പശ്ചിമേഷ്യയെ ഭീതിയിലാഴ്ത്തി ഇസ്രായേല്‍-ഹിസ്ബുള്ള സംഘര്‍ഷം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ലെബനന്റെ തലസ്ഥാനമായ ബെയ്‌റൂത്തില്‍ സപ്തം. 24 ചൊവ്വാഴ്ച ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ഹിസ്ബുള്ളയുടെ റോക്കറ്റ് വിഭാഗത്തിന്റെ കമാന്ററായ ഇബ്രാഹിം ഖുബൈസിയും മറ്റ് ആറുപേരും കൊല്ലപ്പെട്ടിട്ടു.
ഇസ്രായേല്‍ ആക്രമണത്തില്‍ ഇതിനോടകംതന്നെ രണ്ടായിരത്തിലധികം പേര്‍ കൊല്ലപ്പെട്ടതായി ലബനന്‍ അധികൃതര്‍ സാക്ഷ്യപ്പെടുത്തിക്കഴിഞ്ഞതാണല്ലൊ!.
ആയിരക്കണക്കിന് പേജറുകളും വാക്കി ടോക്കിളും പോക്കറ്റ് റേഡിയോകളും സോളാര്‍ പാനലുകളുമെല്ലാം പൊട്ടിത്തെറിപ്പിച്ചുകൊണ്ട് ലോകം ഇന്നേവരെ കണ്ടിട്ടില്ലാത്ത സമാനതകളില്ലാത്ത ആക്രമണമാണ് ഈയിടെ ലെബനനില്‍ ഹിസ്ബുള്ളക്ക് നേരിടേണ്ടി വന്നത്. 2024 സപ്തംബര്‍ 17ന് ചൊവ്വാഴ്ച മാത്രം പേജറുകള്‍ പൊട്ടിത്തെറിച്ച് 12 പേര്‍ കൊല്ലപ്പെടുകയും 2800-ലേറെ പേര്‍ക്ക് പരിക്കേല്ക്കുകയും ചെയ്തു. അതിന് പിന്നാലെ സപ്തംബര്‍ 18ന് ബുധനാഴ്ച ലബനനന്റെ തലസ്ഥാനമായ ബെയ്‌റൂത്തില്‍ വാക്കി ടോക്കികള്‍ പൊട്ടിത്തെറിച്ച് 20 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 450-ഓളം പേര്‍ക്കാണ് ഈ ആക്രമണത്തില്‍ പരിക്കേറ്റത്. ലെബനനിലും സിറിയയിലും ഉണ്ടായ ഈ പേജര്‍-വാക്കി ടോക്കി സ്‌ഫോടനങ്ങള്‍ക്കു പിന്നില്‍ ഇസ്രായേല്‍ ആണെന്നാണ് പരക്കെ ആരോപിക്കപ്പെടുന്നതെങ്കിലും ഇസ്രായേല്‍ ഇന്നു വരെ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല.
ഇസ്രായേല്‍ തൊടുത്തു വിടാന്‍ സാധ്യതയുള്ള ഇത്തരത്തിലുള്ള ഹൈടെക്ക് ആക്രമണങ്ങളില്‍ നിന്ന് രക്ഷ നേടാനും ഇസ്രായേല്‍ പട്ടാളത്തിന്റെ കഴുകന്‍ കണ്ണുകളില്‍ നിന്ന് മറഞ്ഞു നില്ക്കാനും ഹിസ്ബുള്ള അംഗങ്ങള്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കരുതെന്ന് സംഘടനാ നേതാവ് ബസന്‍ നസ്രള്ള കഴിഞ്ഞ വര്‍ഷം മുന്നറിയിപ്പു നല്കിയിരുന്നു. അതിനു പകരം ട്രാക്കിങ്ങ് എളുപ്പമല്ലാത്ത പേജറുകള്‍ വിവരവിനിമയത്തിന് വ്യാപകമായി ഉപയോഗിക്കാന്‍ തന്റെ അനുയായികളോട് അയാള്‍ ആവശ്യപ്പെടുകയും ചെയ്തു (ഇത്തരത്തില്‍ മൊബൈല്‍ ഫോണിനോടുള്ള ഭയം ഹിസ്ബുള്ള പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രചരിപ്പിച്ചത് ഇസ്രായേല്‍ തന്നെയായിരുന്നു എന്നാണ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്മാരുടെ ഭാഷ്യം). അതിനെ തുടര്‍ന്ന്, അയ്യായിരത്തോളം പേജറുകള്‍ക്കാണ് തുടര്‍ന്ന് തായ്‌വാന്‍ കമ്പനിയായ ‘ഗോള്‍ഡ് അപ്പോളോ’ക്ക് ഹിസ്ബുള്ള ഓര്‍ഡര്‍ നല്കിയത്.
ഇതു മണത്തറിഞ്ഞ ഇസ്രായേല്‍, ഹിസ്ബുള്ളയ്ക്കു വേണ്ടിയുള്ള പേജറുകളുണ്ടാക്കാന്‍ ഉള്ള സബ് കോണ്‍ട്രാക്റ്റ് തായ്‌വാന്‍ കമ്പനിയായ ‘ഗോള്‍ഡ് അപ്പോളോ’യുടെ പക്കല്‍ നിന്നും സമര്‍ത്ഥമായി തരമാക്കിയെടുത്തു. ഇങ്ങനെ, ‘ഗോള്‍ഡ് അപ്പോളോ’യുടെ ട്രേഡ് മാര്‍ക്കുപയോഗിക്കാനുള്ള ലൈസന്‍സ് തരപ്പെടുത്തിയെടുത്തു കൊണ്ട് ‘ബിഎസി കണ്‍സള്‍ട്ടിങ്ങ്’ എന്ന പേരില്‍ ഹംഗറിയിലെ ബുഡാപെസ്റ്റ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു കടലാസുകമ്പനിയുടെ മറവില്‍ ഇസ്രായേല്‍ ഹിസ്ബുള്ളയ്ക്കു വേണ്ടിയുള്ള പേജറുകളുടെ നിര്‍മ്മാണം തുടങ്ങി.
ഹിസ്ബുള്ളയുടെ അടിവേരിളക്കുക എന്ന ഉദ്ദേശ്യം മുന്നില്‍ കണ്ടുകൊണ്ടായിരുന്നു കമ്പനിയുടെ പിന്നീടുള്ള നിര്‍മ്മാണ നീക്കങ്ങളെല്ലാം. അതിനായി പേജറുകളുടെ ബാറ്ററികള്‍ക്കു സമീപം, മൂന്നു ഗ്രാം വീതം പി ഇ ടി എന്‍ (പെന്റാ എരിത്രയോള്‍ ടെട്രാനൈട്രേറ്റ്) എന്ന ശക്തിയേറിയ സ്‌ഫോടകവസ്തു അവര്‍ വെച്ചു പിടിപ്പിച്ചു. ‘ഗോള്‍ഡ് അപ്പോളോ’യുടെ ട്രേഡ് മാര്‍ക്കുപയോഗിച്ച് ഇത്തരത്തില്‍ ഉല്പാദിപ്പിക്കപ്പെട്ടിരുന്ന പേജറുകളില്‍ കുറെയെണ്ണം 2022-ല്‍ത്തന്നെ ലെബനനിലേക്ക് കമ്പനി കയറ്റിയയച്ചിരുന്നു എന്ന് ന്യൂയോര്‍ക്ക് ടൈംസ് പത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പിന്നീട്, പേജറുകളിലേക്കു മാറാനുള്ള നസ്രള്ളയുടെ അറിയിപ്പുവന്നതോടെയാണ് കമ്പനി ഉത്പാദനം വര്‍ദ്ധിപ്പിച്ചത്.
തങ്ങള്‍ കയറ്റിയയച്ച പേജറുകളെല്ലാം എത്തേണ്ടിടത്ത് എത്തിയെന്ന് ഉറപ്പുവരുത്തിയ മൊസാദ് തങ്ങളുടെ അടുത്ത ഓപ്പറേഷനില്‍ ജാഗരൂകരായി. പേജറുകള്‍ പൊട്ടിത്തെറിപ്പിക്കാനായി തങ്ങളൊരുക്കി വെച്ച പ്രത്യേക കോഡ് ഹിസ്ബുള്ളക്കാര്‍ അരക്കെട്ടിനോടു ചേര്‍ത്തു ബന്ധിച്ചിരുന്ന പേജറുകളിലേക്ക് മൊസാദ് അയച്ചു. അതോടെ, ഹിസ്ബുള്ളക്കാരുടെ ജീവനുള്ള മാംസം ചിന്നിച്ചിതറിച്ചുകൊണ്ട് ഓരോ പേജറും വമ്പിച്ച പ്രഹരശേഷിയോടെ പൊട്ടിത്തെറി്ച്ചു.
ഇസ്രായേല്‍ തൊടുത്തു വിട്ട ഈ പേജര്‍ ആക്രമണത്തിന് കണക്കു ചോദിക്കാന്‍ ആ രാജ്യത്തിന്റെ വടക്കന്‍ അതിര്‍ത്തി അക്രമിക്കാനാണ് ഹിസ്ബുള്ള പിന്നീട് പദ്ധതിയിട്ടത്. ഹിസ്ബുള്ളയുടെ പ്രധാനപ്പെട്ട മറ്റൊരു വിഭാഗമായ റിദ്വാന്‍ ഫോഴ്‌സിനെ നിയന്ത്രിക്കുന്ന ഇബ്രാഹിം അകിലിനെ ഈ ദൗത്യം അവര്‍ ഏല്പിക്കുകയും ചെയ്തു. എന്നാല്‍, അതിനുള്ളില്‍ത്തന്നെ മൊസാദ് ഈ വിവരം മണത്തറിഞ്ഞു കഴിഞ്ഞിരുന്നു. അവര്‍ കൊടുത്ത വിവരമനുസരിച്ച് ഇസ്രായേല്‍ പട്ടാളം തൊടുത്തു വിട്ട മിസൈല്‍ ആക്രമണത്തില്‍, ഇസ്രായേലിന്റെ വടക്കന്‍ അതിര്‍ത്തി അക്രമിക്കാനുള്ള ദൗത്യമേറ്റെടുത്ത ഹിസ്ബുള്ളയുടെ, ഇബ്രാഹിം അകിലടക്കമുള്ള പതിനൊന്നു നേതാക്കന്മാരാണ് കാലപുരി പൂകിയത്. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് തങ്ങളുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയ വിവരമാണിത്.
ടെല്‍ അവീവിനെയും ജറുസലേമിനെയും ലക്ഷ്യം വെച്ച് ഇറാന്‍ മിസൈല്‍ ആക്രമണങ്ങള്‍ നടത്തുന്നുണ്ടെങ്കിലും അതിനെയൊന്നും നിലം തൊടാന്‍പോലും സമ്മതിക്കാതെ അയല്‍രാജ്യമായ ജോര്‍ദ്ദാന്റെ ആകാശത്തുവെച്ചുതന്നെ നിര്‍വീര്യമാക്കിക്കൊണ്ടിരിക്കുകയാണ് ഇസ്രയേല്‍.
ഇസ്രായേലിന്റെ അടുത്ത നീക്കം എന്തായിരിക്കുമെന്ന് ഊഹിക്കുവാന്‍പോലുമാവാതെ തരിച്ചു നില്ക്കുകയാണ് ഇറാനടക്കമുള്ള ലോകരാജ്യങ്ങളെല്ലാം. ലെബനനില്‍ കഴിഞ്ഞ ദിവസമുണ്ടായ സ്‌ഫോടനത്തില്‍ ഇറാന്‍ സ്ഥാനപതിക്ക് ഗുരുതരമായി പരിക്കേറ്റിട്ടും ശക്തമായി പ്രതിഷേധിക്കാന്‍ പോലുമാവാതെ കിതയ്ക്കുകയാണ് ഇറാന്‍. ഹമാസിന്റെ പരമോന്നത നേതാവായിരുന്ന ഇസ്മയില്‍ ഹനിയ ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിലെ സുരക്ഷിതമായ സൈനിക ഗസ്റ്റ് ഹൗസിനുള്ളില്‍ വെച്ച് കൊല്ലപ്പെട്ടപ്പോള്‍ ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള ഖൊമേനി ഇസ്രായേലിനോട് യുദ്ധം പ്രഖ്യാപിച്ചിരുന്നു എന്നോര്‍ക്കണം.
