നമ്മുടെ നാട് ചരിത്രത്തില്‍ പല പേരുകളില്‍ അറിയപ്പെട്ടിട്ടുണ്ട്. അതില്‍ പകരം വെക്കാന്‍ മറ്റൊന്നില്ലാത്ത പേരാണ് ഭാരതം. ഭാരതം എന്നത് പേരിനപ്പുറം ഒരു അജയ്യ ചൈതന്യമാണ്.
‘ഭാതിസര്‍വ്വേഷു വേദേഷു
രതിസ്സര്‍വ്വേഷു ജന്തുഷു
തരണം സര്‍വ്വതീര്‍ത്ഥാനാം
തേന ഭാരതമുച്യതേ’
ഭാരതം എന്ന പദം ഭ, ര, ത എന്നീ മൂന്നു വര്‍ണ്ണങ്ങള്‍ ചേര്‍ന്നുണ്ടായിട്ടുള്ളതാണെന്ന് ഭാഷാശാസ്ത്രം പറയുന്നു. ഓരോ വര്‍ണ്ണത്തിനും ഓരോ അര്‍ത്ഥമുണ്ട്. ഭ = എല്ലാ വേദങ്ങളിലും (അറിവ്) ശോഭിക്കുന്നത്. അറിവില്‍ ശോഭിക്കുന്നത്. അല്ലെങ്കില്‍ അറിവിനാല്‍ ശോഭിക്കുന്നത് എന്നും പറയാം. ര = എല്ലാ ജീവികളിലും താല്‍പര്യം ഉള്ളത്. ഈ പ്രകൃതിയെ മുഴുവന്‍ സ്‌നേഹിക്കുന്ന, പരിപാലിക്കുന്ന വീക്ഷണം. ഇതാണ് ധര്‍മ്മ സങ്കല്പത്തിന്റെ ആധാരം. ത = എല്ലാ തീര്‍ത്ഥങ്ങളേയും തരിപ്പിക്കുന്നത്. തീര്‍ത്ഥം എന്നതിന് ജലം എന്നും ശാസ്ത്രമെന്നും അര്‍ത്ഥമുണ്ട്. ഭൂമിശാസ്ത്രപരമായി എടുത്താല്‍ എല്ലാ സ്ഥലങ്ങളും – ഓേരാ തരിയിലും എന്ന് വിവക്ഷ. ശാസ്ത്രമെന്ന് എടുത്താല്‍ – എല്ലാ വിഷയങ്ങളിലും അഥവാ ശാസ്ത്രങ്ങളിലും വിവരിക്കപ്പെടുന്നത് എന്നോ, പ്രകടമാകുന്നത് എന്നോ അര്‍ത്ഥം കല്‍പ്പിക്കാം. മറ്റെല്ലാ പേരുകളും ഭൂമിശാസ്ത്ര വാചികളാണെങ്കില്‍ ഇത് കര്‍മ്മയോഗം കൊണ്ട് നേടിയതാണ്. ജ്ഞാനസമ്പാദനവും അതിന്റെ നിര്‍മ്മാണവും വിതരണവും വ്യാപനവുമാണ് ഭാരതത്തിന്റെ ചരിത്രവും പാരമ്പര്യവും.
നീണ്ട അടിമത്തത്തില്‍ നിന്നും മോചനം നേടാന്‍ ഈ നാട് പൊരുതുമ്പോള്‍ രാഷ്ട്ര നേതാക്കള്‍ക്ക് മുന്നില്‍ ഒരു ലക്ഷ്യമുണ്ടായിരുന്നു. അത് കേവലം രാഷ്ട്രീയ അധികാരം ആയിരുന്നില്ല; സ്വരാജ്യം ആയിരുന്നില്ല സമ്പൂര്‍ണ്ണ സ്വാതന്ത്ര്യമായിരുന്നു. സ്വന്തം സ്വത്വത്തെ ആവിഷ്‌ക്കരിക്കാന്‍ കഴിയുക. സ്വാമി വിവേകാനന്ദന്‍ പ്രഖ്യാപിച്ചത് ”ഭാരതത്തിന്റെ ലോക വിജയത്തില്‍ കുറഞ്ഞൊന്നും ഈ നവോത്ഥാനത്തിന്റെ ലക്ഷ്യമാവരുത്” എന്നാണ്. ”സനാതനധര്‍മ്മത്തോടൊപ്പം ജനിച്ച, അതിന്റെ ഉയര്‍ച്ചതാഴ്ച്ചകളോടൊപ്പം ജീവിച്ച ഭാരതത്തിന്റെ ദൗത്യം വിശ്വകല്യാണത്തിനായുള്ള രാജപാത ഒരുക്കലാണ്” എന്നാണ് അരവിന്ദയോഗിയുടെ കാഴ്ചപാട്. ഭാരതം അതിന്റെ സ്വത്വത്തെ ആവിഷ്‌ക്കരിക്കേണ്ടത് ഭാരതത്തിന്റെ കേവല സുഖസമൃദ്ധിക്കല്ലെന്ന് പറയാത്തവര്‍ക്കൊക്കെ ഇന്ന് ജനഹൃദയങ്ങളില്‍ സ്ഥാനം നഷ്ടപ്പെട്ടിരിക്കുന്നു.
