മഹാകവി അക്കിത്തത്തിലൂടെ മലയാള കവിത ഒരിക്കല്‍കൂടി ഭാരതീയസാഹിത്യത്തിന്റെ നെറുകയിലെത്തിയിരിക്കുന്നു. മലയാള കവിതയുടെ ഭാവുകത്വത്തെ ആധുനികതയിലേക്ക് നയിച്ച അക്കിത്തത്തെത്തേടി നവംബര്‍ 29ന് 55-ാമത് ജ്ഞാനപീഠ പുരസ്‌കാരം എത്തിയപ്പോള്‍ കവിതയെന്ന സാഹിത്യരൂപത്തെക്കുറിച്ച് നാം കുറച്ചുകാലമായി പുലര്‍ത്തിപോന്നിരുന്ന പല മുന്‍ധാരണകളും ചോദ്യം ചെയ്യപ്പെടും. കവിതയുടെ പാരമ്പര്യ വഴികള്‍ പൂര്‍ണമായി തിരസ്‌കരിച്ചാലേ പുതിയ കാലത്തിന്റെ കവിയാവൂ എന്ന മുന്‍വിധി അക്കിത്തത്തിനെപ്പോലൊരു കവിക്ക് പഥ്യമായിരുന്നില്ല. എന്നുകരുതി അദ്ദേഹം ‘പുരാണമിത്യേവ സാധുസര്‍വ്വം’ എന്ന പക്ഷക്കാരനുമല്ല. തിരസ്‌കാരമല്ല, പരിഷ്‌കരണമാണ് തന്റെ മാര്‍ഗ്ഗമെന്ന് അക്കിത്തം ഉറച്ചുവിശ്വസിച്ചു. അതുകൊണ്ടുതന്നെ, പലരും കരുതുന്നതുപോലെ ‘തമസ്സോമാ ജ്യോതിര്‍ഗമയ’ എന്ന ദര്‍ശനത്തിന്റെ തിരസ്‌കാരമല്ല ‘വെളിച്ചം ദു:ഖമാണുണ്ണി തമസ്സല്ലോ സുഖപ്രദ’മെന്ന കവിവാക്യം. ‘നരജീവിതമാകിയ വേദനയ്‌ക്കൊരുമട്ടര്‍ഭകര്‍ ഔഷധങ്ങള്‍ താന്‍’”എന്ന ആശ്വാസത്തിന്റെ വിപരീതമല്ല ‘നിരത്തില്‍ കാക്ക കൊത്തുന്നു ചത്തപെണ്ണിന്റെ കണ്ണുകള്‍’ എന്ന യാഥാര്‍ത്ഥ്യം. ‘തന്നാല്‍ കരേണ്ടവരെത്രപേരോ, താഴത്തു പാഴ്‌ച്ചേറിലമര്‍ന്നിരിക്കെ താനൊറ്റയില്‍ ബ്രഹ്മപദം കൊതിക്കും, തപോനിധിക്കെന്തൊരു ചാരിതാര്‍ത്ഥ്യം’” എന്ന ആശയത്തില്‍ നിന്നും ‘അകലെയല്ല “നിരുപാധികമാം സ്‌നേഹം ബലമായ് വരും ക്രമാല്‍ അതാണഴ, കതേസത്യം അതു ശീലിക്കില്‍ ധര്‍മ്മവും’”എന്ന ആശയം. ‘ലോകമേ തറവാട് തനിക്കീ ചെടികളും പുല്‍കളും പുഴുക്കളും കൂടിത്തന്‍ കുടുംബക്കാര്‍’ എന്ന വിശാലവീക്ഷണത്തിന് എതിരല്ല ‘എന്റെയല്ലെന്റെയല്ലീ കൊമ്പനാനകള്‍ എന്റെയെല്ലീ മഹാക്ഷേത്രവും മക്കളേ’ എന്ന വീക്ഷണം. ‘പുഞ്ചിരി ഹാ കുലീനമാം കള്ളം’ എന്ന തിരിച്ചറിവിന്റെ നിഷേധമല്ല ‘ഒരു പുഞ്ചിരി ഞാന്‍ മറ്റുള്ളവര്‍ക്കായ് പൊഴിക്കവേ ഹൃദയത്തിലുലാവുന്നു നിത്യനിര്‍മല പൗര്‍ണമി’ എന്ന ബോധ്യം. വൈവിധ്യത്തെ വൈരുദ്ധ്യമായെണ്ണുന്നവര്‍ക്ക് വേണമെങ്കില്‍ ഇവയെല്ലാം തിരസ്‌കാരമാണെന്നും നിഷേധമാണെന്നും വാദിക്കാം. എന്നാല്‍ വൈവിധ്യത്തെ സമന്വയിക്കാനാണ് തന്റെ എളിയ ശ്രമമെന്ന് അക്കിത്തം തന്റെ കവിതകളിലൂടെ പലവുരു വ്യക്തമാക്കിയിട്ടുണ്ട്.
