സമരസൂര്യന്‍, സഹനസൂര്യന്‍ എന്നൊക്കെ മാധ്യമങ്ങളും മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയും പാടിപ്പുകഴ്ത്തിയ പുഷ്പന്‍ ഭാഗ്യവാന്‍ തന്നെ! കൂത്തുപറമ്പ് സംഭവം സംബന്ധിച്ച് ഡിഫി നേതൃത്വത്തിന്റെ പുതിയ സിദ്ധാന്തം കേട്ട് നെഞ്ച് പൊട്ടി മരിക്കേണ്ട ഗതികേടുണ്ടായില്ലല്ലോ. 1994 നവംബര്‍ 25ന് എന്തിന് വേണ്ടിയാണ് അഞ്ച് ഡിഫി സഖാക്കള്‍ വെടിയേറ്റ് മരിച്ചത്? പുഷ്പന്‍ നട്ടെല്ലിന് വെടിയേറ്റ് ശരീരം തളര്‍ന്നു മുപ്പതുവര്‍ഷം കിടന്നത് എന്തിനു വേണ്ടിയായിരുന്നു. സ്വാശ്രയ കോളേജിനെതിരായ മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയുടെ സമരം വിജയിപ്പിക്കാന്‍. ഇതായിരുന്നല്ലോ ഇന്നലെ വരെ പാര്‍ട്ടിനേതാക്കള്‍ ആണയിട്ടു പറഞ്ഞത്. നാമെല്ലാം വിശ്വസിച്ചതും. എന്നാല്‍ അതല്ല കാര്യം എന്ന് ഡിഫി സംസ്ഥാന നേതൃത്വം ഇപ്പോള്‍ പറയുന്നു. സംസ്ഥാന സെക്രട്ടറിയേറ്റിന്റെ പ്രസ്താവനയില്‍ പറയുന്നു: എം.വി.രാഘവനും കെ.കരുണാകരനും നേതൃത്വം നല്‍കിയ സൊസൈറ്റിക്ക് മെഡിക്കല്‍ കോളേജിന്റെ മറവില്‍ സര്‍ക്കാര്‍ ഭൂമി നിയമവിരുദ്ധമായി പതിച്ചു നല്‍കി നടത്തിയ അഴിമതിക്കെതിരെ നടന്ന ഉജ്ജ്വലമായ പ്രതിഷേധമായിരുന്നു കൂത്തുപറമ്പില്‍ ഉണ്ടായത്. കാര്യം മനസ്സിലായില്ലേ? ഇത് ഭൂമി പതിച്ചു നല്ലുക എന്ന അഴിമതിക്കെതിരായ സമരമായിരുന്നു. സ്വാശ്രയ കോളേജിനെതിരായ സമരമായിരുന്നില്ല. ഇന്ത്യയിലെ ആദ്യത്തെ സ്വാശ്രയ മെഡിക്കല്‍ കോളേജ് എം.വി. രാഘവന്റെ നേതൃത്വത്തില്‍ ആരംഭിച്ചതിനെതിരെ ഡിഫി നടത്തിയ സമരം എന്ന് പാര്‍ട്ടിരേഖകളിലടക്കമുള്ള രേഖപ്പെടുത്തല്‍ ഇതോടെ തുപ്പല്‍ കൂട്ടി മായ്ച്ചു കളഞ്ഞേയ്ക്കൂ.
ഇതൊക്കെ മായ്ക്കുമ്പോള്‍ എന്തൊക്കെ മായ്ക്കണം സഖാവേ? അടുത്ത തവണ അധികാരത്തിലെത്തിയ ഇടതു സര്‍ക്കാര്‍ പരിയാരം മെഡിക്കല്‍ കോളേജിന്റെ ഭരണം എം.വി.രാഘവനില്‍ നിന്ന് അധികാരത്തിന്റെ ബലത്തില്‍ പിടിച്ചെടുക്കുകയും സ്വാശ്രയ കോളേജായി 2019 വരെ കൊണ്ടുനടക്കുകയും ചെയ്തുവെന്നു മാത്രല്ല സി.പി.എം ആ സ്വാശ്രയ കോളേജിലെ സീറ്റു വിറ്റുകാശുണ്ടാക്കിയ ചരിത്രം കൂടി തുപ്പല്‍ കൂട്ടി മായ്ച്ചുകളയണ്ടേ? വിജയന്‍ സഖാവിന്റെ രണ്ടു മക്കളും സ്വാശ്രയ കോളേജില്‍ പഠിച്ച് ജോലിക്കാരായ ചരിത്രം മായ്ച്ചുകളയണ്ടേ? സ്വാശ്രയ കോളേജിനെ പരാജയപ്പെടുത്താനുള്ള സമരത്തെ എം.വി.രാഘവന്‍ പോലീസിന്റെ ബലത്തില്‍ തടഞ്ഞിട്ട് കോളേജിന്റെ ഉദ്ഘാടനം നടത്തി മാര്‍ക്‌സിസ്റ്റു പാര്‍ട്ടിക്കു നേരേ കൊഞ്ഞനംകുത്തിക്കാണിച്ചു. ഇതിന്റെ കലിപ്പാണ് കൂത്തുപറമ്പിലെ സഹകരണ ബാങ്ക് ഉദ്ഘാടന വേളയില്‍ രാഘവനോട് പകരം വീട്ടാന്‍ പാര്‍ട്ടി ഉപയോഗിച്ചത്. അവിടെയും പോലീസ് സംരക്ഷണത്തില്‍ വന്ന് രാഘവന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പിന്നെ പാര്‍ട്ടിക്ക് ഒരു വഴിയേ ഉണ്ടായിരുന്നുള്ളു. രാഘവനെ കൊല്ലുക. അതിനാണ് ശ്രമിച്ചതെന്ന് രാഘവന്‍ ആത്മകഥയില്‍ എഴുതിയിട്ടുണ്ട്. രാഘവന് പകരം ചത്തത് അഞ്ച് ചെറുപ്പക്കാര്‍. പാര്‍ട്ടിക്ക് എന്തു നഷ്ടപ്പെട്ടു? ലാഭം മാത്രം. നഷ്ടം മരിച്ച അഞ്ച് യുവാക്കളുടെ കുടുംബത്തിന്. സ്വാശ്രയ കോളേജല്ല, ഭൂമി ഇടപാടിലെ അഴിമതിയാണ് കൂത്തുപറമ്പ് സംഭവത്തിന് കാരണം എന്ന് അവരെ പറഞ്ഞ് ബോധ്യപ്പെടുത്തി തിരുത്തുന്നതില്‍ നിന്ന് തുടങ്ങണ്ടേ സഖാക്കളേ പുതിയ പണി?