കുറ്റ്യാടിപ്പുഴക്കടവ്. തെക്കുംകിഴക്കും ഭാഗങ്ങളില്‍ നിന്നൊഴുകിയെത്തുന്ന ചെറുപുഴകള്‍ മുക്കണ്ണന്‍കുഴിയുടെ നീലക്കയത്തില്‍ വിലയംകൊണ്ടു വലിയൊരു പുഴയായി പടിഞ്ഞാറോട്ടൊഴുകി. പണ്ട് കോട്ടയംതമ്പുരാന്റെ അനന്തന്‍ എന്ന കുട്ടിക്കൊമ്പനാന വടംകൊണ്ട് കഴുത്തില്‍കെട്ടി വലിപ്പിച്ച മരവുമായി മുങ്ങിച്ചത്ത മുക്കണ്ണന്‍കുഴി, അമ്മ പാടിത്തന്ന നാട്ടിപ്പാട്ടുകഥ ഒരുമാത്ര ഓര്‍ത്തുനിന്നുപോയി. ഖലാസികള്‍ മരത്തെരുപ്പവും തേങ്ങാത്തെരുപ്പവും ഒഴുക്കിക്കൊണ്ടുവരുന്നു. പുരത്തോണികളില്‍ തേങ്ങയും, കൊപ്രയും, മലഞ്ചരക്കുകളും പച്ചമരുന്നുകളും കയറ്റിപ്പോകുന്നു. കടത്തുതോണി തെക്കേക്കടവില്‍നിന്നും ആളെക്കയറ്റി കിഴക്കേക്കടവിലിറക്കി അവിടെനിന്നും ആളെക്കയറ്റി വടക്കേക്കടവിലിറക്കി വീണ്ടും കടത്തുതുടരുന്നു. കടവുകളില്‍ ചരക്കിറക്കാനും കയറ്റാനും ലോറികളും കാളവണ്ടികളും കൈവണ്ടികളും ചുമട്ടുകാരുമുണ്ട്. തലച്ചുമടായി ചരക്കെത്തിക്കുന്നവരും കൊണ്ടുപോകുന്നവരും കുറവല്ല. ചെറുതോണികളും പുരത്തോണികളും കരയിലവിടവിടെയായി കുറ്റിയടിച്ചും പുഴയോരത്തെ മരവേരുകളിലും കയറിട്ടു കെട്ടിനിര്‍ത്തിയിട്ടുണ്ട്. മൂരാട്ടേക്കും തിരിച്ചിങ്ങോട്ടും സര്‍വ്വീസ് നടത്തുന്ന യാത്രാബോട്ടുകളുണ്ട്. കരയില്‍ പച്ചമരുന്നു കെട്ടുകളും വെറ്റിലക്കെട്ടുകളും വെവ്വേറെ അടുക്കിവെച്ചിട്ടുണ്ട്. മറ്റൊരിടത്ത് പച്ചപ്പനയോല അട്ടി. പുഴയോരത്തൊടിയില്‍ നിസ്‌കാരപ്പള്ളി. കുറച്ചിടനടന്നാല്‍ ചായക്കടയും മറ്റുവ്യാപാര സ്ഥാപനങ്ങളും.
ഊതക്കാറ്റില്‍ പുഴച്ചൂര്, കരയിലെ അംബരചുംബികളായ വന്‍മരങ്ങളുടെ പച്ചത്തലപ്പുകളില്‍ നിന്നും ചെമ്പരുന്തുകള്‍ ഉയര്‍ന്നുപൊങ്ങി എലായിപ്പറന്ന് തിരിച്ചെത്തുന്നു. മരച്ചില്ലകളില്‍ ഭീമന്‍ വാവ ലുകള്‍ തൂങ്ങിക്കിടന്നാടുന്നു. നീലാകാശത്തില്‍ കോറിവരച്ചുകൊണ്ട് കൊറ്റികള്‍ മത്സരിച്ചുപറക്കുന്നു. താഴെ കാക്കപ്പട. മരത്തണലുകളിലിരുന്ന് ചിലര്‍ ചൂണ്ടയിടുന്നു. പുഴയോരത്തൊരുക്കിവെച്ച കല്ലുകളില്‍ തുണിയടിച്ചലക്കുന്നവരും നീന്തിക്കുളിക്കുന്നവരുമുണ്ട്. തൂണിയടിച്ചലക്കുന്നതിന്റെയൊച്ച അകലങ്ങളില്‍ മാറ്റൊലിക്കൊണ്ടു. ആരൊക്കെയോ ആരെയൊക്കെയോ ഉച്ചത്തില്‍ കൂവിവിളിക്കുന്നു. ചന്തപ്പുരുഷാരം.
