ലോകത്തെ ഏറ്റവും വലിയ ജനാധിപത്യത്തിന്റെ അടിത്തറ പാകിക്കൊണ്ടാണ് ബൃഹത്തായ നമ്മുടെ ഭരണഘടനക്കു രൂപം നല്‍കിയിട്ടുള്ളത്. ലോകത്തെ വിവിധ ഭരണഘടനകളില്‍ നിന്നും നല്ലവ എടുത്തു ചേര്‍ത്താണ് അതുണ്ടാക്കിയത്. ഇതിനെ ഡോ. അംബേദ്കര്‍ ”കടം വാങ്ങലിന്റെ സഞ്ചയം”(Bag of borrowings) എന്നാണു വിശേഷിപ്പിച്ചത്. സ്വാതന്ത്ര്യ സമര സേനാനികളുടെ ഭാവിഭാരതത്തെക്കുറിച്ചുള്ള സ്വപ്‌നങ്ങളുടെ ആവിഷ്‌കാരമാണ് ഭരണഘടനയിലൂടെ പ്രതീക്ഷിക്കുന്നത്. അത് എത്രത്തോളം സഫലമായി എന്നത് വിലയിരുത്തേണ്ട സമയമായി.
ഭാരതത്തിന്റെ ഭരണഘടനയ്ക്ക് ഖ്യാതി നല്‍കുന്ന സവിശേഷതകള്‍ നിരവധിയാണ്. ഏകീകൃത സവിശേഷതകളുള്ള ഫെഡറല്‍ സംവിധാനമാണതിനുള്ളത്. ഭാരതം ഒരു പരമാധികാര, സോഷ്യലിസ്റ്റ്, മതേതരത്വ, ജനാധിപത്യ, റിപ്പബ്ലിക്കാണെന്ന് അതിന്റെ ആമുഖത്തില്‍ പ്രഖ്യാപിക്കുന്നു. ജനങ്ങള്‍ക്ക് നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവ ആമുഖം ഉറപ്പു നല്‍കുന്നുണ്ട്. നിയമ നിര്‍മ്മാണാധികാരമുള്ള പാര്‍ലമെന്റ്, സ്വതന്ത്ര ജുഡീഷ്യറി, ഭരണ നിര്‍വ്വഹണത്തിനുള്ള എക്‌സിക്യൂട്ടീവ് എന്നിവ ചേര്‍ന്നുള്ള ത്രിമുഖ സംവിധാനമാണ് ഭരണഘടന വിഭാവനം ചെയ്യുന്നത്. ഇവ തമ്മിലുള്ള സന്തുലനം കാത്തുസൂക്ഷിക്കാനുള്ള വകുപ്പുകളും അതിലുണ്ട്. ആറ് മൗലികാവകാശങ്ങള്‍, അടിസ്ഥാന കടമകള്‍, സര്‍ക്കാറിന്റെ ഭരണനയത്തിനുള്ള നിര്‍ദ്ദേശകതത്വങ്ങള്‍, മുതിര്‍ന്നവരുടെ വോട്ടവകാശം, ഏക പൗരത്വം, സംവരണ വ്യവസ്ഥ, അടിയന്തര വ്യവസ്ഥകള്‍, ഭാഷാ വ്യവസ്ഥകള്‍, സ്വതന്ത്ര സ്ഥാപനങ്ങള്‍, സഹകരണ സംഘങ്ങള്‍ എന്നിവയുടെ വിശദാംശങ്ങള്‍ ഭരണഘടന മുന്നോട്ടുവെക്കുന്നു. ഭാഗികമായി കര്‍ക്കശവും ഭാഗികമായി വഴക്കമുള്ളതുമാണ് അതിലെ വകുപ്പുകള്‍.
368(5) അനുച്ഛേദം റദാക്കി കൊണ്ടുള്ള കേസില്‍ ഭരണഘടനയുടെ ഭേദഗതി ചെയ്യാന്‍ പാടില്ലെന്നു സുപ്രീം കോടതി പ്രഖ്യാപിച്ച ചില അടിസ്ഥാന ഘടകങ്ങളാണ്: 1. പ്രീആംബിള്‍ 2. സ്വതന്ത്രവും നീതിപൂര്‍വകവുമായ തിരഞ്ഞെടുപ്പ്, 3. തുല്യത, 4. കോടതികളുടെ പരിശോധന, 5. നിയമ വാഴ്ച, 6. സുപ്രീം കോടതിയുടെ അധികാരം എന്നിവ.
