രാഷ്ട്രസുരക്ഷയെയും സാമൂഹിക സന്തുലനത്തെയും തകിടം മറിക്കുന്ന വിപല്‍ക്കരമായ വഖഫ് നിയമം ഭേദഗതി ചെയ്യാനുള്ള ബില്ല് ലോകസഭയിലെ വിശദമായ വാദപ്രതിവാദങ്ങള്‍ക്ക് ശേഷം സംയുക്ത പാര്‍ലമെന്ററി സമിതിയുടെ പരിശോധനയ്ക്ക് വിട്ടത് രാജ്യത്ത് വലിയ ചലനങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ്. ഭാരതത്തിന്റെ അസ്തിത്വവും ഭരണഘടനാ ചട്ടങ്ങളും പോലും ചോദ്യംചെയ്യുന്ന നിരവധി വ്യവസ്ഥകളാണ് നിലവിലുള്ള വഖഫ് നിയമത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. അതുകൊണ്ട് തന്നെ ഇത് പുന:പരിശോധിക്കുകയും പരിഷ്‌കരിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്.
ഇസ്ലാമിക മതവിശ്വാസികള്‍ മതപരമായ ആവശ്യങ്ങള്‍ക്ക് സ്വത്ത് മാറ്റിവെക്കുക എന്ന സങ്കല്പമാണ് വഖഫ് തത്വത്തില്‍ അടങ്ങിയിരിക്കുന്നത്. രാജ്യത്ത് മതപരമായ വേര്‍തിരിവുകള്‍ നിലനിര്‍ത്തിക്കൊണ്ട് വിഭജിച്ചു ഭരിക്കുക എന്ന ആസൂത്രിത പദ്ധതിക്ക് അനുസൃതമായാണ് 1936 ല്‍ ബ്രിട്ടീഷ് ഭരണകൂടം ഭാരതത്തില്‍ വഖഫ് നിയമം ആവിഷ്‌കരിച്ചത്. വിഭജനാനന്തരം രാജ്യത്തുണ്ടായ പലായനങ്ങള്‍ക്ക് ശേഷം, കോണ്‍ഗ്രസ് തുടക്കം മുതല്‍ അനുവര്‍ത്തിച്ചുപോന്ന മുസ്‌ലിം പ്രീണന നയത്തിന്റെ തുടര്‍ച്ചയെന്നോണം 1954 ല്‍ ജവഹര്‍ലാല്‍ നെഹ്‌റു സര്‍ക്കാര്‍ പാകിസ്ഥാനിലേക്ക് പോയ മുസ്‌ലിങ്ങളുടെ സ്വത്തുക്കള്‍ കൂടി വഖഫിന് കൈമാറി. 1995 ല്‍ നരസിംഹറാവുവിന്റെ ഭരണകാലത്തും 2013 ല്‍ ഡോ. മന്‍മോഹന്‍ സിംഗിന്റെ കാലത്തും കൊണ്ടുവന്ന നിയമഭേദഗതികളിലൂടെ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ വഖഫ് നിയമത്തെ ഭീഷണമാംവിധം പരിഷ്‌കരിച്ചു. 1995ലെ വഖഫ് നിയമത്തിന്റെ 40-ാം വകുപ്പനുസരിച്ച് ഒരു ഭൂമി വഖഫ് ആണെന്ന് സ്ഥിരീകരിക്കാനുള്ള അവകാശം വഖഫ് ബോര്‍ഡുകള്‍ക്ക് തന്നെ കല്പിച്ചുകൊടുത്തു. 2013ലെ ഭേദഗതിയിലൂടെ ഏതു ഭൂമിയിലും വഖഫിന് അവകാശവാദമുന്നയിക്കാമെന്ന സ്ഥിതി സംജാതമായി. മാത്രമല്ല, ഇത് കോടതികളില്‍ ചോദ്യം ചെയ്യാന്‍ കഴിയില്ലെന്നുള്ള വ്യവസ്ഥയും ഏര്‍പ്പെടുത്തി. അങ്ങനെ തികച്ചും ഏകപക്ഷീയവും നിയമവിരുദ്ധവും അതോടൊപ്പം ഭരണഘടനാവിരുദ്ധവുമായ ചട്ടങ്ങളാണ് നിലവിലുള്ള വഖഫ് നിയമത്തിലുള്ളത്. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്, ദല്‍ഹിയിലെ അതീവപ്രാധാന്യമര്‍ഹിക്കുന്ന 123 ഭൂമികളാണ് യുപിഎ സര്‍ക്കാര്‍ വഖഫ് ബോര്‍ഡിന് സമ്മാനിച്ചത്. 1995 ല്‍ 4.5 ലക്ഷം ഏക്കര്‍ മാത്രമുണ്ടായിരുന്ന വഖഫ് സ്വത്ത്, നിലവില്‍ രാജ്യത്തെ 8.7 ലക്ഷം വസ്തുക്കളിലായി 1.2 ലക്ഷം കോടി രൂപ മൂല്യംവരുന്ന 9.4 ലക്ഷം ഏക്കര്‍ ഭൂമിയായി വര്‍ധിച്ചിരിക്കുകയാണ്. ഇത് സ്വാഭാവികമോ ക്രമാനുഗതമോ ആയ വളര്‍ച്ചയല്ലെന്നും പലതും കയ്യേറ്റമാണെന്നുമുള്ള ആരോപണം തള്ളിക്കളയാനാവുന്നതല്ല. കേരളത്തില്‍ മാത്രം അമ്പതിനായിരം സ്വത്തുവകകളാണ് ഇവരുടെ കൈവശമുള്ളതെന്നാണ് കണക്ക്. ഇന്ന്, റെയില്‍വേയും പ്രതിരോധമന്ത്രാലയവും കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ ഭൂസ്വത്തുള്ളത് 32 വഖഫ് ബോര്‍ഡുകളുടെ കൈയ്യിലാണ്.
തമിഴ്‌നാട്ടിലെ തിരിച്ചെന്തുറിലെ ചന്ദ്രശേഖരസ്വാമി ക്ഷേത്രസ്വത്തുമായി ബന്ധപ്പെട്ട തര്‍ക്കമാണ് വഖഫ് നിയമം ഉയര്‍ത്തുന്ന ഭീഷണിയുടെ വ്യാപ്തി പൊതുജനശ്രദ്ധയില്‍ എത്തിച്ചത്. ഇസ്ലാം മതം സ്ഥാപിക്കപ്പെടുന്നതിനും നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് പണികഴിപ്പിച്ച ഈ ക്ഷേത്രം പോലും വഖഫ് സ്വത്താണെന്ന അടിസ്ഥാനരഹിതമായ അവകാശവാദമാണുണ്ടായത്. ഇവിടെ വഖഫിന്റെ മറവില്‍ ഒരു ഗ്രാമത്തിന് മുഴുവന്‍ അവകാശം ഉന്നയിക്കപ്പെടുകയായിരുന്നെങ്കില്‍ കേരളത്തിലെ മുനമ്പത്ത് അറുന്നൂറിലേറെ കുടുംബങ്ങളുടെ സ്വത്തിലാണ് വഖഫ് അവകാശവാദം ഉന്നയിക്കുന്നത്. അന്യായമായി ഭൂമി തട്ടിയെടുത്തതിന്റെ പേരില്‍ വഖഫ് ബോര്‍ഡിനെതിരെ രാജ്യത്ത് 40,951 കേസുകളാണ് നിലവിലുള്ളത് എന്നറിയുമ്പോള്‍ പ്രശ്‌നങ്ങളുടെ വ്യാപ്തി വ്യക്തമാകുന്നു. വഖഫ് നിയമം ദുരുപയോഗം ചെയ്ത് ഇസ്ലാമിക ഭീകരവാദികള്‍ വ്യാപകമായി പൊതുസ്വത്തുക്കളും ഇതര മതസ്ഥരുടെ ആരാധനാലയങ്ങളും കൈയ്യടക്കുകയാണ്. വഖഫിന്റെ പേരില്‍ നിയമവിരുദ്ധമായി സ്വത്ത് തട്ടിയെടുക്കപ്പെട്ടവരില്‍ ഭൂരിഭാഗവും മുസ്ലിങ്ങള്‍ തന്നെയാണെന്ന വസ്തുതയും വിസ്മരിക്കപ്പെടാന്‍ പാടില്ല. രാജ്യത്തിന്റെ പാര്‍ലമെന്റ് മന്ദിരം പോലും വഖഫ് ഭൂമിയിലാണെന്ന വാദവുമായി, എഐയുഡിഎഫ് നേതാവും എംപിയുമായ ബദറുദ്ദീന്‍ അജ്മല്‍ രംഗത്തു വന്നിരിക്കുകയാണ്. മധ്യപ്രദേശിലെ പോലീസ് ആസ്ഥാനം, ദല്‍ഹി ഡെവലപ്‌മെന്റ് അതോറിറ്റിയുടെ കെട്ടിടങ്ങള്‍, ബീഹാറിലെ ഗോവിന്ദപ്പൂര്‍ ഗ്രാമം, സൂറത്തിലെ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഓഫീസ്, ഗുജറാത്തിലെ ദ്വാരക ദേവഭൂമിയില്‍ കടലില്‍ മുങ്ങിയ കൃഷ്ണന്റെ കൊട്ടാരത്തിനോട് ചേര്‍ന്നുള്ള ദ്വീപുകള്‍ തുടങ്ങി തെലങ്കാനയിലെ മല്‍കാജ്ഗിരിയിലെ ജനവാസ മേഖലകളില്‍ വരെ വഖഫിന്റെ കഴുകന്‍ കണ്ണുകള്‍ വട്ടമിട്ടു പറക്കുന്നു. കര്‍ണാടകയിലെ കര്‍ഷകരും മുനമ്പത്തെ മത്സ്യത്തൊഴിലാളികളും ഉള്‍പ്പെടെ വഖഫ് ഭീകരതയ്ക്ക് ഇരകളായി മാറുകയാണ്. ഈ നിയമത്തിനെതിരെ പ്രതിഷേധം ശക്തമായതിനിടെയാണ് കര്‍ണാടകയിലെ വിജയപുരയിലെ കൃഷിഭൂമി ഒറ്റ രാത്രി കൊണ്ട് വഖഫിന്റെ പേരിലാക്കിയെന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്ത പുറത്തുവന്നത്.
ഇത്തരം വസ്തുതകളെല്ലാം അവഗണിച്ചുകൊണ്ടാണ് മതഭീകരവാദികളെ പ്രീണിപ്പിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ കേരള നിയമസഭ ഒറ്റക്കെട്ടായി വഖഫ് നിയമഭേദഗതിക്കെതിരെ പ്രമേയം പാസ്സാക്കിയത്. ബോംബ് സ്‌ഫോടനക്കേസില്‍ പ്രതിയായ അബ്ദുള്‍ നാസര്‍ മദനിയുടെ മോചനത്തിനു വേണ്ടിയും നമ്മുടെ അയല്‍രാജ്യങ്ങളില്‍ പീഡനം അനുഭവിക്കുന്ന ജനവിഭാഗങ്ങള്‍ക്ക് ഭാരതപൗരത്വം നല്‍കുകയെന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ച പൗരത്വനിയമഭേദഗതിക്കെതിരെയും പ്രമേയം പാസ്സാക്കിയവര്‍ വഖഫ് എന്ന നിയമത്തെ അനുകൂലിച്ചില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളൂ. പല തീവ്ര ഇസ്ലാമിക രാജ്യങ്ങളില്‍ പോലും നിലവില്ലാത്ത വഖഫ് എന്ന ഭീകരനിയമം മതപൗരോഹിത്യത്തെയും മതസാമ്രാജ്യവാദത്തെയും ശക്തിപ്പെടുത്താന്‍ മാത്രമേ ഉപകരിക്കൂ. മതപ്രീണനത്തിന് വേണ്ടി രാഷ്ട്രതാല്‍പ്പര്യങ്ങളെ പോലും ബലികഴിച്ച സങ്കുചിത രാഷ്ട്രീയ നേതൃത്വം മുന്നോട്ടുവെച്ച വഖഫ് നിയമം ഭരണഘടനാവിരുദ്ധവും രാഷ്ട്രവിരുദ്ധവും അതോടൊപ്പം മതവിരുദ്ധവും കൂടിയാണ്. ഇതിനെ നിയമാനുസൃതമായി പൊളിച്ചെഴുതാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ശ്രമം തികച്ചും അനിവാര്യവും അഭിനന്ദനാര്‍ഹവുമാണ്.