സമാധിയില്‍നിന്നേ കലയുണ്ടാവുകയുള്ളു എന്നു മഹാകവി കാളിദാസന്‍. മാളവികാഗ്‌നിമിത്രത്തിലെ നര്‍ത്തകിയായ മാളവികയുടെ അരങ്ങേറ്റമാണ് പശ്ചാത്തലം. നാട്യാചാര്യന്മാരായ ഗണദാസനോടും ഹരദത്തനോടുമൊപ്പം രംഗപ്രവേശനം ചെയ്ത മാളവികയെക്കണ്ടപ്പോള്‍ ‘ചിത്രത്തില്‍ കണ്ടതിനേക്കാള്‍ സുന്ദരിയാണു മാളവിക’യെന്നു പറഞ്ഞ വിദൂഷകനോട് ചക്രവര്‍ത്തിയായ അഗ്‌നിമിത്രന്‍ മറുപടി പറഞ്ഞു: ‘ചിത്രലേഖകന്റെ സമാധിക്കു ശൈഥില്ല്യം സംഭവിച്ചതാണതിനു കാരണം.’
ചിത്രഗതായാമസ്യാം കാന്തിവി സംവദശങ്കി മേ ഹ്രുദയം
സംപ്രതി ശിഥിലസമാധി, മന്യേ, യേനേയമാലിഖിതാ.
കലയെന്നു മാത്രമല്ല, ഏത് ഉദാത്തമായ ആശയാവിഷ്‌ക്കാരത്തിന്റെയും സ്രോതസ് സമാധിതന്നെയാണ്. ‘സമാധീയതേ ഇതി സമാധി’ – സമാധിയെന്നാല്‍ ‘ധീ’യെ സമമായി ആധാനം ചെയ്യുക. ഉപരിപ്ലവതകളെ (സാഹിത്യത്തിലുള്‍പ്പെടെ) കലയെന്നു വിശേഷിപ്പിക്കുന്ന തലമുറക്ക് ‘ധീ’യുടെ ആവിഷ്‌ക്കാരങ്ങളന്യമാണെന്നു തോന്നാമെങ്കിലും ബൗദ്ധികതയില്‍ നിന്നുമാവിഷ്‌കൃതമാവുന്ന വസ്തുക്കളുടെ സര്‍ഗ്ഗാത്മകതയും ശാലീനതയും ബുദ്ധിയിലൂടെ ഗ്രഹിക്കേണ്ടതാണ്. എന്തെന്നാല്‍ അവ നല്‍കുന്ന സുഖം അതീന്ദ്രിയവും ആത്യന്തികവുമാണ്. അല്ലെങ്കില്‍ അന്തര്‍വേദനത്തിലൂടെ അനുഭവിച്ചറിയേണ്ടതാണ്.
സൗന്ദര്യം നിത്യാനന്ദദാതാവാണെന്ന് ആംഗലേയകവിയും (Thing of Beauty is a joy for ever) നിത്യവും ആത്യന്തികവുമായ ആനന്ദം ബുദ്ധിഗ്രാഹ്യവും അതീന്ദ്രിയവുമാണെന്ന് പൗരസ്ത്യദാര്‍ശനികനും പറയുന്നു (സുഖമാത്യന്തികം യത്തത് ബുദ്ധിഗ്രാഹ്യമതീന്ദ്രിയം). ധ്യാനത്തിലൂടെയാണ് സര്‍ഗ്ഗാത്മകതയ്ക്ക് ബീജാവാപം ചെയ്യുന്ന സമാധിയിലെത്തുന്നത്. ധ്യാനം – ധീയാത് യാനം അല്ലെങ്കില്‍ ബുദ്ധിയിലൂടെയുള്ള പ്രയാണമാണ് സര്‍ഗ്ഗാത്മകതയിലേക്കു നയിക്കുന്നത്. ചിന്തയാണു പരമാത്മാവെന്നുള്ള (ഠവീൗഴവ,േ വേല ജമൃമരഹലലേ) മഹര്‍ഷി അരവിന്ദന്‍ മതം തികച്ചും പ്രസക്തമാണ്. യോഗേശ്വരനായ കൃഷ്ണനും ധനുര്‍ധരനായ പാര്‍ത്ഥനുമുള്ളിടത്തേ, അല്ലെങ്കില്‍ ദര്‍ശനവും കര്‍മ്മകുശലതയുമൊന്നിക്കുന്നിടത്തേ ശ്രീയും വിജയവുമുണ്ടാവൂവെന്നു ഭഗവദ്ഗീത. എല്ലാ സര്‍ഗ്ഗാത്മകതയുടെയും സ്രോതസ്സ് ചിന്തയാണ്, ശ്രീബുദ്ധന്റെ ഭാഷയില്‍ പറഞ്ഞാല്‍ സമ്യക്ക് ചിന്തയാണ്, സമാധിയാണ്.
