ഹരിയാനയിലെയും ജമ്മുകശ്മീരിലെയും നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വിഭജനവാദങ്ങള്‍ക്കും വിേദ്വഷരാഷ്ട്രീയത്തിനുമെതിരായ വിധിയെഴുത്താണ്. രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളുടെ അവകാശവാദങ്ങളെയും എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെയും മാധ്യമ വിശകലനങ്ങളെയുമെല്ലാം അപ്രസക്തമാക്കിക്കൊണ്ട് ഹരിയാനയില്‍ 90 ല്‍ 48 സീറ്റുകള്‍ നേടി ചരിത്ര വിജയത്തോടെ ബിജെപി മൂന്നാം തവണയും ഭരണം നിലനിര്‍ത്തി. ജമ്മു കശ്മീരിലും പാര്‍ട്ടി മിന്നുന്ന പ്രകടനം തന്നെ കാഴ്ചവെച്ചിരിക്കുന്നു.
കോണ്‍ഗ്രസിന്റെ പരമ്പരാഗത ശക്തികേന്ദ്രമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഹരിയാനയില്‍ ഇക്കുറി സീറ്റുകളുടെ എണ്ണത്തില്‍ ബിജെപി സര്‍വകാല റെക്കോര്‍ഡാണ് നേടിയിരിക്കുന്നത്. കഴിഞ്ഞ തവണ 40 സീറ്റുകള്‍ നേടി ഒറ്റയ്ക്ക് കേവല ഭൂരിപക്ഷമില്ലാതെ ഭരണം നടത്തിയിരുന്ന അവസ്ഥയ്ക്കാണ് ഇത്തവണ മാറ്റമുണ്ടാക്കിയിരിക്കുന്നത്. 1967 ലെ ആദ്യ തിരഞ്ഞെടുപ്പ് മുതല്‍ ഹരിയാനയില്‍ കോണ്‍ഗ്രസാണ് പലതവണ മാറിമാറി അധികാരത്തിലേറിയത്. 2014-ലെ പൊതുതിരഞ്ഞെടുപ്പില്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ബിജെപി ഒറ്റയ്ക്ക് കേവലഭൂരിപക്ഷത്തോടെ രാജ്യഭരണത്തിലേറി മാസങ്ങള്‍ക്കുള്ളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലാണ് ഹരിയാനയില്‍ ആദ്യമായി ബിജെപി അധികാരത്തില്‍ വന്നത്. 2009 ല്‍ നാല് സീറ്റ് മാത്രമുണ്ടായിരുന്ന പാര്‍ട്ടി 2014 ല്‍ 47 സീറ്റുകളോടെ ഭരണത്തിലേറുകയായിരുന്നു. 2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് പത്തില്‍ പത്തു സീറ്റുകളും നേടി ബിജെപി സമ്പൂര്‍ണ്ണ വിജയം കരസ്ഥമാക്കിയിരുന്നു. എന്നാല്‍, 2024 ല്‍ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അഞ്ചുസീറ്റുകളിലേക്ക് ബിജെപിയുടെ പ്രകടനം ചുരുങ്ങി. ഇതോടെ ഹരിയാനയില്‍ ബിജെപി സര്‍ക്കാരിനെതിരെ ശക്തമായ ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്നുവെന്ന് മാധ്യമങ്ങളെല്ലാം വിധിയെഴുതുകയായിരുന്നു. ഇത്തവണ ബിജെപി 32 സീറ്റിനപ്പുറത്തേയ്ക്ക് പോകില്ല എന്ന് എല്ലാ എക്‌സിറ്റ് പോള്‍ ഫലങ്ങളും ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരുന്നു.
