1948 മെയ് 14 ന് ആധുനിക ഇസ്രായേല്‍ ജനിക്കുമ്പോള്‍ ഈ ചെറിയ രാജ്യത്തിനും സമൂഹത്തിനും എത്രകാലം പിടിച്ചുനില്‍ക്കാന്‍ കഴിയും എന്നത് വലിയൊരു ചോദ്യമായിരുന്നു. യുദ്ധത്തിന്റെ നടുവിലേക്ക് പിറന്നു വീണ ഈ കൊച്ചുരാജ്യത്തിന്റെ ശത്രുക്കള്‍ അത്രയേറെ കരുത്തരായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിന്റെ അനുഭവസമ്പത്തുള്ള, ആധുനിക ആയുധങ്ങളും വലിയ സൈനികശക്തിയുമുള്ള അറബ്‌രാജ്യങ്ങള്‍ ഒരു വശത്തും, ഒരു രാജ്യത്തിന്റെയും തുറന്ന പിന്തുണയില്ലാത്ത സ്വന്തമായി ഒരു പ്രൊഫഷണല്‍ സൈന്യം പോലും ഇല്ലാതിരുന്ന ഇസ്രായേല്‍ എന്ന അപ്പോള്‍ ജനിച്ച രാഷ്ട്രവും തമ്മിലുള്ള പോരാട്ടത്തിന്റെ പരിണാമം എന്തായിരിക്കുമെന്ന് ഏറെക്കുറെ തീരുമാനിക്കപ്പെട്ടിരുന്നു.
പക്ഷേ ശത്രുക്കളെ മാത്രമല്ല, ലോകത്തെ തന്നെ അമ്പരപ്പിച്ചുകൊണ്ട്, ഈജിപ്റ്റ്, ജോര്‍ദ്ദാന്‍, ഇറാഖ് തുടങ്ങിയ അതിശക്തരായ അറബ്‌രാജ്യങ്ങളെ ഒറ്റയ്ക്ക് നേരിട്ട് അവരില്‍ നിന്നും ഇസ്രായേല്‍ ഭൂമി പിടിച്ചെടുത്തുകൊണ്ടാണ് ഒന്നാം അറബ്-ഇസ്രായേല്‍ യുദ്ധം അവസാനിച്ചത്. അന്നുമുതല്‍ ഇന്നുവരെ ലോകം മുഴുവനുമുള്ള മുസ്ലീങ്ങളുടെ ഏറ്റവും വലിയ ശത്രുവായാണ് ഇസ്രായേലിനെ കണക്കാക്കുന്നത്. പിന്നീട് 1967ല്‍, ജൂതരാജ്യത്തെ ഭൂമുഖത്ത് നിന്ന് തുടച്ചുനീക്കും എന്ന് പ്രഖ്യാപിച്ച് യുദ്ധത്തിനിറങ്ങിയ അറബ്‌രാജ്യങ്ങളെ ഇസ്രായേല്‍ തകര്‍ത്തുകളഞ്ഞത് വെറും ആറ് ദിവസം കൊണ്ടാണ്. ആറ് ദിവസത്തെ യുദ്ധം എന്ന് വിഖ്യാതമായ ഈ പോരാട്ടം ഇപ്പോഴും ലോകം മുഴുവനുമുള്ള സായുധസേനകളുടെ ഏറ്റവും വലിയ റഫറന്‍സ് ആണ്. പിന്നീട് 1971 ലെ യോം കിപ്പൂര്‍ യുദ്ധത്തിലും അറബ്‌രാജ്യങ്ങളെ ഇസ്രായേല്‍ മുട്ടുകുത്തിച്ചതോടെ ഈജിപ്റ്റ്, ജോര്‍ദ്ദാന്‍ എന്നീ രാജ്യങ്ങള്‍ അവരുമായുള്ള ശത്രുത എന്നന്നേക്കുമായി അവസാനിപ്പിച്ചു. ഇന്ന് ഈജിപ്റ്റും ജോര്‍ദ്ദാനും ഇസ്രായേലിന്റെ ഏറ്റവും നല്ല സൗഹൃദരാജ്യങ്ങളും വ്യാപാരപങ്കാളികളുമാണ്.