ഒരു കലാകാരന്റെ സൃഷ്ടിയെ സൗന്ദര്യത്തിന്റെ പൂര്‍ണ്ണമായ ആവിഷ്‌ക്കാരമാക്കുന്നത് മനസ്സിന്റെ ഏകാഗ്രതയാണ്. ഭാവത്തില്‍നിന്നേ രൂപമുണ്ടാകാവൂ. അല്ലെങ്കില്‍ അതു വിരൂപമാവും. തന്റെ കലാരൂപത്തെ ഭാവനയില്‍ക്കാണാതെ വരക്കുന്നവന്‍ കലാകാരനാവുകയില്ലെന്ന് ഇറ്റാലിയന്‍ സൗന്ദര്യശാസ്ത്രജ്ഞനായ ബെനെഡിറ്റൊ ക്രോച്ചേ അഭിപ്രായപ്പെടുന്നു. ബദ്ധശ്രദ്ധമായ മനസ്സോടെയുള്ള അന്തഃപ്രജ്ഞയുടെ ആവിഷ്‌ക്കാരമാണ് ക്രോച്ചേയുടെ അഭിപ്രായത്തില്‍ കല. ‘കാവ്യാത്മകതയുടെ അന്തര്‍വേദനംതന്നെയാണ് കലയുടെ പിന്നിലും വര്‍ത്തിക്കുന്ന അന്തര്‍വേദനം’ എന്നദ്ദേഹം പറയുന്നു. ക്രോച്ചേയുടെ ഭാഷയില്‍ ‘കലയെന്നാല്‍ കാവ്യാത്മകമായ അന്തഃപ്രജ്ഞ തന്നെയാണ്’ (Benedetto Croce, Essence of Aesthetics, London, 1921, pp. 30-33).
സൗന്ദര്യാവിഷ്‌ക്കാരവും സൗന്ദര്യാസ്വാദനവും സഹൃദയര്‍ക്കുമാത്രം പറഞ്ഞിട്ടുള്ളതാണ്. കലയ്ക്കു മനുഷ്യഹൃദയത്തിനെ തരളാത്മകമാക്കാനുള്ള ശക്തിയുള്ളപ്പോള്‍ പോലും കഠിനഹൃദയനു സൗന്ദര്യാസ്വാദനമില്ല. എരുമച്ചെവിയില്‍ കിന്നരം വായിച്ചതുപോലെയാവും. ചില മതമൗലികവാദങ്ങള്‍ തങ്ങളുടെ അനുയായികളെ കലാസ്വാദനത്തില്‍ നിന്നും വിലക്കുന്നത് ശ്രദ്ധേയമാണ്. കാരണം മനുഷ്യനായാല്‍, അല്ലെങ്കില്‍ തരളഹൃദയനായാല്‍ അത്തരം മൗലികവാദങ്ങളെ നിലനിര്‍ത്താനും വ്യാപരിപ്പിക്കാനുമാവശ്യമായ മൃഗീയതയില്ലാതെയാവും. സൗന്ദര്യം ആനന്ദത്തെ പ്രദാനം ചെയ്യുന്ന വസ്തുവാണ്. സൗന്ദര്യം മംഗളകരവും പരമമായ സത്യവുമാണ്. ‘സത്യം ശിവം സുന്ദരം’ എന്ന് ആപ്തവാക്യം. ‘സമാധി’യില്‍ നിന്നേ കലയുണ്ടാവു എന്ന് നേരത്തേതന്നെ സൂചിപ്പിച്ചിരുന്നു. ഈ സമാധിയിലാണ് അല്ലെങ്കില്‍ സമബുദ്ധിയിലൂടെയാണ് (Balanced intelligence) ഏതൊരാവിഷ്‌ക്കാരത്തിന്റെയും ബീജാവാപം നടക്കുന്നത്.