ആത്മവിസ്മൃതിയില്‍ നിന്ന് സ്വത്വ ബോധത്തിലേക്ക്
രാജപഥവും ദര്‍ബാറും, കര്‍ത്തവ്യ മാര്‍ഗിലേക്കും, ജനസഭയിലേക്കും മാറുകയും ശ്രീരാമജന്മഭൂമിയും കാശിയും ഉജ്ജയിനിയും അമൃതസരസ്സും പൂര്‍വ്വപ്രഭ വിടര്‍ത്തി വീണ്ടും വിലസുകയും ചെയ്യുമ്പോഴാണ് കഴിഞ്ഞ ജൂണ്‍ 19ന് പ്രധാനമന്ത്രി പുരാതന നളന്ദ സര്‍വ്വകലാശാലയുടെ പുതിയ രൂപഭാവങ്ങളോടുകൂടിയ അന്താരാഷ്ട്ര സര്‍വ്വകലാശാലയുടെ ഉദ്ഘാടനം നിര്‍വഹിച്ചിരിക്കുന്നത്. നളന്ദയുടെ പുനരവതാരം അജയ്യ ഭാരതത്തിന്റെ പ്രകടനമാണ്. ഭാരതം ആഗോളതലത്തില്‍ അതിന്റെ നിലയും വിലയും വീണ്ടെടുക്കുന്നതിന്റെ പ്രതീകമാണ്. ഭാരതത്തിന്റെ യഥാര്‍ത്ഥ സ്വത്വത്തെ വീണ്ടെടുക്കാനുള്ള അചഞ്ചലമായ ആത്മസമര്‍പ്പണത്തിന്റെ പരിണാമമാണ്.
വിശ്വഗുരുത്വത്തിലേക്കുള്ള പ്രയാണം
വൈദിക പാരമ്പര്യത്തോടെ ആരംഭിച്ച ഭാരതത്തിലെ ഗുരുകുലങ്ങള്‍ മഹാഭാരതാനന്തരം വലിയ വിദ്യാകേന്ദ്രങ്ങളുടെ ആവിര്‍ഭാവത്തിലേക്ക് വഴിമാറി. നൈമിശാരണ്യത്തില്‍ നിന്നും നളന്ദ മഹാവിഹാരം വരെയുള്ള വളര്‍ച്ചയില്‍ ഇന്നും സ്മൃതിപഥത്തില്‍ അവശേഷിക്കുന്നവയാണ് ബീഹാറിലെ തന്നെ വിക്രമശില, ഓന്തപുരി (ഉദ്ദണ്ഡപുരി), പശ്ചിമബംഗാളിലെ ജഗ്ദല (ജോഗോ ഡോള്‍), ബംഗ്ലാദേശിലുള്ള സോമപുര, ഒഡീഷയിലെ പുഷ്പഗിരി, പാകിസ്ഥാനിലുള്ള തക്ഷശില, കാശ്മീരിലെ ശാരദാപീഠം, ഗുജറാത്തിലെ വല്ലഭി, ഉത്തര്‍പ്രദേശിലെ വാരണാസി, ആന്ധ്രപ്രദേശിലെ നാഗാര്‍ജുനഗോണ്ട, തമിഴ്‌നാട്ടിലെ കാഞ്ചീപുരം, തഞ്ചാവൂര്‍, പുതുച്ചേരി- ബെഹര്‍, കര്‍ണാടകത്തിലെ മാല്‍ഖേഡ് (മാന്യഖേദ), കേരളത്തിലെ ശ്രീവല്ലഭം, കൊടുങ്ങല്ലൂര്‍, കാന്തല്ലൂര്‍ തുടങ്ങിയ നിരവധി വിദ്യാകേന്ദ്രങ്ങള്‍. ഇവയെല്ലാം ശാപമോക്ഷം കാത്തുകിടക്കുന്ന അഹല്യകളായി, രാമപാദം പ്രതീക്ഷിച്ച് കിടപ്പാണ്.
