ഭാരത സംസ്‌കൃതിയെ വീണ്ടെടുക്കാനുള്ള പുതിയ കാലത്തെ പ്രയത്‌നമാണ് ലോക് മന്ഥന്‍ എന്ന ആശയം. കൊളോണിയല്‍ ഭരണത്തിന്റെ അവശേഷിപ്പുകളില്‍ നിന്നും അടിമ മനോഭാവങ്ങളില്‍ നിന്നും ഭാരത ജനതയെ മോചിപ്പിക്കാനും അവരുടെ സ്വത്വം വീണ്ടെടുക്കാനുമുള്ള സാംസ്‌കാരിക പരിശ്രമമാണ് ലോക് മന്ഥന്‍ എന്ന പുതിയ ദേശീയോത്സവത്തിന്റെ കാതല്‍. രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ലോക് മന്ഥന്‍ ഇത്തവണ തെലുങ്കാനയിലെ ഭാഗ്യ നഗറിലാണ് (ഹൈദരാബാദ്) അരങ്ങേറിയത്.
2024 നവംബര്‍ 21 മുതല്‍ 24 വരെ നടന്ന നാലാമത് ലോക് മന്ഥന്‍, ‘പ്രഥമ പരിഗണന രാഷ്ട്രത്തി’ന് എന്ന് ചിന്തിക്കുന്ന കലാകാരന്മാരുടെയും, എഴുത്തുകാരുടെയും, സംഗീതജ്ഞരുടെയും, തത്വചിന്തകരുടെയും, സാമൂഹ്യപ്രവര്‍ത്തകരുടെയും, അധ്യാപകരുടെയും സംഗമവേദിയായി മാറി. ഭാരതത്തിന്റെ വിവിധ കോണുകളില്‍ നിന്ന് ഒഴുകിയെത്തിയ അവര്‍ ഭാരതത്തിന്റെ സ്വത്വം വീണ്ടെടുക്കാനുള്ള പുതിയ ദേശീയ ഉത്സവം അര്‍ത്ഥപൂര്‍ണ്ണമാക്കി.
2016 ല്‍ ഭോപ്പാലിലാണ് ആദ്യത്തെ ലോക് മന്ഥന്‍ നടന്നത്. ഒരു പുതിയ തുടക്കം എന്ന നിലയില്‍ വലിയ ആവേശമുണര്‍ത്തിയ മഹാപ്രവാഹമായി അത് വളര്‍ന്നു. ഓരോ ദേശത്തിന്റെയും അനുഷ്ഠാനകലകളിലും പാരമ്പര്യവിജ്ഞാനങ്ങളിലും സാംസ്‌കാരിക സമ്പുഷ്ടതകളിലും സാഹിത്യസാക്ഷാത്കരണങ്ങളിലും ഭാരതത്തിന്റെ സാംസ്‌കാരികസമൃദ്ധിയുടെ വേരുകള്‍ കണ്ടെത്തിയ വൈചാരിക മഥനത്തിന്റെ സമാരംഭമായി അത് അടയാളപ്പെടുത്തപ്പെട്ടു.
ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വൈചാരിക സംഘടനകളുടെ അഖിലഭാരതീയ സംയോജക പ്രസ്ഥാനമായ ‘പ്രജ്ഞാപ്രവാഹി’ന്റെ നേതൃത്വത്തിലാണ് ലോക് മന്ഥന്‍ ബിനാലെ സംഘടിപ്പിക്കപ്പെടുന്നത്. പ്രജ്ഞാപ്രവാഹിന്റെ ദേശീയ സംയോജകന്‍ ജെ.നന്ദകുമാറിന്റെ സംഘാടക പാടവം തിളങ്ങിനിന്ന ഒരനുഭവമായി മാറി ലോക് മന്ഥന്‍ 2024.
