അനേകായിരം ചെറു സമൂഹങ്ങള്‍ അനേകായിരം തലമുറകളായി പരിപോഷിപ്പിച്ചുവരുന്ന ജീവിതമൂല്യങ്ങളും കലാ സാംസ്‌കാരികമുദ്രകളുമാണ് ഭാരതീയ സംസ്‌കൃതിയുടെ നൈരന്തര്യത്തിന് അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്നതെന്ന പ്രഖ്യാപനമായിരുന്നു ലോക്മന്ഥന്‍ 2024. സെമിറ്റിക് മതങ്ങളുടെ കയ്യേറ്റത്തെ അതിജീവിച്ച ആര്‍മേനിയ, യസീദി, ലിത്വാനിയ ജനതകളുടെ പ്രതിനിധികളുമെത്തിയപ്പോള്‍ ഇത്തവണത്തെ ലോക്മന്ഥന് ഒരു അന്താരാഷ്ട്ര മാനം കൂടി കൈവന്നു.
തെലുങ്കാനയുടെ ഹൃദയഭൂമിയായ ഭാഗ്യനഗറിലെ (ഹൈടെക് സിറ്റി) ശില്പകലാവേദിയിലും തൊട്ടടുത്തുള്ള ശില്പാരാമത്തിലും നാലുനാളുകളിലായി അരങ്ങേറിയ കലാപ്രകടനങ്ങളും പ്രദര്‍ശനങ്ങളും പ്രതിഭാധനര്‍ നേതൃത്വം നല്‍കിയ ചര്‍ച്ചാവേദികളും ഒരേ സ്വരത്തില്‍ പറഞ്ഞത് തനത് സംസ്‌കാരത്തിലും പാരമ്പര്യത്തിലും ഊന്നിയുള്ള ജീവിതസമ്പ്രദായമാണ് ഭാരതീയ നാഗരികതയുടെ മുന്നോട്ടുള്ള പ്രയാണത്തിന് പ്രേരകമാവുന്ന മുഖ്യഘടകം എന്നാണ്.
ഭാരത രാഷ്ട്രപതി ആദരണീയ ദ്രൗപതി മുര്‍മുവാണ് ലോക്മന്ഥന്‍ ഉദ്ഘാടനം ചെയ്തത്. ഭാരതത്തിന്റെ അഖണ്ഡത ശക്തിപ്പെടുത്താനുള്ള ശ്രമമാണ് ലോക്മന്ഥന്‍ എന്ന് രാഷ്ട്രപതി പറഞ്ഞു. നമ്മുടെ അമൂല്യമായ പാരമ്പര്യം, സംസ്‌കാരം, ധൈഷണികജ്ഞാനം എന്നിവയെ അടുത്തറിയാന്‍ ഇതിലൂടെ സാധിക്കും. വൈവിധ്യമുള്ളതും ഭിന്നമെന്ന് തോന്നുന്നതുമായവയാണ് ഇവിടെ അരങ്ങേറുന്ന പരിപാടികള്‍. എന്നാല്‍ അവയിലെല്ലാം നമ്മുടെ മഹത്തായ സംസ്‌കാരത്തിന്റെയും ജീവിതവീക്ഷണത്തിന്റെയും അന്തര്‍ധാരകളുണ്ട്. കാട്ടിലോ നാട്ടിലോ നഗരത്തിലോ ജീവിച്ചാലും ചില അടിസ്ഥാന ഏകത്വ ഘടകങ്ങള്‍ നമ്മെ കൂട്ടിയിണക്കി മുന്നോട്ടു നയിക്കുന്നു. അനേകായിരം കൊല്ലം അനേകായിരം വെല്ലുവിളികള്‍ വന്നു. എന്നാല്‍ അവയെയെല്ലാം നേരിടുകയും അതിജീവിക്കുകയും ചെയ്തവരാണ് ഭാരതീയര്‍. നമ്മുടെ സാംസ്‌കാരിക പാരമ്പര്യത്തെ താഴ്ത്തിക്കെട്ടാനും തകര്‍ക്കാനും അനേകം നൂറ്റാണ്ടുകളായി ശ്രമം നടക്കുന്നു. കൃത്രിമമായ തരംതിരിവുകള്‍ ഉണ്ടാക്കുന്നു. എന്നാല്‍ നമ്മുടെ പൗര ബോധം ശക്തമായതിനാല്‍ ഒന്നും നമ്മെ ബാധിക്കുന്നില്ല.
