ഇന്ന് ഓണത്തിരുവോണം. ഇപ്പോള്‍ സ്വാമി സദ്യ കൊണ്ടുവരുമല്ലൊ എന്നു പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് അയ്യര്‍കാറ്ററിങ്ങില്‍നിന്ന് ഫോണ്‍ വന്നത്.
”ഞാന്‍ ശങ്കരയ്യരുടെ മകള്‍ ശിവകാമി. അപ്പാവുക്ക് സായംകാലം നെഞ്ചുവേദന വന്നു. ഉടനേ ഹാസ്പിറ്റലില്‍ കൊണ്ടുപോയി. അമ്മാവും കൂടെപ്പോയി. അപ്പ ഇപ്പോള്‍ ഐസിയുവിലാണ് സാര്‍.”
”ഇന്നേക്ക് സദ്യ ഓര്‍ഡര്‍ ചെയ്തിരുന്നല്ലൊ?” ”അതു പറയാനാ സാര്‍ വിളിച്ചത്. ചമയല്‍ ഒന്നും ചെയ്തിട്ടില്ല. നാരങ്ങയും പുളിയിഞ്ചിയും മട്ടുംതാന്‍ റെഡിയുണ്ട്. മന്നിക്കണം സാര്‍. വേറെ കാറ്ററിങ്ങില്‍ വിളിച്ചു നോക്കണം സാര്‍.””
”ഇപ്പൊഴാണോ വിളിച്ചുപറയുന്നത്?”
”അപ്പാവെ ഹാസ്പിറ്റലില്‍ കൊണ്ടുപോണ ബേജാറില്‍ എല്ലാം മറന്നുപോയി സാര്‍. വേറേയും നാല് ഓര്‍ഡര്‍ ഉണ്ടു സാര്‍. അവരോടും ഇപ്പഴാ സാര്‍ പറഞ്ഞത്.”
കോപം തിളച്ചുപൊങ്ങിയെങ്കിലും പ്രതികരിക്കാന്‍ നിന്നില്ല. അയ്യര്‍ ഹോസ്പിറ്റലില്‍ കിടക്കുമ്പോള്‍ വാക്കുകള്‍കൊണ്ടുപോലും അവരെ വേദനിപ്പിക്കരുത്.
”സാരമില്ല മോളെ. സ്വാമിക്ക് വേഗം സുഖാവട്ടെ.”
ജയദേവന്‍ മുറിയുടെ സീലിങ്ങില്‍ ദൃഷ്ടിയുറപ്പിച്ച്് സെറ്റിയില്‍ ചാരിയിരുന്നു. ശങ്കരയ്യര്‍ക്ക് അഡ്വാന്‍സ് വാങ്ങുന്ന ശീലമില്ലാത്തതിനാല്‍ സാമ്പത്തിക നഷ്ടമില്ല. സദ്യക്കെന്തു ചെയ്യും! കൃത്യം പതിനൊന്നുമണിക്ക് സദ്യ എത്തിക്കാമെന്ന് അയ്യര്‍ വാക്കുപറഞ്ഞതായിരുന്നു.
കുറുക്കുകാളന്‍. ഓലന്‍. അവിയല്‍. കൂട്ടുകറി. പൈനാപ്പിള്‍പച്ചടി. പുളിയിഞ്ചി. നാരങ്ങാക്കറി. സാമ്പാറ്. രസം. തൈര്. പപ്പടം. നാലുകൂട്ടം വറവ്. രണ്ടുകൂട്ടം പായസം!
”ചോറിന് ആന്ധ്രാപൊന്നി വേണംന്നു പറയൂ ഏട്ടാ.” ശ്രീമതി പ്രത്യേകം ഓര്‍മ്മിപ്പിച്ചിരുന്നു. സദ്യ വിളമ്പാനുള്ള നാക്കിലകളും സ്വാമി കൊണ്ടുവരും. കൈകഴുകി ഡൈനിങ്ങ് ടേബിളില്‍ ചെന്നിരിക്കണം. അത്രയേ ചെയ്യാനുള്ളു.