2016 ല്‍ ഭോപ്പാലില്‍ സംഘടിപ്പിക്കപ്പെട്ട ലോക് മന്ഥന്‍ ‘ഭാരതീയമനസ്സുകളെ കോളനി മുക്തമാക്കുക’ എന്ന ലക്ഷ്യമാണ് മുന്നില്‍ വച്ചത്. ദേശം, കാലം, സ്ഥിതി എന്ന ത്രിതല ബോധ്യങ്ങളെ അഴിച്ചുപണിഞ്ഞ് സ്വത്വത്തെ വീണ്ടെടുക്കാനുള്ള പ്രഥമ പരിശ്രമമായി അത് ശ്രദ്ധനേടി. 2018ല്‍ റാഞ്ചിയില്‍ നടന്ന ലോക് മന്ഥന്‍ ‘ഭാരതബോധ’ത്തെയാണ് കേന്ദ്ര പ്രമേയമായി സ്വീകരിച്ചത്. ജന, ഗണ, മന എന്ന ത്രിതലത്തിലാണ് അവിടെ വൈചാരിക മഥനങ്ങള്‍ നടന്നത്. അതും ഭാരതത്തിന്റെ സ്വത്വബോധത്തെ കണ്ടെത്താനുള്ള പ്രയത്‌നമായി പരിണമിച്ചു. 2020ല്‍ നടക്കേണ്ടിയിരുന്ന ലോക് മന്ഥന്‍ കോവിഡ് മഹാമാരിമൂലം നടന്നില്ല. 2022ല്‍ ആസാമിലെ ‘ഗുഹാവതി’യില്‍ സാക്ഷാത്ക്കരിക്കപ്പെട്ട മൂന്നാമത് ലോക് മന്ഥന്‍ ബിനാലെ ഭാരതത്തിന്റെ പാരമ്പര്യ സമൃദ്ധികളെ തനിമയില്‍ ബോധ്യപ്പെടാനുള്ള പരിശ്രമമാണ് നടത്തിയത്. നമ്മുടെ പാരമ്പര്യ വിജ്ഞാനങ്ങള്‍ ഏതൊക്കെ വിതാനങ്ങളിലാണ് നമ്മുടെ സാംസ്‌കാരിക ബോധത്തെ കെടാവിളക്കായി സംരക്ഷിക്കുന്നതെന്നും അത് നമ്മുടെ ദേശീയ സ്വത്വബോധത്തെ കരുത്തുറ്റതാക്കുന്നതെങ്ങനെ എന്നുമാണ്, മഹാനദിയായ ബ്രഹ്മപുത്രയെ സാക്ഷിനിര്‍ത്തിക്കൊണ്ട് അന്വേഷിച്ചത്. 2024ല്‍ തെലുങ്കാനയുടെ തലസ്ഥാനമായ ‘ഭാഗ്യനഗറി’ല്‍ നടന്ന നാലാമത് ലോക് മന്ഥന്‍ ‘ലോക് അവലോകന്‍’ എന്ന കേന്ദ്രപ്രമേയമാണ് ചര്‍ച്ച ചെയ്തത്. അതിന്റെ ത്രിതല ഘടനയില്‍ ലോക് വിചാര്‍, ലോക് വ്യവഹാര്‍, ലോക് വ്യവസ്ഥ എന്നീ വിഷയങ്ങളാണ് ഉള്‍പ്പെടുത്തിയിരുന്നത്. അതില്‍ ലോക് വിചാര്‍, ഭാരത സംസ്‌കാരവും ജീവിതവും, പ്രകൃതിക്കും പരിസ്ഥിതിക്കും അനുസൃതമായി രൂപപ്പെടുത്തിയ വൈചാരിക പ്രക്രിയയെ വിശദമായി പരിശോധിച്ചു. ലോക് വ്യവഹാര്‍, പ്രാദേശിക സവിശേഷതകളും സാഹചര്യങ്ങളും ചിന്താരീതികളും അനുസരിച്ച് അനുഷ്ഠാനങ്ങളും പാരമ്പര്യ വിശ്വാസങ്ങളും രൂപപ്പെട്ടുവന്നതിനെ കുറിച്ചുള്ള അന്വേഷണമായിരുന്നു. ലോക് വ്യവസ്ഥ, സമഗ്ര വളര്‍ച്ചയും പുരോഗതിയും വിവിധസമൂഹങ്ങളുടെ സുരക്ഷയും രൂപപ്പെടുത്തിയ വ്യവസ്ഥകളെയും സ്ഥാപനങ്ങളെയും കുറിച്ചുള്ള പഠനമാണ് നടത്തിയത്.
വൈജ്ഞാനിക സഭകള്‍
ലോക് മന്ഥന്‍ മഹോത്സവത്തിന്റെ ഭാഗമായി ഭാഗ്യനഗറിലെ ശില്പകലാവേദിക എന്ന പടുകൂറ്റന്‍ ഹാളിനുള്ളില്‍ പ്രഭാഷണങ്ങളും സെമിനാറുകളും നടന്നു. പ്രമുഖ ചിന്തകന്മാരും പണ്ഡിതന്മാരും ഗവേഷകരും ശാസ്ത്രജ്ഞന്മാരും ആക്ടിവിസ്റ്റുകളും അവരുടെ അറിവും അനുഭവങ്ങളും പങ്കുവെച്ചു, ഭാരതത്തിന്റെ സാംസ്‌കാരിക ഭൂമികയും ധാര്‍മികബോധവും രൂപപ്പെട്ടുവന്ന പാരമ്പര്യസമ്പ്രദായങ്ങളുടെയും ആചാരാനുഷ്ഠാനങ്ങളുടെയും സവിശേഷതകളും മൂല്യവിചാരവും ചര്‍ച്ച ചെയ്യപ്പെട്ടു. തദ്ദേശീയ ജ്ഞാനപാരമ്പര്യങ്ങള്‍, സാമൂഹ്യ മൂല്യവ്യവസ്ഥകള്‍, പാരമ്പര്യ അനുശീലനങ്ങള്‍ എന്നിവ ആധുനിക കാലഘട്ടത്തില്‍ സാമൂഹ്യ സമരസതയ്ക്കും സ്വാഭാവിക വികസനത്തിനും എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് വിശദമാക്കപ്പെട്ടു.
