1857 ലെ നമ്മുടെ മഹത്തായ വിപ്ലവത്തിന്റെ ചരിത്രം ആദ്യമായി എഴുതുന്നത് വിനായക ദാമോദര സാവര്‍ക്കറാണ്. ബ്രിട്ടീഷ് ഇന്ത്യയില്‍ മിക്കയിടത്തും വ്യാപിച്ച, ആദ്യത്തെ സംഘടിത വിപ്ലവമായിരുന്നു 1857ലേത്. ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ (East India Company) അടിത്തറയിളക്കിയ കലാപമായിരുന്നു 1857 ല്‍ അരങ്ങേറിയത്.
സാവര്‍ക്കര്‍ ഈ ചരിത്രം എഴുതുന്നിടം വരെ ‘ശിപായി ലഹള’ എന്ന ഇംഗ്ലീഷ് കാഴ്ചപ്പാടായിരുന്നു, വിപ്ലവത്തോടുള്ള സമൂഹത്തിന്റെ പൊതുധാരണ. ബ്രിട്ടീഷ് രചനകളിലൊന്നും, 1857-ലെ വിവിധ സംഭവങ്ങളെക്കുറിച്ചോ, അതു നയിച്ചവരെക്കുറിച്ചോ യാതൊരു പരാമര്‍ശവും ഉണ്ടായിരുന്നില്ല. സാവര്‍ക്കര്‍ ഈ ചരിത്രം എഴുതിയിരുന്നില്ല എങ്കില്‍, ഒരുപക്ഷെ ഝാന്‍സി റാണിയും, നാനാ സാഹിബും, താത്യാ തോപ്പെയെയും മൗലവി അഹമ്മദ്ഷായും പോലെയുള്ള വിപ്ലവ സൂര്യന്‍മാര്‍, ചരിത്രത്തിന്റെ താളുകളില്‍, ആരാലുമറിയാതെ മണ്‍മറഞ്ഞുപോയേനെ. ബ്രിട്ടീഷുകാര്‍, അവരെ തെമ്മാടികളും, കൊലയാളികളുമായി ചിത്രീകരിച്ച്, ചരിത്ര രചനകള്‍ തുടര്‍ന്നേനെ. അതൊക്കെ മിതവാദി കോണ്‍ഗ്രസ് നേതൃത്വം അംഗീകരിച്ചു കൊടുക്കുകയും ചെയ്‌തേനെ. ഈ ഒരു സാഹചര്യത്തിലാണ്, വിപ്ലവത്തിന്റെ യഥാര്‍ത്ഥ ചരിത്രം പുറത്തു കൊണ്ടുവരുവാനുള്ള ശ്രമങ്ങള്‍ സാവര്‍ക്കര്‍ ആരംഭിക്കുന്നത്.
1906 ലാണ്, ഉപരിപഠനത്തിനായി സാവര്‍ക്കര്‍ ലണ്ടനില്‍ എത്തുന്നത്. ലണ്ടനില്‍ സാവര്‍ക്കറുടെ താമസം ‘ഇന്ത്യാഹൗസ്'(India House) എന്ന ഹോസ്റ്റലില്‍ ആയിരുന്നു. ലണ്ടനില്‍ എത്തുന്ന ഭാരതീയ വിദ്യാര്‍ത്ഥികള്‍ക്ക് മിതമായ നിരക്കില്‍ താമസ സൗകര്യങ്ങള്‍ നല്‍കുവാന്‍, ശ്യാംജി കൃഷ്ണവര്‍മ്മ എന്ന ദേശീയവാദി ആരംഭിച്ചതായിരുന്നു ഈ ഹോസ്റ്റല്‍. ലണ്ടനിലെ ഭാരതീയ വിദ്യാര്‍ത്ഥി സമൂഹത്തില്‍ രാഷ്ട്രീയ വീക്ഷണവും, ദേശീയ ബോധവും വളര്‍ത്തുവാന്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ കേന്ദ്രം കൂടിയായിരുന്നു ‘ഇന്ത്യാ ഹൗസ്’.