ആറുദിവസത്തെ യുദ്ധത്തിലെയും യോം കിപ്പൂര്‍ യുദ്ധത്തിലേയും പരാജയത്തോടെ, നേരിട്ടുള്ള യുദ്ധത്തില്‍ ജൂതരാജ്യത്തെ തകര്‍ക്കാന്‍ കഴിയില്ല എന്ന തിരിച്ചറിവില്‍ നിന്നുമാണ് അറബ്രാജ്യങ്ങള്‍ കൈയ്യയച്ചുസഹായിച്ച് യാസര്‍ അറഫാത്തിന്റെ നേതൃത്വത്തില്‍ പിഎല്‍ഒ (Palestine Liberation Organisation ) രൂപീകരിക്കുന്നതും ഇസ്രായേലിനെതിരെ ഭീകരപ്രവര്‍ത്തനം ആരംഭിക്കുന്നതും. തുടര്‍ച്ചയായ ഭീകരപ്രവര്‍ത്തനം ഇസ്രായേലിനെ ഒരുപാട് മുറിവേല്‍പ്പിച്ചിട്ടുണ്ട് എങ്കിലും, ശത്രുരാജ്യങ്ങള്‍ക്ക് നടുവില്‍ ആ സമൂഹം തലയുയര്‍ത്തി നില്‍ക്കുന്നതും അതിജീവിക്കുന്നതും എന്തുകൊണ്ടാണ് എന്ന് ലോകം എന്നും അദ്ഭുതത്തോടെ ചിന്തിച്ചിട്ടുണ്ട്. ആ അതിജീവനത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഘടകമാണ് ചരിത്രത്തിലെ ഏറ്റവും ശക്തവും പ്രൊഫഷണലുമായ രഹസ്യാന്വേഷണ സംഘടനായ മൊസ്സാദ്. ഹീബ്രു ഭാഷയില്‍ Central Institute for Intelligence and Special Operations എന്നതിന്റെ ചുരുക്കപ്പേരാണ് മൊസാദ്.
തങ്ങള്‍ ഒരു ചെറിയ രാജ്യമാണ്, ശത്രുക്കള്‍ ഏറെയാണ്, തകര്‍ക്കപ്പെടാനും നശിപ്പിക്കപ്പെടാനുമുള്ള സാധ്യത വളരെയധികമാണ് എന്ന യാഥാര്‍ഥ്യബോധത്തോടെയുള്ള തിരിച്ചറിവില്‍ നിന്നുമാണ് 1950 ന്റെ തുടക്കത്തില്‍ സ്ഥാപനകാലം മുതല്‍ മൊസാദ് പ്രവര്‍ത്തിച്ചിരുന്നത്. അതുകൊണ്ടുതന്നെ ശത്രുവിന്റെ തീരുമാനങ്ങളെയും നീക്കങ്ങളെയും നിരന്തരം വീക്ഷിച്ചുകൊണ്ടേ ഇരിക്കുക എന്നത് അവര്‍ ദൗത്യമായി ഏറ്റെടുത്തു. ഉണ്ടാകാന്‍ സാധ്യതയുള്ള വെല്ലുവിളികളെ മുന്‍കൂട്ടി കണ്ട് നേരിടുക എന്നതും മൊസാദ് സ്വീകരിച്ചിട്ടുള്ള ഒരു നയമാണ്. മൂന്ന് നിര്‍ണ്ണായകയുദ്ധങ്ങളില്‍, തങ്ങളേക്കാള്‍ പലമടങ്ങ് ശക്തിയുള്ള ശത്രുരാജ്യങ്ങളെ അവര്‍ തകര്‍ത്തുകളഞ്ഞത് ഈ ഇന്റലിജന്‍സ് വൈഭവം ഉപയോഗിച്ചാണ്.