ഞാനിജ്ജാലകവാതിലില്‍ ചെറുമുളംതണ്ടില്‍ ഞൊറിഞ്ഞിട്ടതാ-
ണീനീലത്തുകില്‍ ശാരദേന്ദുകലയേപ്പാവാട ചാര്‍ത്തിക്കുവാന്‍
ഹാ നിത്യം ചിറകിട്ടടിച്ചു ചിതറി-ക്കീറിപ്പറപ്പിച്ചുവോ ഞാനീ
സ്സര്‍ഗ്ഗതപസ്സമാധിയിലിരിക്കു-മ്പോള്‍ കൊടുംകാറ്റുകള്‍
എന്ന ‘സര്‍ഗ്ഗസംഗീത’കാരന്റെ വിലാപം സമാധിയില്‍നിന്നുത്ഭൂതമാവുന്ന സര്‍ഗ്ഗാത്മകതയെയാണ് സൂചിപ്പിക്കുന്നത്. സൗന്ദര്യാന്വേഷി സത്യാന്വേഷി തന്നെയാണ്. അന്വേഷകന്‍ ധ്യാനത്തിലൂടെയാണ് സത്യത്തെ പ്രാപിക്കുന്നത്. ധ്യാനമെന്നാല്‍ ചിന്തയുടെ പാരമ്യതയിലേക്കുള്ള യാനമാണ്. അതു ചെന്നെത്തുന്നത് ആശയസമ്പാദനത്തിന്റെ പരിണാമഗുപ്തിയിലും അല്ലെങ്കില്‍ നവീനാശയങ്ങളുടെ ആവിഷ്‌ക്കാരത്തിലും. ധ്യാനം ത്രിഘടകാത്മകമാണ്. ധ്യാതാവ്, ധ്യേയം, ധ്യാനം എന്നീ മൂന്നിന്റെ സംഗമമാണ്. ധ്യാതാവ് അല്ലെങ്കില്‍ ധ്യാനിക്കുന്ന ആള്‍, ധ്യേയം അല്ലെങ്കില്‍ ധ്യാനിക്കപ്പെടുന്ന വസ്തു, ധ്യാനം അല്ലെങ്കില്‍ ചിന്ത എന്ന പ്രക്രിയ ഇവ മൂന്നും ധ്യാനത്തിന്റെ മൂന്നുപുടങ്ങളാണ് അല്ലെങ്കില്‍ ത്രിപുടിയാണ്, ധ്യാനത്തിന്റെ അവസാനമോ ധ്യാതാവും ധ്യേയവും ധ്യാനവും പരസ്പരം ഒന്നായിട്ടില്ലാതെയാവുന്നു. അന്തിമഫലമോ ഒരു തത്വത്തിന്റെ ആവിഷ്‌ക്കാരവും. ”ത്രിപുടി മുടിഞ്ഞു തെളിഞ്ഞിടുന്ന തത്വം” എന്നു ഗുരു ശ്രീനാരായണന്‍.
