകരിച്ചു. അതിനുശേഷം ആഗോളതലത്തില്‍ പല വാര്‍ത്താ ഏജന്‍സികളും ഇതേ മാതൃക പിന്തുടരുകയും മണിപ്പൂരിനെ സംബന്ധിച്ച വര്‍ഗീയ വാര്‍ത്തകള്‍ നല്‍കുകയും ചെയ്തു. ഇവയില്‍, ‘യൂണിയന്‍ ഓഫ് കാത്തലിക് ഏഷ്യന്‍ ന്യൂസ്’ അഥവാ ‘യുസിഎ ന്യൂസ്’ മണിപ്പൂര്‍ അക്രമത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ക്ക് മതപരമായ കോണില്‍ നിന്നു കൊണ്ട് ഇന്നുവരെ ഏഴുപതിലധികം ലേഖനങ്ങളാണ് പ്രസിദ്ധീകരിച്ചത്.
ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അമേരിക്കന്‍ ക്രിസ്ത്യന്‍ ഓര്‍ഗനൈസേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക
കാനഡയും അമേരിക്കയും കേന്ദ്രമായി ഭാരത ക്രൈസ്തവരുടെ പേരില്‍ പ്രവര്‍ത്തിക്കുന്നൊരു സംഘടനയാണ് ‘ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അമേരിക്കന്‍ ക്രിസ്ത്യന്‍ ഓര്‍ഗനൈസേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക’ (ഫിയാക്കോണ). കുക്കി ക്രിസ്ത്യന്‍ സമൂഹത്തെ അടിച്ചമര്‍ത്തപ്പെടുന്നവരായി ചിത്രീകരിച്ചുകൊണ്ടു വിഷയത്തിന് വര്‍ഗീയ ചുവയും നിറവും നല്‍കി മതപരമായ വികാരം ഇളക്കിവിടുന്ന ഒരു ലേഖനം 2023 മെയ് 6 ന് ‘ക്രിസ്ത്യാനിറ്റി ടുഡേ’യെന്ന മാധ്യമത്തില്‍ ഈ സംഘടന പ്രസിദ്ധീകരിക്കുകയുണ്ടായി. ഇത് കൂടാതെ മണിപ്പൂരിനെക്കുറിച്ചുള്ള നിരവധി ട്വീറ്റുകളും 2023 മെയ് 6-ന് സംഘടനയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തു. ഇതിനെ 2002 ലെ ഗുജറാത്ത് കലാപവുമായും ആര്‍എസ്എസ്സുമായും ബന്ധപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് ഈ കാഴ്ചപ്പാട് ഭാരതത്തിലെ വിവിധ മാധ്യമങ്ങളും പ്രതിപക്ഷ പാര്‍ട്ടികളും പ്രചരിപ്പിക്കുകയാണുണ്ടായത്. എന്നാല്‍ ഇതിന് മുന്‍പ് തന്നെ മറ്റ് ചില വാര്‍ത്തകളും ഇതേ മാധ്യമം പ്രസിദ്ധീകരിച്ചിരുന്നു. സംഘര്‍ഷം ഉണ്ടായ ദിവസം 2023 മെയ് 4-ന് ഉച്ചയ്ക്ക് 1:50 ന്, ക്രിസ്ത്യാനിറ്റി ടുഡേയില്‍ ”ആള്‍ക്കൂട്ടം 6 പേരെ കൊല്ലുകയും, വടക്കുകിഴക്കന്‍ ഇന്ത്യയിലെ 25 പള്ളികള്‍ ചുട്ടെരിക്കുകയും(Mobs Kill 6, Burn Down 25 Churches in Northeastern India)ചെയ്തുവെന്ന തലക്കെട്ടില്‍ ഒരു വ്യാജ വാര്‍ത്ത പ്രസിദ്ധീകരിച്ചു. ഇത് സാമൂഹിക മാധ്യമങ്ങളിലൂടെ ലോകമെമ്പാടും വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു.
