പ്രശസ്ത ചലച്ചിത്രസംവിധായകനായ സത്യന്‍ അന്തിക്കാട് ഒരിക്കല്‍ ചെന്നൈയിലെ വോണ്ടി ബസാറിലൂടെ യാത്ര ചെയ്യുമ്പോള്‍ പാകമാകാത്ത ട്രൗസറും പഴകിയ ഷര്‍ട്ടും ധരിച്ച ഒരു കുട്ടി അദ്ദേഹത്തിന്റെ കയ്യില്‍ പിടിച്ചു. ചെവി ക്ലീന്‍ ചെയ്യുന്ന ‘ബഡ്‌സ്’ വില്പനയായിരുന്നു അവന്റെ തൊഴില്‍. അതിലൊരു കെട്ട് വാങ്ങുവാന്‍ ആ കുട്ടി അദ്ദേഹത്തെ നിര്‍ബന്ധിച്ചു. തനിക്കതിന്റെ ആവശ്യമില്ലെന്നു പറഞ്ഞ് അദ്ദേഹം ബസാറിന്റെ തിരക്കുകളിലേക്കു മുങ്ങി.
എന്നാല്‍ കുറച്ചു സമയം കഴിഞ്ഞു അദ്ദേഹം തിരിച്ചു വരുമ്പോള്‍ ആ പയ്യന്‍ വീണ്ടും അദ്ദേഹത്തെ പിടികൂടി. അദ്ദേഹം ആ ബഡ്‌സ് നിരസിച്ചിട്ട് അതിന്റെ വിലയേക്കാള്‍ വിലവരുന്ന ഏതാനും അഞ്ചുരൂപാ നാണയങ്ങള്‍ അവനു നേരെ നീട്ടി.
അവന്‍ അതുവാങ്ങി സന്തോഷത്തോടെ പോക്കറ്റിലിടുമെന്നാണ് കരുതിയത്. എന്നാല്‍ ആ കൊച്ചുപയ്യന്റെ പ്രതികരണം അദ്ദേഹത്തെ അത്ഭുതപ്പെടുത്തുന്നതായിരുന്നു.
”വേണ്ട സാര്‍ എനിക്കിതുവേണ്ട. ഇതില്‍ ഒന്നുപോലും വാങ്ങിയില്ലെങ്കിലും സാരമില്ല സര്‍. വെറുതെ എനിക്കൊന്നും വേണ്ട. എന്റെ അമ്മ പറഞ്ഞിട്ടുണ്ട് ആരില്‍ നിന്നും വെറുതെ ഒന്നും വാങ്ങരുതെന്ന്.” ആ കുട്ടിയുടെ അഭിമാനബോധത്തിനു മുന്നില്‍ സത്യന്‍ അന്തിക്കാട് നമ്രശിരസ്‌കനായി.