മാലിന്യം കേരളത്തില്‍ വലിയൊരു പ്രശ്‌നമായി ഇന്നും നിലനില്‍ക്കുകയാണ്. തിരുവനന്തപുരത്തു ആമയിഴഞ്ചാന്‍ മലിന ജല തോട്ടില്‍ വീണ തൊഴിലാളി മരിച്ചത് ഇന്നത്തെ കേരളത്തിന്റെ ദുരവസ്ഥ ബോധ്യപ്പെടുന്നതാണ്. രക്ഷിക്കാന്‍ പോലും തോട്ടില്‍ ഇറങ്ങാന്‍ പറ്റാത്ത പോലെ മാലിന്യവും ദുര്‍ഗന്ധവുമാണിവിടെ. സംസ്ഥാനത്തെ മിക്കവാറും എല്ലാ ജില്ലകളിലും പ്രധാന കനാലുകളും തോടുകളും ദുര്‍ഗന്ധവും മലിന്യങ്ങള്‍ നിറഞ്ഞൊഴുകുന്ന സ്ഥിതിയിലുമാണ്. എറണാകുളത്ത് പേരണ്ടൂര്‍ കനാലും മുല്ലശ്ശേരി കനാലും, രാമേശ്വരം കനാല്‍, മന്ത്രാകനാല്‍, പഷ്ണി തോട്, പണ്ടാരചിറ തുടങ്ങിയവയെല്ലാം ഘര-ദ്രവ മലിന്യങ്ങളാല്‍ നിറഞ്ഞിരിക്കയാണ്. കോഴിക്കോട് കനോലി കനാല്‍ കല്ലായി പുഴ മാലിനീകരണത്തിന് പ്രധാന കാരണമെന്ന് സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്‌സ് മാനേജ്‌മെന്റ് പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. മാലിന്യ സംസ്‌ക്കരണം കാര്യക്ഷമമല്ലാത്തതാണ് നാട് മുഴുവന്‍ മലിന്യങ്ങളും മലിന ജലവും നിറയാന്‍ ഇടവരുത്തിയത്. മാലിന്യ സംസ്‌ക്കരണത്തിനായി കേരള സര്‍ക്കാര്‍ ചിലവഴിച്ചത് അനേകം കോടികളാണ്. പ്ലാന്റ് നിര്‍മിക്കാന്‍ സ്ഥലം വാങ്ങുന്നതും സംസ്‌ക്കരണത്തിനായി ഉപകരണങ്ങള്‍ വാങ്ങുന്നത് ഉള്‍പ്പെടെ കോടികള്‍ കമ്മീഷന്‍ തുക വെട്ടിച്ചെടുത്തു. സംസ്‌ക്കരണത്തിനുള്ള മനുഷ്യ വിഭവ ശേഷിയുടെ പേരിലും മാലിന്യം നീക്കം ചെയ്യാനുള്ള ലോറികളുടെ പേരിലും തട്ടിപ്പു നടന്നിട്ടുണ്ട്. മാലിന്യ നീക്കത്തിനുള്ള വാഹനങ്ങള്‍ വാങ്ങിയത് പലതും കട്ടപ്പുറത്തായി. മാലിന്യ സംസ്‌ക്കരണം ഒഴികെ ഈ പേരില്‍ പലതും നടന്നു. എന്നാല്‍ മാലിന്യം നാട്ടില്‍ പറന്നും ഒഴുകിയും നടന്നു. മാറി മാറി കേരളം ഭരിച്ച ഭരണ നേതൃത്വങ്ങളും പ്രതിപക്ഷവും മാലിന്യത്തിന്റെ പണം വകമാറ്റിയെടുത്തു ധൂര്‍ത്തടിച്ചിട്ടുണ്ട്. മാലിന്യ സംസ്‌ക്കരണ പ്ലാന്റ് നിര്‍മിക്കാന്‍ പോയ മിക്കവാറും തദ്ദേശ സ്ഥാപനങ്ങള്‍ വെറുംമാലിന്യ ടെമ്പിങ് യാര്‍ഡ് സ്ഥാപിച്ചു കൊണ്ടു സംസ്‌ക്കരണം അവസാനിപ്പിച്ചു.
