സപ്തംബര്‍ 12
മാധവ്ജി ചരമദിനം
പത്തൊന്‍പത്, ഇരുപത് നൂറ്റാണ്ടുകള്‍ കേരളത്തെ സംബന്ധിച്ചിടത്തോളം സാമൂഹികവും സാംസ്‌കാരികവും ആത്മീയവുമായ ഉണര്‍വിന്റെ കാലമായിരുന്നു. അനന്യസാധാരണമായ സ്വതന്ത്ര ചിന്തയുടെയും ഉല്‍കൃഷ്ടമായ ആശയധാരകളുടെയും ഔന്നത്യം കൊണ്ട് കേരളീയരുടെ മുഴുവന്‍ അഭിമാനാദരങ്ങള്‍ക്ക് പാത്രീഭൂതരായ നിരവധി മഹാത്മാക്കള്‍ ഈ കാലത്ത് കേരളത്തില്‍ ജന്മമെടുത്തു. കേരളം ജന്മം നല്‍കിയ ആദ്ധ്യാത്മികാചാര്യന്മാരില്‍ പ്രമുഖനായിരുന്ന ചട്ടമ്പിസ്വാമികള്‍, ഹിന്ദുക്കളുടെ ഇടയില്‍ നിലനിന്നിരുന്ന ഉച്ചനീചത്വങ്ങള്‍ക്കെതിരെ പോരാടിയ സാമൂഹ്യ പരിഷ്‌കര്‍ത്താവും വിപ്ലവകാരിയുമായിരുന്ന ശ്രീനാരായണഗുരുസ്വാമികള്‍, കേരള നവോത്ഥാന നായകരില്‍ പ്രമുഖനായിരുന്ന മഹാത്മാ അയ്യങ്കാളി, വി.ടി.ഭട്ടതിരിപ്പാട്, മന്നത്തു പത്മനാഭന്‍, സഹോദരന്‍ അയ്യപ്പന്‍ അങ്ങനെ നീളുന്ന ആചാര്യ പരമ്പരയില്‍ എഴുതി ചേര്‍ക്കേണ്ട മിന്നിത്തിളങ്ങുന്ന ഒരു വ്യക്തിത്വത്തിന്റെ ഉടമയാണ് ഇന്ന് ക്ഷേത്രോന്മുഖമായി കാണുന്ന നവോത്ഥാനത്തിനും ആത്മീയോല്‍ക്കര്‍ഷത്തിനും അടിത്തറയിട്ട മാധവ്ജി എന്ന് ആദരപൂര്‍വ്വം നമ്മള്‍ വിളിക്കുന്ന പി.മാധവന്‍.
ബാല്യവും വിദ്യാഭ്യാസവും
സാമൂതിരി വംശത്തില്‍പ്പെട്ട പുതിയ കോവിലകം താവഴിയിലെ പി.കെ.എസ്.രാജയുടെയും പാലക്കല്‍ അമ്മുക്കുട്ടിയമ്മയുടെയും മകനായി 1926 മെയ് 31ന് ഉത്രാടം നക്ഷത്രത്തില്‍ ഭൂജാതനായ മാധവ്ജി കല്ലായി ഗണപതി സ്‌കൂളിലും തളി സാമൂതിരി സ്‌കൂളിലും ആണ് ഇന്റര്‍മീഡിയറ്റുവരെ പഠിച്ചത്. 1946ല്‍ മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ നിന്ന് ഫിസിക്‌സ് ഐച്ഛിക വിഷയമായെടുത്ത് ബിഎസ്‌സി ഓണേഴ്‌സ് ഒന്നാം റാങ്കോടുകൂടി പാസ്സായി. മൂത്ത മകനായിരുന്ന മാധവ്ജിക്ക് താഴെ അഞ്ച് സഹോദരന്മാരും രണ്ട് സഹോദരിമാരും ഉണ്ടായിരുന്നു. അച്ഛന്‍ സാമൂതിരി കുടുംബത്തില്‍പ്പെട്ട ആളായിരുന്നെങ്കിലും ആ തറവാട്ടില്‍ വിവിധ താവഴികളിലായി കൂടുതല്‍ അംഗങ്ങള്‍ ഉണ്ടായിരുന്നതുകൊണ്ട് ഓരോ അംഗത്തിനും വളരെ കുറച്ചു വരുമാനമേ ഉണ്ടായിരുന്നുള്ളൂ. അഡ്വക്കേറ്റ് എന്ന നിലയില്‍ ലഭിച്ചിരുന്ന ചെറിയ തുക കൊണ്ടാണ് മക്കളുടെ വിദ്യാഭ്യാസവും പെണ്‍മക്കളുടെ വിവാഹവുമൊക്കെ നടത്തിയത്. ഡിഗ്രി പഠനം പൂര്‍ത്തിയാക്കിയതിനു ശേഷം മാധവ്ജി ഒരു വര്‍ഷം സാമൂതിരി ഹൈസ്‌കൂളില്‍ അദ്ധ്യാപകനായി ജോലി നോക്കി.
