കോഴിക്കോട്: അക്ഷരത്തിലും ചിത്രകലയിലും നൃത്തത്തിലും വിദ്യാരംഭം കുറിച്ച് കുരുന്നുകള്‍ എഴുത്തിന്റെയും കലയുടെയും ലോകത്ത് ചുവടുവച്ചു. കേസരി നവരാത്രി സര്‍ഗ്ഗോത്സവത്തോടനുബന്ധിച്ച് നടത്തിയ അക്ഷരദീക്ഷയില്‍ നൃത്തത്തിലും ചിത്രകലയിലും വിദ്യാരംഭം കുറിച്ചു. സരസ്വതി നദിയില്‍ നിന്നുകൊണ്ടുവന്ന തീര്‍ത്ഥജലം കൊണ്ട് സരസ്വതീ വിഗ്രഹത്തില്‍ അഭിഷേകം ചെയ്താണ് വിദ്യാരംഭത്തിന് തുടക്കം കുറിച്ചത്. ചിത്രകലയില്‍ 30 കുട്ടികളും നടനത്തില്‍ 25 പേരും ഉള്‍പ്പെടെ ജില്ലയുടെ വിവിധഭാഗങ്ങളില്‍ നിന്നെത്തിയ 115 കുട്ടികള്‍ അക്ഷരദീക്ഷ നേടി.
ചിത്രകലയില്‍ ആര്‍ടിസ്റ്റ് മദനനും രാജഗോപാല്‍ ഇരുവള്ളൂരും നൃത്തത്തില്‍ ഗായത്രി മധുസൂദനുമായിരുന്നു ആചാര്യന്മാര്‍. കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യന്‍, സീമാജാഗരണ്‍ മഞ്ച് ദേശീയ സംരക്ഷക് എ.ഗോപാലകൃഷ്ണന്‍, പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകന്‍ ജെ.നന്ദകുമാര്‍, നടി വിധുബാല, എഴുത്തുകാരന്‍ ഡോ.എ.എം ഉണ്ണികൃഷ്ണന്‍, അധ്യാപിക ഡോ.വി. സുജാത എന്നിവരും കുരുന്നുകള്‍ക്ക് അക്ഷരദീക്ഷ നല്‍കി. കുട്ടികള്‍ക്ക് സാരസ്വത ഘൃതവും പ്രസാദവും നല്‍കി. അക്ഷരദീക്ഷ ലഭിച്ച മുഴുവന്‍ കുട്ടികള്‍ക്കും സമ്മാനവും സര്‍ട്ടിഫിക്കറ്റും നല്‍കി. പുസ്തക, ആയുധ പൂജയും നടത്തി. ശ്രേഷ്ഠാചാര സഭയിലെ വിനോദും പി.എം.അനൂപും കാര്‍മികത്വം വഹിച്ചു.
ഒക്ടോബര്‍ മൂന്നിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ ഉദ്ഘാടനം ചെയ്ത നവരാത്രി ആഘോഷത്തിന് അക്ഷരദീക്ഷയോടെ സമാപനം കുറിച്ചു. സര്‍ഗോത്സവം, വിവിധ വിഷയങ്ങളില്‍ സംവാദം, അനുഗ്രഹ പ്രഭാഷണങ്ങള്‍, വനിതാസംഗമം, സര്‍ഗ്ഗ പ്രതിഭാ പുരസ്‌കാര സമര്‍പ്പണം, യോഗ-സാധനാശിബിരങ്ങള്‍, സംഗീത-ചിത്രചരനാ മത്സരങ്ങള്‍, സംഗീത-നൃത്താര്‍ച്ചനകള്‍, ഭജന, ബൊമ്മക്കൊലു, ഷോര്‍ട്ട്ഫിലിം ഫെസ്റ്റ് തുടങ്ങി വിവിധ പരിപാടികള്‍ നവരാത്രി ആഘോഷത്തിന് പൊലിമ തീര്‍ത്തു. നൂറുകണക്കിന് കലാകാരന്മാരാണ് പത്തുദിവസം നീണ്ടുനിന്ന നവരാത്രി സര്‍ഗോത്സവത്തെ സമ്പന്നമാക്കിയത്.