പ്ലാസ്റ്റിക് മലിനീകരണം
എറണാകുളത്തെ ബ്രഹ്മപുരത്ത് മലിന പ്ലാസ്റ്റിക് കൂമ്പാരം 13 ദിവസം നിന്ന് കത്തി. ആയിരങ്ങള്‍ വിഷപ്പുക ശ്വസിച്ചു ആശുപത്രിയില്‍ ആയി. കഴിഞ്ഞ ഏട്ടൊമ്പത് വര്‍ഷമായി ബ്രഹ്മപുരത്തു മാലിന്യ കൂമ്പാരം കത്തുന്നുണ്ട്. ഇലക്ഷന്‍ കാലത്തും രാഷ്ട്രീയ പാര്‍ട്ടികളുടെ സമ്മേളന സമയത്തും ഉത്സവങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും പള്ളി പെരുന്നാളുകള്‍ക്കും സംസ്ഥാനത്തു അടിച്ചുകൂട്ടുന്ന ഫ്‌ളെക്‌സ് മാലിന്യ യാര്‍ഡുകള്‍ നിറയുകയാണ്. ഇതൊക്കെ ഒരു പൊതു ശല്യമായി തീരുന്ന അവസ്ഥയാണ് ഇന്ന്. കേരളത്തില്‍ പല തദ്ദേശ സ്ഥാപന ങ്ങളിലെ ടെമ്പിങ്ങ് യാര്‍ഡ്കളിലും മാലിന്യത്തിനു തീ പിടിക്കുന്നത് ഇന്ന് പതിവാണ്. പ്ലാസ്റ്റിക് നിരോധനത്തിന്റെ ഭാഗമായി പ്ലാസ്റ്റിക് കവര്‍ വില്പന തടഞ്ഞു കൊണ്ട് എത്രയോ കാലമായി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കുന്നു. എന്നിട്ടും പ്ലാസ്റ്റിക് മലിനീകരണത്തിന് ഒരു കുറവുമില്ല. ഒരു നിയമം നടപ്പാക്കുന്നത് സര്‍ക്കാര്‍ – കോടതി ഉത്തരവ് മാത്രം കൊണ്ടോ, പത്രത്തില്‍ പരസ്യം നല്‍കിയതുകൊണ്ടോ, മാത്രം സാധ്യമല്ല. നിയമ നടപടിയും, പരിശോധനയും, പിടിച്ചെടുക്കലും, ഫൈന്‍ചുമത്തലും, പോലീസ് ഇടപെടലുകളും, നിര്‍മാണം തടയലും, പകരം ഉപയോഗിക്കാവുന്ന കവറുകള്‍ വിപണിയില്‍ സുലഭമാക്കലും, ദൃശ്യ, ശ്രവ്യ, സോഷ്യല്‍ മീഡിയകളിലൂടെ പൊതുജന ബോധവല്‍ക്കരണം നടത്തലുമൊക്കെ ചെയ്യണം. ഇവിടെ മൂത്രം ഒഴിക്കരുത് എന്ന് പറയുമ്പോള്‍ എവിടെ ഒഴിക്കാം എന്നു കൂടി പറയണം. ഭാവി തലമുറയ്ക്ക് വേണ്ടി ഇച്ഛാശക്തിയോടെ പ്ലാസ്റ്റിക് നിരോധനം നടപ്പാക്കാത്തത് കൊണ്ടാണ് എല്ലായിടത്തും പ്രശ്‌നങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നത്. മാലിന്യ സംസ്‌കരണം ഒരു കീറാമുട്ടിയാക്കുന്നതിനു പിന്നില്‍ വന്‍ അഴിമതിയുടെ ലക്ഷ്യമുണ്ട്. വെടക്കാക്കി തനിക്കാക്കുക എന്ന തത്വമാണിവിടെ നടപ്പാക്കി വരുന്നത്. മാലിന്യ സംസ്‌ക്കരണം നടക്കാത്ത കാര്യമാണെന്ന ധാരണ പരത്തുക, ദുരിതം ദുരന്തമാക്കുക, എന്നിട്ട് ദുരന്ത നിവാരണ ഫണ്ട് വരെ ഉപയോഗിക്കാവുന്ന നിലവരുത്തുക. ഖര മാലിന്യങ്ങളും ദ്രവമാലിന്യങ്ങളും കേരളമാകെ സംസ് കരിക്കാതെ കിടക്കുന്നു. കക്കൂസ് മാലിന്യങ്ങളും ജലത്തില്‍ കലരുന്നു. രോഗങ്ങള്‍ പടര്‍ന്ന് പിടിക്കുന്നു. മാലിന്യം കൈകാര്യം ചെയ്യാന്‍ എല്ലാ തദ്ദേശ സ്ഥാപനങ്ങളും വര്‍ഷാ വര്‍ഷം കോടിക്കണക്കിനു രൂപ ചിലവാക്കുന്നുണ്ട്. എന്നാല്‍ പരിഹാരം മാത്രമില്ല. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്കു പരിഹാരമില്ലാത്ത ഭരണം തന്നെ അഴിമതിയാണ്. ഇത്തരം ഭരണ സമിതികള്‍ ഖജനാവ് മുടിപ്പിക്കുന്ന നിരര്‍ത്ഥക ഭരണ സംവിധാനങ്ങളാണ്.