എന്റെ ബാല്യത്തില്‍ അന്നൊരിക്കല്‍ അച്ഛന്റെ കൂടെ കുറ്റ്യാടിക്കടവിലെത്തിയപ്പോള്‍ കണ്ട കാഴ്ചകള്‍, അനുഭവങ്ങള്‍.
അച്ഛന്‍ ചെന്ന് കുടപ്പനയോലക്ക് വിലചോദിച്ചുവന്നു. നാളെ തിരിച്ചുപോകുമ്പോള്‍ കുറച്ചുവാങ്ങാ മെന്നും പറഞ്ഞു. മഴക്കാലത്ത് പനയോലകൊണ്ട് അച്ഛന്‍ തലക്കുടയുണ്ടാക്കി വില്ക്കാറുണ്ട്. വയലില്‍ ഞാറുനടുന്ന പെണ്ണുങ്ങള്‍ക്ക് മഴയത്ത് ചൂടാന്‍ വിരിയോലയുണ്ടാക്കാനും പനയോലവേണം.
വെള്ളൂര്‍ക്കാവില്‍ വെള്ളാട്ടുത്സവത്തിന് ഇക്കുറി എന്നെയും കൂടെക്കൂട്ടിയതാ. വര്‍ഷാവര്‍ഷം വ്രതമെടുത്ത് പോകാറുള്ളതാ തലമുറകളായി അച്ഛനവിടത്തെ കോയ്മമാരില്‍ ഒരാളാണ്. ആ വകയില്‍ എന്തൊക്കെയോ അവകാശങ്ങളും അധികാരങ്ങളുമുണ്ട്. ഒറ്റക്കാണ് പോകാറുള്ളത്. കൂടെയൊരാള്‍ ഇതാദ്യം.
വടക്കേക്കരയില്‍ വന്‍മരങ്ങള്‍ നിഴല്‍വിരിച്ച മണല്‍വഴിയിലൂടെ ഞങ്ങള്‍ പടിഞ്ഞാറോട്ട് നടന്നു. പൂഴിക്കടകനടിച്ചും പുഴയിലിറങ്ങി പഞ്ചസാരമണല്‍പ്പരപ്പിനുമേലെ തെളിനീരൊഴുക്കില്‍ മീന്‍കളികണ്ടും വെള്ളം വായിലെടുത്ത് ഉയരത്തില്‍ ചീറ്റിത്തുപ്പി മഴവില്‍ശകലംകണ്ടും അച്ഛന്റെ വഴക്കുകേള്‍ക്കുമ്പോള്‍ ഓടിക്കേറിയുമുള്ള പദയാത്ര. നടവഴി ഇടയ്ക്കിടെ തൊടികളിലൂടെയാകുന്നുമുണ്ട്. മുള്‍ച്ചെടിപ്പൊന്തകള്‍ പുഴയിലേക്ക് പടര്‍ന്നിറങ്ങിയതിനാലാണത്. കൈത്തോടുകള്‍ പുഴയില്‍ച്ചേരുന്നയിടങ്ങളില്‍ തെങ്ങിന്‍ തടികൊണ്ടും കവുങ്ങിന്‍തടികൊണ്ടും നടപ്പാലങ്ങളും കൈവരികളുമുണ്ട്. ഏഴെട്ടുവയസ്സായ എന്നെ കൈക്കുപിടിച്ച് നടപ്പാലം കടത്തുമ്പോള്‍ ചിരിവരും. ആടിയുലയുന്ന തൊട്ടില്‍പാലത്തിലൂടെ ഓടിച്ചാടി എന്നും സ്‌കൂളില്‍പ്പോകുന്ന എന്നെ! അച്ഛന്റെയൊരു കരുതല്‍! രണ്ടനുജന്മാരും ചേട്ടനും