സിദ്ധ് ഫൗണ്ടേഷന്‍ ഡയറക്ടര്‍ പവന്‍ ഗുപ്ത, ചരിത്രകാരനായ ഡോ.സത്യനാരായണ, ഗുജറാത്ത് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ പ്രൊഫ. നീരജ് ഗുപ്ത, പ്രൊഫ.കനകസഭാപതി, ഗുജറാത്ത് ഗവര്‍ണര്‍ ആചാര്യ ദേവ വ്രത്, ശാസ്ത്രജ്ഞനായ ഡോ. ബി.അനിര്‍ബന്‍ ബന്ദൊപാദ്ധ്യായ, പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞനായ ഗോപാല്‍ ആര്യ, ഉസ്മാനിയ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫ.വി.കാസി റെഡി, പഞ്ചതത്വയുടെ സ്ഥാപക അംഗമായ ഷിപ്ര പതക്, ഡോ.എം.ഡി.ശ്രീനിവാസന്‍, ഇന്ദിരാഗാന്ധി നാഷണല്‍ സെന്റര്‍ ഫോര്‍ ആര്‍ട്‌സിന്റെ മെമ്പര്‍ സെക്രട്ടറി ഡോ. സച്ചിദാനന്ദ ജോഷി, ജെഎന്‍യു വൈസ് ചാന്‍സിലര്‍ പ്രൊഫ. ഡി.ശാന്തിശ്രീ പണ്ഡിറ്റ്, ഡോ.ജെ.കെ.ബജാജ്, പ്രസിദ്ധ ഗ്രന്ഥകാരനായ ഡോ. ശ്രീകൃഷ്ണ ജുഗ്‌നു തുടങ്ങി നിരവധി പ്രതിഭാശാലികള്‍ പങ്കെടുത്ത സമ്മേളനങ്ങള്‍ ആശയാവിഷ്‌കാരങ്ങളുടെ നിറസാന്നിധ്യമായി മാറി.
പ്രദര്‍ശിനികള്‍
പാരമ്പര്യ കലാവസ്തുക്കള്‍, വാദ്യോപകരണങ്ങള്‍, കരകൗശല നിര്‍മിതികള്‍, സാഹിത്യ രചനകള്‍ എന്നിവയുടെ വിസ്മയിപ്പിക്കുന്ന പ്രദര്‍ശനികള്‍ ശില്പാരാമത്തിലെ കാഴ്ച തട്ടുകളില്‍ അണിനിരന്നു. ഭാരത സംസ്‌കാരത്തെ ഉള്‍ക്കൊണ്ട് ജീവിച്ച മനുഷ്യരുടെ സൗന്ദര്യബോധത്തെയും, കലാവിഷ്‌കാര ചാതുരിയെയും, ഭാവനാലോകത്തെയും പരിചയപ്പെടുത്തുന്ന അത്ഭുതകാഴ്ചകള്‍ മറക്കാന്‍ കഴിയില്ല. ദൊക്രയില്‍ നിന്നുള്ള ലോഹ ശില്പങ്ങള്‍, കൊണ്ടപ്പള്ളി കളിപ്പാട്ടങ്ങള്‍, നിര്‍മ്മല്‍ പെയിന്റിംഗ്‌സ്, കലങ്കാരി കൈത്തറി വസ്ത്രങ്ങള്‍, വിവിധ സംസ്ഥാനങ്ങളിലെ വസ്ത്ര വൈവിധ്യങ്ങള്‍, മണ്‍പാത്ര-ശില്പ വിസ്മയങ്ങള്‍ എന്നിങ്ങനെ പ്രദര്‍ശിനികളിലെ വസ്തുസാന്നിധ്യങ്ങള്‍ സന്ദര്‍ശകരുടെ സൗന്ദര്യനുഭൂതിയെ തൊട്ടുണര്‍ത്താതിരുന്നില്ല.
പ്രദര്‍ശിനികള്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് മുന്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പാരമ്പര്യ കലകളുടെയും പരമ്പരാഗത വിജ്ഞാനത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞു. കൊളോണിയല്‍ ആശയങ്ങളുടെ പിടിയില്‍നിന്ന് മോചിതരാകാന്‍ ഭാരതത്തിന്റെ തനിമ പ്രകടമാകുന്ന പാരമ്പര്യ വിദ്യകളെ വീണ്ടെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു.
സാംസ്‌കാരിക കലാവിഷ്‌കാരങ്ങള്‍
ലോക് മന്ഥനിലെ ഏറ്റവും ആകര്‍ഷകമായ ഘടകം അവിടെ അരങ്ങേറിയ സാംസ്‌കാരിക കലാവിഷ്‌കാരങ്ങളായിരുന്നു. ഓരോ നാടിന്റെയും സാംസ്‌കാരിക മുദ്രകളായ നൃത്തരൂപങ്ങള്‍, സംഗീതസമ്പ്രദായങ്ങള്‍, നാട്യ കലാപ്രകടനങ്ങള്‍ തുടങ്ങിയ എല്ലാ ഗ്രാമ്യ കലാവിഷ്‌കാരങ്ങളും അവതരിപ്പിക്കപ്പെട്ടു. ഹരികഥകള്‍, ബുറാക്കഥകള്‍, വീരഗാഥകള്‍, വീധീനാടകങ്ങള്‍, തൊളു ബൊമ്മലാട്ടങ്ങള്‍, പിട്ടള ദൊര, ജാത്രകള്‍ എന്നിങ്ങനെ വിവിധ ദേശങ്ങളുടെ സാംസ്‌കാരിക തനിമയിലൂന്നിയ ആവിഷ്‌കാരങ്ങള്‍ ശില്പാരാമത്തില്‍ സംഭവിച്ചു.