പ്രൊട്ടസ്റ്റന്റ്, കാത്തലിക്, ഓര്‍ത്തഡോക്‌സ്, ഇവാഞ്ചലിക്കല്‍, പെന്തക്കോസ്ത്, കൂടാതെ സ്വതന്ത്ര ക്രൈസ്തവ സഭകളുടെയും പൗര സംഘടനകളുടെയും ഒരു കൂട്ടായ്മയാണെന്നാണ് ഫിയക്കോണ സ്വയം വിശേഷിപ്പിക്കുന്നത്. 2000-ല്‍ നിലവില്‍ വന്ന ഈ സംഘടന ഭാരതത്തിലെ ക്രിസ്ത്യാനികള്‍ അതിക്രമങ്ങള്‍ നേരിടുന്നുവെന്ന തരത്തില്‍ വാര്‍ഷിക റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. ന്യൂദല്‍ഹി ആസ്ഥാനമായുള്ള ക്രിസ്ത്യന്‍ ആക്ടിവിസ്റ്റും പത്രപ്രവര്‍ത്തകനുമായ ജോണ്‍ ദയാലാണ് ഫിയാക്കോണയുടെ ബോര്‍ഡ് അംഗങ്ങളില്‍ ഒരാള്‍. തുടക്കത്തില്‍ ഫിയാക്കോണയുടെ ഉപദേശക സമിതി അംഗമായും ഇദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. ‘ദല്‍ഹി മിഡ്-ഡേ’ പത്രത്തിന്റെ എഡിറ്ററും സി.ഇ.ഒയും ആയ അദ്ദേഹം ‘എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ’യുടെ ട്രഷററായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഫിയക്കോണയും ‘ഇവാഞ്ചലിക്കല്‍ ഫെല്ലോഷിപ്പ് ഓഫ് ഇന്ത്യയും (EFI)’ പ്രസിദ്ധീകരിക്കുന്ന വാര്‍ഷിക റിപ്പോര്‍ട്ടുകളില്‍ ഭാരതത്തില്‍ ക്രിസ്ത്യാനികള്‍ പീഡനങ്ങളേറ്റുവാങ്ങുന്നുവെന്ന ആഖ്യാനങ്ങള്‍ കെട്ടിച്ചമയ്ക്കുന്ന പ്രധാന വ്യക്തികളിലൊരാളാണ് ജോണ്‍ ദയാല്‍. ഈ റിപ്പോര്‍ട്ടുകള്‍ ‘ഓപ്പണ്‍ ഡോര്‍സ്’, ‘ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍’ (ICC) പോലെയുള്ള ആഗോള ക്രിസ്ത്യന്‍ സംഘടനകള്‍ റഫറന്‍സായി ഉപയോഗിക്കുകയും മനുഷ്യാവകാശ ലംഘനങ്ങള്‍ ഉണ്ടെന്ന് കാണിച്ചു ഭാരതത്തിനുമേല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുവാന്‍ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റില്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്യുന്നു. യു.എസ് സര്‍ക്കാരും ഇത്തരം റിപ്പോര്‍ട്ടുകളെ ആശ്രയിക്കുന്നുണ്ട്.
ഫിയാക്കോണയിലെ രണ്ട് പ്രധാന അംഗങ്ങളായ അതിന്റെ പ്രസിഡന്റ് കോശി ജോര്‍ജ്ജ്, ഉപദേശക സമിതി അംഗം റവ. ഷെര്‍വിന്‍ ഡോസ് എന്നിവര്‍ ഭാരതത്തിലെ ‘ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യ’ (സിഎസ്‌ഐ) യില്‍ പ്രധാന സ്ഥാനങ്ങള്‍ വഹിക്കുന്നുണ്ട്. സി.എസ്.ഐ നിരവധി ദേശീയ അന്തര്‍ദേശീയ ക്രിസ്ത്യന്‍ സംഘടനകളുമായി ബന്ധപ്പെട്ടിരിക്കുന്നു. അതില്‍ ഒന്നാണ് ‘വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ്’ അഥവാ ‘ഡബ്ല്യുസിസി’. ക്രിസ്ത്യന്‍ ഐക്യമെന്ന ലക്ഷ്യവുമായി പ്രവര്‍ത്തിക്കുന്ന 347 ലധികം സഭകളുടെ കൂട്ടായ്മയാണ് സ്വിറ്റ്‌സര്‍ലന്‍ഡ് ആസ്ഥാനമായുള്ള ‘ഡബ്ല്യുസിസി’. നിരവധി തീവ്രവാദ പണമിടപാട് കേസുകളില്‍ ഈ സംഘടന ഉള്‍പ്പെട്ടിട്ടുണ്ട്.