കലയുടെ ആവിഷ്‌ക്കാരവും ആസ്വാദനവും ധ്യാനത്തിനു സമമാണ് അല്ലെങ്കില്‍ ധ്യാനംതന്നെയാണ്. കലയില്‍ രസത്തിനാണു പ്രാധാന്യം. ധ്യാനത്തിലെ ത്രിപുടിയെന്നതുപോലെ ആസ്വാദനത്തിലും ഈ ത്രിപുടീസംഗമം കാണാം. ആസ്വാദകന്‍ അല്ലെങ്കില്‍ രസികന്‍ ആസ്വാദകവസ്തു അല്ലെങ്കില്‍ ‘രസവന്ത്’ നെയാണാസ്വദിക്കുന്നത്. പ്രക്രിയ രസാസ്വാദനവും. ഇവിടെ ധ്യാതാവും ധ്യേയവുമൊന്നാകുന്നതുപോലെ രസികനും രസവന്തും ഒന്നാവുന്നു. അതോടെ ആസ്വാദനമെന്ന പ്രക്രിയയില്ലാതാവുന്നു. ഇവിടെ കലയുടെ ത്രിപുടിയാണില്ലാതെയാവുന്നത്. അവസാനം ശേഷിക്കുന്നത് രസം മാത്രമാണ്. കടലിന്റെ ആഴമളക്കുന്ന ഉപ്പുപാവയുടെ അവസ്ഥ. പാവയും കടലുമൊന്നാവുന്നു. ആസ്വാദനമെന്നാല്‍ രസം മാത്രമാണ്. ‘രസ്യതേ ആസ്വാദ്യതേ ഇതി രസഃ’ എന്നു ഭരതവാക്യം.
ഒത്തുചേരലില്‍ അല്ലെങ്കില്‍ ഏകാത്മകതയില്‍നിന്നുമാത്രമേ ആസ്വാദനമുണ്ടാകുന്നുള്ളു. വൈവിധ്യങ്ങളുടെ സൃഷ്ടിപോലും ഏകാത്മകതയിലേക്കുള്ള പ്രയാണത്തിനുവേണ്ടിയാണെന്നു പലപ്പോഴും തോന്നിപ്പോകും. ഉദ്യാനത്തിന്റെ സൗന്ദര്യവും സൗരഭ്യവുമാസ്വദിക്കുന്ന സൗന്ദര്യാരാധകന്‍ ഒരുനിമിഷം ആ ആരാമം തന്റേതല്ലെന്നു തിരിച്ചറിഞ്ഞാലുള്ള അവസ്ഥ ആസ്വാദനത്തെയില്ലാതെയാക്കും. കാരണം അവിടെ ഏകാത്മകതയില്ലാതെയാവുകയും ദ്വൈതഭാവമുണ്ടാവുകയും ചെയ്യുന്നു. ആസ്വാദനത്തിന്റെ അടിസ്ഥാനം അദ്വൈതമാണ്. ഏകാത്മകതയാണ് അല്ലെങ്കില്‍ പാരസ്പര്യത്തിന്റെ പരകോടിയായ സുഖദായകമായ സനാതനധര്‍മ്മം മാത്രമാണ്. താന്‍ അനന്തതയുടെ ഭാഗമാണ് അല്ലെങ്കില്‍ ആ അനന്തത താനാണെന്നുള്ള തിരിച്ചറിയലില്‍ മാത്രമാണ് ആസ്വാദനമുള്ളത്. ഏകാത്മകതയിലേ സര്‍ഗ്ഗാത്മകതയുള്ളൂ. അവിടയേ സുഖവുമുള്ളു. തന്നെ ലോകത്തില്‍ കാണുകയും ലോകത്തേ തന്നില്‍ കാണുകയും ചെയ്യുന്ന അവസ്ഥയാണ് അദ്വൈതദര്‍ശനത്തിന്റെ കാതല്‍. തന്നെത്തന്നെ അറിയണമെങ്കില്‍ അതു ലോകത്തിലൂടെയാവണം. കലാകാരന്‍ അദ്വൈതാസ്വാദനത്തിലൂടെ സര്‍ഗ്ഗാത്മകതയുടെ ഹിമവത്ശൃംഗത്തിലിരുന്നുകൊണ്ട് സൗന്ദര്യസൃഷ്ടി നടത്തുമ്പോള്‍ താനെന്ന ഭാവം പോലും അദ്വൈതത്തിലലിഞ്ഞില്ലാതെയാവും. കലാകാരനും കലാരൂപവും ഏകാത്മകതയിലെത്തുന്ന നിമിഷം അനഹങ്കാരത്തിന്റേതാണ്. അങ്ങനെ സ്വയം മറക്കുന്ന കലാകാരന്‍ തന്റെ സൃഷ്ടിയുടെ കൂടെ തന്റെ പേരെഴുതാന്‍ കൂടി മറന്നു പോകുന്നു. ഭാരതത്തിന്റെ പല കലാരൂപങ്ങള്‍ക്കുമൊപ്പം കലാകാരന്റെ പേരു കാണാത്തതിന്റെ കാരണവും ഒരുപക്ഷേ ഇതുതന്നെയാവും.
