വ്രതശുദ്ധിയുടെ പരിപാവനത കാത്തുസൂക്ഷിച്ചുകൊണ്ട് മറ്റൊരു മണ്ഡലകാലം കൂടി ആരംഭിച്ചിരിക്കുന്നു. ആചാരലംഘനത്തിന്റെ രാക്ഷസീയമായ കോലാഹലങ്ങള്‍ ഒരു മണ്ഡലകാലം നിറയെ മുഴങ്ങി നിന്നെങ്കിലും മലയാള നാടിന്റെ ധര്‍മ്മരക്ഷകനായ ശ്രീ ധര്‍മ്മശാസ്താവ് ഭക്തജനങ്ങളുടെ നിസ്സ്വാര്‍ത്ഥമായ ഹൃദയനൊമ്പരങ്ങളെ സാന്ത്വനിപ്പിച്ചു എന്നതില്‍ തര്‍ക്കമില്ല. മലയാളികളുടെ ഇഷ്ടദേവനായ സ്വാമി അയ്യപ്പന്റെയും, ആ ദേവന്റെ പുണ്യസങ്കേതമായ ശബരിമല ക്ഷേത്രത്തിന്റെയും ചരിത്രം വിവരിക്കുന്ന പ്രാമാണിക ഗ്രന്ഥങ്ങള്‍ വിരളമാണ്. ഈ വിഷയത്തില്‍ ഇന്ന് ലഭ്യമായതില്‍ വച്ച് ഏറ്റവും പ്രാമാണികമായ ഗ്രന്ഥം ഭൂതനാഥോപാഖ്യാനമാണ്. പ്രചാരത്തിലുള്ള എല്ലാ ശാസ്താ/അയ്യപ്പ കഥകളുടെയെല്ലാം പ്രഭവകേന്ദ്രവും ഈ കൃതിയാണ്.
ശാസ്താവിന്റെ മറ്റൊരു നാമമാണ് ഭൂതനാഥന്‍. സകല ഭൂതങ്ങളുടെയും (സര്‍വ്വചരാചരങ്ങളുടെയും) നാഥന്‍ ആയതിനാലും പഞ്ചഭൂതങ്ങളുടെ നാഥന്‍ അഥവാ ഈശ്വരന്‍ എന്ന അര്‍ത്ഥത്തിലും ശാസ്താവിനെ ഭൂതനാഥന്‍ എന്ന് വിളിക്കുന്നു. ഭൂതനാഥനായ ഭഗവാന്റെ മഹിമാതിശയങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് സംസ്‌കൃത‘ഭാഷയില്‍ രചിക്കപ്പെട്ടതാണ് ഭൂതനാഥോപാഖ്യാനം. കേരളീയമായ ഈ കൃതിയുടെ രചയിതാവിനെയും രചനാകാലത്തെയും കൃത്യമായി നിര്‍ണ്ണയിക്കുവാന്‍ കഴിഞ്ഞിട്ടില്ല. നൂറു വര്‍ഷത്തിനുമപ്പുറമാണ്ഇതിന്റെ കാലഘട്ടം എ ന്നതില്‍ തര്‍ക്കമില്ല. ബ്രഹ്മാണ്ഡ പുരാണത്തിലെ കേരളമാഹാത്മ്യത്തില്‍ പെട്ടതാണ് എന്ന് പറയുന്നെങ്കിലും മൂലകൃതിയില്‍ അത് കാണാനില്ല.
ആലുവാ തോട്ടുംമുഖംകല്ലറയ്ക്കല്‍ കൃഷ്ണന്‍ കര്‍ത്താവ് ഇത് കിളിപ്പാട്ട് രൂപത്തില്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി. ഭൂതനാഥ ഉപാഖ്യാനം കിളിപ്പാട്ട് എന്ന പേരില്‍ 1929 ല്‍ പ്ലാവിട കൃഷ്ണന്‍ നായര്‍ ഈ കൃതി പ്രസിദ്ധീകരിച്ചു. ഇവയെയും ഭൂതനാഥ സര്‍വ്വസ്വം മുതലായവയില്‍ ഇതിനെപ്പറ്റി പരാമര്‍ശിക്കുന്ന ഭാഗങ്ങളെയും ആശ്രയിച്ചുകൊണ്ട് സുകേഷ് പി. ഡി മലയാളത്തില്‍ തയ്യാറാക്കിയതാണ് ഭൂതനാഥോപാഖ്യാനം.
