‘നമ്മള്‍ ഇന്ത്യയിലെ ജനങ്ങള്‍ ഇന്ത്യയെ ഒരു പരമാധികാര,സ്ഥിതി സമത്വ, മതനിരപേക്ഷ, ജനാധിപത്യ റിപ്പബ്ലിക്കായി സംവിധാനം ചെയ്യുന്നതിനും, ഭാരതത്തിലെ എല്ലാ പൗരന്മാര്‍ക്കും സാമൂഹികവും, സാമ്പത്തികവും, രാഷ്ട്രീയവുമായ നീതി, ചിന്ത, ആശയ ആവിഷ്‌കാരം, വിശ്വാസം, ഭക്തി, ആരാധന എന്നിവയ്ക്കുള്ള സ്വാതന്ത്ര്യം, സ്ഥാനമാനങ്ങള്‍, അവസരങ്ങള്‍ എന്നിവയിലുള്ള സമത്വം എന്നിവ ഉറപ്പുവരുത്തുന്നതിനും വ്യക്തിയുടെ അന്തസ്സും രാഷ്ട്രത്തിന്റെ ഐക്യവും, അഖണ്ഡതയും ഉറപ്പുവരുത്തുന്ന സാഹോദര്യം എല്ലാവരിലും വളര്‍ത്തുന്നതിനും ദൃഢനിശ്ചയം ചെയ്തുകൊണ്ട് നമ്മുടെ ഭരണഘടനാ സഭയില്‍ വച്ച് 1949 നവംബര്‍ 26 ദിവസം ഈ ഭരണഘടനയെ അംഗീകരിക്കുകയും നിയമമാക്കുകയും നമുക്കായി തന്നെ സമര്‍പ്പിക്കുകയും ചെയ്യുന്നു.’ ഇത് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഭാരതത്തിന്റെ ഭരണഘടനയുടെ ആമുഖമാണ്. ഒരു രാജ്യത്തെ ജനങ്ങള്‍ അവര്‍ക്ക് വേണ്ടി ഒരു ഭരണഘടന തയ്യാറാക്കി അവര്‍ക്കായി തന്നെ സമര്‍പ്പിച്ചു എന്നത് ഒരുപക്ഷേ ഭാരത ഭരണഘടനയുടെ മാത്രം പ്രത്യേകതയാണ്.
1949 നവംബര്‍ 26നാണ് നമ്മുടെ ഭരണഘടനയെ ഭരണഘടനാ നിര്‍മ്മാണ സഭ ഔപചാരികമായി അംഗീകരിക്കുന്നത്. 1949 നവംബര്‍ 26 ന് ഔപചാരികമായി അംഗീകരിക്കപ്പെട്ട ഭരണഘടനയുടെ ആമുഖത്തില്‍ സ്ഥിതി സമത്വം (സോഷ്യലിസം) മതനിരപേക്ഷത (സെക്ക്യുലറിസം) എന്നീ വാക്കുകള്‍ ഉണ്ടായിരുന്നില്ല. ഇവ രണ്ടും 1976 ല്‍ നാല്പത്തിരണ്ടാം ഭരണഘടന ഭേദഗതിയിലൂടെയാണ് നമ്മുടെ ഭരണഘടനയുടെ ആമുഖത്തില്‍ എഴുതി ചേര്‍ത്തത്.
1949 നവംബര്‍ 26ന് നിലവില്‍ വന്ന ഭാരത ഭരണഘടന അതിന്റെ അമൃത കാലത്തിലേക്ക് കടക്കുകയാണ്. അംഗീകരിക്കപ്പെട്ടിട്ട് 75 വര്‍ഷം പൂര്‍ത്തിയാക്കുന്ന നമ്മുടെ ഭരണഘടനയാണ് രാജ്യത്തെ എല്ലാ നിയമങ്ങള്‍ക്കും നിയമമായിട്ടുള്ളത്. ലോകത്തിലെ എഴുതപ്പെട്ട ഏറ്റവും വലിയ ഭരണഘടന നമ്മുടേതാണ്. ഭരണഘടന ഔപചാരികമായി അംഗീകരിക്കപ്പെട്ട നവംബര്‍ 26 ദേശീയ നിയമദിനം എന്ന പേരില്‍ കഴിഞ്ഞ 25 വര്‍ഷത്തിലധികമായി ഭാരതീയ അഭിഭാഷക പരിഷത്തും, സംവിധാന്‍ ദിവസ് (ഭരണഘടനാ ദിനം) എന്ന പേരില്‍ 2015 മുതല്‍ കേന്ദ്രസര്‍ക്കാര്‍ ഔദ്യോഗികമായും ആഘോഷിച്ചു വരുന്നുണ്ട്. ഭാരത ഭരണഘടനയുടെ മുഖ്യശില്പി ഡോക്ടര്‍ ബി.ആര്‍.അംബേദ്കര്‍ ആണ്. ലോകത്ത് എഴുതപ്പെട്ട ഭരണഘടനകളില്‍ ഏറ്റവും വലുതും ഉള്ളടക്കത്തിലെ വൈവിധ്യം കൊണ്ട് സവിശേഷവുമാണ് ഭാരത ഭരണഘടന. നമ്മുടെ ഭരണഘടനയില്‍ പരാമര്‍ശിക്കാത്തതായി ഒന്നുമില്ല എന്നതാണ് സത്യം. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി ഭാരതം നിലകൊള്ളുന്നതിന്റെ അടിസ്ഥാന കാരണം നമ്മുടെ ഭരണഘടനയാണ്.
ഭരണഘടനാഭേദഗതികള്‍
നമ്മുടെ ഭരണഘടനയില്‍ ഭേദഗതി വരുത്തുന്നതിനുള്ള അധികാരം നമ്മുടെ പാര്‍ലമെന്റിലാണ് (ആര്‍ട്ടിക്കിള്‍ 368). എന്നാല്‍ ചില ഭേദഗതികള്‍ക്ക് സംസ്ഥാന നിയമസഭകളുടെ കൂടി അംഗീകാരം ആവശ്യമാണ്. ഭരണഘടന എന്നത് ഏതൊരു രാജ്യത്തെയും സംബന്ധിച്ച് ആ രാജ്യത്തിന്റെ അടിസ്ഥാന പ്രമാണമാണ്. ആയതുകൊണ്ട് തന്നെ അതിനെ വളരെ ലാഘവത്തോടും സ്വാര്‍ത്ഥ താല്‍പര്യത്തോടും സമീപിക്കുന്നതും അതില്‍ ഭേദഗതികള്‍ക്ക് ശ്രമിക്കുന്നതും ഭരണഘടനയുടെ അന്തസത്തയെ തന്നെ ഇല്ലാതാക്കുന്നതും അതുവഴി പ്രസ്തുത രാജ്യത്തിന്റെ നിലനില്‍പ്പിനെ ബാധിക്കുന്നതും ആണ്. നമ്മുടെ ഭരണഘടന ഭേദഗതി ചെയ്യുന്നതിന് മൂന്നു മാര്‍ഗ്ഗങ്ങള്‍ ആര്‍ട്ടിക്കിള്‍ 368 ല്‍ വിഭാവനം ചെയ്തിട്ടുണ്ട്. പാര്‍ലമെന്റില്‍ സാധാരണ ഭൂരിപക്ഷത്തില്‍ (Simple Majority) പാസ്സാക്കി ഭേദഗതി വരുത്താവുന്നവ, ഹാജരുള്ള അംഗങ്ങളുടെ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ഭേദഗതി വരുത്താവുന്നവ, പാര്‍ലമെന്റിലെ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിനോടൊപ്പം പകുതിയില്‍ കൂടുതല്‍ സംസ്ഥാന നിയമസഭകളുടെ അംഗീകാരത്തോടുകൂടി മാത്രം ഭേദഗതി വരുത്താവുന്നവ എന്നിങ്ങനെ ആണവ. അതില്‍ ആദ്യത്തെ ഗണത്തില്‍ സംസ്ഥാനങ്ങളിലെ ഉപരിസഭകള്‍ നിര്‍ത്തലാക്കുക പോലെയുള്ള വിഷയങ്ങള്‍ ആണെങ്കില്‍ രണ്ടാമത്തെ ഗണത്തില്‍ മൗലികാവകാശങ്ങള്‍ നിര്‍ദ്ദേശക തത്വങ്ങള്‍ എന്നിവയിലുള്ള ഭേദഗതികള്‍ ഒക്കെയാണ് വരിക.മൂന്നാമത്തെ ഗണത്തില്‍ രാഷ്ട്രപതിയുടെ തിരഞ്ഞെടുപ്പ്, കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും അധികാരപരിധി, ഹൈക്കോടതികള്‍ സുപ്രീംകോടതി തുടങ്ങിയവയെ സംബന്ധിച്ച നിയമ നിര്‍മ്മാണം, യൂണിയനും സംസ്ഥാനങ്ങളും തമ്മിലുള്ള നിയമനിര്‍മ്മാണ ബന്ധങ്ങള്‍ എന്നിവയൊക്കെയാണ് വരിക. മൂന്നാം ഗണത്തില്‍പ്പെട്ട വിഷയങ്ങളില്‍ പാര്‍ലമെന്റ് ഏകപക്ഷീയമായി ഭേദഗതികള്‍ വരുത്തിയാല്‍ ഭരണഘടനയുടെ മൗലികാടിസ്ഥാനത്തെ തന്നെ പ്രതികൂലമായി ബാധിക്കും എന്നാണ് ഡോ. ബി.ആര്‍.