നിരുപമ മൂര്‍ത്തേ നിത്യ സുന്ദരി
നിറമതിപ്പൊന്‍ പ്രഭാവമേ
സന്തതം ചരണാംബുജങ്ങളെ-
ന്നന്തരംഗത്തിലാശ്രയം.
കാഴ്ചവട്ടം നിറഞ്ഞു കാണുന്നു
കോടി സൂര്യ പ്രഭാസമം
കാല്‍ച്ചിലമ്പൊലിത്താളമേളത്തി-
ലഞ്ചിതാനന്ദ നര്‍ത്തനം.
ചിത്രമോഹന വിസ്മയം തവ
വക്ത്രകാന്തിയോ നിസ്തുലം
ചെക്കി മാലകള്‍ വേഷഭൂഷകള്‍
തിരു മുടിച്ചാര്‍ത്തുമല്‍ഭുതം
ചാരുതാരകക്കുഞ്ഞുമംഗല
ത്തമ്പുരാട്ടിമാരെത്തിയീ
പുണ്യഭൂമിയില്‍ പൂവനങ്ങളായ്
പൂത്തുനില്‍ക്കുന്നു ശോഭയില്‍.
അക്ഷരത്തിരി കെട്ടുപോകുന്ന
കെട്ടകാലത്തമസ്സില്‍ നി-
ന്നക്കരേക്കു കടക്കുവാന്‍ കരം
തന്നുടല്‍ ചേര്‍ത്തു നിര്‍ത്തുക.
തൊട്ടു നില്‍ക്കുമ്പൊളുള്ളിലെത്തുന്ന
വിദ്യുതാവേഗ ധാരയില്‍
സ്‌നേഹ നീരവ മന്ത്ര സാന്ത്വനം
മോക്ഷസഞ്ജീവനാമൃതം.