കേശുവേട്ടന് സുഖമില്ലെന്നു കേട്ട് കാണാന്‍ പോയതായിരുന്നു. അവിടെ അദ്ദേഹത്തിന്റെ ബന്ധുവായ സുധിയുണ്ടായിരുന്നു.
ഞാന്‍ ഇറങ്ങുമ്പോള്‍ സുധി ഒപ്പം കൂടി. സുധി ഇടയ്ക്കിടക്ക് തിരുപ്പതിയില്‍ പോകുന്ന ആളാണ്. വാച്ച് കാണാതെയായാല്‍ മൊബൈല്‍ കാണാതെയായാല്‍ ഒക്കെ പുള്ളി തിരുപ്പതി അപ്പനാണ് വഴിപാട് നേരുന്നത്. അപ്പൊ പിന്നെ പോയല്ലേ പറ്റൂ. ദര്‍ശനം കഴിഞ്ഞു വരുമ്പോള്‍ ബന്ധുമിത്രാദികള്‍ക്ക് ലഡു വിതരണവുമുണ്ട്. അങ്ങനെ സ്വാദിഷ്ടമായ ലഡു തിന്ന അതേ ബന്ധുക്കള്‍ പുള്ളിയെ സംശയദൃഷ്ടിയോടെ നോക്കാന്‍ തുടങ്ങിയിരിക്കുന്നു. അതിന്റെ സങ്കടം പറഞ്ഞു.
എനിക്ക് ചിരിയാണ് വന്നത്.
വിഷമടിച്ച പച്ചക്കറിയും അനേകം മായം ചേര്‍ത്ത ഭക്ഷണങ്ങളും കഴിച്ച് വയര്‍ ഒരു വിധം മൃഗക്കൊഴുപ്പ് -ലഡ്ഡുവിനു പാകമായിക്കാണും എന്ന് ചിന്തിച്ച് പുള്ളിയെ സമാധാനിപ്പിക്കാന്‍ ഞാന്‍ പറഞ്ഞു ‘സാരല്ല്യ എന്നിട്ട് ആര്‍ക്കും കുഴപ്പമൊന്നും ഉണ്ടായില്ലല്ലോ? ഇനിയിപ്പോ പ്രശ്‌നമൊക്കെ തീര്‍ന്നു ശുദ്ധ നെയ്യില്‍ ലഡു ഉണ്ടാക്കാന്‍ തുടങ്ങിയാല്‍ എല്ലാവരുടെയും സങ്കടം പോക്കാന്‍ ഒരു വഴിപാട് ആവാം. അപ്പൊ എനിക്കും ഇത്തിരി പ്രസാദം തരാന്‍ മറക്കണ്ട.’
സുധി ചിരിച്ചു. എങ്കിലും മനസ്സില്‍ കുറെ സംശയങ്ങള്‍.
‘അല്ല എന്താണ് മറ്റുള്ളയിടത്തൊന്നും അതുപോലത്തെ ലഡ്ഡു ഇല്ലാത്തത്?’
‘ഓരോ സ്ഥലത്ത് ഓരോ പൂജയും നിവേദ്യവുമല്ലേ? അമ്പലപ്പുഴയില്‍ പാല്‍പ്പായസം, ശബരിമലയില്‍ അരവണയും കടിച്ചാല്‍ പൊട്ടാത്ത അപ്പവും പഴനിയില്‍ പഞ്ചാമൃതം, തിരുപ്പതിയില്‍ ലഡ്ഡുവും. നിവേദ്യം പൂജാരിമാരുടെ ഇഷ്ടാനിഷ്ടമാണ്. ആഗമശാസ്ത്രം എന്നൊക്കെ പറയുമെങ്കിലും. തനിക്ക് ഇഷ്ടമുള്ളത് ഭഗവാന് ഇഷ്ടമാവും എന്ന് കരുതി അങ്ങോട്ട് കൊടുക്കുകയാണ്. ഇന്ദ്രിയങ്ങളില്‍ രമിക്കുന്ന ആളുകള്‍ക്ക് ഭഗവാന് ഇന്നതേ കൊടുത്തുകൂടു എന്നൊന്നില്ല. ചിലേടത്ത് പഴം പഞ്ചസാര വെണ്ണ ചിലേടത്ത് വൈകീട്ട് ‘ഒറ്റ’ കഴിക്കും. ഉച്ചയ്ക്ക് ശേഷമേ കിട്ടൂ എന്നും പറയും. കാപ്പി പലഹാരം വേറെ ഉണ്ടാക്കേണ്ട.’