നളന്ദ എന്ന അത്ഭുതം
ഭാരതത്തിനകത്തും പുറത്തും നിന്നുള്ള വിദ്യാര്‍ത്ഥികളും അധ്യാപകരും ഒരുമിച്ച് വിദ്യാഭ്യാസവും പഠനഗവേഷണങ്ങളും നടത്താന്‍ ഭാരതത്തിലെ ത്തിയിരുന്നു. പ്രത്യേകിച്ചും, ടിബറ്റ്, ചീന, ജപ്പാന്‍, ശ്രീലങ്ക, ജാവ, സുമാത്ര, കൊറിയ, ഇന്ത്യോനേഷ്യ, ഇറാന്‍, ടര്‍ക്കി, ഗ്രീസ് തുടങ്ങി പ്രമുഖ പുരാണ രാഷ്ട്രങ്ങളില്‍ നിന്നും, വിദ്യ അര്‍ത്ഥിച്ച് മാത്രമല്ല, ഇവിടെ നിന്ന് ഗുരുക്കന്മാരെ കൊണ്ടുപോയി തങ്ങളുടെ രാജ്യങ്ങളില്‍ സമാനമായ വിദ്യാകേന്ദ്രങ്ങള്‍ ആരംഭിക്കാനും അവര്‍ കൊതിച്ചു.
യൂറോപ്പിലും അറേബ്യയിലും പുതിയ മതസിദ്ധാന്തങ്ങളുടെ ആവിര്‍ഭാവത്തോടെ അലക്‌സാണ്ട്രിയ പോലെ പുകഴ്‌പെറ്റ വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ ഓരോന്നോരോന്നായി അഗ്‌നിക്കിരയായി. പൈഥഗോറസിനേയും ഹിപ്പാസിസിനെയും പോലുള്ള മഹാജ്ഞാനികള്‍ അല്പജ്ഞരുടെ മുന്നില്‍ ആരോരുമറിയാത്ത ജഡങ്ങളായി. സോക്രട്ടീസ്, പ്ലേറ്റോ, അരിസ്റ്റോട്ടില്‍, പ്ലിനി എന്നിവര്‍ക്ക് എന്തു സംഭവിച്ചു എന്ന കാര്യം നമുക്ക് അറിയാം. പാശ്ചാത്യ ലോകത്തെ മതശക്തികളുടെ ചെയ്തികള്‍ ശാസ്ത്രത്തിനും മാനവികതയ്ക്കും എതിരായിരുന്നു. ആ വൈദേശിക ചരിത്രം ഇന്ന് ഭാരതത്തിന്റെ മേല്‍ കെട്ടിവെക്കാനാണ് ചില നിക്ഷിപ്ത കപടമതേതരര്‍ ശ്രമിക്കുന്നത്. ഭാരതത്തിലെ പുതിയ മതങ്ങളും ചിന്താസരണികളും എന്നും സംവാദത്തിന്റെയും സമന്വയത്തിന്റെയും സുവര്‍ണ്ണ അധ്യായങ്ങളാണ് രചിച്ചിട്ടുള്ളത്. നളന്ദ മഹാവിഹാരം മാത്രം പരിഗണിച്ചാല്‍ നമുക്ക് അത് വ്യക്തമാകും. പലരും ഇന്ന് നളന്ദയെ ഒരു ബുദ്ധമത കേന്ദ്രമായാണ് അവതരിപ്പിക്കുന്നത്. എന്നാല്‍ അവിടെ ബുദ്ധമത ദര്‍ശനങ്ങള്‍ക്ക് പുറമെ, ഭാഷാശാസ്ത്രവും തര്‍ക്കശാസ്ത്രവും ജ്യോതിശാസ്ത്രവും ജ്യോതിഷവും വൈദ്യശാസ്ത്രവും ഗണിതവും വേദോപനിഷത്തുക്കളും പുരാണങ്ങളും യോഗയും സനാതനധര്‍മ്മ ദര്‍ശനങ്ങളും ആഗമങ്ങളും