ഇന്ത്യാ ഹൗസില്‍ വച്ചാണ്, വിപ്ലവത്തിന്റെ ചരിത്രം സാവര്‍ക്കര്‍ എഴുതുന്നത്. ‘ഇന്ത്യാ ഹൗസി’ന്റെ അന്നത്തെ മാനേജര്‍, ബംഗാളിയായ ഒരു മുഖര്‍ജി ആയിരുന്നു. മുഖര്‍ജിയുടെ ഇംഗ്ലീഷുകാരിയായ പത്‌നിയാണ്, ബ്രിട്ടിഷ് ഇന്ത്യയെ സംബന്ധിച്ച് രേഖകള്‍ സൂക്ഷിച്ചിരുന്ന ലൈബ്രറിയിലേക്ക്, സാവര്‍ക്കര്‍ക്ക് ഒരു റീഡര്‍പാസ് (Reader pass) സംഘടിപ്പിച്ചു കൊടുക്കുന്നത്. ദിനരാത്രങ്ങള്‍ സാവര്‍ക്കര്‍ ഈ ലൈബ്രറിയില്‍ ചിലവഴിച്ചു. ഒന്നര കൊല്ലത്തിനുള്ളില്‍, പഴയ രേഖകളും, കൈയെഴുത്തു പ്രതികളും, ചരിത്ര വിവരണങ്ങളും, ഡയറിക്കുറിപ്പുകളും, സൈനിക രേഖകളും, കോടതി നടപടികളുമുള്‍പ്പെടെ ആയിരത്തിഅഞ്ഞൂറിലധികം രേഖകള്‍ അദ്ദേഹം തന്റെ ഗവേഷണത്തിന്റെ ഭാഗമായി പഠിച്ചു.
1908 ലാണ്, ഈ പുസ്തകത്തിന്റെ ആദ്യ മറാത്തി പ്രതി പ്രസിദ്ധീകരണത്തിന് തയ്യാറായത്. അന്ന് സാവര്‍ക്കര്‍ക്ക് ഇരുപത്തിനാല് വയസ്സ് മാത്രമായിരുന്നു പ്രായം. ഈ പുസ്തകമെഴുതുമ്പോള്‍, ‘ഇന്ത്യാ ഹൗസില്‍’ നടന്നിരുന്ന പ്രതിവാര യോഗത്തില്‍, പൂര്‍ത്തിയാക്കിയ ഭാഗങ്ങള്‍ സാവര്‍ക്കര്‍ വിവരിക്കാറുണ്ടായിരുന്നു. ഈ യോഗങ്ങളില്‍നിന്നാണ്, ബ്രിട്ടീഷ് രഹസ്യാന്വേഷണ വിഭാഗത്തിന് ഇപ്രകാരമൊരു പുസ്തകത്തെക്കുറിച്ച് ആദ്യ അറിവുലഭിക്കുന്നത് (ഇന്ത്യാ ഹൗസിലെ ചില അന്തേവാസികളെ ബ്രിട്ടീഷുകാര്‍, തങ്ങളുടെ ചാരന്മാരായി ഉപയോഗിച്ചിരുന്നു). എന്നിരുന്നാലും, ‘ഇന്ത്യാഹൗസിലെ’ വിപ്ലവകാരികള്‍, ഇതിന്റെ മറാത്തി കൈയെഴുത്തു പ്രതി ഭാരതത്തിലേക്ക് ഒളിച്ചു കടത്തി. ഇതു മനസ്സിലാക്കിയ ബ്രിട്ടീഷ് അധികാരികള്‍, മഹാരാഷ്ട്രയിലുടനീളം, നിരവധി അച്ചടി ശാലകള്‍ റെയ്ഡ് ചെയ്തു.
ഭാരതത്തില്‍ അച്ചടിക്കുവാന്‍ ബുദ്ധിമുട്ടായതിനാല്‍, കൈയെഴുത്തുപ്രതി, വിപ്ലവകാരികള്‍ പാരീസിലേക്കയച്ചു. ഫ്രഞ്ച് കുറ്റാന്വേഷണവിഭാഗവും, ബ്രിട്ടീഷ് പോലീസും, സഹകരിച്ചു പ്രവര്‍ത്തിക്കുകയായിരുന്നതിനാല്‍, അവിടെയും ഇതു പ്രസിദ്ധീകരിക്കുവാന്‍ ആരും തയ്യാറായില്ല. അതുകൊണ്ട്, പുസ്തകത്തിന്റെ കൈയെഴുത്തുപ്രതി ജര്‍മനിയിലേക്കു കൊണ്ടുപോയി. അവിടെയും അത് അച്ചടിക്കുവാന്‍ സാധിച്ചില്ല, കാരണം പ്രസാധകര്‍ക്ക്, മറാത്തിലിപികള്‍, അച്ചടിക്കുവാനുള്ള സൗകര്യമുണ്ടായിരുന്നില്ല.