രണ്ടു ചേച്ചിമാരുമുണ്ടായിട്ടും എന്തുകൊണ്ട് അച്ഛന്‍ എന്നെമാത്രം കൂടെക്കൂട്ടി എന്നൊരുചോദ്യം മനസ്സിലുയര്‍ന്നുവന്നെങ്കിലും അടക്കി. പുഴക്കരയിലെ പുറമ്പോക്കുകളില്‍ പലയിടത്തും നീറ്റുകക്കച്ചൂളകളും അടയ്ക്കാജാഗകളുമുണ്ട്. ബോട്ടടുപ്പിക്കുന്ന കല്ലൊതുക്കുകളും ചായയും പലഹാരങ്ങളും ഊണും പലവ്യഞ്ജനങ്ങളും ഒറ്റമേല്‍ക്കൂരക്കുകീഴെകിട്ടുന്ന കടകളുണ്ട്. തോണിക്കാര്‍ക്കും ബോട്ടുയാത്രികര്‍ക്കും അത്യാവശ്യത്തിന് ഭക്ഷണം കിട്ടുന്നതവിടങ്ങളില്‍ നിന്നാണ്. ‘ബബബബ’ ഒച്ചയുണ്ടാക്കി ഒരു യാത്രാ ബോട്ട് പടിഞ്ഞാറോട്ടുപോയി. അന്നേരം ബോട്ടില്‍ക്കയറാന്‍ കൊതിതോന്നി. ഊതക്കാറ്റില്‍ മധുരംമണക്കുന്ന മാമ്പഴങ്ങള്‍ ഉതിര്‍ത്തിടുന്ന മാവുകളുണ്ട്. മാമ്പഴമെടുത്ത് കടിച്ചുതിന്നോണ്ടുനടക്കാന്‍ എന്തുരസം!
പുഴയിലിറങ്ങി കയ്യും മുഖവും കഴുകിചിതം വരുത്തി പീടികയില്‍ച്ചെന്ന് ഊണുകഴിച്ചു വീണ്ടും ഇറങ്ങിനടത്തംതന്നെ. സന്ധ്യയായപ്പോള്‍ വടക്കോട്ടേക്കുള്ള ഒരിടവഴിയിലേക്കുതിരിഞ്ഞു. കുറച്ചിട നടന്നപ്പോള്‍ വെട്ടുവഴിയിലൂടെ തൊടിയിലേക്കുകയറി അവിടെ ഓലമേഞ്ഞുപുല്ലിട്ട മണ്‍കട്ടച്ചുമര്‍വീട്. അന്നേരം ഒരു സ്ത്രീ ഉമ്മറത്ത് റാന്തല്‍ വിളക്ക് തെളിയിച്ച് തൂക്കുകയായിരുന്നു. ഞങ്ങളെക്കണ്ടയുടന്‍ പുഞ്ചിരിച്ചുകൊണ്ട് വളരെ ഉത്സാഹപൂര്‍വ്വം അവര്‍ ഇറങ്ങി ഓടിവന്ന് കൈപിടിച്ചടുപ്പിച്ച് ഉമ്മതന്നു. തേച്ചുകുളിച്ച വെന്തവെളിച്ചെണ്ണയുടേയും മുറുക്കാന്റെയും, വിയര്‍പ്പിന്റെയും സമ്മിശ്രഗന്ധം എന്നെപ്പൊതിഞ്ഞു. ഞാനങ്ങ് കാവിലോട്ട് പോവാ.. കൊറച്ച് കഴിഞ്ഞ്…ങ്ങളങ്ങ് വന്നാമതീന്നും പറഞ്ഞ് അച്ഛന്‍ തിരിച്ചു നടന്നു. കണ്‍മറയുന്നതുവരെ ഞാനച്ഛനെനോക്കി.