ഭാരതീയ സംസ്‌കാരവും അതിന്റെ വിസ്തൃതമായ പാരമ്പര്യവും അക്കിത്തത്തിന്റെ കവിതയ്ക്ക് എന്നും ഊര്‍ജ്ജസംഭരണികളായിട്ടുണ്ട്. അതേസമയം തന്റെ നാട്ടുവഴികളിലെ ഏറ്റവും സൂക്ഷ്മരൂപിയായ അനുഭവങ്ങളെയും കവി തുടക്കം മുതല്‍ക്കേ ഒപ്പം ചേര്‍ത്തുവെച്ചിരുന്നു. ദേശീയപശ്ചാത്തലത്തില്‍ തന്റെ ദര്‍ശനം അവതരിപ്പിക്കുമ്പോഴും പ്രാദേശിക മാനങ്ങളെ എങ്ങനെ സമര്‍ത്ഥമായുപയോഗിക്കാം എന്ന് അക്കിത്തം കാട്ടിത്തന്നു. അക്കിത്തം കവിതകളില്‍ സുലഭമായുള്ള നാടോടിവിജ്ഞാനീയം ഇതിന് സാക്ഷ്യം വഹിക്കുന്നുണ്ട്. ഇവിടെയും വൈവിധ്യങ്ങളെ വൈരുദ്ധ്യങ്ങളായല്ല, സമന്വയത്തിനുള്ള ഉപാധികളെന്ന നിലയിലാണ് മനസ്സിലാക്കേണ്ടത്. അതായത് അക്കിത്തം കവിതകളിലെ ഭാരതീയ പരമ്പര്യത്തിന് വിരുദ്ധമല്ല അവയിലെ നാടോടി പാരമ്പര്യം എന്നര്‍ത്ഥം.
കവിതയുടെ നാട്ടുവഴി
ഭാഷയുടെ ഏറ്റവും പ്രാക്തനവും സുന്ദരവുമായ മുഖം നാം കാണുന്നത് നാടന്‍ പാട്ടുകളിലാണ്. മഹാകവി ഉളളൂര്‍ പറഞ്ഞതുപോലെ, പാടുവാന്‍ വിശേഷിച്ച് ഗായകത്വമോ കേട്ടാനന്ദിക്കാന്‍ പ്രത്യേകിച്ച് വൈദുഷ്യമോ വേണ്ടാത്ത ഈ പാട്ടുകള്‍ ഹൃദയത്തില്‍നിന്ന് പുറപ്പെട്ട് ഹൃദയത്തില്‍ അലിഞ്ഞു ചേരുന്നവയാണ്. നാടന്‍പാട്ടുകളിലും അതിന്റെ താളത്തിലും അഭിരമിക്കാത്ത കവികളില്ല. അക്കിത്തത്തിന്റെ കവിതകളില്‍ നാടന്‍പാട്ടുകളുടെ ഒരു വലിയ ലോകംതന്നെയുണ്ട്. താന്‍ ജനിച്ചുവളര്‍ന്ന ഗ്രാമത്തിന്റെ ആത്മാവില്‍നിന്നാണ് അക്കിത്തം നാടന്‍പാട്ടുകള്‍ ശേഖരിക്കുന്നത്.