സംഘപഥത്തില്‍
1942 ആഗസ്റ്റ് മാസത്തില്‍ സംഘപ്രചാരകനായി കേരളത്തില്‍ എത്തിയ മാന്യ ദത്തോപന്ത് ഠേംഗ്ഡിജിയുമായുള്ള പരിചയം മാധവ്ജിയെ കേരളത്തിലെ ആദ്യത്തെ സംഘശാഖയായ കല്ലായിലെ സ്വയംസേവകനാക്കി. മദ്രാസിലുള്ള പഠനവും അന്നത്തെ സര്‍ സംഘചാലകായിരുന്ന ഗുരുജി ഗോള്‍വല്‍ക്കറുമായുള്ള കൂടിക്കാഴ്ചയും ആയുര്‍വേദ ചികിത്സയ്ക്കായി കുറച്ചുദിവസം മദ്രാസില്‍ അദ്ദേഹത്തെ ശുശ്രൂഷിച്ച് കഴിയാന്‍ കിട്ടിയ അവസരവും മാധവ്ജിയെ ഉറച്ച സംഘപ്രവര്‍ത്തകനും തുടര്‍ന്ന് സംഘപ്രചാരകനുമാക്കി. പിന്നീട് നാം കാണുന്നത് സാമൂതിരി ഹൈസ്‌കൂളിലെ ജോലി ഉപേക്ഷിച്ച് സംഘത്തിന്റെ പ്രചാരകനായി വീടുവിട്ടിറങ്ങിയ മാധവ്ജിയെയാണ്. പിന്നീട് പിന്തിരിഞ്ഞു നോക്കാതെ സംഘടനാ സാമര്‍ത്ഥ്യവും സംഘവിജ്ഞാനവും നേതൃത്വവും വളര്‍ത്തിയെടുത്ത് കേരളത്തിലെ മിക്കവാറും എല്ലാ ജില്ലകളിലും രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ അമരക്കാരനായി സംഘപ്രവര്‍ത്തനം നടത്തുകയും താമസിയാതെ അഖില കേരള അധികാരിമാരില്‍ ഒരാളായി തീരുകയും ചെയ്തു. 1948ല്‍ സംഘം നിരോധിക്കപ്പെട്ടപ്പോള്‍ അതിനെതിരെ പ്രവര്‍ത്തിച്ച് ജയില്‍വാസം അനുഭവിച്ചു. നിരോധനം നീക്കുകയും കേരളത്തിലേക്ക് പ്രാന്തപ്രചാരകനായി ഭാസ്‌കര്‍ റാവുജി എത്തുകയും ചെയ്തതോടെ ഊര്‍ജ്ജിതമായ സംഘപ്രവര്‍ത്തനങ്ങള്‍ക്ക് മാധവ്ജി മുന്‍നിരയില്‍ ഉണ്ടായിരുന്നു.