വളരെ പണ്ടു മുതലേ ഭാരതത്തിന്റെ ആശയങ്ങള്‍ ദൂരവ്യാപകമായി പ്രചരിച്ചു വരുന്നു. ഇവിടുത്തെ ആത്മീയ ചിന്തകള്‍, കല, സംഗീതം, സാങ്കേതിക വിദ്യ, ഗണിതം, വൈദ്യസമ്പ്രദായം, ഭാഷ, സാഹിത്യം എന്നിവയാണ് ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് പടര്‍ന്നു പോയതും വളര്‍ന്നു വന്നതും. നമ്മുടെ തത്വചിന്തയാണ് ലോകത്തിന് ആദ്യമായി വ്യവസ്ഥാപിത ജീവിതരീതി നല്‍കിയത്. നമ്മുടെ പൂര്‍വികരുടെ മഹത്തായ പാരമ്പര്യം നമുക്കും തുടരേണ്ടതുണ്ട്. നൂറ്റാണ്ടുകള്‍ ഭരിച്ച കോളനി ശക്തികള്‍ ഭാരതത്തെ ചൂഷണം ചെയ്യുക മാത്രമല്ല അതിന്റെ സാമൂഹ്യവ്യവസ്ഥയെ തകര്‍ക്കാനും നിരന്തരം ശ്രമിച്ചിരുന്നു. നമ്മുടെ ജനതയുടെ മനസ്സില്‍ സാംസ്‌കാരികമായ അധമബോധം സൃഷ്ടിക്കാനാണ് അവര്‍ ശ്രമിച്ചത്. അത്തരം പാരമ്പര്യം നമ്മളില്‍ അടിച്ചേല്പിച്ചത് കൊണ്ട് നമ്മുടെ ഇന്നത്തെ സമൂഹത്തിനു ദ്രോഹമായിരിക്കയാണ്. നമ്മെ കീഴടക്കി ഭരിച്ചവരോട് നമ്മുടെ ജനതയ്ക്ക് അടിമ മനോഭാവമാണ് ഇന്നുമുള്ളത്. രാഷ്ട്രമാണ് ആദ്യം എന്ന ബോധം വളരണമെങ്കില്‍, വികസിത ഭാരതം ഉണ്ടാവണമെങ്കില്‍ ആദ്യം നമ്മുടെ മനസ്സില്‍ കെട്ടിക്കിടക്കുന്ന ഈ അധമബോധം നീങ്ങിയേ തീരൂ എന്നും ശില്പകലാവേദിയിലെ തിങ്ങി നിറഞ്ഞ സദസ്സിനോട് രാഷ്ട്രപതി പറഞ്ഞു.
കേന്ദ്ര കല്‍ക്കരി ഖനി മന്ത്രി കിഷന്‍ റെഡ്ഡി, തെലുങ്കാന ഗവര്‍ണര്‍ ജിഷ്ണു ദേവ് വര്‍മ, തെലുങ്കാന വനിതാ ശിശു ക്ഷേമ മന്ത്രി സീത കഗാരു, പ്രജ്ഞാ ഭാരതി ചെയര്‍മാന്‍ ടി.ഹനുമാന്‍ ചൗധരി, പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജക് ജെ.നന്ദകുമാര്‍ എന്നിവര്‍ ഉദ്ഘാടനവേളയില്‍ സംസാരിച്ചു. ആര്‍.എസ്.എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭഗവത് നാലു ദിവസവും ലോക്മന്ഥന്‍ പരിപാടികളില്‍ സന്നിഹിതനാവുകയും സമാപനസഭയില്‍ മാര്‍ഗദര്‍ശനം നല്‍കുകയും ചെയ്തു.
