കോഴിക്കോട്: കേസരിഭവനില്‍ നടക്കുന്ന നവരാത്രി ആഘോഷപരിപാടികളുടെ (നവരാത്രി സര്‍ഗ്ഗോത്സവം 2024) ഉദ്ഘാടനം ബഹു.കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒക്ടോബര്‍ മൂന്നിനു രാവിലെ 11നു നിര്‍വഹിക്കും. ഒക്ടോബര്‍ ഒന്നിനു വൈകിട്ട് അഞ്ചരയ്ക്കു സരസ്വതീമണ്ഡപത്തില്‍ നടക്കുന്ന സാരസ്വതാര്‍ച്ചന, അലങ്കാരപൂജ, ആരതി എന്നിവയോടെ പരിപാടികള്‍ക്കു തുടക്കമാകും. മൂകാംബിക ക്ഷേത്രം മുഖ്യ അര്‍ച്ചകന്‍ സുബ്രഹ്മണ്യ അഡിഗകളുടെ നേതൃത്വത്തിലാണ് ഈ ചടങ്ങുകള്‍ നടക്കുക.
ബഹു.ഗോവ ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍ പിള്ള, കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍, കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി, കവിയും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി, ചലച്ചിത്രതാരം വിധുബാല, പ്രജ്ഞാപ്രവാഹ് നാഷണല്‍ കോ-ഓഡിനേറ്റര്‍ ജെ.നന്ദകുമാര്‍, സീമാജാഗരണ്‍മഞ്ച് ദേശീയസംരക്ഷക് എ.ഗോപാലകൃഷ്ണന്‍, കാലടി ശ്രീശങ്കര സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. കെ.കെ.ഗീതകുമാരി, ഹിന്ദു ഐക്യവേദി മുഖ്യരക്ഷാധികാരി കെ.പി.ശശികലടീച്ചര്‍, ചലച്ചിത്രനടനും എഴുത്തുകാരനുമായ എന്‍.നന്ദകിഷോര്‍ തുടങ്ങിയ പ്രമുഖരുടെ പ്രഭാഷണങ്ങള്‍ ഉണ്ടായിരിക്കും.
ചലച്ചിത്രതാരം രചന നാരായണന്‍കുട്ടി അവതരിപ്പിക്കുന്ന നൃത്തപരിപാടി, പിന്നണിഗായിക വൈക്കം വിജയലക്ഷ്മിയുടെ നേതൃത്വത്തിലുള്ള സംഗീതസദസ്സ്, പ്രണവം ശങ്കരന്‍ നമ്പൂതിരിയുടെ സംഗീതക്കച്ചേരി, അശ്വതിയും ശ്രീകാന്തും ചേര്‍ന്ന് അവതരിപ്പിക്കുന്ന ഭരതനാട്യം, ഡോ.എടനാട് രാജന്‍ നമ്പ്യാര്‍ അവതരിപ്പിക്കുന്ന ചാക്യാര്‍കൂത്ത്, ദ്യുതി നൃത്തവിദ്യാലയം അവതരിപ്പിക്കുന്ന ലാസ്യലീല തുടങ്ങിയ കലാപരിപാടികള്‍ വിവിധ ദിവസങ്ങളിലായി അരങ്ങേറും. വിദ്യാര്‍ത്ഥികള്‍ക്കായി ശാസ്ത്രീയസംഗീതം, ലളിതഗാനം, ചിത്രരചന എന്നിവയില്‍ മത്സരങ്ങള്‍ ഉണ്ടാകും. പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന യോഗ-സാധനാ ശിബിരങ്ങളും, സരസ്വതീമണ്ഡപത്തില്‍ ഭജന, സംഗീതാര്‍ച്ചന, നൃത്താര്‍ച്ചന എന്നിവയും നടക്കും. ഒക്ടോബര്‍ 12ന് വൈകിട്ട് നടക്കുന്ന സംസ്‌കാരിക സമ്മേളനത്തില്‍ ബഹു.ഗോവ ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍ പിള്ളയും കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനും ചേര്‍ന്ന് നവരാത്രി സര്‍ഗ്ഗപ്രതിഭാ പുരസ്‌കാരം പിന്നണിഗായിക വൈക്കം വിജയലക്ഷ്മിക്ക് സമ്മാനിക്കും.
13ന് രാവിലെ ഏഴര മുതല്‍ ആചാരവിധിപ്രകാരമുള്ള വിദ്യാരംഭവും നൃത്ത-ചിത്രകലാ വിദ്യാരംഭവും നടക്കും.
കേസരി വാരികയുടെ മുഖ്യപത്രാധിപര്‍ ഡോ.എന്‍.ആര്‍.മധു, സര്‍ഗ്ഗോത്സവ സമിതി ജനറല്‍ കണ്‍വീനര്‍ ടി വി ഉണ്ണിക്കൃഷ്ണന്‍, വര്‍ക്കിംഗ് പ്രസിഡന്റ് ഡോ.എ.കെ അനില്‍ കുമാര്‍ എന്നിവര്‍ പരിപാടികള്‍ വിശദീകരിച്ച് പത്രസമ്മേളനത്തില്‍ പങ്കെടുത്തു..