കമ്മ്യൂണിസവും മുതലാളിത്തവുമെന്ന രണ്ടു രാഷ്ട്രീയ ചിന്താധാരകള്‍ ലോകത്തെ് എക്കാലവും ചര്‍ച്ചകള്‍ക്ക് വിധേയമായിട്ടുണ്ട്. കൂടുതല്‍ സ്വാധീനിച്ചിട്ടുള്ളത്. ഇതില്‍ മാര്‍ക്‌സിസം പ്രായോഗിക സിദ്ധാന്തമല്ലെന്ന് തിരിച്ചറിഞ്ഞ്, ചൈനയും റഷ്യയുമടക്കമുള്ള കമ്മ്യൂണിസ്റ്റ് രാജ്യങ്ങള്‍ പോലും അതില്‍ നിന്നും പിന്‍വാങ്ങിയിരിക്കുന്നു. മാര്‍ക്‌സിസ്റ്റ് പ്രമാണങ്ങള്‍ക്ക് ആധികാരികതയുണ്ടെന്ന് ധരിച്ച്, അത് നടപ്പിലാക്കാന്‍ കഠിനയത്‌നം നടത്തിയ ഈ രാജ്യങ്ങള്‍ മാര്‍ക്‌സിന്റെ ഭൗതികപരമായ നിര്‍ണ്ണയവാദം നിരാകരിച്ച്, മുതലാളിത്തപരമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തുവരുന്നു.
മറുവശത്ത് നില്‍ക്കുന്ന മുതലാളിത്തത്തിനു ഉത്പാദനക്ഷമതയുമായി ബന്ധപ്പെട്ട് വിവിധ തലങ്ങളില്‍ ദോഷവശങ്ങള്‍ ധാരാളമുണ്ടെങ്കിലും അത് വളരെവേഗം കുതിച്ചു മുന്നേറിക്കൊണ്ടിരിക്കുകയാണ്. അത്, ശാസ്ത്രത്തിന്റെ ആധുനികവല്‍ക്കരണത്തിലൂടെ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലേക്ക് സമൂഹത്തെ കൊണ്ടെത്തിച്ചിരിക്കുന്നു. മുതലാളിത്ത വ്യവസ്ഥിതി ഇതിനപ്പുറവും സഞ്ചരിച്ച് മുന്നേറുമെന്നുള്ളതില്‍ സംശയമില്ല. എന്നാല്‍, ഇതില്‍ അസമത്വം, തൊഴിലില്ലായ്മ, സാംസ്‌കാരിക അധഃപതനം, ജനാധിപത്യ ശോഷണം, അസ്തിത്വനഷ്ടം, പ്രകൃതിവിഭവങ്ങളുടെ അമിതോപയോഗം, പരിസ്ഥിതി നാശം എന്നിവ ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. എങ്കിലും, മുതലാളിത്തത്തിന് പുരോഗതിയുടെ ചലനാത്മകതയുണ്ട്. കമ്മ്യൂണിസ്റ്റ് സിദ്ധാന്തത്തിന് അതിന്റെ യാത്രയില്‍ പുരോഗതിയുടെ ചലനാത്മകതയില്ലെന്ന് മാത്രമല്ല, കമ്മ്യൂണിസം സമൂഹത്തെ അരാജകത്വത്തിലേക്ക് കൊണ്ടെത്തിക്കുന്നതായാണ് ചരിത്രം ഇതുവരെ തെളിയിച്ചിട്ടുള്ളത്.
മുതലാളിത്ത വ്യവസ്ഥയിലാകട്ടെ നിലവിലെ വ്യവസ്ഥക്കുള്ളില്‍ നിന്നുകൊണ്ട് സമൂഹത്തെ മൊത്തം ഉള്‍ക്കൊണ്ടുകൊണ്ട് അത് മുന്നോട്ടു പോകുമ്പോള്‍, വര്‍ഗ്ഗവിപ്ലവത്തിലൂടെ അധികാരവര്‍ഗ്ഗത്തെ ഉന്മൂലനം ചെയ്ത് അധികാരം പിടിച്ചെടുക്കാനാണ് കമ്മ്യൂണിസം നിഷ്‌ക്കര്‍ഷിക്കുന്നത്. മുതലാളിത്തം നിലവിലെ വ്യവസ്ഥക്കുള്ളില്‍ നിന്നുകൊണ്ട് പോരാട്ടങ്ങള്‍ നിര്‍വ്വഹിക്കുമ്പോള്‍, കമ്മ്യൂണിസം വര്‍ഗ്ഗപോരാട്ടങ്ങളിലൂടെ അത് നിര്‍വ്വഹിക്കാന്‍ ശ്രമിക്കുന്നു. നിലനില്‍ക്കുന്ന നിയമങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ട് മുതലാളിത്ത ഭരണം, അവകാശങ്ങള്‍ക്കായി ശബ്ദമുയര്‍ത്താന്‍ അവകാശം നല്‍കുമ്പോള്‍, കമ്മ്യൂണിസ്റ്റ് ഭരണം അവര്‍ മുന്നോട്ടു വയ്ക്കുന്ന നിയമങ്ങളും അവകാശങ്ങളും മാത്രം ശിരസ്സാവഹിച്ച് മുന്നോട്ടു പോകാന്‍ വിധിക്കപ്പെട്ടവരായി പൗരസമൂഹത്തെ മാറ്റുകയും, അവകാശ സമരങ്ങളെ നിഷേധിക്കുകയും ചെയ്യുന്നു. ഇതിനെ ചോദ്യം