ആറുദിവസത്തെ യുദ്ധം തുടങ്ങുന്നതിനു മുമ്പ്, യുദ്ധത്തിന്റെ കരിമേഘങ്ങള്‍ മധ്യേഷ്യയെ ചൂഴ്ന്നു നില്‍ക്കുമ്പോള്‍ പാശ്ചാത്യമാധ്യമങ്ങളില്‍ ചില ഫോട്ടോകള്‍ പ്രത്യക്ഷപ്പെട്ടു. ഹൈഫയിലെ ബീച്ചുകളിലും, ചാവുകടലിന്റെ തീരത്തുമെല്ലാം ആര്‍ത്തുല്ലസിച്ച് സമയം ചെലവഴിക്കുന്ന ഇസ്രായേല്‍ പട്ടാളക്കാരുടെ ചിത്രങ്ങളായിരുന്നു അത്. ആസന്നമായ യുദ്ധത്തില്‍, സര്‍വ്വനാശം പടിവാതില്‍ക്കലെത്തി നില്‍ക്കെ, ഈ ഭീഷണി തിരിച്ചറിയാതെ ഇസ്രായേല്‍ സൈന്യം സമയം കളയുകയാണ് എന്നൊരു സന്ദേശമാണ് അപ്പോള്‍ പ്രചരിക്കപ്പെട്ടത്. ഇത് അറബ്‌രാജ്യങ്ങളെ അലസരാക്കാനും, യുദ്ധത്തെ നിസ്സാരമായിക്കാണാനും മൊസാദ് നടത്തിയ ഒരു ബുദ്ധിപരമായ നീക്കമായിരുന്നു. ഈ അലസതയിലൂടെ കിട്ടിയ പഴുതിലാണ് ഇസ്രായേല്‍ വ്യോമസേന ആഞ്ഞടിച്ച് രണ്ടു ദിവസം കൊണ്ട് ഈജിപ്റ്റ് എയര്‍പോര്‍ട്ടുകളേയും വ്യോമതാവളങ്ങളെയും ചാമ്പലാക്കിക്കളഞ്ഞത്. ഇസ്രായേലിനേക്കാള്‍ മൂന്നിരട്ടി വിമാനങ്ങളും ആയുധങ്ങളുമുള്ള ഈജിപ്റ്റിന്റെ ഒറ്റ വിമാനത്തിന് പോലും പറന്നുയരാന്‍ സാധിക്കുന്നതിനു മുന്നേ റണ്‍വേകള്‍ വരെ തകര്‍ക്കുകയായിരുന്നു. ആ യുദ്ധം കഴിഞ്ഞപ്പോള്‍, അതുവരെ ഇസ്രായേലിന് ഉണ്ടായിരുന്നതിന്റെ മൂന്നിരട്ടി ഭൂമിയാണ് ഈജിപ്റ്റില്‍ നിന്നും പിടിച്ചെടുത്തത്.
ഇങ്ങനെ വളരെ വ്യത്യസ്തമായ രീതിയില്‍, മുന്‍കൂട്ടി ആസൂത്രണം ചെയ്ത്, രാജ്യരക്ഷ നടപ്പാക്കുന്ന രീതിയാണ് എന്നും മൊസ്സാദ് കൈക്കൊണ്ടിട്ടുള്ളത്. ചില ഉദാഹരണങ്ങള്‍ പരിശോധിക്കാം.
രണ്ടാം ലോകമഹായുദ്ധകാലത്താണ് മാനവചരിത്രത്തിലെ ഏറ്റവും വലിയ വംശഹത്യകളിലൊന്ന് നടന്നത്. കടുത്ത ജൂതവിരോധിയായിരുന്ന ഹിറ്റ്‌ലര്‍ യൂറോപ്പിലുള്ള ജൂതരെ ഉന്മൂലനം ചെയ്യാന്‍ നടപ്പാക്കിയ പദ്ധതി, ക്രൂരതയുടെ പരകോടിയായിരുന്നു. ജര്‍മ്മനിയിലും പോളണ്ടിലും റഷ്യയിലും തുടങ്ങി ജര്‍മ്മനിയുടെ കീഴില്‍ വന്ന എല്ലാ പ്രദേശങ്ങളിലും ലക്ഷക്കണക്കിന് ജൂതര്‍ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളില്‍ പിടഞ്ഞു തീര്‍ന്നു. ലോകയുദ്ധം അവസാനിക്കുമ്പോഴേക്ക് യൂറോപ്പില്‍ ആകെയുണ്ടായിരുന്ന തൊണ്ണൂറു ലക്ഷം ജൂതരില്‍ അറുപത്തേഴു ലക്ഷത്തെയും ഹിറ്റ്ലര്‍ കൊന്നുതള്ളി. ഹിറ്റ്‌ലറുടെ ഈ പദ്ധതിക്ക് നെടുനായകത്വം വഹിച്ചത് അഡോള്‍ഫ് ഐഷ്മാന്‍ എന്ന ഹിറ്റ്‌ലറുടെ വിശ്വസ്തനായിരുന്നു.