ഇസ്രായേലിന്റെ ഈദൃശങ്ങളായ വീരവിളയാട്ടങ്ങള്‍ക്ക് പശ്ചാത്തലമൊരുക്കി നിശ്ശബ്ദമായി കര്‍മ്മനിരതമാകുന്ന മൊസാദ് എന്ന അതിശക്തമായ രഹസ്യാന്വേഷണസംഘടന പോര്‍മുഖത്ത് ആ രാജ്യത്തിനു നല്കുന്ന ആത്മവിശ്വാസം സമാനതയില്ലാത്തതാണ്.
ടെല്‍ അവീവ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഈ സംഘടന അമേരിക്കന്‍ സെന്‍ട്രല്‍ ഏജന്‍സിയോടും ബ്രിട്ടന്റെ എംഐ6-നോടും കിടപിടിക്കുന്ന ലോകത്തിലെ പ്രമുഖ ചാരസംഘടനയാണ്.
ഇസ്രായേല്‍ ഈയിടെ തൊടുത്തുവിട്ട മിസൈല്‍ ആക്രമണത്തിലൂടെ ഹിസ്ബുള്ളയുടെ നേതാവ് (പേജര്‍ ഫെയിം) സെയ്ദ് ഹസന്‍ നസ്രള്ളയുടെ ഉയിര്‍ പറിച്ചെടുത്ത സംഭവത്തിലും മൊസാദിന്റെ ഞെട്ടിക്കുന്നതും അപ്രതീക്ഷിതവുമായ കര്‍മ്മസാമര്‍ത്ഥ്യങ്ങളുടെ എടുത്തു ചൊല്ലാവുന്ന സാക്ഷ്യങ്ങളുണ്ട്. ബേയ്‌റൂത്തിലുള്ള ഹിസ്ബുള്ള ആസ്ഥാനത്തെ ഭൂഗര്‍ഭ അറയില്‍ വെച്ച് ഉന്നതതല അംഗങ്ങളുമായി ഇസ്രയേലിനെതിരെ അടുത്ത വ്യൂഹം ചമയ്ക്കാനുള്ള ഒരുക്കങ്ങളെക്കുറിച്ച് ധൃതിപിടിച്ച ചര്‍ച്ചയില്‍ വ്യാപൃതനായിരിക്കവെയായിരുന്നു നസ്രള്ളയുടെയും അനുചരന്മാരുടെയും തല തെറിപ്പിച്ചുകൊണ്ട് ഇസ്രായേലിന്റെ മിസൈലുകള്‍ മരണദൂതുമായി പറന്നെത്തി അഗ്നി താണ്ഡവമാടിയത്.
ഹിസ്ബുള്ളയുടെ ഭടന്മാര്‍ തങ്ങള്‍ക്കെതിരെ പോര്‍തൊടുക്കാനുള്ള ഉപായങ്ങള്‍ മെനയുന്ന ഭൂഗര്‍ഭ അറയെക്കുറിച്ച് ഇസ്രയേല്‍ പട്ടാളത്തിന് എങ്ങനെ കൃത്യമായി വിവരം ലഭിച്ചു എന്ന് ലോകം ആശ്ചര്യപ്പെട്ടു നില്ക്കുമ്പോഴാണ്, ഇറാന്‍ പൗരനായ ഇസ്രായേല്‍ ചാരന്‍ കൊടുത്ത രഹസ്യസൂചനകളെ അടിസ്ഥാനപ്പെടുത്തി ഇസ്രായേല്‍ പട്ടാളം കൃത്യമായി മിസൈല്‍ വര്‍ഷിച്ച് നസ്രള്ളയുടെയും കൂട്ടാളരുടെയും കഥ കഴിച്ചതെന്ന് ഫ്രഞ്ചു മാധ്യമമായ ‘ലെ പാരിസിയനി’ല്‍ വാര്‍ത്ത വരുന്നത്. അതിനെത്തുടര്‍ന്ന്, ഇറാന്റെ മുന്‍പ്രസിഡന്റായിരുന്ന മുഹമ്മദ് അഹമ്മദി നെജാദ്, സിഎന്‍എന്‍-ടര്‍ക്കിനു നല്കിയ അഭിമുഖത്തിലൂടെ ആ രഹസ്യത്തിന്റെ വിശദാംശങ്ങള്‍ കൂടുതല്‍ വ്യക്തത പൂണ്ട് ജനസമക്ഷമെത്തി. ഇസ്രായേലി ചാരവൃത്തിയെ പ്രതിരോധിക്കാനും ഹിസ്ബുള്ളയെപ്പോലുള്ള ഇസ്രായേല്‍ വിരുദ്ധ പ്രസ്ഥാനങ്ങളെ സഹായിക്കാനുമായി ഇറാനില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ രഹസ്യാന്വേഷണ ഏജന്‍സിയുടെ തലവന്‍ തന്നെയാണ് ഹിസ്ബുള്ള ഭടന്മാരെ ഒറ്റിക്കൊടുത്തുകൊണ്ട് ഈ കരിങ്കാലിപ്പണി ഒപ്പിച്ചിരിക്കുന്നത് എന്നാണ് നെജാദ് തന്റെ അഭിമുഖത്തിലൂടെ ലോകത്തോട് വിളിച്ചു പറഞ്ഞത്. ഇസ്രായേലിനെ തകര്‍ക്കാന്‍ പ്രതിജ്ഞാബദ്ധമായി ഗോദയിലിറങ്ങിയിരിക്കുന്ന ഇറാന്റെ അധീനതയിലുള്ള പ്രസ്തുത രഹസ്യാന്വേഷണ ഏജന്‍സിയുടെ തലവന്‍ ആരായിരുന്നു എന്നറിയുമ്പോഴാണ് മൊസാദിന്റെ ശേഷിയും ശേമുഷിയും കൂടുതല്‍ രത്‌നത്തിളക്കത്തോടെ ജനമനസ്സുകളില്‍ കുടിയേറി ഇടം പിടിക്കുന്നത്. ഇറാന്റെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ നേതൃസ്ഥാനത്ത് കയറിപ്പറ്റി ഈ പണി പറ്റിച്ചയാള്‍ ഇറാന്‍കാരനായ ഒരു മൊസാദ് ഏജന്റായിരുന്നു! ഇറാനിയന്‍ ആണവപദ്ധതിയെക്കുറിച്ചുള്ള തന്ത്രപ്രധാനമായ പല വിവരങ്ങളും ഇതിനുമുമ്പ് ഇസ്രായേലിന് ചോര്‍ത്തിക്കൊടുത്തതും ഈയാള്‍ തന്നെ ആയിരുന്നുവത്രെ! ശത്രുരാജ്യത്തിന്റെ രഹസ്യാന്വേഷണപ്പടയുടെ നേതൃസ്ഥാനത്തുപോലും മൊസാദിന്റെ ചാരന്മാരെ അവരോധിച്ച് കാര്യം സാധിക്കാനുള്ള ഇസ്രായേലിന്റെ യുദ്ധസമാര്‍ത്ഥ്യം ലോകത്തെ കുറച്ചൊന്നുമല്ല വിസ്മയത്തിലാഴ്ത്തുന്നത്.
1972-ലെ മ്യൂണിച്ച് ഒളിമ്പിക്‌സ് കൂട്ടക്കൊലയ്ക്ക് ഉത്തരവാദികളായവരെ കണ്ടെത്തി വധിച്ചത്, 1976-ല്‍, പാലസ്തീന്‍ ഭീകരവാദസംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഫോര്‍ ദ ലിബറേഷന്‍ ഓഫ് പാലസ്തീനും ജര്‍മ്മന്‍ ഭീകരവാദസംഘടനയായ റെഡ് അര്‍മി ഫാക്ഷനും ചേര്‍ന്ന് ഹൈജാക്ക് ചെയ്ത് ഉഗാണ്ടയില്‍ ഇറക്കിയ വിമാനത്തില്‍ നിന്ന് ഇസ്രായേലി യാത്രക്കാരെ അതിസാഹസികമായി മോചിപ്പിച്ചത്, സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 20-ാംകോണ്‍ഗ്രസ്സ് മീറ്റില്‍ സ്റ്റാലിനെ തള്ളിപ്പറഞ്ഞുകൊണ്ട് ക്രൂഷ്‌ചേവ് നടത്തിയ പ്രസംഗം പുറത്തുകൊണ്ടുവന്നത്, ഇറാക്കിലെ ഒസിറാഗ് ആണവനിലയത്തെക്കുറിച്ചുള്ള വിവരം ശേഖരിച്ച്, 1981-ല്‍ ഇസ്രായേലി വ്യോമാക്രമണത്തിലൂടെ അതു തകര്‍ത്തത്, 1960 മേയ് മാസം 22-ാം തീയതി, നാസിപ്പടത്തലവന്‍ അഡോള്‍ഫ് ഇച്ച്മാനെ അര്‍ജന്റീനയില്‍ നിന്ന് തട്ടിക്കൊണ്ടു പോയത് തുടങ്ങി അന്തര്‍ദ്ദേശീയ തലത്തില്‍ അവര്‍ അരങ്ങേറ്റിയ സാഹസങ്ങളെല്ലാം മൊസാദിന്റെ യശസ്സിന് ഒളി ചാര്‍ത്തിക്കൊണ്ട് അതിന്റെ ചരിത്രത്തില്‍ അഭംഗുരം നില നില്ക്കുന്നുണ്ട്. തങ്ങളുടെ ശത്രുക്കള്‍ ലോകത്തിന്റെ ഏതു മൂലയില്‍ പോയൊളിച്ചാലും അവരെ അവരുടെ മാളത്തില്‍ത്തന്നെ ചെന്ന് നെഞ്ചിടിപ്പിന് വിരാമമിടുകയൊ മെരുക്കി സ്വന്തംരാജ്യത്തേക്കു കൊണ്ടുവന്ന് അനുയോജ്യമായ ശിക്ഷ നടപ്പാക്കുകയോ ചെയ്യുക എന്ന വിധത്തിലുള്ള മൊസാദിലെ ചുണക്കുട്ടികളുടെ ഉല്പാടനതന്ത്രങ്ങള്‍ ലോകംതന്നെ അംഗീകരിച്ചിട്ടുള്ളതാണ്. അത്തരത്തിലൊന്നാണ് അഡോള്‍ഫ് ഇച്ച്മാന്‍ എന്ന നാസിപ്പടത്തലവനെ കെണിവെച്ചു പിടിച്ചു ശിക്ഷിക്കാനായി മൊസാദ് കൈെക്കാണ്ട തന്ത്രങ്ങളുടെ ഈ പുരാവൃത്തം. മൊസാദ് എന്ന രഹസ്യാന്വേഷണസംഘടന വിജയകരമായി നിര്‍വ്വഹിച്ച ആദ്യത്തെ ദൗത്യമായിരുന്നു അത് എന്നൊരു സവിശേഷതകൂടി ഈ സംഭവത്തിനുണ്ട്.