ചെയ്യുന്നവര്‍, വര്‍ഗ്ഗശത്രുക്കളും ഉന്മൂലനം ചെയ്യപ്പെടേണ്ടവരുമാണെന്ന നിഗമനത്തില്‍ കമ്മ്യൂണിസ്റ്റ് നേതൃത്വവും ഭരണാധികാരികളും എത്തിച്ചേരുന്നു. ഈ രണ്ടു നിലപാടുകളില്‍ മുതലാളിത്തത്തെ പ്രകൃതി അംഗീകരിക്കുകയും കമ്മ്യൂണിസത്തെ നിരാകരിക്കുകയും ചെയ്യുന്നു. ചുരുക്കത്തില്‍, മാര്‍ക്‌സിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ ഭൗതികനിര്‍ണ്ണായകാവകാശം പ്രകൃതിനിയമത്തെ അട്ടിമറിക്കുക മാത്രമല്ല ചെയ്യുന്നത്; ഉല്‍പ്പാദനക്ഷമതയും അതിന്റെ അവകാശങ്ങളുമായി ബന്ധപ്പെട്ട് മുതലാളിത്തം പ്രദാനം ചെയ്യുന്നതിനെക്കാള്‍ കൊടിയദോഷങ്ങള്‍ പ്രദാനം ചെയ്യുകയും ചെയ്യുന്നു. അങ്ങനെ സാമൂഹിക വളര്‍ച്ചയില്‍ വിപരീതഫലമാണ് കമ്മ്യൂണിസം ഇതുവരെ സംഭാവന ചെയ്തിട്ടുള്ളത്.
മാര്‍ക്‌സും എംഗല്‍സും വിഭാവനം ചെയ്ത കമ്മ്യൂണിസ്റ്റ് സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തില്‍ വിപ്ലവത്തിലൂടെ റഷ്യയില്‍ അധികാരത്തില്‍ എത്തിയ ലെനിന്‍ അത് നടപ്പിലാക്കാന്‍ അഹോരാത്രം പണിപ്പെട്ടിട്ടും നിരാശയായിരുന്നു ഫലം. ഈ ഭാവനാ സിദ്ധാന്തം മറ്റുള്ള രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുവാന്‍ ലെനിന്‍ ശ്രമിച്ചു. ഇതിന്റെ ഫലമായാണ് സര്‍വ്വരാജ്യത്തൊഴിലാളികളെ സംഘടിക്കുവിന്‍ എന്ന മുദ്രാവാക്യം ലോകമാകെ വ്യാപിക്കാന്‍ തുടങ്ങിയത്. ലെനിനുശേഷം ഈ സിദ്ധാന്തം നടപ്പിലാക്കാനായി സ്റ്റാലിന്‍ മര്‍ക്കടമുഷ്ടി പ്രയോഗിച്ചു. എതിര്‍ശബ്ദങ്ങളെ ഉന്മൂലനം ചെയ്തുകൊണ്ട് മാര്‍ക്‌സിസം നടപ്പിലാക്കാനാണ് അദ്ദേഹം ശ്രമിച്ചത്. സ്റ്റാലിന്റെ ഈ ഉന്മൂലന സിദ്ധാന്തത്തിന് ലക്ഷങ്ങളാണ് ഇരയായത്. എന്നിട്ടും, വൈരുദ്ധ്യങ്ങളാല്‍ സ്റ്റാലിന്‍ ആടിയുലയുകയായിരുന്നു. ചുരുക്കിപ്പറഞ്ഞാല്‍, കാല്പനികമായി നെയ്‌തെടുത്തൊരു കഥ മാര്‍ക്‌സ് അവതരിപ്പിക്കുകയായിരുന്നു. അതിനെ അങ്ങനെതന്നെ കാണുന്നതിനു പകരം പ്രയോഗവല്‍ക്കരിക്കാന്‍ ശ്രമിച്ചതിനാലാണ് തിരിച്ചടികള്‍ നേരിട്ടത്. ഇതു മാത്രമല്ല, ബഹുഭൂരിപക്ഷം മനുഷ്യരും ആദ്ധ്യാത്മികതയ്ക്ക് പ്രാധാന്യം നല്‍കുന്നതിനാല്‍ വൈരുദ്ധ്യാത്മക ഭൗതികവാദത്തിലധിഷ്ഠിതമായ മാര്‍ക്‌സിസം ആശയപരമായും എതിര്‍ക്കപ്പെട്ടു. റഷ്യയെ തുടര്‍ന്ന്് ഈ ഉട്ടോപ്യന്‍ സിദ്ധാന്തം ചൈനയും ഏറ്റെടുത്ത് വിപ്ലവം നടത്തി കഠിനാദ്ധ്വാനത്തിലൂടെ മുന്നോട്ടു പോകാന്‍ കിണഞ്ഞു ശ്രമിച്ചുവെങ്കിലും ആ രാജ്യം അതിവേഗം പിന്നോട്ടടിക്കുന്നതായി ചൈനീസ് ഭരണകൂടം മനസ്സിലാക്കി, അങ്ങനെ അവര്‍ മാര്‍ക്‌സിസ്റ്റ്-ലെനിസ്റ്റ് പാത തീര്‍ത്തും ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ന്ന്, ഈ ഭാവനാ സിദ്ധാന്തം ഉപയോഗിച്ച് മുന്നോട്ടു പോകാന്‍ പരിശ്രമിച്ചിരുന്ന രാജ്യങ്ങളെല്ലാം തന്നെ അത് ഉപേക്ഷിച്ച് മുതലാളിത്ത വികസന പാത സ്വീകരിക്കുകയായിരുന്നു.
