വൃശ്ചിക കുളിര്‍കാറ്റിനൊപ്പം മല കയറി പടി ചവിട്ടി ഭഗവത് ദര്‍ശന സായൂജ്യമടയാന്‍ ഭക്തജന ലക്ഷങ്ങള്‍ വ്രതശുദ്ധിയോടെ മുദ്ര അണിഞ്ഞ് മനസ്സും ശരീരവും തിരുസന്നിധിയില്‍ അര്‍പ്പിച്ച് ശരണം വിളികള്‍ ആരംഭിച്ചു കഴിഞ്ഞു. ഭക്തര്‍ക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കി സുഗമമായ തീര്‍ത്ഥാടന കാലം ഒരുക്കേണ്ട ദേവസ്വം ബോര്‍ഡ് മാത്രം ഇപ്പോഴും നിദ്ര വിട്ട് ഉണര്‍ന്നിട്ടില്ല.
മാസങ്ങള്‍ക്ക് മുമ്പ് കൂടേണ്ട അവലോകനയോഗം പോലും തുലാമാസ പൂജയ്ക്ക് നട അടച്ചതിന് ശേഷമാണ് കൂടിയത്. പരാതികളും പരിഭവവുമായി മലകയറുന്ന ഭക്തര്‍ക്ക് ഇത്തവണയും ശരണം വിളി മാത്രമാകും തുണയേകുക. തീര്‍ത്ഥാടനം സുഗമമാക്കാനും ഭക്തര്‍ക്ക് മതിയായ സൗകര്യങ്ങള്‍ ഒരുക്കാനും ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള പദ്ധതി നിര്‍വ്വഹണത്തിന് മതിയായ തുക കേന്ദ്ര ഗവണ്‍മെന്റ് നല്‍കാന്‍ തയ്യാറായിട്ടും സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥയും കാരണം പലതും നടപ്പിലാക്കാന്‍ സാധിക്കുന്നില്ല. തീര്‍ത്ഥാടനത്തിന്റെ പ്രാഥമിക ഘട്ടം തരണം ചെയ്യേണ്ടത് റോഡ് ഗതാഗതത്തിലൂടെയാണ്. ശബരി റെയില്‍ പാത പുനര്‍ജീവിപ്പിക്കുവാന്‍ കേന്ദ്ര ഗവണ്‍മെന്റ് കൈക്കൊണ്ട തീരുമാനം ഭക്തജനങ്ങളില്‍ ആശ്വാസം പകരുന്നുണ്ട്.

മറ്റ് സംസ്ഥാനങ്ങളിലെ ഗതാഗത സൗകര്യങ്ങളേക്കാള്‍ വളരെ പിന്നിലാണ് നാം ഇപ്പോഴും. ഗുജറാത്തില്‍ 98 ശതമാനം റോഡുകള്‍ സഞ്ചാരയോഗ്യമാക്കാന്‍ കഴിഞ്ഞെങ്കില്‍ തൊട്ടടുത്ത സംസ്ഥാനമായ തമിഴ്‌നാട്ടില്‍ അത് 82% ത്തോളം ആണ്. എന്നാല്‍ നമ്മുടേത് ഇപ്പോഴും 57% മാത്രമാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് എല്ലാവര്‍ഷവും പത്തനംതിട്ട ജില്ലയില്‍ തുലാമഴ ആരംഭിക്കുമ്പോള്‍ നാമമാത്രമായി നടപ്പിലാക്കുന്ന റോഡ് അറ്റകുറ്റ പണിയിലൂടെ കോടികളുടെ അഴിമതിയാണ് നടന്നുവരുന്നത്. സീസണില്‍ ബന്ധപ്പെട്ട റോഡ് ഡിവിഷനിലേക്ക് മാറ്റം ലഭിക്കാന്‍ ലക്ഷങ്ങള്‍ കൈക്കൂലിയും ഉന്നത രാഷ്ട്രീയ ബന്ധവും അനിവാര്യമാണെന്നാണ് പിന്നാമ്പുറ സംസാരം. കാരണം അടിയന്തര സര്‍വീസായി നടക്കുന്ന തീര്‍ത്ഥാടനപാത നവീകരണത്തിന് ഓഡിറ്റോ മറ്റ് ചുവപ്പ് നാടയോ ബാധകമല്ല. ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റേതാണ് അവസാന തീരുമാനം. ഹൈക്കോടതി അംഗീകരിച്ച ശബരിമല റോഡുകളില്‍ 17ല്‍ 13-ഉം പത്തനംതിട്ട ജില്ലയിലാണ്. യാത്രാ ദുരിതം താണ്ടി പമ്പയില്‍ എത്തിയാല്‍ ഇത്തവണ ഭക്തജനങ്ങള്‍ക്ക് ശരിക്കും ബുദ്ധിമുട്ട് അനുഭവപ്പെടും. 2018ലെ വെള്ളപ്പൊക്കത്തില്‍ പൂര്‍ണ്ണമായും ഒലിച്ചുപോയ രാമമൂര്‍ത്തി മണ്ഡപത്തിന്റെ സ്ഥാനത്ത് പുതിയ നടപ്പന്തല്‍ പണിയാന്‍ തുടക്കം കുറിച്ച് ആഴത്തിലുള്ള കുഴിയെടുത്ത് ഇട്ടിരിക്കുകയാണ്. വിരി വെക്കാന്‍ പോയിട്ട് നടന്ന് പോകാന്‍ പോലും പമ്പയില്‍ സ്ഥലമില്ല. വെയിലും കനത്ത മഴയും കൊണ്ടാണ് പമ്പയില്‍ തുലാമാസ പൂജക്ക് ഭക്തര്‍ തങ്ങിയത്.
മാസ പൂജയ്ക്ക് ഇത്തരത്തില്‍ ആണെങ്കില്‍ ഭക്തജന ലക്ഷങ്ങള്‍ എത്തുന്ന സീസണില്‍ എന്താവും സ്ഥിതി എന്ന് ആലോചിക്കാവുന്നതാണ്. കൂടാതെ പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാനുള്ള സൗകര്യങ്ങളും പരിമിതമാണ്. ത്രിവേണി പാലം ഇറങ്ങിച്ചെല്ലുന്ന സ്ഥലത്ത് പല ബ്ലോക്കുകളായി സ്ഥാപിച്ചിട്ടുള്ള ശുചിമുറികള്‍ അപര്യാപ്തവും പമ്പാനദിയെ മലിനമാക്കുന്നതുമാണ്. ടാങ്കുകളിലെ മലിനജലം പമ്പയിലേക്കാണ് കവിഞ്ഞ് ഒഴുകുന്നത്. രാമമൂര്‍ത്തി മണ്ഡപത്തിനോട് ചേര്‍ന്ന് മുന്‍പ് ഉണ്ടായിരുന്ന ശുചിമുറികള്‍ ഇന്ന് പ്രവര്‍ത്തനസജ്ജമല്ല. സന്നിധാനത്തും ശൗചാലയങ്ങളുടെ കുറവ് അനുഭവപ്പെടുന്നുണ്ട്. മണ്ഡലകാലത്തെ സുരക്ഷാക്രമീകരണത്തെക്കുറിച്ച് കഴിഞ്ഞ അവലോകന യോഗത്തില്‍ ചര്‍ച്ച പോലും ഉണ്ടായിട്ടില്ല. തുലാമാസ പൂജയ്ക്ക് സാധാരണയില്‍ കവിഞ്ഞ് ഭക്തജനങ്ങള്‍ ദര്‍ശനത്തിന് എത്തിയപ്പോള്‍ സുരക്ഷാക്രമീകരണങ്ങളും പോലീസിന്റെ വീഴ്ചയും ദേവസ്വം ബോര്‍ഡിന്റെ നിസ്സഹായാവസ്ഥയും നാം കണ്ടതാണ്.