ഇതില്‍ പ്രത്യേകമെടുത്തു പറയേണ്ടത് കളിവിളയാട്ട ഉപകരണങ്ങളാണ്. ചതുരംഗം, ചൗപര്‍, മങ്കാലാ, വെട്ടുകുലാട്ടം, സയ്യാട്ടം, രാജാധിരാജ, ഗില്ലിദണ്ഡ, മോക്ഷപടം എന്നിങ്ങനെ ഒരുകൂട്ടം കളി ഉപകരണങ്ങളുടെ പ്രദര്‍ശനമായിരുന്നു. ഇക്കൂട്ടത്തില്‍ ഏറ്റവും ശ്രദ്ധേയമായത് മോക്ഷപടം എന്ന മത്സര കളിയുപകരണമാണ്. ഇത് നമ്മുടെ പാമ്പും ഗോവണിയും കളിയുടെ പാരമ്പര്യ-സാംസ്‌കാരിക രൂപമാണ്. പാമ്പും ഗോവണിയും കളിയില്‍ ഒരു കളത്തിലെത്തിയാല്‍ പാമ്പ് വിഴുങ്ങി താഴത്തെ നിലയില്‍ എത്തിക്കും. മറ്റൊരു കളം, ഗോവണി വഴി കയറ്റി മുകളിലത്തെ നിലയില്‍ എത്തിക്കുന്ന വെറും സാധാരണമായ കളിയാണത്. എന്നാല്‍ മോക്ഷപടം ഭാരതീയ സംസ്‌കാരത്തിന്റെ അടിസ്ഥാനശിലകളെ കുട്ടികള്‍ക്ക് ഉറപ്പിച്ചു കൊടുക്കുന്ന മത്സരകളിയാണ്. കളിച്ചു കളിച്ച് ഒരു കളത്തില്‍ എത്തുമ്പോള്‍ അതിനു പേര് ‘കോപം’ എന്നാണ്. ആ കളത്തിലെ പാമ്പ് വിഴുങ്ങി കളിക്കാരനെ താഴത്തെ നിലയില്‍ എത്തിക്കുന്നു. മനുഷ്യര്‍ക്ക് കോപം വര്‍ദ്ധിച്ചാല്‍ അധഃപതനം എന്ന് കുട്ടികള്‍ മനസ്സിലാക്കുന്നു. വീണ്ടും കളിച്ച് കളിച്ച് ഒരു കളത്തില്‍ എത്തുമ്പോള്‍ അവിടെ ഗോവണിയുണ്ട്. അതിനു പേര് ‘ദാനധര്‍മ്മം’. ദാനധര്‍മ്മത്തിന്റെ കോവണി കയറി അവന്‍ ഉയര്‍ന്ന കളങ്ങളിലേക്ക് പോകുന്നു. ദാനധര്‍മ്മങ്ങള്‍ ചെയ്യുന്നത് ജീവിതത്തില്‍ ഉയര്‍ച്ച ഉണ്ടാക്കുമെന്ന് നമ്മുടെ കുട്ടികള്‍ പഠിക്കുന്നു. ഇങ്ങനെ കളിയിലൂടെ സാംസ്‌കാരിക മൂല്യങ്ങള്‍ പഠിപ്പിക്കുന്ന കളിപ്പാട്ടമാണ് മോക്ഷപടം. ഇതും ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. കളിയിലും കലയിലും സാംസ്‌കാരികസന്നിവേശങ്ങള്‍ നടത്തി തലമുറയെ മുറപ്രകാരം വളര്‍ത്തിയെടുക്കുന്ന പ്രക്രിയയ്ക്കാണ് സാംസ്‌കാരികശ്രദ്ധ എന്നു പറയുന്നത്. ഇതൊക്കെ ശില്പാരാമത്തിലെ നിറക്കാഴ്ചകള്‍
ആയിരുന്നു.
ആഹാരത്തിന്റെ അക്ഷയപാത്രങ്ങള്‍
ആഹാരം സംസ്‌കാരത്തിന്റെ അടിസ്ഥാന ഘടകങ്ങളില്‍ ഒന്നാണ്. ഇന്ന് കേരളത്തിന്റെ വിവിധ നഗരങ്ങളിലും, ഗ്രാമങ്ങളില്‍ പോലും വിദേശവിഭവങ്ങളുടെ, പ്രത്യേകിച്ചും അറേബ്യന്‍ വിഭവങ്ങളുടെ തള്ളിക്കയറ്റം വളരെ പ്രകടമാണ്. അതിലൂടെ കേരളത്തനിമയാര്‍ന്ന വിഭവങ്ങള്‍ അപ്രത്യക്ഷമാകുകയും വൈദേശികമായ പുതുരുചികള്‍ നമ്മുടെ ശരീരത്തെയും മനസ്സിനെയും കീഴ്‌പ്പെടുത്തുകയും ചെയ്തിരിക്കുന്നു. ഒരു ദേശത്തിന്റെ ആഹാരം ആ ദേശത്തിന്റെ പ്രകൃതിയില്‍ വളരുന്ന സസ്യങ്ങളും വൃക്ഷങ്ങളും നമുക്ക് നല്‍കുന്ന സംഭാവനകള്‍ ആണ്. അതില്‍ അധിഷ്ഠിതമാണ് നമ്മുടെ ഭക്ഷണ സംസ്‌കാരം. അതിന്റെ താളക്രമം തെറ്റാതെ സൂക്ഷിക്കേണ്ടത് ഓരോ പൗരന്റെയും കടമയാണ്.