1960 മേയ് 20. സ്‌പെയിനില്‍ നിന്നും സ്വാതന്ത്ര്യം നേടിയതിന്റെ 150-ാം വര്‍ഷത്തിന്റെ ആഘോഷത്തിമിര്‍പ്പിലാണ് അര്‍ജന്റീന. രണ്ടു ദിവസങ്ങളായി ആഘോഷങ്ങള്‍ തുടങ്ങിയിട്ട്. അവിടത്തെ യസീസ് വിമാനത്താവളത്തില്‍നിന്ന് ഒരു വിമാനം പറന്നുപൊങ്ങാന്‍ കാത്തുനില്ക്കുകയാണ്. വാര്‍ഷികാഘോഷത്തിന് ലോകത്തിന്റെ നാനാഭാഗത്തുനിന്നും വിശിഷ്ടാതിഥികളെ കൊണ്ടുവന്ന വിമാനങ്ങളെല്ലാം കുറച്ചപ്പുറത്തുകിടന്ന് ഇളപ്പാറ്റുന്നുണ്ട്. പുറപ്പെടാന്‍ തയ്യാറായി നില്ക്കുന്ന വിമാനത്തിനടുത്തേക്ക് വിമാനജോലിക്കാരെപ്പോലെ തോന്നിക്കുന്ന രണ്ടുപേര്‍ ഒരു കാറില്‍ വന്നിറങ്ങി. വീല്‍ചെയറൊന്നില്‍, വൈമാനികന്റെ യൂനിഫോമില്‍ ഉള്ള, തികച്ചും അവശനായ മറ്റൊരാളെയും ശ്രദ്ധാപൂര്‍വ്വം തള്ളിക്കൊണ്ടാണ് അവര്‍ വിമാനത്തിനടുത്തേക്ക് സഞ്ചരിച്ചിരുന്നത്. ഏതോ മഹാവ്യാധി ബാധിച്ചിട്ടുണ്ടെന്ന് ഒറ്റനോട്ടത്തില്‍ത്തന്നെ തോന്നുംവിധമാണ് അയാള്‍ വീല്‍ചെയറില്‍ ഇരിക്കുന്നത്. വൈമാനികരായിരുന്നതിനാല്‍ രേഖകള്‍ തയ്യാറാക്കാനൊന്നും അവര്‍ക്ക് അധികനേരം കാത്തുനില്‌ക്കേണ്ടി വന്നില്ല. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അവര്‍ വിമാനത്തികത്തേക്ക് കയറി. ഇസ്രായേലിലേക്കുള്ളതാണ് ആ വിമാനം. അധികമൊന്നും കാത്തിരിക്കാതെ ചുറുചുറുക്കുള്ള ഫാല്‍ക്കന്‍ പക്ഷിയെപ്പോലെ യാത്രക്കാരെയും വഹിച്ചുകൊണ്ട് അത് ആകാശത്തിന്റെ ഉയരങ്ങളെ തുളച്ചുകടന്നു പറന്നു.
മേയ്മാസം 22-ാം തിയതി, ഇസ്രായേലിലെ വിമാനത്താവളത്തിലിറങ്ങിയ ആ മൂന്നുപേരെയും അതീവവേഗത്തിലെത്തിയ ഒരു വാഹനത്തില്‍ കയറ്റിക്കൊണ്ട് പട്ടാളവേഷത്തിലുള്ള ചിലര്‍ ഏതോ അജ്ഞാതകേന്ദ്രത്തിലേക്ക് തിരക്കു പിടിച്ച് പാഞ്ഞകന്നു.
അടുത്ത ദിവസം കൂടിയ ഇസ്രായേല്‍ പാര്‍ലമെന്ററി യോഗത്തില്‍, പ്രധാനമന്ത്രി ഡേവിഡ് ബേന്‍ ഗോറിയോണ്‍ നടത്തിയ പ്രസ്താവന ഞെട്ടലോടെയാണ് അവിടെയുണ്ടായിരുന്നവരെല്ലാവരും കേട്ടത്. അത് ഇങ്ങനെയായിരുന്നു: ‘എനിക്കിന്ന് നിങ്ങളോട് അതീവപ്രാധാന്യമുള്ള ഒരു കാര്യം വെളിപ്പെടുത്താനുണ്ട്. ഒരു പക്ഷേ, നമ്മുടെ രഹസ്യാന്വേഷണസംഘടനയായ ‘മൊസാദി’ന്റെ രൂപീകരണത്തിനുശേഷമുള്ള ആദ്യത്തെ അതിപ്രധാനമായ നേട്ടം എന്നു വേണമെങ്കില്‍ ഈ സംഭവത്തെ വിശേഷിപ്പിക്കാം.’
എന്താണ് പ്രധാനമന്ത്രി പറയാന്‍ പോകുന്നതെന്നറിയാന്‍ ക്ഷമയറ്റു കാത്തിരിക്കുന്ന പാര്‍ലമെന്റംഗങ്ങളുടെ ജിജ്ഞാസയുടെ അഗ്നിയെ ജലം തളിച്ചുകെടുത്തിക്കൊണ്ട് അദ്ദേഹം തുടര്‍ന്നു: ‘നമ്മുടെ പൂര്‍വ്വികന്മാരെ ജര്‍മ്മനിയിലെ കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകളില്‍ വെച്ച് പീഡിപ്പിച്ച് കൊലപ്പെടുത്തിയ ഹിറ്റ്‌ലറുടെ വലംകയ്യായിരുന്ന അഡോള്‍ഫ് ഇച്ച്മാനെന്ന വംശദ്രോഹിയെ, നമ്മുടെ രഹസ്യാന്വേഷണവിഭാഗമായ മൊസാദിന്റെ ചുണക്കുട്ടന്മാര്‍ അര്‍ജന്റീനയില്‍ വെച്ച് പിടികൂടി ഇവിടെയെത്തിച്ചിട്ടുണ്ട്. വിമാനജോലിക്കാരുടെ വേഷമണിഞ്ഞ് അര്‍ജന്റീനിയന്‍ അധികൃതരുടെ കണ്ണുവെട്ടിച്ചുകൊണ്ട് വലിയൊരു അപായസാധ്യതയെയും മറികടന്നുകൊണ്ടാണ് അവര്‍ അത് ചെയ്തിരിക്കുന്നത്.’ അപകടം പതിയിരിക്കുന്ന വലിയൊരു ദൗത്യം അസാധാരണമായ കര്‍മ്മസാമര്‍ത്ഥ്യത്തോടെ നിറവേറ്റിയ മൊസാദിന്റെ ഭടന്മാരെ അവിടെ കൂടിയിരുന്ന ഓരോരുത്തരും മനസ്സുകൊണ്ടഭിനന്ദിച്ചു.
പ്രധാനമന്ത്രി പറഞ്ഞതുപോലെ, മൊസാദ് എന്ന രഹസ്യാന്വേഷണസംഘടന രൂപംകൊണ്ടതിനുശേഷം അതിന്റെ ആദ്യത്തെ ദൗത്യമായിരുന്നു അത്. തുടക്കം മുതല്‍തന്നെ അങ്ങനെയായിരുന്നു മൊസാദിന്റെ പ്രവര്‍ത്തനശൈലി. എത്ര അപകടസാധ്യതയുള്ള ദൗത്യമാണെങ്കിലും അവര്‍ ഒന്നു തീരുമാനിച്ചു കഴിഞ്ഞാല്‍ അത് തീര്‍ത്തിരിക്കും. തുനിഞ്ഞിറങ്ങിയാല്‍ അവസാനത്തെ കതിരും കൊയ്തതിനു ശേഷമേ അവര്‍ വരമ്പത്തേക്ക് കയറൂ! അത്തരത്തിലൊരു പ്രവര്‍ത്തനസാമര്‍ത്ഥ്യം തന്നെയാണ് അഡോള്‍ഫ് ഇച്ച്മാനെ വലയിട്ടുപിടിക്കുന്നതിലും മൊസാദ് പ്രദര്‍ശിപ്പിച്ചത്.
അറുപതു ലക്ഷത്തോളം വരുന്ന നിരപരാധികളായ ജൂതന്മാരെ, അവര്‍ ജന്മംകൊണ്ട് ജൂതരായിപ്പിറന്നുപോയി എന്ന ഒരേ ഒരു കുറ്റത്തിന് ചിത്രവധം ചെയ്തു കൊലപ്പെടുത്തിയ ഹിറ്റ്‌ലറുടെ പടപ്പാളയത്തിലെ, വിശ്വസ്തനായ പടനായകനായിരുന്നു അഡോള്‍ഫ് ഇച്ച്മാന്‍.
ജന്മംകൊണ്ട് ജൂതരായി ജനിച്ച ‘കുറ്റ’ത്തിന്, ഹിറ്റ്‌ലറുടെ ക്യാമ്പുകളില്‍ ജൂതന്മാരനുഭവിച്ച കൊടുംയാതനകളെക്കുറിച്ചും ഹിറ്റ്‌ലറുടെ പടപ്പാളയത്തിലേക്ക് ഇച്ച്മാന്റെ രംഗപ്രവേശത്തെക്കുറിച്ചും ജൂതന്മാര്‍ക്കെതിരെ അയാളഴിച്ചുവിട്ട ക്രൂരവിളയാട്ടങ്ങളെക്കുറിച്ചും ഉള്ള ചരിത്രത്തിലേക്ക് ഇനി ഒരു ‘നോട്ടപ്രദിക്ഷണം’ നടത്തി നോക്കാം.
ജൂതന്മാരോട് ക്രിസ്ത്യാനികള്‍ക്കുള്ള വിദ്വേഷത്തിന് ഹിറ്റ്‌ലറിന്റെ കാലത്തോളം മാത്രമല്ല പഴക്കമുള്ളത്. ഏതാണ്ട് മദ്ധ്യകാലത്തിന്റെ ആരംഭംതൊട്ടുതന്നെ അവര്‍ നിരന്തരം വേട്ടയാടപ്പെടാന്‍ തുടങ്ങിക്കഴിഞ്ഞിരുന്നു. റോമാസാമ്രാജ്യത്തിന്റെ ഔദ്യോഗികമതമായി ക്രിസ്തുമതം നിലവില്‍ വന്ന കാലത്തുതന്നെ ആ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന പാലസ്തീനില്‍ നിന്ന് മതപരമായ കാരണങ്ങളാല്‍ യഹൂദന്മാര്‍ തുരത്തപ്പെട്ടു. അക്കാലത്തുണ്ടായ കലാപങ്ങളില്‍ ഏകദേശം അഞ്ചു ലക്ഷം യഹൂദന്മാരുടെ ജീവനാണ് നഷ്ടമായത്. സ്ത്രീകളും കുട്ടികളുമടക്കം ഒട്ടേറെപ്പേര്‍ അടിമകളായി. ഉന്മൂലനം ചെയ്യപ്പെടേണ്ട ഒരു അപഭ്രംശമായിട്ടാണ് യഹൂദമതത്തെ ആദ്യകാലം മുതലേ ക്രൈസ്തവരും മുസ്ലീങ്ങളും കണക്കാക്കിയിരുന്നത്. യഹൂദരെ ക്രൈസ്തവവിശ്വാസത്തിലേക്ക് വലിച്ചടുപ്പിക്കാന്‍ സാമദാനഭേദദണ്ഡമുറകളിലൂടെ പില്ക്കാലത്ത് പരിശ്രമങ്ങള്‍ നടന്നു. അതിനു വശംവദരായി ക്രിസ്തുമതം സ്വീകരിച്ച ജൂതന്മാര്‍പോലും പക്ഷേ, അധഃകൃതരായി കണക്കാക്കപ്പെട്ട് വേട്ടയാടപ്പെട്ടവരിലുണ്ടായിരുന്നു.