ഗ്രാമങ്ങള്‍ പട്ടണങ്ങളുടെ കുപ്പത്തൊട്ടികള്‍
കേരളത്തില്‍ പല നഗരങ്ങളും നിയന്ത്രണങ്ങള്‍ ഇല്ലാതെ ആര്‍ഭാട ജീവിതം നയിച്ച് ഉണ്ടാക്കുന്ന എല്ലാത്തരം മാലിന്യങ്ങളും കൊണ്ടുതള്ളുവാന്‍ ഉപയോഗിക്കുന്നത് ഗ്രാമപ്രദേശങ്ങളാണ്. ഇത് ഇന്ന് ഒരു മനുഷ്യാവകാശ പ്രശ്‌നമായി മാറിയിരിക്കുന്നു. ഒരു നഗരം കെട്ടിപ്പൊക്കുവാന്‍ വേണ്ട പുഴമണലും, ഇഷ്ട്ടികകളും, പാറയും, ചെങ്കല്ലും, ചതുപ്പുനികത്തുവാന്‍ വേണ്ട മണ്ണും, ആവശ്യത്തിന് കുടിവെള്ളവും നല്‍കി സ്വയം നശിച്ച ഗ്രാമങ്ങള്‍ നഗരങ്ങളുടെ മാലിന്യ നിക്ഷേപത്തിലൂടെ ഒരു കുപ്പത്തൊട്ടിയായി മാറിയതായി നമുക്ക് ചുറ്റും കണ്ണോടിച്ചാല്‍ മനസ്സിലാകും. 2023ലെ കണക്കനുസരിച്ചു സംസ്ഥാനത്തു 6000ല്‍ അധികം വേസ്റ്റ് തള്ളുന്ന ഇടങ്ങളുണ്ട്. ബ്രഹ്മപുരവും, വിളപ്പില്‍ ശാലയും, ഞെളിയന്‍ പറമ്പും, ലാലൂരും, കളമശ്ശേരിയും, വടവാതൂരും, പുല്ലൂറ്റ്, കുന്നപ്പള്ളി, കുരിപ്പുഴ, വെട്ടേക്കോട്, ചുടുകാട്, മാങ്ങാണ്ടിക്കുന്ന് എന്നിവ അതില്‍ ചിലതു മാത്രം. നഗരങ്ങളിലെ ഭൂമി വില അധികമായതിനാല്‍ ഗ്രാമങ്ങളിലെ ഭൂമി വാങ്ങി മാലിന്യ സംസ്‌കരണത്തിന് പകരം മാലിന്യ നിക്ഷേപമാണ് നടത്തുന്നത്. ഇതോടെ ഗ്രാമങ്ങളിലെ വായു ദുഷിക്കുക മാത്രമല്ല കൃഷിയും കുടിവെള്ളവും നശിക്കുന്നതും ആരും കണക്കിലെടുക്കുന്നുമില്ല.
അനിയന്ത്രിതമായ നഗരവല്‍ക്കരണത്തോടെ, മലിനജലവും മാലിന്യവും ഉപയോഗിച്ച് കുടിവെള്ള സ്രോതസ്സുകള്‍ മലിനമാക്കുന്നത് പൊതുജനാരോഗ്യത്തിനും സുരക്ഷയ്ക്കും വലിയ ഭീഷണിയായി മാറിയിരിക്കുന്നു. അഴുക്കുചാലുകള്‍ ഉള്ളതും ഇല്ലാത്തതുമായ പ്രദേശങ്ങളിലെ ജലാശയങ്ങളിലേക്ക് നേരിട്ട് മലിനജലം ഒഴുക്കിവിടുന്നതും സെപ്റ്റിക് ടാങ്ക് മാലിന്യങ്ങള്‍ തോട്ടിലേക്കും കനാലുകളിലേക്കും പുറന്തള്ളുന്നതും സംസ്ഥാനത്തെ ജലപാതയെയും കായലുകളെയും പുഴകളെയും മറ്റും മലിനമാക്കി. സുരക്ഷിതമായ ജലവിതരണവും ശുചിത്വ സൗകര്യങ്ങളുമാണ് സമൂഹത്തിന്റെ ആരോഗ്യകരമായ ജീവിതത്തിന് പ്രഥമ പരിഗണന നല്‍കേണ്ട രണ്ട് അടിസ്ഥാന കാര്യങ്ങള്‍. നിലവില്‍ കേരള വാട്ടര്‍ അതോറിറ്റിക്ക് സംസ്ഥാനത്തെ മലിനജല മേഖലയില്‍ 4% കവറേജ് മാത്രമേ ഉള്ളൂ. അതുകൊണ്ട് നാടുമുഴുവന്‍ മലിന ജലം കൊണ്ടു നിറഞ്ഞു. മലിനജല സംസ്‌ക്കരണം ഉറപ്പാക്കാന്‍ സുപ്രീം കോടതി, ദേശീയ ഹരിത ട്രിബ്യൂണല്‍ എന്നിവയുടെ ഉത്തരവുകള്‍ നിലനില്‍ക്കുന്നുണ്ട്. ഉത്തരവ് പ്രകാരം, എല്ലാ സംസ്ഥാനങ്ങളും/കേന്ദ്രഭരണ പ്രദേശങ്ങളും അവരുടെ ബന്ധപ്പെട്ട വകുപ്പുകളായ നഗര/ഗ്രാമവികസനം, ജലസേചനം, പരിസ്ഥിതി, പൊതുജനാരോഗ്യം, തദ്ദേശ സ്ഥാപനങ്ങള്‍, മുതലായവ വഴി മലിനജല സംസ്‌കരണത്തിനും സംസ്‌കരിച്ച മലിനജലം