നാടന്‍ വിഭവങ്ങളുടെ ശാസ്ത്രവും സങ്കേതങ്ങളും പ്രഖ്യാപിക്കുന്ന ഒരുകൂട്ടം ആഹാരസമുച്ചയപദങ്ങള്‍ ശില്പാരാമത്തില്‍ സജ്ജമാക്കിയിരുന്നു. പോഷണസമൃദ്ധമായ ഗ്രാമ്യാഹാരങ്ങളുടെ വലിയ നിരതന്നെ ഊട്ടുപുരയില്‍ ഒരുക്കിയിരുന്നു. ആഹാരവും ആരോഗ്യവും ആത്മീയതയും സമ്മേളിച്ച സംവാദസ്വരൂപമാര്‍ന്ന ഭാരതീയജ്ഞാന പദ്ധതിയുടെ ആവിഷ്‌കാരരൂപങ്ങള്‍ ആയിരുന്നു പ്രദര്‍ശനശാലകളില്‍ ഒരുക്കിയിരുന്നത്.
സംസ്ഥാനങ്ങളുടെ പങ്കാളിത്തം
ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു ശില്പാരാമത്തിലെ പ്രദര്‍ശന ശാലകള്‍. ഛത്തീസ്ഗഡിലെ വനവാസികളുടെ സാംസ്‌കാരിക സവിശേഷതകള്‍ വിളിച്ചോതുന്ന കെട്ടുകാഴ്ചകള്‍ ഭാരത സംസ്‌കാരത്തിന്റെ ആദിമൂലങ്ങളെ വെളിപ്പെടുത്തി. മധ്യപ്രദേശിലെ പാരമ്പര്യ നൃത്തങ്ങളുടെ സാംസ്‌കാരികസ്രോതസ്സ് വേദങ്ങളിലെ സാംസ്‌കാരിക പ്രഖ്യാപനങ്ങളെ ഓര്‍മ്മപ്പെടുത്തുന്നതായി തോന്നി. ഗുജറാത്തിലെയും രാജസ്ഥാനിലെയും നാടോടിനൃത്ത സംഘങ്ങളുടെ ആവിഷ്‌കാര സമൃദ്ധികള്‍ ആര്‍ഷസംസ്‌കാരത്തിന്റെ മേഘനിര്‍ഘോഷങ്ങളെ പ്രഖ്യാപിച്ചു. തെലുങ്കാനയിലെയും ത്രിപുരയിലെയും പാരമ്പര്യ അനുഷ്ഠാനനൃത്തങ്ങളുടെ മൂല്യവ്യവസ്ഥ ആത്മീയതയിലൂന്നിയ ഭാരത സംസ്‌കൃതിയില്‍ സ്പര്‍ശിച്ചു നില്‍ക്കുന്നതായി തോന്നി. ഉത്തരപ്രദേശത്തിന്റെയും ഉത്തരാഖണ്ഡിന്റെയും നാടോടി ആവിഷ്‌കാരരൂപങ്ങള്‍ കലയും സംസ്‌കാരവും തമ്മിലുള്ള നാഭീനാള ബന്ധത്തെ വെളിപ്പെടുത്തി.
വിദേശികളുടെ ലോക് മന്ഥന്‍
മറ്റ് ലോക് മന്ഥന്‍ ആവിഷ്‌കാരങ്ങളില്‍ നിന്ന് 2024ലെ ഭാഗ്യനഗര്‍ ലോക് മന്ഥനെ വ്യത്യസ്തമാക്കിയത് വിദേശികളുടെ സാന്നിധ്യമായിരുന്നു. സൂര്യാരാധകരും അഗ്‌നി ആരാധകരുമായ ലിത്വാനിയന്‍ വംശജരും, അര്‍മേനിയന്‍ വംശജരും, ബാലിദ്വീപിലെ രാമായണനര്‍ത്തകരും, യസിദി വംശജരായ സൂര്യാരാധകരും ഭാഗ്യനഗറിലെ ലോക് മന്ഥനില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. ലിത്വാനിയയില്‍ നിന്നെത്തിയ റോമാസംഘം അഗ്‌നിയജനം ചെയ്യുന്നവരാണ്. റൊമുവാ എന്ന പൗരാണിക ലിത്വാനിയ മതവിഭാഗത്തിന്റെ ആരാധ്യപുരുഷന്‍ അഗ്‌നിയാണ്. അവരുടെ അഗ്‌നിയാരാധന ഭാരതത്തിലെ അഗ്‌നിഹോത്രികളുടെ ഹോമകുണ്ഡത്തിലെ അഗ്‌നിപൂജയെ ഓര്‍മ്മപ്പെടുത്തും.