കഴിഞ്ഞ 2000 വര്‍ഷത്തിനിടയില്‍ തങ്ങളുടെ പരീക്ഷണങ്ങളൊക്കെ പരാജയപ്പെട്ടവര്‍ നമുക്കെതിരായി ഉയര്‍ത്തുന്ന ആക്ഷേപങ്ങളെ ഗൗനിക്കാതെ നമ്മുടെ ജനതയെ ധാര്‍മികമായ മാര്‍ഗത്തിലൂടെ മുന്നോട്ടു നയിക്കുകയാണ് ചെയ്യേണ്ടതെന്ന് സമാപന സമ്മേളനത്തിലെ മാര്‍ഗദര്‍ശന പ്രഭാഷണത്തില്‍ ഡോ.മോഹന്‍ ഭാഗവത് പറഞ്ഞു. അമൃതിനായി പാലാഴി കടഞ്ഞപ്പോള്‍ ആദ്യം പൊന്തിവന്നത് ഹലാഹലമായിരുന്നു. (കാളകൂടം)എന്നാല്‍ അമൃത് നേടി ലോകത്തെ രക്ഷിക്കാനായി മഹാദേവന്‍ അതു സ്വയം ഏറ്റെടുക്കുകയാണ് ചെയ്തത്. ഭാരതത്തിന് ആരോടും ശത്രുതയില്ല. ആരും ഭാരതത്തിന്റെയും ശത്രു അല്ല. ആരെങ്കിലും ഭാരതത്തെ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ ഭാരതം നിശ്ശബ്ദമായി നോക്കി നില്‍ക്കുകയുമില്ല. ഭാരതത്തിന്റെ ജീവരക്തം ഗ്രാമങ്ങളിലും വനങ്ങളിലുമാണ്. നമ്മുടെ ശരിയായ ചരിത്രം പരിശോധിച്ചാല്‍ നമ്മുടെ വിഖ്യാതമായ സാഹിത്യങ്ങള്‍ എല്ലാം പിറവി കൊണ്ടത് ആരണ്യങ്ങളിലാണ് എന്നു കാണാം.
ഭാഗ്യനഗറിലെ നാലുദിന ലോക് മന്ഥന്‍ തനിക്കു ധാരാളം കാര്യങ്ങള്‍ മനസ്സിലാക്കാന്‍ അവസരം നല്‍കി എന്നു പറഞ്ഞ പൂജനീയ സര്‍സംഘചാലക് ഇത്തരത്തിലുള്ള ചെറു ലോക്മന്ഥനുകള്‍ നമ്മുടെ വിദൂര ഗ്രാമങ്ങളിലും സംഘടിപ്പിക്കുകയാണെങ്കില്‍ ഇതുയര്‍ത്തുന്ന സന്ദേശം വിവിധ ജനാവിഭാഗങ്ങളില്‍ എത്തിക്കാന്‍ കഴിയുമെന്ന് നിര്‍ദേശിക്കുകയും ചെയ്തു.
സമാപന സമ്മേളനത്തിലെ മു ഖ്യാതിഥികള്‍ കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമനും കേന്ദ്ര സാംസ്‌കാരിക മന്ത്രി ഗജേന്ദ്ര സിംഗ് ഷേഖാവത്തുമായിരുന്നു. ഇന്ന് യൂറോപ്പ്, അമേരിക്ക, ആസ്‌ട്രേലിയ, കാനഡ ഈജിപ്ത് എന്നിവിടങ്ങളില്‍ ഇന്‍ഡിജിനസ് എന്നുപറഞ്ഞു അവിടങ്ങളിലുള്ള തദ്ദേശീയരെ മറ്റുള്ളവരില്‍ നിന്ന് അകറ്റി പ്രത്യേകം പാര്‍പ്പിക്കുകയാണെന്നും അവരെ സമൂഹത്തിന്റെ മുഖ്യധാരയില്‍ ഉള്‍പ്പെടുത്താതിരിക്കാന്‍ ശ്രമിക്കുകയാണെന്നും എന്നാല്‍ ഭാരതത്തില്‍ അത്തരം വേര്‍തിരിവുകള്‍ ഇല്ലാതെ എല്ലാ ജാതി-മത-വര്‍ഗ വിഭാഗങ്ങള്‍ക്കും രാഷ്ട്രനിര്‍മിതിയില്‍ അവരവരുടെ സാംസ്‌കാരികത്തനിമ നിലനിര്‍ത്തിക്കൊണ്ട് പങ്കുകൊള്ളാനുള്ള എല്ലാ അവസരവും നല്‍കിക്കൊണ്ടിരിക്കുകയാണെന്നും സമാപന സമ്മേളനത്തില്‍ നിര്‍മല സീതാരാമന്‍ പറഞ്ഞു.