അല്ലിമലര്‍ക്കാവില്‍ കൂത്തുകാണാന്‍പോയി
അഞ്ചുവയസ്സായോരുണ്ണിയാം ഞാനേകന്‍ (കൂത്തുകാണാന്‍)
എന്ന വരികളില്‍ വടക്കന്‍ പാട്ടുകളിലെ ഉണ്ണിയാര്‍ച്ച നമ്മുടെ മുന്നിലേക്ക് വരുന്നു.
എച്ചുമി’പ്പിച്ചാപിച്ചാ’പഠിപ്പിച്ചാളെന്നെ,-
യെച്ചുമി’ധരിപ്പിച്ചാളന്നെന്നെ ‘കാക്കേപൂച്ചേ”(പാവപ്പെട്ട ധാത്രി)
അക്ഷരം കൂട്ടിച്ചൊല്ലുന്ന കാലത്തുതന്നെ നാടന്‍പാട്ടുകളുമായുള്ള ബന്ധം കവി തുടങ്ങിയിട്ടുണ്ടെന്നാണ് ഇതില്‍നിന്നും മനസ്സിലാക്കാന്‍ കഴുയുന്നത്.
കോഴി മുഴുക്കെ കൂവീല
കോണി കുലുക്കി പാഞ്ഞെത്തി
കോസറി തട്ടിവിളിച്ചു, മോനേ
കോവാലാ കോവാലാ?”(അയ്യപ്പന്‍ വിളക്കിന്റെ അല)
എന്നെഴുതാന്‍ അക്കിത്തത്തിന് പ്രചോദനമായത് നാടന്‍പാട്ടുമായുളള ഈ ബന്ധമാണ്.
നാടന്‍ പാട്ടുകളെന്നപോലെ നാടന്‍ താളങ്ങളുടെ ആകര്‍ഷണവലയവും അക്കിത്തത്തിന്റെ കവിതകളിലുണ്ട്, കുട്ടികള്‍ക്കുവേണ്ടിയെഴുതിയ കവിതകളില്‍ പ്രത്യേകിച്ച്.
എങ്ങോട്ടുപോണു മുത്ത്യമ്മേ?
ചാത്തൂനെ കണ്ടോ കുട്ട്യോളേ?”(കണ്ടവരുണ്ടോ)
എന്നിടത്ത് നാടന്‍താളത്തിന്റെ ലാളിത്യം നാം അനുഭവിക്കുന്നു.
നാടന്‍ പാട്ടുകള്‍ക്ക് സമാന്തരമായി നാടന്‍ കഥകളുണ്ട്. ഒന്ന് പദ്യമാണെങ്കില്‍ മറ്റൊന്ന് ഗദ്യമാണെന്ന വ്യത്യാസമേയുളളൂ. ഇവ രണ്ടും സമൂഹത്തിന്റെ സാംസ്‌കാരികമായ നിര്‍മിതികളാണ്. അക്കിത്തത്തിന്റെ കവിതകളില്‍ നാടന്‍കഥകളുടെ പ്രത്യക്ഷ സ്വാധീനം കാണാം.
കാക നീയായിരം കൊല്ലമായ്-
ക്കൂകി കുയിലിനെപ്പൊലിരുന്നെന്തിനോ,
നിന്‍ ഗീതി കേള്‍ക്കെച്ചെവിപൊത്തിനിന്നുക-
ല്ലോങ്ങുന്ന മന്നിനാല്‍ മാനിതനാകുവാന്‍ (പടയാളി)
എന്നിടത്ത് കാക്കയെയും കുയിലിനെയും സംബന്ധിച്ച പ്രസിദ്ധമായ നാടന്‍കഥയുണ്ട്.
കാശിക്കുപോയൊരു പൂശാരിരാമനെ
കാശിയിലെങ്ങും കണ്ടില്ല”(പൂശാരിരാമന്‍)
ഇവിടെ മണ്ണാങ്കട്ടയും കരിയിലയും കൂടി കാശുപോയ നാടോടിക്കഥയുടെ അന്തര്‍ധാര കാണാം.