തിരുവോണദിവസം നിലത്തു പുല്‍പ്പായ വിരിച്ച്, ചമ്രംപടിഞ്ഞിരുന്ന്, ഇലയിട്ട് ഊണുകഴിച്ചിരുന്ന കാലമുണ്ടായിരുന്നു. ഇന്നോ, തറയില്‍ ആര്‍ക്കും ചമ്രംപടിഞ്ഞിരിക്കാന്‍ വയ്യ. ഇരുന്നാലും അങ്ങനെ ഇരുന്നുകൊണ്ട് ഊണുകഴിക്കാനറിയില്ല. അന്നത്തിനു മുമ്പില്‍ തലകുനിക്കണമെന്ന് പഴമക്കാര്‍ പറയുന്നു. പുതുക്കക്കാരെക്കൊണ്ടതിനു കഴിയുന്നില്ല.
പഴയ ശീലങ്ങള്‍ മറക്കാം. ഡൈനിങ്ങ് ടേബിളില്‍ ഇലവെക്കാം. വിളമ്പാന്‍ പെണ്ണുങ്ങളുണ്ടല്ലോ.
സദ്യയല്ലേ, പുരുഷന്മാര്‍ക്കു വിളമ്പിക്കൂടെ എന്നാണെങ്കില്‍ അങ്ങനേയുമാവാം. പുരുഷന്മാര്‍ റെഡി. ജയദേവനും ശോഭയുടെ അനിയന്‍ രാഘവനും അനിയത്തിമാരുടെ കെട്ടിയവന്മാരായ ശിവരാമനും മുകുന്ദനുണ്ണിയും.
വൈകുന്നേരം സ്വാമി വരുമ്പോഴേക്കും പാത്രങ്ങള്‍ അയാളുടെ സഞ്ചികളില്‍ പെറുക്കിയിട്ടുകൊടുക്കുകയേ വേണ്ടൂ. ‘ക്ലീന്‍ചെയ്യുകയൊന്നും വേണ്ട സാര്‍’ എന്ന് അയ്യര്‍ അടിവരയിട്ടു പറഞ്ഞിട്ടുണ്ട്. അയ്യര്‍ ബില്ലു തരുന്നതും അപ്പോഴാണ്. അതില്‍ പറയുന്ന തുക എണ്ണിക്കൊടുക്കുക. അതാണ് ജയദേവന്‍ ചെയ്യേണ്ടത്.
ശങ്കരയ്യരുടെ അപ്പാവും പെരിയപ്പാവും പേരെടുത്ത ചമയല്‍ക്കാരായിരുന്നു. കൈപ്പുണ്യത്തില്‍ ഒട്ടും പിറകോട്ടല്ല ശങ്കരയ്യരും. വിഭവങ്ങളുടെ ഗുണമേന്മ എപ്പൊഴേ ഉറപ്പിക്കാം.
ഇടിവെട്ടിയകണക്ക് അട്ടംനോക്കി നിശ്ചലനായിരിക്കുന്ന ജയദേവനെ കണ്ടിട്ടായിരിക്കണം ഡ്രോയിങ്ങ്‌റൂമിലേക്കു കടന്നുവന്ന ശോഭ പേടിച്ചുപോയി.
”ഏട്ടാ എന്തുപറ്റി?””
”സദ്യ വരില്ല.””
”സദ്യ വരില്ലെ!”
”ശങ്കരയ്യര്‍ക്ക് ഹാര്‍ട്ട്അറ്റാക്ക്. മകള്‍ ശിവകാമിയാണ് വിളിച്ചത്. സ്വാമി ഐസിയുവിലാണ്.”
”സദ്യ കൊണ്ടുവരാനാളില്ലെങ്കില്‍ ഏട്ടന് കാറെടുത്ത് പോവാലോ. രാഘവനെ കൂട്ടിക്കോളു.”
”സദ്യ ഉണ്ടാക്കിയിട്ടില്ലെന്ന്! അടുപ്പുകത്തിക്കാന്‍ നേരത്തല്ലെ സ്വാമിക്ക് ഹാര്‍ട്ടറ്റാക്ക് വന്നത്.”
”എന്നാല്‍ അവര് നേരത്തെ പറയണ്ടെ ഏട്ടാ. വേറെയും കാറ്ററിങ്ങ്കാരുണ്ടല്ലോ പാലക്കാട്ട്?””
”ബേജാറുകാരണം ഓര്‍മ്മ വന്നില്ലെന്ന്.”
