കാനഡക്കെതിരെ നയതന്ത്ര നടപടികള്‍ ഭാരതം കടുപ്പിക്കുകയാണ്. ഭാരതത്തെ അസ്ഥിരപ്പെടുത്താന്‍ ഖാലിസ്ഥാന്‍ തീവ്രവാദ ശക്തികള്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് കാനഡ നല്‍കുന്ന പിന്‍തുണ പകല്‍ പോലെ വ്യക്തമാണ്. പലവട്ടം ഭാരതം താക്കീതുകള്‍ നല്‍കിയിട്ടും ആ രാജ്യം നയം മാറ്റുവാന്‍ തയ്യാറായിട്ടില്ല. ഭാരതത്തിന്റെ ശത്രുക്കളെ ഭൂമിക്കു മേല്‍ എവിടെയും എത്തി നേരിടാനുള്ള കരുത്ത് ഇന്ന് രാജ്യത്തിനുണ്ട്. യാചനകളുടെ ഇന്നലെകള്‍ വച്ച് ഭാരതത്തെ വില കുറച്ച് കാണാന്‍ ശ്രമിക്കുന്ന ഏത് ആഗോള ശക്തിക്കും മറുപടി കൊടുക്കാന്‍ ഇന്ന് ഭാരതത്തിനാവും. ഖാലിസ്ഥാന്‍ ഭീകരരുടെ സുഖവാസ കേന്ദ്രമായി കാനഡ മാറിയിട്ട് കാലങ്ങളായി. ഭാരതവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് സ്വന്തം മണ്ണില്‍ ഇടം കൊടുക്കരുതെന്ന് കാനഡയോട് നാം പലവട്ടം ആവശ്യപ്പെട്ടിട്ടുള്ളതാണ്. എന്നാല്‍ അവിടെ നിലനില്‍ക്കുന്ന സവിശേഷമായ രാഷ്ട്രീയ സാഹചര്യം ഖാലിസ്ഥാന്‍ ഭീകരവാദികളെ പ്രീണിപ്പിക്കാന്‍ ആ രാജ്യത്തിന്റെ ഭരണാധികാരികളെ നിര്‍ബന്ധിതരാക്കുന്നു എന്നു വേണം മനസ്സിലാക്കാന്‍. 2019 ല്‍ കാനഡ സിഖ് ഭീകരവാദത്തെ ഒരു പ്രധാന ഭീഷണിയായി അംഗീകരിച്ചിരുന്നെങ്കിലും പിന്നീട് അത് ഔദ്യോഗിക രേഖകളില്‍ നിന്ന് നീക്കംചെയ്തു. അത്തരം തത്ത്വദീക്ഷയില്ലാത്ത നിലപാടുകള്‍ക്ക് കൊടുക്കേണ്ടിവരുന്ന വിലയാണ് കാനഡയ്ക്ക് ഭാരതവുമായുണ്ടായിട്ടുള്ള നയതന്ത്രപ്രതിസന്ധി.
ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തില്‍ ഭാരതത്തിന് പങ്കുണ്ടെന്ന തരത്തില്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ നടത്തിയ പ്രസ്താവനയില്‍ നിന്നും ആരംഭിച്ച നയതന്ത്ര യുദ്ധം ഇക്കഴിഞ്ഞ ദിവസം വീണ്ടും വഷളാവുകയുണ്ടായി. ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ ഭാരത ഹൈക്കമ്മീഷണര്‍ അടക്കമുള്ള ഉദ്യോഗസ്ഥരെ പ്രതിയാക്കാനുള്ള കാനഡയുടെ നീക്കത്തോട് നയതന്ത്രപ്രതിനിധികളെ തിരിച്ചുവിളിച്ചുകൊണ്ടാണ് നാം പ്രതികരിച്ചത്. കൂടാതെ ദില്ലിയിലുള്ള കാനഡയുടെ ആറു നയതന്ത്ര പ്രതിനിധികളെ ഭാരതം പുറത്താക്കുകയുമുണ്ടായി. കഴിഞ്ഞ വര്‍ഷം നാല്‍പ്പതോളം ഉദ്യോഗസ്ഥരെ ഇരു രാജ്യങ്ങളും മടക്കി വിളിച്ചിരുന്നു. ഇത് വിസ നടപടികളെ കുറച്ചൊക്കെ ബാധിച്ചിട്ടുണ്ട്. ഭാരതത്തിന് പുറത്ത് ഏറ്റവും കൂടുതല്‍ സിഖ് വംശജര്‍ ഉള്ള രാജ്യമാണ് കാനഡ. ഏഴുലക്ഷത്തി എഴുപതിനായിരം വരുന്ന ഈ സമൂഹത്തിലെ ഒരു ന്യൂനപക്ഷം വരുന്ന ഖാലിസ്ഥാന്‍ വാദികളെ പ്രീണിപ്പിച്ചല്ലാതെ സര്‍ക്കാരിനെ തകരാതെ കാക്കാന്‍ കഴിയില്ലെന്ന ഭീതിയില്‍ നിന്നാണ് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ഭാരതവിരുദ്ധ പ്രസ്താവനകളുടെയും പ്രവര്‍ത്തനങ്ങളുടെയും ആരംഭം. 2015ല്‍ ട്രൂഡോ അധികാരത്തില്‍ വന്നപ്പോള്‍ മുപ്പതംഗ കാബിനറ്റില്‍ ഖാലിസ്ഥാന്‍ ആഭിമുഖ്യമുള്ള നാലു സിഖ് വംശജരെ മന്ത്രിമാരായി നിയമിച്ചതിലൂടെയാണ് ഭാരത കാനഡ നയതന്ത്ര ബന്ധത്തില്‍ ഉരസല്‍ ആരംഭിച്ചത്. ഇന്ന് ഖാലിസ്ഥാന്‍ വാദികളുടെ സുരക്ഷിത ഇടമായി കാനഡ മാറിയിരിക്കുന്നു. ഭീകരവാദികളെ പ്രീണിപ്പിക്കുന്നതിന്റെ ഭാഗമായി ഭാരതത്തില്‍ നടന്ന കര്‍ഷക സമരത്തെ അനുകൂലിച്ചുകൊണ്ട് ട്രൂഡോ പ്രസ്താവന നടത്തിയിരുന്നു. ഇത് രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിലുള്ള ഇടപെടലായിട്ടാണ് ഭാരതം കണക്കാക്കിയത്. ഭാരതവുമായുണ്ടായിരിക്കുന്ന നയതന്ത്ര സംഘര്‍ഷം ട്രൂഡോയെ സ്വന്തം നാട്ടില്‍ രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്ക് വലിച്ചിഴച്ചിരിക്കുകയാണ്. പണപ്പെരുപ്പം കൊണ്ടും വര്‍ദ്ധിച്ചു വരുന്ന കുറ്റകൃത്യങ്ങള്‍ കൊണ്ടും ട്രൂഡോയുടെ ജനസമ്മതി പ്രതിദിനം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. അടുത്ത വര്‍ഷം വരുന്ന പൊതു തിരഞ്ഞെടുപ്പില്‍ ട്രൂഡോയുടെ പാര്‍ട്ടി ജയിക്കാനുള്ള സാധ്യത കുറഞ്ഞു വരികയാണ്. അദ്ദേഹത്തിന്റെ മുഖ്യ എതിരാളിയായ കണ്‍സര്‍വേറ്റീവ് നേതാവ് പിയറി പൊയ്‌ലി വ്രെയെക്കാള്‍ പിന്നിലാണ് ട്രൂഡോയുടെ ഇപ്പോഴത്തെ ജനസമ്മതി. അദ്ദേഹത്തിന്റെ പ്രധാന രാഷ്ട്രീയ സഖ്യകക്ഷിയായ എന്‍ഡിപി ഈ അടുത്തിടെ പിന്തുണ പിന്‍വലിച്ചിരുന്നു. ഇതൊക്കെ അദ്ദേഹത്തെ കടുത്ത രാഷ്ട്രീയ സമ്മര്‍ദ്ദത്തില്‍ പെടുത്തുന്നുണ്ട്. ഇത്തരം സാഹചര്യങ്ങളാണ് ഖാലിസ്ഥാന്‍വാദികളുടെ സൗമനസ്യം പിടിച്ചുപറ്റാന്‍ ട്രൂ ഡോയെ ഭാരതവിരുദ്ധ വേഷംകെട്ടുന്നത്.
