ഭാരതത്തിന്റെ പുരാണേതിഹാസങ്ങളില്‍ സൗഹൃദത്തിന്റെ ഉത്തമമായ ഉദാഹരണം ചോദിച്ചാല്‍ ശ്രീകൃഷ്ണ – കുചേല ബന്ധത്തേക്കാള്‍ ശ്രേഷ്ഠമായ, ഉദാത്തമായ മറ്റൊന്ന് ചൂണ്ടിക്കാണിക്കാന്‍ ഇല്ലെന്നു തറപ്പിച്ചു പറയാന്‍ കഴിയും. ധനു മാസത്തിലെ മുപ്പെട്ടു ബുധനാഴ്ചയാണ് കുചേലദിനം. സൗഹൃദ ദിനാചരണത്തിന് ഇതിലും ഉചിതമായ മറ്റൊരു ദിനം ചൂണ്ടിക്കാണിക്കാന്‍ ആര്‍ക്കും കഴിയുകയുമില്ല. എന്താണ് ശ്രീകൃഷ്ണ-കുചേല സൗഹൃദത്തിന്റെ പ്രത്യേകത?
അവതാരം മുതല്‍ സ്വര്‍ഗ്ഗാരോഹണം വരെയുള്ള ജീവിതത്തില്‍ ഒരിക്കല്‍ മാത്രമേ ഭഗവാന്‍ കരഞ്ഞിട്ടുള്ളുവത്രെ! അതും ഭക്തനായ തന്റെ സതീര്‍ത്ഥ്യനെ അനവധി വര്‍ഷങ്ങള്‍ക്കു ശേഷം കണ്ട മാത്രയില്‍ മാത്രം. രാമപുരത്തുവാരിയര്‍ കൃത്യമായി ആ രംഗം നമ്മുടെ മുമ്പില്‍ വരച്ചുകാണിക്കുന്നു.
‘അന്തണനെ കണ്ടിട്ടുള്ള സന്താപം കൊണ്ടോ തസ്യ ദൈന്യം ചിന്തിച്ചിട്ടുള്ളിലുണ്ടായ സന്താപം കൊണ്ടോ എന്തുകൊണ്ടോ ശൗരി കണ്ണീരണിഞ്ഞു; ധീരനായ ചെന്താമരക്കണ്ണനുണ്ടോ കരഞ്ഞിട്ടുള്ളു?’
കുചേലനും കൃഷ്ണനും തമ്മിലുള്ള ബന്ധം ഈ വരികളില്‍ നിന്നും നമുക്ക് വായിച്ചെടുക്കാവുന്നതാണ്.
‘മല്‍ ഭക്തന്മാരോടുള്ള സക്തിയാലെന്നെ ഞാന്‍ മറന്നു’ എന്നു ചിപിടകം വാങ്ങി ഭുജിച്ച ശേഷം രുഗ്മിണിദേവിയോടു പറയുന്ന കൃഷ്ണന്‍ മുരിങ്ങൂര്‍ ശങ്കരന്‍ പോറ്റിയുടെ കുചേലവൃത്തം കഥകളിയിലും ‘പരമഭക്തന്മാരെക്കണ്ടിരിക്കുന്നേരം
പരവശനായ് കൃപ കൊണ്ടെന്നെയും മറന്നു പോം ഞാന്‍, പരിചയിച്ചിട്ടും നീയതറിഞ്ഞിട്ടില്ലേ’
എന്നു രുഗ്മിണിദേവിയെ ഭഗവാന്‍ ഓര്‍മ്മപ്പെടുത്തുന്ന രാമപുരത്തു വാരിയരുടെ കുചേലവൃത്തം വഞ്ചിപ്പാട്ടിലും ഭഗവാന്‍ തന്നെയാണ് തന്റെ സതീര്‍ത്ഥ്യനോടുള്ള സൗഹൃദത്തിന്റെയും സ്‌നേഹത്തിന്റെയും ആഴം നമുക്കു വെളിപ്പെടുത്തിത്തരുന്നത്.