ശോഭയുടെ നേരനിയത്തി സുമതിയും ശിവരാമനും മക്കളും അമ്പലത്തില്‍ പോയിരിക്കുന്നു. തിരക്കുള്ളതുകൊണ്ടായിരിക്കാം മടക്കം വൈകുന്നത്. രണ്ടാമത്തെ അനിയത്തി സുജാതയും മുകുന്ദനുണ്ണിയും മകളും പുലര്‍ച്ചേ തിരുവനന്തപുരത്തുനിന്നു പുറപ്പെട്ടിട്ടുണ്ട്. തൃശൂരുവിട്ടു എന്നാണ് പത്തുമണിക്കു വിളിച്ചപ്പോള്‍ പറഞ്ഞത്. അവരിപ്പോഴിങ്ങെത്തും. പന്ത്രണ്ടുമണിക്ക് ഇലവെക്കാമെന്നായിരുന്നു പ്രതീക്ഷ. ഓണമല്ലെ, ഒരുമണിക്കെങ്കിലും ഊണു വിളമ്പണ്ടെ.
ശ്രീമാനും ശ്രീമതിയും പരസ്പരം നോക്കി, അങ്ങനെ ഇരുന്നു കുറച്ചുനേരം. എന്തൊരു സ്പീഡാണ് ചുവരിലെ ക്ലോക്കിന്റെ സെക്കന്റ്‌സൂചിക്ക്!
രാഘവനും പുഷ്പയും മുകളിലുണ്ട്. രാവിലത്തെ ചായകുടി കഴിഞ്ഞ് വീണ്ടും കോണികേറിപ്പോയതാണ്. എറണാകുളത്തായതുകൊണ്ട് വൈകുന്നേരം അഞ്ചുമണിക്ക് ജോലി കഴിഞ്ഞ് ഒമ്പതുമണിയോടെ അവര്‍ പാലക്കാട്ടെത്തി. ഇടക്ക് പുഷ്പയുടെ കുണുങ്ങിച്ചിരി കേള്‍ക്കാം. ഒരു വര്‍ഷം മുമ്പായിരുന്നു അവരുടെ വിവാഹം. ഇപ്പോഴും മധുവിധുവിന്റെ മധുരം മാഞ്ഞിട്ടില്ല.
ജയദേവന്‍ ചാടിയെണീറ്റു, എന്നു പറയുന്നതായിരിക്കും ശരി.
”നീ ഒരുകാര്യം ചെയ്യ്. തൂക്കുപാത്രങ്ങള്‍ മൂന്നുനാലെണ്ണം, വലിയ ടിഫിന്‍ കാരിയര്‍, രണ്ടുമൂന്ന് അടപ്പുള്ള സ്റ്റീല്‍പാത്രങ്ങള്‍. എല്ലാം ബിഗ്‌ഷോപ്പറുകളിലാക്കി കാറിന്റെ ഡിക്കിയില്‍ വെക്ക്. ഞാനൊന്നു കറങ്ങിനോക്കട്ടെ.””
”എവിടെപ്പോകാനാണേട്ടാ?””
”അമൃതപുരിയില്‍ പോയിനോക്കാം. ഇല്ലെങ്കില്‍ നിള കാറ്ററിങ്ങുണ്ട്. രാഘവനോട് വരാന്‍ പറ. എനിക്കൊരു കൈസഹായത്തിനിരിക്കട്ടെ.””
അയാള്‍ കാര്‍ സ്റ്റാര്‍ട്ടുചെയ്ത് തിരിച്ചുനിര്‍ത്തി. ശ്രീമതി റിക്കാര്‍ഡുവേഗത്തില്‍ പാത്രങ്ങള്‍ കഴുകിത്തുടച്ച് ബിഗ്‌ഷോപ്പറുകളില്‍ ഡിക്കിയില്‍വെച്ചു.
അപ്പോഴേക്കും രാഘവനും വന്നു. നൂറുമൈല്‍ സ്പീഡില്‍ ജയദേവന്‍ വണ്ടി ടൗണിലേക്കുവിട്ടു.