ഫെഡറല്‍ സ്വഭാവം പ്രകടിപ്പിക്കുന്ന ദ്വിതല സര്‍ക്കാരുകള്‍, അധികാര വിഭജനം, ഉഭയസഭ, സംസ്ഥാന സര്‍വ്വീസുകള്‍, യൂണിയന്‍-സംസ്ഥാന-കണ്‍കറന്റ് ലിസ്റ്റുകള്‍ തുടങ്ങിയ ചില പൊതുവകുപ്പുകള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു, പക്ഷേ, ‘ഫെഡറേഷന്‍’ എന്ന പദം ഭരണഘടനയില്‍ ഒരിടത്തും ഉപയോഗിച്ചിട്ടില്ല. അതേ സമയം ഏകീകൃത സവിശേഷതകളായ ശക്തമായ കേന്ദ്രം, ഏക ഭരണഘടന, ഭരണഘടനയുടെ പരമാധികാരം, കാഠിന്യം, ഏക പൗരത്വം, സംയോജിത ജുഡീഷ്യറി, കേന്ദ്രം സംസ്ഥാനഗവര്‍ണര്‍മാരെ നിയമിക്കുന്നത്, അഖിലേന്ത്യാ സര്‍വ്വീസുകള്‍, അടിയന്തിര വ്യവസ്ഥകള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന വകുപ്പുകളും ഉണ്ട്.
ഡോ. അംബേദ്കര്‍ തന്നെ തന്റെ സ്വപ്‌നങ്ങളിലെ സംവിധാനമല്ല രൂപപ്പെട്ടതെന്നു പരാതിപ്പെടുന്നുണ്ട്. 1953-ല്‍, തന്റെ ഇഷ്ടത്തിന് വിരുദ്ധമായി തന്നെ നിര്‍ബന്ധിപ്പിച്ചു തയ്യാറാക്കിയ ഭരണഘടനയാണ് ഉണ്ടായതെന്നും, അത്തരം ഭരണഘടന കത്തിക്കാന്‍ പോലും താന്‍ തയ്യാറാകുമെന്നും അദ്ദേഹം രാജ്യസഭയില്‍ പ്രഖ്യാപിക്കുകയുണ്ടായി! ഉയര്‍ന്ന കോടതികള്‍ക്ക് പലപ്പോഴും പല നാടുകളില്‍ നിന്നും കടം വാങ്ങിയ വകുപ്പുകള്‍ പരസ്പര വിരുദ്ധമാണോ, ഭരണഘടനയുടെ ഭാഗമാണോ എന്നൊക്കെ പരിശോധിക്കാന്‍ സമയം ചിലവഴിക്കേണ്ടി വരുന്നു. എഴുപത്തിഅഞ്ചു വര്‍ഷത്തിനുള്ളില്‍ ഭരണഘടനക്ക് വര്‍ഷത്തില്‍ ശരാശരി ഏതാണ്ട് രണ്ട് വീതമാണ് ഭേദഗതികള്‍ വരുത്തേണ്ടി വന്നിട്ടുള്ളത്. സമൂഹത്തിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് ഭരണഘടനയില്‍ കാലാനുസൃതമായ മാറ്റം അനിവാര്യമാണെന്നതിലേക്കാണ് ഇവ വിരല്‍ ചൂണ്ടുന്നത്.