കഴുത്തില്‍ ഏലസ്സ്, കാതില്‍ കമ്മല്‍, മൂക്കിന്മേല്‍ കൊച്ചുമൂക്കുത്തി, കൈകളില്‍ കുപ്പിവളകള്‍, ചുവന്ന ജമ്പറും വെള്ളമുണ്ടും വേഷം. നല്ലനിറം. അപരിചിതത്വവും അമ്പരപ്പും മാറുംമുമ്പേയവര്‍ എന്നെയങ്ങു സ്വന്തമാക്കി. അവരെപ്പറ്റി അച്ഛനിതുവരെ ഒന്നും പറഞ്ഞിട്ടില്ല. അവരോട് അച്ഛന്‍ ഒന്നും സംസാരിച്ചിട്ടുമില്ല! അവരും അച്ഛനോടൊന്നും സംസാരിച്ചില്ല, ചിരിച്ചതുപോലുമില്ല! വെറുതേ മുഖാ മുഖം ഒന്നു നോക്കിയതേയുള്ളൂ എനിക്കെന്തോതോന്നി! അവരുടെ ഉത്സാഹത്തിമിര്‍പ്പില്‍ ഞാനൊരു കൊച്ചുകുട്ടിയായി അനുസരണയുള്ളകുട്ടി! എന്നെയവര്‍ പിടിച്ചുവലിച്ചുകൊണ്ടുപോയി ഉമ്മറത്തെ പീഠത്തിലിരുത്തി അകത്തേക്ക് ഓടിമറഞ്ഞു. അകലങ്ങളില്‍ ഇരുള്‍ കനക്കുന്നതുംനോക്കി ഞാന്‍ വെറുതെയിരുന്നു. ചുട്ടെടുത്ത പപ്പടവും തേങ്ങാപ്പൂളും മധുരമുള്ള കട്ടന്‍ചായയും തന്നു. ചായകഴിഞ്ഞപ്പോള്‍ തലയില്‍ വെളിച്ചെണ്ണതേച്ചു തൊടിയിലെ ആള്‍മറയില്ലാത്ത കിണറ്റിന്നരികില്‍ കൊണ്ടുപോയി. വലിയൊരു പാളമുറിച്ചെടുത്തുകൊണ്ടുവന്നു ഉടുപ്പുകളഴിച്ചുമാറ്റി എന്നെയതിലിരുത്തി. പൈതങ്ങളെ പാളയില്‍കിടത്തി കുളിപ്പിക്കുന്നകാര്യം നാട്ടിപ്പാട്ടില്‍ കേട്ടിട്ടുണ്ട്. കുത്തുപാളയും കയറുമെടുത്തു കിണറ്റില്‍നിന്നും കുളിര്‍ജലം കോരി തലയിലൊഴിച്ചു വാസനസോപ്പ്‌തേച്ച് കുളിപ്പിച്ചു. ഇക്കിളിതോന്നി, നാണവും. തീരെ കൊച്ചുകുഞ്ഞായിരുന്നപ്പോള്‍ അമ്മ കുളിപ്പിച്ചിട്ടുണ്ട്. മുതിര്‍ന്നശേഷം സ്വയം കുളിക്കുന്നതായി ശീലം, എന്റെ വരവ് അവര്‍ ആഘോഷിക്കുകയായിരുന്നു. ഏത് ക്ലാസ്സിലാ പഠിക്കുന്നതെന്ന് ഇടയ്ക്ക് ചോദിച്ചപ്പോള്‍ രണ്ടാം ക്ലാസ്സിലാണെന്നും പറഞ്ഞു. അവര്‍ സദാനേരവും പുഞ്ചിരിച്ചുകൊണ്ടിരുന്നു. ഏതോ നാട്ടിപ്പാട്ടിന്റെ ഈണം മൂളിക്കൊണ്ടുമിരുന്നു. കുളികഴിഞ്ഞു ഉടുപ്പിട്ട് ഉമ്മറത്തെക്കട്ടിലില്‍ ചെന്നിരുന്നു. എനിക്കുമാത്രമായി ഒരമ്മയെക്കിട്ടിയതുപ്പോലെ ഞാനും സന്തോഷവാനായിരുന്നു.
നോക്കെത്തുംദൂരത്ത് കാവില്‍ പെട്രോമെക്‌സ്‌സുകള്‍ എരിയുന്ന പ്രഭാപൂരം. തുടിതാളമേളം, തോറ്റംപാട്ട്, തെയ്യക്കോലങ്ങള്‍ ഉറഞ്ഞുതുള്ളി വെളിപാടുകള്‍ വിളിച്ചു പറയുന്നതുകേള്‍ക്കാം. ഇടയിക്കിടെ അട്ടഹാസം മുഴക്കുന്നുമുണ്ട്. അകലെ വയലിന്നക്കരെ കുന്നിന്‍ചരിവുകളില്‍നിന്നും ആരൊക്കെയോ ഉച്ചത്തില്‍ കൂവി വിളിക്കുന്നു. എവിടെയോ ഒരു നായ തുടരെത്തുടരെ ഓരിയിടുന്നു. പലയിടങ്ങളില്‍നിന്നും ചൂട്ടുകറ്റപ്പന്തങ്ങള്‍ കൂരിരുട്ടിനെ കീറിമുറിച്ചുകൊണ്ട് കാവിനെ ലക്ഷ്യമാക്കി നിങ്ങുന്നു. അടുത്തെവിടെയോ ഒരു വീട്ടില്‍നിന്ന് ഒരു പൈതല്‍ നിര്‍ത്താതെ കരയുന്നുണ്ട്. പാശ്ചാത്തലത്തില്‍ ചീവീടുകളുടെ സമൂഹസാധകം.