ഇപ്പോള്‍ സുധിയുടെ സങ്കടങ്ങള്‍ മാറി. ചിരിയായി.
‘എന്നാലും അവന്മാര്‍ ഇങ്ങനെ ചെയ്യാന്‍ പാടുണ്ടോ?’
‘എങ്ങനെ? ദേവസ്വം ഭരണം അവിശ്വാസിയെ ഏല്‍പ്പിച്ചാല്‍ പിന്നെ അവര്‍ക്കിഷ്ടമുള്ളത് ചെയ്യും. കോഴിയെ നോക്കാന്‍ കുറുക്കനെ ഏല്‍പ്പിച്ച് പിന്നെ കരയുന്നതില്‍ എന്തര്‍ത്ഥം? ഇവിടെയും അവിടെയും എല്ലായിടത്തും അങ്ങനെതന്നെ. ‘അവിടെയാണോ കൃഷ്ണന്‍ ഇരിക്കുന്നത്?’ എന്ന് ചോദിച്ച ആളുടെ പേര് ക്ഷേത്ര മതിലില്‍ കൊത്തി വെച്ചിട്ടുണ്ട്. പിന്നെ ചിക്കന്‍ ബിരിയാണിയുമായി ജീവനക്കാര്‍ അല്ല തൊഴിലാളികള്‍ ക്ഷേത്രത്തിനു അകത്ത് പ്രവേശിക്കാതിരിക്കുമോ?
നമ്മളെ നോക്കാന്‍ നമുക്ക് അറിയില്ലെങ്കില്‍ മറ്റുള്ളവര്‍ നമ്മെ ‘ശരിയായി’ നോക്കും. തിരഞ്ഞെടുപ്പ് വരുമ്പോള്‍ കപട മതേതര വാദികള്‍ക്ക് വോട്ട് കൊടുക്കുമ്പോള്‍ ഓര്‍ക്കണം.’
‘ശരിയാണ്. ഇനി അവര്‍ വോട്ട് ചോദിക്കാന്‍ വരട്ടെ.’ കോണ്‍ഗ്രസ്സ് പാരമ്പര്യമുള്ള വീട്ടിലെ അംഗമായ സുധി അത് പറഞ്ഞപ്പോള്‍ എനിക്ക് സന്തോഷം തോന്നി.
അയാള്‍ തുടര്‍ന്നു ‘ഇനി ദേവസ്വം ഭരിക്കുന്ന അമ്പലങ്ങളില്‍ പൂക്കളും പഴവും മാത്രമേ ഞാന്‍ കൊണ്ടു പോകൂ. മറ്റു വഴിപാടുകള്‍, സംഭാവനകള്‍ വേണോ എന്ന് രണ്ടു വട്ടം ചിന്തിക്കും.’
‘ശരിയാണ്… അങ്ങനെ എല്ലാവരും ചിന്തിക്കണം. എന്നാലേ സര്‍ക്കാര്‍ ഒരു പാഠം പഠിക്കൂ.. ദുരിതാശ്വാസത്തിന് ക്ഷേത്രങ്ങളുടെ ധനം കോടികള്‍ എടുത്ത് നല്‍കുമ്പോള്‍ അന്യമതസ്ഥരുടെ പണം തൊടില്ല. സഹായം എല്ലാവര്‍ക്കുമാണെങ്കിലും.! ഇനി ദേവസ്വം ഭരിക്കുന്ന ക്ഷേത്രങ്ങള്‍ക്ക് എന്തെങ്കിലും നല്‍കുമ്പോള്‍ ഇക്കാര്യം ഓര്‍ക്കണം. അങ്ങോട്ട് എടുക്കുമ്പോലെയല്ലേ ഇങ്ങോട്ടും. ഖജനാവിലെ പണം കൊണ്ട് ഇനി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കട്ടെ.’
സുധി ചിരിച്ചു. എങ്കിലും മനസ്സ് ലഡ്ഡുവില്‍ തന്നെയാണ് എന്ന് ധ്വനിപ്പിച്ചു ചോദിച്ചു.
‘അല്ല ഈ ലഡ്ഡു ആരാ ശരിക്കും കണ്ടു പിടിച്ചത്?’