ഇത്രയുമൊക്കെ തിരിച്ചടികള്‍ നേരിട്ടിട്ടും വിപ്ലവകാരികള്‍ നിരാശരായില്ല. മറാത്തി കൈയെഴുത്തുപ്രതി ഇംഗ്ലണ്ടില്‍ എത്തിച്ച്, വിപ്ലവകാരികള്‍ തന്നെ അതിന്റെ ഇംഗ്ലീഷ് പരിഭാഷ പൂര്‍ത്തിയാക്കി. ഹോളണ്ടിലെ ഒരു പ്രസ്സില്‍ നിന്നും, ഈ ഇംഗ്ലീഷ് പരിഭാഷ അച്ചടിച്ചു പുറത്തിറക്കുകയും ചെയ്തു. ഈ പുസ്തകത്തിന് ഇംഗ്ലണ്ടില്‍ നിരോധനമുണ്ടായിരുന്നില്ല. അതിനാല്‍ അതിന്റെ നിരവധി പകര്‍പ്പുകള്‍ പാരീസിലും, മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലും വിതരണം ചെയ്യപ്പെട്ടു. എന്നിരുന്നാലും, ഈ പുസ്തകത്തിന്റെ പ്രതികള്‍, ഭാരതത്തിലേക്കു കൊണ്ടുവരുന്നത് നിരോധിച്ചിരുന്നു. നിരോധനം മറികടന്ന് പുസ്തകത്തിന്റെ നിരവധി കോപ്പികള്‍ രഹസ്യമായി ഭാരതത്തിലേക്ക് ഒളിച്ചു കടത്തിയത്, സിക്കന്ദര്‍ ഹയാത്ത് ഖാന്‍ എന്ന ആദ്യകാല വിപ്ലവകാരിയായിരുന്നു. ലണ്ടനില്‍ വിദ്യാര്‍ഥിയായിരുന്ന കാലത്ത്, ‘അഭിനവ ഭാരത്’ (സാവര്‍ക്കറുടെ വിപ്ലവസംഘടന) നടത്തിയ വിപ്ലവ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായിരുന്ന അദ്ദേഹം, പിന്നീട് ബ്രിട്ടീഷ് ഇന്ത്യയിലെ പഞ്ചാബിന്റെ പ്രീമിയറായും(Premier) സേവനമനുഷ്ഠിച്ചിട്ടുണ്ട്. ലണ്ടനിലെ ഇന്ത്യാ ഓഫീസ് (India Office) ലൈബ്രറിയില്‍, വിപ്ലവചരിത്രത്തിന്റെ ഈ ആദ്യ ഇംഗ്ലീഷ് പതിപ്പിന്റെ പകര്‍പ്പുകള്‍ ഇന്നും സൂക്ഷിച്ചിട്ടുണ്ട്.
ഈ പുസ്തകത്തിന്റെ രണ്ടാമത്തെ പതിപ്പ് പുറത്തിറക്കുന്നത്, പാരീസില്‍നിന്നും, ഭാരതത്തിന്റെ ‘ജോന്‍ ഓഫ് ആര്‍ക്ക്’ (Joan of Arc)എന്നറിയപ്പെടുന്ന മാഡം ബിക്കാജി കാമയാണ്. ലണ്ടനില്‍ അറസ്റ്റിലാകുന്നതിനു മുന്‍പ്, സുരക്ഷിതമായി സൂക്ഷിക്കുവാന്‍, സാവര്‍ക്കര്‍, മറാത്തി കൈയെഴുത്തുപ്രതി മാഡം കാമക്കു കൈമാറിയിരുന്നു. അവരത് പാരീസിലെ ഒരുബാങ്ക് ലോക്കറില്‍ വളരെക്കാലം സൂക്ഷിച്ചിരുന്നു. എന്നാല്‍ ഈ ബാങ്ക് ഒന്നാം ലോകമഹായുദ്ധക്കാലത്ത് നശിപ്പിക്കപ്പെട്ടുവെന്നും, അതിനോടൊപ്പം, കൈയെഴുത്തുപ്രതിയും നഷ്ടപ്പെട്ടുവെന്നുമായിരുന്നു പൊതുവെ വിശ്വസിച്ചിരുന്നത്. എന്നാല്‍ ലണ്ടനില്‍ സ്ഥിരതാമസമാക്കിയ ഒരു ഭാരതീയന്റെ പക്കല്‍ ഈ കൈയെഴുത്തു പ്രതി സുരക്ഷിതമായിരുന്നു. 1949 ല്‍ അത് സാവര്‍ക്കര്‍ക്ക് തിരികെ ലഭിച്ചു.