ലോകത്തിലെ സകല ജീവജാലങ്ങള്‍ക്കും നിര്‍വ്വാണം ലഭിച്ചതിനുശേഷം മാത്രം തനിക്കു നിര്‍വ്വാണം ലഭിച്ചാല്‍ മതിയെന്ന ദൃഢപ്രതിജ്ഞയെടുത്ത ഒരു ബോധിസത്വന്റെ പ്രതിമയെ ശിലയില്‍നിന്നും കൊത്തിയിറക്കണമെങ്കില്‍ അതിനൊരു അനഹംകാരിയായ കലാകാരനെക്കൊണ്ടേ സാദ്ധ്യമാവൂ. സാരനാഥത്തിലെ ബുദ്ധപ്രതിമയെ നോക്കൂ. ധ്യാനബുദ്ധന്റെ മുഖത്താവിഷ്‌കൃതമായിരിക്കുന്ന പ്രഭാപ്രശ്രുതത്വം നിര്‍വ്വാണത്തില്‍നിന്നും അല്ലെങ്കില്‍ ജീവന്മുക്തിയില്‍നിന്നും അനുഭവിക്കുന്ന ആനന്ദത്തിന്റേതാണ്. ഇതുള്‍ക്കൊള്ളാന്‍ പ്രാപ്തനായ ശില്‍പ്പിയും മറ്റൊരു ബുദ്ധന്‍ തന്നെയാവണം.
ആസ്വാദനത്തിന്റെ കാര്യവും ഇതുപോലെതന്നെയാണ്. എല്ലാവര്‍ക്കും ആസ്വദിക്കാന്‍ കഴിയുകയില്ല. കവിയുടെ അല്ലെങ്കില്‍ കലാകാരന്റെ ഹൃദയത്തിനു സമാനമായ ഹൃദയമുള്ളവര്‍ക്കേ ഇതു സാദ്ധ്യമാവൂ. ഇങ്ങനെയുള്ളവരെയാണു സഹൃദയരെന്നു പറയുന്നത്. സൃഷ്ടിക്കെന്നതുപോലെ ആസ്വാദനത്തിനും പ്രതിഭവേണം. കവിതയുടെ കാര്യംതന്നെയെടുക്കാം. കവിയുടെ അപൂര്‍വ്വവസ്തുകല്‍പനാസാമര്‍ത്ഥ്യത്തെ അല്ലെങ്കില്‍ കാരയത്രീപ്രതിഭയേ ഗ്രഹിച്ചെങ്കിലേ ആസ്വാദനമുള്ളു. അതിനേ ചര്‍വ്വണം ചെയ്ത് കാവ്യതത്വം ഗ്രഹിക്കുന്നത് ഭാവയത്രീപ്രതിഭ. അതുള്ളവര്‍ക്കേ കവി കല്‍പിച്ച അര്‍ത്ഥം യഥാതഥമായി അവിപരീതമായി അറിയാന്‍ കഴിയൂ. കവനത്തില്‍ കവിയെന്നതുപോലെ ആസ്വാദനത്തില്‍ സഹൃദയനും സമാധിയാകുമ്പോഴാണ് ആസ്വാദനം പൂര്‍ണ്ണമാകുന്നത്. കവിതയുടെ കാര്യത്തിലെന്നതുപോലെ എല്ലാ സൗന്ദര്യസൃഷ്ടികളുടെ കാര്യത്തിലും ഇങ്ങനെതന്നെയാണ്. കാവ്യകലയിലായാലും ശില്‍പകലയിലായാലും സ്രഷ്ടാവും ആസ്വാദകനും സമാധിയുടെ തലത്തിലേക്കെത്തും. കലാകാരനേയും ആസ്വാദകനേയും വിശ്വനാഥകവി തന്റെ സാഹിത്യദര്‍പ്പണത്തില്‍ ‘ബ്രഹ്മാസ്വാദനസഹോദരങ്ങള്‍’ എന്നു വിശേഷിപ്പിക്കുന്നതു ശ്രദ്ധേയമാണ്.