നാടോടിവിജ്ഞാനീയത്തിലെ പ്രധാന വിഭാഗമാണ് പുരാവൃത്തം. വിശാലമായ അര്‍ത്ഥത്തില്‍ നാടോടിക്കഥയുടെ ഭാഗംതന്നെയാണിത്. ചരിത്രപരമായ തെളിവുകളില്ലെങ്കിലും ഒരു സമൂഹം ഒന്നടങ്കം വിശ്വസിക്കുന്ന സംഭവകഥകളാണ് പുരാവൃത്തം. ആധുനിക കവികള്‍ തങ്ങള്‍ ജീവിക്കുന്ന കാലഘട്ടത്തിന്റെ സങ്കീര്‍ണ്ണതകള്‍ അവതരിപ്പിക്കാനാണ് പൊതുവെ പുരാവൃത്തങ്ങളെ ആശ്രയിക്കുന്നത്.
പഴയൊരു കഥയെ അടിസ്ഥാനമാക്കി കലാകാരന്റെ വ്യഥ അവതരിപ്പിക്കുന്ന അക്കിത്തത്തിന്റെ കവിതയാണ് വെണ്ണക്കല്ലിന്റെ കഥ.
ആരിപ്പഴങ്കഥയെന്നോടു ചൊല്ലിയെ-
ന്നാവില്ലെനിക്കു വിശദമാക്കാന്‍
സത്യമെന്നല്ലാതെ പേരവന്നില്ലല്ലോ
ഹൃത്തൊഴിഞ്ഞില്ലല്ലോ വിഗ്രഹവും (വെണ്ണക്കല്ലിന്റെ കഥ)
എന്നു പറയുമ്പോള്‍ പുരാവൃത്തത്തിന്റെ ശക്തിയാണ് അക്കിത്തം തുറന്നുകാട്ടുന്നത്.
നാടോടിവിജ്ഞാനീയത്തില്‍ പുരാവൃത്തംപോലെ നിര്‍വചിക്കാന്‍ പ്രയാസമുളള മറ്റൊരു പദമാണ് ഐതിഹ്യം. പുരാവൃത്തവും ഐതിഹ്യവും തമ്മിലുളള ബന്ധവും വ്യത്യാസവും വിശദമായ പഠനത്തിന് വിധേയമായിട്ടുണ്ട്. ഒരു ജനതയുടെ സംസ്‌കാരവുമായും ചരിത്രവുമായും ഏതെങ്കിലും രീതിയില്‍ ബന്ധപ്പെടുന്ന കഥകളാണ് ഐതിഹ്യങ്ങള്‍. ഐതിഹ്യങ്ങള്‍ തുറന്നുതരുന്ന വലിയ കലവറകള്‍ ഏറ്റുവാങ്ങിയ കവിയാണ് അക്കിത്തം..
ഈ നാട്ടിലണ്ണാന്റെ പുറത്ത് നീളെ-
ക്കാണുന്നതെന്താണിതു, മൂന്ന് രേഖ (മുതുകത്ത് വരയില്ലാത്ത അണ്ണാന്‍)
എന്നിടത്ത് സേതുബന്ധനത്തെ സംബന്ധിച്ച ഐതിഹ്യമാണുളളത്.
ആഗതന്‍ മഹാബലിതന്നെയാഹ്ലാദിച്ചാ-
രാതിഥേയരാം ഞങ്ങള്‍, ഓര്‍മ്മ വന്നില്ലേ സര്‍വം”(സുഹൃത്തിനുളള കത്ത്)
എന്ന വരികളില്‍ മഹാബലിയുടെ ഐതിഹ്യം കടന്നുവരുന്നു.