ഹിന്ദുമഹാമണ്ഡലം
സംഘപ്രചാരകനായിരിക്കെ അവിടങ്ങളിലെ സാമൂഹ്യ പ്രശ്‌നങ്ങളെക്കുറിച്ചും മണ്‍മറഞ്ഞവരും ജീവിച്ചിരിക്കുന്നവരുമായ അവിടങ്ങളിലെ മഹത് വ്യക്തികളെക്കുറിച്ചും അവരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും പഠിക്കാന്‍ മാധവ്ജി ശ്രദ്ധിച്ചിരുന്നു. അത് അദ്ദേഹത്തിന്റെ പൊതുപ്രവര്‍ത്തനത്തിന് പില്‍ക്കാലത്ത് ഏറെ സഹായിച്ചിട്ടുണ്ട്. ഇത്തരം ബന്ധങ്ങളാണ് കൊല്ലത്ത് നടന്ന ഹിന്ദു മഹാമണ്ഡലം എന്ന ഹൈന്ദവ കൂട്ടായ്മക്ക് കളമൊരുക്കുന്നതിന് പിന്നില്‍ നിന്നു പ്രവര്‍ത്തിക്കാന്‍ മാധവ്ജിയെ സഹായിച്ചത്. അക്കാലത്ത് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ക്രിസ്ത്യാനികള്‍ക്കും പള്ളികള്‍ക്കും ഉണ്ടായിരുന്ന അമിത സ്വാധീനവും സാമൂഹ്യ സാമ്പത്തിക വിദ്യാഭ്യാസ മേഖലകളില്‍ അവര്‍ കൈവരിച്ച അസാധാരണ നേട്ടവും ചൂണ്ടിക്കാണിച്ച് ഹിന്ദു സമാജത്തിലെ വിവിധ വിഭാഗങ്ങള്‍ സംഘടിച്ച് മുന്നേറണമെന്ന ആശയം ശക്തമായി പ്രചരിപ്പിക്കേണ്ട ആവശ്യം അന്നുണ്ടായിരുന്നു. ഇതിനായി മാധവ്ജി എന്‍എസ്എസ് സ്ഥാപകന്‍ മന്നത്തു പത്മനാഭന്‍, എസ്എന്‍ഡിപി യോഗം നേതാവ് ആര്‍.ശങ്കര്‍, സമൂഹത്തിലെ മറ്റ് ഉന്നത നേതാക്കന്മാര്‍ എന്നിവരെ നേരില്‍കണ്ട് ഈ കാര്യത്തെക്കുറിച്ച് സംസാരിച്ചു. അതിന്റെ ഫലമായിട്ടാണ് 1956-ല്‍ കൊല്ലത്തുവെച്ച് ഹിന്ദുമഹാമണ്ഡലം എന്ന ഒരു പ്രസ്ഥാനത്തിന് രൂപം കൊടുക്കാന്‍ കഴിഞ്ഞത്. ആ കൂട്ടായ്മ പിന്നീട് തുടര്‍ന്നു പോയില്ലെങ്കിലും ഹിന്ദുക്കളുടെയിടയില്‍ പരസ്പര സഹകരണം ആവശ്യമാണെന്ന ബോധം ജനിപ്പിക്കുവാന്‍ പര്യാപ്തമായി.