ലെബനിലെ ഇസ്ലാമിക തീവ്രവാദ സംഘടനയായ ഹിസ്ബുള്ളയ്ക്ക് ‘ഡബ്ല്യുസിസി’ സാമ്പത്തിക സഹായം നല്‍കിയതായുള്ള ആരോപണങ്ങളുണ്ട്. പാലസ്തീനും ഇസ്രായേലും തമ്മില്‍ 2006 ലുണ്ടായ യുദ്ധത്തില്‍ ‘ഡബ്ല്യുസിസി’ ഇസ്രായേലിനെ വിമര്‍ശിക്കുകയുണ്ടായി. 1970-കളില്‍ ദക്ഷിണാഫ്രിക്കയിലും സ്വീഡനിലും നടന്ന ഭീകരാക്രമണങ്ങള്‍ക്ക് ‘ഡബ്ല്യുസിസി’ ധനസഹായം നല്‍കിയതായുള്ള തെളിവുകളും പുറത്ത് വന്നിരുന്നു.
ജോണ്‍ പ്രഭുദോസെന്ന ബുദ്ധികേന്ദ്രം
ഫിയക്കോണ, ഡബ്ല്യുസിസി തുടങ്ങിയ സംഘടനകളുടെയെല്ലാം പുറകിലെ പ്രധാന ശക്തിയും സൂത്രധാരനുമായി അറിയപ്പെടുന്നത് ജോണ്‍ പ്രഭുദോസാണ്. ജെപി ഡോസ്, പിഡി ജോണ്‍ തുടങ്ങിയ പല പേരുകളിലും ഇദ്ദേഹം അറിയപ്പെടുന്നു. തമിഴ്‌നാട്ടില്‍ ജനിച്ച ജോണിന്റെ 2000 ത്തിനു മുന്‍പുള്ള പല വിവരങ്ങളും ഇന്ന് ലഭ്യമല്ല. അദ്ദേഹത്തെ സംബന്ധിച്ചുള്ള ഒരു വെബ്‌സൈറ്റ് നല്‍കുന്ന വിവരമനുസരിച്ചു ഹിന്ദുവായിരുന്ന അദ്ദേഹത്തിന്റെ പിതാവ് ചെറുപ്പത്തില്‍ തന്നെ ക്രിസ്തുമതം സ്വീകരിക്കുകയും ഒരു ക്രൈസ്തവ സ്ത്രീയെ വിവാഹം കഴിക്കുകയുമാണുണ്ടായത്. 1980 കളില്‍ അമേരിക്കയിലേക്ക് കുടിയേറിയ ജോണ്‍ വിവിധ ക്രൈസ്തവ സംഘടനകളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുകയായിരുന്നു. തുടര്‍ന്നാണ് ‘പോളിസി ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിലിജിയന്‍ ആന്‍ഡ് സ്റ്റേറ്റ്’ അഥവാ ‘പിഐഎഫ്ആര്‍എഎസ്’, ‘ഫിയക്കോണ’ എന്നീ രണ്ട് സംഘടനകള്‍ക്ക് അദ്ദേഹം രൂപം നല്‍കുന്നത്. ‘ഫിയക്കോണ’യെക്കുറിച്ച് മുന്‍പ് സൂചിപ്പിച്ചിരുന്നു. വിവിധ രാജ്യങ്ങളിലെ മതസമൂഹങ്ങളും സര്‍ക്കാരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പഠിക്കുന്നതിനാണ് ‘പി. ഐ.എഫ്ആര്‍.എ.എ.സി’നു രൂപം നല്‍കിയത്. മുന്‍ പാകിസ്ഥാന്‍ നയതന്ത്രജ്ഞനും അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയിലെ ‘ഇബ്‌നു ഖല്‍ദൂന്‍ ഇസ്‌ലാമിക് സ്റ്റഡീസ്’ ചെയറിലെ പ്രൊഫസറുമായ അക്ബര്‍ അഹമ്മദ്, മുന്‍ അമേരിക്കന്‍ പാര്‍ലമെന്റ് അംഗമായ റോണി ഷോസ്, നിര്‍മ്മല ദേശ്പാണ്ഡെ, ചെയര്‍ ഓഫ് സൗത്ത് ഏഷ്യ സ്റ്റഡീസ് അംഗം ബ്രൂസ് റോബര്‍ട്ട്‌സണ്‍ തുടങ്ങിയവരാണ് ഇതിന്റെ ഉപദേശക സമിതി അംഗങ്ങള്‍. രൂപീകരിച്ച് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ‘പിഐഎഫ്ആര്‍എഎസ്’ ദക്ഷിണേഷ്യയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വിവിധ സെമിനാറുകളും കോണ്‍ഫറന്‍സുകളും സംഘടിപ്പിക്കുവാന്‍ തുടങ്ങിയിരുന്നു. ‘യുണൈറ്റഡ് മെത്തഡിസ്റ്റ് ബോര്‍ഡ് ഓഫ് ചര്‍ച്ച് ആന്‍ഡ് സൊസൈറ്റി’, ‘നാഷണല്‍ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ഓഫ് ക്രൈസ്റ്റ് ഇന്‍ യു.