ഏതൊരുഭാഷയുടെയും ഏറ്റവും തനതായ പ്രാക്തനരൂപങ്ങളാണ് പഴഞ്ചൊല്ലുകള്‍. പാരമ്പര്യമായി പ്രയോഗത്തിലുളളതും ഉപദേശസ്വഭാവമുളളതുമായ സംക്ഷിപ്തപ്രസ്താവനയാണ് പഴഞ്ചൊല്ലുകള്‍. ഭാഷയുടെ വിനോദതലമാണ് ഇവിടെ കാണാന്‍ കഴിയുക. അക്കിത്തത്തിന്റെ ‘’ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം’ എന്ന കവിതയിലെ ചില പഴഞ്ചൊല്ലുകള്‍ നോക്കുക-
കൈയ്യൂക്കുളളവനേ കാര്യ-
ക്കാരനെന്നു ധരിക്കുക,
അര്‍ഹിപ്പതതിജീവിക്കു-
മെന്നല്ലോ തത്വസംഹിത”
കൈയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍’ എന്ന പഴഞ്ചൊല്ല് ഇവിടെ നേരിട്ടുപയോഗിച്ചിരിക്കുന്നു.
ഊഹിക്കുന്നു കണ്ണുപൊട്ടരാനയെക്കണ്ടമാതിരി എന്നിടത്ത് അന്ധര്‍ ആനയെകണ്ടതുപോലെ’ എന്ന പഴഞ്ചൊല്ലുണ്ട്.
ഏട്ടിലെ പശു തിന്നട്ടെ
തൃണമെന്നു നടിച്ചു ഞാന്‍”
എന്ന സന്ദര്‍ഭം ‘ഏട്ടിലെ പശു പുല്ലുതിന്നില്ല’ എന്ന പഴമൊഴിയുടെ മറ്റൊരു രൂപംതന്നെ.
ഭാഷയില്‍ വിവര്‍ത്തനക്ഷമമല്ലാത്ത വല്ലതുമുണ്ടെങ്കില്‍ അതില്‍ ഒന്നാം സ്ഥാനം ആ ഭാഷയിലെ ശൈലികള്‍ക്കായിരിക്കും. കാരണം ശൈലികള്‍ നിര്‍മ്മിക്കപ്പെടുന്നത് അതത് ഭാഷാസമൂഹത്തിന്റെ സാംസ്‌കാരിക പശ്ചാത്തലത്തില്‍നിന്നു കൊണ്ടായിരിക്കും. ഭാഷയുടെ സൂക്ഷ്മമായ പ്രയോഗം വശമാക്കിയിട്ടുളള കവികള്‍ ശൈലിയെ ആശ്രയിക്കുന്നതിന്റെ രഹസ്യമിതാണ്. അധികാരം, അനുവാദം തുടങ്ങിയ അര്‍ത്ഥങ്ങളില്‍ പ്രയോഗിക്കുന്ന ‘കൈച്ചീട്ട്’ എന്ന ശൈലി അക്കിത്തമുപയോഗിക്കുന്നത് നോക്കുക, ജപിച്ചില്ലെങ്കല്‍ പുറമടിച്ചുപൊളിക്കും ഞാന്‍ ശപിക്കാന്‍ കൈച്ചീട്ടുളള ഭൂസുരന്‍ കല്‍പിച്ചപ്പോള്‍”(ഓമന മകന്‍)
കാടുകാട്ടുക എന്ന ശൈലിയാണ്,
കൂട്ടുകൂടി കാടുകാട്ടാന്‍
തുളളിച്ചാടുന്ന കുട്ടികള്‍”
(ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം)
എന്ന വരികളിലുളളത്,
നേരറ്റ നായ്പ്പല്ലിടുക്കിലരയുന്ന
നെയ്യലുവത്തുണ്ടുപോലുരുകീടിലും”(പണ്ടത്തെ മേശ്ശാന്തി)
എന്നിടത്ത്, ‘നായയ്ക്ക് അലുവ കിട്ടിയപോലെ എന്ന ശൈലിയുണ്ട്.
കൂട്ടായ്മയുടെ ആഘോഷങ്ങളാണ് ഉത്സവങ്ങള്‍. ഗ്രാമജീവിതത്തിന്റെ ഏറ്റവും സര്‍ഗ്ഗാത്മകവ്യാപാരം ഉത്സവങ്ങളില്‍ നമുക്ക് ദര്‍ശിക്കാം. ഒട്ടനവധി ചടങ്ങുകളും ചടങ്ങുകളില്‍പെടാത്ത ക്രിയകളും ചേര്‍ന്നതാണ് ഉത്സവം. ഉത്സവാന്തരീക്ഷം കവിതയില്‍ കൊണ്ടുവരാത്ത കവികളില്ല. അക്കിത്തമാവട്ടെ തനി നാട്ടിന്‍പുറത്തുകാരന്റെ ഔത്സുക്യത്തോടെ ഉത്സവങ്ങളെ കവിതയിലാവാഹിച്ച കവിയാണ്. പൂരങ്ങളും അതുമായി ബന്ധപ്പെട്ട ആഘോഷങ്ങളും അക്കിത്തം ആവിഷ്‌കരിക്കുന്നു നോക്കുക-.