വിവേകാനന്ദസ്മാരക നിര്‍മ്മാണം
ദേവഭൂമിയായ ഭാരതം ഒരു ദേവശരീരം പോലെയാണെന്നും ആ ശരീരത്തിലെ കുണ്ഡലിനിയുടെ സ്ഥാനമാണ് ഭാരതത്തിന്റെ ദക്ഷിണ ഭാഗത്ത് സ്ഥിതിചെയ്യുന്ന കന്യാകുമാരിക്കുള്ളതെന്നും അതുകൊണ്ട് ആ പ്രദേശത്തിന്റെ ആത്മീയ ഉണര്‍വിലൂടെ മാത്രമേ ഭാരതം പരംവൈഭവത്തില്‍ എത്തിച്ചേരുകയുള്ളൂ എന്നും മാധവ്ജി പറയുമായിരുന്നു. മാധവ്ജിയുടെ ഈ കാഴ്ചപ്പാടുകൊണ്ടു തന്നെയാണ് രാഷ്ട്രീയ സ്വയംസേവക സംഘം കന്യാകുമാരിയില്‍ സ്വാമി വിവേകാനന്ദന്‍ ധ്യാനം ഇരുന്ന സ്ഥാനത്ത് അനുയോജ്യമായ സ്മാരകം പണിയാന്‍ നിശ്ചയിച്ചത്. 1962ല്‍ വിവേകാനന്ദജന്മ ശതാബ്ദി ആഘോഷങ്ങളും കന്യാകുമാരിയിലെ വിവേകാനന്ദ സ്മാരകനിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ആരംഭിച്ചു. തുടക്കത്തില്‍ തന്നെ പലതരത്തിലുള്ള എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നു. ഇത്തരം കുത്സിത പ്രവര്‍ത്തനങ്ങളെ തടയുന്നതിനും പാറയിലേക്ക് തീര്‍ത്ഥാടകരെ കൊണ്ടുപോകുന്നതിനും കടലില്‍ പരിചയമുള്ള സ്വയംസേവകരുടെ സാന്നിധ്യം അത്യാവശ്യമായിരുന്നു. അതിന് കൊയിലാണ്ടി, പയ്യോളി, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളില്‍നിന്ന് സമര്‍ത്ഥരായ പ്രവര്‍ത്തകരെ കണ്ടെത്തി കന്യാകുമാരിയില്‍ എത്തിച്ചത് മാധവ്ജി ആയിരുന്നു. തുടര്‍ന്ന് ക്ഷേത്രനവീകരണത്തിനും വിവേകാനന്ദ സ്മാരകം പണിതുയര്‍ത്തുന്നതിനും മാനനീയ ഏകനാഥ റാനഡെയോടൊപ്പം മാധവ്ജി ഉണ്ടായിരുന്നു. കേരളത്തില്‍ നിന്ന് ധനശേഖരണം നടത്താനുള്ള മുഴുവന്‍ ചുമതലയും മാധവ്ജിയെയാണ് ഏല്‍പ്പിച്ചിരുന്നത്. പരിപാടിയുടെ പ്രാധാന്യം സാധാരണ ജനങ്ങളില്‍ എത്തിക്കുന്നതിനും അവരുടെ പൂര്‍ണ്ണമായ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനും വേണ്ടി ധനസമാഹരണത്തില്‍ ഒരു നൂതന രീതി അദ്ദേഹം ആവിഷ്‌ക്കരിച്ചു. ഒരു രൂപയുടെ കൂപ്പണ്‍ അടിച്ച് സാധാരണ ജനങ്ങളുടെ കൈകളില്‍ എത്തിക്കുകയായിരുന്നു അദ്ദേഹം ചെയ്തത്. ഈ പരിപാടി വലിയ വിജയമായിരുന്നു.