ഉപയോഗിക്കുന്നതിനുമുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കേണ്ടത് യുദ്ധകാലടിസ്ഥാനത്തിലാണ്. തദ്ദേശ സ്ഥാപനങ്ങളുടെ കെടുകാര്യസ്ഥതയും, അശാസ്ത്രീയ സമീപനങ്ങളും, അഴിമതിയും മൂലം പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമായിരിക്കുകയാണ്. സുപ്രീം കോടതി നിര്‍ദ്ദേശിച്ച സമയക്രമം പാലിച്ചുകൊണ്ട് ഓരോ നഗരത്തിലും പട്ടണത്തിലും ഗ്രാമത്തിലും മലിനജല സംസ്‌കാരണം നടപ്പിലാക്കേണ്ടതുണ്ട് പക്ഷെ നാടെങ്ങും മലിനജലം ഒഴുകുന്നു. കക്കൂസ് മാലിന്യം കിണറുകളില്‍ എത്തുന്ന അവസ്ഥ ഇന്ന് കേരളത്തിലുണ്ട്.
മലിനജല സംസ്‌ക്കരണം
ഖര മാലിന്യ സംസ്‌ക്കരണം എന്നുപറഞ്ഞാല്‍ ജനങ്ങള്‍ക്ക് അല്‍പ്പമെങ്കിലും മനസ്സിലാകും. എന്നാല്‍ മലിന ജല സംസ്‌കരണത്തെ കുറിച്ച് ജനങ്ങള്‍ക്ക് തീരെ പരിചയമില്ലെന്നതാണ് പ്രശ്‌നം. സര്‍ക്കാരിന് പോലും വിജയകരമായി സംസ്ഥാനത്തു മലിനജല സംസ്‌ക്കരണം നടത്താനായിട്ടില്ല. മലിനജല സംസ്‌ക്കരണം നടത്തേണ്ടത് സുസ്ഥിര വികസനത്തിനും പരിസ്ഥിതി സംരക്ഷണത്തിനും അത്യന്താപേക്ഷിതമാണ്. കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടുള്ള ഒന്നാണ് ദ്രവമാലിന്യം. എല്ലാത്തരം വസ്തുവകകളില്‍ നിന്നുമുള്ള രാസമാലിന്യങ്ങളും മറ്റ് മലിനീകരണങ്ങളും കൈകാര്യം ചെയ്യേണ്ടത് അത്യാവശ്യവുമാണ്. കുടിവെള്ള സ്രോതസ്സുകള്‍ മലിനമാകുന്നതിനു പ്രധാന കാരണം മലിന ജലമാണ്. കേരളത്തില്‍ സര്‍വത്ര ജലമുണ്ടെങ്കിലും മലിനീകരണം മൂലം കുടിക്കാന്‍ പറ്റാത്ത അവസ്ഥയിലാണെന്ന് മാത്രം.
ഗാര്‍ഹിക ദ്രാവക മാലിന്യങ്ങള്‍
വീടുകളിലെ അപകടകരമായ ദ്രാവക മാലിന്യങ്ങളില്‍ സാധാരണയായി ദോഷകരമായ രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്. മിക്കപ്പോഴും, ഈ ദ്രാവക മാലിന്യങ്ങള്‍ ക്ലീനിംഗ് ഏജന്റുമാരുടെ ശുചീകരണത്തിലൂടെയും തെറ്റായ നിര്‍മാര്‍ജനത്തിലൂടെയും ഉണ്ടാകുന്നു. അപകടകരമായ ഗാര്‍ഹിക ദ്രവമാലിന്യങ്ങള്‍ ശരിയായ രീതിയില്‍ സംസ്‌കരിക്കേണ്ടത് അത്യാവശ്യമാണ്. ഡിറ്റര്‍ജന്റുകള്‍, അണുനാശിനികള്‍ എന്നിവയുള്‍പ്പെടെയുള്ള ശുചീകരണ ഉല്‍പ്പന്നങ്ങള്‍ ദ്രവമാലിന്യം സൃഷ്ടിക്കും. ഈ ഉല്‍പ്പന്നങ്ങളില്‍ ജലസ്രോതസ്സുകളെ മലിനമാക്കുന്ന ദോഷകരമായ രാസവസ്തുക്കള്‍ അടങ്ങിയിരിക്കാം. പാരിസ്ഥിതിക നാശം തടയുന്നതിനും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും ക്ലീനിംഗ് ഉല്‍പന്നങ്ങള്‍ ശരിയായ രീതിയില്‍ നീക്കം ചെയ്യേണ്ടത് അത്യാവശ്യമാണ്. ഖരമാലിന്യത്തിലൂടെ കടന്നുപോകുന്ന ജലത്തെ വിവരിക്കാന്‍ ഉപയോഗിക്കുന്ന പദമാണ് ലീച്ചെറ്റ്. വെള്ളം കടന്നുപോയാല്‍, അത് ഒരു ദ്രാവക മാലിന്യമായി മാറുന്നു. ഉദാഹരണത്തിന്, മലിനമായ മണ്ണിലൂടെ കടന്നുപോകുന്ന വെള്ളം ലീച്ചേറ്റ് ആയി മാറുന്നു.