സ്വാതന്ത്ര്യത്തിനുശേഷം നമ്മള്‍ നമ്മുടെ വേരുകള്‍ കണ്ടെത്തുന്നതില്‍ കുറേക്കാലം ഉദാസീനത പുലര്‍ത്തി യെങ്കിലും ഇപ്പോള്‍ നമ്മള്‍ ശരിയായ ഭാരതീയ ജീവിതരീതിയും സാംസ്‌കാരിക സമ്പത്തും തിരിച്ചറിയുന്നതിനും പരിപോഷിപ്പിക്കുന്നതിനും അതിയായ ജാഗ്രത കാണിക്കുന്നു എന്നതിന്റെ അടയാളമാണ് ലോക്മന്ഥനെന്നു സമാപന സദസ്സില്‍ കേന്ദ്ര സാംസ്‌കാരിക മന്ത്രി ഷേഖാവത്തും പറഞ്ഞു.
ഉദ്ഘാടന ദിവസം കാലത്ത് വേദിക്ക് പുറത്ത് അര്‍മേനിയയിലെ റോമാ ഗ്രൂപ്പിന്റെ സൂര്യാരാധനയോടെയാണ് പരിപാടികള്‍ക്ക് തുടക്കമായത്. പിറ്റേന്ന് കാലത്ത് ലിത്വാനിയിലെ ഒരു സംഘം അവരുടെ അഗ്‌നി ആരാധന ചടങ്ങുകള്‍ നടത്തി. അതുപോലെ യസീദികളും അവരുടെ സൂര്യാരാധന പ്രദര്‍ശിപ്പിച്ചു.
പ്രഭാഷകരില്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ച സിദ്ധ് ഫൗണ്ടേഷന്‍ ഡയറക്ടര്‍ പവന്‍ ഗുപ്ത, നാടോടി ജീവിതദര്‍ശനം എന്ന വിഷയത്തില്‍ സംസാരിച്ച ഡോ. നിരുപമ സുനില്‍ ദേശ് പാണ്ഡേ, സത്യനാരായണ ദയവാനപ്പള്ളി, ആശിഷ് ഗുപ്ത, നാടോടി സാഹിത്യത്തിലെ ശാസ്ത്രം എന്ന വിഷയത്തില്‍ സംസാരിച്ച ഗുജറാത്ത് ഗവര്‍ണര്‍ ആചാര്യ ദേവവൃത്, ഡോ. അനിര്‍ബാന്‍ ബന്ധോപാധ്യായ, ഗുജറാത്ത് സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. നീര്‍ജ ഗുപ്ത, നാടോടി സാഹിത്യം എന്ന വിഷയത്തില്‍ സംസാരിച്ച പ്രൊഫ. കാശി റെഡ്ഡി വെങ്കട്ട് റെഡ്ഢി, ഡോ.വിദ്യാ വിധു സിംഗ്, ഡോ.സച്ചിദാനന്ദ് ജോഷി, ഭാരതീയ നാടോടി പാരമ്പര്യത്തിലെ പരിസ്ഥിതി എന്ന വിഷയത്തില്‍ സംസാരിച്ച ഡോ.