യുദ്ധത്തിന് ശേഷം ഐഷ്മാനെ പിടികൂടാന്‍ മൊസാദ് ലോകം മുഴുവന്‍ കെണിയൊരുക്കി. ഒടുവില്‍ അര്‍ജന്റീനയിലെ ബ്യുണസ് അയേഴ്‌സില്‍, ക്ലെമന്റ് എന്ന കള്ളപ്പേരില്‍, അര്‍ജന്റീനയുടെ പൗരത്വവും എടുത്ത് ഒളിച്ചു കഴിഞ്ഞിരുന്ന ഐഷ്മാനെ മൊസാദ് അതീവ സാഹസികമായി പിടികൂടി ഇസ്രായേലില്‍ എത്തിച്ച് വിചാരണ ചെയ്ത് തൂക്കിലേറ്റി.
അതുപോലെ, എഴുപതുകളുടെ അവസാനം ബ്‌ളാക്ക് സപ്തംബര്‍ എന്ന പലസ്തീന്‍ ഭീകരസംഘടന കുറെയേറെ ഇസ്രായേലികള്‍ കയറിയ ഒരു ഫ്രഞ്ച് വിമാനം ഉഗാണ്ടയുടെ തലസ്ഥാനമായ എന്റബെയിലേക്ക് തട്ടിക്കൊണ്ടുപോയി അവരുടെ ജീവന്‍ വെച്ച് വിലപേശല്‍ ആരംഭിച്ചു. ഒടുവില്‍ അതിസാഹസികമായി ഇസ്രായേലില്‍ നിന്നും നാലായിരം കിലോമീറ്റര്‍ അകലെയുള്ള എന്റബെയില്‍ അര്‍ധരാത്രിക്ക് പറന്നിറങ്ങി ഭീകരരെ വധിച്ച് ബന്ദികളെ മോചിപ്പിച്ച ചരിത്രം മൊസാദിന്റെ എക്കാലത്തെയും വലിയ സൈനിക വിസ്മയങ്ങളിലൊന്നാണ്.
1982 ല്‍ സദ്ദാം ഹുസൈന്റെ നേതൃത്വത്തില്‍ ഇറാഖ് ആണവായുധം സ്വന്തമാക്കാന്‍ ശ്രമിച്ചപ്പോള്‍ ഓപ്പറേഷന്‍ ഒപ്പേറ എന്ന സാഹസിക ദൗത്യത്തിലൂടെ ഏതാനും F16 വിമാനങ്ങളില്‍ പറന്നുചെന്ന്, ഇറാഖിന്റെ മുഴുവന്‍ ആണവ സംവിധാനങ്ങളും തകര്‍ത്തു കളഞ്ഞത് അവിശ്വസനീയമായ മറ്റൊരു ചരിത്രമാണ്.
1972 ലെ മ്യൂണിക്ക് ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ പോയ ഏഴ് ഇസ്രായേല്‍ അത്‌ലറ്റുകളെ പലസ്തീന്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയി കൊന്നുകളഞ്ഞു. ഇസ്രായേലിന്റെ ഒരു വന്‍ ആക്രമണം പ്രതീക്ഷിച്ച ലോകം പക്ഷെ കണ്ടത് വ്യത്യസ്തമായ മറ്റൊരു നീക്കമായിരുന്നു. ഈ കൃത്യം നടത്തിയ ബ്‌ളാക്ക് സപ്തംബര്‍ എന്ന ഭീകരസംഘടനയുടെ ആസൂത്രകരെയും സംഘാടകരെയും ഒന്നൊന്നായി തിരഞ്ഞുപിടിച്ച് കൊന്നുകളയുക എന്നതായിരുന്നു അത്. ഓപ്പറേഷന്‍ റാത്ത് ഓഫ് ഗോഡ് എന്ന് പേരിട്ട, വര്‍ഷങ്ങള്‍ നീണ്ട ആ പദ്ധതിക്കൊടുവില്‍, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞിരുന്ന ആ സംഘടനയുടെ മുഴുവന്‍ നേതാക്കളെയും മൊസാദ് ഒന്നൊന്നായി വകവരുത്തി, ബ്‌ളാക്ക് സപ്തംബറിന്റെ അടിവേരറുത്തുകളഞ്ഞു.