കൂടാതെ, ‘ജുഡീഷ്യല്‍ നിയമനിര്‍മ്മാണങ്ങള്‍’ എന്ന് വിളിക്കപ്പെടുന്ന പഴുതുകള്‍ അടയ്ക്കുന്നതിന് സ്വന്തം കൂട്ടിച്ചേര്‍ക്കലുകള്‍ നടത്താന്‍ ഉയര്‍ന്ന കോടതികള്‍ നിര്‍ബന്ധിതരായി. ഒരു ഉദാഹരണം, അനുച്ചേദം 14-ലെ ‘നിയമത്തിന് മുമ്പുള്ള സമത്വം’ എന്ന ആശയം വ്യാഖ്യാനിക്കുമ്പോള്‍, സുപ്രീം കോടതിക്ക് ‘സമാന സാഹചര്യങ്ങളില്‍’, ‘ഇന്റലിജിബിള്‍ ഡിഫറന്‍ഷ്യ’ തുടങ്ങിയ വാക്കുകള്‍ അനുച്‌ഛേദത്തില്‍ ചേര്‍ക്കേണ്ടി വന്നു. അതുപോലെ, ജുഡീഷ്യറി നിരവധി ‘മൗലികാവകാശങ്ങള്‍’ സ്വയം നിര്‍മ്മിച്ചു ചേര്‍ത്തിട്ടുണ്ട്. ഉദാ. അനുച്‌ഛേദം 19-ലേക്ക് വിവരാവകാശം ചേര്‍ത്തു, അനുച്‌ഛേദം 21-ലെ വ്യവസ്ഥകള്‍ വ്യാഖ്യാനിച്ച് ജീവിക്കാനുള്ള അവകാശവും, പരിസ്ഥിതിയുടെ അവകാശവും ചേര്‍ക്കുകയുണ്ടായി.
സഹസ്രാബ്ദങ്ങളായി ചരിത്രത്തിലെ എല്ലാ വെല്ലുവിളികളെയും അതിജീവിക്കാന്‍ ഭാരതത്തെ ശക്തമാക്കി നിലനിര്‍ത്തിയ വികേന്ദ്രീകൃത പഞ്ചായത്ത് സംവിധാനം ഭരണഘടനയില്‍ 1992 ലെ ഭേദഗതി വരെ ഉള്‍പ്പെടുത്തുവാന്‍ ഭരണഘടനാ നിര്‍മ്മാണ സഭയിലെ പ്രഗല്ഭമതികള്‍ മറന്നുപോയി എന്നത് തന്നെ ഒരു പ്രധാന ന്യൂനതയായി ചൂണ്ടിക്കാണിക്കപ്പെടുന്നു. കേവലം നിര്‍ദ്ദേശക തത്ത്വങ്ങളില്‍ മാത്രമാണ് പഞ്ചായത്ത് എന്ന വാക്ക് സൂചിപ്പിച്ചിരുന്നത്.
ഭരണഘടനാ നിര്‍മ്മാണ സഭയില്‍ കൂടുതല്‍ സമയവും ചിലവഴിച്ചത് രാജ്യത്തിന് ബ്രിട്ടീഷ് മോഡല്‍ പ്രൈംമിനിസ്റ്റീരിയല്‍ സമ്പ്രദായം വേണമോ അതോ അമേരിക്കന്‍ മോഡല്‍ പ്രസിഡന്‍ഷ്യല്‍ സമ്പ്രദായം വേണമോ എന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കാണ്. ഒടുവില്‍ ബ്രിട്ടീഷ് മോഡലാണ് സ്വീകരിച്ചത്. ഭരണഘടനയിലെ 32, 226 അനുച്‌ഛേദങ്ങളിലെ റിട്ടുകളായ ഹേബിയസ് കോര്‍പസ്, മാന്റമസ്, കോ വാറന്റോ, സെര്‍ഷിയോറി തുടങ്ങിയ വാക്കുകള്‍ സാധാരണക്കാരന്റെ ഭാഷാവിജ്ഞാനത്തിനു ദഹിക്കുവാന്‍ പ്രയാസമുള്ളവയാണ്.