അയ്യപ്പഭക്തര്‍ക്ക് സ്വാമിചരിതം അറിയുവാനും പഠിക്കുവാനുമുള്ള ഈ പ്രാമാണിക ഗ്രന്ഥത്തില്‍ പൂര്‍വ്വഖണ്ഡം എന്നും ഉത്തരഖണ്ഡം എന്നും രണ്ടു ഭാഗങ്ങളുണ്ട്. ഭൂതനാഥനെ താരകബ്രഹ്മമായി വിശേഷിപ്പിക്കുന്ന ഈ കൃതിയുടെ പൂര്‍വ്വ ഭാഗത്തില്‍ താരകബ്രഹ്മമാഹാത്മ്യം, മഹിഷിയുടെ വരപ്രാപ്തി, ശാസ്താവിന്റെ അവതാരവര്‍ണ്ണന, പന്തളരാജ്യവും രാജാവിന്റെ പുത്രന്‍ മണികണ്ഠനായി ശാസ്താവ് അവതരിക്കുന്നതും തുടങ്ങി അയ്യപ്പ ഭക്തര്‍ കാലാകാലങ്ങളായി വിശ്വസിച്ചു വരുന്ന പുലിപ്പാലിന്റെ കഥയും മഹിഷിമര്‍ദ്ദനവും വിസ്തരിച്ചിരിക്കുന്നു. ഈ ഖണ്ഡത്തിലെ ശ്രദ്ധേയമായ ഒരു ഭാഗമാണ് ഭൂതനാഥ ഗീത. ശ്രീമദ് ഭഗവദ്ഗീതയ്ക്ക് സമാനമായ ശ്ലോകങ്ങള്‍ കൊണ്ട് വേദാന്തതത്വത്തെ അവതരിപ്പിക്കുകയാണ് ഇതില്‍ ചെയ്യുന്നത്. ഭഗവദ്ഗീതയിലെ പല പ്രമേയങ്ങളും ഭൂതനാഥ ഗീതയിലും കാണുവാന്‍ സാധിക്കും. ബ്രഹ്മലക്ഷണം, ഭക്തിയുടെ ലക്ഷണം, വര്‍ണ്ണാശ്രമം നിരൂപണം തുടങ്ങിയവയും ഈ ഖണ്ഡത്തില്‍ വിവരിച്ചിട്ടുണ്ട്.
പൂര്‍വ്വഖണ്ഡം അവസാനിക്കുന്നത് ശബരിമല യാത്രാവിധി വിവരിച്ചുകൊണ്ടാണ്. ശബരിമലയിലേക്ക് വ്രതമെടുത്ത് യാത്ര ചെയ്യുന്ന എല്ലാ ഭക്തന്മാരും അവശ്യം വായിച്ചിരിക്കേണ്ട ഒരു അദ്ധ്യായമാണിത്. പമ്പാനദിയെ ഗംഗാസമാനമായും അയ്യപ്പവിഗ്രഹത്തെ കാശി വിശ്വനാഥനായും, മഞ്ജാംബികയെ (മാളികപ്പുറത്തമ്മയെ) അന്നപൂര്‍ണ്ണേശ്വരിയായും, കടുശബ്ദനെ ഭൈരവനായും കാണണമെന്ന് ഇതില്‍ ഉപദേശിക്കുന്നു. വാവര്‍ എന്ന് വിശ്വസിച്ചുപോരുന്നത് ഭൂതങ്ങളുടെ നാഥനായ വാപരനെയാണെന്നാണ് ഭൂതനാഥോപാഖ്യാനം കൊണ്ട് മനസ്സിലാകുന്നത്. കൂടുതല്‍ ഗവേഷണം ഈ വിഷയത്തില്‍ ആവശ്യമായി വരും. ശബരിമല യാത്രാവിധിയില്‍ ഇദംപ്രഥമമായി പറയുന്നത് സ്ത്രീകളെ സൂക്ഷിച്ചു നോക്കുന്നതില്‍ തുടങ്ങി ശാരീരികബന്ധം വരെയുള്ള അഷ്ടവിധ മൈഥുനത്യാഗമാണ്. ഇതാകാം ക്ഷേത്രത്തില്‍ യുവതികള്‍ക്ക് പ്രവേശനം ഇല്ലാതായതിന്റെ പിന്നിലെ കാരണം എന്ന് ഈ കൃതിയില്‍ നിന്നും അനുമാനിക്കാം.
ഭൂതനാഥോപാഖ്യാനം ഉത്തരഖണ്ഡത്തില്‍ അഗസ്ത്യാഗമനം, വിജയബ്രാഹ്മണചരിതം, പമ്പാമാഹാത്മ്യം,‘ഭഗവദ്പൂജാക്രമം എന്നിവയ്‌ക്കൊപ്പം ശബരിമല ക്ഷേത്രനിര്‍മ്മാണത്തെയും വിവരിച്ചിരിക്കുന്നു. അവിട്ടം തിരുനാള്‍ പൂഞ്ഞാര്‍ പി.രാമവര്‍മ്മ വലിയരാജാ രചിച്ച ശാസ്താ സ്‌തോത്രങ്ങളും ലേഖകന്‍ രചിച്ച ഭൂതനാഥാഷ്ടകവും ശബരീശദശകവും അനുബന്ധമായി കൊടുത്തിട്ടുണ്ട്. എല്ലാ അയ്യപ്പഭക്തര്‍ക്കും ഈ വ്രതകാലത്ത് മാര്‍ഗ്ഗദര്‍ശനവും പാരായണസുഖവും ഈ കൃതി നല്കുമെന്നതില്‍ സംശയമില്ല.