പ്രതിപക്ഷ കക്ഷികള്‍ മുന്നോട്ടു വെച്ച അനേകം കുപ്രചാരണങ്ങളെയും പ്രതികൂലമായ അനേകം രാഷ്ട്രീയ സാഹചര്യങ്ങളെയും പരാജയപ്പെടുത്തിക്കൊണ്ടാണ് വ്യക്തമായ ഭൂരിപക്ഷത്തോടെ ഹരിയാനയില്‍ ബിജെപി മൂന്നാം തവണയും അധികാരത്തിലെത്തിയത്. അതുകൊണ്ട് തന്നെ ഈ വിജയത്തിന്റെ രാഷ്ട്രീയ പ്രാധാന്യമേറെയാണ്. കര്‍ഷക സമരവും അഗ്‌നിവീര്‍ പദ്ധതിയും ഗുസ്തി താരങ്ങളുടെ സമരവും ലോകസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് നഷ്ടവും ഭരണവിരുദ്ധ വികാരമെന്ന പ്രചണ്ഡമായ പ്രചാരണവുമെല്ലാം ബിജെപിക്ക് തിരിച്ചടിയുണ്ടാക്കുമെന്ന വിലയിരുത്തലാണ് കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന പ്രതിപക്ഷ മുന്നണിയും മാധ്യമങ്ങളുമെല്ലാം വെച്ചുപുലര്‍ത്തിയിരുന്നത്. അതോടൊപ്പം ദുഷ്യന്ത് ചൗട്ടാലയുടെ ജന്‍നായക് ജനതാ പാര്‍ട്ടി സഖ്യം ഉപേക്ഷിച്ചതും ബിജെപിക്ക് തിരിച്ചടിയുണ്ടാക്കുമെന്ന് വിലയിരുത്തപ്പെട്ടു. എന്നാല്‍ രാജ്യസുരക്ഷയ്ക്ക് ബിജെപി ഭരണം അനിവാര്യമാണെന്ന തിരിച്ചറിവാണ് ഹരിയാനയിലെ ജനങ്ങള്‍ ഒരിക്കല്‍കൂടി പ്രകടമാക്കിയിരിക്കുന്നത്. ലോകസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനുശേഷം രാജ്യത്ത് ബിജെപിക്ക് വലിയ തിരിച്ചടിയും കോണ്‍ഗ്രസിന് വലിയ മുന്നേറ്റവുമുണ്ടായി എന്ന ആഖ്യാനങ്ങളും വ്യാഖ്യാനങ്ങളും അവകാശവാദങ്ങളുമൊക്കെ അസ്ഥാനത്താണെന്ന് തെളിയിക്കുന്ന തിരഞ്ഞെടുപ്പ് ഫലം കൂടിയാണിത്. ഒപ്പം, കഴിഞ്ഞ ഒരു ദശകത്തിലേറെയായി ഭാരതത്തിന്റെ സ്വയംപ്രഖ്യാപിത ഭാവി പ്രധാനമന്ത്രിയായി കോണ്‍ഗ്രസ് അവതരിപ്പിക്കുന്ന, രാജ്യം ഭരിക്കാന്‍ ജന്മാവകാശമുണ്ടെന്ന് പോലും അവര്‍ കരുതുന്ന രാഹുല്‍ഗാന്ധി ലോകസഭയിലെ പുതിയ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ടശേഷം സ്വദേശത്തും വിദേശത്തും വെച്ച് നടത്തിയ രാഷ്ട്രവിരുദ്ധമായ പ്രസ്താവനകളും പ്രസംഗങ്ങളും ഭാരത ജനത തള്ളിക്കളഞ്ഞിരിക്കുന്നുവെന്നതിന്റെ വിധിപ്രഖ്യാപനം കൂടി ഹരിയാനയിലെ തിരഞ്ഞെടുപ്പ് ഫലത്തില്‍ നിന്ന് വായിച്ചെടുക്കാന്‍ കഴിയും. കഴിഞ്ഞ വര്‍ഷം അവസാനം നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ രാജസ്ഥാനിലും ഛത്തീസ്ഗഡിലും, മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ മധ്യപ്രദേശിലും അധികാരത്തിലെത്തിയ ബിജെപി ഹിന്ദി ഹൃദയഭൂമിയിലെ രാഷ്ട്രീയ ആധിപത്യം ഒരിക്കല്‍കൂടി ഉറപ്പിക്കുകയാണ്.
പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന ജമ്മു കശ്മീരില്‍ ബിജെപി ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്.സംസ്ഥാനത്ത് പ്രത്യേക പദവി റദ്ദാക്കിയശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പില്‍ മുന്നണികള്‍ക്കെതിരെ ഒറ്റയ്ക്ക് നിന്നു പോരാടിയ ബിജെപി കഴിഞ്ഞ തവണത്തെ 25 ല്‍ നിന്ന് 29 ലേക്ക് സീറ്റുനേട്ടം വര്‍ദ്ധിപ്പിച്ചിരിക്കുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ക്രമാനുഗതമായ വളര്‍ച്ചയാണ് ബിജെപി ഇവിടെ കൈവരിച്ചുകൊണ്ടിരിക്കുന്നത്. ജമ്മു മേഖലയില്‍ പാര്‍ട്ടി ആധിപത്യം ഉറപ്പിക്കുകയും കശ്മീര്‍ താഴ്‌വരയിലേക്ക് കടന്നുകയറുകയും ചെയ്തു. സ്വാതന്ത്ര്യാനന്തരം എപ്പോഴും കലുഷിതമായിരുന്ന കാശ്മീരില്‍ ശാന്തമായി തിരഞ്ഞെടുപ്പ് നടത്താനായതും ബിജെപിയുടെ രാഷ്ട്രീയ വിജയം തന്നെയാണ്. സഖ്യമായി മത്സരിച്ചിട്ടും കോണ്‍ഗ്രസിന് സംസ്ഥാനത്ത് കേവലം ആറുസീറ്റുകള്‍ മാത്രമാണ് ലഭിച്ചത്.
ഹരിയാനയിലെ ജനവിധി അംഗീകരിക്കാന്‍ ബിജെപി വിരുദ്ധ രാഷ്ട്രീയക്കാരും അവരുടെ പിണിയാളുകളായ മാധ്യമങ്ങളും ഇപ്പോഴും തയ്യാറായിട്ടില്ല. ബിജെപിക്ക് ബദലായി ഹരിയാനയില്‍ ആംആദ്മി പാര്‍ട്ടി മുന്നേറ്റം നടത്തുമെന്ന അവരുടെ പ്രതീക്ഷകള്‍ തകിടം മറഞ്ഞിരിക്കുന്നു. തുടക്കത്തില്‍ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ ബിജെപിക്കുണ്ടായ നേരിയ തിരിച്ചടിയെ ആഘോഷമാക്കിയവര്‍ക്ക് പിന്നീട് നിരാശരാകേണ്ടിവന്നു. അന്തിമ ജനവിധി തങ്ങള്‍ക്ക് എതിരായപ്പോള്‍ കോണ്‍ഗ്രസ് പതിവുപോലെ വോട്ടിംഗ് മെഷീന്റെ വിശ്വാസ്യതയില്‍ സംശയം പ്രകടിപ്പിച്ച് രംഗത്ത് വന്നിരിക്കുകയാണ്. ഭാരത ഭരണഘടനയെ പലതവണ അട്ടിമറിക്കുകയും ഭാരതസൈന്യത്തെപ്പോലും നിരന്തരം അപഹസിക്കുകയും ചെയ്യുന്ന അവര്‍ ജനവിധി അംഗീകരിക്കാതിരിക്കുന്നതില്‍ അത്ഭുതപ്പെടാനില്ല. ജാതി സെന്‍സസും മതപരമായ സംവരണവുമെല്ലാം വാഗ്ദാനം നല്‍കി ‘ഭാരത’വിരുദ്ധ മുന്നണി മുന്നോട്ടുവെച്ച വിഭജന നിഷേധാത്മക നയങ്ങള്‍ക്കുമെതിരായ സന്ദേശവും അതോടൊപ്പം വികസന രാഷ്ട്രീയത്തിനനുകൂലമായ വിധിയെഴുത്തുമാണ് ഇപ്പോഴുണ്ടായിരിക്കുന്നത്.