ഭാവാവിഷ്‌ക്കാരമാണല്ലോ കലയില്‍ മുഖ്യമായിക്കാണുന്നത്. രസങ്ങളെയാവിഷ്‌ക്കരിക്കുമ്പോള്‍ ഏതു സൃഷ്ടിയിലായാലും മുഖ്യമായ ഏതെങ്കിലുമൊരു രസമുണ്ടായിരിക്കും. കൃഷ്ണപുരത്തെ ഗജേന്ദ്രമോക്ഷത്തില്‍ മുതലയുടെ വക്രത്തിലമര്‍ന്ന ആനയോടുള്ള വിഷ്ണുവിന്റെ കരുണയാണു മുഖ്യരസമെങ്കില്‍ ലേപാക്ഷിയിലേ കിരാതാര്‍ജുനീയത്തില്‍ കാണുന്നത് വീരരസമാണ്. ഒരു ഭാവത്തിനോടും ഭാരതത്തിന്റെ കലാസ്രഷ്ടാക്കള്‍ക്ക് പ്രത്യേകിച്ചൊരപഥ്യമുണ്ടായിരുന്നില്ല. രസങ്ങളോടുള്ള പക്ഷഭേദമില്ലായ്മ ഒരുപക്ഷെ ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത് ഖജുറാഹുവിലെ രതിശില്‍പങ്ങളിലാണ്. എന്തെന്നാല്‍ നവരസങ്ങളില്‍ ഏറ്റവുമധികം സ്ഥായീഭാവമുള്ളത് രതിക്കുതന്നെയാണ്. പ്രകൃതിയിലേ മൗലികഭാവമാണു രതി. സത്തിന്റെ സ്ഥായി രതിയേ ആവൂ. അതാണുത്ക്രമിക്കാനുള്ള പ്രേരണ. രതിയുള്ളിടത്തെ വിശ്വോത്ക്രാന്തിയുള്ളൂ. മറ്റൊരു രസവും ഉത്ക്രമിക്കുകയില്ല. ഇങ്ങനെ നോക്കുമ്പോള്‍ ബോധം രതിസ്വഭാവമാണെന്നു കരുതാനാണു ന്യായം. രതിയുടെ സര്‍വ്വസാധാരണമായ രൂപം ലൈംഗികതയാണ്. ഉത്തമകലയിലെ ശൃംഗാരം ഉദാത്തഭാവമാണ്. അവിടെ സൗന്ദര്യം പ്രമേയത്തെ കവിഞ്ഞ് കേവലത്വം കൈവരിക്കുന്നു. പ്രമേയം സൗന്ദര്യത്തിന്റെ ഇരിപ്പിടം മാത്രമായിത്തീരുന്നു. ആസ്വാദകന്‍ അതില്‍ സൗന്ദര്യം കാണുന്നു. അതില്‍ ലയിക്കുന്നു. ഇരിപ്പിടം അപ്രധാനമാകുന്നു. ഇവിടെ പ്രമേയം വെറും ബോധവികാര മാത്രമാവുന്നു. സൗന്ദര്യം ബോധസ്വരൂപവും.