ഈ കാല്പനിക പ്രത്യയശാസ്ത്രം നടപ്പിലാക്കാനായി കോടിക്കണക്കിനു ജനങ്ങളെ ബലികൊടുത്തിട്ടും, റഷ്യയുടെയും ചൈനയുടെയും ജി.ഡി.പിയുടെ വളര്‍ച്ചയില്‍ പുരോഗതിയുണ്ടാക്കാനാകാതെ ഇവര്‍ പകച്ചുനിന്നു. മാര്‍ക്‌സിസത്തെ കൃത്യമായി പിന്‍തുടര്‍ന്ന എല്ലാ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളും ദാരിദ്ര്യത്തിലേക്കും പലതരം കുഴപ്പങ്ങളിലേക്കും ചെന്നു ചാടുകയായിരുന്നു. ഇവിടങ്ങളില്‍ ഉല്പാദനം പുറകോട്ടടിച്ചു. തന്മൂലം വരുമാനം കുറഞ്ഞു. തൊഴിലില്ലായ്മ രൂക്ഷമായി. എല്ലാവര്‍ക്കും ഭക്ഷണം, പാര്‍പ്പിടം, ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍ എന്ന കാഴ്ചപ്പാട് നിര്‍വ്വഹിക്കാന്‍ കഴിയാതെ വന്നു. മുതലാളിത്ത സംവിധാനങ്ങളെയും പ്രത്യയശാസ്ത്രങ്ങളെയും വിമര്‍ശിച്ചുകൊണ്ട്, ശാസ്ത്ര-സാങ്കേതിക വിദ്യകളിലൂടെ പുരോഗമിക്കാമെന്ന മാര്‍ക്‌സിയന്‍ കാഴ്ചപ്പാട് പരാജയപ്പെടുകയും, മുതലാളിത്തത്തിന്റെ എല്ലാ ദോഷവശങ്ങളെയും സ്വാംശീകരിച്ചു കൊണ്ടുള്ള ഭരണക്രമം മാര്‍ക്‌സിസ്റ്റ് സിദ്ധാന്തത്തിലൂന്നിയ വിപ്ലവത്തിലൂടെ ഭരണത്തിലെത്തിയ എല്ലാ രാജ്യങ്ങളും സ്വീകരിക്കാന്‍ നിര്‍ബന്ധിതരാകുകയും ചെയ്തിരിക്കുന്നു.
മൂലധനം, അദ്ധ്വാനത്തെ ചൂഷണം ചെയ്യുന്നതില്‍ നിന്നുമുണ്ടാകുന്ന മിച്ചമൂല്യം വീണ്ടും മുടക്കി, കൂടുതല്‍ തൊഴിലും പുരോഗതിയും സൃഷ്ടിച്ചുകൊണ്ടിരിക്കുന്നതിനെതിരെ, വര്‍ഗ്ഗസമര വിപ്ലവത്തിലൂടെ വര്‍ഗ്ഗശത്രുക്കളെ ഉന്മൂലനം ചെയ്തു ഭരണം പിടിക്കുകയാണ് വേണ്ടതെന്നാണ് മാര്‍ക്‌സിസം പറയുന്നത്. ഈ സിദ്ധാന്തം അനുസരിച്ച് ഭരണം പിടിച്ചെടുത്ത ഭരണകൂടങ്ങള്‍ ഫാസിസത്തില്‍ എത്തിച്ചേരുകയും വളരെയേറെ ശക്തിയോടെ മുതലാളിത്തപാത സ്വീകരിക്കുകയും ചെയ്യുന്ന കാഴ്ചയാണ് ലോകം കണ്ടുകൊണ്ടിരിക്കുന്നത്. ഇപ്പോള്‍, ലോകത്ത് ഒരിടത്തും മാര്‍ക്‌സ് വീക്ഷിച്ചതും മാര്‍ക്‌സിസ്റ്റ് സിദ്ധാന്തം വിശദീകരിക്കുന്നതുമായ ഒരു വിപ്ലവത്തിന്റെ ലാഞ്ഛനപോലും കാണാനില്ല.