ഈ പുസ്തകത്തിന്റെ മൂന്നാം പതിപ്പ്, അമേരിക്കയില്‍ നിന്നും, ലാല ഹര്‍ദയാലിന്റെ നേതൃത്വത്തില്‍ ഗദാര്‍ പാര്‍ട്ടിയാണ് പ്രസിദ്ധീകരിക്കുന്നത് (ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി, അമേരിക്കയിലും കാനഡയിലുമുള്ള സിക്കുകാര്‍ക്കിടയില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു വിപ്ലവ സംഘടനയായിരുന്നു ഗദാര്‍പാര്‍ട്ടി).
ഇതിന്റെ നാലാം പതിപ്പ് രഹസ്യമായി ഭാരതത്തില്‍ പ്രസിദ്ധീകരിക്കുന്നത് ഭഗത് സിംഗ് ആണ്. പ്രസിദ്ധീകരണാനുമതിക്കുവേണ്ടി, 1928 ല്‍ ഭഗത് സിംഗ്, സാവര്‍ക്കറെ, വീട്ടുതടങ്കലില്‍ നേരിട്ടുചെന്നു കണ്ടിരുന്നു. സാലിഗ്രാം ഗോസെയ്ന്‍ (Saligram Gosain) എഴുതിയ ‘സ്റ്റോമി സാവര്‍ക്കര്‍’ (Stormy Savarker) എന്ന പുസ്തകത്തില്‍ ഈ കൂടിക്കാഴ്ചയെക്കുറിച്ച് ഉള്ള വിശദാംശങ്ങള്‍ പ്രതിപാദിച്ചിട്ടുണ്ട് (പേജ് 95). ഭഗത് സിംഗിന്റെ വിപ്ലവ സുഹൃത്തുക്കളില്‍ നിന്നും, ഇതിന്റെ ധാരാളം കോപ്പികള്‍, പില്‍ക്കാലത്തു നടന്ന പോലീസ് റെയ്ഡുകളില്‍ കണ്ടെടുത്തിട്ടുണ്ട്.
1940-ല്‍, റാഷ് ബിഹാരി ബോസും, സുഭാഷ്ചന്ദ്രബോസും ചേര്‍ന്ന്, ജപ്പാനില്‍ നിന്നുമാണ് ഇതിന്റെ അഞ്ചാമത്തെ പതിപ്പ് പുറത്തിറക്കുന്നത്.
ജയരാമന്‍ സുബ്രഹ്മണ്യന്‍ എന്ന ഐ.എന്‍.എയുടെ (INA) പബ്ലിസിറ്റി ഓഫീസര്‍ (Publicity Officer) എഡിറ്റുചെയ്ത ഒരു തമിഴ് പതിപ്പും കണ്ടുകിട്ടിയിട്ടുണ്ട്.
1908 ലെ ആദ്യ പതിപ്പു മുതല്‍, മൂന്നര ദശാബ്ദക്കാലം, ഭാരതത്തിലെ വിപ്ലവപ്രസ്ഥാനങ്ങള്‍ക്കു പ്രചോദനമായിരുന്നു ‘1857 ലെ ഭാരതത്തിന്റെ ഒന്നാം സ്വാതന്ത്ര്യസമരം’ എന്ന പുസ്തകം. ഇപ്രകാരമൊരു പുസ്തകം സാവര്‍ക്കര്‍ എഴുതിയിരുന്നില്ല എങ്കില്‍, ഝാന്‍സി റാണിയുള്‍പ്പെടെയുള്ള വിപ്ലവകാരികള്‍ ചരിത്രത്തില്‍നിന്നും അപ്രത്യക്ഷരായേനേ.