പ്രസാദ് വാമന്‍ ദേവദാര്‍, ഷിപ്ര പതക്, ഗോപാല്‍ ആര്യ ഭാരതീയ അര്‍ത്ഥശാസ്ത്രം എന്ന വിഷയത്തില്‍ സംസാരിച്ച പ്രൊഫ. കനക സഭാപതി, ഡോ.എം.ഡി. ശ്രീനിവാസന്‍, സന്ദീപ് സിംഗ്, സര്‍വ്വ സമാശ്ലേഷിയായ നാടോടി പാരമ്പര്യം എന്ന വിഷയത്തില്‍ സംസാരിച്ച പ്രൊഫ. വിഷ്ണുകാന്ത് എസ്. ചത്പള്ളി, ഡോ. ഹര്‍ഷ ചൗഹന്‍, മിലിന്‍ഡ് തട്ടെ, ലോക സുരക്ഷയും ന്യായവും എന്ന വിഷയത്തില്‍ സംസാരിച്ച ജെഎന്‍യു വി.സി. പ്രൊഫ.ശാന്തിഗിരി ദുലിപുടി പണ്ഡിറ്റ്, ഡോ.ശ്രീകൃഷ്ണ ജഗ്‌നു, പ്രൊഫ. നാഗരാജ് പട്ടുരി, വികാസ് കി ലോക് ആവധാരണ എന്ന വിഷയത്തില്‍ സംസാരിച്ച ഡോ.ജെ. കെ.ബജാജ്, പ്രൊഫ. ഗണേഷ് ബഗേറിയ, മഹേഷ് ശര്‍മ, സമാപന സമ്മേളനത്തില്‍ ആശീര്‍വാദ പ്രഭാഷണം നടത്തിയ അയോദ്ധ്യയിലെ ആചാര്യ മിഥിലേഷ് നന്ദിനി ശരണ്‍ എന്നിവര്‍ അതതു വിഷയങ്ങളില്‍ അവരവരുടെ അനുഭവങ്ങളും അറിവുകളും പങ്കുവെക്കുകയുണ്ടായി. ഭാരതീയ സമൂഹത്തിനിടയിലെ വേര്‍തിരിവുകളെ ഇല്ലാതാക്കി ശക്തമായ ഏകഭാരതീയ ചിന്ത പരിപോഷിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിന്റെ ആവശ്യകത എല്ലാവരും എടുത്തു പറഞ്ഞ കാര്യമായിരുന്നു.
പ്രഭാഷണങ്ങള്‍ക്ക് ശേഷമുള്ള ചര്‍ച്ചകളും ശ്രദ്ധേയമായിരുന്നു. എക്‌സിബിഷന്‍ വേദികളില്‍ പൊതുവെ പരമ്പരാഗത ഉപകരണങ്ങള്‍, ശില്പങ്ങള്‍ കാര്‍ഷിക ഉത്പന്നങ്ങളെ ഓരോ സമൂഹവും തലമുറകളായി കൈമാറുന്നത് എങ്ങനെ, വിവിധ ഗോത്ര സമൂഹങ്ങളുടെ ജീവിതം, ജീവിതോപാധികള്‍, രാസവള കീടനാശിനി ഉപയോഗങ്ങള്‍ ഇല്ലാത്ത ഉത്പന്നങ്ങള്‍, പശു അടിസ്ഥാന ഗ്രാമീണ ജീവിതം എന്നിവയായിരുന്നു.