തന്റെ സതീര്‍ത്ഥ്യനോടുള്ള സ്‌നേഹ വാത്സല്യത്താല്‍ സ്വയം മറന്നു പോകുന്ന കൃപാവാരിധിയായ ഭഗവാന്റെ മോഹനരൂപം മനസ്സില്‍ ഓര്‍ക്കുന്ന ഭക്തന്‍, താനും കുചേലനെപ്പോലെ ഭഗവാന്റെ സതീര്‍ത്ഥ്യനായെങ്കില്‍ എന്നു ആഗ്രഹിച്ചു പോകുന്നത് ആ സൗഹൃദത്തിന്റെ അനന്തമായ ശക്തിവിശേഷം തന്നെയാണ്.
‘ദീനദയാപാരവശ്യം മറ്റൊരീശ്വരനുണ്ടോ?’ (കുചേലവൃത്തം വഞ്ചിപ്പാട്ട്).
തന്റെ ഭക്തന്മാരോടും അശരണരോടും ദീനരോടും ഇത്രയേറെ കാരുണ്യം കാണിക്കുന്ന മറ്റൊരീശ്വരനില്ല എന്നാണ് കുചേല കഥാഖ്യാനത്തിലൂടെ കവി വെളിപ്പെടുത്തുന്നത്, കുട്ടിക്കാലം മുതല്‍ തന്റെ എല്ലാമെല്ലാമായിരുന്ന സുദാമാവെന്ന സുഹൃത്തിനെ ഭാര്യാസമേതം പരിചരിക്കുന്ന കൃഷ്ണന്റെ പ്രവൃത്തികളെ സാക്ഷ്യപ്പെടുത്തിക്കൊണ്ടാണ്. കൃഷ്ണനും കുചേലനും തമ്മിലുള്ള സുഹൃദ്ബന്ധം അതിന്റെ ആഴത്തിലും പരപ്പിലും മനസ്സിലാകുമ്പോള്‍, അനുവാചകന്‍ ഭക്തിയുടെ പാരമ്യത്തില്‍ സാക്ഷാത് വൈകുണ്ഠനാഥന്റെ മുമ്പിലെത്തി ആത്മനിര്‍വൃതിയടയുന്ന അനുഭൂതിയുണ്ടാകുന്നത് സ്വാഭാവികം മാത്രമാണ്. ദാരിദ്ര്യത്തിന് അറുതി വരുത്തുന്നതിനാണ് സുദാമാവ് തന്റെ ധര്‍മ്മപത്‌നിയുടെ നിര്‍ബന്ധത്തിനു വഴങ്ങി സതീര്‍ത്ഥ്യനായ ഭഗവാനെ കാണാനെത്തുന്നത്. ഭഗവാനെ കാണാന്‍ പോകുമ്പോള്‍ എങ്ങിനെ പോകണമെന്നു കൂടി കുചേലന്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നുണ്ട്.
‘നിറഞ്ഞ കൃഷ്ണനെ കാണ്മാന്‍
പുലര്‍കാലേ പുറപ്പെടാം അറിഞ്ഞു
വല്ലതും കൂടെ തന്നയയ്‌ക്കേണം.
ത്രിഭുവനമടക്കി വാണിരുന്നരുളുന്ന
മഹാപ്രഭുവിനെ കാണ്മാന്‍ കൈക്കലേതും
കൂടാതെ സ്വഭവനത്തിങ്കല്‍ നിന്നു ഗമിക്കരുതാരും’
പക്ഷെ, ‘കൈക്കലിഭവുമാമിലയുമാം കുസുമവുമാം അവലുമാം മലരുമാം ഫലവുമാം യഥാശക്തി മലര്‍ക്കന്യാ മണവാളനൊക്കെയുമാകും’ എന്നു കൂടി പറഞ്ഞു വയ്ക്കുമ്പോള്‍ ഭക്തിയോടു കൂടി ഒരിലയോ പൂവോ സമര്‍പ്പിച്ചാലും ഭഗവാനു തൃപ്തിയാകുമെന്ന് വാര്യര്‍ തറപ്പിച്ചു പറയുന്നു.
എന്നാല്‍, ‘കൈക്കലര്‍ത്ഥമൊന്നു – മില്ലാഞ്ഞെന്റെ
ഭക്തന്മാരര്‍പ്പിച്ചാല്‍ കയ്ക്കും കാഞ്ഞിരക്കുരുവുമെനിക്കമൃതം’
ഭക്തിഹീനന്മാരായ
ഭക്തരമൃതം തന്നാലും
തിക്ത കാരാസ്‌കര ഫലമായിട്ടു തീരും’
എന്നു ഭഗവാനും പറഞ്ഞുവയ്ക്കുന്നു.