യേശുക്രിസ്തുവിനെ കുരിശില്‍ തറച്ചു കൊന്നത് യഹൂദന്മാരായിരുന്നു എന്ന കുറ്റത്തിനാണ് പില്ക്കാലത്ത് യഹൂദന്മാരെ ക്രിസ്ത്യാനികള്‍ വേട്ടയാടിയത് എന്നാണ് വിശ്വസിക്കപ്പെടുന്നത്. അതുപോലെത്തന്നെ, ഇസ്ലാംമതത്തിന്റെ പ്രാരംഭകാലം മുതല്‍ തന്നെ (മുഹമ്മദിന്റെ കാലം തൊട്ടുതന്നെ എന്നു വായിക്കുക) യഹൂദന്മാരുടെ വംശനാശത്തിനുള്ള ആഹ്വാനങ്ങളും പരിശ്രമങ്ങളും തുടങ്ങിക്കഴിഞ്ഞിരുന്നു. മദീനയിലെ മുസ്ലീങ്ങളെ, മക്കയിലുള്ള ബഹുദൈവാരാധകരായ ഖുറേഷികള്‍ ആക്രമിച്ചപ്പോള്‍ മുസ്ലീങ്ങളുടെ കൂടെ ചേര്‍ന്നില്ല എന്ന കാരണം പറഞ്ഞുകൊണ്ടാണ് 627 ഏപ്രില്‍ മാസത്തില്‍ മദീനയിലെ ബേനു ഖുറേഷിയ എന്നു വിളിക്കപ്പെട്ട ജൂതഗോത്രത്തിലെ എല്ലാ പുരുഷന്മാരെയും തലയറുത്തുകൊല്ലാന്‍ മുഹമ്മദ് ഉത്തരവു പുറപ്പെടുവിക്കുന്നത്. പുരുഷന്മാരുടെയെല്ലാം കൈകള്‍ പിന്‍ഭാഗത്തേക്ക് ചേര്‍ത്തു കെട്ടിയശേഷം മദീനയിലെ ചന്തയില്‍ കൂടിയ പുരുഷാരത്തെ സാക്ഷി നിര്‍ത്തിക്കൊണ്ട് മുഹമ്മദും അനുയായികളും ചേര്‍ന്ന് കൂട്ടക്കുരുതി നടത്തി, അവിടെയുണ്ടായിരുന്ന കിണറ്റിലേക്ക് തള്ളി (1921-ല്‍ നടന്ന മാപ്പിളലഹളക്കാലത്ത് തൂവൂര്‍, നാഗാളിക്കാവ് എന്നിവിടങ്ങളില്‍ ഹിന്ദുക്കളെ വെട്ടിക്കൊന്ന് കിണറ്റില്‍ തള്ളിയത് ഈ ദുഷ്ടപ്രവൃത്തിയുടെ പില്‍ക്കാലത്തെ പുതിയ പതിപ്പായിരുന്നു). ഗുഹ്യരോമം വളര്‍ന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു മുഹമ്മദ് എന്ന പ്രവാചകനും അനുചരന്മാരും അന്ന് കുട്ടികളെയും മുതിര്‍ന്നവരെയും തരംതിരിച്ചത്. പകലും രാത്രിയും നീണ്ടുനിന്ന ഈ വംശികോന്മൂലനത്തിനൊടുവില്‍ ബാനുഖുറേഷിയ ഗോത്രക്കാരുടെ സ്വത്തുക്കളെല്ലാം യുദ്ധംമുതലാക്കി മുഹമ്മദും അനുയായികളും പങ്കിട്ടെടുത്തു. അവരിലെ സ്ത്രീകളെയും കുട്ടികളെയും അടിമകളാക്കിപ്പിടിച്ചു. അടിമകളാവാന്‍ വിസമ്മതിച്ച സ്ത്രീജനങ്ങളെ മുഹമ്മദിന്റെ പോരാളികള്‍ നിഷ്ഠൂരം കഴുത്തറുത്തു കൊന്നു (നിസ്സഹായരായ സ്ത്രീകള്‍ പുഞ്ചിരിയോടെ മരണത്തെ പുല്കുന്ന ദാരുണമായ കാഴ്ച, മുഹമ്മദിന്റെ ഭാര്യ ആയിഷയെ ജീവാവസാനംവരെ വേട്ടയാടിയിരുന്നതായി ഇബന്‍ ഇഷാക്ക് എന്ന ഇസ്ലാമിക ചരിത്രകാരന്‍ രേഖപ്പെടുത്തിയിട്ടുണ്ട്). അക്കൂട്ടത്തിലുണ്ടായിരുന്ന റയ്ഹാന എന്ന അതിസുന്ദരിയായ യഹൂദയുവതിയെ മുഹമ്മദ് വെപ്പാട്ടിയാക്കി തന്റെ കിടപ്പറയിലേക്കയച്ചു.
ഇസ്ലാമിന്റെ നിഷ്ഠുരതകള്‍ക്കു ഭയന്ന്, മദീനയില്‍നിന്നും 70 മൈല്‍ ദൂരത്തുള്ള കെയ്ബര്‍ എന്ന പ്രദേശത്തേക്ക് കുടിപകര്‍ന്ന ഹേനു നാദിര്‍ എന്ന ജൂതഗോത്രത്തിനും സമാനാനുഭവങ്ങള്‍തന്നെയാണ് നേരിടേണ്ടി വന്നത്. അക്കൂട്ടത്തിലുള്ള അതിസുന്ദരിയായ സഫിയ എന്ന യുവതിയെയും മുഹമ്മദ് വെപ്പാട്ടിയാക്കി സ്വന്തമാക്കിയത് ഇസ്ലാമിന്റെ ആരംഭകാലചരിത്രത്തിന്റെ ഭാഗമാണ്. മദീനയെ ചുറ്റിയുള്ള പല പ്രദേശങ്ങളില്‍നിന്നും അന്ന് ജൂതന്മാര്‍ക്ക് ജീവന്‍ രക്ഷിക്കാന്‍ കൂട്ടപ്പലായനം ചെയ്യേണ്ടിവന്നു. 7-ാം നൂറ്റാണ്ടോടെ ഇസ്ലാമതത്തിന്റെ മുന്നേറ്റം നിമിത്തം ഇസ്രായേല്‍, ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ ഭാഗമായി മാറിയപ്പോള്‍ യഹൂദന്മാര്‍ക്ക് അവിടെയും ഇരിക്കപ്പൊറുതിയില്ലാതായി. സ്വരക്ഷക്കായി, ഉറ്റവരെയും ഉടയവരെയും ഉപേക്ഷിച്ച് അവര്‍ക്ക് ലോകത്തിന്റെ പല ഭാഗത്തേക്കും ചിതറിയോടേണ്ടി വന്നു.
ഇത്തരത്തില്‍ കണ്ണുനീരോടെ വായിച്ചു തീര്‍ക്കേണ്ട യഹൂദപുരാവൃത്തങ്ങളുടെ പല ഭാഗങ്ങളും തമസ്‌ക്കരിക്കപ്പെട്ട് ലോകചരിത്രത്തിന്റെ താളുകളില്‍ മൗനം പാലിച്ച് സുഷുപ്തി കൊള്ളുന്നുണ്ട്. അതവിടെ നില്ക്കട്ടെ. അങ്ങനെയുള്ള ആനുഷംഗികമായ ചില ചരിത്രസൂചനകള്‍ മതിയാക്കി നമുക്ക് ഹിറ്റ്‌ലറിലേക്കുതന്നെ തിരച്ചുവരാം.
ജന്മംകൊണ്ട് പാതി ജൂതനായിപ്പിറന്ന ഹിറ്റ്‌ലറുടെ മനസ്സില്‍ ജൂതവിരോധം കുടികയറിയത് എവിടെവെച്ചായിരുന്നു എന്ന് എവിടെയും വ്യക്തമായി അടയാളപ്പെടുത്തപ്പെട്ടു കണ്ടിട്ടില്ല. ഒന്നാം ലോകമഹായുദ്ധം കൊടുമ്പിരിക്കൊണ്ടിരുന്ന കാലത്ത്, 1918-ല്‍, ബെല്‍ജിയത്തില്‍ വച്ചുണ്ടായ വിഷവാതക ആക്രമണത്തില്‍ ഹിറ്റ്‌ലറുടെ കണ്ണുകള്‍ക്ക് പരിക്കേറ്റു. ഈ വിഷവാതക ആക്രമണം നടത്തിയത് യഹൂദപ്പടകളായിരുന്നു. അതിനെത്തുടര്‍ന്ന് യുദ്ധത്തില്‍ തോറ്റുതുന്നംപാടി ജര്‍മ്മനിക്ക് കീഴടങ്ങേണ്ടി വന്നു. ഈ ആഘാതം താങ്ങാനാവാതെയാണ് ഹിറ്റ്‌ലര്‍ യഹൂദവംശഹത്യയ്‌ക്കൊരുങ്ങുന്നത് എന്ന് ചില ചരിത്രകാരന്മാര്‍ വിശ്വസിക്കുമ്പോള്‍, ഹിറ്റ്‌ലര്‍ക്ക് ഗുഹ്യരോഗം സമ്മാനിച്ച യഹൂദവേശ്യയോടുള്ള അടങ്ങാത്ത വിദ്വേഷമാണ് പിന്നീട് യഹൂദവംശത്തിനോടുതന്നെയുള്ള അന്ധമായ വിരോധത്തിന് അടിസ്ഥാനമായതെന്നാണ് മറ്റു ചിലര്‍ കരുതുന്നത്. വിയന്നയുടെ മേയറായിരുന്ന കാള്‍ ല്യൂഗറില്‍ നിന്നുമാണ് ഹിറ്റ്‌ലര്‍, ആന്റിസെമറ്റിസത്തിന്റെ പാഠങ്ങളഭ്യസിച്ചത്.
‘രോഗാണുക്കള്‍’ എന്നാണ് ഹിറ്റ്‌ലര്‍ യഹൂദരെ സംബോധന ചെയ്തിരുന്നത്. രോഗാണുക്കളെ നിയന്ത്രണാധീനമാക്കാതെ രോഗനിര്‍മ്മാര്‍ജ്ജനം അസാധ്യമാണെന്ന് അയാള്‍ തന്റെ പ്രസംഗങ്ങളില്‍ ആവര്‍ത്തിച്ചു പറഞ്ഞു.
ഒന്നാം ലോകമഹായുദ്ധകാലത്ത് ഹിറ്റ്‌ലറുടെ ദുഷ്ടബുദ്ധിയില്‍ ഉരുത്തിരിഞ്ഞ ജൂതവിദ്വേഷം, അവരെ ഉന്മൂലനം ചെയ്യുക എന്ന പാരമ്യാവസ്ഥയിലേക്കെത്തിയത് പിന്നെയും ഇരുപതോളം വര്‍ഷങ്ങള്‍ കഴിഞ്ഞ് 1940-കളിലാണ്. രണ്ടാം ലോകമഹായുദ്ധം തുടങ്ങിയതോടെ അതിന് അക്രമസ്വഭാവം കൈവന്നു കഴിഞ്ഞിരുന്നു. 1933-ല്‍ തന്റെ കയ്യിലേക്ക് അധികാരസ്ഥാനങ്ങള്‍ ഒഴുകിയെത്തുന്നതിനു മുമ്പുതന്നെ ഹിറ്റ്‌ലര്‍ ജൂതോന്മൂലനത്തിനുള്ള സകല വഴികളുടെയും ഗൃഹപാഠം വിദഗ്ദ്ധമായി നടത്തി മനപ്പാഠമാക്കി കഴിഞ്ഞിരുന്നു.
രണ്ടാം ലോകമഹായുദ്ധം തുടങ്ങിയതോടെ, ഹോളോകാസ്റ്റ് ക്യാമ്പുകളുണ്ടാക്കി നിര്‍ദ്ദയമായ കൂട്ടക്കൊലകളിലേക്കും തടങ്കല്‍പ്പാളയങ്ങളിലെ ക്രൂരപീഡനങ്ങളിലേക്കും ഹിറ്റ്‌ലറുടെ മര്‍ദ്ദനമുറകള്‍ പരിണാമംകൊണ്ടു വളര്‍ന്നു. യുദ്ധം തുടങ്ങി അവസാനിക്കുന്നതോടെ പന്ത്രണ്ടു ലക്ഷത്തിലധികം യഹൂദന്മാര്‍, മതം അതായിപ്പോയ കുറ്റത്തിന് കഠിനയാതനകളനുഭവിച്ച് ജീവന്‍ വെടിയേണ്ടി വന്നു. വാസ്തവമതല്ല, യൂറോപ്പിലുള്ള ജൂതന്മാരിലെ മൂന്നില്‍ രണ്ടു ഭാഗത്തെയും; അതായത് 55 ലക്ഷം മുതല്‍ 60 ലക്ഷത്തോളം ജൂതന്മാരെ നാസികള്‍ ഇക്കാലത്ത് കൊലപ്പെടുത്തിയിട്ടുണ്ട്് എന്നാണ് റിച്ചാര്‍ഡ് ജെ ഇവാന്‍സ് എന്ന ബ്രിട്ടീഷുകാരനായ ചരിത്രകാരന്‍ കണക്കുകളുടെ പിന്‍ബലത്തോടെ സമര്‍ത്ഥിക്കുന്നത്.