നയതന്ത്ര ബന്ധങ്ങള്‍ വഷളാകുമ്പോഴും അത് ഇരുരാജ്യങ്ങളുമായുള്ള സാമ്പത്തിക വ്യാപാരബന്ധങ്ങളെ കാര്യമായി ബാധിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. കാനഡയിലെ അന്തര്‍ദേശീയ വിദ്യാര്‍ത്ഥികളില്‍ ഏതാണ്ട് നാല്‍പ്പത് ശതമാനം ഭാരതീയ വിദ്യാര്‍ത്ഥികളാണ്. വിദ്യാഭ്യാസ മേഖലയിലെ പരസ്പര വിനിമയത്തില്‍ ഭാരതവും കാനഡയും സമാന താത്പര്യങ്ങളുള്ള രാജ്യങ്ങളാണ്. കാനഡയുടെ വിദേശനാണ്യ സമ്പാദനത്തില്‍ ഭാരത വിദ്യാര്‍ത്ഥികളുടെ പങ്ക് വളരെ വലുതാണ്. എന്നു പറഞ്ഞാല്‍ നയതന്ത്ര ബന്ധത്തിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഭാരതത്തെക്കാള്‍ കാനഡയുടെ സാമ്പത്തിക മേഖലയെയാണ് ബാധിക്കാന്‍ സാധ്യത. എന്നാല്‍ അധികാരം നിലനിര്‍ത്താന്‍ സിഖ് മതമൗലികവാദികളുടെ ഇഷ്ടം പിടിച്ചുപറ്റേണ്ടതായിട്ടും ഉണ്ട്. ഇത്തരം ഒരു ഞാണിന്മേല്‍ കളിയാണ് ട്രൂഡോ നടത്തിക്കൊണ്ടിരിക്കുന്നത്. പക്ഷെ കാനഡയുടെ ദീര്‍ഘകാലീന ദേശീയ താത്പര്യങ്ങള്‍ ചിന്തിക്കുന്നവര്‍ ഭാരതത്തെപ്പോലെ വളര്‍ന്നുവരുന്ന ഒരു സാമ്പത്തിക സൈനിക ശക്തിയെ പിണക്കുന്നതിലെ അനൗചിത്യം തിരിച്ചറിയുന്നുണ്ട്. കാനഡയുടെ പ്രധാന സഖ്യകക്ഷികളായ അമേരിക്കയും ബ്രിട്ടനും നിലവിലുള്ള പ്രതിസന്ധിയെ വളരെ കരുതലോടെയാണ് സമീപിക്കുന്നത്. ഭാരതവുമായി തന്ത്രപ്രധാന വാണിജ്യ വ്യാപാര ബന്ധങ്ങളുള്ള ഈ രാജ്യങ്ങളൊന്നും ഭാരതത്തെ പിണക്കാന്‍ തയ്യാറാവില്ല. എന്നു മാത്രമല്ല ഇന്തോ-പസഫിക് മേഖലയിലെ തന്ത്രപ്രധാന പങ്കാളിയായി ഭാരതത്തെ കാണുന്നവരാണ് ഈ വന്‍ശക്തികള്‍. അതുകൊണ്ടുതന്നെ കാനഡയുടെ ഭാരതവിരുദ്ധ നിലപാടുകള്‍ ട്രൂഡോയുടെ ഭരണമാറ്റത്തോടെ അവസാനിക്കുമെന്നു വേണം കരുതാന്‍.