അംബേദ്കര്‍ പറഞ്ഞിട്ടുള്ളത്. ഭരണഘടന ഭേദഗതികളെ സംബന്ധിച്ചു നിരവധി വിധിന്യായങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതില്‍ ഏറ്റവും പ്രധാനവും പ്രശസ്തവുമായ ഒരു വിധിന്യായം കേശവാനന്ദഭാരതി കേസില്‍ ആണ്. കാസര്‍കോട് എളനീര്‍ മഠത്തിലെ മഠാധിപതിയായിരുന്നു കേശവാനന്ദഭാരതി സ്വാമികള്‍. ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങള്‍ക്ക് വ്യതിയാനം ഉണ്ടാകുന്ന തരത്തില്‍ ഭേദഗതികള്‍ ഉണ്ടാകാന്‍ പാടില്ല എന്ന സുപ്രീം കോടതിയുടെ ഭരണഘടന ബെഞ്ചിന്റെ വിധിന്യായമാണത്. ഭരണഘടന സംബന്ധമായി അടുത്തിടെ ഉണ്ടായ മറ്റൊരു ശ്രദ്ധേയമായ വിധിന്യായം ഹൈക്കോടതികളിലെയും സുപ്രീംകോടതിയിലെയും ന്യായാധിപനിയമനത്തെ സംബന്ധിച്ച് NJAC (National Judicial Appointment Commission) രൂപീകരിച്ചുകൊണ്ട് പാര്‍ലമെന്റും സംസ്ഥാന നിയമസഭകളും പാസ്സാക്കിയ ഭരണഘടന ഭേദഗതി റദ്ദു ചെയ്തുകൊണ്ടുള്ള സുപ്രീംകോടതിയുടെ വിധിന്യായമാണ്.
1949 നവംബര്‍ 26 ന് നിലവില്‍ വന്ന നമ്മുടെ ഭരണഘടനയില്‍ 2023 സപ്തംബര്‍ വരെ 106 ഭേദഗതികളാണ് വരുത്തിയിട്ടുള്ളത്.ഭരണഘടനയില്‍ ആദ്യത്തെ ഭേദഗതി ഉണ്ടാകുന്നത് 1951ലാണ്. അത് സാമൂഹ്യ പിന്നാക്കാവസ്ഥയിലുള്ളവരുടെ ഉന്നമനത്തിനും പുരോഗതിക്കുമായി പ്രത്യേക വ്യവസ്ഥകള്‍ ഉണ്ടാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കി ക്കൊണ്ടുള്ളതായിരുന്നു. 1971 ലെ ഇരുപത്തിയഞ്ചാം ഭേദഗതിയിലൂടെയാണ് സ്വത്തിലേക്കുള്ള മൗലികാവകാശം വെട്ടിക്കുറച്ചത്. 1971ലെ തന്നെ മുപ്പത്തിഒന്നാം ഭേദഗതിയിലൂടെയാണ് ലോകസഭാ സീറ്റുകളുടെ എണ്ണം 525ല്‍ നിന്നും 545 ആയി ഉയര്‍ത്തിയത്. 1985ലെ അന്‍പത്തിരണ്ടാംഭേദഗതിയിലൂടെ കൂറുമാറ്റ നിരോധന നിയമങ്ങള്‍ എഴുതി ചേര്‍ത്തു. പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട സുപ്രധാന ഭേദഗതിയായ എഴുപത്തിമൂന്നാം ഭേദഗതി ഉണ്ടായത് 1992 ലാണ്. 2002ലെ എണ്‍പത്തി ആറാം ഭരണഘടന ഭേദഗതിയിലൂടെയാണ് പ്രാഥമിക വിദ്യാഭ്യാസം മൗലിക അവകാശമാക്കിയത്. 2011ലെ 97-ാം ഭേദഗതിയിലൂടെ സഹകരണ സംഘങ്ങള്‍ക്ക് ഭരണഘടന പദവി നല്‍കുകയും സഹകരണ സംഘങ്ങള്‍ രൂപീകരിക്കാനുള്ള അവകാശം മൗലികാവകാശമാക്കുകയും ചെയ്തു (ആര്‍ട്ടിക്കിള്‍ 19). 2016ലെ നൂറ്റി ഒന്നാം ഭേദഗതിയിലൂടെയാണ് ജിഎസ്ടി നിലവില്‍ വന്നത്.2023ലെ 106-ാം ഭരണഘടന ഭേദഗതിയിലൂടെയാണ് ലോകസഭയിലെയും സംസ്ഥാന നിയമസഭകളിലേയും സ്ത്രീ സംവരണം ഉറപ്പുവരുത്തിയത്.
ഭരണഘടനാ നിര്‍മ്മാണസഭ
ഭരണഘടനാ അസംബ്ലി ആദ്യമായി യോഗം ചേര്‍ന്നത് 1946 ഡിസംബര്‍ 9 നാണ്. 1946 ലെ ക്യാബിനറ്റ് മിഷന്‍ പദ്ധതി പ്രകാരമാണ് ഭരണഘടന അസംബ്ലിയിലേക്ക് തിരഞ്ഞെടുപ്പ് നടന്നത്. പ്രവിശ്യാ അസംബ്ലികളില്‍ നിന്നും ആനുപാതിക പ്രാതിനിധ്യാടിസ്ഥാനത്തിലാണ് ഭരണഘടന നിര്‍മ്മാണ സഭയിലേക്ക് അംഗങ്ങളെ തെരഞ്ഞെടുത്തത്. തുടക്കത്തില്‍ 389 അംഗങ്ങളാണ് ഉണ്ടായിരുന്നതെങ്കിലും രാജ്യ വിഭജനത്തിനുശേഷം അത് 299 ആയി കുറഞ്ഞു. സഭയിലെ ഏറ്റവും പ്രായം കൂടിയ അംഗമായിരുന്ന സച്ചിദാനന്ദ സിന്‍ഹെയെ ആണ് സഭയുടെ ആദ്യ ചെയര്‍മാനായി തെരഞ്ഞെടുത്തത്. പിന്നീട് ഡോക്ടര്‍ രാജേന്ദ്രപ്രസാദ് ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടു. ഭരണഘടന നിര്‍മാണ സഭയില്‍ ആകെ 9 മലയാളികള്‍ അംഗങ്ങളായിരുന്നു. നിര്‍മ്മാണ സഭയില്‍ അംഗങ്ങളായി 15 വനിതകളാണ് ഉണ്ടായിരുന്നത്. അമ്മു സ്വാമിനാഥന്‍, ദാക്ഷായണി വേലായുധന്‍, ആനിമസ്‌ക്രീന്‍ എന്നിവരാണ് ഭരണഘടന നിര്‍മ്മാണ സഭയില്‍ ഉണ്ടായിരുന്ന മലയാളികള്‍. ഇവര്‍ക്ക് പുറമേ ദുര്‍ഗാഭായി ദേശമുഖ്, മാലതി ചൗധരി, സുചേതാ കൃപലാനി, വിജയലക്ഷ്മി പണ്ഡിറ്റ്, പൂര്‍ണിമ ബാനര്‍ജി, കമല ചൗധരി, ബീഗം ഐസ്സാസ്സ് റസ്സല്‍, സരോജിനി നായിഡു, രാജകുമാരി അമൃത് കൗര്‍, രേണുക റോയ്, ലീലാ നാഗ് എന്നിവരാണ് സഭയില്‍ ഉണ്ടായിരുന്ന മറ്റു വനിതകള്‍. എറണാകുളം സ്വദേശിനിയായ ദാക്ഷായണി വേലായുധന്‍ ഇന്ത്യയിലെ പട്ടികജാതിക്കാരിലെ ആദ്യ ബിരുദധാരിയാണ്. പിന്നീട് കൊച്ചിന്‍ ലജിസ്ലേറ്റീവ് അസംബ്ലിയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട അവരുടെ പേരില്‍ സ്ത്രീശാക്തീകരണത്തിനായി പ്രവര്‍ത്തിക്കുന്നവര്‍ക്കായി 2019 മുതല്‍ സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് ഏര്‍പ്പെടുത്തുകയുണ്ടായി. മൂന്ന് വനിതകളെ കൂടാതെ ഭരണഘടന നിര്‍മ്മാണ സഭയില്‍ ഉണ്ടായിരുന്ന മലയാളി സാന്നിധ്യം പനമ്പള്ളി ഗോവിന്ദമേനോന്‍,നടരാജപിള്ള, പിടി ചാക്കോ, ആര്‍ ശങ്കര്‍, ജോണ്‍ മത്തായി, പോക്കര്‍ സാഹിബ് ബഹദൂര്‍ എന്നിവരുടേതായിരുന്നു. ഭരണഘടനാ നിര്‍മ്മാണ സഭ രണ്ടുവര്‍ഷവും 11 മാസവും 17 ദിവസവും പ്രവര്‍ത്തിക്കുകയുണ്ടായി. പ്രേം ബിഹാരി നാരായണ്‍ റെയ്‌സാദാ എന്ന വ്യക്തിയുടെ കൈപ്പടയിലാണ് അസ്സല്‍ ഭരണഘടന തയ്യാറാക്കിയിട്ടുള്ളത്. പാര്‍ലമെന്റിലെ ലൈബ്രറിയില്‍ പ്രത്യേകം സൂക്ഷിച്ചിട്ടുള്ള അസ്സല്‍ ഭരണഘടനയ്ക്ക് 22 ഇഞ്ച് നീളവും 16 ഇഞ്ച് വീതിയും ആണ് ഉള്ളത്.