എസ്.എ’, ഭാരത പ്രവാസി സംഘടനകളായി അറിയപ്പെടുന്ന ‘അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ മുസ്‌ലിംസ് ഓഫ് അമേരിക്ക’, ‘അമേരിക്കന്‍ ഫെഡറേഷന്‍ ഓഫ് മുസ്‌ലിംസ്’, ‘കൗണ്‍സില്‍ ഓഫ് പാകിസ്ഥാന്‍ അമേരിക്കന്‍ അഫയേഴ്‌സ്’ എന്നിവയുള്‍പ്പെടെ നിരവധി സംഘടനകളാണ് ഇത്തരത്തിലുള്ള പരിപാടികള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയത്. രൂപീകരണത്തിന്റെ ആദ്യ വര്‍ഷങ്ങളില്‍ ‘പിഐഎഫ്ആര്‍എഎസ്’ അംഗങ്ങള്‍ അന്നത്തെ യുഎസ് വൈസ് പ്രസിഡന്റ് ഡിക്ക് ചെനിയുമായും അമേരിക്കന്‍ പ്രതിരോധ വകുപ്പായ പെന്റഗണുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. 2003ല്‍ അമേരിക്ക ഇറാഖ് ആക്രമിച്ചപ്പോള്‍ ബാഗ്ദാദ് സന്ദര്‍ശിച്ച നാല് ഉദ്യോഗസ്ഥരുടെ സംഘത്തിന് നേതൃത്വം നല്‍കിയത് പ്രഭുദോസായിരുന്നു. ജോണ്‍ പ്രഭുദോസ് എന്ന പേരില്‍ ഇറാഖിലെത്തിയ അദ്ദേഹത്തിനും ‘പിഐഎഫ്ആര്‍എഎസി’നും ബാഗ്ദാദില്‍ ഒരു ഓഫീസ് സ്ഥാപിക്കാന്‍ യു.എസ് സര്‍ക്കാര്‍ അനുവാദം നല്‍കി. ചുരുക്കത്തില്‍ ജമാഅത്ത്, മുസ്ലീം ബ്രദര്‍ഹുഡ്, യു.എസ്. സി.ഐ.ആര്‍.എഫ്, ഭാരത വിരുദ്ധരായ അമേരിക്കന്‍ രാഷ്ട്രീയക്കാരും ഇസ്ലാമിക് -ക്രിസ്ത്യന്‍ മിഷണറിമാര്‍, അമേരിക്കന്‍ പ്രതിരോധ വകുപ്പില്‍ സ്വാധീനമുള്ള രാഷ്ട്രീയക്കാര്‍ തുടങ്ങി ഭാരതത്തെ അസ്ഥിരപ്പെടുത്താന്‍ പ്രവര്‍ത്തിക്കുന്ന ശക്തികളുമായി ജോണ്‍ അടുത്ത ബന്ധം പുലര്‍ത്തുന്നു.
വലിയ രീതിയിലുള്ള പ്രചാരണമാണ് ഭാരതത്തിനെതിരെ ഈ സംഘടനകള്‍ ഒറ്റയ്ക്കും ഒന്നിച്ചു ചേര്‍ന്നും നടത്തുന്നത്. തുടക്കത്തില്‍ സൂചിപ്പിച്ച ‘നോര്‍ത്ത് അമേരിക്ക മണിപ്പൂര്‍ ട്രൈബല്‍ അസോസിയേഷന്‍ ‘ കാനഡയിലെ ‘സൗത്ത് ഏഷ്യന്‍ ദളിത് ആദിവാസി നെറ്റ്‌വര്‍ക്ക്’, ‘ഇന്ത്യ സിവില്‍ വാച്ച് ഇന്റര്‍നാഷണല്‍’, ‘ഇന്ത്യാ സിവില്‍ വാച്ച് ഓര്‍ഗനൈസേഷന്‍’, ‘ജസ്റ്റിസ് ഫോര്‍ ഓള്‍ കാനഡ’ എന്നീ സംഘടനകള്‍ സംയുക്തമായും വലിയ പ്രചാരണം നടത്തുന്നു. ‘മണിപ്പൂരിലെ കുക്കി-സോമി ആദിവാസികള്‍ക്കെതിരായ വംശീയ ശുദ്ധീകരണവും ലൈംഗിക അതിക്രമവും നിര്‍ത്തുക’ എന്ന തലക്കെട്ടില്‍ ഇവര്‍ കാനഡയില്‍ ഒന്നിച്ചു സംഘടിപ്പിച്ച പ്രതിഷേധം ഇതിനൊരുദാഹരണമാണ്. ‘കനേഡിയന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ മുസ്‌ലിംസ് (സിസിഐഎം)’, ‘അംബേദ്കറൈറ്റ് ഇന്റര്‍നാഷണല്‍ കോ-ഓര്‍ഡിനേഷന്‍ സൊസൈറ്റി’, ‘സോഷ്യലിസ്റ്റ് ഡോട്ട് സിഎ ഇന്റര്‍നാഷണല്‍’ എന്നിവര്‍ സംയുക്തമായി 2023 ജൂലൈ 29-ന് കാനഡയിലെ ഭാരത കോണ്‍സുലേറ്റിന് മുമ്പില്‍ പ്രതിഷേധം നടത്തി. കാനഡയില്‍ നിന്നുള്ള ഖലിസ്ഥാനി