വിശാല ഹിന്ദുസമ്മേളനം
1982 ഏപ്രിലില്‍ എറണാകുളത്ത് നടന്ന വിശാല ഹിന്ദുസമ്മേളനത്തിന്റെ മുഖ്യ സംഘാടകന്‍ മാധവ്ജി ആയിരുന്നു. ഹിന്ദുമഹാ മണ്ഡലത്തിന് ഉണ്ടായ അപചയം വിശാല ഹിന്ദു സമ്മേളനത്തിന് ഉണ്ടാകാതിരിക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. അതുകൊണ്ട് ആസൂത്രണ ഘട്ടം മുതല്‍ കാര്യങ്ങള്‍ സൂക്ഷ്മതയോടെ കൈകാര്യം ചെയ്തിരുന്നു. ഈ സമ്മേളനത്തിന്റെ തുടക്കത്തില്‍ നടന്ന സുദര്‍ശന ഹോമത്തിന്റെ മുഖ്യകാര്‍മികന്‍ അബ്രാഹ്മണനായ പറവൂര്‍ ശ്രീധരന്‍ തന്ത്രിയായിരുന്നു. പരികര്‍മ്മിയായി പ്രവര്‍ത്തിച്ചത് കേരളത്തിലെ പാരമ്പര്യ താന്ത്രികരില്‍ ഒരാളായിരുന്നു. പിന്നീട് പാലിയം വിളംബരത്തിലേക്ക് നയിച്ച ഒരു നിശ്ശബ്ദ വിപ്ലവത്തിന്റെ തുടക്കമായിരുന്നു ഇത്. ഇത്തരം തീരുമാനങ്ങള്‍ എടുക്കാന്‍ സാധിച്ചത് കേരളത്തിലെ തന്ത്രിമാരുടെ ഇടയില്‍ മാധവ്ജിക്കുണ്ടായിരുന്ന സ്വീകാര്യതയായിരുന്നു. വിശാല ഹിന്ദു സമ്മേളനത്തിന്റെ വിജയം വിവിധ ഹൈന്ദവ നേതാക്കളെ ഒരുമിച്ചുകൂട്ടി ഒരു ഹിന്ദു മുന്നണി ഉണ്ടാക്കാന്‍ സാധിച്ചു എന്നുള്ളതാണ്. പില്‍ക്കാലത്ത് ഹൈന്ദവര്‍ അഭിമുഖീകരിച്ചിരുന്ന പ്രശ്‌നങ്ങള്‍ക്ക് കൂട്ടായ പരിഹാരം കണ്ടെത്താന്‍ ഈ മുന്നണിക്ക് കഴിഞ്ഞിട്ടുണ്ട്. ഇന്ന് കേരളത്തില്‍ മുഴുവന്‍ രാമായണമാസം ആചരിക്കുന്നതും നിരവധി പരിപാടികള്‍ നടത്തുന്നതും വിശാല ഹിന്ദു സമ്മേളനത്തില്‍ എടുത്ത തീരുമാനം അനുസരിച്ചാണെന്ന് ഒരുപക്ഷേ പലരും ഓര്‍മ്മിക്കുന്നുണ്ടാവില്ല.
ആദ്ധ്യാത്മിക സാധനാമാര്‍ഗ്ഗത്തിലേക്ക്
1954ല്‍ തിരുവനന്തപുരത്ത് പ്രചാരകന്‍ ആയിരിക്കുമ്പോഴാണ് പരപ്പേറിയ വായനയ്ക്കും ആഴമേറിയ ചിന്തക്കും മാധവ്ജിക്ക് അവസരം ഒരുങ്ങിയത്. ഏത് വിഷയവും ആഴത്തില്‍ പഠിക്കുന്ന സ്വഭാവം ചെറുപ്പം മുതല്‍ മാധവ്ജിക്കുണ്ടായിരുന്നു. തിരുവനന്തപുരത്തെ പബ്ലിക് ലൈബ്രറി, യൂണിവേഴ്‌സിറ്റി ലൈബ്രറി തുടങ്ങിയ വിവിധ ഗ്രന്ഥശാലകള്‍ പ്രയോജനപ്പെടുത്താന്‍ ഇക്കാലത്ത് അദ്ദേഹത്തിന് കഴിഞ്ഞു. വിവേകാനന്ദ സാഹിത്യം, മാര്‍ക്‌സിസം, രാഷ്ട്രമീമാംസ, സാഹിത്യം, ശാസ്ത്രം, സാമൂഹ്യശാസ്ത്രം, തുടങ്ങിയ വിവിധ വിഷയങ്ങളില്‍ അദ്ദേഹം അഗാധപാണ്ഡിത്യം നേടി. കമ്മ്യൂണിസ്റ്റുകാരെക്കാള്‍ കമ്മ്യൂണിസത്തെക്കുറിച്ച് പഠിച്ച