സാംസ്‌കാരിക ദേശീയതയുടെ ഭരണഘടന
ഭാരതത്തിന്റെ സാംസ്‌കാരിക തനിമ വിളിച്ചോതുന്നതാണ് നമ്മുടെ ഭരണഘടന. ലോകത്ത് ഇന്ന് പച്ചപ്പരിഷ്‌കാരികള്‍ എന്ന് അവകാശപ്പെടുന്ന ആള്‍ക്കാരുടെ മുന്‍ഗാമികള്‍ ഒക്കെ തന്നെ കാടന്മാരായി ജീവിച്ചിരുന്ന കാലഘട്ടത്തില്‍ ലോകത്തിലെ ഏറ്റവും മുന്തിയ സംസ്‌കാരം പുലര്‍ന്നിരുന്ന നാടാണ് ഭാരതം, അത്ര മഹത്തരമാണ് നമ്മുടെ സാംസ്‌കാരിക പാരമ്പര്യം. നിരവധി ഭാഷകളും ജീവിതരീതികളും ആചാരാനുഷ്ഠാനങ്ങളും ഒക്കെ നിലനില്‍ക്കുമ്പോഴും ഭാരതമെന്ന രാഷ്ട്രത്തെ ഒരു മാലയുടെ മുത്തുമണികള്‍ എന്നോണം കോര്‍ത്തിണക്കിയിരുന്നത് ഈ രാജ്യത്ത് നിലനിന്നിരുന്ന സംസ്‌കാരമാണ്. അതിന് കാല-ദേശ-ഭാഷാ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നില്ല. ശിവനെയും കൃഷ്ണനെയും ദേവിയെയും ഗണപതിയെയും അടക്കം മുപ്പത്തിമുക്കോടി ദേവതകളെ ആരാധിച്ചിരുന്ന ഭാരതീയര്‍ അതെല്ലാം ഒന്നിലേക്ക് ചെന്നു ചേരുമെന്ന് വിശ്വസിച്ചിരുന്നവരാണ്. അഗ്‌നിയും വായുവും ജലവും എന്തിന് ഉറുമ്പും ചിതലും പോലും ഭാരതീയര്‍ക്ക് ആരാധനാമൂര്‍ത്തികളായിരുന്നു. സര്‍വ്വ ചരാചരങ്ങളിലും ഈശ്വരെനെ ദര്‍ശിച്ചിരുന്നു ഭാരതീയര്‍. ഒരിക്കല്‍പോലും കണ്ടിട്ടില്ലെങ്കിലും ഗംഗയില്‍ സ്‌നാനം ചെയ്ത് മോക്ഷ പ്രാപ്തി എന്നത് ഓരോ ഭാരതീയന്റേയും സ്വപ്‌നമായിരുന്നു. അചേതന വസ്തുക്കളായ മണ്ണാങ്കട്ടയും കരിയിലയും പോലും കാശിക്ക് പോകാന്‍ ആഗ്രഹിക്കുന്നു എന്ന് പഠിപ്പിച്ച നാടാണ് ഭാരതം. ഒരു ഉദാഹരണത്തിന് സംഗീത ചക്രവര്‍ത്തിയായ ത്യാഗരാജ സ്വാമികളുടെ ചരിത്രമെടുക്കാം. അദ്ദേഹം ജനിച്ചത് ആന്ധ്രപ്രദേശിലെ പ്രകാശം ജില്ലയിലാണ്. അദ്ദേഹം തമിഴ്‌നാട്ടിലേക്ക് കുടിയേറുകയുണ്ടായി. അപ്പോള്‍ അവിടം ഭരിച്ചിരുന്നത് മഹാരാഷ്ട്രക്കാരനായ ശരഭോജി എന്ന രാജാവായിരുന്നു. ത്യാഗരാജ സ്വാമികള്‍ രചിച്ച കീര്‍ത്തനങ്ങള്‍ മുഴുവന്‍ കന്നടയിലായിരുന്നു. ശാസ്ത്രീയ സംഗീതം അങ്ങനെ കര്‍ണാടക സംഗീതം എന്നറിയപ്പെട്ടു. ത്യാഗരാജ സ്വാമികള്‍ ഉപയോഗിച്ചിരുന്ന തംബുരു അടക്കമുള്ള വാദ്യോപകരണങ്ങള്‍ ഇപ്പോഴും കാത്തുസൂക്ഷിക്കുന്നത് ഗുജറാത്തികളുടെ നേതൃത്വത്തിലുള്ള സൗരാഷ്ട്രസഭ എന്ന സംഘടനയാണ്. സ്വാമികള്‍ക്ക് ഉചിതമായ സ്മാരകം നിര്‍മ്മിച്ചത് ബാംഗ്ലൂര്‍കാരി നാഗരത്‌നമ്മ എന്ന സ്ത്രീയാണ് ഇത്തരത്തില്‍ നോക്കുമ്പോള്‍ കാല- ദേശ- ഭാഷകള്‍ക്കതീതമായിരുന്നു നമ്മുടെ സംസ്‌കാരം നിലനിന്നിരുന്നതെന്ന് മനസ്സിലാവും. ഇത്തരത്തില്‍ എത്ര ഉദാഹരണങ്ങള്‍ വേണമെങ്കിലും ചൂണ്ടിക്കാണിക്കുവാന്‍ കഴിയും. ഭരണഘടന നിര്‍മ്മാണ സഭയില്‍ ഡ്രാഫ്റ്റിംഗ് കമ്മറ്റിയുടെ ചെയര്‍മാനായിരുന്ന ഡോക്ടര്‍ ബി.ആര്‍.അംബേദ്കര്‍ നമ്മുടെ ഭരണഘടനയെ രൂപപ്പെടുത്തിയത് നമ്മുടെ സാംസ്‌കാരിക പാരമ്പര്യത്തിന്റെ മകുടോദാഹരണം ആയിട്ടാണ്. അദ്ദേഹത്തിന്റെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ ഇന്ത്യയിലെ കോടീശ്വരന്മാര്‍ നിര്‍ദ്ധനന്മാരായ സന്ന്യാസിമാരെയും ഫക്കീര്‍മാരെയും അനുസരിക്കുന്നതും, ഇന്ത്യയിലെ കോടിക്കണക്കിനുള്ള പാവങ്ങള്‍ അവരുടെ ആകെ സമ്പാദ്യമായ അല്ലറ ചില്ലറ ആഭരണങ്ങള്‍ വിറ്റ് കാശിയിലും മക്കയിലും തീര്‍ത്ഥയാത്ര പോകുന്നതും ഇവിടുത്തെ സാധാരണക്കാരുടെ മേല്‍ ഒരു മജിസ്‌ട്രേറ്റിനേക്കാള്‍ കൂടുതല്‍ ആജ്ഞാശക്തിയുള്ളത് ഒരു പുരോഹിതനാണ് എന്നുള്ളതും ചൂണ്ടിക്കാണിക്കുന്നത് ഭാരതത്തിന്റെ സാംസ്‌കാരിക പാരമ്പര്യത്തെ തന്നെയാണ്.