നാടിന്റെ നിയമം ശരിയായി നടപ്പിലാകാന്‍ അത് ജനതയുടെ സാംസ്‌കാരിക സവിശേഷതകളുമായി സമരസപ്പെട്ടു പോകണം. നമ്മുടെ സാംസ്‌കാരിക സവിശേഷതകളോ, അഭിലാഷങ്ങളോ, മഹത്തായ പാരമ്പര്യമോ വേണ്ട രീതിയില്‍ ഭരണഘടനയില്‍ പ്രതിഫലിച്ചിട്ടുണ്ടോ എന്ന കാര്യത്തിലും പലരും സംശയം പ്രകടിപ്പിക്കുന്നു. ധര്‍മ്മമെന്ന വാക്ക് ഭരണഘടനയിലില്ല. ധര്‍മ്മമാണ് പ്രജകളെ ഒന്നിച്ചു നിര്‍ത്തുന്നത് (ധര്‍മോ ധാരയതി പ്രജാ:) എന്ന് കരുതുന്നവരാണ് ഭാരതീയര്‍. എന്നാല്‍ നേരെ വിരുദ്ധമായ വിദേശീയമായ സാമൂഹ്യകരാര്‍ സിദ്ധാന്തം അടിസ്ഥാനമാക്കി ആമുഖത്തിലെ ആദ്യവാക്കുകളായി എഴുതിച്ചേര്‍ത്തത് ‘ഞങ്ങള്‍ ഇന്ത്യയിലെ ജനങ്ങള്‍’ (അതായത് പരമാധികാരം ജനങ്ങളുടേത്) എന്നാണ്. ”സോവറിന്‍” എന്ന സങ്കല്പവും ഭാരതീയ രാജനീതിക്ക് അന്യമാണ്. ഭാരത ഭരണഘടനയിലെ ഏറ്റവും മഹത്തായ ഭാഗങ്ങള്‍ ഉള്ളത് കോടതികള്‍ക്ക് നടപ്പിലാക്കാന്‍ പറ്റാത്ത നിര്‍ദ്ദേശക തത്ത്വങ്ങളിലാണ്. കോടതി വഴി സാമൂഹ്യ മാറ്റത്തിനുള്ള സാധ്യത ഇത് ഇല്ലാതാക്കുന്നു. ഏകീകൃത സിവില്‍ കോഡ് ഒരു ഉദാഹരണമാണ്.
ജനാധിപത്യത്തിന്റെ കാഹളം മുഴക്കുന്ന ഇതേ ഭരണഘടന ഉപയോഗിച്ചാണ് അടിയന്തിരാവസ്ഥയില്‍ ശ്രീമതി ഇന്ദിരാഗാന്ധി ജനാധിപത്യത്തെ കശാപ്പു ചെയ്തത്. 1976ല്‍ അടിയന്തിരാവസ്ഥക്കാലത്ത് ”സോഷ്യലിസം” എന്ന വാക്ക് ഭരണഘടനയില്‍ ചേര്‍ത്ത് പതിമൂന്നു വര്‍ഷം കഴിഞ്ഞപ്പോഴേക്കും ഭൂമുഖത്ത് നിന്നും സോഷ്യലിസം തുടച്ചു നീക്കപ്പെട്ടു. നേരെ വിപരീതമായ ആഗോളവല്‍ക്കരണ ദിശയിലാണു കോടതി വിധികള്‍ പോലും ഉണ്ടാവുന്നത്. അതിനോടൊപ്പം കൂട്ടിച്ചേര്‍ത്ത ”മതേതരത്വം” എന്ന വാക്ക് ഭാരതത്തിന്റെ സാംസ്‌കാരിക സങ്കല്പങ്ങള്‍ക്കനുസരിച്ച് ഭരണഘടനയില്‍ നിര്‍വ്വചിക്കാത്തതിനാല്‍ വിവാദങ്ങള്‍ക്കു തിരി കൊളുത്തുന്നു. 18-19 നൂറ്റാണ്ടുകളില്‍ യൂറോപ്പില്‍ ക്രിസ്തീയസഭ അനാവശ്യമായി രാജഭരണത്തില്‍ ഇടപെട്ടപ്പോള്‍ ഉയര്‍ന്നുവന്ന സര്‍വമത നിഷേധ സങ്കല്പമാണ് ”സെക്യുലറിസം”. ഭാരതീയ സങ്കല്പം ”സര്‍വപന്ഥ സമാദരം” ആണ്, അതായത് എല്ലാ മതങ്ങളെയും ആദരവോടെ നോക്കി കാണുക എന്നത്.
ഭൂരിപക്ഷ ജനതയ്ക്കുള്ള എല്ലാ അവകാശങ്ങളും അനുഭവിക്കുന്നതോടൊപ്പം ചില പ്രത്യേക അവകാശങ്ങളും അടങ്ങിയതാണ് അനുച്‌ഛേദം 30 ലെ ന്യൂനപക്ഷാവകാശം. പ്രത്യേകാവകാശത്തെ 2002 ലെ ടി.എം.എ. പൈ കേസില്‍ സുപ്രീം കോടതി വിപരീത വിവേചനം എന്നാണ് വിശേഷിപ്പിച്ചത്. ഇത് ഭരണഘടനയുടെ ആമുഖത്തിലെ മതേതരത്വം, അനുച്‌ഛേദം 14 ലെ നിയമത്തിനു മുന്‍പില്‍ തുല്യത, അനുച്‌ഛേദം 15 ലെ മതപരമായ വിവേചനത്തിനുള്ള നിരോധനം, അനുച്‌ഛേദം 44 ലെ ഏകീകൃത സിവില്‍ നിയമം എന്നിവയ്ക്ക് വിരുദ്ധമാണ് എന്നത് കോടതികള്‍ക്ക് പലപ്പോഴും തലവേദന സൃഷ്ടിച്ചിട്ടുണ്ട്.