ആളാണ് മാധവ്ജി. പൊതുവേദികളില്‍ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ക്കൊപ്പം കമ്മ്യൂണിസത്തിന്റെ പരാജയത്തെക്കുറിച്ച് പ്രസംഗിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. അക്കാലത്ത് വായിക്കാനിടയായ തന്ത്രശാസ്ത്ര ഗ്രന്ഥങ്ങള്‍ അദ്ദേഹം ശ്രദ്ധാപൂര്‍വ്വം പഠിക്കാന്‍ ശ്രമിച്ചു. നിഗൂഢമായ ഈ ശാസ്ത്രത്തെ അധികരിച്ച് സര്‍. ജോണ്‍ വുഡ്രോഫ് രചിച്ച ടലൃുലി േജീംലൃ, ടമസവേശ മിറ ടമസമേ, അി ശിൃേീറൗരശേീി ീേ ഠവമിവേൃമമെേെവൃമ തുടങ്ങിയ ഗ്രന്ഥങ്ങള്‍ അദ്ദേഹത്തെ ഏറെ ആകര്‍ഷിച്ചു. മലയാളത്തില്‍ നാലപ്പാട്ട് നാരായണമേനോന്‍ രചിച്ച ആര്‍ഷജ്ഞാനം എന്ന ഗ്രന്ഥമാണ് തന്ത്രശാസ്ത്രത്തെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കാന്‍ പ്രേരകമായതെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. ശ്രീരാമകൃഷ്ണ പരമഹംസന്‍, രമണ മഹര്‍ഷി, അരവിന്ദന്‍, ഗുരുജി തുടങ്ങിയവരുടെ ആദ്ധ്യാത്മിക സിദ്ധികളെ കുറിച്ച് മനസ്സിലാക്കാന്‍ കഴിഞ്ഞത് തന്ത്രശാസ്ത്ര ഗ്രന്ഥങ്ങളുടെ പഠനത്തിലൂടെയാണ്. ഇക്കാലത്താണ് അദ്ദേഹത്തിനും സാധനാമാര്‍ഗ്ഗങ്ങളിലേക്ക് തിരിയണമെന്ന ആഗ്രഹം തോന്നിത്തുടങ്ങിയത്. അതിന് യോഗ്യനായ ഒരു ഗുരുനാഥനെ കണ്ടെത്തണമെന്ന് അദ്ദേഹം തീരുമാനിച്ചു. കുറച്ചു വര്‍ഷങ്ങള്‍ക്കുശേഷമാണ് അദ്ദേഹത്തിന് അതിനുള്ള അവസരം കിട്ടിയത്.
1962 കാലത്ത് ഉത്തരകേരളത്തില്‍ പ്രചാരകനായിരിക്കുമ്പോള്‍ ഉഗ്രസാധകനായ പള്ളത്ത് നാരായണന്‍ നമ്പൂതിരിയില്‍ നിന്ന് ശ്രീവിദ്യോപാസനയില്‍ മന്ത്രദീക്ഷ സ്വീകരിക്കുകയും ഈശ്വരസാക്ഷാത്കാരത്തിനുള്ള ദുര്‍ഗമാര്‍ഗങ്ങളിലൂടെ സഞ്ചരിക്കുകയും ചെയ്തു. കേരളത്തില്‍ ഒരു വലിയ ആദ്ധ്യാത്മിക മാറ്റത്തിന് നേതൃത്വം നല്‍കാന്‍ മാധവ്ജിക്കു സാധിച്ചത് സാധനയില്‍ നിന്ന് സിദ്ധിച്ച ആത്മശക്തി കൊണ്ടാണ്. പിന്നീട് രാമേശ്വരത്തെ ശ്രീവിദ്യോപാസകനായിരുന്ന നീലകണ്ഠ ജോഷിയെ കാണാന്‍ ഇടയായത് ഉപാസനയില്‍ ഉയരങ്ങളില്‍ എത്താന്‍ അദ്ദേഹത്തെ സഹായിച്ചു. കേരളത്തിലെ നിരവധി പേര്‍ക്ക് ആ ഗുരുനാഥനില്‍ നിന്ന് മന്ത്രദീക്ഷ സ്വീകരിക്കാന്‍ മാധവ്ജി അവസരമൊരുക്കി. പിന്നീട് അദ്ദേഹം തന്നെ നിരവധിപേര്‍ക്ക് മന്ത്രദീക്ഷ നല്‍കി ആചാര്യ പദവിയിലെത്തി. അദ്ദേഹത്തിന്റെ ശിഷ്യരായി നിരവധിപേര്‍ ഇന്ന് കേരളത്തിലുണ്ട്.