ടൗണിലെ പേര്‍പെറ്റ കാറ്ററിങ്ങ് സ്ഥാപനമാകുന്നു അമൃതപുരി. കാറ്ററിങ്ങ് മാത്രമല്ല, കല്യാണമണ്ഡപം, മിനികോണ്‍ഫറന്‍സ് ഹാളുകള്‍, സായാഹ്നവിരുന്നുകള്‍ക്ക് അണിയിച്ചൊരുക്കുന്ന കറുകപ്പുല്ലു പടര്‍ത്തി പച്ചപിടിപ്പിച്ച ലോണുകള്‍. ടൗണിലെ മറ്റു കല്യാണമണ്ഡപങ്ങളില്‍ നടക്കുന്ന വിവാഹങ്ങളും വിരുന്നുകളും ഏറ്റെടുത്തു നടത്താന്‍ അമൃതപുരി മുന്നില്‍.
തിരുവോണസദ്യക്ക് ധാരാളം ഓര്‍ഡറുകള്‍ കാണും. പകര്‍ച്ചയുമായി അവരുടെ വാനുകള്‍ നേരത്തേ പുറപ്പെട്ടിട്ടുണ്ടാവും. സദ്യയുടെ വിഭവങ്ങള്‍ നേരിട്ടു വാങ്ങിപ്പോകുന്നവര്‍ ഇതിനകം വന്നുപോയിട്ടുണ്ടാവും.
അമൃതപുരിയുടെ വിശാലമായ കോമ്പൗണ്ട് ഉത്സവം കഴിഞ്ഞ അമ്പലപ്പറമ്പുപോലെ വിജനമായിക്കിടക്കുന്നു.
പോര്‍ട്ടിക്കോയില്‍ കാര്‍നിര്‍ത്തി. റിസപ്ഷനിലേക്കു കേറിച്ചെന്നു.
”പത്തുപേര്‍ക്കു സദ്യ —–”
”തീര്‍ന്നല്ലോ സാറെ. കാലത്ത് ഒന്നു ഫോണ്‍ ചെയ്യായിരുന്നില്ലേ?” ”
”കല്‍പ്പാത്തി ശങ്കരയ്യരാണ് സദ്യ ഏറ്റത്. സ്വാമിക്ക് ഹാര്‍ട്ട് അറ്റാക്ക്.””
”പാവം. നല്ല മനുഷ്യനായിരുന്നു. നിളയില്‍ ഒന്നന്വേഷിക്ക് സാറെ.”
അടുക്കളയില്‍ എന്തെങ്കിലും ബാക്കി ………”
അയാള്‍ അകത്തേക്കു പോയി. പോയവേഗത്തില്‍ തിരിച്ചുവന്നു.
”പാലട ഒരു ലിറ്റര്‍ കാണും. അവിയലും കുറുക്കുകാളനും കൂട്ടുകറിയും ഉള്ളതുതരാം. പാത്രങ്ങള്‍ കഴുകാന്‍ പുറപ്പെട്ടതാണ് പെണ്ണുങ്ങള്‍. ഞാന്‍ തടുത്തുവെച്ചിട്ടുണ്ട്. എന്തു ചെയ്യണം സാര്‍?”
”ഉള്ളതെടുത്തോളൂ.””
കാറില്‍നിന്ന് അത്യാവശ്യം പാത്രങ്ങളെടുത്ത് അയാളെ ഏല്‍പ്പിച്ചു. പത്തുമിനിട്ടിന്റെ കാത്തിരിപ്പ് പത്തുമണിക്കൂറുപോലെ തോന്നിച്ചു. വിഭവങ്ങള്‍ നിറച്ച പാത്രങ്ങള്‍ ഡിക്കിയില്‍ ഒതുക്കിവെച്ചു. അടപ്പുള്ള പാത്രങ്ങളാണെങ്കിലും മറിയാതെ നോക്കണം. ചിലപ്പോള്‍ തുറന്നുപോകും. പാലട പ്രത്യേകം പ്ലാസ്റ്റിക്ഡബ്ബയില്‍.
പറഞ്ഞ തുക എണ്ണിക്കൊടുത്തു. അയാള്‍ റസീറ്റുബുക്കു തുറന്നു.
”റസീറ്റു വേണ്ട.”
അയാള്‍ക്കു സന്തോഷമായി. അയാള്‍തന്നെ നിളയിലേക്കു ഫോണ്‍ ചെയ്തു.
”പത്തുപേര്‍ക്കു സദ്യ വേണം. ആള്‍ ഇപ്പോഴെത്തും.”