തന്ത്രവും മന്ത്രവും തച്ചുശാസ്ത്രവും കലയും സാഹിത്യവും പഠിപ്പിച്ച് അക്ഷരാര്‍ത്ഥത്തില്‍ സര്‍വ്വകലകളുടേയും ശാലയായി പരിലസിച്ചു. മാത്രമല്ല, കണ്‍ഫ്യൂഷ്യസ്, താവോയിസം തുടങ്ങിയ പരമ്പരകളെയും അവിടെ താരതമ്യ പഠനങ്ങള്‍ക്ക് വിധേയമാക്കി എന്ന് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നു. പതിനായിരത്തില്‍ അധികം വിദ്യാര്‍ത്ഥികളും മൂവായിരത്തോളം അധ്യാപകരും താമസിച്ച് പഠന ഗവേഷണങ്ങള്‍ നടത്തിയിരുന്ന അതിബൃഹത്തായ അന്താരാഷ്ട്ര വിദ്യാഭ്യാസ കേന്ദ്രമായിരുന്നു നളന്ദ. നളന്ദക്കു സമാനമായിരുന്നു സമീപസ്ഥമായിരുന്ന വിക്രമശിലയും. നളന്ദയില്‍ നിന്നും ഏകദേശം 10 കിലോമീറ്റര്‍ അകലെ ഉണ്ടായിരുന്ന ഓദ്ദണ്ഡപുരിയില്‍ 13,000 വിദ്യാര്‍ത്ഥികളാണ് പഠിച്ചിരുന്നത്.
നളന്ദ സര്‍വ്വകലാശാലയുടെ ലഭ്യമായ അവശിഷ്ടങ്ങളില്‍ നിന്നും നളന്ദയുടെ വിസ്താരവും വൈവിധ്യവും അനുമാനിക്കുക പ്രയാസമാണ്. 1,50,00,000 ചതുരശ്ര മീറ്റര്‍ വിസ്തൃതി നളന്ദക്ക് ഉണ്ടായിരുന്നിരിക്കാം എന്നാണ് പറയപ്പെടുന്നത്. ഇപ്പോള്‍ ഉല്‍ഖനനം ചെയ്‌തെടുത്ത 35-40 ഏക്കറോളം വിസ്തൃതി അതിന്റെ 4-5% മാത്രമാണ്. അവിടെ തന്നെ 10 ക്ഷേത്രങ്ങള്‍, നിരവധി അധ്യയന സഭാഗൃഹങ്ങള്‍, ധ്യാനമണ്ഡപങ്ങള്‍, പഠന വിഭാഗങ്ങള്‍, താമസസ്ഥലങ്ങള്‍, ഉദ്യാനങ്ങള്‍, ജലാശയങ്ങള്‍, ക്രീഡ- വിനോദശാലകള്‍, ഗ്രന്ഥപ്പുരകള്‍, അതിസുരക്ഷിതമായ ചുറ്റുമതിലുകള്‍ എന്നിവയെല്ലാം സജ്ജമാക്കിയിരുന്നു. കലിമൂത്ത ഖില്‍ജിയുടെ സമാനതകളില്ലാത്ത ക്രൂരതയാല്‍ മാസങ്ങളോളം നിന്ന് കത്തി നശിച്ച്, മണ്ണോടു ചേര്‍ന്ന മഹാത്ഭുതത്തിന്റെ ബാക്കിപത്രമാണ് കഴിഞ്ഞ ഒരു നൂറ്റാണ്ടായി ലോകത്തെ ഏറ്റവും കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിച്ച, നളന്ദ എന്ന ലോക പൈതൃക കേന്ദ്രം. ഇനി അവിടം വീണ്ടും വിജ്ഞാനദാഹികളുടെയും സത്യസഞ്ചാരികളുടെ യും ആശാകേന്ദ്രമായി മാറും.