ഇവരുടെ വിപ്ലവമെന്ന ആത്യന്തികലക്ഷ്യത്തില്‍ എത്തിച്ചേരാന്‍ വേണ്ടി ഇവര്‍ എടുക്കുന്ന അടവുനയങ്ങള്‍ അപഹാസ്യനയങ്ങളായി പരിണമിക്കുന്ന കാഴ്ചയാണ് കാണാനാവുന്നത്. ഇത്തരമൊരു അവസരത്തിലും പരാജയം സമ്മതിക്കാതെ മാര്‍ക്‌സിസം ശരിയായി നടപ്പിലാക്കുന്നതില്‍ വന്ന വീഴ്ചയാണ് കമ്മ്യൂണിസത്തിന്റെ പരാജയ കാരണമെന്ന് പറഞ്ഞു നടക്കുന്നവരെ കാണാം. പ്രകൃതിവിരുദ്ധവും നടപ്പിലാക്കാന്‍ കഴിയാത്തതുമായ തെറ്റായൊരു സിദ്ധാന്തത്തെ എങ്ങനെയാണ് പ്രായോഗികമാക്കാന്‍ കഴിയുക? നടപ്പിലാക്കാന്‍ കഴിയാത്തയൊന്ന് നടപ്പിലാക്കാന്‍ ശ്രമിച്ചാല്‍, അത് ദോഷഫലമേ പ്രദാനം ചെയ്യൂ. സാമ്രാജ്യത്വത്തിന്റെ ഇടപെടലാണ് കമ്മ്യൂണിസത്തിന്റെ പരാജയ കാരണമെന്ന് ഇവര്‍ പറഞ്ഞു നടക്കുന്നുണ്ട്. അവരുടെ ഇടപെടലിനു വഴങ്ങിക്കൊടുക്കേണ്ടി വന്നുവെന്ന് പറയുന്നതുതന്നെ, അതിന്റെ പരാജയത്തെ വെളിപ്പെടുത്തുന്നു.
മുതലാളിത്ത പാതയിലൂടെയുള്ള വളര്‍ച്ചയില്‍, താഴെതട്ടിലേക്കും സാമ്പത്തിക വിതരണം, സോഷ്യലിസ്റ്റ് കാഴ്ചപ്പാടുകള്‍, സാമൂഹിക നീതി എന്നിവ അന്തര്‍ലീനമായിരിക്കുന്നതിനാല്‍, അതിന്റെ പ്രയാണത്തിനു തടസ്സമുണ്ടാകാതെ അത് അനവരതം മുന്നോട്ടു പൊയ്‌ക്കൊണ്ടിരിക്കുന്നു. ഈ സത്യം മറച്ചുവച്ചുകൊണ്ട് യാഥാര്‍ത്ഥ്യബോധമില്ലാത്ത കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ നിരക്ഷരരെയും ചിന്താശൂന്യരെയും പറ്റിക്കുന്നതിനും ആവേശം കൊള്ളിക്കുന്നതിനുമുള്ളൊരു ആയുധമായി ഇന്ന് അവശേഷിക്കുന്ന കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികന്മാര്‍ പ്രയോഗിച്ചു വരുന്നുണ്ട്. ‘നഷ്ടപ്പെടാന്‍ വിലങ്ങുകള്‍ മാത്രം, കിട്ടാനുള്ളതു പുതിയൊരു ലോകം’ മുതലായ നിരര്‍ത്ഥകങ്ങളായ മുദ്രാവാക്യങ്ങളില്‍, ഇവരെ മയക്കി ഇനിയും കുറച്ചുകൂടി മുന്നോട്ടു പോകാനാകുമോയെന്ന ശ്രമവും ഇവര്‍ നടത്തിവരുന്നുണ്ട്. എല്ലാതലത്തിലുമുള്ള ഉല്പാദന വസ്തുക്കളുടെയും ഉപഭോഗ വസ്തുക്കളുടെയും തുല്യവിതരണമാണ് വേണ്ടതെന്നും സ്വകാര്യസ്വത്തിന്റെ അടിസ്ഥാനത്തിലുള്ള വികാസം അനീതിയാണെന്നും, മനുഷ്യര്‍ തമ്മില്‍ എല്ലാതലത്തിലും തുല്യതയാണ് വേണ്ടെതെന്നുമൊക്കെയുള്ള, അതിമധുരമായ വാക്യങ്ങള്‍ മുഴക്കി ജനങ്ങളെ മാനസികമായി ഇളക്കി ഒരുതരം സംഭ്രാന്തിയിലേക്ക് നയിച്ച് പറ്റിക്കുന്നതിനുള്ള ഒരു സ്യൂഡോ സയന്‍സാണ് (കപടശാസ്ത്രം) കമ്മ്യൂണിസം. ഈ കപടശാസ്ത്ര സിദ്ധാന്തത്തിന്റെ കെണിയില്‍ ജനത്തെ മയക്കി അതിനെ ഉയര്‍ത്തിക്കാട്ടിക്കൊണ്ടു മാത്രം മുന്നോട്ടു പോകാന്‍ കുറച്ചുകാലം മാത്രമേ കഴിയൂ. ഇത് ഉയര്‍ത്തിക്കാട്ടി മുന്നോട്ടുപോയ ഭരണകൂടങ്ങളുടേയെല്ലാം സാമ്പത്തിക ഘടന തകര്‍ന്നിട്ടുണ്ട്. അതോടെ ഇതൊരു ആഗോള പിന്തിരിപ്പന്‍ ശാസ്ത്രമെന്ന് മുദ്രകുത്തപ്പെടുകയും ചെയ്തിരിക്കുന്നു. റഷ്യയും ചൈനയുമടക്കമുള്ള കമ്മ്യൂണിസ്റ്റ് രാജ്യങ്ങള്‍ കമ്മ്യൂണിസം ഉപേക്ഷിച്ച പ്പോള്‍ അവര്‍ ഉല്പാദനത്തിലേക്കും ഉപഭോഗത്തിലേക്കും മുന്നേറി. ഇതിന്റെ പ്രയോജനം ലോകത്തിലെ എല്ലാ രാജ്യങ്ങള്‍ക്കും പ്രയോജനപ്രദമായി തീര്‍ന്നുകൊണ്ടിരിക്കുന്നു. റഷ്യയും ചൈനയും ഇത് നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത് പാശ്ചാത്യരാജ്യങ്ങളെ അനുകരിച്ചുകൊണ്ടാണ്.