‘ലഡ്ഡു പ്രാചീനഭാരതത്തിലെ പലഹാരമാണ്. ക്രിസ്തുവിനു മുന്‍പ് തന്നെ ഇവിടെ നിലവിലുണ്ട്. നാലാം നൂറ്റാണ്ടില്‍ ആയുര്‍വ്വേദാചാര്യന്‍ സുശ്രുതന്‍ മരുന്ന് ഉരുളയാക്കി മധുരം ചേര്‍ത്ത് നല്‍കിയിരുന്നു എന്ന് ഗ്രന്ഥങ്ങളിലുണ്ട്. നമ്മള്‍ ലഡ്ഡുവിനെ ഉരുള, ഉണ്ട എന്നൊക്കെയാണ് പറഞ്ഞിരുന്നത്. എള്ളുണ്ട, അരിയുണ്ട, കടലയുണ്ട എന്നിങ്ങനെ.. ഇപ്പൊ പലതരം ലഡുക്കള്‍ ആയി പല നിറങ്ങള്‍.! എന്നാല്‍ ‘ഗോതമ്പുണ്ട’ അതാര്‍ക്കും തിന്നണ്ട… ഹ.ഹ..’
ലഡുവിനെപ്പറ്റി പറഞ്ഞപ്പോള്‍ സുധി ഉത്സാഹഭരിതനായി.
‘സാധാരണ ലഡു മഞ്ഞ, കുങ്കുമ കളറില്‍ വരുന്നു. തിരുപ്പതിയിലേത് കുറച്ചു കൂടി തുവരപരിപ്പിന്റെ നിറമാണ്. സാധാരണ ലഡ്ഡുവിന്റെ മൂന്നിരട്ടി വലുപ്പം വരും.
‘ശരിയാണ്. ഇന്ത്യ മുഴുവന്‍ സന്തോഷം വരുമ്പോഴും വിജയം ആഘോഷിക്കാനും കാവി കളര്‍ – ഭഗവ നിറമുള്ള ലഡുവാണ് വിതരണം ചെയ്യുന്നത്. ചിലര്‍ക്ക് ആ നിറത്തോട് അലര്‍ജിയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മലപ്പുറത്ത് മുസ്ലിം ലീഗുകാര്‍ പച്ച ലഡു വിതരണം ചെയ്തു. അവര്‍ തിന്നുമെങ്കിലും കോണ്‍ഗ്രസ്സുകാര്‍ മുഖം ചുളിച്ച് അത് തിന്നു എന്ന് കേട്ടു. മുസ്ലിം ലീഗിന്റെ ആധിപത്യത്തിന് കീഴില്‍ വിധേയരായി ഇരിക്കുന്ന കോണ്‍ഗ്രസുകാരെ കണ്ടാല്‍ അറപ്പു തോന്നും. കുറി മായ്ക്കുന്ന പച്ച ലഡു തിന്നുന്ന വിനീത വിധേയര്‍.’
സുധിയ്ക്ക് അത് അരോചകമായി തോന്നി. എന്നിട്ട് ചിരിച്ചുകൊണ്ട് പറഞ്ഞു ‘പച്ച ലഡ്ഡു ഛെ!.. അല്ല, അത് പോലെ കമ്മ്യൂണിസ്റ്റുകള്‍ ചോര കളര്‍ ലഡു ഉണ്ടാക്കിയാല്‍ എന്താവും സ്ഥിതി?’
‘ഹ.ഹ.ഹ. അവര്‍ക്ക് ഭഗവ – കാവി – കളറിനോടാണ് പ്രിയം.. തല മൂത്ത കമ്മ്യൂണിസ്റ്റുകാര്‍ ഹിന്ദുത്വവാദികളാണെന്നല്ലേ ചിലര്‍ പറയുന്നത്..?’
‘അതെ.. കോണ്‍ഗ്രസ്സുകാര്‍ക്കെതിരെ കമ്മ്യൂണിസ്റ്റുകളുടെ ആരോപണവും അത് തന്നെ.’
‘വാസ്തവത്തില്‍ ഇരു കൂട്ടരും അധാര്‍മ്മികരും രാഷ്ട്ര ശത്രുക്കളും ആയാല്‍ അവര്‍ ആരെക്കുറിച്ച് അപവാദം പറയുന്നുവോ അവര്‍ നല്ലവരെന്നു ജനം മനസ്സിലാക്കും.’
സുധി നിരാശനായി പറഞ്ഞു:
‘ശരിയാണ്. ഇപ്പൊ ഈ തിരുപ്പതി വിഷയത്തില്‍, വഖഫ് ബോര്‍ഡ് വിഷയത്തില്‍, ദേവസ്വം വിഷയത്തില്‍ എല്ലാം ഞാന്‍ കോണ്‍ഗ്രസ്സിന് എതിരാണ്. കോണ്‍ഗ്രസ്സ് ഹിന്ദുക്കള്‍ക്ക് എതിരാണ്. ഇനി അവരുടെ ഒരു മീറ്റിങ്ങിനും ഞാന്‍ പോവില്ല.’