രതിയാവട്ടെ ഏതുരീതിയില്‍ നോക്കിയാലും മറ്റുരസങ്ങളില്‍ നിന്നും വളരെയധികം ശക്തവുമാണ്. ഒരുപക്ഷേ മറ്റു രസങ്ങളേക്കാള്‍ മനസ്സിനെ മഥിക്കുന്നതുമാണത്. രത്യാക്രാന്തനായ കലാകാരന് അല്ലെങ്കില്‍ കലാകാരിക്ക് സ്ഥിതപ്രജ്ഞ അല്ലെങ്കില്‍ സമാധിപ്രജ്ഞ വശഗതമാവില്ല. സംഭോഗശൃംഗാരത്തിലൂടെ സമനിലതെറ്റുന്നവനില്‍ എന്തേകാഗ്രതയാണുണ്ടാവുന്നത്? കര്‍മ്മം നിഷ്‌ക്കാമമായാലേ അതു യോഗമാവൂ, പൂര്‍ണ്ണമാവു (യോഗാത് കര്‍മ്മസുകൗശലം). കാമം, അതെന്തിനോടുള്ളതായാലും സര്‍വ്വനാശത്തിലേ കലാശിക്കുകയുള്ളുവെന്നു ഭഗവദ് ഗീത (സര്‍വ്വനാശാത് പ്രണശ്യതി). മോഹാലസിതമായ മനസ്സില്‍ ഏകാഗ്രതയില്ല. ബുദ്ധി നശിച്ചവനു ധ്യാനമില്ല, ധ്യാനത്തിലൂടെയുള്ള സമാധിയും. അത്തരം മനസ്സുകളില്‍നിന്നും ഒരു കലയും ഉണ്ടാവുകയില്ല. ഇങ്ങനെ നോക്കുമ്പോള്‍ ഖജുറാഹുവിലെ കല്ലില്‍ കവിതകള്‍ വിരചിച്ച കലാകാരന്‍ ഒരു തരംതാഴ്ന്ന ശൃംഗാരിയായിരുന്നുവെന്നു ചിന്തിക്കാനസാധ്യം.
ബോധത്തില്‍നിന്നേ സൗന്ദര്യമുണ്ടാവൂ. സൗന്ദര്യം അഖണ്ഡബോധസത്തയുടെ ആവിഷ്‌ക്കാരമാണ്, ബോധസ്വരൂപമാണ് സൗന്ദര്യം ആനന്ദദായകവുമാണ്. അതു സത്യവും ശിവവുമാണ്. ‘സത്യം ശിവം സുന്ദരം’ അതു ഭാരതത്തിന്റെ സംസ്‌കൃതിയുടെ ഫാലസ്തുടത്തില്‍ വിധാതാവെഴുച്ചേര്‍ത്തതാണ്. ഓരോ രാഷ്ട്രത്തിന്റെയും നെറ്റിത്തടത്തില്‍ ഈശ്വരന്‍ ഓരോ വരിയെഴുതിച്ചേര്‍ത്തിട്ടുണ്ടെന്ന ഇറ്റാലിയന്‍ രാഷ്ട്രദാര്‍ശനികനായ ജോസഫ് മസ്സീനിയുടെ അഭിപ്രായം സ്മരണീയമാണ്.
ഉദാത്തമായ മനസ്സുകളിലൂടെ മാത്രമേ ഉത്തമകലകളെ നോക്കിക്കാണാവൂ. കലാസ്രഷ്ടാവിന്റെ ഔന്നത്യത്തെ മനസ്സിലാക്കാനാവുന്ന ഭാവയത്രീപ്രതിഭയുള്ള ആസ്വാദകനുമാത്രമേ സമാധിയില്‍നിന്നും ഉറവപൊട്ടിയ ഭാരതീയകലയെ ആസ്വദിക്കാനാവൂ. അത് അജന്തയുടേതായാലും ഖജുറാഹുവിന്റേതായാലും. അല്ലെങ്കിലതു ഗര്‍ദ്ദഭത്തിന്റെ ആദര്‍ശദര്‍ശനം പോലെയാവും. കഴുത കണ്ണാടി നോക്കിയാല്‍ കണ്ണാടിക്കകത്തുനിന്നും അതിനെയൊരപ്‌സരസ്സു തിരിഞ്ഞു നോക്കുകയില്ല. പകരം കഴുതയേ നോക്കുകയുള്ളൂ. കലയില്‍ സ്വന്തം മനസിനേ വായിച്ചെടുക്കാന്‍ പോകരുത്. ഭാരതത്തിന്റെ കവികളും കലാസ്രഷ്ടാക്കളും അപരിഷ്‌കൃതഭാവകര്‍ (Imaginative barbarians) ആയിരുന്നില്ല എന്ന മഹര്‍ഷി അരവിന്ദന്‍ അഭിപ്രായം ശ്രദ്ധേയമാണ്. ആസ്വാദനം പഴത്തിന്റെ വെള്ളത്തിലെ പ്രതിഫലനം രുചിച്ചതുപോലെ (പ്രതിബിംബിതശാഖാഗ്രഫലാസ്വാദനമോദവത്) വെറും ഉപരിപ്ലവവുമാവരുത്.