ദ്രുതഗതിയില്‍ ലാഭേച്ഛയോടെ ആധുനികശാസ്ത്രവും സാങ്കേതികവിദ്യയും മുതലാളിത്തത്തെ നമ്മുടെ മുന്നിലെത്തിക്കുന്നത് ഒരു വികസിത ഉല്‍പ്പന്നമെന്ന നിലയിലാണ്. ഇതിനു മുന്നില്‍ കമ്മ്യൂണിസ്റ്റ് രാജ്യങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിക്കുകയും പകച്ചു നില്‍ക്കുകയും ചെയ്തുവെങ്കിലും പിന്നീട് ഇവയെ സ്വയം സ്വാംശീകരിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയും ഇപ്പോള്‍, അത് പൂര്‍ണ്ണമായി ഉള്‍ക്കൊള്ളുകയും ചെയ്തിരിക്കുകയാണ്. അങ്ങനെ ചെയ്യുമ്പോഴും തരം കിട്ടുമ്പോഴെല്ലാം മുതലാളിത്തത്തിന്റെ ആധുനികവല്‍ക്കരണത്തെയും സാങ്കേതികവിദ്യയെയും തള്ളിപ്പറയാന്‍ ഒരു മടിയും കാണിക്കാറില്ല.
മാര്‍ക്‌സിസത്തെ പ്രകൃതി അംഗീകരിക്കാത്തതുപോലെ തന്നെ മുതലാളിത്തത്തിന്റെ സൃഷ്ടിപരമായ കഴിവിനെയും ഒരുപരിധിവരെയേ പ്രകൃതി അംഗീകരിക്കുന്നുള്ളൂ. അതിന്റെ ഉത്പാദനത്തിന്റെ അളവിലും ലാഭത്തിന്റെ അളവിലും ക്രമം തെറ്റിയാല്‍ പ്രകൃതി സഹിക്കാറില്ല. പ്രകൃതിയെ അമിതമായി ചൂഷണം ചെയ്താലും പ്രകൃതി തിരിച്ചടിക്കും. അക്കാര്യത്തില്‍ മുതലാളിത്തമെന്നും കമ്മ്യൂണിസമെന്നും വകഭേദമില്ല. മനുഷ്യര്‍ പരിസ്ഥിതിയില്‍ ഏല്പിക്കുന്ന ഏത് അമിതാവേശവും പ്രകൃതി അംഗീകരിക്കുന്നില്ല. ഇതില്‍ പക്ഷഭേദമില്ലാതെ എല്ലാതരം ക്രമം തെറ്റലിനെതിരെയും പ്രകൃതി ക്ഷോഭിക്കാറുണ്ട്. പ്രകൃതിയുടെ ഈ നൈസര്‍ഗിക പ്രക്രിയക്ക് വിഘ്‌നം സൃഷ്ടിച്ച് തുല്യത സൃഷ്ടിക്കാന്‍ ശ്രമിച്ചതാണ് മാര്‍ക്‌സിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ പരാജയകാരണം. അതുകൊണ്ടു തന്നെയാണ് അതിലൂടെ ഭരണത്തില്‍ എത്തിയ ഭരണകൂടങ്ങളും പരാജയത്തില്‍ കലാശിച്ചത്. മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികതയില്‍ ഊന്നിനിന്നുകൊണ്ട,് സാങ്കേതിക നേട്ടങ്ങള്‍ കൈവരിച്ച്, മനുഷ്യനു മുന്നോട്ടുള്ള പുരോഗതി കൈവരിക്കാനാവില്ല.