ശ്രീരാമന്റെയും ശ്രീകൃഷ്ണന്റെയും നാടാണ് ഭാരതം. ലോകത്തിനു മുഴുവന്‍ മാതൃകയാക്കാവുന്ന നിരവധി മഹദ് വ്യക്തിത്വങ്ങളെ സംഭാവന ചെയ്തിട്ടുണ്ട് ഭാരതം. പൗരാണിക ഭാരതവും ആധുനിക ഭാരതവും അതിന് ഒട്ടും അപവാദമായിരുന്നില്ല. മഹാത്മാഗാന്ധിയുടെ രാമരാജ്യ സങ്കല്പം നടപ്പിലാക്കുകയാണ് സ്വതന്ത്ര ഭാരതത്തിന്റെ ലക്ഷ്യമെന്ന് ഭാരത ഭരണഘടന പരിശോധിക്കുന്ന ഏവര്‍ക്കും വ്യക്തമാകുന്നതാണ്. 1949 നവംബര്‍ 26ന് ഭരണഘടന നിര്‍മ്മാണ സഭ അംഗീകരിച്ച നമ്മുടെ ഭരണഘടനയുടെ പേജുകളില്‍ ആലേഖനം ചെയ്തിട്ടുള്ള ചിത്രങ്ങള്‍ പരിശോധിച്ചാല്‍ ഭാരതത്തിന്റെ സാംസ്‌കാരിക പാരമ്പര്യം വ്യക്തമാകുന്നതാണ്.
നമ്മുടെ ഭരണഘടന ആരംഭിക്കുന്നത് സത്യമേവ ജയതേ-സത്യം മാത്രം ജയിക്കുന്നു-എന്ന് ആലേഖനം ചെയ്തിട്ടുള്ള ചിത്രത്തോടെയാണ്. അശോകചക്രവര്‍ത്തി സ്ഥാപിച്ച അശോക സ്തംഭത്തില്‍ നിന്നെടുത്തതാണ് ഈ ചിത്രം. ഭരണഘടനയുടെ ആമുഖം അടങ്ങുന്ന പേജില്‍ The Constitution of India എന്നത് കഴിഞ്ഞാല്‍ ആലേഖനം ചെയ്തിരിക്കുന്ന ചിത്രം താമരയുടെതാണ് അതിനുചുറ്റും വരച്ചിരിക്കുന്ന ചിത്രങ്ങളില്‍ ആനയും സിംഹവും കുതിരയും ഋഷഭവും ഒക്കെ പെടുന്നു. അത് കഴിഞ്ഞാല്‍ പാര്‍ട്ട് ഒന്നിലെ ആദ്യപേജില്‍ ഒരു വലിയ ഋഷഭത്തിന്റെ ചിത്രമാണ് വരച്ചു ചേര്‍ത്തിട്ടുള്ളത്. കൈലാസവാസനായ പരമശിവന്റെ വാഹനമാണ് ഋഷഭമെന്നും കൈലാസാധീശനെ പൂജിക്കുന്നത് പോലെ ഋഷഭത്തെയും ഭാരതീയര്‍ പൂജിക്കാറുണ്ടെന്നും നമുക്കറിയാം. പാര്‍ട്ട് രണ്ടില്‍ പൗരത്വത്തെ കുറിച്ചുള്ള ആദ്യ പേജില്‍ വരച്ചുചേര്‍ത്തിരിക്കുന്ന ചിത്രം യാഗങ്ങളുടെയും ഗുരുകുലത്തിന്റെയും രാജ സദസ്സിന്റെയും ഒക്കെയാണ്. പാര്‍ട്ട് മൂന്നിലെ മൗലികാവകാശങ്ങളുടെ ആദ്യ പേജിലെ ചിത്രം ഭാരതത്തിലേക്ക് രാവണ നിഗ്രഹത്തിന് ശേഷം വരുന്ന ശ്രീരാമന്റെയും സീതയുടെയും ലക്ഷ്മണന്റെയും ചിത്രമാണ്. സ്വര്‍ണ്ണമയിയായ ലങ്കയോട് മോഹം ഉദിച്ച ലക്ഷ്മണനോട് പെറ്റമ്മയും പിറന്ന നാടും സ്വര്‍ഗ്ഗത്തേക്കാള്‍ മഹത്തരം ആണ് (ജനനീ ജന്മഭൂമിശ്ച സ്വര്‍ഗ്ഗാദപീ ഗരീയസി) എന്നാണ് ശ്രീരാമന്‍ ഉപദേശിച്ചത്, അതാണ് ഭാരതീയ സംസ്‌കാരം. ഉത്തമനും ധര്‍മിഷ്ഠനും നീതിമാനുമായ രാജാവായിരുന്നു ശ്രീരാമന്‍. മഹാത്മാഗാന്ധി രാമരാജ്യ സങ്കല്പം മുന്നോട്ടു വച്ചതും അതിനാലാണ്. സ്വദേശി സങ്കല്പവും പൗര ധര്‍മ്മവും ശ്രീരാമനോളം പ്രചരിപ്പിച്ച ഒരാള്‍ വേറെ ഉണ്ടാവില്ല. ആയതിനാല്‍ തന്നെ സീതാസമേതനായ ശ്രീരാമ ചിത്രാലേഖനം അര്‍ത്ഥവത്താവുന്നു.
സംസ്ഥാനങ്ങളുടെയും പൗരന്മാരുടെയും കടമകളെക്കുറിച്ച് പറയുന്ന മാര്‍ഗ്ഗ നിര്‍ദ്ദേശക തത്വങ്ങളില്‍ (പാര്‍ട്ട് നാല്) വരച്ചിട്ടുള്ളത് ഗീതോപദേശം ആണ്. ധര്‍മ്മാധര്‍മ്മ യുദ്ധത്തില്‍ വിഷാദം ബാധിച്ച് തേര്‍ തട്ടില്‍ തളര്‍ന്നിരുന്ന പാര്‍ത്ഥന് ധര്‍മ്മത്തിന്റെ, കര്‍മ്മത്തിന്റെ പ്രാധാന്യം ഉപദേശിച്ചത് ശ്രീകൃഷ്ണ ഭഗവാനാണ്. കര്‍മ്മത്തെയും കടമകളെയും കുറിച്ച് പറയുമ്പോള്‍ ഗീതോപദേശം അല്ലാതെ മറ്റെന്താണ് ഉദാഹരിക്കുവാന്‍ കഴിയുക. പാര്‍ട്ട് അഞ്ചിലെ ചാപ്റ്റര്‍ ഒന്നില്‍ എക്‌സിക്യൂട്ടീവിനെ കുറിച്ച് പറയുന്നിടത്ത് ശ്രീബുദ്ധന്റെ ആദ്യ പ്രഭാഷണത്തിന്റെയും ബുദ്ധ ഭിക്ഷുക്കളുടെയും ചിത്രങ്ങളാണ് ആലേഖനം ചെയ്തിട്ടുള്ളത്. ലോകത്തിന് അഹിംസയുടെ മന്ത്രമോതിയത് ഭഗവാന്‍ ശ്രീബുദ്ധനാണ്. അഹിംസയുടെ കാര്യത്തില്‍ മഹാത്മാഗാന്ധി മാതൃകയാക്കിയതും ഭഗവാന്‍ ബുദ്ധനെയാണ്. പാര്‍ട്ട് ആറ് ചാപ്റ്റര്‍ ഒന്നില്‍ സംസ്ഥാന സര്‍ക്കാരുകളെക്കുറിച്ച് പറയുന്നിടത്ത് വര്‍ദ്ധമാന മഹാവീരന്റെ ചിത്രമാണ് വരച്ചു ചേര്‍ത്തിട്ടുള്ളത്. പാര്‍ട്ട് ഏഴില്‍ ഒന്നാം പേജില്‍ ബുദ്ധ സന്ദേശം വ്യാപകമായി പ്രചരിപ്പിക്കുന്നതിന് വേണ്ടി അശോകചക്രവര്‍ത്തി നടത്തിയ ശ്രമങ്ങളെ ഓര്‍മ്മിപ്പിക്കുന്ന ചിത്രങ്ങളാണ് ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. പാര്‍ട്ട് എട്ടില്‍ പറക്കുന്ന യക്ഷന്റെയും ആദ്യകാല ക്ഷേത്രത്തിന്റെയും ഒക്കെ ചിത്രങ്ങളാണ് ആലേഖനം ചെയ്തിട്ടുള്ളത്. പാര്‍ട്ട് ഒന്‍പതില്‍ വിക്രമാദിത്യ രാജാവിന്റെ രാജകൊട്ടാരവും അദ്ദേഹം പുറത്തിറക്കിയ നാണയങ്ങളും ആലേഖനം ചെയ്തിട്ടുണ്ട്. പാര്‍ട്ട് പത്തില്‍ പുരാതന ഭാരതത്തിലെ പ്രശസ്തമായ നളന്ദ സര്‍വ്വകലാശാലയുടെ ചിത്രങ്ങളാണ് ആലേഖനം ചെയ്തിരിക്കുന്നത്.
കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന പാര്‍ട്ട് 11 ല്‍ മനോഹരമായ ഒരു കുതിരയുടെയും മറ്റും ചിത്രങ്ങളുണ്ട്. സ്വത്ത് സംബന്ധമായ വ്യവസ്ഥകള്‍ അടങ്ങുന്ന പാര്‍ട്ട് പന്ത്രണ്ടിന്റെ ആദ്യപേജില്‍ നടരാജ നടനമാണ് ആലേഖനം ചെയ്തിട്ടുള്ളത്. നൃത്തങ്ങളുടെ കൂട്ടത്തില്‍ നടരാജനടനത്തിന്റെ പ്രത്യേകത എടുത്തു പറയേണ്ടതില്ല. വ്യവസായം-വാണിജ്യം എന്നീ വിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള പതിമൂന്നാം പാര്‍ട്ടില്‍ അര്‍ജുനന്റെ തപസ്സ്, ഗംഗയുടെ അവതാരം തുടങ്ങിയവയൊക്കെ വരച്ചു ചേര്‍ത്തിട്ടുണ്ട്. പതിനാലാം പാര്‍ട്ടിന്റെ ആദ്യ പേജില്‍ അക്ബറിന്റെ രാജസദസ്സും തിരഞ്ഞെടുപ്പ് സംബന്ധിയായ നിബന്ധനകള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പാര്‍ട്ട് പതിനഞ്ചിന്റെ ആദ്യ പേജില്‍ ഛത്രപതി ശിവജിയുടെയും ഗുരു ഗോവിന്ദ സിംഹന്റെയും ചിത്രങ്ങളും വരച്ചു ചേര്‍ത്തിരിക്കുന്നു. പാര്‍ട്ട് പതിനാറില്‍ ആദ്യ പേജില്‍ ഝാന്‍സി റാണിയുടെ ചിത്രമാണ് ആലേഖനം ചെയ്തിട്ടുള്ളത്. പതിനേഴും പതിനെട്ടും പാര്‍ട്ടുകളില്‍ മഹാത്മാഗാന്ധിയുടെ ചിത്രങ്ങളും പത്തൊമ്പതില്‍ നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ ചിത്രവുമാണ് ആലേഖനം ചെയ്തിട്ടുള്ളത്. ബ്രിട്ടീഷുകാര്‍ക്കെതിരെ നടന്ന സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത ഈ രണ്ട് നേതാക്കന്മാരുടെ ചിത്രങ്ങള്‍ മാത്രമാണ് ഭാരത ഭരണഘടനയില്‍ ചേര്‍ത്തിട്ടുള്ളത്. ഇത് ആ ധീര ദേശാഭിമാനികള്‍ക്കുള്ള ആദരവ് കൂടിയാണ്. ഇരുവര്‍ ക്കും ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലുള്ള പങ്കിന്റെ ആഴമാണ് ഇത് വെളിവാക്കുന്നത്. പാര്‍ട്ട് ഇരുപതില്‍ ഹിമാലയത്തിന്റെ ചിത്രവും, ഇരുപത്തൊന്നില്‍ മണലാരണ്യങ്ങളിലൂടെയുള്ള യാത്രയുടെ ചിത്രവും ആലേഖനം ചെയ്തിട്ടുണ്ട്. അവസാന പേജുകളില്‍ ഭരണഘടന നിര്‍മ്മാണ സഭയിലെ അംഗങ്ങളുടെ ഒപ്പുകളും രേഖപ്പെടുത്തിയിട്ടുണ്ട്. നമ്മുടെ സാംസ്‌കാരിക ദേശീയതയെ വിളിച്ചോതുന്നതാണ് നമ്മുടെ ഭരണഘടനയില്‍ ആലേഖനം ചെയ്തിട്ടുള്ള ഈ ചിത്രങ്ങള്‍. ഈ ചിത്രങ്ങളൊക്കെ വരച്ചു ചേര്‍ത്തത് ശാന്തിനികേതനില്‍ നിന്നുള്ള നന്ദലാല്‍ ബോസും അദ്ദേഹത്തിന്റെ ശിഷ്യന്മാരുമാണ്.
മൗലികാവകാശങ്ങളും കടമകളും
വ്യക്തിസ്വാതന്ത്ര്യത്തിന് പരമാവധി അംഗീകാരം നല്‍കിയിട്ടുള്ളതാണ് നമ്മുടെ ഭരണഘടന. എന്നാല്‍ അതിന് ചില സാമൂഹ്യ നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിന്റെ മൂക്ക് ആരംഭിക്കുന്നിടത്ത് എന്റെ സ്വാതന്ത്ര്യം അവസാനിക്കുന്നു എന്ന ചൊല്ല് അങ്ങനെ ഉണ്ടായതാവാം. ഒരു ജനാധിപത്യ രാജ്യത്തെ സംബന്ധിച്ചിടത്തോളം വ്യക്തിസ്വാതന്ത്ര്യം പരമപ്രധാനമാണ്. പൗരന് ചില അവകാശങ്ങള്‍ ഉറപ്പുവരുത്തുന്ന തരത്തില്‍ മൗലികാവകാശങ്ങളുടെ ഒരു പ്രത്യേക വകുപ്പ് നമ്മുടെ ഭരണഘടനയില്‍ ഉണ്ടാവണമെന്നതില്‍ ഭരണഘടനാ നിര്‍മ്മാണ സഭയിലെ എല്ലാവര്‍ക്കും ഏകാഭിപ്രായമായിരുന്നു. അതിനുവേണ്ടി സര്‍ദാര്‍ പട്ടേലിന്റെ നേതൃത്വത്തില്‍ ഒരു പ്രത്യേക സമിതി തന്നെ രൂപീകരിക്കുകയുണ്ടായി. വിശാലമായ ചര്‍ച്ചകള്‍ക്ക് ശേഷം ഈ സമിതി നല്‍കിയ നിര്‍ദ്ദേശങ്ങളില്‍ നിന്നാണ് മൗലികാവകാശ വ്യവസ്ഥകള്‍ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയത്. ഭരണഘടനയുടെ പാര്‍ട്ട് മൂന്നില്‍ മൗലികാവകാശങ്ങള്‍ ഉള്‍പ്പെടുത്തിയത് പോലെ തന്നെ പാര്‍ട്ട് നാലില്‍ മാര്‍ഗ്ഗനിര്‍ദ്ദേശക തത്വങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പാര്‍ട്ട് മൂന്നിലെ മൗലികാവകാശങ്ങളെ പോലെ തന്നെ പ്രാധാന്യമേറിയതാണ് പാര്‍ട്ട് നാലിലെ മാര്‍ഗനിര്‍ദ്ദേശക തത്വങ്ങളും. രാജ്യത്തിനാകമാനം ബാധകമായ ഒരു സിവില്‍ നിയമസംഹിത നിര്‍മ്മിക്കുക എന്നതടക്കമുള്ള മാര്‍ഗനിര്‍ദ്ദേശക തത്വങ്ങളിലെ എല്ലാ നിര്‍ദ്ദേശങ്ങളും ജനങ്ങളുടെ ആകെ ക്ഷേമത്തെയും നന്മയെയും മുന്‍നിര്‍ത്തി സര്‍ക്കാരുകള്‍ നടപ്പിലാക്കാന്‍ ഉള്ളവയാണ്. ഭരണഘടന സഭയില്‍ നടന്ന വിപുലമായ ചര്‍ച്ചയില്‍ ഭാഗം മൂന്നില്‍ മൗലികാവകാശങ്ങളുടെ ഭാഗമായി ചേര്‍ക്കേണ്ടിയിരുന്ന പല പ്രധാന കാര്യങ്ങളും നിര്‍ദ്ദേശക തത്വങ്ങളുടെ പട്ടികയിലേക്ക് മാറ്റിയത് സ്വാതന്ത്ര്യാനന്തരം അധികാരത്തില്‍ വരുന്ന ഒരു സര്‍ക്കാരിന് ഉടനടി വന്‍ ബാധ്യത ഉണ്ടാകേണ്ട എന്ന പരിഗണനയില്‍ മാത്രമാണ്. മാര്‍ഗനിര്‍ദ്ദേശക തത്വങ്ങളിലെ നിര്‍ദ്ദേശങ്ങള്‍ ഒക്കെ തന്നെ ഒരു ക്ഷേമ സര്‍ക്കാരിന്റെ ഉത്തരവാദിത്തത്തില്‍ വരുന്നതും ജനങ്ങള്‍ക്ക് വേണ്ടി നടപ്പാക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളവയും ആണ്. മൂന്നാം ഭാഗത്തിലെ മൗലികാവകാശങ്ങളും നാലാം ഭാഗത്തിലെ നിര്‍ദ്ദേശകതത്വങ്ങളും തമ്മിലുള്ള വ്യത്യാസം മൗലികാവകാശങ്ങള്‍ നടപ്പിലായി കിട്ടാന്‍ 32-ാം വകുപ്പ് അനുസരിച്ച് കോടതിയെ സമീപിക്കാം എന്നത് മാത്രമാണ്. ഭരണഘടനാ വിദഗ്ദ്ധരുടെ അഭിപ്രായത്തില്‍ മൗലികാവകാശങ്ങളെക്കാള്‍ പ്രാധാന്യം നിര്‍ദ്ദേശക തത്വങ്ങള്‍ക്കുണ്ട് എന്നാണ്. പൗരന്മാരില്‍ സ്വദേശീശീലവും സ്വാഭിമാനവും വളര്‍ത്താനും രാജ്യത്തിന്റെ തനതായ വിഭവങ്ങളെ സംരക്ഷിക്കുന്നതിനും എല്ലാ ജനങ്ങള്‍ക്കും സന്തോഷത്തോടെയും സമൃദ്ധിയോടെയും ജീവിക്കാന്‍ ഉതകുന്നതുമായ നല്ല നിര്‍ദ്ദേശങ്ങള്‍ ആണ് നിര്‍ദ്ദേശകതത്വങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
എല്ലാ പൗരന്മാരെയും സമന്മാരായി കാണുന്നതാണ് നമ്മുടെ ഭരണഘടന. ഭരണഘടനയിലെ അനുച്ഛേദം പതിനാലു അനുസരിച്ച് എല്ലാ പൗരന്മാരും നിയമത്തിന്റെ മുന്നില്‍ സമന്മാരാണ്. അനുച്ഛേദം 15 അനുസരിച്ച് പൗരന്മാരോട് ജാതിയുടെയോ മതത്തിന്റെയോ ലിംഗത്തിന്റെയോ പേരില്‍ ഒരു വിവേചനവും കാണിക്കാന്‍ പാടില്ല എന്ന് പറയുന്നുണ്ട്. നമ്മുടെ ഭരണഘടനയിലെ സിംഹഭാഗവും വിദേശരാജ്യങ്ങളില്‍ നിന്നും കടമെടുത്തവയാണെന്ന് ഒരു അഭിപ്രായമുണ്ട്. പക്ഷേ ഈ അഭിപ്രായം പൂര്‍ണമായും ശരിയല്ല. ഡോക്ടര്‍ എം.വി.പൈലി പറയുന്നതുപോലെ ‘വാസ്തവത്തില്‍ ഈ തത്വങ്ങളില്‍ ഒട്ടു വളരെയെണ്ണം ഭാരതീയമായിരുന്നു, പ്രത്യേകിച്ചും ദേശീയ പ്രസ്ഥാനത്തിന്റെ അടിസ്ഥാനപ്രമാണങ്ങളുടെ ഭാഗമായി തീര്‍ന്നവ, ഗ്രാമപഞ്ചായത്തുകള്‍, കുടില്‍വ്യവസായങ്ങള്‍, മദ്യനിരോധനം, ഗോവധത്തിനെതിരെയുള്ള സംരക്ഷണം, പട്ടികജാതികള്‍, പട്ടികവര്‍ഗ്ഗങ്ങള്‍, സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നിട്ടു നില്‍ക്കുന്ന മറ്റു സമുദായങ്ങള്‍ എന്നിവയെ സംബന്ധിച്ചുള്ള വ്യവസ്ഥകള്‍ തുടങ്ങിയവ ഔപചാരികമായും ആവശ്യമായും ഭാരതീയമായിരുന്നു. ഇവയില്‍ ചിലതാകട്ടെ സ്‌നേഹപൂര്‍വ്വം ലാളിക്കപ്പെട്ട ആശയങ്ങളാണ്- ഏതേത് ആശയങ്ങളുടെ അംഗീകാരത്തിനുവേണ്ടി ഗാന്ധിജി ജീവിതകാലം മുഴുവന്‍ കിണഞ്ഞു പരിശ്രമിച്ചുവോ ആ ആശയങ്ങളില്‍ ചിലത്.
ഒരു മൗലികാവകാശവും നിര്‍ദ്ദേശകതത്വവും തമ്മില്‍ തര്‍ക്കം വന്നാല്‍ ഏതാണ് നിലനില്‍ക്കുക എന്നുള്ളത് പലപ്പോഴും നിയമപ്രശ്‌നമായി ഉയര്‍ന്നു വന്നിട്ടുള്ളതാണ്. സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചുകള്‍ മൗലികാവകാശമാണ് നിലനില്‍ക്കുക എന്ന് പറഞ്ഞിട്ടുണ്ടെങ്കിലും അത്തരം വിധിന്യായങ്ങളില്‍ നിര്‍ദ്ദേശകതത്വങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് സൂചിപ്പിച്ചിട്ടുണ്ട്. ഒരു മൗലികാവകാശവും ഒരു നിര്‍ദ്ദേശകതത്വവും തമ്മില്‍ വൈരുദ്ധ്യം ഉണ്ടായാല്‍ നിര്‍ദ്ദേശക തത്വമാണ് പരിഗണിക്കപ്പെടേണ്ടതെന്ന് പാര്‍ലമെന്റില്‍ നാലാം ഭരണഘടനാ ഭേദഗതി ഒരു ഉപക്ഷേപം മുഖേന അവതരിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു അഭിപ്രായപ്പെട്ടിരുന്നു. ഈ അഭിപ്രായം ഒരുപക്ഷേ സുപ്രീംകോടതിയുടെ വീക്ഷണഗതിക്ക് തികച്ചും വിരുദ്ധമാണെന്ന് തോന്നിയേക്കാം. എങ്കിലും സൂക്ഷ്മ പരിശോധനയില്‍ ഈ വൈരുദ്ധ്യം യാഥാര്‍ത്ഥ്യത്തേക്കാള്‍ ഏറെ സാങ്കല്പികം ആണെന്ന് കാണാവുന്നതാണ്. കാരണം സുപ്രീംകോടതിയെ സംബന്ധിച്ചിടത്തോളം രണ്ടും തമ്മില്‍ വ്യക്തമായ ഭിന്നതകള്‍ ഉണ്ടാകുമ്പോള്‍ ന്യായവാദാര്‍ഹമല്ലാത്ത നിര്‍ദ്ദേശകതത്വങ്ങള്‍ക്കെതിരെ ന്യായവാദാര്‍ഹമായ മൗലികാവകാശത്തെയാണ് അത് ശരിവെക്കേണ്ടത്. എന്നാല്‍ ഈ പരിഹാരം വിഷയത്തെ സംബന്ധിച്ച ഒരു ജുഡീഷ്യല്‍ പരിഹാരം മാത്രമേ ആകുന്നുള്ളൂ. കോടതികള്‍ക്ക് അതിലപ്പുറം പോകാന്‍ ആവില്ല. എന്നാല്‍ പാര്‍ലമെന്റ് അങ്ങനെ അല്ല താനും. ന്യായവാദാര്‍ഹവും അല്ലാത്തതുമായ അവകാശങ്ങളുടെ മത്സരത്തില്‍ നിന്നുളവാകുന്ന സാമൂഹിക സംഘര്‍ഷത്തിന് തീരുമാനം ഉണ്ടാകുമ്പോഴേ അവസാന പരിഹാരം ഉണ്ടാകുന്നുള്ളു. വ്യക്തി താല്പര്യത്തിന് ഉപരി ആയിട്ടുള്ള സാമൂഹിക താല്പര്യത്തിന്റെ മേധാവിത്തമാണ് ഇവിടെ നിര്‍ദ്ദേശകതത്വം. ഈ തത്വം പ്രാബല്യത്തില്‍ വരുത്താന്‍ സൗകര്യപ്പെടുത്തുന്നതിന് ഭരണഘടനയില്‍ ഭേദഗതി വരുത്തുകയും നിര്‍ദ്ദേശക തത്വങ്ങള്‍ അതേപടി നടപ്പില്‍ വരുത്തുന്നതിന് അനുവദിക്കുകയും ചെയ്യേണ്ടി വന്നേക്കാം. ഈ ലക്ഷ്യം വെച്ചുകൊണ്ട് ഭരണഘടന മൂന്നുതവണ ഭേദഗതി ഭേദഗതി ചെയ്യുകയും ചെയ്തിട്ടുണ്ട്.