ഇങ്ങനെ നോക്കിയാല്‍, മൊസാദ് നടത്തിയ ഓപ്പറേഷനുകള്‍ എണ്ണമറ്റതാണ്. ഒരിക്കലും അവര്‍ ഒരേ രീതികള്‍ പിന്തുടരാറില്ല. ഓരോ തവണയും നൂതനമായ രീതികള്‍ അപ്രതീക്ഷിതമായി ചെയ്യുന്നത് കൊണ്ട് അവര്‍ പ്രവചനാതീതരാണ്. ആസൂത്രണമികവ്, സ്ഥിരോത്സാഹം, രാജ്യസ്‌നേഹം, ബുദ്ധികൂര്‍മ്മത എല്ലാം കൂടി ഒത്തുചേരുമ്പോഴാണ് മൊസാദ് ശത്രുക്കള്‍ക്ക് ഇത്രയേറെ മാരകമാകുന്നത്.
ഇസ്രായേല്‍ ഒരു ചെറിയ രാജ്യമാണ്, ഒന്നോ രണ്ടോ അണുബോംബ് കൊണ്ട് പൂര്‍ണ്ണമായും നശിപ്പിക്കപ്പെടാനുള്ള ഭൂവിസ്തൃതി മാത്രമേ അവര്‍ക്കുള്ളു. കേരളത്തിന്റെ പകുതി വലിപ്പവും നാലിലൊന്നു ജനസംഖ്യയും മാത്രമുള്ള ഈ ചെറിയ രാജ്യത്തെ സംബന്ധിടത്തോളം, വലിയ ഒരു ശത്രുസമൂഹം ഉണ്ടായിരിക്കെ പ്രത്യേകിച്ചും, നിലനില്‍പ്പ് എന്നത് വലിയ വെല്ലുവിളിയാണ്. അതുകൊണ്ടുതന്നെ രാജ്യസുരക്ഷയുടെ കാര്യത്തില്‍ അവര്‍ക്ക് ഒരു വിട്ടുവീഴ്ചയും ചെയ്യാനാവില്ല. മാനവികതയുടെയും മനുഷ്യത്വത്തിന്റെയുമൊക്കെ കാല്പനിക കാഴ്ചപ്പാടുകള്‍ക്ക് രാജ്യരക്ഷയുടെ കാര്യം വരുമ്പോള്‍ ഒരു പ്രസക്തിയുമില്ല. വെല്ലുവിളികളെ ശക്തമായി, പലപ്പോഴും വളരെ ക്രൂരമായി തന്നെ നേരിടുക എന്ന മാര്‍ഗ്ഗമാണ് അവര്‍ സ്വീകരിക്കുന്നത്. ഒരു രാജ്യം, സമൂഹം എന്ന നിലയില്‍ അവരുടെ നിലനില്‍പ്പ് ചോദ്യം ചെയ്യുന്ന ഒരു പ്രവൃത്തിയെയും അവര്‍ക്ക് ലഘുവായി കാണാനാകില്ല. അതുകൊണ്ടുതന്നെ എതിരെ വരുന്ന ആരെയും എന്തിനെയും അവര്‍ നിര്‍ദ്ദയമായിത്തന്നെ നേരിടുന്നു.
ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഭീകരാക്രമണമാണ് 2023 ഒക്ടോബറില്‍ ഇസ്രായേല്‍ നേരിട്ടത്. ബലൂണുകളിലും പാരച്യൂട്ടുകളിലും പറന്നിറങ്ങിയ ഹമാസ് ഭീകരര്‍ ആയിരത്തിലധികം സാധാരണക്കാരായ ഇസ്രായേല്‍ പൗരന്മാരെ തട്ടിക്കൊണ്ടുപോവുകയും ബന്ദികളാക്കുകയും വധിക്കുകയും ചെയ്തപ്പോള്‍ ഒരു നിമിഷം ഇസ്രായേല്‍ തരിച്ചു നിന്നുപോയി. ഹമാസിന്റെ അടിവേരറുക്കും എന്ന് പ്രഖ്യാപിച്ച് യുദ്ധം തുടങ്ങിയ ഇസ്രായേല്‍ ഗാസ മുനമ്പിനെ കല്ലോട് കല്ല് ശേഷിക്കാതെ തകര്‍ക്കാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷത്തോളം ആകുന്നു. ഇതുവരെ അമ്പതിനായിരത്തോളം ആള്‍ക്കാരാണ് ഗാസയില്‍ കൊല്ലപ്പെട്ടത്. അതില്‍ സ്ത്രീകളും കുട്ടികളും രോഗികളും വൃദ്ധരും എല്ലാമുണ്ട്. സാധാരണക്കാരെ മറയാക്കി, അവരുടെ ഇടയില്‍ പതിയിരുന്ന് ഒളിയാക്രമണം നടത്തുക എന്നതാണ് ഹമാസിന്റെ രീതി. ഭീകരര്‍ തങ്ങളെ ഉന്മൂലനം ചെയ്യാനിറങ്ങുമ്പോള്‍ അതില്‍ സാധാരണക്കാരും ഇരയായി മാറുന്നു എന്നത് ദൗര്‍ഭാഗ്യകരമാണെങ്കിലും, നിലനില്‍പ്പ് പ്രശ്‌നമാകുന്ന അവസ്ഥയില്‍ ഇസ്രായേലിനു അത് പരിഗണിക്കാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ സാധാരണക്കാരെ മനുഷ്യകവചമാക്കി ഒളിയുദ്ധം ചെയ്യുന്ന ഹമാസ് തന്ത്രങ്ങള്‍ക്ക് കീഴടങ്ങാനും അവര്‍ തയ്യാറല്ല. ഇക്കാരണങ്ങള്‍ വ്യക്തമായി അറിയാവുന്നത് കൊണ്ടുതന്നെയാണ് അറബ്‌രാജ്യങ്ങള്‍ പേരിന് പ്രതിഷേധങ്ങള്‍ ഉയര്‍ത്തുന്നു എന്നല്ലാതെ ഇസ്രായേലിനെതിരെ വന്‍ നീക്കങ്ങള്‍ ഒന്നും നടത്താത്തത്.
ഇറാന്‍ ആണവായുധം ഉണ്ടാക്കാന്‍ സാധ്യതയുണ്ട് എന്ന ഘട്ടം വന്നപ്പോള്‍, എല്ലാ സുരക്ഷാകവചവും മറികടന്ന് അവരുടെ പ്രധാന ആണവശാസ്ത്രജ്ഞനെ ടെഹ്‌റാനില്‍ ഓട്ടോമാറ്റിക് സംവിധാനങ്ങളിലൂടെ വകവരുത്തിയത് അടുത്ത കാലത്താണ്. ഇത്തരത്തില്‍ ഏറ്റവും ഒടുവില്‍ നടന്ന അവിശ്വസനീയമായ ഓപ്പറേഷനാണ് ഹിസ്ബുള്ള കേന്ദ്രങ്ങളില്‍ നടന്ന പേജര്‍ സ്ഫോടനങ്ങള്‍. ആധുനിക ടെക്‌നോളജികള്‍ ഉപയോഗിച്ച് മൊസാദ് തങ്ങളുടെ നീക്കങ്ങള്‍ ചോര്‍ത്താന്‍ സാധ്യതയുണ്ട് എന്നത് കൊണ്ട് അവര്‍ വാര്‍ത്താവിനിമയത്തിനു വേണ്ടി എന്നോ കാലഹരണപ്പെട്ട