ത്രികാലങ്ങളിലും സത്യമായതെന്തോ അതാണ് സനാതനം. സത്യം അനാദിയും അനശ്വരവുമാണ്. ഭാരതീയ ഋഷീശ്വരന്മാരുടെ തപസ്സില്‍ നിന്നും ഉരുവാര്‍ന്ന ദര്‍ശനങ്ങളാണ് സനാതന ധര്‍മ്മത്തിനാധാരം. ആ സനാതന ധര്‍മ്മമാണ് ഭാരത മഹാരാഷ്ട്രത്തിന്റെ ജന്മത്തിനും വാഴ്‌വിനും നിദാനം. സനാതന ധര്‍മ്മത്തെ ഇല്ലായ്മ ചെയ്യണമെന്ന് ആഗ്രഹിക്കുന്നവരും ആഹ്വാനം ചെയ്യുന്നവരും ഋഷി കുലത്തിന്റെ തപസ്സില്‍ പിറന്ന മാതൃഭാരതത്തെ ഇല്ലായ്മ ചെയ്യണമെന്നാഗ്രഹിക്കുന്ന തമോമയ ശക്തികളാണ്. അത്തരം ആസുരിക ശക്തികള്‍ സാന്നിധ്യമറിയിക്കുന്ന വര്‍ത്തമാനകാല രാഷ്ട്രീയ സാമൂഹ്യ സാഹചര്യത്തില്‍ സനാതന ധര്‍മ്മം എന്ത്, എങ്ങിനെ എന്ന് ആഴത്തില്‍ ചര്‍ച്ച ചെയ്യുകയാണ് കേസരി വാരികയുടെ ഓണം വാര്‍ഷിക പതിപ്പിലൂടെ. സനാതന ധര്‍മ്മത്തില്‍ നിന്നാണ് ഭാരതം രൂപമെടുത്തതെന്നും അതിലൂടെ അത് എപ്രകാരം വളരുകയും വികസിക്കുകയും ചെയ്തുവെന്നും സുചിന്തിതമായ അഭിപ്രായമായി ലോകത്തോട് വിളംബരം ചെയ്തവരില്‍ ഒരാളായിരുന്നു മഹര്‍ഷി അരവിന്ദന്‍. തന്റെ ഉത്തരപ്പാറ പ്രസംഗത്തില്‍ സനാതന ധര്‍മ്മമാണ് രാഷ്ട്രത്തിന്റെ പ്രാണനെന്ന് പ്രഖ്യാപിച്ച അദ്ദേഹം, സനാതന ധര്‍മ്മത്തിന് ഗ്ലാനി സംഭവിച്ചാല്‍ അത് ഭാരതത്തിന്റെ തിരോഭാവത്തിന് കാരണമാകുമെന്നും പ്രഖ്യാപിക്കുകയുണ്ടായി. ഭാരതസ്വാതന്ത്ര്യ സമരത്തിനു തന്നെ പ്രേരണയും പ്രചോദനവുമേകിയ സ്വാമി വിവേകാനന്ദനും സനാതന ധര്‍മ്മത്തിലാണ് രാഷ്ട്രത്തിന്റെ പ്രാണന്‍ കുടികൊള്ളുന്നതെന്ന് തിരിച്ചറിഞ്ഞിരുന്നു.
ഭാരതത്തില്‍ രൂപം കൊണ്ട മതങ്ങളിലും അനുഷ്ഠാനങ്ങളിലും ആചാരങ്ങളിലും കലകളിലും നാഗരിക നിര്‍മ്മിതികളിലുമെല്ലാം സനാതന ധര്‍മ്മത്തിന്റെ സ്പന്ദനങ്ങള്‍ കാണാന്‍ കഴിയും. അധിനിവേശ സാമ്രാജ്യത്വ ശക്തികളും പ്രത്യയശാസ്ത്രങ്ങളും വരത്തന്‍ മതങ്ങളുമെല്ലാം ശ്രമിച്ചത് സനാതന ധര്‍മ്മത്തിന്റെ അടയാളങ്ങളെപ്പോലും ഈ മണ്ണില്‍ നിന്നും പറിച്ചെറിയാന്‍ വേണ്ടിയാണ്. ഭാരതത്തില്‍ യുഗങ്ങളായി ജീവിക്കുന്ന മനുഷ്യരുടെ ജീനുകളെപ്പോലും സ്വാധീനിക്കാന്‍ കഴിയുന്നത്ര ശക്തമായ വേരോട്ടം സനാതന ധര്‍മ്മത്തിന് ഈ മണ്ണില്‍ ഉണ്ട്. അത് ബ്രാഹ്മണ്യത്തിന്റെ സൃഷ്ടിയാണെന്നും ഭൂരിപക്ഷ പിന്നാക്ക ജാതി വിഭാഗങ്ങള്‍ക്ക് അതില്‍ പങ്കില്ലെന്നുമുള്ള കൊളോണിയല്‍ വിഘടനവാദികളുടെ ആഖ്യാനം പില്‍ക്കാലത്തേറ്റെടുത്ത് പ്രചരിപ്പിച്ചത് കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികരായിരുന്നു. ആര്യ-ദ്രാവിഡ വാദത്തിലൂടെ രാഷ്ട്രബോധത്തില്‍ അന്തഃച്ഛിദ്രമുണ്ടാക്കാന്‍ ശ്രമിച്ച ഇക്കൂട്ടര്‍ തന്നെയാണ് ഇപ്പോള്‍ വിഭജിത ദക്ഷിണാ പഥം എന്ന വാദം ഉയര്‍ത്തി സനാതന ധര്‍മ്മത്തെ തകര്‍ക്കും എന്നാക്രോശിക്കുന്നത്. ഇടത്-ഇസ്ലാമിക മതമൗലികവാദികളാണ് ഇപ്പോള്‍ ഈ ആഖ്യാന നിര്‍മ്മിതികളുടെ പിന്നിലെ ചാലകശക്തിയായി വര്‍ത്തിക്കുന്നത്. സനാതന ധര്‍മ്മത്തിന്റെ സ്വയം നവീകരണ ക്ഷമത കൊണ്ടാണ് അത് കാലാതിവര്‍ത്തിയാകുന്നത്. സെമറ്റിക് മതബോധത്തിന്റെ കാലഹരണപ്പെട്ട അളവുകോലുകളുമായി അതിനെ സമീപിക്കുന്നവര്‍ക്കുള്ള ഉത്തരമാണ് സനാതനം എന്ന ഈ വാര്‍ഷിക പതിപ്പ്.
ഏവര്‍ക്കും കേസരിയുടെ ഓണാശംസകള്‍
ഡോ.എന്‍.ആര്‍.മധു
മുഖ്യപത്രാധിപര്‍