മൗലിക കര്‍ത്തവ്യങ്ങള്‍
വ്യക്തിയുടെ അവകാശത്തേക്കാള്‍ ഏറെ സമൂഹത്തിന്റെ അവകാശങ്ങള്‍ക്ക് പ്രാധാന്യം നല്‍കുകയും കടമകള്‍ക്ക് മുന്‍ഗണന നല്‍കുകയും ചെയ്യുന്ന ഒരു സമൂഹമാണ് ഭാരതത്തിന്റെത്. ഓരോ വ്യക്തിയും അവരവരുടെ കടമകള്‍, കര്‍ത്തവ്യങ്ങള്‍ കൃത്യമായി നടപ്പിലാക്കിയാല്‍ മറ്റുള്ളവരുടെ അവകാശങ്ങള്‍ കൃത്യമായി സംരക്ഷിക്കപ്പെടും എന്നുള്ളതാണ് ശരിയായ ചിന്ത. മൗലികാവകാശവും മൗലിക കര്‍ത്തവ്യങ്ങളും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ്. മൗലിക കര്‍ത്തവ്യങ്ങള്‍ ഇന്ത്യയിലെ ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കുവാനും അവരെ അക്കാര്യത്തില്‍ തികച്ചും ബോധവാന്മാരാക്കുവാനും സര്‍ക്കാരിന് എന്ത് പരിപാടിയാണുള്ളതെന്ന് ചോദിച്ചുകൊണ്ട് 1998 ല്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിന് ഒരു നോട്ടീസ് അയച്ചിരുന്നു. കഴിഞ്ഞ കുറച്ചു കാലങ്ങളായി ഭാരതത്തിലെ ജനങ്ങള്‍ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള വാദത്തില്‍ പൂര്‍വ്വാധികം തീക്ഷ്ണത കാട്ടുന്നവര്‍ ആയിട്ടുണ്ടെന്നും അതേസമയം മൗലിക കടമകളുടെ നിര്‍വ്വഹണത്തില്‍ പാടെ പിന്നോട്ട് പോയിരിക്കുന്നു എന്ന വസ്തുതയും പ്രസ്തുത കത്തില്‍ കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഈ സ്ഥിതിക്ക് പരിഹാരം കാണാനും മൗലിക കര്‍ത്തവ്യങ്ങളെ ജീവിതത്തില്‍ എങ്ങനെ പ്രായോഗികമാക്കാം എന്ന് വിശദീകരിക്കുവാനും ആവശ്യമായ പരിപാടികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കാന്‍ കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. അതിനെ തുടര്‍ന്ന് പ്രസ്തുത വിഷയത്തെപ്പറ്റി പഠിച്ച് റിപ്പോര്‍ട്ട് നല്‍കാനായി സര്‍ക്കാര്‍ ഒരു സമിതിയെ നിയമിക്കുകയുണ്ടായി. ആ സമിതി 1999 ല്‍ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. പ്രസ്തുത റിപ്പോര്‍ട്ടിലെ ഏറ്റവും പ്രധാനമായ ഭാഗം ഭരണഘടന വിഭാവനം ചെയ്യുന്ന ആശയങ്ങള്‍ക്കും ആദര്‍ശങ്ങള്‍ക്കും അനുസൃതമായി പ്രവര്‍ത്തിക്കുക എന്നത് ഏതൊരു പൗരന്റെയും കടമയാണെന്ന കാര്യത്തിന് രാജ്യത്തില്‍ അങ്ങോളമിങ്ങോളം പ്രചാരം കൊടുക്കണം എന്നുള്ളതായിരുന്നു. ഭരണഘടനയുടെ 75-ാംവര്‍ഷം ആഘോഷിക്കുമ്പോള്‍ മൗലിക കടമകള്‍ നിറവേറ്റേണ്ടത് ഓരോ ഭാരതീയ പൗരന്റെയും ഉത്തരവാദിത്തമാണ് എന്ന സന്ദേശം എല്ലാവരിലേക്കും എത്തിക്കുക എന്നുള്ളത് പരമപ്രധാനമാണ്.
ജനാധിപത്യ ഭാരതം
ജനാധിപത്യം എന്നത് രക്തച്ചൊരിച്ചില്‍ കൂടാതെ ജനങ്ങളുടെ സാമ്പത്തികവും സാമൂഹികവുമായ ജീവിതത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്തുന്ന ഭരണത്തിന്റെ രൂപവും രീതിയുമാണ് എന്നാണ് ഭാരതരത്‌നം ഡോക്ടര്‍ അംബേദ്കര്‍ പറഞ്ഞിട്ടുള്ളത്. നമ്മുടെ ജനാധിപത്യ സമ്പ്രദായത്തില്‍ പ്രധാനമായും മൂന്ന് വിഭാഗങ്ങളാണ് ഉള്ളത് പാര്‍ലമെന്റ്, എക്‌സിക്യൂട്ടീവ്, ജുഡീഷ്യറി. ജനാധിപത്യത്തെ താങ്ങി നിര്‍ത്തുന്ന പ്രധാന തൂണുകളായാണ് ഇവ അറിയപ്പെടുന്നത്. (മാധ്യമങ്ങളെ നാലാം തൂണ് എന്ന് വിളിക്കുന്നുണ്ട്). പാര്‍ലമെന്ററി ജനാധിപത്യ സമ്പ്രദായമാണ് നാം അവലംബിച്ചിട്ടുള്ളത്. നമ്മുടെ രാജ്യത്ത് ഒരു കേന്ദ്രസര്‍ക്കാരും വിവിധ സംസ്ഥാന സര്‍ക്കാരുകളും ആണ് ഉള്ളത്. വിവിധതയിലെ ഏകതയാണ് ഭാരതത്തിന്റെ പ്രത്യേകത. നാനാത്വത്തില്‍ ഏകത എന്ന സങ്കല്‍പത്തില്‍ ഊന്നിയ ഭരണഘടനയാണ് നമുക്ക് നമ്മുടെ രാഷ്ട്രനായകന്മാര്‍ സംഭാവന ചെയ്തത്.