ഗാര്‍ഹിക ടാങ്ക് മാലിന്യങ്ങള്‍
ശരിയായ ഡ്രെയിനേജ് ഇല്ലാത്ത ഹോള്‍ഡിംഗ് ടാങ്കില്‍ നിന്നുള്ള മാലിന്യമാണിത്. സെപ്റ്റിക് ടാങ്ക് മാലിന്യത്തിന് സമാനമായി കാണേണ്ട ഒന്നാണിത്.
മെഡിക്കല്‍ ദ്രവ മാലിന്യം
ഏതെങ്കിലും മെഡിക്കല്‍ കോംപ്ലക്‌സില്‍ നിന്നോ ആശുപത്രി അല്ലെങ്കില്‍ ക്ലിനിക്ക് പോലെയുള്ള സ്ഥലങ്ങളില്‍ നിന്നോ മെഡിക്കല്‍ ദ്രവ മാലിന്യങ്ങള്‍ വരുന്നു. ഒരു വ്യക്തിയുടെ ആരോഗ്യത്തിന് അപകടകരമായേക്കാവുന്ന മലമൂത്രവിസര്‍ജ്ജനം, രക്തം, ശരീരസ്രവങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെട്ടേക്കാം. മറ്റ് തരത്തിലുള്ള മെഡിക്കല്‍ മാലിന്യങ്ങളില്‍ മരുന്നുകള്‍ ഉള്‍പ്പെടാം.
വാണിജ്യ- വ്യാവസായിക മലിനജലം
വാണിജ്യ മലിനജലം ബിസിനസ് സ്ഥാപനങ്ങള്‍ അവരുടെ ഉല്‍പ്പന്നങ്ങളും ബന്ധപ്പെട്ട സാധനങ്ങളും നിര്‍മ്മിക്കുമ്പോള്‍ ഉണ്ടാകുന്നു. റെസ്റ്റോറന്റുകള്‍, ഷോപ്പുകള്‍, സലൂണുകള്‍, ഓഫീസ് അധിഷ്ഠിത ബിസിനസ്സുകള്‍ എന്നിവയില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന മാലിന്യങ്ങള്‍ ഉള്‍പ്പെടെയുള്ള ദ്രവമാലിന്യങ്ങളുടെ വിശാലമായ ശ്രേണിയെ ഈ പദം ഉള്‍ക്കൊള്ളുന്നു. ഈ സ്രോതസ്സുകള്‍ സൃഷ്ടിക്കുന്ന ദ്രാവക മാലിന്യത്തില്‍ രാസവസ്തുക്കള്‍ പോലുള്ള അപകടകരമായ പദാര്‍ത്ഥങ്ങള്‍ അടങ്ങിയിരിക്കാം, അതുകൊണ്ട് പ്രത്യേക സംസ്‌കരണം ആവശ്യമാണ്. ഫാക്ടറികള്‍, വെയര്‍ഹൗസുകള്‍, സമാന ബിസിനസ്സുകള്‍ എന്നിവ ഉല്‍പ്പാദിപ്പിക്കുന്ന ദ്രാവക മാലിന്യങ്ങള്‍ ദ്രവമാലിന്യത്തില്‍ ഉള്‍പ്പെടുന്നു. പലപ്പോഴും, ഈ ദ്രാവകത്തില്‍ രാസവസ്തുക്കളും പ്ലാസ്റ്റിക്, ലോഹങ്ങള്‍ തുടങ്ങിയ കണികാ വസ്തുക്കളും അടങ്ങിയിട്ടുണ്ട്. ഇത് പരിസ്ഥിതിക്ക് വളരെ ദോഷകരമാണ്. മനുഷ്യ ശരീരത്തില്‍ ഭക്ഷ്യ ശൃംഖലാ ജാലത്തിലൂടെ ഇതിലെ ഘനലോഹങ്ങള്‍ എത്തിപ്പെടുവാന്‍ സാധ്യത ഏറെയാണ്.