സംഘടനയായ ‘പൊയറ്റിക് ജസ്റ്റിസ് ഫൌണ്ടേഷ’നും അവരോടൊപ്പം ചേരുകയും ഭാരതിനെതിരെ പ്രസ്താവനയിറക്കാന്‍ കനേഡിയന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്യുന്നു. കൂടാതെ അമേരിക്ക, യൂറോപ്യന്‍ രാജ്യങ്ങളിലെ ബിസിനസ്സുകാര്‍ക്കിടയില്‍ ഭാരതത്തിലെ നിക്ഷേപം പിന്‍വലിക്കാനും വന്‍തോതില്‍ പ്രചരണം നടത്തുന്നു. രാജ്യത്തിനകത്തെ ദേശവിരുദ്ധ ശക്തിയുമായി ചേര്‍ന്നു വിദേശരാജ്യങ്ങളില്‍ ഭാരതത്തിനെതിരെ നടക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ചെറിയൊരു ഉദാഹരണമാണ് ഇവിടെ ചൂണ്ടിക്കാണിച്ചത്. ഈ ശൃംഖല വളരെ വിപുലവും ആഴമേറിയതുമാണ്.
അനധികൃത കുടിയേറ്റമെന്ന ഭീഷണി
സംസ്ഥാനത്ത് നിലവിലുള്ള അശാന്തിയുടെ കാരണങ്ങളിലൊന്നു മണിപ്പൂരിനും മ്യാന്‍മറിനുമിടയിലെ തുറന്ന അതിര്‍ത്തിയിലൂടെയുള്ള നുഴഞ്ഞുകയറ്റമാണ്. 2023 ജൂലൈ 25 ന് സംസ്ഥാന ആഭ്യന്തര വകുപ്പ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ജൂലൈ 22, 23 തീയതികളില്‍ മണിപ്പൂരിലെ ചന്ദേല്‍ ജില്ലയില്‍ മാത്രം 718 അനധികൃത കുടിയേറ്റക്കാര്‍ പ്രവേശിച്ചതായി കണ്ടെത്തി. 2023 ജൂണില്‍ ഇന്റലിജന്‍സ്, നാര്‍ക്കോട്ടിക്‌സ് ആന്‍ഡ് അഫയേഴ്‌സ് ബോര്‍ഡര്‍ (ഐജിപി) തയ്യാറാക്കിയ റിപ്പോര്‍ട്ട് പ്രകാരം 2480 ഓളം അനധികൃത കുടിയേറ്റക്കാരെ കലാപ വേളയില്‍ വിവിധ ജില്ലകളിലായി കണ്ടെത്തിയിരുന്നു. മണിപ്പൂരിലെ അക്രമങ്ങള്‍ക്ക് കാരണം അനധികൃത കുടിയേറ്റക്കാരുടെ കുത്തൊഴുക്കാണെന്ന് മെയ് മാസത്തിനു മുന്‍പ് തന്നെ സര്‍ക്കാര്‍ വെളിപ്പെടുത്തിയിരുന്നു. 2023 മെയ് 2-ന് മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍. ബിരേന്‍ സിംഗും സമാന അഭിപ്രായം പറഞ്ഞു. കലാപം ആരംഭിച്ചതിന് ഒരു ദിവസം മുമ്പാണ് അദ്ദേഹത്തിന്റെ പ്രസ്താവനയുണ്ടായതെന്നതാണ് ശ്രദ്ധേയം. ഇത് ശരിവെയ്ക്കുന്നതാണ് 2023 ജൂലായില്‍ തന്നെ ‘മെയ്‌തേയ് ക്രിസ്ത്യന്‍ ചര്‍ച്ചസ് കൗണ്‍സില്‍ മണിപ്പൂര്‍’ (എംസിസിസിഎം) എന്ന മെയ്‌തേയി ഗോത്രത്തിലെ ക്രൈസ്തവരുടെ സംഘടന ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള ആക്രമണമല്ലെന്നും അതിന് മതവുമായി യാതൊരു ബന്ധവുമില്ലെന്നും മറിച്ച് ‘മണിപ്പൂരികളും അനധികൃത കുടിയേറ്റക്കാരും’ തമ്മിലുള്ള സംഘട്ടനമാണെന്നും അഭിപ്രായപ്പെട്ടത്. അതുകൊണ്ട് തന്നെ ജൂണില്‍ ‘മണിപ്പൂര്‍ ട്രൈബല്‍ ഫോറം ഡല്‍ഹി’യോട് സംഘടന സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിരുന്ന ഒരു റിട്ട് പെറ്റീഷന്റെ (540/ 2023) പട്ടികയില്‍ നിന്നും മെയ്‌തേയി പള്ളികളുടെ പേരുകള്‍ നീക്കം ചെയ്യണമെന്ന് ജൂണില്‍ തന്നെ അവര്‍ ആവശ്യപ്പെട്ടത്.