ഒരു നിഗൂഢ ശാസ്ത്രത്തെ വളരെ ലളിതമായി സാധാരണക്കാരുടെ മുമ്പില്‍ അവതരിപ്പിക്കാനുള്ള അസാധാരണ സിദ്ധിവൈഭവമാണ് അദ്ദേഹത്തിലേക്ക് ആരാധകരെ അടുപ്പിച്ചത്. അദ്ദേഹത്തിന്റെ ആദ്യകാല പ്രഭാഷണങ്ങളിലൂടെ ക്ഷേത്രം എന്താണ്? ക്ഷേത്രവും മനുഷ്യ ശരീരവും തമ്മിലുള്ള ബന്ധം, ക്ഷേത്രചൈതന്യരഹസ്യം തുടങ്ങിയ അടിസ്ഥാന പാഠങ്ങളാണ് പ്രവര്‍ത്തകരെ പഠിപ്പിക്കുവാനും സാധാരണ ജനങ്ങളില്‍ എത്തിക്കുവാനും അദ്ദേഹം ശ്രമിച്ചത്. തുടര്‍ന്ന് ക്ഷേത്രചൈതന്യരഹസ്യത്തിന്റെ ഗഹനമായ അറിവുകളിലേക്ക് വിശ്വാസികളെ കൂട്ടിക്കൊണ്ടുപോകാനുള്ള ശ്രമം ആയിരുന്നു. ക്ഷേത്രസംരക്ഷണസമിതിയുടെ പ്രചാരകന്‍ എന്ന നിലയില്‍ മാധവ്ജി ചെയ്തിട്ടുള്ള പ്രസംഗങ്ങള്‍ക്ക് കണക്കില്ല. അവയെല്ലാം ക്ഷേത്രസംരക്ഷണസമിതി പ്രചാരകര്‍ക്കുള്ള പഠന ക്ലാസുകള്‍ ആയിരുന്നു. ആ പ്രസംഗങ്ങളാണ് ക്ഷേത്രചൈതന്യരഹസ്യം എന്ന പേരില്‍ പുസ്തകമാക്കിയിട്ടുള്ളത്.
ഇന്ന് ക്ഷേത്രോന്മുഖമായി കാണുന്ന നവോത്ഥാനത്തിനും ആത്മീയ ഉല്‍ക്കര്‍ഷത്തിനും ശാസ്ത്രീയമായ അടിത്തറ പാകിയത് മാധവ്ജിയാണ്. ഹിന്ദുസമാജം ഭാവഭേദം മറന്ന് ഒത്തുകൂടുന്ന ക്ഷേത്രസങ്കേതം ഹിന്ദു നവോത്ഥാനത്തിന്റെ കേന്ദ്രബിന്ദുവായി തീരണമെന്ന് അദ്ദേഹം ആഗ്രഹിച്ചതിന്റെ ഫലമായിട്ടാണ് കേരളക്ഷേത്രസംരക്ഷണ സമിതിയും തന്ത്രവിദ്യാപീഠവും രൂപമെടുത്തത്. ശാസ്ത്രീയ ആശയങ്ങള്‍ ആവിഷ്‌ക്കരിക്കാനും അത് താന്‍ ആഗ്രഹിക്കുന്നതു പോലെ പ്രവൃത്തിപഥത്തില്‍ എത്തിക്കുവാന്‍ വേണ്ട കര്‍മ്മ പദ്ധതികള്‍ ആവിഷ്‌ക്കരിക്കാനും അദ്ദേഹം സമര്‍ത്ഥനായിരുന്നു. കേരളത്തിലെ തന്ത്രിമുഖ്യന്മാരെയും പണ്ഡിത ശ്രേഷ്ഠരേയും ഒന്നിച്ചുചേര്‍ത്ത് അബ്രാഹ്മണര്‍ക്കും ക്ഷേത്രപൂജാരി ആകാമെന്ന പ്രഖ്യാപനം (പാലിയം വിളംബരം) നടത്താന്‍ മാധവ്ജിക്ക് കഴിഞ്ഞത് അദ്ദേഹത്തിന്റെ നിശ്ചയദാര്‍ഢ്യം ഒന്നുകൊണ്ടു മാത്രമാണ്.