കൊച്ചു കുഞ്ഞുങ്ങള്‍ക്ക് അല്പം ദാഹജലം നല്‍കാന്‍ പോലും ബന്ധപ്പെട്ടവര്‍ക്ക് സാധിച്ചില്ല എന്നത് കുറ്റകരമായ അനാസ്ഥ തന്നെയാണ്. മുന്‍കാലങ്ങളില്‍ പുല്ലുമേട്, ഹില്‍ടോപ്പ്, കണമല എന്നിവിടങ്ങളിലെ ദാരുണ ദുരന്താനുഭവങ്ങളിലൂടെ നൂറുകണക്കിന് അയ്യപ്പന്മാര്‍ നമുക്ക് നഷ്ടപ്പെട്ടിട്ടും അധികാരികള്‍ ഇപ്പോഴും നിസ്സംഗതയിലാണ്. തിരക്ക് അനുഭവപ്പെടുന്ന സമയത്ത് പ്രാകൃതമായ രീതിയില്‍ വടം കെട്ടിയാണ് ഇപ്പോഴും ഭക്തജനങ്ങളെ ശബരിമലയില്‍ നിയന്ത്രിക്കുന്നത്. മുന്‍പൊക്കെ സന്നിധാനത്തും, പമ്പയിലും ജോലി നോക്കിയിരുന്ന പോലീസുകാര്‍ സഹകരണ മനസ്സോടെ ആദ്ധ്യാത്മിക ചിന്തയില്‍ അടിയുറച്ച് സ്വാമിമാരായിട്ടാണ് സേവനം ചെയ്തിരുന്നതെങ്കില്‍ ഇന്ന് ഭക്തരെ ശത്രുതാമനോഭാവത്തോടെയാണ് അവരില്‍ പലരും നോക്കിക്കാണുന്നത്.

കാട് കയറി കിടക്കുന്നു
പമ്പ മുതല്‍ സന്നിധാനം വരെ ഭക്തജനങ്ങള്‍ക്ക് കുടിവെള്ളത്തിനായി ഒരുക്കിയിരിക്കുന്ന ടാപ്പുകള്‍ പലതും വൃത്തിഹീനമായും ഉപയോഗശൂന്യമായും കിടക്കുകയാണ്. നീലിമലയ്ക്കും കരിമലയ്ക്കും ഇടയ്ക്കുള്ള പമ്പ് ഹൗസ് കാട് കയറി നശിച്ചു തുടങ്ങി. പമ്പയിലെ ഗവണ്‍മെന്റ് ഹോസ്പിറ്റലിന്റെയും ഡിസ്‌പെന്‍സറിയുടെയും അറ്റകുറ്റ പണികള്‍ക്ക് ടെന്‍ഡര്‍ പോലും ക്ഷണിച്ചിട്ടില്ല. സന്നിധാനത്ത് പ്രവര്‍ത്തിക്കുന്ന ശബരി ഗസ്റ്റ് ഹൗസ്, ഗവണ്‍മെന്റ് സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ് എന്നിവയുടെ അറ്റകുറ്റ പണികളും പെയിന്റിങ്ങ് ജോലികളും തുടങ്ങിയിട്ട് ആറുമാസം ആകുന്നു എന്ന് കരാറുകാരന്‍ തന്നെ പറയുന്നു. പണി ഇതുവരെ എങ്ങും എത്തിയിട്ടില്ലെന്ന് മാത്രമല്ല മണ്ഡലകാലത്തിന് മുമ്പ് തീരാന്‍ സാധ്യതയും ഇല്ല.

മുന്‍പ് ളാഹമുതല്‍ പമ്പവരെ അടിക്കാടുവെട്ടി വൃത്തിയാക്കുന്ന ജോലി തുലാമാസ പൂജയ്ക്ക് നട തുറക്കുന്നതിന് മുമ്പ് ആരംഭിക്കുമായിരുന്നു. ഇത്തവണ അതിന്റെയും ടെന്‍ഡര്‍ നടപടി പോലും പൂര്‍ത്തിയായില്ല എന്നാണ് അറിയുന്നത്. പാര്‍ക്കിംഗ് സൗകര്യം ഒരുക്കുന്നതിലും ദേവസ്വം ബോര്‍ഡ് വേണ്ട മുന്നൊരുക്കങ്ങള്‍ ഇതുവരെ പൂര്‍ത്തിയാക്കിയിട്ടില്ല. പാര്‍ക്കിംഗിന് കൂടുതല്‍ സൗകര്യം ഒരുക്കും എന്ന ദേവസ്വം മന്ത്രിയുടെ പ്രസ്താവന പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങിയിരിക്കുകയാണ്.