സാംസ്‌കാരിക വേദിയില്‍ ആദ്യം എത്തിയത് മലയാളത്തിലെ പ്രമുഖ നര്‍ത്തകിയും നടിയുമായ രചന നാരായണന്‍ കുട്ടി അവതരിപ്പിച്ച കാളീ മാതാവിനെപറ്റിയുള്ള കാലസംഘര്‍ഷിണി എന്ന കുച്ചുപ്പുടി നൃത്തമായിരുന്നു. കവി ഗായകന്‍ പണ്ഡിറ്റ് അവധാനി എന്നിവയില്‍ വിഖ്യാതനായ ഡോ.മദുഗുല നാഗഫണി ശര്‍മയുമായി ചര്‍ച്ച, ഡോ.യല്ല വെങ്കിടെശ്വര റാവു ആന്‍ഡ് പാര്‍ട്ടി അവതരിപ്പിച്ച ജുഗല്‍ ബന്ധി, ബീഗം ബതൂളിന്റെ ഭജന്‍, സംസ്‌കാര്‍ ഭാരതിയുടെ പുണ്യശ്ലോക ലോക് മാതാ അഹല്യബായ് ഹോള്‍ക്കര്‍, പ്രജ്ഞാ ഭാരതി സമൂഹിന്റെ മഹാറാണി രുദ്രമ്മ ദേവി എന്നീ നാടകങ്ങള്‍, സംസ്‌കാര്‍ ഭാരതിയുടെ ഭാരത് കാ ബേട്ടി, അഭിനയ കുച്ചുപുടിയുടെ മഹാന്‍ ഭാരതോഹം എന്നീ നൃത്ത പരിപാടികള്‍, വിദേശ സംഘങ്ങളായ യാസീദി, ആര്‍മിനിയ, ലിത്വനിയ സംഘങ്ങളുടെ നൃത്തപരിപാടികള്‍ എന്നിവ ഒരുഭാഗത്ത് നടന്നപ്പോള്‍ മറ്റുള്ള വേദികളില്‍ രാപകല്‍ ഭേദമെന്യേ വിവിധ ജനവിഭാഗങ്ങളുടെ വളരെ ആകര്‍ഷകമായ നൃത്തങ്ങളും, കണ്‍കെട്ട് വിദ്യകളും മാജിക്കുകളും ആക്ഷേപ ഹാസ്യ പരിപാടികളും അനുഷ്ഠാന- പാരമ്പര്യ കലാരൂപങ്ങളും കൊണ്ട് സമ്പന്നമായിരുന്നു നാലു ദിവസങ്ങളും.
തെലുങ്കാനയിലെ ഹൈടെക് നഗരത്തിലാണ് യഥാര്‍ത്ഥ ഭാരതത്തിന്റെ പരിച്ഛേദം കാണാന്‍ ഭാഗ്യമുണ്ടായത്. രാജ്യത്തിന്റെ എല്ലാ ഭാഗത്തു നിന്നുമായി 1502 പ്രതിനിധികളും 1500 ലധികം കലാകാരന്മാരും ഒത്തുകൂടിയ ലോക്മന്ഥന്‍ കാണാനായി 2 ലക്ഷത്തില്‍ പരം പേരാണ് എത്തിയത്. സമീപത്തുള്ള എല്ലാ വിദ്യാലയങ്ങളില്‍ നിന്നും കുട്ടികള്‍ പ്രദര്‍ശനം കാണാനും കലാപ്രകടനങ്ങള്‍ ആസ്വദിക്കാനും എത്തിച്ചേര്‍ന്നു. അവിടെ അരങ്ങേറിയ കലാ രൂപങ്ങളും പ്രഭാഷണങ്ങളും പ്രദര്‍ശനങ്ങളുമൊക്കെ യഥാര്‍ത്ഥ വികസിത ഭാരതത്തിന്റെ ഉണര്‍ത്തു പാട്ടായി മാറുകയാണ്. സനാതന ജീവിത മൂല്യങ്ങളും ആധുനിക ശാസ്ത്രജ്ഞാനവും ഒരുമിക്കുമ്പോള്‍ ആധുനിക കാല വെല്ലുവിളികളെ അതിജീവിക്കാനും സുശക്തവും സുസംഘടിതവുമായ ഭാരതം കെട്ടിപ്പടുക്കാനും നമുക്ക് കഴിയും എന്ന പ്രത്യാശ വളരുകയാണ്. സമീപ ഭാവിയില്‍ ഭാരതത്തിന്റെ എല്ലാ ഭാഗത്തും നിരവധി ലോക്മന്ഥനുകള്‍ സംഘടിപ്പിക്കപ്പെടട്ടെ എന്ന് ആഗ്രഹിക്കാം.