പേജറുകളാണ് ഉപയോഗിക്കുന്നത്. പെട്ടെന്ന്, ഹിസ്ബുള്ള പ്രവര്‍ത്തരുടെ അരയില്‍ സൂക്ഷിച്ചിരുന്ന പേജറുകള്‍ ഒന്നൊന്നായി പൊട്ടിത്തെറിക്കാന്‍ ആരംഭിച്ചു. എന്താണ് സംഭവിച്ചത് എന്ന് മനസ്സിലാക്കി വരുന്നതിനു മുന്നേ നൂറുകണക്കിന് ഭീകരര്‍ കൊല്ലപ്പെട്ടു. അതിനു പിന്നാലേ വാക്കി ടോക്കികള്‍ പൊട്ടിത്തെറിക്കാന്‍ തുടങ്ങി. വളരെ പ്രാകൃതമായ ഈ വയര്‍ലെസ്സ് സംവിധാനങ്ങളില്‍ എങ്ങനെയാണ് മൊസാദ് നുഴഞ്ഞുകയറി ഇത്രവലിയ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയത് എന്നറിയാതെ ഇപ്പോഴും ലോകം അമ്പരന്ന് നില്‍ക്കുയാണ്. ഈ പോക്ക് പോയാല്‍ ധരിച്ചിരിക്കുന്ന വസ്ത്രത്തെയും സ്വന്തം നിഴലിനെപ്പോലും സംശയിക്കേണ്ട ഭീതിയിലേക്കാണ് ഭീകരസംഘടനകളെ അവര്‍ എത്തിച്ചിരിക്കുന്നത്. ഈ ഭയം നിലനില്‍ക്കുമ്പോള്‍ അവരെ നശിപ്പിക്കാന്‍ മൊസാദിന് ഇനി അധികം അദ്ധ്വാനമൊന്നും നടത്തേണ്ടതില്ല. ആ ഭീതിയില്‍ ഇഞ്ചിഞ്ചായി തീരാനാകും അവരുടെ വിധി.
ഈ കുറിപ്പ് എഴുതിക്കൊണ്ടിരിക്കുമ്പോള്‍ ഇസ്രായേല്‍ സേന ലബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങളില്‍ വന്‍ ആക്രമണം അഴിച്ചുവിട്ടിരിക്കുകയാണ്. അതീവ സുരക്ഷിതമെന്ന് കരുതുന്ന ഭൂഗര്‍ഭ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന ഹിസ്ബുള്ള നേതാവ് നസ്രുള്ളയെ വധിച്ചത് വലിയ ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ വര്‍ഷിച്ചാണ്. ഹിസ്ബുള്ളയ്ക്ക് പിന്തുണ നല്‍കുന്ന ഇറാന്റെ നേതൃത്വം മുഴുവന്‍ അജ്ഞാതകേന്ദ്രങ്ങളിലാണ്. അവര്‍ എവിടെയുണ്ട് എന്നറിയുന്ന നിമിഷം ചാമ്പലാകും എന്ന അവസ്ഥയിലാണ്. മൊസാദിന്റെ ചാരചക്ഷുസ്സുകള്‍ക്ക് മുന്നില്‍ ഒരു ശത്രുവും സുരക്ഷിതരല്ല എന്ന് തെളിയിക്കുന്ന സംഭവങ്ങളാണ് ദിവസം തോറും നടന്നുകൊണ്ടിരിക്കുന്നത്. ഇപ്പോള്‍ ഇസ്രായേല്‍ നടത്തുന്ന പോരാട്ടം ചരിത്രത്തില്‍ സമാനതകളില്ലാത്തതാണ്. എത്ര അന്താരാഷ്ട്ര സമ്മര്‍ദ്ദം ഉണ്ടായാലും തങ്ങളുടെ ശത്രുക്കളുടെ അടിവേരറുക്കാതെ ഇനി പിന്നോട്ടില്ല എന്ന വ്യക്തമായ സന്ദേശം അവര്‍ ലോകത്തിന് നല്‍കിക്കഴിഞ്ഞു. അന്താരാഷ്ട്രസമൂഹം, പ്രമുഖ ഇസ്ലാമികരാജ്യങ്ങള്‍ അടക്കം, ഈ യാഥാര്‍ത്ഥ്യവുമായി ഏതാണ്ട് പൊരുത്തപ്പെട്ടുകഴിഞ്ഞു.