അര്‍മേനിയയില്‍ നിന്നെത്തിയ പൗരാണിക സാംസ്‌കാരിക പിന്തുടര്‍ച്ചക്കാരും സൂര്യ ആരാധകരാണ്. സൂര്യസന്താനങ്ങള്‍ എന്നാണ് ഇവര്‍ സ്വയം വിളിക്കുന്നത്. അവരുടെ അറിവിന്റെയും അനുഭവത്തിന്റെയും സൗന്ദര്യത്തിന്റെയും ജീവന്റെയും സ്രോതസ്സ് സൂര്യനാണ്. അവര്‍ ഭാഗ്യനഗറില്‍ നടത്തിയ സൂര്യാരാധന അസാധാരണമായ അനുഭവമായിരുന്നു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ചിതറി ജീവിക്കുന്നവരാണ് യെസീദികള്‍. ഇവരും സൂര്യാരാധകരാണ്. അവര്‍ സൂര്യോദയത്തിലും, നട്ടുച്ചയ്ക്കും, സൂര്യാസ്തമയത്തിലും, സൂര്യനെ നേരിട്ട് നോക്കി നിന്ന് പ്രാര്‍ത്ഥിക്കുന്നവരാണ്. യെസീദികളും ഇത്തവണ ലോക് മന്ഥനില്‍ സന്നിഹിതരായിരുന്നു.
ബാലിയില്‍ നിന്നെത്തിയ കേച്ചക് രാമായണ നൃത്തസംഘം ഭാരതീയ സംസ്‌കൃതിയുടെ പിന്തുടര്‍ച്ചക്കാരാണ്. പ്രൊഫ.വയാന്‍ ദിബിയയുടെ നേതൃത്വത്തില്‍ എത്തിയ കേച്ചക് രാമായണ നൃത്തസംഘം വാല്‍ മീകി രാമായണത്തിന്റെ ബാലി ഭാഷ്യമാണ് അവതരിപ്പിക്കുന്നത്. ഇത് ബാലിയിലെ ഹിന്ദുമന്ദിരങ്ങളില്‍ പതിവായി അവതരിപ്പിക്കപ്പെടുന്ന നൃത്തരൂപമാണ്. ഇവരെയെല്ലാം നാം വിദേശികളെന്നാണ് വിളിക്കുന്നതെങ്കിലും പൗരാണിക ഭാരതത്തിന്റെ സാംസ്‌കാരിക കവചത്തിനുള്ളില്‍ ജീവിച്ചവരാണിതെല്ലാം എന്നതിന് തെളിവാണ് അവരുടെ നാടോടി പാരമ്പര്യങ്ങളായ സൂര്യാരാധനയും അഗ്‌നിയാരാധനയും എന്ന് കാണാന്‍ വിഷമമില്ല.
രചന നാരായണന്‍കുട്ടിയുടെ കാലസംഘര്‍ഷിണി
ഒന്നാം ദിവസത്തെ സാംസ്‌കാരിക പരിപാടിയില്‍ ഏറ്റവും ശ്രദ്ധേയമായത് മലയാള സിനിമരംഗത്തെ പ്രഗല്‍ഭ കലാകാരിയായ രചന നാരായണന്‍കുട്ടി അവതരിപ്പിച്ച കാലസംഘര്‍ഷിണി പ്രവേശം എന്ന നൃത്തരൂപമായിരുന്നു. പുരുഷനും പ്രകൃതിയും എന്ന ഭാരതീയ സൃഷ്ടി സങ്കല്പത്തിലെ പ്രകൃതി മായാസ്വരൂപിണിയാണ്. സൗമ്യയും രുദ്രയും ആണ്; ലളിതയും ദുര്‍ഗ്ഗയുമാണ്. സൃഷ്ടിയും സംഹാരവും പ്രകൃതിയുടെ സാന്നിധ്യത്തിലാണ് സാധ്യമാകുന്നത്. സാംസ്‌കാരികലോപം മൂലം നമ്മുടെ ഈ കെട്ടകാലത്തിന്റെ വൈരൂപ്യം വെളിപ്പെടുത്തിയും അതിനെക്കുറിച്ച് പരാതിപ്പെട്ടും, തിരുത്തി നേര്‍വഴിനടക്കാന്‍ ആവശ്യപ്പെട്ടും പ്രത്യക്ഷപ്പെട്ട കാലസംഘര്‍ഷിണി മറക്കാനാവാത്ത അനുഭവം പ്രദാനംചെയ്തു.