മയക്കുമരുന്നു വിപണിയും സര്‍ക്കാര്‍ നടപടികളും
മണിപ്പൂരിലെ അശാന്തിക്ക് പിന്നിലെ മറ്റൊരു ഘടകം ഈ സംസ്ഥാനത്തെ മലയോര ജില്ലകളിലെ വന്‍തോതിലുള്ള അനധികൃത മയക്കുമരുന്ന് കൃഷിയും മേഖലയിലെ മയക്കുമരുന്ന് മാഫിയയുമാണ്. ഇതൊരു പുതിയ പ്രശ്‌നമല്ല. എന്നാല്‍ മ്യാന്‍മര്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ മയക്കുമരുന്ന് കൃഷിയിലുണ്ടായ അഭൂതപൂര്‍വമായ വര്‍ദ്ധനവ് ഒരു പ്രശ്‌നമായി ഇന്ന് മാറി. ഇതിനെതിരെയുള്ള സര്‍ക്കാര്‍ നടപടികളും മയക്കുമരുന്ന് മാഫിയയെ അസ്വസ്ഥരാക്കി. സെന്‍ട്രല്‍ ബ്യൂറോ ഓഫ് നാര്‍ക്കോട്ടിക്‌സ് (എന്‍സിബി) നല്‍കുന്ന ലൈസന്‍സിന് കീഴിലല്ലാതെയുള്ള കറുപ്പ് കൃഷികള്‍ 1985 ലെ എന്‍ഡിപിഎസ് നിയമത്തിലെ എട്ടാം വകുപ്പ് പ്രകാരം നിരോധിച്ചിരുന്നു. അതിനെ മറികടന്നു കൊണ്ടാണ് മണിപ്പൂരിലെ ഒമ്പത് മലയോര ജില്ലകള്‍ ഉള്‍പ്പെടെ മ്യാന്‍മര്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ കറുപ്പ് കൃഷി വര്‍ദ്ധിച്ചത്. ചുരാചന്ദ്പൂര്‍, ഫെര്‍സാവല്‍, നോനി, തമെങ്‌ലോങ്, സേനാപതി, കാങ്‌പോക്പി, ഉഖ്‌റുല്‍, കാംജോങ്, തെങ്‌നൂപാല്‍, ചന്ദല്‍ എന്നീ പ്രദേശങ്ങള്‍ ഇത്തരത്തിലുള്ള കറുപ്പ് കൃഷികളാല്‍ സമൃദ്ധമാണ്. ഈ പ്രദേശങ്ങളില്‍ കുക്കി ഗോത്രങ്ങളാണ് ആധിപത്യം പുലര്‍ത്തുന്നത്.