മറുവശത്ത് വൈരുദ്ധ്യങ്ങളാല്‍ മുതലാളിത്തം നശിക്കുമെന്നുള്ള മാര്‍ക്‌സിയന്‍ സൈദ്ധാന്തികതയുടെ പ്രതീക്ഷയെ തകര്‍ത്തുകൊണ്ട്, മൂലധന സമാഹരണത്തിനുള്ള പുതിയ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തി ക്രിയാത്മകമായി മുന്നേറുകയും മുതലാളിത്തത്തിനു പരിവര്‍ത്തന-വികാസം സംഭവിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഇത്തരമൊരു പരിവര്‍ത്തന-വികസന സിദ്ധാന്തം മാര്‍ക്‌സിയന്‍ രീതിയില്‍ പ്രായോഗികമാക്കുന്നതില്‍ ലോകമാകമാനമുള്ള മാര്‍ക്‌സിസ്റ്റ് ചിന്തകന്മാര്‍ തീര്‍ത്തും പരാജയപ്പെട്ടു. ഇതിനെ തുടര്‍ന്ന് അക്കാദമിക് മാര്‍ക്‌സിസമായി ഇത് അധഃപതിച്ചിരിക്കുകയാണുണ്ടായത്. മാര്‍ക്‌സിസ്റ്റ് പ്രത്യയശാസ്ത്രത്തിലെ മൂലധനം, സമത്വം, ശാസ്ത്രം, പ്രകൃതി വികാസം ഇത്യാദി വിഷയങ്ങളില്‍ ഈ പ്രത്യയശാസ്ത്രം ലോകശ്രദ്ധ ആകര്‍ഷിക്കുകയും അതില്‍ ഊന്നി പഠനകേന്ദ്രങ്ങളും പണ്ഡിതന്മാരും ഉണ്ടാകുകയും ചെയ്തുവെങ്കിലും കാലക്രമേണ ഇതിലൂന്നിയ വീക്ഷണം പ്രകൃതിവിരുദ്ധമാണെന്ന് ബോധ്യമായി. ഇതില്‍ ആകൃഷ്ടരായി നിരവധി പേര്‍ നശിച്ചു നാമാവശേഷമായിട്ടുണ്ട്. ഇപ്പോള്‍ അവശേഷിക്കുന്ന മാര്‍ക്‌സിയന്‍ ബുദ്ധിജീവികള്‍, ദിശാബോധം നഷ്ടപ്പെട്ട്, പിച്ചും പേയും പറഞ്ഞു നടക്കുകയാണ്. ഈ അക്കാദമിക് ചിന്തകന്‍മാര്‍ക്ക് പ്രസംഗചാതുര്യം മാത്രമേയുള്ളൂ. പ്രായോഗികതലം വളരെ വിരളമാണ്. ഈ മാര്‍ക്‌സിസ്റ്റ് ബുദ്ധിജീവികള്‍ ഈ സിദ്ധാന്തത്തിന്റെ പരാജയകാരണത്തിന് ഉപോദ്ബലകമായി, ചില വ്യാജകാരണങ്ങള്‍ നിരത്തി ഒളിച്ചോടുന്ന ദയനീയ കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. ഇവരുടെ മാര്‍ക്‌സിസ്റ്റ് ചിന്തയിലൂന്നിയ ഇത്തരം അബദ്ധ പ്രസംഗങ്ങള്‍ താഴെത്തട്ടിലെ സഖാക്കള്‍ കേട്ട് അത് മുഴുവന്‍ പൂര്‍ണ്ണമായി സത്യമെന്ന് വിശ്വസിച്ച്, അവര്‍ അത് സമൂഹത്തില്‍ വിതറി, സമൂഹത്തില്‍ അബദ്ധധാരണകള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. ഇവരുടെ സ്ഥിതി സമത്വം പോലെയുള്ള പ്രസംഗങ്ങള്‍ കേട്ട് വിദ്യാഭ്യാസ നിലവാരം കുറഞ്ഞവരും അന്ധമായി ഇതിനു പിന്നില്‍ നില്‍ക്കുന്നവരും ഇതില്‍ കുടുങ്ങിപ്പോകുന്നു. ഇവര്‍ പറയുന്നതൊന്നും പ്രകൃതി അനുവദിക്കുന്നില്ലെന്ന യാഥാര്‍ത്ഥ്യം അങ്ങനെ മറയ്ക്കപ്പെടുന്നു.