കൊച്ചിയാവട്ടെ കൊയിലാണ്ടിയാവട്ടെ
കോമരം തുളളി നാമെത്തുമെങ്ങും
പക്കെത്തെന്‍ കുമ്പവിയര്‍ക്കാതിലഞ്ഞിക്കല്‍
പാറമേക്കാവിന്റെ മേളമില്ല!
അന്തിത്തുടുപ്പെന്‍ മുഖത്തുദിച്ചില്ലെങ്കി-
ലാനക്കുടച്ചന്തം മാറലില്ല!”(കുട്ടികളുടെ തൃശ്ശൂര്‍ പൂരം)
അതെ, അക്കിത്തം നടന്നത് നാട്ടുവഴികളിലൂടെ തന്നെയായിരുന്നു. ജീവിതത്തിലെ ഏറ്റവും സുന്ദരമായ അറിവ് മുക്കുറ്റിപ്പൂവിന്റെ ഇതളെത്രെയെന്ന അറിവാണെന്ന് ‘അടുത്തൂണ്‍’ എന്ന കവിതയില്‍ അക്കിത്തം പറയുന്നുണ്ട്. വയല്‍വരമ്പിലൂടെ പതിയെ നടന്നുപോവുന്ന ഒരു സാധാരണ നാട്ടിന്‍പുറത്തുകാരനു മാത്രമേ ഇത്രയും ലളിതമായി, നിഷ്‌കളങ്കമായി ജീവിതാനുഭവങ്ങളെ, അതില്‍നിന്നും സ്വരൂപിച്ചെടുത്ത അറിവിനെ നോക്കിക്കാണാനാവൂ. എന്നാല്‍ അക്കിത്തത്തിന്റെ കവിതയില്‍ ആര്‍ഷസംസ്‌കൃതിയുടെ മഹാകാശങ്ങള്‍ മാത്രം ദര്‍ശിച്ചവര്‍ ഇക്കാര്യം ശ്രദ്ധിച്ചിട്ടില്ല. ഭാരതീയ പാരമ്പര്യത്തിന്റെ ദര്‍ശനഗരിമയോടൊപ്പം കേരളീയമായ നാട്ടിന്‍പുറത്തിന്റെ ലാളിത്യവും ഇഴചേര്‍ന്നതാണ് അക്കിത്തത്തിന്റെ കാവ്യലോകം. ഒന്ന് മറ്റൊന്നിന് വിരുദ്ധമോ വിപരീതമോ അല്ല. പകരം വൈവിധ്യങ്ങളുടെ സങ്കലനം മാത്രം. അതുകൊണ്ടുതന്നെ അക്കിത്തം ജ്ഞാനപീഠം കയറുമ്പോള്‍ പുരസ്‌കൃതമാവുന്നത് മലയാള കവിതമാത്രമല്ല നമ്മുടെ നാടന്‍ സംസ്‌കൃതികൂടിയാണ്.
അവലംബഗ്രന്ഥങ്ങള്‍
1. അച്യുതന്‍ നമ്പൂതിരി അക്കിത്തം(2009), തെരഞ്ഞെടുത്ത കവിതകള്‍, ഡി.സി.ബുക്‌സ്, കോട്ടയം.
2. വിദ്യാസാഗര്‍ (ജന.എഡിറ്റര്‍) (2011), നമ്മുടെ നാട്ടറിവുകളും പഴഞ്ചൊല്ലുകളും കടങ്കഥകളും, വാല്യം 1-6, ഡി.സി.ബുക്‌സ്, കോട്ടയം.