ഈ മയക്കുമരുന്ന് കൃഷിയെ തകര്‍ക്കാനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി, നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും (എന്‍സിബി) മറ്റ് സുരക്ഷാ ഏജന്‍സികളും ചേര്‍ന്ന് 2017-23 കാലയളവില്‍ തന്നെ 18,664.6 ഏക്കര്‍ കറുപ്പ് കൃഷിതോട്ടം നശിപ്പിച്ചിരുന്നു. കൂടാതെ 2017-2019 കാലയളവില്‍ മണിപ്പൂര്‍ പോലീസും 2,858 ഏക്കര്‍ കൃഷി നശിപ്പിച്ചു. കൃഷിയിലൂടെ കൂടുതല്‍ ലാഭം നേടുന്നത് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിഘടനവാദ ഗ്രൂപ്പുകളും അനധികൃത കറുപ്പ് ഉല്‍പാദനത്തിന്റെ കേന്ദ്രമായ മ്യാന്മാര്‍, ലാവോസ്, തായ്‌ലാന്‍ഡ് എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ‘ഗോള്‍ഡന്‍ ട്രയാംഗിള്‍’ അഥവാ ‘സുവര്‍ണ ത്രികോണം’ എന്നറിയപ്പെടുന്ന അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയകളുമാണ്. സമീപ വര്‍ഷങ്ങളില്‍ സുവര്‍ണ ത്രികോണത്തിലേക്ക് കറുപ്പ് കയറ്റിയയക്കുന്ന ഒരു പ്രധാന കേന്ദ്രമായി മണിപ്പൂര്‍ മാറിയിരുന്നു.
ഈ പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ‘വാര്‍ ഓണ്‍ ഡ്രഗ്‌സ്’ അഥവാ ‘മയക്കുമരുന്ന് വിരുദ്ധ യുദ്ധം’മെന്ന പേരില്‍ സര്‍ക്കാര്‍ ഒരു ക്യാമ്പയിന്‍ 2022 ല്‍ ആരംഭിച്ചു. മേഖലയില്‍ വര്‍ദ്ധിച്ചുവരുന്ന മയക്കുമരുന്ന് ഭീഷണിയെ നേരിടാനുള്ള തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അസം റൈഫിള്‍സ്, എന്‍ഐഎ, എന്‍സിബി, എന്‍എബി, പൊലീസ് എന്നിവരുമായി മുഖ്യമന്ത്രി എന്‍.ബിരേന്‍ സിംഗ് ഒരു ഉന്നതതല യോഗവും ചേര്‍ന്നു.
ഇതിന്റെ ഭാഗമായി 2022-23-ല്‍ കാലയളവില്‍ നിരോധിത കറുപ്പ് കൃഷിയ്‌ക്കെതിരെയുള്ള നടപടികള്‍ സര്‍ക്കാര്‍ വിപുലമാക്കി. 2022 ഫെബ്രുവരിയില്‍ 1950 ഏക്കറിലധികം വരുന്ന കറുപ്പ് കൃഷിയാണ് വിവിധ സേനകള്‍ ചേര്‍ന്നു നശിപ്പിച്ചത്. മാര്‍ച്ചില്‍, അസം റൈഫിള്‍സിന്റെ ലോക്തക് ബറ്റാലിയന്‍ മണിപ്പൂര്‍ പോലീസുമായി ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനില്‍ ഒരു കോടി വിലമതിക്കുന്ന 1.195 കിലോഗ്രാം ഹെറോയിനുമായി മയക്കുമരുന്ന് കടത്തുകാരനെ പിടികൂടി. മാര്‍ച്ചില്‍ മൂന്ന് വ്യക്തികളില്‍ നിന്ന് 55 കോടി രൂപ വിലമതിക്കുന്ന 34 കിലോഗ്രാം ബ്രൗണ്‍ ഷുഗറും 4.4 കിലോഗ്രാം വേള്‍ഡ് ഈസ് യുവേഴ്‌സ് (WY) എന്ന മയക്കുമരുന്ന് ഗുളികകളും സുരക്ഷാ ഏജന്‍സികള്‍ പിടിച്ചെടുത്തു. മണിപ്പൂരിലെ തെങ്‌നൗപാല്‍ ജില്ലയില്‍ 2022 മെയ് മാസത്തിലും ഓഗസ്റ്റിലും 9 കോടി രൂപ വിലമതിക്കുന്ന 44.5 കിലോഗ്രാം വേള്‍ഡ് ഈസ് യുവേഴ്‌സ് ഗുളികകളും പിടിച്ചെടുത്തു. 