നൃത്തരൂപമാര്‍ന്ന ചരിത്രം
ലോക് മന്ഥന്‍ വേദിയില്‍ സംസ്‌കാര ഭാരതി അവതരിപ്പിച്ച പുണ്യശ്ലോക അഹല്യഭായി ഹോല്‍ക്കര്‍ എന്ന നൃത്തശില്പം, ചരിത്രം നൃത്തരൂപമാര്‍ന്നുവന്ന് കാണികളെ അഭിമാന വിജ്രംഭിതരാക്കിയ അലൗകിക നിമിഷങ്ങളെ പ്രദാനം ചെയ്തു. മറാത്താസാമ്രാജ്യത്തിലെ ഇന്തൊര്‍ പ്രവിശ്യയിലെ രാജ്ഞിയായിരുന്ന അഹല്യഭായി ഹോള്‍കര്‍, ഭാരത സംസ്‌കാരത്തെ വീണ്ടെടുക്കുന്നതിനായി ധാരാളം ക്ഷേത്രങ്ങള്‍ പുനര്‍ നിര്‍മ്മിക്കുകയും, സാംസ്‌കാരിക- സാമ്പത്തിക, സാമൂഹിക സമരസതാ സംരക്ഷണത്തിന് മുന്നിട്ടിറങ്ങുകയും ചെയ്ത ചരിത്രസന്ദര്‍ഭങ്ങള്‍ നൃത്തരൂപത്തില്‍ അവതരിപ്പിക്കപ്പെട്ടു.
തെലങ്കാനയിലെ പ്രജ്ഞാഭാരതി അവതരിപ്പിച്ച മഹാറാണി രുദ്രമാദേവി നൃത്തശില്പം കാകതീയ രാജവംശത്തിന്റെ പ്രതാപ-ഐശ്വര്യങ്ങളുടെ സ്മരണ നിലനിര്‍ത്തി. ലോകചരിത്രത്തില്‍ ഏറ്റവും ദീര്‍ഘകാലം ഭരണം നടത്തിയ സ്ത്രീ എന്ന പദവിയും രുദ്രമാദേവിക്കാണ്.
ഭാരതപുത്രി എന്ന നൃത്തശില്പം ഭാരതത്തിന്റെ വിവിധ ദേശങ്ങളില്‍ ജനിക്കുകയും സാംസ്‌കാരികമായി ഒന്നായി ജീവിക്കുകയും ചെയ്യുന്ന ദിവ്യാനുഭൂതി പകരുന്ന നൃത്തം അവതരിപ്പിച്ചത് സംസ്‌കാര ഭാരതിയായിരുന്നു.
അഭിനയ കുച്ചുപ്പുടികലാസംഘം അവതരിപ്പിച്ച ‘മഹാന്‍ ഭാരതൊഹം’ ഭാരതീയരായ എല്ലാവരുടെയും ഏകത, വൈവിധ്യങ്ങള്‍ക്ക് നടുവിലും സമഗ്രമാണെന്ന് പ്രഖ്യാപിക്കുന്ന കുച്ചുപ്പുടിനൃത്തം യുഗ ചേതനയുടെ സ്വയംപ്രഖ്യാപനമായിരുന്നു.
ലോക് മന്ഥന്റെ മുന്നൊരുക്കങ്ങള്‍
ലോക് മന്ഥന്‍ 2024 ന്റെ മുന്നോടിയായി വിവിധ സംസ്ഥാനങ്ങളില്‍ ലോക് മന്ഥന്‍ പൂര്‍വ്വ സമ്മേളനങ്ങള്‍ സംഘടിപ്പിച്ചു. എല്ലാ സംസ്ഥാനങ്ങളിലും ലോക് മന്ഥനില്‍ ചര്‍ച്ച ചെയുന്ന വിവിധ വിഷയങ്ങളെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുകയും പ്രചാരം നല്‍കുകയും അതിന്റെ ലക്ഷ്യമായിരുന്നു.
രാജസ്ഥാനിലെ ജയ്പൂരില്‍ മൂന്നു ദിവസത്തെ മന്ഥന്‍ ശില്പശാല നടത്തി. ചരിത്രകാരന്മാരും ചിന്തകന്മാരും അധ്യാപകരും പങ്കെടുത്ത ശില്പശാലയില്‍ വിവിധ വിഷയങ്ങള്‍ വിശദമായി പഠിക്കുകയും ലോക് മന്ഥനെ കുറിച്ചുള്ള താല്പര്യം ജനിപ്പിക്കുകയും ചെയ്തു.
തെലുങ്കാനയിലെ വിവിധ സ്ഥലങ്ങളില്‍ സാംസ്‌കാരിക ഉത്സവങ്ങള്‍ ഉള്‍പ്പെടെയുള്ള പരിപാടികള്‍ നടന്നു. ഭാരതത്തിനെതിരായ ഡീപ്‌സ്റ്റേറ്റിന്റെ വിഷ ലിപ്ത നയങ്ങളെക്കുറിച്ച് പ്രഭാഷണവും ചര്‍ച്ചയും നടത്തി.
മധ്യപ്രദേശിലെ ഭോപ്പാലില്‍ നടന്ന അന്താരാഷ്ട്ര സമ്മേളനത്തില്‍ ‘നോണ്‍ കൊഡിഫൈഡ് ഹെര്‍ബല്‍ ഹീലിംഗ് സിസ്റ്റംസ്’ എന്ന വിഷയം ചര്‍ച്ച ചെയ്തു.