ഇത് മാത്രമല്ല, മരക്കൂട്ടത്തിനും ശരം കുത്തിക്കുമിടയില്‍ മൂന്ന് ക്യൂ കോംപ്ലക്‌സുകള്‍, മാളികപ്പുറത്തിന് സമീപം രണ്ട് അന്നദാന മണ്ഡപങ്ങള്‍, കുടിവെള്ള പരിഹാരത്തിന് കുന്നാര്‍ ഡാമിന്റെ ശേഷി കൂട്ടല്‍, തിരക്കൊഴിവാക്കുവാന്‍ സന്നിധാനത്ത് കൂടുതല്‍ പ്രസാദ മണ്ഡപങ്ങള്‍ എന്നീ പ്രഖ്യാപനങ്ങളും നടപ്പിലായില്ല. മല കയറുന്ന ആദ്യ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി എന്ന ഖ്യാതിക്കൊപ്പം 4 പ്രധാന പദ്ധതികള്‍ക്ക് തുടക്കമിട്ടിട്ടാണ് 2017 ല്‍ ശബരിമല സന്നിധാനത്ത് എത്തിയ പിണറായി വിജയന്‍ മലയിറങ്ങിയത്. സ്ത്രീകള്‍ക്കുള്ള കുളിമുറികള്‍, സന്നിധാനത്ത് ശുദ്ധജലക്ഷാമം പരിഹരിക്കാന്‍ ശുദ്ധജല സംഭരണി, നിലയ്ക്കലില്‍ പുതിയ ശുചിമുറി, 24 മുറികള്‍ ഉള്ള പുണ്യ ദര്‍ശനം കോംപ്ലക്‌സ് എന്നിവയും പ്രഖ്യാപനത്തില്‍ ഒതുങ്ങിനില്‍ക്കുകയാണ്.
കെ.എസ്.ഇ.ബി, കെ.എസ്.ആര്‍.ടി.സി ദേവസ്വം ബോര്‍ഡ് വാട്ടര്‍ അതോറിറ്റി തുടങ്ങി ബന്ധപ്പെട്ട ഡിപ്പാര്‍ട്ട്‌മെന്റുകള്‍ എല്ലാം സാമ്പത്തിക നേട്ടം മാത്രം കണക്കാക്കി തീെവട്ടി കൊള്ളയ്ക്കായി ഓടിയടുക്കുമ്പോള്‍ തീരാത്ത പരാതിയുടെ ഇരുമുടിക്കെട്ടുമായി ദുരിത വഴികളിലൂടെ ഭക്തജനങ്ങള്‍ ഇത്തവണയും ശരണം വിളിയോടെ മലകയറിക്കൊണ്ടിരിക്കും.
വെര്‍ച്വല്‍ ക്യൂ എന്നും സ്‌പോട്ട് ബുക്കിങ്ങ് എന്നും പറഞ്ഞ് സാധാരണക്കാരായ ഭക്തജനങ്ങള്‍ക്കും മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്ന ഭക്തര്‍ക്കും ബുദ്ധിമുട്ട് ഉണ്ടാക്കി ഭക്തരെ ശബരിമലയില്‍ നിന്ന് അകറ്റി നിര്‍ത്താതെ അടിസ്ഥാന സൗകര്യങ്ങള്‍ കാര്യക്ഷമമായും ദീര്‍ഘവീക്ഷണത്തോടെയും ചെയ്യുകയും മണ്ഡലകാലം ആരംഭിക്കുന്നതിന് കാത്തുനില്‍ക്കാതെ തുലാമാസ പൂജയ്ക്ക് നട തുറക്കുന്നതിന് മുമ്പ് സീസണിലേക്കുള്ള എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തീര്‍ക്കുകയും ബാക്കിവരുന്ന പണികള്‍ തീര്‍ത്ഥാടനകാലം കഴിഞ്ഞ് നടത്തുകയും ചെയ്താല്‍ ഭക്തര്‍ക്ക് ആശ്വാസവും സമാധാനപരവുമായ ദര്‍ശന സൗഭാഗ്യം ലഭിക്കും. അതിനായി ശരണം വിളി ഉണരും മുമ്പേ ദേവസ്വം ബോര്‍ഡ് ഉറക്കം ഉണര്‍ന്നാല്‍ മതി.