ക്ഷേത്രത്തില്‍ നിത്യേന എത്തുന്ന ഭക്തനെ ഞാന്‍ എന്ന ഭാവത്തില്‍ നിന്ന് നാം എന്ന ഭാവത്തിലേക്ക് പരിവര്‍ത്തനം ചെയ്യാനാണ് സമിതിയുടെ കര്‍മ്മപദ്ധതിയില്‍ സാമൂഹ്യ ആരാധനയ്ക്ക് രൂപം കൊടുത്തത്. ക്ഷേത്രചൈതന്യം നിലനിര്‍ത്തണമെങ്കില്‍ അതിന് യോഗ്യരായ തന്ത്രിമാരും പൂജാരിമാരും ആവശ്യമാണെന്നുള്ള അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണമാണ് തന്ത്രവിദ്യാപീഠം സ്ഥാപിക്കാന്‍ ഇടയാക്കിയത്. ഇന്ന് തന്ത്രവിദ്യാപീഠത്തില്‍ പഠിച്ച വിദ്യാര്‍ത്ഥികള്‍ ശബരിമല, ഗുരുവായൂര്‍ തുടങ്ങിയ മഹാക്ഷേത്രങ്ങളിലെ മേല്‍ശാന്തിമാരായി സേവനമനുഷ്ഠിക്കുന്നു.
ആധുനികശാസ്ത്രത്തില്‍ അവഗാഹം നേടിയ മാധവ്ജിയുടെ സത്യാന്വേഷണതൃഷ്ണ വേദ, മന്ത്ര, തന്ത്ര, ജ്യോതിഷമേഖലകളിലേക്ക് തിരിഞ്ഞപ്പോള്‍ ഇതുവരെ കണ്ടെത്തിയിട്ടില്ലാത്ത പല പുതിയ ആശയങ്ങളും രൂപമെടുത്തു. പഞ്ചഭൂത കല്‍പ്പന, ഭസ്മത്തിന്റെ ശാസ്ത്രീയത, ജ്യോതിഷ ശാസ്ത്രത്തിന്റെ രഹസ്യം, ക്ഷേത്ര സങ്കല്പം തുടങ്ങിയ പ്രൗഢഗംഭീരമായ പഠനങ്ങള്‍ ഭാവി തലമുറയ്ക്ക് വേണ്ടി അദ്ദേഹം സംഭാവന ചെയ്തു.
ഭാരതീയ വിജ്ഞാന പൈതൃകത്തിന് ആധുനിക ശാസ്ത്രത്തേക്കാള്‍ വിശ്വാസ്യതയുണ്ടെന്ന് സമര്‍ത്ഥിച്ച ധിഷണാശാലിയായിരുന്നു മാധവ്ജി. രാഷ്ട്രീയ സ്വയംസേവകസംഘത്തിന്റെ രണ്ടാമത്തെ സര്‍സംഘചാലക് ആയിരുന്ന പരമപൂജനീയ ഗുരുജി ഗോള്‍വല്‍ക്കര്‍ രചിച്ച വിചാരധാര മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തത് മാധവ്ജി ആണ്.
1988 സപ്തംബര്‍ 12ന് അദ്ദേഹം നൂറുകണക്കിന് ശിഷ്യരെയും ആരാധകരെയും സംഘ കുടുംബത്തെയും നിത്യദുഃഖത്തിലാഴ്ത്തി അകാലത്തില്‍ നമ്മെ വിട്ടുപിരിഞ്ഞു.