പുതിയ നളന്ദ
തന്റെ ഉല്‍ക്കടമായ രാഷ്ട്രഭക്തിയുടെയും വിദേശരാജ്യങ്ങളില്‍ നിന്നും ലഭിച്ച പിന്തുണയുടെയും പശ്ചാത്തലത്തില്‍ 2006-ല്‍ ബിഹാര്‍ നിയമസഭയില്‍ മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുല്‍ കലാമാണ് നളന്ദ സര്‍വ്വകലാശാലയുടെ പുനരുദ്ധാരണം എന്ന സങ്കല്പം അവതരിപ്പിച്ചത്. 2010-ല്‍ ബില്ലിന് രാഷ്ട്രപതി അനുവാദം നല്‍കിയതാടെ 817 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭക്തിയാര്‍ ഖില്‍ജി (1193) എന്ന വിദേശ അക്രമകാരിയുടെ കണ്ണില്‍ ചോരയില്ലാത്ത ക്രൂരതയ്ക്ക് വൈകിയാണെങ്കിലും ഭാരതത്തില്‍ ഒരു മോചനം ഉണ്ടായി എന്ന് പലരും സമാധാനിച്ചു. 2011-ല്‍ 16 ഈസ്റ്റ് ഏഷ്യ സമ്മിറ്റ് അംഗരാജ്യങ്ങളുടെ സഹകരണത്തോടെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കൈകോര്‍ത്ത് ബീഹാറിലെ രാജ്ഗിരി കുന്നുകള്‍ക്ക് സമീപം 450 ഏക്കര്‍ സ്ഥലത്താണ് പുതിയ അന്തര്‍ദേശീയ നളന്ദ സര്‍വ്വകലാശാല ആരംഭിക്കാന്‍ തീര്‍ച്ചപ്പെടുത്തിയത്. സര്‍വ്വകലാശാലയുടെ രൂപരേഖയും പദ്ധതിയും തയ്യാറാക്കാന്‍ വിശ്വവിഖ്യത സാമ്പത്തിക ചിന്തകനായ അമര്‍ത്യസെന്നിനെയാണ് ചുമതലപ്പെടുത്തിയത്. 2014ല്‍ വിരലിലെണ്ണാവുന്ന വിദ്യാര്‍ത്ഥികളും ആയി ആണെങ്കിലും നളന്ദ സര്‍വ്വകലാശാല ആധുനിക സര്‍വ്വകലാശാല എന്ന രീതിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. അന്താരാഷ്ട്ര സഹകരണം, ദര്‍ശനങ്ങളുടെ ഏകത്വം എന്നീ രംഗങ്ങളില്‍ ഉള്ള പഠനഗവേഷണങ്ങള്‍ക്കാണ് ഇവിടെ പ്രാമുഖ്യം നല്‍കുന്നത്. പ്രൊഫ. ഗോപ സഭാന്‍വാള്‍ എന്ന ദല്‍ഹി സര്‍വ്വകലാശാലയിലെ അധ്യാപികയെയാണ് സര്‍വ്വകലാശാലയുടെ ആദ്യ വിസിയായി നിയോഗിച്ചത്. യുജിസി ചട്ടങ്ങള്‍ മറികടന്ന് നടന്ന നിയമനം പുതിയ വിവാദങ്ങള്‍ക്കാണ് തിരികൊളുത്തിയത്. അമര്‍ത്യാസെന്നിനെ തന്നെ പിന്നീട് സര്‍വകലാശാലയുടെ കുലപതിയായി അവരോധിച്ചു. അദ്ദേഹത്തിന്റെ കാലഘട്ടത്തില്‍ ഈ സര്‍വകലാശാലയുടെ വികസനം വേണ്ട രീതിയില്‍ മുന്നോട്ടു പോയില്ലെന്ന് മാത്രമല്ല അനാവശ്യ വിവാദങ്ങളിലേക്ക് സര്‍വ്വകലാശാലയെ വലിച്ചിഴയ്ക്കാനും അതിലൂടെ ഭാരതത്തിന്റെ ദേശീയ നവോത്ഥാനത്തെ എന്തു വിലകൊടുത്തും തകര്‍ക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ശക്തികള്‍ക്ക് തങ്ങളുടെ സങ്കുചിത രാഷ്ട്രീയത്തെ നളന്ദയില്‍ സന്നിവേശിപ്പിക്കാനും അവസരം ഒരുങ്ങി. ഇപ്പോള്‍ പ്രൊഫ. അരവിന്ദ് പനാകരിയാണ് നളന്ദ സര്‍വ്വകലാശാലയുടെ കുലാധിപതി അഥവാ ചാന്‍സിലര്‍. പ്രൊഫ. അഭയ്കുമാര്‍ സിംഗ് വൈസ് ചാന്‍സിലറാണ്.
