നിപ്പയും കൊറോണയും പകരുന്നതിനേക്കാള്‍ വേഗത്തിലാണ് കേരളത്തില്‍ ആര്‍.എസ്എസ് പേടി എന്ന ജ്വരം പടരുന്നത്. ഇടതുമുന്നണിക്കകത്തേയും വലതുമുന്നണിയിലേയും പ്രമുഖ നേതാക്കള്‍ക്കാണ് ഇതു കലശലായിരിക്കുന്നത്. ആരെ കണ്ടാലും അവര്‍ക്കൊക്കെ ആര്‍.എസ്.എസ് ബന്ധമുണ്ടോ എന്ന സംശയമാണ് ആദ്യലക്ഷണം. അവര്‍ ആര്‍.എസ്.എസ്സുമായി ഗൂഢാലോചന നടത്തി എന്ന് ഉറപ്പിക്കലാണ് രോഗം മൂര്‍ച്ഛിക്കുന്നതിന്റെ രണ്ടാമത്തെ ലക്ഷണം. ഉറക്കത്തിലും സ്വബോധത്തിലും ഇത് ആവര്‍ത്തിക്കുകയും അന്വേഷിക്കണം, പുറത്താക്കണം എന്നീ ജല്പനങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കലുമാണ് രോഗമൂര്‍ച്ഛയുടെ അടുത്ത പടി. ഇടതു മുന്നണിയില്‍ മുഖ്യമന്ത്രി വിജയന്‍ സഖാവിനും പാര്‍ട്ടി സെക്രട്ടറി ഗോവിന്ദന്‍ സഖാവിനും ബാധിച്ച അതേ സന്നിപാതമാണ് സിപിഐ നേതാക്കളായ ബിനോയ് വിശ്വത്തിനും സുനില്‍ കുമാറിനും ഉള്ളതെങ്കിലും ലക്ഷണം പ്രതിപക്ഷ നേതാവ് സതീശന്റെയും രമേശ് ചെന്നിത്തലയുടെതിന്റെയും സമാനമാണ്. ഏ.ഡി.ജി.പി അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്നു പുറത്താക്കണം എന്ന് നാഴികക്ക് നാല്പതുവട്ടം വിളിച്ചു പറഞ്ഞുകൊണ്ടിരിക്കുക എന്നതാണ് അവരില്‍ കാണുന്ന ലക്ഷണം.
ഈ അസുഖം പിടിപെടുന്നവര്‍ക്ക് ചില വിചിത്രമായ കഴിവുകള്‍ ഉണ്ടാകും. തൃശൂര്‍പൂരം കലക്കാന്‍ ഏ.ഡി.ജി.പിയും ആര്‍.എസ്.എസ്. നേതാക്കളും നടത്തിയ ഗൂഢാലോചന അവര്‍ക്ക് ദിവ്യദൃഷ്ടി കൊണ്ട് നേരില്‍ കാണാന്‍ കഴിയും. വയനാട്ടില്‍ പ്രകൃതിദുരന്തം ഉണ്ടാക്കാന്‍ കാരണം ദുരന്തത്തിനു ശേഷം അവിടെ വെച്ച് ഏ.ഡി. ജി.പിയും വത്സന്‍തില്ലങ്കരിയുമായി നടത്തിയ ഗൂഢാലോചനയാണ് എന്ന് നാളെ അവര്‍ ദിവ്യദൃഷ്ടി കൊണ്ടു പറഞ്ഞേക്കാം. കാരണം സേവാഭാരതിയുടെ ആംബുലന്‍സ് പോലീസ് തടഞ്ഞതിനെ സംബന്ധിച്ച് നാലു മിനുറ്റ് ഏ.ഡി.ജി.പിയുമായി സംസാരിച്ചത് കല്പറ്റയിലെ സ്വകാര്യ ഹോട്ടലില്‍ നാലു മണിക്കൂര്‍ നീണ്ട ചര്‍ച്ചയാണെന്ന് ദിവ്യദൃഷ്ടി കൊണ്ടു കണ്ടവര്‍ക്ക് ഇങ്ങനെയും പറയാമല്ലോ. ഈ രോഗം പരത്തുന്ന കൊതുകുകളുടെ റോളിലുള്ളത് മാധ്യമവീരന്മാരാണ്. ഓരോ ദിവസം ഓരോ കഥമെനഞ്ഞ് അവര്‍ ഈ നേതാക്കളിലെ രോഗാണുക്കളെ നാടു നീളെ പരത്തുന്നു. തൃശൂര്‍ ലോകസഭാ തിരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ വിജയം ചിലരുടെ ഉറക്കം കെടുത്തിയിട്ടുണ്ട്. ആര്‍.എസ്.എസ്. പേടിയെന്ന മഹാമാരിയുടെ പ്രഭവ കേന്ദ്രം ഈ ശക്തികളാണ്. അവരുടെ പൂതനാ വേഷം തിരിച്ചറിയാന്‍ കഴിയാത്ത വിധം മലയാളിയെ മസ്തിഷ്‌ക പ്രക്ഷാളനം ചെയ്യുന്ന ഇസ്ലാമിസ്റ്റ് മാധ്യമതന്ത്രം എത്ര നാള്‍ അരങ്ങു വാഴും എന്നു കണ്ടറിയാം.