കോഴിക്കോട്: സര്‍ഗാത്മക ന്യൂനപക്ഷങ്ങളാണ് സമൂഹത്തില്‍ മാറ്റമുണ്ടാക്കുന്നതെന്ന് ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
നമ്മുടെ രാജ്യം കീഴടക്കാന്‍ എത്തിയ വിദേശികളുടെ ഹൃദയം കീഴടക്കിയാണ് ഭാരതം അവരെ തിരിച്ചയച്ചത്. വേദങ്ങളുടെ ആഴവും പരപ്പും കണ്ട് എനിക്ക് തലചുറ്റുന്നുവെന്ന് പറഞ്ഞ മാക്‌സ്മുള്ളറുടെയും കുണ്ഡലിനി ശക്തിയെപ്പറ്റി പുസ്തകമെഴുതിയ സര്‍ ജോണ്‍ വുഡ്രൂഫിന്റെയും ഹൃദയം ഭാരതം കീഴടക്കി. ഭാരതത്തിന്റെ മഹത്തായ പാരമ്പര്യത്തിലും ചരിത്രത്തിലും പൈതൃകത്തിലും ലോകത്തിന്റെ എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരമുണ്ട്. ഒരു നാട് തനിമയിലേക്ക് തിരിച്ചു വരുമ്പോള്‍ അത് ആരെയും കീഴടക്കാനല്ലെന്നും, അതിനെ സര്‍ഗാത്മകമായി കാണണമെന്നും അദ്ദേഹം പറഞ്ഞു.
പൈതൃക സംരക്ഷണത്തിന് മോദി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: കേന്ദ്രമന്ത്രി
കോഴിക്കോട് : കാലത്തിനൊപ്പം സഞ്ചരിക്കാന്‍ കലാവിഷ്‌കാരങ്ങള്‍ സഹായകമാകുന്നുവെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍. ഭാരതത്തിന്റെ കലയും സംസ്‌കാരവും പൈതൃകവും സംരക്ഷിക്കാനും തലമുറകളിലേക്ക് കൈമാറാനും കേന്ദ്രത്തിലെ മോദി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. അതിനായി വ്യക്തമായ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കാഴ്ച പരിമിതി മറികടന്ന് ഉള്‍ക്കണ്ണുകൊണ്ട് കണ്ട് വിജയലക്ഷ്മി അവതരിപ്പിക്കുന്ന സംഗീതത്തിനെ ആദരിക്കുന്നുവെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ കൂട്ടിച്ചേര്‍ത്തു.
സനാതന ധര്‍മ്മ സംരക്ഷണത്തിന് നാം കരുത്താര്‍ജിക്കണം:ജെ. നന്ദകുമാര്‍
കോഴിക്കോട്: സനാതന സംസ്‌കാരം മനുഷ്യനെ ഉയര്‍ത്തുകയാണെന്നും അതിനുള്ള ക്രമീകരണങ്ങളാണ് ഉത്സവങ്ങള്‍ ചെയ്യുന്നതെന്നും മുഖ്യപ്രഭാഷകനായ പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ പറഞ്ഞു. ഇച്ഛാശക്തിയും ജ്ഞാനശക്തിയും നേടി ക്രിയാശക്തി വിനിയോഗിക്കാനാണ് നവരാത്രി ആഘോഷത്തിന്റെ ആത്മീയ സങ്കല്‍പ്പം പഠിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ക്രിയാശക്തി പ്രകടിപ്പിക്കുകയാണ് ഭാരതം ഇപ്പോള്‍. സ്വയം കരുത്താര്‍ജ്ജിക്കണമെന്നും അല്ലെങ്കില്‍ ശാസ്ത്രം പോലും രക്ഷയ്ക്കുണ്ടാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ശാസ്ത്ര ബലം മാത്രമല്ല, ശസ്ത്ര ബലവും വേണം. സായുധ ശക്തി ആര്‍ജിക്കണം, അത് സര്‍വ രംഗത്തും ജനങ്ങളുടെ ഉത്തരവാദിത്തമായി മാറിക്കഴിഞ്ഞിരിക്കുന്നു. മഹത്തായ പാരമ്പര്യം സംരക്ഷിക്കാന്‍ ചെറുത്തുനില്‍പ്പിനു മാത്രമല്ല, പ്രത്യാക്രമണത്തിനും കടന്നാക്രമണത്തിനും നാം കരുത്താര്‍ജ്ജിക്കണം. നവരാത്രി തരുന്ന സന്ദേശം അതാണെന്നും നന്ദകുമാര്‍ പറഞ്ഞു.