ശക്തമായ മഴ പെയ്യുമ്പോള്‍, മാലിന്യമടങ്ങിയ വെള്ളം പലപ്പോഴും കുത്തിയൊലിച്ചു അഴുക്കുചാലുകളിലേക്കും തുടര്‍ന്ന് മഴവെള്ള പൈപ്പുകളിലേക്കും കൊണ്ടുപോകുന്നു. പ്ലാസ്റ്റിക് വസ്തുക്കള്‍, ഗ്രീസ്, ഓയില്‍, രാസവസ്തുക്കള്‍, ഘന ലോഹങ്ങള്‍ എന്നിവയും അതിലേറെയും ഉള്‍പ്പെടുന്നു. കൊഴുപ്പുകള്‍, എണ്ണകള്‍, ഗ്രീസ് വീടുകളിലും റസ്റ്റോറന്റുകളിലും കഫേകളിലും സമാനമായ മറ്റ് വാസസ്ഥലങ്ങളിലുമാണ് ഇത്തരത്തിലുള്ള ദ്രവമാലിന്യങ്ങള്‍ കൂടുതലായി കാണപ്പെടുന്നതും ഉത്പാദിപ്പിക്കുന്നതും. തെറ്റായ ശുചീകരണ പ്രക്രിയകള്‍ക്കൊപ്പം ഭക്ഷണം, പാചക എണ്ണ, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവയുടെ തെറ്റായ സംസ്‌കരണവുമാണ് പ്രധാന കാരണം. ഉപയോഗിച്ച വാഹനങ്ങളും യന്ത്ര എണ്ണകളും വാഹനത്തിലെ ഓയില്‍ മാറ്റാന്‍ സമയമാകുമ്പോള്‍, ഈ ദ്രാവക മാലിന്യങ്ങള്‍ ശരിയായി സംസ്‌കരിക്കണം. അല്ലാത്തപക്ഷം, അത് ഒഴുകിപ്പോകുന്ന മാലിന്യമായി മാറുകയും ജലപാതകളില്‍ പ്രവേശിക്കുകയും
പരിസ്ഥിതിയെ നശിപ്പിക്കുകയും ചെയ്യും. മറ്റ് എല്ലാ തരത്തിലുള്ള എണ്ണയ്ക്കും ഇതേ സ്വാധീനം ഉണ്ടാകും.
നിലവിലെ മാലിന്യ സംസ്‌ക്കരണ നിയമങ്ങള്‍
LSG Kerala 2022 Water Management, Local self government, Information Kerala Mission).
1. The Plastic Waste Management Rules, 2016
2. The Hazardous and other Wastes (Management and Transboundary Movement) Rules, 2016
3. The Bio-Medical Waste Management Rules, 2016
4. The E-Waste (Management) Rules, 2016
5. The Construction and Demolition Waste Management Rules, 2016
6. The Solid Waste Management Rules, 2016
7. The Batteries (Management and Handling) Rules, 2001
8. The Water (Prevention and Control of Pollution) Act, 1974
എന്തുകൊണ്ട് മാലിന്യ സംസ്‌ക്കരണം പാളിപ്പോകുന്നു
1. ദ്രവ – ഖര മാലിന്യസംസ്‌ക്കരണം അശാസ്ത്രീയമാകുന്നതുകൊണ്ട്.
2. മാലിന്യ വേര്‍തിരിക്കല്‍ കാര്യക്ഷമമില്ലാത്തതുകൊണ്ട്.
3. സംസ്‌കരണത്തിന് വേണ്ട സൗകര്യങ്ങളുടെ അഭാവം.
4. അഴിമതി വര്‍ധിക്കുന്നു.
5. സംസ്‌ക്കരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ നൈപുണ്യത്തിന്റെ കുറവ്.
6. ഓരോ തരം മലിന്യത്തിനും വേണ്ട കൃത്യമായ സംസ്‌ക്കരണ രീതി തിരഞ്ഞടുക്കുന്നതിലെ അപാകത.
7. സാങ്കേതിക വിദ്യകളുടെ കൃത്യമായ വിന്യാസത്തിന്റെ കുറവ്.
8. തുടര്‍നടപടികളുടെയും, നിര്‍വഹണത്തിന്റെയും, പരിപാലനത്തിന്റെയും അപാകത.
9. സംസ്‌ക്കരണം നടത്തിയെടുക്കാനുള്ള പണത്തിന്റെ കുറവും, ഉല്‍പ്പന്നങ്ങള്‍ക്കുള്ള വിപണി സാധ്യത കണ്ടെത്താതിരിക്കുകയും ചെയുക.
10. ഖരം, ദ്രവം, മെഡിക്കല്‍, പ്ലാസ്റ്റിക്, ചില്ല്, ഇലക്ട്രോണിക്, ഓയില്‍ – ഗ്രീസ്, ബാറ്ററി, കെട്ടിട വേസ്റ്റ്, രാസമാലിന്യങ്ങളുടെ സംസ്‌ക്കരണം ഒരു പോലെ കാര്യക്ഷമമായി നടക്കാതിരിക്കുക.