കല മനുഷ്യനെ സഹൃദയനാക്കുന്നതുപോലെ അത് ജനതതിയെത്തന്നെ സംസ്‌കൃതരാക്കാന്‍ പോരുന്നതാണ്. കലക്ക് അതിന്റേതായ ദേശീയമൂല്യമുണ്ട്. കല ഭാരതത്തിന്റെ മനസ്സിനെ ഉദാത്തവും ശാലീനവുമാക്കി. സൗന്ദര്യാവബോധപ്രകൃതിയെ ഭാരതം സഹസ്രാബ്ദങ്ങളിലൂടെ വളര്‍ത്തിയെടുത്തതായിരുന്നു അല്ലെങ്കില്‍ ചിട്ടപ്പെടുത്തിയെടുത്തതായിരുന്നു. ഭാരതത്തിന്റെ വളര്‍ച്ചയൊരിക്കലും ഒരുവശത്തു മാത്രമായിരുന്നില്ല. മറിച്ച് സര്‍വ്വസംഗ്രഹകരമായിരുന്നു. പൗരാണിക ഗ്രീസ് സൗന്ദര്യത്തിനു മാത്രം പ്രാധാന്യം കൊടുത്തു, റോമന്‍ സംസ്‌കൃതി ജീവിതത്തിന്റെ ചിട്ടകള്‍ക്കു മാത്രവും. എന്നാല്‍ ഭാരതം ഇതു രണ്ടിനേയും സമന്വയിപ്പിച്ചു. ചിട്ടപ്പെടുത്തിയ ജീവിതചര്യകളിലൂടെ സൗന്ദര്യത്തെ അന്വേഷിക്കാനും ആസ്വദിക്കാനും ഭാരതം അവളുടെ ജനതയേ പഠിപ്പിച്ചു. തപസ്സിലൂടെ സത്യത്തേ പ്രാപിക്കുകയെന്നതായിരുന്നു ഭാരതം പഠിപ്പിച്ച പാഠം. ഏതാസ്വാദനത്തിന്റെയും സുഖത്തിന്റെയും അടിസ്ഥാനം ധര്‍മ്മാധിഷ്ഠിതമായ ചിട്ടകളായിരിക്കണം. ധര്‍മ്മമുള്ളിടത്തേ സുഖവുമുള്ളൂ.
സുഖം ച ന വിനാ ധര്‍മ്മം
തസ്മാദ് ധര്‍മ്മപരോ ഭവേത്
അതുകൊണ്ടു ധര്‍മ്മപരനാവുക. അങ്ങനെ ജീവിതം സുന്ദരമാക്കുക, ആനന്ദപൂര്‍ണ്ണമാക്കുക, ആസ്വാദ്യകരമാക്കുക. കല മനുഷ്യഹൃദയത്തെ ശാലീനവത്കരിക്കുന്നതാണ്, ശാലീനവത്കരിക്കുന്നതാവണം. അല്ലാത്തതൊന്നും എത്രമാത്രം കൊട്ടിഘോഷിച്ചാലും കലയാവുകയില്ല.