‘ഹിന്ദുക്കളായ കോണ്‍ഗ്രസ്സുകാര്‍ അവരുടെ യഥാര്‍ത്ഥ അസ്തിത്വം മനസ്സിലാക്കണം. കാറ്റും അരുവിയും എന്ന കഥ കേട്ടിട്ടുണ്ടോ?’
‘ഇല്ല അതെന്താ?’
‘ഒരിക്കല്‍ കാറ്റ് അരുവിയോട് പറഞ്ഞു നീ മലമുകളില്‍ മഴയായി പെയ്ത് ഗ്രാമങ്ങളിലൂടെ സഞ്ചരിച്ച് കടലിലെത്തുന്നതിന് മുന്‍പ് മരുഭൂമിയില്‍ വരണ്ടു പോകുന്നു. നോക്കൂ നീ എന്റെ കൂടെ നിന്നാല്‍ ഞാന്‍ നിന്നെ ലക്ഷ്യ സ്ഥാനത്തെത്തിക്കും.’
അരുവി കാറ്റിനോട് പറഞ്ഞു ‘നിനക്ക് പറക്കാം എനിക്ക് മരുഭൂമി താണ്ടാതെ നിവൃത്തിയില്ല. മരുഭൂമിയിലുള്ളവര്‍ക്ക് എന്റെ അവസാന തുള്ളി വെള്ളവും നല്‍കി ഞാന്‍ ജീവനൊടുക്കും’. കാറ്റ് പറഞ്ഞു ‘നോക്കൂ അങ്ങനെ ജീവനൊടുക്കേണ്ട കാര്യമില്ല. മരുഭൂമിയിലൂടെയാണെങ്കിലും കടല്‍ വരെ ഒഴുകൂ എല്ലാവരെയും തഴുകി ഒഴുകൂ നിന്റെ വെള്ളം വറ്റിപ്പോകാതെ ഞാന്‍ നിന്നെ സഹായിക്കാം. സബ് കെ സാഥ് സബ് കാ വികാസ്… അരുവി കാറ്റിന്റെ ശക്തി തിരിച്ചറിഞ്ഞു കാറ്റുമായി സഹകരിച്ച് മരുഭൂമി താണ്ടി കടലിലെത്തി. അങ്ങനെ ഒരു നദി രൂപപ്പെട്ടു. കടലിലെത്തിയ അരുവി നീരാവിയായി കാറ്റിന്റെ സഹായത്തോടെ വീണ്ടും മഴയായി മലമുകളില്‍ പെയ്തു. പിന്നെ ഗ്രാമങ്ങളിലൂടെ സഞ്ചരിച്ച് മരുഭൂമി താണ്ടി കടലിലെത്തി. അങ്ങനെ അതിന്റെ അസ്തിത്വം അതിനു മനസ്സിലായി. ഭൂമിയിലുള്ളതൊന്നും ഭിന്നമല്ലെന്നും സര്‍വ്വവും ഒരേ സത്തയുടെ അഭിന്ന ഭാഗമാണെന്നുമുള്ള സനാതനസത്യവും അതിനു മനസ്സിലായി.’
സുധി സ്വല്പ നേരത്തേയ്ക്ക് മൗനമായി എന്നിട്ട് പറഞ്ഞു. ‘അനാവശ്യമായ തെറ്റിദ്ധാരണയും പഴി ചാരലും സ്വത്വത്തെ നശിപ്പിക്കുന്നതാണ്. സ്വത്വം നശിച്ചാല്‍ പിന്നെ ശുദ്ധമായ നെയ്യിലുണ്ടാക്കിയ ലഡ്ഡുവിനു പകരം പന്നിക്കാട്ടം തിന്നേണ്ടി വരും.’
ഞാന്‍ പറഞ്ഞു:
‘മോനേ… ഇപ്പോഴാണ് മനസ്സില്‍ ശരിക്കും ലഡ്ഡു പൊട്ടിയത് .. ഹ.ഹ.ഹ…’
സുധിയെ നവരാത്രി ആഘോഷത്തിന് ക്ഷണിച്ചുകൊണ്ട് ഞാന്‍ യാത്ര പറഞ്ഞു.
‘തീര്‍ച്ചയായും വന്നിരിക്കും.’ എന്ന് ചിരിച്ചുകൊണ്ടു സുധിയും.