ഇടയ്ക്കവര്‍ പേന്‍ചീര്‍പ്പുമായി വന്നു. തലയില്‍ ചീകി പേനെടുത്തു. അന്നേരം ഉറക്കം വന്നു. ഉറങ്ങല്ലേ മോനേ ചോറ് തിന്നിട്ടുറങ്ങാമെന്നും പറഞ്ഞു ചീര്‍പ്പുംകളഞ്ഞു അകത്തേക്കോടി. മീന്‍ മുളകിട്ടതും കുത്തരിച്ചോറും കാച്ചിയ പപ്പടവുമായെത്തി എന്നെയൂട്ടി. അവരും കഴിച്ചു. മോന് വെള്ളാട്ടം കാണണോന്നുണ്ടെങ്കില്‍ പോകാമെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ മിണ്ടിയില്ല. എനിക്കത്ര താല്‍പര്യം തോന്നിയില്ല. നടന്ന ക്ഷീണമുണ്ട്. നല്ല ഉറക്കച്ചടവും. ‘ഈയൊരു മോന്തിക്ക് മ്മക്കമ്മയും മോനുമായി കെടന്നൊറങ്ങാം. നാട്ടിപ്പാട്ട് പാടിത്തരാം ഞാന്‍’ അവര്‍ പറഞ്ഞപ്പോള്‍ ഞാനനുസരിച്ചു. അച്ഛന്‍ വന്നുവിളിച്ചതുമില്ല. പോയതുമില്ല.
ഇവിടെ വേറെയാരുമില്ലേന്ന് ചോദിക്കണമെന്ന് തോന്നിയെങ്കിലും ചോദിച്ചില്ല. ഉണ്ടെങ്കില്‍ തന്നെ അവര്‍ കാവില്‍ പോയതായിരിക്കാം. അകത്തളത്തില്‍ പായവിരിച്ചു എന്നെ വിളിച്ചു കിടത്തി. ചുമരുംചാരിയിരുന്ന് അവര്‍ എന്റെ തല മടിയില്‍ കേറ്റിവെച്ചു മുടിയില്‍ വിരലുകളോടിച്ചു. പൂമാതൈ പൊന്നമ്മയുടെ നാട്ടിപ്പാട്ട് പാടി. അമ്മ പാടിത്തരുന്ന അതേ പാട്ട്! അവര്‍ക്കും അമ്മയുടെ അതേ വിയര്‍പ്പുഗന്ധം. എല്ലാ അമ്മമാര്‍ക്കും ഒരേ ഗന്ധമായിരിക്കുമോ ആദ്യമായിരുന്നു മറ്റൊരമ്മ എന്നെ ഓമനിക്കുന്നത്. ഇവരാരാ എന്തടിസ്ഥാനത്തിലാ അപ്പന്‍ എന്നെ ഇവരുടെകൂടെ ഇട്ടേച്ചുപോയത്? ചോദ്യങ്ങള്‍ ഉള്ളിലുയര്‍ന്നടങ്ങി. ഒന്നെനിക്കു ബോധ്യമായി ഇവരെന്നെ വല്ലാതെ സ്‌നേഹിക്കുന്നു. നാട്ടിപ്പാട്ടിന്റെ തലോടലില്‍ ഞാനും മയങ്ങിയുറങ്ങി.
എവിടെന്നോ തട്ടലും മുട്ടലും കേട്ടാണുണര്‍ന്നത്. വെളിച്ചം പരക്കുന്നതേയുണ്ടായിരുന്നുള്ളു. അവരുടെ നെഞ്ചില്‍ ചൂടില്‍ പൊക്കിള്‍ച്ചുഴിയുടെ മ്യദുലതയില്‍ ഇളംപൈതലായി ഒട്ടിച്ചേര്‍ന്നുറങ്ങുകയായിരുന്നു ഞാന്‍. എന്റെ മേലുള്ള കരുതലിന്റെ കൈ എടുത്തു എന്നെ അടര്‍ത്തിമാറ്റി അവരെണീറ്റു. അന്നേരം എന്റെ അരയ്ക്കുചുറ്റും ട്രൗസറിന് പകരം ഒരു തോര്‍ത്തുമുണ്ട് ചുറ്റിയിട്ടിരുന്നു.