സമര്‍പ്പണവും കഠിനാധ്വാനവും സ്ഥിരോത്സാഹവുമുണ്ടാങ്കില്‍ ഏത് ചെറിയ സമൂഹത്തിനും എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് മുന്നേറാനാകുമെന്ന് പലവട്ടം തെളിയിച്ചിട്ടുള്ള രാഷ്ട്രമാണ് ഇസ്രായേല്‍. ഭീകരതയെയും രാജ്യത്തിന് നേരെയുള്ള വെല്ലുവിളികളെയും എങ്ങനെ നേരിടണമെന്നതിന്റെ ഒരു പാഠപുസ്തകം തന്നെയാണ് അവര്‍. അവരുടെ മാര്‍ഗ്ഗങ്ങള്‍ പലപ്പോഴും ക്രൂരവും, അതിരുകടന്നതുമൊക്കെയാണ് എന്നു തോന്നിയേക്കാം. പക്ഷേ നിലനില്‍പ്പിനു വേണ്ടിയുള്ള പോരാട്ടത്തില്‍ ഒന്നിനും അതിരുകളോ പരിമിതികളോ ഇല്ല. അവിടെയുള്ള ഒരേയൊരു ശരി നിലനില്‍പ്പ് എന്നത് മാത്രമാണ്.
പേജറുകള്‍ പൊട്ടിത്തെറിച്ചതെങ്ങനെ?
എണ്‍പതുകളില്‍ വയര്‍ലെസ്സ് വാര്‍ത്താവിനിമയം ജനകീയമാകാന്‍ തുടങ്ങിയപ്പോള്‍ വന്ന ആദ്യതലമുറ ഉപകരണങ്ങളാണ് പേജറുകള്‍. പേജര്‍ കൈവശമുള്ളയാളുടെ ഉപകരണത്തിലേക്ക് ടെക്സ്റ്റ് മെസേജുകള്‍ അയക്കുന്ന രീതിയാണ് ഇതിലുള്ളത്. സര്‍വീസ് പ്രൊവൈഡറെ ഫോണില്‍ വിളിച്ച് പേജര്‍ നമ്പര്‍ കൊടുത്ത് അയക്കേണ്ട സന്ദേശം കൈമാറുകയാണ് ഇവിടെ ചെയ്യുന്നത്. മൊബൈല്‍ ഫോണുകള്‍ വന്നതോടുകൂടി പേജറുകള്‍ കാലഹരണപ്പെട്ടു. മൊബൈല്‍ ഫോണുകള്‍ ട്രാക്ക് ചെയ്യാന്‍ എളുപ്പമാണ്. അതുകൊണ്ടുതന്നെ ഹിസ്ബുള്ള പോലുള്ള ഭീകരസംഘടനകള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാറില്ല. ട്രാക്ക് ചെയ്യാന്‍ ബുദ്ധിമുട്ടുള്ള പേജറുകളാണ് സന്ദേശങ്ങള്‍ക്ക് കൈമാറാന്‍ അവര്‍ ഉപയോഗിക്കുന്നത്.
ഇപ്പോള്‍ നടന്ന സംഭവങ്ങള്‍ പിന്നില്‍, ഇന്നുവരെ ആരും പരീക്ഷിക്കാത്ത ഒരു ഹാക്കിങ് ആണ് മൊസ്സാദ് നടത്തിയത്. അത് പേജര്‍ ഉപകരണത്തിന്റെ നിര്‍മ്മാണവേളയില്‍ തന്നെ തുടങ്ങിയതാണ്. നിര്‍മ്മാതാക്കളെ സ്വാധീനിച്ചോ അവരുടെ യൂണിറ്റുകളില്‍ നുഴഞ്ഞുകയറിയോ ഹിസ്ബുള്ളക്ക് കൊടുക്കുന്ന പേജറുകളില്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ച് ഒരു പ്രത്യേക സന്ദേശം എത്തുമ്പോള്‍ കൃത്യസമയത്ത് പൊട്ടിത്തെറിക്കുന്ന രീതിയില്‍ സോഫ്റ്റ്‌വെയര്‍ സെറ്റ് ചെയ്തിട്ടുണ്ടാകും എന്നാണ് അനുമാനിക്കപ്പെടുന്നത്. അതുകൊണ്ടാണ് ഇത്രവലിയ നാശം ഈ പൊട്ടിത്തെറികളിലൂടെ സംഭവിച്ചത്. എന്തായാലും ഒരു ഇലക്ട്രോണിക്ക് ഉപകരണവും സുരക്ഷിതമല്ല എന്ന ഭയാനകമായ യാഥാര്‍ഥ്യം കൂടിയാണ് ഈ സംഭവങ്ങളില്‍ നിന്നും മനസ്സിലാക്കേണ്ടത്.