2022 ഓഗസ്റ്റില്‍, മണിപ്പൂര്‍ സ്റ്റേറ്റ് സെക്യൂരിറ്റി ഫോഴ്‌സ് തൗബാല്‍ ജില്ലയിലെ ലിലോങ് പ്രദേശത്ത് ഒരു മയക്കുമരുന്ന് നിര്‍മാണ യൂണിറ്റ് തകര്‍ക്കുകയും രാജ്യാന്തര വിപണിയില്‍ 82 കോടി രൂപ വിലവരുന്ന 54.68 കിലോ ബ്രൗണ്‍ ഷുഗര്‍ കണ്ടുകെട്ടുകയും ചെയ്തു. ഇപ്രകാരം 2022 ഫെബ്രുവരി മുതല്‍ 2023 മാര്‍ച്ച് വരെയുള്ള കാലയളവില്‍ മണിപ്പൂരില്‍ പിടിച്ചെടുത്ത മൊത്തം മയക്കുമരുന്നുകളുടെയും നിരോധിത വസ്തുക്കളുടെയും മൂല്യം 332.91 കോടി രൂപയാണ്. ഇതിനു ശേഷമാണ് 2023 ഏപ്രില്‍, മെയ് മാസങ്ങളിലായി കലാപം പൊട്ടിപ്പുറപ്പെട്ടത്. ഇതിനു പുറമെ 2021 ഡിസംബറില്‍ മാത്രം, മ്യാന്‍മര്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള തെങ്‌നൗപാല്‍ ജില്ലയിലെ മോറെ പട്ടണത്തിലെ ഒരു വീട്ടില്‍ നിന്ന് 500 കോടിയിലധികം വിലമതിക്കുന്ന മയക്കുമരുന്ന് അസം റൈഫിള്‍സ് പിടികൂടിയിരുന്നു. മണിപ്പൂരിലെ മയക്കുമരുന്ന് പ്രശ്‌നം സംസ്ഥാനത്ത് മാത്രം ഒതുങ്ങുന്നില്ല. സമീപ വര്‍ഷങ്ങളില്‍ അയല്‍ സംസ്ഥാനമായ മിസോറാമും ഇതിന്റെ കേന്ദ്രമായി മാറിയിട്ടുണ്ട്. മണിപ്പൂരിലെ അശാന്തിയെത്തുടര്‍ന്ന് മിസോറാമില്‍ മയക്കുമരുന്നിന്റെ ആവശ്യവും കടത്തും വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതിനെതിരെ മണിപ്പൂര്‍ സര്‍ക്കാര്‍ എടുത്ത നടപടികള്‍ ഭാരതത്തിലെ മാത്രമല്ല അന്താരാഷ്ട്ര തലത്തിലെ മയക്കുമരുന്ന് ശൃംഖലകള്‍ക്ക് വലിയ ഭീഷണിയായി മാറി.
വളരെ ചുരുങ്ങിയ സമയം കൊണ്ടു മണിപ്പൂരിലെ കലാപം അടിച്ചമര്‍ത്തുവാനുള്ള ശക്തി രാജ്യത്തെ ഭരണകൂടത്തിനും സേനകള്‍ക്കുമുണ്ട്. എന്നാല്‍ ബലപ്രയോഗത്തിലൂടെയും കൊലപാതകത്തിലൂടെയും മാത്രം പരിഹരിക്കേണ്ട വിഷയമല്ല അവിടുത്തേത്. പ്രശ്‌നങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ശക്തികളെ ഇല്ലായ്മ ചെയ്താല്‍ മാത്രമേ ഇതിനൊരു അവസാനമുണ്ടാകൂ. അതിര്‍ത്തി കെട്ടിയടച്ചു നുഴഞ്ഞു കയറ്റം അവസാനിപ്പിക്കുവാനും മയക്കുമരുന്ന് മാഫിയയെയും വിഘടനവാദത്തെയും ഇല്ലായ്മ ചെയ്യുന്നതിനുള്ള നടപടികള്‍ മോദി സര്‍ക്കാര്‍ വടക്ക് കിഴക്കന്‍ സംസ്ഥാങ്ങളിലാകമാനം സ്വീകരിക്കുകയും അതില്‍ വിജയിക്കുകയും ചെയ്തു. ഇപ്പോള്‍ വിദേശ ഇടപെടലുകളിലൂടെയുള്ള തെറ്റിദ്ധരിപ്പിക്കലുകളെയും കുപ്രചരണങ്ങളെയും ചെറുക്കുവാനുള്ള നയങ്ങളും നടപടികളും സര്‍ക്കാര്‍ ഫലപ്രദമായി നടപ്പിലാക്കുന്നു. ഇതിന്റെ പ്രതിഫലനമാണ് കാനഡയുടെ പ്രതികരണത്തിലൂടെയും ഇരു രാജ്യങ്ങളുടെയും ബന്ധം വഷളാകുന്നതിലും നാം കണ്ടത്. അതിനിയും ശക്തമായി മുന്നോട്ട് നയിക്കേണ്ടതുണ്ട്.
(ന്യൂദല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ ഗവേഷകനാണ് ലേഖകന്‍)