ഭാരതീയ ചിന്തയും ഉത്തരാധുനികതയും മേളിക്കുന്ന ക്യാമ്പസ്
നളന്ദ സര്‍വ്വകലാശാല അതിന്റെ അക്കാദമിക മേഖലയിലും പുന:സൃഷ്ടിച്ചിരിക്കുന്ന ക്യാമ്പസ് അന്തരീക്ഷത്തിലും വിഭാവനം ചെയ്യുന്ന വികസന കാഴ്ചപ്പാടിലും വ്യതിരിക്തമായി നില്‍ക്കുന്നു. 455 ഏക്കര്‍ വിസ്തൃതി വരുന്ന ക്യാമ്പസ് 100 ഏക്കറോളം ജലസംഭരണികള്‍ കൊണ്ട് സമ്പുഷ്ടമാണ്. 6.5 മെഗാ വാള്‍ട്ട് സോളാര്‍ എനര്‍ജി ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള പ്ലാന്റാണ് ക്യാമ്പസില്‍ സ്ഥാപിച്ചിരിക്കുന്നത്. കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് കാലാവസ്ഥ വ്യതിയാനം ഉള്‍പ്പെടെ തടയുന്ന ചൂടും – തണുപ്പം കൊണ്ട് കെട്ടിടങ്ങള്‍ക്ക് ഉണ്ടാകുന്ന ശോഷണത്തില്‍ നിന്നും സംരക്ഷണം ഉറപ്പുവരുത്തുന്ന ഡെസിക്കന്റ് ബാഷ്പീകരണ സങ്കേതികവിദ്യയടക്കം ഉള്ള അത്യാധുനിക സംവിധാനങ്ങള്‍ ആണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. വികേന്ദ്രീകൃത മാലിന്യ സംസ്‌കരണ – മാലിന്യ നിര്‍മാര്‍ജന പദ്ധതികള്‍ അടക്കം മറ്റ് നിരവധി പരിസ്ഥിതി സൗഹൃദ സംവിധാനങ്ങളും ഈ ക്യാമ്പസിന്റെ പ്രത്യേകതയാണ്. ആധുനിക ലോകത്തിന് മാതൃകയായ പരിപൂര്‍ണ്ണ സീറോ കാര്‍ബണ്‍ മേഖലയായിട്ടാണ് നളന്ദ പുനര്‍ജനിക്കുന്നത്. (‘Net Zero’ Green Campus – Net zero Energy, Net zero Emission and Net zero Waste). വാസ്തുവിദ്യയില്‍ പൗരാണിക ഭാരതീയ ലാവണ്യവും ആധുനിക സൗകര്യങ്ങളും മേളിക്കുന്നു. രണ്ട് അക്കാദമിക ബ്ലോക്കുകളിലായി 1900 വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ സൗകര്യമുള്ള 40 ക്ലാസ് മുറികളും 300 പേര്‍ക്ക് ഇരിക്കാവുന്ന രണ്ട് അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഓഡിറ്റോറിയങ്ങളും 550 വിദ്യാര്‍ത്ഥികള്‍ക്ക് സര്‍വ്വ ആധുനിക സൗകര്യങ്ങളോടും കൂടിയുള്ള ഹോസ്റ്റലും 2000 പേര്‍ക്കിരിക്കാവുന്ന തിയറ്ററും, അന്തരാഷ്ട്ര നിലവാരത്തിലുള്ള ഒരു സ്‌പോര്‍ട്‌സ് കോംപ്ലക്‌സും ഒരു ഇന്റര്‍നാഷണല്‍ സെന്ററും ഉള്‍പ്പെടുന്നതാണ് ക്യാമ്പസിന്റെ അടിസ്ഥാന സൗകര്യങ്ങള്‍.