11. ജനങ്ങളുടെ ബോധവത്കരണം, സഹകരണം എന്നിവയുടെ അഭാവം, സര്‍ക്കാരിന്റെ നിസ്സംഗത.
12. കൃത്യമായ മാലിന്യ നിര്‍മാര്‍ജനം വേര്‍തിരിക്കുന്നതിലും, മാലിന്യ പ്ലാന്റില്‍ എത്തിക്കുന്നതിലും വരുന്ന വീഴ്ച.
സര്‍ക്കാര്‍ നീക്കം അപലപനീയം
ഖര-ദ്രവ മാലിന്യ സംസ്‌കരണത്തിലെ പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഗ്രേഡ് ചെയ്യാന്‍ മാര്‍ഗ്ഗരേഖയിറക്കിയിരിക്കുന്നു. അതിന്റെ ഭാഗമായി വീടുകള്‍ക്ക് മാലിന്യ സംസ്‌ക്കരണത്തിന്റെ പേരില്‍ സര്‍ക്കാര്‍ റേറ്റിംഗ് ഏര്‍പ്പെടുത്തുന്നത് അനീതിയാണ്. റേറ്റിംഗ് ഖര, ദ്രവ, ശുചിമുറി മാലിന്യങ്ങള്‍ സംസ്‌ക്കരിക്കുന്ന രീതി പരിശോധിച്ച് മാനദണ്ഡം പാലിക്കാത്തവര്‍ക്ക് പിഴയും ബോധവല്‍ക്കരണവും നടത്തണം. എല്ലാ ജില്ലകളിലും മാലിന്യ പ്രശ്‌നം രൂക്ഷമാണ്. അത് തീര്‍ക്കണം. അത് ജനങ്ങളുടെമേല്‍ അമിത ഭാരം കെട്ടിവച്ചാകരുത് എന്നു മാത്രം. സത്യത്തില്‍ ഇത് തദ്ദേശ സ്ഥാപനങ്ങളുടെ സ്ഥാപിത കടമയില്‍ നിന്നുള്ള പിന്തിരിയാലാണ്. ടാക്‌സ് പിരിക്കാനും കാന പണിയാനും, കമ്മ്യൂണിറ്റിഹാള്‍ നിര്‍മ്മിക്കാനും മെമ്പര്‍മാരായി ഞെളിഞ്ഞിരിക്കാനും മാത്രമല്ല തദ്ദേശഭരണ സ്ഥാപനങ്ങള്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ളത്. ഈ സ്ഥാപനങ്ങളുടെ പ്രഥമവും പ്രധാനവുമായ കടമ മാലിന്യ നീക്കവും പരിസര ശുചീകരണവുമാണ്. ജനങ്ങള്‍ക്കുവേണ്ടി ഇതൊക്കെ ചെയ്തു കൊടുക്കേണ്ട ഇത്തരം സ്ഥാപനങ്ങള്‍ ആ ഭാരം പൂര്‍ണമായും ജനങ്ങളുടെ തലയില്‍ കെട്ടിവക്കുന്നത് അഭിലഷണീയമല്ല. മാലിന്യം തരംതിരിക്കലിനും, വെവ്വേറെ സമയങ്ങളിലും കൃത്യമായും വേസ്റ്റ് നല്‍കുന്നതിലും അതിന്റെ ചിലവില്‍ ഒരു പങ്കു വഹിക്കുന്നതിനും ജനങ്ങള്‍ തയ്യാറാണ്. എന്നാല്‍ മാലിന്യ സംസ്‌ക്കരണം ജനങ്ങളെ കൊണ്ട് ചെയ്യിക്കുകയും അതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും തദ്ദേശ സ്ഥാപനങ്ങളും സര്‍ക്കാരും ഒഴിഞ്ഞുമാറുന്നതും ഈ സ്ഥാപനങ്ങളുടെ പ്രസക്തി ചോദ്യം ചെയ്യപ്പെടുന്ന തലത്തിലെത്തും. ദ്രവ മാലിന്യ സംസ്‌ക്കരണം നടത്താന്‍ കേരളത്തില്‍ സര്‍ക്കാരിന് പോലും കഴിഞ്ഞിട്ടില്ല. എന്നിട്ടാണ് അത് ജനങ്ങളുടെ മേല്‍ കെട്ടിവെച്ചു തദ്ദേശ ഭരണകൂടങ്ങള്‍ രക്ഷപ്പെടുവാന്‍ ശ്രമിക്കുന്നത്. ദ്രവ മാലിന്യ സംസ്‌ക്കരണം സംസ്ഥാനത്തു ഭാഗികമായി മാത്രമാണ് നടപ്പാക്കുന്നത്. സംസ്ഥാനത്തെ ഖര – ദ്രവ മാലിന്യ സംസ്‌കരണം അഴിമതിയിലും കെടുകാര്യസ്ഥതയിലും മുങ്ങിയിരിക്കുന്ന ഈ സാഹചര്യത്തില്‍ ജനങ്ങളെ പഴിചാരി രക്ഷപ്പെടുവാനുള്ള സര്‍ക്കാരിന്റെയും പ്രാദേശിക ഭരണകൂടങ്ങളുടെയും ഗൂഢനീക്കാമായേ വീടുകള്‍ക്ക് മാലിന്യ സംസ്‌ക്കരണത്തിന്റെ പേരില്‍ ഏര്‍പ്പെടുത്തുവന്‍ പോകുന്ന റേറ്റിംഗിനെ കാണാനാകൂ.