മാര്‍ക്‌സിസം അമ്പേ പരാജയപ്പെട്ടതില്‍ നിന്നും വികസിപ്പിച്ചെടുത്ത വലതുപക്ഷ പ്രത്യയശാസ്ത്രമാണ് നവലിബറലിസം. പ്രത്യേകിച്ചും, റഷ്യയും ചൈനയും പരാജയപ്പെട്ടിടത്തു നിന്നും അവര്‍കൂടി മുന്‍കൈയെടുത്ത് വികസിപ്പിച്ചെടുത്ത ഒരു പുതിയ വലതുപക്ഷ സങ്കല്പമാണ് ‘നവലിബറലിസ’മെന്ന് വിലയിരുത്താം. ഈ പുത്തന്‍ രാഷ്ട്രീയ രീതിയെ ചൈനയും റഷ്യയും അംഗീകരിക്കുക മാത്രമല്ല ചെയ്തത്, നവലിബറലിസത്തെ വികസിപ്പിച്ചു മുന്നോട്ടു കൊണ്ടുപോയിക്കൊണ്ടിരിക്കുന്നതിനുള്ള ഇവരുടെ പങ്ക് നിസ്തുലവുമാണ്. നവലിബറലിസത്തിന്റെ കാതലായ സ്വതന്ത്ര കമ്പോളത്തിനുവേണ്ടി ആരെക്കാളും ശക്തമായി മുന്നില്‍ നില്‍ക്കുന്നത് ചൈനയാണ്. ഇന്ന് കമ്മ്യൂണിസമല്ല ലോകത്തെ ഒന്നാകെ കണ്ട് പ്രവര്‍ത്തിക്കുന്നത്. മുതലാളിത്തത്തിന്റെ പുത്തന്‍ പതിപ്പായ നവലിബറലിസമാണ്. ഈ ആഗോളവല്‍ക്കരണ സിദ്ധാന്തത്തില്‍, ഉല്പാദനവും അതിന്റെ വിപണനവും ഒരു ലോകവ്യവസ്ഥിതിയുടെ അടിസ്ഥാനത്തില്‍ രൂപപ്പെട്ടിട്ടുണ്ട്.
മുന്‍കാലത്തെക്കാള്‍ പില്‍ക്കാലത്ത് കൈവരിക്കപ്പെട്ട പുരോഗതിയെയാണ് നവലിബറലിസം (മുതലാളിത്തം) അര്‍ത്ഥമാക്കിക്കൊണ്ടിരിക്കുന്നത്. ഈ ആഗോളീകരണ കാലഘട്ടത്തില്‍ ഉല്പാദനവും അവയുടെ ക്രയവിക്രയങ്ങളുടെ വളര്‍ച്ചയുടെ അടിസ്ഥാനത്തിലുണ്ടാകുന്ന സാമ്പത്തിക പുരോഗതിയെയും മുന്‍നിര്‍ത്തിയാണ് ലോകം ഉടലെടുത്തിരിക്കുന്നത്. ഇതിന്റെ വളര്‍ച്ച ജി.ഡി.പി, ജി.എന്‍.പി, പ്രതിശീര്‍ഷവരുമാനം എന്നിവയിലൂടെ വിലയിരുത്തപ്പെടുന്നു. വര്‍ത്തമാനകാലത്തിന്റെ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ പാരിസ്ഥിതിക തലങ്ങളിലെ ആധുനികവല്‍ക്കരണവുമായി കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന് യാതൊരു ബന്ധവുമില്ല. അത് മനസ്സിലാക്കിയതിനാലാണ് കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍ വികസനവുമായി ബന്ധപ്പെടുത്തി നവലിബറലിസ രീതി നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. മുതലാളിത്തത്തിന്റെ പുതുക്കിയ പ്രത്യയശാസ്ത്രമായ നവലിബറലിസം മാര്‍ക്‌സിസ്റ്റ് പ്രത്യയശാസ്ത്രബോധത്തെ കുഴിച്ചുമൂടി, പുത്തന്‍ സാമൂഹിക-രാഷ്ട്രീയ-സാംസ്‌കാരിക ബോധം ക്രിയാത്മമായി സൃഷ്ടിച്ചെടുത്തുകൊണ്ടിരിക്കുന്നു. ഉല്പാദന ഉപകരണങ്ങളുടെ ഉടമസ്ഥാവകാശം വ്യക്തികളിലധിഷ്ഠിതമായിരിക്കരുതെന്ന, മാര്‍ക്‌സിന്റെ അടിസ്ഥാന സിദ്ധാന്തം തന്നെ പരമ അബദ്ധമാണെന്ന് നവലിബറലിസം തെളിയിച്ചു കഴിഞ്ഞിരിക്കുന്നു.
നവലിബറലിസത്തില്‍ സാമൂഹികവും സാംസ്‌കാരികവും പാരിസ്ഥിതികവുമായ വശങ്ങളില്‍ ന്യൂനതകളുണ്ടെങ്കിലും ഇതിലെ ക്ഷേമരാഷ്ട്ര സിദ്ധാന്തം പൊതുവെ അംഗീകരിക്കപ്പെട്ടിരിക്കുന്നു. നവലിബറലിസത്തില്‍ സ്ഥിതി സമത്വമില്ലെങ്കിലും ദാരിദ്ര്യം അനുഭവിക്കുന്നവര്‍ക്കായുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍ ധാരാളം ഉറപ്പു വരുത്തുന്നുണ്ട്. ഈയൊരു സിദ്ധാന്തം പ്രകൃതി അംഗീകരിക്കുന്ന വിധത്തിലാണ് ലോകം മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്. അതിനാല്‍ എല്ലാ രാജ്യങ്ങളും നവലിബറലിസ പ്രത്യയശാസ്ത്രത്തിലെ ക്ഷേമരാഷ്ട്ര ആശയം അംഗീകരിച്ച് നടപ്പിലാക്കി വരുന്നു. നവലിബറലിസത്തില്‍ ധനവും അതിന്റെ വിതരണവും താഴെ തട്ടിലും എത്തിക്കുന്നു. എങ്കില്‍ മാത്രമേ അവരുടെ ഉല്പന്നങ്ങള്‍ വിറ്റഴിക്കപ്പെടുകയുള്ളൂ.