ഫെഡറല്‍ സമ്പ്രദായത്തിലുള്ള ഒരു ഭരണഘടന പ്രദാനം ചെയ്തതിലൂടെ നമ്മുടെ രാഷ്ട്രനായകന്മാര്‍ ശ്രമിച്ചത് വിവിധത നിലനിര്‍ത്തിക്കൊണ്ട് തന്നെ ഒരു രാഷ്ട്രം എന്ന നിലയില്‍ ഭാരതത്തെ ഒരുമിപ്പിച്ച് നിര്‍ത്താനാണ്. കേന്ദ്രത്തിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്ന തരത്തിലുള്ള നമ്മുടെ പാര്‍ലമെന്ററി സമ്പ്രദായത്തെ അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ മാതൃകയോട് ഉപമിക്കുന്ന ആള്‍ക്കാരും ഉണ്ട്. ഭരണഘടന നിര്‍മ്മാണ സഭയില്‍ നടന്ന വിശദമായ ചര്‍ച്ചകള്‍ക്ക് മറുപടി പറയവേ ഭാരത ഭരണഘടനയിലെ ഫെഡറല്‍ തത്വത്തെ കുറിച്ചും അതിന്റെ അന്തഃസത്തയെകുറിച്ചും ഡോക്ടര്‍ അംബേദ്കര്‍ വിശദമായി തന്നെ പറഞ്ഞിട്ടുണ്ട്. അമേരിക്കയിലെയും ബ്രിട്ടനിലെയും ഭരണഘടനകളെ താരതമ്യം ചെയ്തുകൊണ്ട് അദ്ദേഹം നല്‍കിയ മറുപടികളില്‍ അത് വ്യക്തമാണ്. നമ്മുടെ ഭരണഘടന തയ്യാറാക്കിയിട്ടുള്ളത് ലോകത്ത് ലഭ്യമാകാവുന്ന എല്ലാ ഭരണഘടനകളും പരിശോധിച്ച് അതിലെ നല്ല വശങ്ങള്‍ സ്വാംശീകരിച്ച് ഭാരതത്തിന് അനുയോജ്യമായ രീതിയിലാണ്. ഭരണഘടന നിര്‍മാണ സഭയിലെ ചര്‍ച്ചകള്‍ക്കുള്ള മറുപടിയില്‍ ഡോക്ടര്‍ അംബേദ്കര്‍ ഇത് വ്യക്തമാക്കിയിട്ടുമുണ്ട് അദ്ദേഹത്തിന്റെ വാക്കുകള്‍ ഉദ്ധരിച്ചാല്‍ ‘കരട് ഭരണഘടനയില്‍ ഇന്ത്യന്‍ യൂണിയന്റെ തലപ്പത്ത് യൂണിയന്റെ പ്രസിഡന്റ് എന്ന് വിളിക്കുന്ന ഒരു കാര്യ നിര്‍വ്വഹകനെ പ്രതിഷ്ഠിച്ചിരിക്കുന്നു. ഈ കാര്യനിര്‍വ്വഹകന്റെ പേര് കേള്‍ക്കുമ്പോള്‍ അമേരിക്കന്‍ ഐക്യനാടുകളിലെ പ്രസിഡന്റിനെ ആണ് ഓര്‍മ്മിക്കുക. പക്ഷേ സ്ഥാനപ്പേരുകളിലെ ഐക്യ രൂപത്തിനപ്പുറം അമേരിക്കയില്‍ നിലവിലിരിക്കുന്ന ഗവണ്‍മെന്റിന്റെ രൂപവും കരട് ഭരണഘടനയില്‍ നിര്‍ദ്ദേശിക്കുന്ന ഗവണ്‍മെന്റിന്റെ രൂപവും തമ്മില്‍ യാതൊരു സാദൃശ്യവും ഇല്ല. അമേരിക്കന്‍ രൂപത്തിലുള്ള ഗവണ്‍മെന്റ് അറിയപ്പെടുന്നത് പ്രസിഡന്‍ഷ്യല്‍ സമ്പ്രദായത്തിലുള്ള ഗവണ്‍മെന്റ് ആയാണ്, പക്ഷേ കരട് ഭരണഘടന നിര്‍ദ്ദേശിക്കുന്നത് പാര്‍ലമെന്ററി സമ്പ്രദായമാണ്, രണ്ടും തമ്മില്‍ അടിസ്ഥാനപരമായി വ്യത്യാസമുണ്ട്” അംബേദ്കര്‍ തുടരുന്നു ‘അമേരിക്കയിലെ പ്രസിഡന്‍ഷ്യല്‍ സമ്പ്രദായത്തിന് കീഴില്‍ എക്‌സിക്യൂട്ടീവിന്റെ മുഖ്യതലവന്‍ പ്രസിഡന്റാണ്, രാജ്യഭരണം അദ്ദേഹത്തില്‍ നിക്ഷിപ്തമായിരിക്കുന്നു. എന്നാല്‍ നമ്മുടെ ഭരണഘടനയിന്‍ കീഴില്‍ പ്രസിഡന്റിന് ഇത് ഇംഗ്ലീഷ് ഭരണഘടനയില്‍ രാജാവിനുള്ള അതേ സ്ഥാനമാണ്. അദ്ദേഹം രാഷ്ട്രത്തിന്റെ തലവനാണ് പക്ഷേ എക്‌സിക്യൂട്ടീവിന്റെ തലവനല്ല, അദ്ദേഹം രാഷ്ട്രത്തെ പ്രതിനിധീകരിക്കുന്നു പക്ഷേ ഭരിക്കുന്നില്ല. ഫെഡറല്‍ സംവിധാനത്തിന്റെ മകുടോദാഹരണമായ അമേരിക്കയിലെ ഫെഡറല്‍ സംവിധാനവും ഇന്ത്യയിലെ ഫെഡറല്‍ സംവിധാനവും തമ്മില്‍ കാതലായ വ്യത്യാസമുണ്ട്. അമേരിക്കയില്‍ ഇരട്ട പൗരത്വവും ഓരോ സംസ്ഥാനത്തിനും പ്രത്യേകം ഭരണഘടനയുമുണ്ടെങ്കില്‍ ഇന്ത്യയില്‍ ഏക പൗരത്വവും ഏക ഭരണഘടനയുമാണ് എന്ന് മാത്രമല്ല നമ്മുടെ ഭരണഘടനയില്‍ പാര്‍ലമെന്റിന് സവിശേഷവകാശങ്ങളും കേന്ദ്രത്തിന് പ്രത്യേക അധികാരങ്ങളും കല്‍പ്പിച്ചു നല്‍കിയിട്ടുമുണ്ട്. നമ്മുടെ രാഷ്ട്രത്തലവന്‍ പ്രസിഡന്റ്് ആണെങ്കിലും തീര്‍ത്തും പാര്‍ലമെന്ററി ജനാധിപത്യമാണ് ഭരണഘടന വിഭാവനം ചെയ്തിരിക്കുന്നത്. പാര്‍ലമെന്റും നിയമസഭകളും അടങ്ങുന്ന നിയമനിര്‍മ്മാണ സംവിധാനവും കേന്ദ്രസര്‍ക്കാരും വിവിധ സംസ്ഥാന സര്‍ക്കാരുകളും അടങ്ങുന്ന നിയമ നിര്‍വഹണ സംവിധാനവും സുപ്രീംകോടതിയും ഹൈക്കോടതികളും അടങ്ങുന്ന നീതിന്യായ സംവിധാനവുമാണ് നമ്മുടെ ജനാധിപത്യ സംവിധാനത്തില്‍ ഉള്ളത്. പാര്‍ലമെന്റും നിയമസഭകളും പാസ്സാക്കുന്ന നിയമങ്ങളെ വ്യാഖ്യാനിക്കാനുള്ള അധികാരം ഭരണഘടന കോടതികളായ സുപ്രീംകോടതിക്കും ഹൈക്കോടതികള്‍ക്കുമാണ്. സുപ്രീംകോടതി വിധിന്യായങ്ങള്‍ പാര്‍ലമെന്റ്പാസ്സാക്കുന്ന നിയമത്തിന് തുല്യമായാണ് പരിഗണിക്കുന്നത്.
നമ്മുടെ രാജ്യം ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ശക്തിയായി മാറിക്കൊണ്ടിരിക്കുകയാണ്. ഈ അവസരത്തില്‍ ലോകത്തിലെ ഏറ്റവും വലിയ ജനസംഖ്യയുള്ള നമുക്ക് സ്വാഭിമാനത്തില്‍ ഊന്നി ലോകത്തിന് ആകമാനം വഴികാട്ടിയാകാന്‍ കഴിയണം. പ്രകൃതിയെ പരിരക്ഷിച്ച് കുടുംബ സംവിധാനങ്ങളിലെ ഇഴയടുക്കിലും, പൗരബോധത്തിലും, മൗലിക കടമകളിലും, അതിരുകളില്ലാത്ത സാഹോദര്യത്തിലും സ്വദേശബോധത്തിലും ഊന്നിയ നമ്മുടെ സംസ്‌കാരം ലോകത്തിനു മുഴുവന്‍ മാതൃകയാകണം. നമ്മുടെ ഭരണഘടന അതിന് നമുക്ക് ഊര്‍ജ്ജദായകമാണ്.
Reference:
1.Complete works of Dr. Ambedkar
2.Kesavananda Bharathy Vs.State of Kerala
3.Indian Constitution- Dr. M V Paily
4.The Constitution of India- P M Bakshi
(ഭാരതീയ അഭിഭാഷക പരിഷത്ത് ദേശീയ ഉപാദ്ധ്യക്ഷനാണ് ലേഖകന്‍)