രോഗാതുരമായ കേരളം
മുമ്പെങ്ങും ഇല്ലാത്ത വിധം സംസ്ഥാനത്തെ ജനങ്ങള്‍ നേരിടുന്നത് കേട്ടുകേള്‍വി പോലുമില്ലാതിരുന്ന രോഗങ്ങളാണ്. അതിനു കാരണം കേരളം പൂര്‍ണമായും മാലിന്യ നിക്ഷേപ സ്ഥലമായി മാറിയിരിക്കുന്നു എന്നതാണ്. വായു, ജലം, മണ്ണ് എന്നിവയെല്ലാം മലിനപ്പെട്ടിരിക്കുന്നു. ജല, ജന്തു, വായു, പ്രാണി, കീടാണു, കൊതുക് ജന്യ രോഗങ്ങളുടെ പിടിയിലായിരിക്കുന്നു ഇവിടുത്തെ ജനങ്ങള്‍. നമ്മുടെ ആരോഗ്യ രംഗത്തെ ശുചീകരണത്തിലും , പ്രതിരോധത്തിലും, മുന്നൊരുക്കങ്ങളിലും മാറ്റം വന്നിരിക്കുന്നു. ജനങ്ങളുടെ ആരോഗ്യം വീണ്ടെടുക്കണമെങ്കില്‍ മാലിന്യ സംസ്‌ക്കരണം കാര്യക്ഷമമായി നടക്കണം. സംസ്ഥാനത്തെ ഒരു മാലിന്യ നിക്ഷേപ യാര്‍ഡ് ആക്കി മാറ്റരുത്. ഖര – ദ്രവ മാലിന്യ സംസ്‌ക്കരണം കുറ്റമറ്റതാകണം. തദ്ദേശ സ്ഥാപനങ്ങളും ജില്ലാ ഭരണകൂടവും, സംസ്ഥാന സര്‍ക്കാരും ഉദാസീനമാകാതെ ഉണര്‍ന്നു പ്രവര്‍ത്തിക്കണം.
കുറ്റബോധം വേട്ടയാടുന്നു
ഇടത്-വലത് മുന്നണികള്‍ ചേര്‍ന്ന് കേരളത്തിലെ മാലിന്യം മാറ്റാന്‍ പോകുന്നു എന്ന രീതിയില്‍ ഏറെ പ്രചരിപ്പിച്ചു. ഇത്രയേറെ മാലിന്യം കേരളം മുഴുവന്‍ നിറയാന്‍ ആരുടെ ഭരണമാണ് കാരണമായത്. ഉത്തരവാദിത്തം ആര്‍ക്കാണ്? ഈ രണ്ടു കൂട്ടരും തന്നെയാണ് മിക്കവാറും തദ്ദേശ സ്ഥാപനങ്ങളും ഇക്കാലമത്രയും ഭരിച്ചത്. എന്തു കൊണ്ട് ഇവര്‍ വേസ്റ്റ് കൈകാര്യം ചെയ്യുന്നതില്‍ പരാജയപ്പെട്ടു? പറ്റിയ തെറ്റ് ജനങ്ങളോട് ഏറ്റുപറയണം. എന്തുകൊണ്ട് ഇത് ഇന്നും ഒരു പ്രശ്‌നമായി തന്നെ അവശേക്ഷിക്കുന്നു? എത്രയോ കോടികള്‍ ഇവര്‍ മാറി മാറി ചിലവഴിച്ചു. വേസ്റ്റ് മാത്രം മാറിയില്ല. സ്ഥലം വാങ്ങി, വണ്ടികള്‍വാങ്ങി പക്ഷെ വേസ്റ്റ് സംസ്‌ക്കരണം മാത്രമുണ്ടായില്ല. വേസ്റ്റ്കുന്നുകൂടി എന്നു മാത്രം!
കടപ്പാട്
1. Kerala Water Authority 2023 Waste Water, KWA, Jal bhavan,Thiruvananthapuram
2. Government of Kerala 2023 Waste management in Urban Local Bodies, report of C&AG gov. of India. Report by Govt. of Kerala.
3. LSG Kerala 2022 Water Management, Local self government, Information Kerala
Mission.
4. Center for Science and Environment 2021 Waste Wise Cities, best practices in Municipal Solid Waste Management. NITI Ayog, CSE, New Delhi.