543 അംഗ ലോകസഭയില്‍ അഞ്ചംഗമുള്ള പാര്‍ട്ടിയുടെ ആള്‍ പ്രധാനമന്ത്രിയായ ലോകാല്‍ഭുതവും ഇവിടെ സംഭവിച്ചിട്ടുണ്ട് എന്നത് പാര്‍ലമെന്ററി സംവിധാനത്തില്‍ അഴിച്ചു പണി വേണമെന്നതിലേക്കു വിരല്‍ ചൂണ്ടുന്നു. ഭാരതീയ സങ്കല്പത്തിനു കടക വിരുദ്ധമായ പാശ്ചാത്യമായ ഭാഷാരാഷ്ട്രവാദം ഭാഷാസംസ്ഥാനങ്ങളുടെ രൂപത്തില്‍ സ്ഥാനംപിടിച്ചു. ജമ്മു കാശ്മീരിനെ സംബന്ധിച്ച അനുച്‌ഛേദം 370 ദുര്‍ബ്ബലപ്പെടുത്തിയത് ഈ അടുത്ത കാലത്താണല്ലോ. താത്കാലികവും, അനാവശ്യവും, പ്രത്യേക കാലത്തേക്കു മാത്രമുള്ളതുമായ നിരവധി വകുപ്പുകളും, നടപടിക്രമങ്ങളും, അശാസ്ത്രീയ ഭാഗങ്ങളും ധാരാളമുള്ളതു കൊണ്ട് ലോകത്തെ ഏറ്റവും ദീര്‍ഘമായ ഒന്നായി നമ്മുടെ ഭരണഘടന മാറി. ഉദാഹരണത്തിന് ആന്ധ്രാ പ്രദേശില്‍ ഒരു യൂണിവേഴ്‌സിറ്റി തുടങ്ങേണ്ട കാര്യവും ഭരണഘടനയിലുണ്ട്.
ഇതുപോലെ നിരവധി പോരായ്മകള്‍ പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എങ്കില്‍പ്പോലും ജനാധിപത്യ രീതിയില്‍, ഭരണഘടന അനുശാസിക്കുന്ന മാര്‍ഗത്തിലൂടെ മാറ്റങ്ങള്‍ വരുത്തുന്നതുവരെ കണ്ണിലെ കൃഷ്ണമണി പോലെ ആദരവോടെ അതിനെ കാത്തുസൂക്ഷിക്കേണ്ട ചുമതല നമുക്കുണ്ട്. അതേ സമയം അതിവേഗം മാറുന്ന ഒരു ലോകത്താണ് നാം എത്തിപ്പെട്ടിരിക്കുന്നത്. കാലത്തിന്റെ കുത്തൊഴുക്കില്‍ മാറ്റങ്ങള്‍ക്ക് പുറം തിരിഞ്ഞു നില്ക്കാന്‍ ആര്‍ക്കുമാകില്ല. ശ്രീ ദത്തോപന്ത് ഠേംഗിഠിജിയെപ്പോലുള്ളവര്‍ ഒരു ഭരണഘടനാ നിര്‍മാണ സഭ വീണ്ടും വിളിച്ചു കൂട്ടേണ്ട ആവശ്യകത ഉയര്‍ത്തിയിട്ടുണ്ട്. .അതിനാല്‍ കാലാനുസൃതവും മറ്റുമായ മാറ്റങ്ങള്‍ക്ക് വിധേയമാകേണ്ട ഭാഗങ്ങളെക്കുറിച്ചും, ആത്മനിര്‍ഭര ഭാരതത്തിന്റെ ആവിഷ്‌കാരത്തിനനുസരിച്ചുള്ള മാറ്റത്തിന്റെ ദിശയെക്കുറിച്ചും, ഗൗരവതരമായ ചര്‍ച്ചകള്‍ക്ക് ഈ എഴുപത്തഞ്ചാം വര്‍ഷം നമുക്ക് തുടക്കം കുറിക്കാം.