ഗുജറാത്ത്, ആന്ധ്രപ്രദേശ്, ഛത്തീസ്ഗഡ്, ന്യൂഡല്‍ഹി എന്നിവിടങ്ങളിലും വിവിധ സര്‍വകലാശാലകളിലും ലോക് മന്ഥന്റെ മുന്നോടിയായുള്ള പരിപാടികള്‍ നടന്നു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 1500 ലേറെ പേര്‍ പങ്കെടുത്ത പരിപാടിയില്‍ ആയിരത്തിലേറെ കലാകാരന്മാരുടെ പ്രതിഭാ പ്രകടനങ്ങള്‍ ഭാരതത്തിന്റെ പാരമ്പര്യജ്ഞാനത്തിന്റെയും കലാപാരമ്പര്യങ്ങളുടെയും മഹത്വം ബോധ്യപ്പെടുത്തി.
ഭാരത രാഷ്ട്രപതി
ഭാഗ്യനഗറില്‍ നടന്ന ലോക് മന്ഥന്‍ 2024 ഭാരത രാഷ്ട്രപതി ദ്രൗപതി മുര്‍മുവാണ് ഉദ്ഘാടനം ചെയ്തത്. ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തുകൊണ്ട്, കൊളോണിയല്‍ മാനസികാവസ്ഥയില്‍ നിന്ന് മോചിതരാകണമെന്ന് അവര്‍ ജനങ്ങളോട് ആഹ്വാനം ചെയ്തു. പുതിയ ആശയങ്ങളും കാഴ്ചപ്പാടുകളും ഉള്‍ക്കൊള്ളണമെന്ന് അവര്‍ പറഞ്ഞു. ഭാരതത്തില്‍ അടുത്തിടെയായി സൃഷ്ടിക്കപ്പെട്ട പുതിയ ചലനാത്മകത അധിനിവേശസംസ്‌കൃതിയുടെ ആടയാഭരണങ്ങളെ കുടഞ്ഞെറിയുകയാണെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. നാം രാജ്പഥിനെ കര്‍ത്തവ്യപഥ് ആക്കി. രാഷ്ട്രപതിയുടെ വസതിയിലെ ദര്‍ബാര്‍ഹാള്‍ ഗണതന്ത്ര മണ്ഡപമാക്കി പുനര്‍നാമകരണം ചെയ്തു. അധിനിവേശശക്തികള്‍ ഭാരതത്തിന്റെ സാംസ്‌കാരികപാരമ്പര്യങ്ങളെയും വിദ്യാഭ്യാസസമ്പ്രദായങ്ങളെയും തകര്‍ത്തത് കൊണ്ട് നമുക്ക് കൊളോണിയല്‍ ചിന്താഗതികളുടെ വിഴുപ്പ് ചുമന്നു നടക്കേണ്ടിവന്നു. അത് വലിച്ചെറിഞ്ഞു കളയാനുള്ള സമയമായിരിക്കുന്നു. പുതിയ ഭാരതം അതിന് തയ്യാറെടുക്കുകയാണന്ന് ദ്രൗപതി മുര്‍മു പറഞ്ഞു. വനവാസി ആയാലും ഗ്രാമവാസിയായാലും നഗരവാസിയായാലും നാമെല്ലാം അടിസ്ഥാനപരമായി ഭാരതവാസികള്‍ ആണെന്ന് രാഷ്ട്രപതി ഓര്‍മ്മിപ്പിച്ചു.
സമാപന സമ്മേളനത്തില്‍ മാര്‍ഗ്ഗദര്‍ശനം നല്‍കിക്കൊണ്ട് രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ സര്‍സംഘചാലക് ഡോ. മോഹന്‍ജി ഭാഗവത് പറഞ്ഞു ‘ഭാരത സംസ്‌കാരത്തിന്റെ ഉത്ഭവകേന്ദ്രങ്ങള്‍ വനങ്ങളാണ്. വനവാസികളും, വനങ്ങളില്‍ തപസനുഷ്ഠിച്ച സന്ന്യാസിമാരുമാണ് ഭാരതത്തിന്റെ സാംസ്‌കാരികജീവിതത്തിന് അടിത്തറപാകിയത്. നമ്മുടെ സാഹിത്യം വളര്‍ന്നു വികസിച്ചത് ആരണ്യകങ്ങളില്‍ നിന്നാണ്. ഒന്നാലോചിച്ചാല്‍ ലോക് മന്ഥന്‍ നഗരങ്ങളില്‍ മാത്രമല്ല നടക്കേണ്ടത്, വനവാസികളുടെ അടുത്തേക്കുചെന്ന് അവരെ വിളിച്ചുകൂട്ടി അവരുടെ പങ്കാളിത്തത്തോടെയാണ് ഇനി ലോക് മന്ഥന്‍ നടക്കേണ്ടത്. ഭാരതത്തിന്റെ എല്ലാ ഗ്രാമങ്ങളിലേക്കും ലോക് മന്ഥന്‍ കടന്നുചെല്ലണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു.
കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍, സാംസ്‌കാരികവകുപ്പ് മന്ത്രി ഗജേന്ദ്ര സിങ് ശേഖാവത്, ഖനനവകുപ്പ് മന്ത്രി ജി. കിഷന്‍ റെഡി, തെലങ്കാന ഗവര്‍ണര്‍ ജിഷ്ണു ദേവ വര്‍മ്മ തുടങ്ങിയവര്‍ ലോക് മന്ഥന്‍ 2024 ല്‍ പങ്കെടുത്തു.