സുഹൃത്തെന്നാല്‍ സു= നല്ല, ഹൃത്ത് = ഹൃദയം – നല്ല ഹൃദയമുള്ളവന്‍. സഹൃദയന്‍ തന്നെയാണ് സുഹൃത്ത്. അങ്ങിനെ വരുമ്പോള്‍ ഏതൊരു സുഹൃദ്ബന്ധവും ഈശ്വരീയമല്ലേ?
ഭക്തനും ഭഗവാനും തമ്മിലുള്ള സുഹൃദ് ബന്ധത്തെ മനസ്സിലാക്കിത്തരുന്നതാണ് കുചേലവൃത്തം കഥ. വന്ന കാര്യം പോലും മറന്നുപോയ സുഹൃത്ത്! തന്നെത്തന്നെ മറന്നുപോയ ഭഗവാനും. ഗുരുസന്നിധിയിലെത്തിയ നാള്‍ മുതലുള്ള ഓരോ കാര്യങ്ങളും കഥകളും കുടുംബ കാര്യങ്ങളും പറഞ്ഞു, കണ്ടു മതിവരാതെ മനസ്സില്ലാമനസ്സോടെ പിരിയുന്ന കൂട്ടുകാര്‍. ഈ സുഹൃദ്ഭാവം തന്നെയല്ലെ കുബ്ജയുടെയും കുറൂരമ്മയുടെയും മഞ്ജുളയുടെയും ഭക്തിസാന്ദ്രമായ കഥകളിലും വില്വമംഗലവും, ഭട്ടതിരിപ്പാടും പൂന്താനവും അനുഭവം കൊണ്ടു സാക്ഷ്യപ്പെടുത്തിയ കഥകളിലും? ഭാഗവതത്തില്‍ വിവരിക്കുന്ന ഭക്തിയുടെ ഒമ്പതു ഭാവങ്ങളില്‍ ഒന്നായ ‘സഖ്യം’ തന്നെയല്ലേ ഈ ഈശ്വരീയ സുഹൃദ്ബന്ധങ്ങളുടെ കാതല്‍? ഭാഗവതത്തില്‍ ഗജേന്ദ്ര മോക്ഷം കേള്‍ക്കുമ്പോള്‍ കിട്ടുന്ന അതേ അനുഭൂതി ഗുരുവായൂര്‍ കേശവന്റെ കഥകള്‍ കേള്‍ക്കുമ്പോഴും നമുക്ക് ഉണ്ടാകുന്നു. ഭഗവദ്കഥകള്‍ കേള്‍ക്കുന്നതും പുണ്യദിനങ്ങളില്‍ ഭഗവത് ദര്‍ശനം നടത്തുന്നതും, സത്സംഗങ്ങളില്‍ പങ്കെടുക്കുന്നതും സുഹൃത്തുക്കളുമായി ഒത്തുചേരുന്നതും പുണ്യം തന്നെ. 18-12-2024, ധനു 3, ബുധനാഴ്ചയാണ് ഈ വര്‍ഷത്തെ കുചേലദിനം അഥവാ യഥാര്‍ത്ഥ സൗഹൃദ ദിനം. ഈ കുചേല ദിനത്തില്‍, ആ കാരുണ്യവാരിധിയുടെ ദയാപാരവശ്യം നിറഞ്ഞ കഥകളെ അനുസ്മരിച്ച്, കുചേലന്‍ ചെയ്തതുപോലെ നമ്മുടെ ഇല്ലായ്മകളും വല്ലായ്മകളും അവല്‍ക്കിഴിയാക്കി അവിടുത്തെ മുമ്പില്‍ സമര്‍പ്പിക്കാം. ഭഗവാനുമായി സഖാത്വമാകാം. മംഗളവാക്യം രാമപുരത്തു വാര്യരുടെ ഭാഷയില്‍ തന്നെ പറഞ്ഞാല്‍,
‘ഇന്നിക്കഥ ചൊല്ലുന്നോര്‍ക്കും ഭക്തിയോടെ കേള്‍ക്കുന്നോര്‍ക്കും
മന്ദമെന്യേ ധനധാന്യ സന്തതിയുണ്ടാം
എന്നതു തന്നെയുമല്ല യിജ്ജന്മത്തുതന്നെ വിഷ്ണു തന്നുടെ സായൂജ്യവും വന്നു കൂടുമേ’