തടങ്കല്‍പ്പാളയങ്ങളിലുള്ള യഹൂദന്മാരില്‍ പലരും ഗിനി പന്നികളെപ്പോലെ വൈദ്യപരീക്ഷണങ്ങള്‍ക്ക് വിട്ടുകൊടുക്കപ്പെട്ടു. ഏഴായിരത്തിലധികം വരുന്ന ഇത്തരത്തിലുള്ള തടവുകാര്‍ ധാര്‍മ്മികതയുടെ സകല സീമകളെയും ലംഘിച്ചുകൊണ്ട് കഠിനമായ പല വൈദ്യപരീക്ഷണങ്ങള്‍ക്കു വിധേയരായി ഒന്നു പ്രതികരിക്കാന്‍പോലുമാവാതെ ദാരുണമായി ജീവന്‍ വെടിഞ്ഞു. ഡോ. ജോസഫ് മെന്‍ഗലെയുടെ നേതൃത്വത്തിലുള്ള ഒരു സംഘം ഭിഷഗ്വരന്മാര്‍, ക്യാമ്പിലുള്ള കുഞ്ഞുങ്ങളെയും പലതരത്തിലുള്ള പരീക്ഷണങ്ങള്‍ക്ക് വിധേയരാക്കി. മര്‍ദ്ദം വര്‍ദ്ധിക്കുമ്പോള്‍ ശിശുശരീരങ്ങളിലെ അവസ്ഥാന്തരങ്ങളറിയാന്‍ അവരെ പ്രഷര്‍ ചേമ്പറുകളിലടച്ചും ഊഷ്മാവ് കുറയുമ്പോള്‍ കുട്ടികളുടെ ശരീരത്തിന്റെ പ്രതികരണങ്ങളറിയാന്‍ അവരെ ഫ്രീസറുകളിലടച്ചും കണ്ണിന്റെ നിറം മാറ്റാന്‍ വേണ്ടി പലതരത്തിലുള്ള രാസവസ്തുക്കള്‍ കണ്ണില്‍ കുത്തിവച്ചും കൈക്കാലുകള്‍ മുറിച്ചുമാറ്റി വീണ്ടും തുന്നിപ്പിടിപ്പിച്ചും പലവിധത്തിലുള്ള കൊല്ലാക്കൊലകള്‍ക്ക് അവര്‍ എട്ടും പൊട്ടും തിരിയാത്ത കുഞ്ഞുങ്ങളെ വിധേയരാക്കി. വേദനതാങ്ങാനാവാതെ അലറിക്കരയുന്ന യഹൂദശിശുക്കളുടെ ദീനനാദങ്ങളില്‍ അവര്‍ അവര്‍ണ്ണനീയമായ ഏതോ ആസുരസംതൃപ്തി നുണഞ്ഞാസ്വദിച്ചു. അന്നത്തെ ജൂതജനസംഖ്യയുടെ മൂന്നിലൊന്നോളം വരുന്ന, സുമാര്‍ അറുപതുലക്ഷത്തോളം യഹൂദരെയാണ് ഹിറ്റ്‌ലറുടെ ഭീകരസൈന്യം ഇത്തരത്തില്‍ പീഡിപ്പിച്ചുകൊന്നത് എന്നാണ് ഇവാന്‍സ് രേഖപ്പെടുത്തുന്നത് (പിന്നീട് ഈദൃശങ്ങളായ നരപീഡനങ്ങളുടെയെല്ലാം ഉത്തരവാദിത്തമേറ്റെടുത്ത് ജര്‍മ്മനി നിരുപാധികം മാപ്പു പറഞ്ഞും പീഡിതര്‍ക്ക് സ്മാരകം പണിഞ്ഞും മാതൃക കാണിച്ചുവെങ്കിലും അതൊന്നും മരിച്ചുപോയവരും കൊടുംയാതനകള്‍ക്ക് വിധേയരാക്കപ്പെട്ടവരും അനുഭവിച്ച നരകയാതനകള്‍ക്ക് അനുയോജ്യമായ പരിഹാരമാവുന്നില്ലല്ലൊ).
ഇക്കാലത്താണ് അഡോള്‍ഫ് ഇച്ച്മാന്‍, തന്റെ മനുഷ്യത്വരഹിതമായ മര്‍ദ്ദനമുറകളിലൂടെ നാസിപ്പടയിലെ നെടുനായകന്മാരുടെ ശ്രദ്ധയാകര്‍ഷിച്ചുകൊണ്ട് പടപ്പാളയത്തിലേക്ക് കടന്നെത്തുന്നത്. നാസി പാര്‍ട്ടിയുടെ, വലതുപക്ഷ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന പത്രങ്ങളില്‍ വരുന്ന വാര്‍ത്തകളിലും ലേഖനങ്ങളിലും ആകൃഷ്ടനായാണ് ഇച്ച്മാന്‍ ആ പാര്‍ട്ടിയോട് മനസ്സുകൊണ്ട് അടുക്കുന്നത്. ഇച്ച്മാന്റെ മനസ്സറിഞ്ഞ അദ്ദേഹത്തിന്റെ സുഹൃത്തും നാസി ഷൂട്ട്‌സ്റ്റാഫല്‍ നേതാവുമായ ഏണസ്റ്റ് കാള്‍ട്ടണ്‍ ബ്രണ്ണര്‍, ഇച്ച്മാനെ നാസിപ്പാര്‍ട്ടിയുടെ ഓസ്ട്രിയ ശാഖയില്‍, 1932 ഏപ്രില്‍ ഒന്നിന്, 889895-ാം നമ്പര്‍ അംഗമായി ചേര്‍ത്തുവിട്ടു.
ക്രമേണ, നാസി സുരക്ഷാസേനയില്‍ ഒരിടം കരസ്ഥമാക്കിക്കൊണ്ട് ജൂതസംഘടനകളെയും അവരുടെ ആവാസകേന്ദ്രങ്ങളെയും നിരീക്ഷിക്കാനും അതിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടു തയ്യാറാക്കി മേലധികാരികള്‍ക്ക് സമര്‍പ്പിക്കാനും ഇച്ച്മാന്‍ നിയോഗിക്കപ്പെട്ടു. തന്നെ ഏല്പിച്ച കര്‍ത്തവ്യം അതിവിദഗ്ദ്ധമായി ചെയ്തു തീര്‍ക്കാനുള്ള സര്‍വ്വ തയ്യാറെടുപ്പുകളും തുടങ്ങി, അയാള്‍. അതിനായി ഹീബ്രു, യിദ്ദിഷ് ഭാഷകളില്‍, ഇച്ച്മാന്‍ നല്ല പ്രാവീണ്യം നേടിയെടുത്തു. ഇങ്ങനെയുള്ള തിരക്കുപിടിച്ച ജീവിതചര്യകള്‍ക്കിടയിലാണ്, 1935 മാര്‍ച്ച് മാസം 21-ാം തിയതി, അഡോള്‍ഫ് ഇച്ച്മാനും വെറോണിക്ക ലീബലും Veronika Liebl) തമ്മിലുള്ള വിവാഹബന്ധം അരങ്ങേറുന്നത്. നാല് ആണ്‍കുട്ടികളാണ് ആ ദാമ്പത്യബന്ധത്തില്‍ ഇച്ച്മാന്‍-വെറോണിക്ക ദമ്പതികള്‍ക്കുണ്ടായത്.
യഹൂദന്മാരെ കൂട്ടമായി കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകളിലെത്തിക്കുക എന്ന, നാസിപ്പട ഏല്പിച്ചുകൊടുത്ത ഉത്തരവാദിത്തം ഭംഗിയായി നിറവേറ്റി ഇച്ച്മാന്‍ ക്യാമ്പില്‍ ശ്രദ്ധേയനായി. അയാളുടെ ക്രൂരസ്വഭാവവും യഹൂദര്‍ക്കെതിരെ അയാളഴിച്ചുവിട്ട മര്‍ദ്ദനമുറകളും ഇച്ച്മാനെ ക്യാമ്പിലെ ഉന്നതോദ്യോഗസ്ഥന്മാരുടെ കണ്ണിലുണ്ണിയാക്കി.
1944 മാര്‍ച്ചില്‍, ഹംഗറി നാസിപ്പടയ്ക്ക് കീഴടങ്ങിയപ്പോള്‍ അവിടെയുള്ള ജൂതന്മാരെ ഓഷ്‌വിറ്റ്‌സില്‍ എത്തിക്കുകയും അവരിലെ തൊണ്ണൂറു ശതമാനം പേരെയും കൊന്നൊടുക്കുകയും ചെയ്തത് ഇച്ച്മാന്റെ നേതൃത്വത്തിലുള്ള നാസിപ്പട്ടാളക്കാരായിരുന്നു. 7,25,000-ത്തോളമുണ്ടായിരുന്ന ഹംഗറിയിലെ ജൂതന്മാരില്‍ 4,37,000 പേരെയും അപ്പോഴേക്കും അവര്‍ കൊന്നൊടുക്കിക്കഴിഞ്ഞിരുന്നു. 55 മുതല്‍ 60 ശതമാനംവരെ യഹൂദന്മാരെ ഇക്കാലത്ത് നാസിപ്പട കൊലയ്ക്കു കൊടുത്തിട്ടുണ്ടാവാമെന്നാണ് റിച്ചാര്‍ഡ് ജെ ഇവാന്‍സ് എന്ന ബ്രിട്ടീഷ് ചരിത്രകാരന്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
കരള്‍ നടുക്കുന്ന അക്രമമുറകളിലൂടെയും സാമ്പത്തികസമ്മര്‍ദ്ദത്തിന്റെ പരോക്ഷവഴികളിലൂെടയും, ജര്‍മ്മനിയിലവശേഷിച്ച ജൂതന്മാരെ അവിടമുപേക്ഷിച്ച് മറ്റു രാജ്യങ്ങളിലേക്ക് പലായനം ചെയ്യാന്‍ നാസികള്‍ നിര്‍ബ്ബന്ധിതരാക്കി. ഇതിന്റെ ഫലമായി 1933-നും 39-നും ഇടയിലുള്ള കാലയളവില്‍ നാടുവിടേണ്ടി വന്ന ജൂതന്മാരുടെ എണ്ണം രണ്ടര ലക്ഷത്തോളം വരും. ഏഴര ലക്ഷത്തോളം ഉണ്ടായിരുന്ന ജൂതന്മാരില്‍ ഇവരുടെ മര്‍ദ്ദനമുറകളെയെല്ലാം അതിജീവിച്ചു ബാക്കിനിന്ന നാലു ലക്ഷത്തി മുപ്പത്തേഴായിരം പേരില്‍ രണ്ടര ലക്ഷത്തോളം പേര്‍ ദിക്കറ്റവരായി ചിതറിയോടാന്‍ ഇടവന്നതിനു കാരണം നാസികള്‍ പ്രദര്‍ശിപ്പിച്ച ഇനവെറിതന്നെയായിരുന്നു. ഇതിനൊക്കെ ചുക്കാന്‍ പിടിച്ചുകൊണ്ട് മുന്നില്‍ നിന്നവരില്‍ അഗ്രഗണ്യരായിരുന്നു ഇച്ച്മാനും അയാളുടെ മേലുദ്യോഗസ്ഥനായിരുന്ന ഹെര്‍ബര്‍ട്ട് ഹേഗനും.