‘ഒറക്കില്‍ മൂത്രോഴിക്കുന്ന സ്വഭാവോണ്ടല്ലേ? ഉണ്ണിമൂത്രം പുണ്യമൂത്രാന്നല്ലേ എന്നെ നനച്ചു. ട്രൗസറഴിച്ച് കഴുകീട്ടിട്ടുണ്ട്. അവര്‍ കുലുങ്ങിച്ചിരിച്ചു; അന്നേരം പുറത്തുനിന്നും അച്ഛന്റെ വിളി! വാതില്‍ തുറന്നപ്പോള്‍ അരണ്ട വെളിച്ചത്തില്‍ നടുമുറ്റത്ത് അച്ഛന്‍. പെട്ടന്നവരെന്നെ ഈറന്‍ മാറാത്ത ട്രൗസറും ഷര്‍ട്ടുമിടുവിച്ചു.
”മോനിതുവരെ അമ്മേന്ന് വിളിച്ചില്ല.. ഞാന്‍ പ്രസവിക്കേണ്ടതായിരുന്നു നിന്നെ…” വിതുമ്പിക്കൊണ്ട് സ്വരം താഴ്ത്തി ചെവിയില്‍ മന്ത്രിച്ചു. മുണ്ടിന്റെ കോന്തലയുയര്‍ത്തി ഈറന്‍മിഴികള്‍ അമര്‍ത്തിത്തുടച്ചു മാറിനിന്നു.
അമ്മേ ഞാന്‍ പോട്ടേന്ന് പറഞ്ഞു മുറ്റത്തേക്കിറങ്ങി. അന്നേരം അവരും മുറ്റത്തേക്കിറങ്ങിയെത്തി. ഒരു പച്ചോലപ്പന്ത് കയ്യില്‍വെച്ചുതന്നു. അന്നേരം അവരുടെ ചുടുനിശ്വാസം എന്റെമുഖത്തടിച്ചു.
”മോനുറങ്ങിയപ്പം…. ഇട്ടപ്പുറത്തെ തെങ്ങിന്‍ തയ്യില്‍നിന്നും പച്ചോലയെടുത്ത് വിളക്ക് കത്തിച്ചിരുന്ന് ഞാനുണ്ടാക്യതാ ഇതല്ലാതെ മറ്റൊന്നും…..”
പതിഞ്ഞ സ്വരത്തില്‍ ഇടര്‍ച്ചയോടെ അവര്‍ പറഞ്ഞൊപ്പിച്ചു. ഒരമ്മ മനസ്സ് തേങ്ങുന്നത് ഞാന്‍ കണ്ടുനിന്നു. പന്ത് കൈപ്പിടിയില്‍ നിന്ന് തുടിക്കുന്നതായും തോന്നി!
അവര്‍ നടുമുറ്റത്തിറങ്ങി നിലകൊണ്ടു. അച്ഛന്‍ അവരോടോ അവര്‍ അച്ഛനോടോ ഒന്നുമുരിയാടിയില്ല! അമ്മേ… ഞാന്‍ പോട്ടേന്ന് ഒരിക്കല്‍ക്കൂടി പറഞ്ഞപ്പോള്‍ അവര്‍ ഓടിയടുത്തു കെട്ടിപ്പിടിച്ചു. ഉമ്മതന്നു.
തിരിഞ്ഞുനോക്കാതെ നടന്നകലുന്ന അച്ഛന്റെ പിന്നാലെ തിരിഞ്ഞുനോക്കിക്കൊണ്ട് ഞാനും നടന്നു. ഇടവഴിയിലേക്കിറങ്ങാന്‍ നേരം അവസാനമായൊരിക്കല്‍ക്കൂടി ഞാന്‍ തിരിഞ്ഞുനോക്കി.
അന്നേരം തെങ്ങോലത്തലപ്പുകള്‍ക്കിടയിലൂടെ ചിതറിവീഴുന്ന പ്രഭാതസൂര്യരശ്മികള്‍ കല്ലിച്ചു നിന്നുപോയ അവരെ സ്വര്‍ണ്ണം പൂശുകയായിരുന്നു.