മുതലാളിത്ത നിയമങ്ങളെ ആക്രമിച്ച് ഉന്മൂലനം ചെയ്യുന്നതിലായിരുന്നു മാര്‍ക്‌സ് ഊന്നല്‍ നല്‍കിയിരുന്നത്. അദ്ദേഹം പകരംവെച്ച സോഷ്യലിസ്റ്റ് മാതൃകയിലെ നിയമങ്ങള്‍ അപ്രായോഗികവും പ്രകൃതി നിരാകരിക്കുന്നവയും സാമൂഹിക പുരോഗതിയ്ക്ക് തടസ്സം സൃഷ്ടിക്കുന്നതുമായിരുന്നു. ഇത് പരീക്ഷിച്ച രാജ്യങ്ങളുടെ പുരോഗതി മന്ദഗതിയിലായിരുന്നു. മൂലധനവും മിച്ചമൂല്യവും സ്വകാര്യസ്വത്തുമില്ലാത്ത ഒരു സാമൂഹ്യവ്യസ്ഥ സമൂഹത്തെ പുറകോട്ട് നയിക്കുന്നവയാണെന്ന് വ്യക്തമായി കഴിഞ്ഞു. യാഥാര്‍ത്ഥ്യബോധത്തിലധിഷ്ഠിതവും ശാസ്ത്രീയവും സുവ്യക്തവുമായൊരു കാഴ്ചപ്പാടായിരുന്നില്ല കമ്മ്യൂണിസം ലോകത്തിനു നല്‍കിയത്. മാര്‍ക്‌സിസം സാമൂഹികമാറ്റം വീക്ഷിക്കുന്നുവെങ്കിലും അതനുസരിച്ചുള്ള പ്രായോഗിക സമീപനം വികസിപ്പിച്ചെടുക്കുന്നതില്‍ പരാജയപ്പെട്ടു. സ്ഥിതി സമത്വം ഒരു സ്വപ്‌നം മാത്രമായി അവശേഷിച്ചു.
അതുകൊണ്ടാണ് മാര്‍ക്‌സിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ നിലവില്‍ വന്ന എല്ലാ രാജ്യങ്ങളും അതിനെ കൈയൊഴിഞ്ഞിരിക്കുന്നത്. ഇപ്പോള്‍ അക്കാദമിക് മാര്‍ക്‌സിസമായി അധഃപതിച്ച, ഈ പ്രത്യയശാസ്ത്രത്തിന്റെ മുന്‍പന്തിയില്‍ ഉണ്ടായിരുന്ന ബഹുഭൂരിപക്ഷം അക്കാദമിഷ്യന്മാരും അതില്‍ നിന്നും പിന്‍വാങ്ങിക്കഴിഞ്ഞു. നവലിബറലിസമെന്ന മുതലാളിത്തത്തിന്റെ പുത്തന്‍ മാനിഫെസ്റ്റോ ഉടലെടുത്തിരിക്കുന്ന ഈ കാലഘട്ടത്തിലും മാര്‍ക്‌സിസം ഉയര്‍ത്തിപിടിച്ച,് ഇതാണ് സാമൂഹ്യമാറ്റത്തിന് ഉതകുന്നതെന്ന് ഉദ്‌ഘോഷിക്കുന്നവര്‍ അങ്ങിങ്ങ് ഇപ്പോഴും അവശേഷിക്കുന്നുണ്ട്. അവശേഷിക്കുന്ന മാര്‍ക്‌സിസ്റ്റ് വിശാരദന്മാര്‍ മുതലാളിത്ത സോഷ്യലിസത്തിന്റെ (നവലിബറലിസം) നൈരന്തരിക സാമൂഹിക ഇടപെടലുകളിലൂടെ ഉണ്ടായ മാറ്റങ്ങള്‍ വിശകലനം ചെയ്തു പഠിക്കാതെ, ഇത് പുത്തന്‍ കൊളോണിയല്‍ കൊള്ളയെന്നൊക്കെ പറഞ്ഞു നടക്കുന്ന ഇന്നത്തെ അവസ്ഥയില്‍, മാര്‍ക്‌സിന്റെ വിശകലനം ഏതാണ്ട് ചരിത്രമായിക്കഴിഞ്ഞിരിക്കുന്നു. മുതലാളിത്തപാതയിലൂടെയുള്ള വളര്‍ച്ചയില്‍, പ്രായോഗികമായ സോഷ്യലിസ്റ്റ് കാഴ്ചപ്പാടുകള്‍ പ്രയോഗിക്കുന്നതിനാല്‍, അത് അനവരതം മുന്നോട്ടു പൊയ്‌ക്കൊണ്ടിരിക്കുന്നു.