(അഡോള്‍ഫ് ഹിറ്റ്‌ലര്‍ ജര്‍മ്മനിയില്‍ അധികാരത്തില്‍ വന്ന് അധികനാളാവുന്നതിനു മുമ്പുതന്നെ, ലോകം കണ്ട മഹാശാസ്ത്രജ്ഞന്മാരിലൊരാളായ ആല്‍ബര്‍ട്ട് ഐന്‍സ്റ്റയിനും നാസി സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ട് ജര്‍മ്മനി ഉപേക്ഷിച്ചു പോവുകതന്നെയാണല്ലൊ ഉണ്ടായത്. ജര്‍മ്മനിയിലെ ബര്‍ലിനിലുള്ള പ്രഷ്യന്‍ അക്കാദമി ഓഫ് സയിന്‍സസിലെ (Prussian Academy of Sciences) അംഗത്വവും എന്തിന്, ജര്‍മ്മന്‍ പൗരത്വംപോലും ഉപേക്ഷിച്ചാണ് ആ മഹാമനീഷി ജന്മനാടിനോട് വിട പറഞ്ഞ് ഇംഗ്ലണ്ടില്‍ അഭയം തേടുന്നത്. 1933-ല്‍ ആയിരുന്നു ഇത്).
ജര്‍മ്മനിയിലെ ജൂതപ്പലായനം വിജയകരമായി പൂര്‍ത്തീകരിക്കപ്പെട്ടതിനുശേഷം 1938-ഓടെ ജര്‍മ്മനിയുമായി കൂട്ടിച്ചേര്‍ക്കപ്പെട്ട ഓസ്ട്രിയയില്‍നിന്നും അവിടെ കുടിയേറിയ യഹൂദന്മാരെ തുരത്തിയോടിക്കാനുള്ള പരിശ്രമങ്ങളില്‍ ഇച്ച്മാന്‍ വ്യാപൃതനായി. ഇതിനുവേണ്ട പണത്തിനുവേണ്ടി അയാള്‍ ജൂതന്മാരെ കൊള്ളയടിച്ചു. ഒരു ലക്ഷത്തിലധികം യഹൂദന്മാരെ ഓസ്ട്രിയയില്‍നിന്നും തുരത്തിയോടിച്ചതിനുശേഷമാണ് ഒരു വര്‍ഷത്തിനുശേഷം 1939-ല്‍ ഇച്ച്മാന്‍ അവിടം വിടുന്നത്.
1939 സപ്തംമ്പര്‍ മാസത്തോടെ ജൂതന്മാരെ സ്വമേധയാ മറ്റു രാജ്യങ്ങളിലേക്ക് കുടിയേറാന്‍ പ്രേരിപ്പിക്കുക എന്ന രീതി കൈവിട്ട് അവരെ നാടുകടത്തുക എന്ന കടുത്ത വഴി സ്വീകരിക്കാനുള്ള ഒരുക്കപ്പാടുകളില്‍ നാസികള്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തുടങ്ങി. അതിനായി പലയിടങ്ങളിലായി ചിതറി താമസിക്കുന്ന യഹൂദന്മാരെ തിരഞ്ഞുപിടിച്ച് തീവണ്ടിസ്‌റ്റേഷനുകളുടെ അടുത്ത പ്രദേശങ്ങളിലുള്ള കേന്ദ്രങ്ങളില്‍ ഒരുമിപ്പിച്ചു താമസിപ്പിക്കുവാന്‍ നാസിത്തലവനായ റീന്‍ഹാര്‍ഡ് ഹെയ്ഡ്രിക്ക് ഉത്തരവിട്ടു. ഇതിന്റെ നിയന്ത്രണങ്ങളേറ്റെടുത്തുകൊണ്ടാണ് പിന്നീട് ഇച്ച്മാന്‍ യുദ്ധമുഖത്ത് പ്രത്യക്ഷപ്പെടുന്നത്.
നിസ്‌ക്കോ എന്ന സ്ഥലത്ത് ജൂതന്മാരെ താമസിപ്പിക്കുവാനുള്ള സങ്കേതം അയാള്‍ ഒരുക്കിയെടുത്തു. ഇവിടെയുള്ള തുറസ്സായി കിടക്കുന്ന ഒരു പുല്‍മേട്ടിലേക്ക് നാലായിരത്തിഎഴുനൂറോളം ജൂതന്മാരെയെത്തിച്ച് ഇച്ച്മാന്‍ തന്റെ ദ്രോഹപ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു. ഭക്ഷണമോ വെള്ളമോ ഇല്ലാതെ ദിവസങ്ങളോളം യാതനയനുഭവിക്കേണ്ടിവന്ന യഹൂദന്മാരുടെ ദൈന്യാവസ്ഥയെക്കുറിച്ച് തെല്ലുമുണ്ടായിരുന്നില്ല അയാള്‍ക്ക് ഉത്ക്കണ്ഠ. പക്ഷേ, നാടുകടത്താന്‍ ആവശ്യമായ തീവണ്ടികള്‍ ലഭ്യമാകാതിരുന്നതു കാരണം ഈ പദ്ധതി നാസികള്‍ ഉപേക്ഷിക്കുകയാണ് ഉണ്ടായത്. തീവണ്ടികളെല്ലാം യുദ്ധസംബന്ധിയായ രംഗങ്ങളില്‍ വ്യാപൃതമായതായിരുന്നു ഈ വാഹനദൗര്‍ലഭ്യത്തിനു കാരണം. അതിനെത്തുടര്‍ന്ന്, ക്യാമ്പിലെത്തിച്ച ജൂതന്മാരെ സമീപപ്രദേശങ്ങളിലേക്ക് അയാള്‍ തുരത്തിയോടിച്ചു. ചിലരെ തൊഴില്‍ക്യാമ്പുകളിലേക്ക് കൊണ്ടുപോയി അടിമവേലകള്‍ക്ക് നിയോഗിച്ചു.
പ്രതീക്ഷിച്ചതിനു വിപരീതമായി അമേരിക്ക യുദ്ധത്തില്‍ ചേരി ചേരുകയും മോസ്‌ക്കോ യുദ്ധത്തില്‍ ജര്‍മ്മനി പരാജയപ്പെടുകയും ചെയ്തതോടെ യുദ്ധം ഉടനെയൊന്നും തീരാന്‍ പോകുന്നില്ലെന്ന് മനസ്സിലാക്കിയ ഹിറ്റ്‌ലര്‍ യൂറോപ്പിലെ ജൂതന്മാരെയെല്ലാം കൂട്ടക്കൊല ചെയ്യാന്‍ തീരുമാനമെടുത്തു. ഇച്ച്മാനെ, ലഫ്റ്റനന്റ് കേണല്‍ പദവിയിലേക്ക് സ്ഥാനക്കയറ്റം കൊടുത്ത് തൃപ്തിപ്പെടുത്തിക്കൊണ്ട് ഈ പ്രക്രിയയ്ക്ക് ചുക്കാന്‍ പിടിക്കാന്‍ ഹിറ്റ്‌ലര്‍ നിയോഗിച്ചു. തന്നെ ഏല്പിച്ച ദൗത്യപൂര്‍ത്തീകരണത്തിനു വേണ്ടി ഇച്ച്മാന്‍ ജൂതന്മാരെ വിവിധ സ്ഥലങ്ങളിലുള്ള മരണക്യാമ്പുകളിലെത്തിച്ചു. ദിവസേന നാലു തീവണ്ടികളില്‍ മൂവായിരം പേരെ വീതം കയറ്റി എത്തിച്ച് ഗ്യാസ് ചേമ്പറുകളിലടച്ച് അതിദാരുണമായി അയാള്‍ കൊന്നൊടുക്കി. വണ്ടി തരമാവാത്ത ദിവസങ്ങളില്‍ ഇരുനൂറിലധികം കിലോമീറ്റര്‍ ദൂരത്തുള്ള ക്യാമ്പുകളിലേക്ക് കാല്‍നടയായാണ് അയാള്‍ ജൂതന്മാരെ എത്തിച്ചിരുന്നത്. അതിനിടയില്‍ മൂന്നു പെട്ടി നിറയെ രത്‌നങ്ങളും സ്വര്‍ണ്ണവും പണവും സ്വീകരിച്ചുകൊണ്ട് 1684 ജൂതന്മാരെ വെറുതെ വിടാനുള്ള ‘മഹാമനസ്‌ക്കത’യും അയാള്‍ പ്രദശിപ്പിച്ചു.
‘ഇനി താന്‍ മരിക്കേണ്ടി വന്നാലും അമ്പതു ലക്ഷം ജൂതന്മാരെ കൊന്ന തൃപ്തിയോടെ ചിരിച്ചുകൊണ്ടാവും മരിക്കുന്നത്’ എന്ന് ആഹ്ലാദത്തോടെ തന്റെ സ്വകാര്യസംഭാഷണങ്ങളില്‍ പറയാറുണ്ടായിരുന്നുവത്രെ ഇച്ച്മാന്‍.
1945 ഏപ്രില്‍ മാസം 30-ാം തിയതി, സോവിയറ്റുകാരാല്‍ വലയം ചെയ്യപ്പെട്ടതു കണ്ട് ഭയന്നുപോയ ഹിറ്റ്‌ലര്‍, ശത്രുപാളയത്തിലെ ജയില്‍പീഡനങ്ങള്‍ ഭയന്ന് ആത്മഹത്യ ചെയ്യുകയാണല്ലൊ ഉണ്ടായത്. ഇനി തന്റെ തല കാക്കേണ്ടത് തന്റെതന്നെ ഉത്തരവാദിത്തമാണെന്ന് തിരിച്ചറിഞ്ഞ ഇച്ച്മാന്‍ യുദ്ധക്യാമ്പില്‍ നിന്ന് ജീവനും കൊണ്ടോടി ബര്‍ലിനില്‍ അഭയം പ്രാപിച്ചു. അതിനിടയില്‍, അമേരിക്കന്‍ സേനയുടെ പിടിയിലകപ്പെട്ട അയാള്‍ വിദഗ്ധമായി അവിടെനിന്നും രക്ഷപ്പെടുകയാണുണ്ടായത്. അവിടെ നിന്ന് ഇച്ച്മാന്‍ മുങ്ങിയത് അര്‍ജന്റീനയിലേക്കായിരുന്നു. ഇറ്റലിയില്‍ താമസിക്കുന്ന, നാസി ആശയങ്ങളോട് മാനസികമായി അടുപ്പം പുലര്‍ത്തിയിരുന്ന ഹൂഡാലിന്‍ എന്ന ഒരു ആസ്ട്രിയന്‍ ബിഷപ്പാണ് ഇച്ച്മാന് അര്‍ജന്റീനയിലെത്താനുള്ള ഒത്താശകള്‍ ചെയ്തു കൊടുത്തത്. വേഷപ്രച്ഛന്നനായി പലയിടത്തും താമസിച്ചശേഷം അവസാനം തനിക്കനുയോജ്യമായ ഒരിടം അയാള്‍ കണ്ടെത്തിയത് ബ്യൂണസ് എയറിസ്സിലായിരുന്നു. അവിടെ ചെറിയ ശമ്പളത്തിന് പല കമ്പനികളിലും മാറി മാറി ഇച്ച്മാന്‍ ജോലി ചെയ്തു. പിന്നീടാണ് അയാള്‍ക്ക് മേഴ്‌സിഡസ് ബെന്‍സില്‍ ജോലി ലഭിക്കുന്നതും ക്രമേണ അതിന്റെ ഒരു ശാഖയുടെ നേതൃസ്ഥാനത്തേക്ക് ഉയരുകയും ചെയ്യുന്നത്.