തുടക്കത്തില്‍ ബുദ്ധിസ്റ്റ് സ്റ്റഡീസ്, താരതമ്യദര്‍ശന പഠനം, കമ്പാരിറ്റീവ് റിലീജിയന്‍സ്, ചരിത്രം, എക്കോളജി, എന്‍വിറോണ്‍മെന്റ് സയന്‍സ്, ഭാഷ – സാഹിത്യം, മാനേജ്‌മെന്റ് എന്നീ വിഷയങ്ങളിലാണ് പഠന ഗവേഷണങ്ങള്‍ ആരംഭിച്ചത്. പാലി, സംസ്‌കൃതം, തിബറ്റന്‍ ഭാഷ, ഇംഗ്ലീഷ്, കൊറിയന്‍ തുടങ്ങിയ വിവിധ ഭാഷകളില്‍ ഇവിടെ പഠനം നടക്കുന്നു. വ്യത്യസ്ത യോഗദര്‍ശനങ്ങളും രീതികളും പഠിക്കാനും അവസരമുണ്ട്. 6 പഠന വിഭാഗങ്ങളും 25 പ്രോഗ്രാമുകളും ആണ് ഇപ്പോള്‍ ഇവിടെയുള്ളത്. അന്തര്‍ദേശീയ ബന്ധങ്ങളും സമാധാന മാര്‍ഗ്ഗങ്ങളും എന്ന മേഖലയിലും പുരാണ വിജ്ഞാനീയവുമായി ബന്ധപ്പെട്ട മേഖലകളിലും ബിരുദാനന്തര ബിരുദം ഈ വര്‍ഷം മുതല്‍ ആരംഭിക്കും. ജൈന പഠനങ്ങള്‍, ഗ്രീക്ക് ഭാഷയും പൈതൃകവും, പേര്‍ഷ്യന്‍ ഭാഷയും പൈതൃകവും എന്നിവ ഈ വര്‍ഷം മുതല്‍ ആരംഭിക്കുന്ന മറ്റു അക്കാദമിക പ്രോഗ്രാമുകളാണ്.
നളന്ദയുടെ ആഗോളദൗത്യം
ആധുനിക ലോകത്തിലെ ഏറ്റവും സമര്‍ത്ഥരായ അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും ആകര്‍ഷിക്കുക എന്നതാണ് നളന്ദ സര്‍വ്വകലാശാലയുടെ ലക്ഷ്യം. ഒന്നാം ഘട്ടത്തില്‍ പങ്കാളിത്ത രാജ്യങ്ങള്‍ക്കാണ് മുന്‍ഗണന. അതിലൂടെ സര്‍വ്വകലാശാല നിലകൊള്ളുന്ന രാജഗിരിയുടെയോ ബീഹാറിന്റെയോ മാത്രമല്ല ഭാരതത്തിന്റെ തന്നെ യശസ്സും ഉയരും എന്ന കാര്യത്തില്‍ സംശയമില്ല. ഇത് മണ്‍മറഞ്ഞ നമ്മുടെ മുഴുവന്‍ വിദ്യാഭ്യാസ കേന്ദ്രങ്ങളെയും പുന:രുജ്ജീവിപ്പിക്കാനും നമ്മുടെ ആധുനിക വിദ്യാകേന്ദ്രങ്ങളെ ഭാരതത്തിലെ സാംസ്‌കാരിക പെരുമയും ജ്ഞാന – വിജ്ഞാനങ്ങളും ആധുനിക കഴിവുകളും സമന്വയിപ്പിക്കുന്ന ഒന്നാം കിട സര്‍വ്വകലാശാലകളായി ഉയര്‍ത്താന്‍ പ്രേരണ നല്‍കുന്നതും ആയിരിക്കും. ‘ആനോ ഭദ്രാ: ക്രതവോ യന്തു വിശ്വത:’ എന്ന കാഴ്ചപ്പാടോടെ, 2047ല്‍ ഭാരതം സ്വാതന്ത്ര്യത്തിന്റെ നൂറാം വര്‍ഷം ആഘോഷിക്കുമ്പോള്‍, ലോകത്ത് ശാന്തിയും സമാധാനവും ഐശ്വര്യവും ആയുസ്സും ആരോഗ്യവും തുടികൊട്ടി, ഭാരതത്തിന്റെ ആപ്തവാക്യമായ ‘വസുധൈവ കുടുംബകം’, ‘ലോകാ സമസ്താ സുഖിനോ ഭവന്തു’ എന്നിവ പ്രാബല്യത്തില്‍ കാണാന്‍ നമുക്ക് സാധിക്കട്ടെ. ഇത്തരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിലൂടെ സാമാജിക പരിവര്‍ത്തനവും നവലോക ക്രമവും സൃഷ്ടിക്കാന്‍ അയോദ്ധ്യയിലെ ശ്രീരാമമന്ദിരത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ് പോലെ നളന്ദയിലെ മഹാവിഹാരത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പും നമുക്ക് ശക്തി പകരും.