ഇതിനിടയ്ക്ക് 1952-ല്‍, അയാള്‍ തന്റെ കുടുംബത്തെയും അര്‍ജന്റീനയിലെ ബ്യൂണസ് എയറിസില്‍ എത്തിച്ചു കഴിഞ്ഞിരുന്നു. എട്ടു വര്‍ഷക്കാലത്തോളം പലയിടങ്ങളിലും മാറി മാറി താമസിച്ച അവര്‍ 1960-ല്‍, ഗാരിബാള്‍ഡി തെരുവില്‍ സ്വന്തമായി ഒരു വീട് തരമാക്കിയെടുത്തു. അവിടെവെച്ചാണ് ഇച്ച്മാനും കുടുംബവും ഇസ്രയേലിന്റെ ചാരസംഘടനയായ മൊസാദിന്റെ നിരീക്ഷണത്തിലാവുന്നത്.
1948-ല്‍, ഇസ്രായേല്‍ എന്ന വാഗ്ദത്തഭൂമിയില്‍ തിരിച്ചെത്തിയതിനുശേഷം തങ്ങളുടെ പൂര്‍വ്വികരുടെ രക്തത്തിനു കണക്കുചോദിക്കാന്‍ ജൂതന്മാര്‍ പരിശ്രമിച്ചുകൊണ്ടിരുന്ന കാലമായിരുന്നു അത്. ഹിറ്റ്‌ലറുടെ ഹോളോകാസ്റ്റു ക്യാമ്പുകളില്‍വെച്ച് തങ്ങളുടെ വംശജരെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കഠോരഹൃദയന്മാര്‍ ഭൂമിയുടെ കാണാമറയത്തെവിടെയെങ്കിലുമുണ്ടോ എന്ന് അവര്‍ നിസ്തന്ദ്രം വലയിട്ടു തിരഞ്ഞുകൊണ്ടിരുന്നു. നീണ്ട പത്തുവര്‍ഷത്തെ അന്വേഷണത്തിനൊടുവില്‍ അവര്‍ ഇച്ച്മാന്റെ ഒളിസങ്കേതം മണത്തറിഞ്ഞ് അടയാളപ്പെടുത്തിവച്ചു. അര്‍ജന്റീനയിലെ ബ്യൂണസ് എയറിസിലുള്ള ഷക്കബക്ക തെരുവിലെ 4261 എന്ന നമ്പറുള്ള വീട്ടില്‍, ‘റിച്ചാഡോ ക്ലമന്റ്’ എന്ന പേരില്‍ ജീവിച്ചുവരുന്നത് ഹിറ്റ്‌ലറുടെ പടനായകന്മാരിലൊരാളായിരുന്ന അഡോള്‍ഫ് ഇച്ച്മാന്‍ തന്നെയാണ് എന്ന് ആവര്‍ത്തിച്ചുള്ള അന്വേഷണങ്ങളിലൂടെ മൊസാദ് ഉറപ്പു വരുത്തി.
നാസികളോട് മനസ്സില്‍ അത്യന്തം വിദ്വേഷം പുലര്‍ത്തുകയും അവരെ ഉന്മൂലനം ചെയ്യാന്‍ പാടുപെടുകയും ചെയ്തിരുന്ന, ‘നാസി വേട്ടക്കാര്‍’ എന്ന പേരിലറിയപ്പെട്ടിരുന്ന സംഘടനയിലെ, സൈമണ്‍ വീസന്തോള്‍ എന്ന പ്രവര്‍ത്തകനാണ്, ഇച്ച്മാന്‍ ബ്യൂണസ് അയേഴ്‌സിലുണ്ടെന്ന വിവരം വിയന്നയിലെ ഇസ്രയേല്‍ കോണ്‍സുലേറ്റില്‍ അറിയിക്കുന്നത്. ഇച്ച്മാന്റെ പിതാവിന്റെ മരണവേളയില്‍ അയാളറിയാതെ രഹസ്യമായി എടുത്ത ചിത്രങ്ങള്‍ വീസന്തോള്‍ മൊസാദിന് കൈമാറി.
അതോടൊപ്പംതന്നെ, ജര്‍മ്മന്‍ ജഡ്ജിയായിരുന്ന ഫ്രിറ്റ്‌സ് ബോവറും ഇച്ച്മാന്‍ ബ്യൂണസ് അയെഴ്‌സിലുണ്ടെന്ന് മൊസാദിന്റെ ഡയറക്റ്റര്‍, ഇസ്സര്‍ ഹാരലിനെ അറിയിച്ചിട്ടുണ്ടായിരുന്നു. ലോതര്‍ ഹെര്‍മാന്‍ എന്നു പേരുള്ള, പാതി ജൂതനായ ഒരു ജര്‍മ്മന്‍കാരന്‍, തന്റെ മകളായ സില്‍വിയയെ പ്രേമിച്ചിരുന്ന ക്ലോസിന്റെ അച്ഛന്‍, ഇച്ച് മാനാണ് എന്ന് നാടകീയമായി തിരിച്ചറിയുകയും ഈ വിവരം ബോവറെ ധരിപ്പിക്കുകയുമായിരുന്നു.
തങ്ങള്‍ തേടിക്കൊണ്ടിരിക്കുന്ന ഇരയെക്കുറിച്ചു കിട്ടിയ വിവരങ്ങള്‍ മൊസാദിന്റെ പുലിക്കുട്ടികളെ ഉത്സാഹഭരിതരാക്കി. അന്യനാട്ടില്‍ പതിയിരിക്കുന്ന തങ്ങളുടെ വര്‍ഗ്ഗശത്രുവിനെ ഉന്മൂലനം ചെയ്‌തേ മതിയാവൂ എന്ന് ഇസ്രയേലിന്റെ ഭരണസാരഥികള്‍ മനസ്സിലുറപ്പിച്ചു. ഇച്ച്മാനെ പിടികൂടി ന്യായാസനത്തിനു മുമ്പിലെത്തിക്കാനുള്ള പരിശ്രമങ്ങളില്‍ അവര്‍ വ്യാപൃതരായി. പക്ഷേ, പ്രതി അന്യനാട്ടിലാണ്. അവിടെനിന്ന് അയാളെ പിടികൂടി ഇസ്രായേലിലെത്തിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. അതുകൊണ്ടുതന്നെ അനുയോജ്യമായ ഒരു സാഹചര്യം ഉരുത്തിരിയുന്നതുവരെ കാത്തിരിക്കുകയല്ലാതെ മറ്റു പോംവഴികളില്ലെന്ന് അവര്‍ തിരിച്ചറിഞ്ഞു. അങ്ങനെ ഒരു സാഹചര്യത്തിനുവേണ്ടി കാത്തിരുന്ന അവര്‍ ഇച്ച്മാന്റെ ഓരോ നീക്കങ്ങളെയും അതിസുക്ഷ്മമായിത്തന്നെ നിരീക്ഷണവിധേയമാക്കാന്‍ തുടങ്ങി.
രണ്ടു വര്‍ഷങ്ങള്‍ ഓടിപ്പോയിക്കഴിഞ്ഞിരിക്കുന്നു. ഇനിയും തുടര്‍ന്നുകൊണ്ടു പോകുന്ന കാലവിളംബം കാര്യങ്ങള്‍ അവതാളത്തിലാക്കാനേ ഉതകൂ എന്ന് തിരിച്ചറിഞ്ഞ മൊസാദിന്റെ ഉദ്യോഗസ്ഥന്മാര്‍ ഇച്ച്മാനെ വലയിലാക്കാനുള്ള പദ്ധതിയുടെ രേഖാചിത്രങ്ങള്‍ ചമച്ചു. ഇസ്രായേല്‍ സുരക്ഷാ ഏജന്‍സിയായ ‘ഷിന്‍ ബെറ്റി’ലെ മുഖ്യ അന്വേഷകനായ സ്വി അഹരോണിയെ സംഗതികളുടെ നിജാവസ്ഥയറിയാന്‍ മൊസാദ് ബ്യൂണസ് അയേഴ്‌സിലേക്കയച്ചു. അധികം താമസിയാതെ ഇച്ച്മാന്‍ താമസിക്കുന്ന ഷക്കബക്ക തെരുവില്‍ ഒരു വീട് വാടകയ്ക്ക് തരപ്പെടുത്തിക്കൊണ്ട് അഹരോണി അവിടേക്ക് ചേക്കേറി, ഇച്ച്മാനെ പിന്തുടര്‍ന്നുകൊണ്ടിരുന്നു. ഇച്ച്മാന്റെ ദിനചര്യകളും പ്രവര്‍ത്തനമണ്ഡലങ്ങളും അയാള്‍ നടക്കാനിറങ്ങുന്ന ഊടുവഴികളും അഹരോണി കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ മനപ്പാഠമാക്കി.
ആഴ്ചകളോളം തുടര്‍ന്ന അന്വേഷണങ്ങള്‍ക്കൊടുവില്‍ തങ്ങള്‍ തേടുന്ന വള്ളിതന്നെയാണ് കാലില്‍ ചുറ്റിയിരിക്കുന്നതെന്ന് അഹരോണി മൊസാദിനെ അറിയിച്ചു.
മൊസാദില്‍ നിന്നും ഇച്ച്മാനെക്കുറിച്ചുള്ള വിവരങ്ങളറിഞ്ഞ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഡേവിഡ് ബെന്‍ ഗുറിയോണ്‍, ഇച്ച്മാനെ പിടികൂടി ഇസ്രായേലിന്റെ ന്യായാസനങ്ങളുടെ മുമ്പില്‍ ഹാജരാക്കാന്‍ ഉത്തരവിട്ടു. അതിനെത്തുടര്‍ന്ന് മൊസാദിന്റെ ഡയറക്റ്റര്‍ ഹരാല്‍, തന്റെ അനുചരന്മാരോടൊപ്പം ബ്യൂണസ് അയേഴ്‌സിലേക്ക് പറന്നെത്തി. മൊസാദിന്റെ ഉദ്യോഗസ്ഥനായിരുന്ന റാഫി എയ്റ്റണിന്റെ നേതൃത്വത്തിലുള്ള, ‘ഷിന്‍ ബെറ്റി’ന്റെ പ്രവര്‍ത്തകരായ എട്ടംഗസംഘമായിരുന്നു ഹരാലിന്റെ കൂടെയുണ്ടായിരുന്നത്. ബ്യൂണസ് അയേഴ്‌സില്‍ നിന്നും ഇരുപതു കിലോമീറ്റര്‍ ദൂരത്തുള്ള സാന്‍ ഫേര്‍ണാണ്ടോയിലെ ഗാരിബാള്‍ഡി തെരുവിന്റെ പരിസരങ്ങളില്‍ അവര്‍ ഇച്ച്മാനെ തേടിയെത്തി.
ഒരുതരത്തിലും ഇച്ച്മാന്‍ തങ്ങളുടെ വലയില്‍നിന്ന് രക്ഷപ്പെടാതിരിക്കാന്‍ അവര്‍ തങ്ങളൊരുക്കിയ വലയുടെ അവസാനത്തെ കണ്ണിയും മുറുക്കി കുറ്റമറ്റതാക്കി. അയാളുടെ ഓരോ പദചലനങ്ങളെയും അവര്‍ ഇടവിടാതെ പിന്തുടര്‍ന്നുകൊണ്ടിരുന്നു. ഇച്ച്മാന്‍ എന്നും ജോലി കഴിഞ്ഞെത്തുന്നത് ഒരേ സമയത്താണെന്നും ബസ്സിലാണ് അയാള്‍ യാത്ര ചെയ്യുന്നതെന്നും തങ്ങളുടെ നിസ്തന്ദ്രമായ നിരീക്ഷണങ്ങളില്‍നിന്നും അവര്‍ മനസ്സിലാക്കി.
ഇനി ഇച്ച്മാനെ പിടികൂടുന്നത് ആയാസമുള്ള കാര്യമല്ലെന്ന് അവര്‍ മനസ്സില്‍ കണക്കുകൂട്ടി. അനുകൂലമായ ഒരു സാഹചര്യം ഒത്തുവരികയേ വേണ്ടൂ. കാര്യങ്ങളെല്ലാം അപ്പോള്‍ ശുഭപര്യവസായിയായ ഒരു നാേടാടിക്കഥ പോലെ അവസാനിക്കുമെന്ന് അവര്‍ വിശ്വസിച്ചു.
ഇച്ച്മാനെ വലയില്‍ കുരുക്കാ നായി, അയാള്‍ ബസ്സിറങ്ങി വീട്ടിലേക്കു പോകുന്ന വഴിയിലുള്ള മൈതാനത്തിനരികില്‍ അവര്‍ ഇച്ച്മാനെയും കാത്ത് കണ്ണിമ പൂട്ടാതെ കാത്തിരുന്നു. സാധാരണ വരാറുള്ള ബസ്സില്‍ അന്ന് അയാളില്ലാത്തതു കണ്ട് മൊസാദിലെ ചുണക്കുട്ടികള്‍ അമ്പരന്നു. തങ്ങളുടെ നീക്കങ്ങളെക്കുറിച്ച് ഇച്ച്മാന് വിവരം കിട്ടിക്കാണുമോ എന്നവര്‍ സംശയിച്ചു. എന്തുതന്നെയായാലും അവിടെത്തന്നെ കുറേ നേരംകൂടി കാത്തിരിക്കാന്‍ അവര്‍ തീരുമാനിച്ചു.
ഏതാണ്ട് ഒരു മണിക്കൂറിനു ശേഷം വന്ന മറ്റൊരു ബസ്സില്‍ ഇച്ച്മാന്‍ വന്നിറങ്ങുന്നതു കണ്ട മൊസാദിലെ അന്വേഷകരുടെ കണ്ണുകള്‍ ഉത്സാഹംകൊണ്ടു വിടര്‍ന്നു. കൂട്ടത്തിലുണ്ടായിരുന്ന പീറ്റര്‍ മാല്‍ കിന്‍ എന്നയാള്‍ ഇച്ച്മാനെ അയാളറിയാതെ കുറച്ചു ദൂരം പിന്തുടര്‍ന്നു. ‘ഒരു നിമിഷം ഒന്നു നില്ക്കാമോ’ എന്ന് അദ്ദേഹം ഇച്ച്മാനോട് പിന്നില്‍നിന്ന് വിളിച്ചു ചോദിച്ചു. നാസിപ്പടയുടെ, രക്തം വഴിയുന്ന പോര്‍മുഖത്തോട് വിടപറഞ്ഞതിനുശേഷം തന്റെ നിഴലിനെപ്പോലും വിശ്വസിക്കാന്‍ കൂട്ടാക്കാത്ത ഇച്ച്മാന്‍, പിന്നില്‍നിന്ന് കാതില്‍ പതിച്ച ചോദ്യം കേട്ട് ഒരു നിമിഷം ഒന്നു പരിഭ്രമിച്ചു. പിടികൊടുക്കാതെ അവിടെനിന്ന് തെന്നിമാറാന്‍ ശ്രമിച്ച അയാളെ ചെറിയൊരു മല്‍പ്പിടുത്തത്തിലൂടെ കീഴ്‌പ്പെടുത്തി കൂട്ടിലടയ്ക്കാന്‍ മാല്‍കിനും അനുചരന്മാര്‍ക്കും അധികസമയം വേണ്ടിവന്നില്ല.
അയാളെ ഒരു പുതപ്പിനടിയിലൊളിപ്പിച്ച്, അകലെയുള്ള ഒരു വിചാരണകേന്ദ്രത്തിലെത്തിച്ച് അവര്‍ അയാളെ ചോദ്യം ചെയ്തുകൊണ്ടിരുന്നു. തങ്ങള്‍ക്ക് തെറ്റുപറ്റിയിട്ടില്ലെന്നുറപ്പുവരുത്തിയ ശേഷം, അയാളെ ഇസ്രായേലിലെത്തിക്കാനുള്ള ഒരുക്കത്തില്‍ വ്യാപൃതരായി മൊസാദ് സംഘം.
അതിനുള്ള ഒരവസരത്തിനുവേണ്ടി കാത്തിരുന്ന അഹരോണിയുടെ കാതിലേക്ക് തേന്മഴ പെയ്തിറങ്ങുന്നതുപോലെയാണ് ആ വാര്‍ത്ത പാഞ്ഞെത്തിയത്: ‘സ്‌പെയിനില്‍നിന്ന് സ്വാതന്ത്ര്യം ലഭിച്ചതിന്റെ 150-ാം വാര്‍ഷികം വിപുലമായി ആഘോഷിക്കാന്‍ അര്‍ജന്റീന തീരുമാനിച്ചിരിക്കുന്നു.’ പട്ടിണിക്കാരന് മൃഷ്ടാന്നം ലഭിച്ചതുപോലുള്ള ആഹ്ലാദമാണ് അപ്പോള്‍ മൊസാദിന്റെ പ്രവര്‍ത്തകര്‍ അനുഭവിച്ചറിഞ്ഞത്. ഈ അനുകൂലാവസ്ഥയുടെ സുരക്ഷിതസുഖം തങ്ങള്‍ക്കനുകൂലമായി ഉപയോഗപ്പെടുത്താന്‍ അവര്‍ തീരുമാനിച്ചു.
അര്‍ജന്റീനയുടെ സ്വാതന്ത്ര്യ വാര്‍ഷികാഘോഷങ്ങളില്‍ പങ്കെടുക്കാനെത്തി തിരിച്ചു പോകാനൊരുങ്ങുന്ന ഇസ്രായേല്‍ വിമാനത്തില്‍ ഇച്ച്മാനെ കയറ്റി അവര്‍ ഇസ്രയേലിലെ യാഗൂറില്‍ ഉള്ള പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചു. ഈ വിവരം ഇസ്രയേലിന്റെ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഡേവിഡ് ബെന്‍ ഗുറിയോണ്‍, പാര്‍ലമെന്റില്‍ തന്റെ സഹപ്രവര്‍ത്തകരെ അറിയിക്കുന്നതിന്റെ വാങ്മയചിത്രമാണ് നമ്മള്‍ ഈ ലേഖനത്തിന്റെ തുടക്കത്തില്‍ കണ്ടത്.
1961 ഏപ്രില്‍മാസം 11-ാം തിയതി, ജറുസലേം കോടതി ഇച്ച്മാനെ വിചാരണ ചെയ്യാന്‍ തുടങ്ങി. കുറ്റവിചാരണ മാസങ്ങളോളം നീണ്ടുനിന്നു. വിചാരണയ്‌ക്കൊടുവില്‍ സര്‍വ്വ പഴുതുകളുമടച്ച് അയാളുടെ പേരില്‍ പതിനഞ്ചു ക്രിമനല്‍ കുറ്റങ്ങള്‍ ചുമത്തിക്കൊണ്ടുള്ള കുറ്റപത്രം തയ്യാറാക്കപ്പെട്ടു. കുറ്റബോധത്തിന്റെ ഒരു തരിമ്പുപോലും ഇച്ച്മാന്റെ മനസ്സാക്ഷിയെ പീഡിപ്പിച്ചിരുന്നില്ലെന്ന വസ്തുത കുറ്റപത്രത്തിലെ ആരോപണങ്ങളെ കൂടുതല്‍ മൂര്‍ച്ചയുള്ളതാക്കി.
ഈ കുറ്റവിചാരണ റിപ്പോര്‍ട്ടു ചെയ്യാന്‍ ലോകത്തിന്റെ നാനാഭാഗത്തുനിന്നും പത്രലേഖകന്മാര്‍ ഇസ്രയേലിലേക്കൊഴുകി. പത്രങ്ങളുടെ ആദ്യപേജില്‍ത്തന്നെ വിചാരണയുടെ കൊഴുപ്പുള്ള വാര്‍ത്തകള്‍ അച്ചടിമഷി പുരണ്ടുവന്നു. 1961, ഡിസംബര്‍മാസം 15-ാം തിയതിയിലെ പത്രങ്ങളെല്ലാം പുറത്തുവന്നത് ഇച്ച്മാനെ തൂക്കിക്കൊല്ലാനുള്ള കോടതിവിധിയുടെ ചൂടുള്ള വാര്‍ത്തകളും വഹിച്ചുകൊണ്ടായിരുന്നു. അപ്പീലുമായി ഇച്ച്മാന്‍ ഇസ്രയേലിന്റെ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും കീഴ്‌ക്കോടതിവിധിയെ ശരിവച്ചുകൊണ്ടുള്ള വിധിപ്രസ്താവന അയാളെ നിരാശപ്പെടുത്തുകയാണുണ്ടായത്.
മനുഷ്യരാശിക്കെതിരെ, പ്രത്യേകിച്ച് ജൂതര്‍ക്കെതിരെ ഇച്ച്മാന്‍ തൊടുത്തുവിട്ട ക്രൂരപീഡനങ്ങളടക്കം 15 ക്രിമിനല്‍ കുറ്റങ്ങള്‍ക്ക് വധശിക്ഷ വിധിക്കപ്പെട്ട ഇച്ച്മാനെ, ജയിലുദ്യോഗസ്ഥരുടെയും നാലു പേരടങ്ങുന്ന മാധ്യമപ്രവര്‍ത്തകരുടെയും ഇച്ച്മാന്റെ ജയില്‍വാസകാലത്തെ ആത്മീയകാര്യങ്ങള്‍ ശ്രദ്ധിച്ചിരുന്ന വില്യം ലോവല്‍ ഹള്‍ എന്ന പാതിരിയുടെയും സാന്നിധ്യത്തില്‍, 1962 ജൂണ്‍ മാസം ഒന്നാം തിയതി, പുലര്‍ച്ചെ ഒരുമണിയ്ക്കുള്ളില്‍ ഇസ്രായേല്‍ ഭരണകൂടം കഴുവിനു കൊടുത്തു.
‘Long live Germany. Long live Argentina. Long live Austria. These are the three countries with which I have been most connected and which I will not forget. I greet my wife, my family and my friends. I am ready. We’ll meet again soon, as is the fate of all men. I die believing in God.'(ജര്‍മ്മനിയും അര്‍ജന്റീനയും ഓസ്ട്രിയയും നീണാള്‍ വാഴട്ടെ! എന്നെ പോറ്റിയെടുത്ത മറക്കാനാവാത്ത രാജ്യങ്ങളാണവ. എന്റെ സഹധര്‍മ്മിണിയെ, എന്റെ കുടുംബത്തെ, എന്റെ സുഹൃത്തുക്കളെയെല്ലാം ഞാന്‍ വന്ദിക്കുന്നു. ഞാന്‍ (മരണത്തിന്) തയ്യാറാണ്…. നമുക്ക് വീണ്ടും കണ്ടുമുട്ടാനാവട്ടെ! എല്ലാ മനുഷ്യരുടെയും നിയോഗംപോലെ ഞാനും ദൈവത്തില്‍ വിശ്വാസമര്‍പ്പിച്ചുകൊണ്ട് മരണം വരിക്കുന്നു….) എന്നു പറഞ്ഞുകൊണ്ടാണ് ഇച്ച്മാന്‍ കഴുമരത്തിലേക്ക് നടന്നു നീങ്ങിയത്.
ഇച്ച്മാന്റെ ചിതാഭസ്മവും ചുമന്നുകൊണ്ട്, മധ്യധരണ്യാഴിയിലെ മത്സ്യങ്ങള്‍ക്ക് സദ്യയൊരുക്കാനായി ഇസ്രയേല്‍ യുദ്ധവിമാനങ്ങളിലൊന്ന് കടലിനെ വട്ടമിട്ടു പറക്കുമ്പോള്‍, ഹോളോകാസ്റ്റ് ക്യാമ്പുകളില്‍ നരകവേദനയനുഭവിച്ച് ജീവന്‍ വെടിയേണ്ടി വന്ന തങ്ങളുടെ നിരപരാധിയായ പൂര്‍വ്വികര്‍ക്കുള്ള തര്‍പ്പണക്രിയപോലെ ഇച്ച്മാന്റെ വധം, മദ്യം നുണഞ്ഞാഘോഷിക്കുകയായിരുന്നു ജൂതഭരണകൂടം.