മറുതലയ്ക്കല്‍നിന്നു കേട്ട മറുപടി ആശാവഹമല്ലെന്ന് അയാളുടെ മുഖം വിളിച്ചുപറഞ്ഞു.
”എല്ലാം തീര്‍ന്നു സാര്‍. പാത്രം കഴുകിത്തുടങ്ങിയെന്ന്.”
അയാളോട് യാത്രപറഞ്ഞ് ജയദേവന്‍ കാറില്‍ കയറി. ശോഭയ്ക്കു ഫോണ്‍ ചെയ്തു.
കാര്യങ്ങള്‍ അവളെ പറഞ്ഞു ബോധ്യപ്പെടുത്താനാണ് പാടുപെട്ടത്.
‘ഞാനപ്പൊഴേ പറഞ്ഞില്ലേ’ എന്ന് അവളുടെ സ്ഥിരം പല്ലവി. ഏട്ടന്റെ ശ്രദ്ധയില്ലായ്മകൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിച്ചതെന്ന് അവള്‍ കുറ്റപ്പെടുത്തുന്നു.
”രാവിലെത്തന്നെ അയ്യര്‍മഠത്തിലേക്കു ഫോണ്‍ ചെയ്യായിരുന്നില്ലേ?” ” അതിനൊക്കെയുള്ള മറുപടി പിന്നീടൊരു ദിവസത്തേക്കു മാറ്റിവെച്ചുകൊണ്ട് ജയദേവന്‍ പറഞ്ഞു:
”വേഗം അരി കഴുകി അടുപ്പത്തിട്. ഒരു സാമ്പാറുവെച്ചോ. കായും പയറും കൊണ്ടൊരു മെഴുക്കുപുരട്ടി ആവാം. ഒരു ലിറ്റര്‍ പാലട കിട്ടി. അവിയലും കുറുക്കുകാളനും കൂട്ടുകറിയും സ്പൂണുകൊണ്ടു വിളമ്പാന്‍ വേണ്ടതുണ്ട്.”
2
അത്തം നാള്‍. ഓണം പടിവാതുക്കലെത്തിനില്‍ക്കുന്ന ദിവസം.
ഇപ്രാവശ്യത്തെ ഓണത്തിന് അവളുടെ അനിയത്തിമാരേയും അനിയനേയും ഓണംകൂടാന്‍ വിളിക്കാമെന്ന് ശോഭ.
നല്ല കാര്യം. മകനും മരുമകളും ദുബായില്‍. മകളോ, അങ്ങു ദൂരെ ന്യൂയോര്‍ക്കില്‍ ഭര്‍ത്താവിന്റെ കൂടെ. വര്‍ഷത്തിലെപ്പോഴെങ്കിലുമൊരിക്കല്‍ ആഘോഷമായി മക്കള്‍ നാട്ടില്‍ വരുന്നു. മൂന്നാറിലേക്കോ കുമരകത്തേക്കോ ഊട്ടിയിലേക്കോ മറ്റേതെങ്കിലും സുഖവാസകേന്ദ്രത്തിലേക്കോ തീര്‍ത്ഥയാത്ര പോകുന്നു. വന്ന സ്പീഡില്‍ മടങ്ങിപ്പോകുന്നു. ഓണത്തിനും വിഷുവിനും നാട്ടില്‍ പോകണമെന്ന് അവര്‍ സ്വപ്നംകാണുന്നുപോലുമുണ്ടാവില്ല.
ജയദേവനും ശ്രീമതിയോടു യോജിച്ചു.
ശിവരാമന്‍ ബാംഗ്ലൂരില്‍ ഐടി കമ്പനി മാനേജര്‍. പുലര്‍ച്ചേ പുറപ്പെടുകയാണെങ്കില്‍ രണ്ടുമണിയോടെ പാലക്കാട്ട്. ബാംഗ്ലൂരില്‍നിന്ന് കാറോടിച്ചുവരാന്‍ എന്നും ഹരമാണ് ശിവരാമന്.
മുകുന്ദനുണ്ണി തിരുവനന്തപുരത്ത് ഒരു ന്യൂജനറേഷന്‍ ബാങ്കിന്റെ സാരഥി. അവന്റെ ഭാര്യ സുജാത കഴക്കൂട്ടം ഐ.ടി.പാര്‍ക്കില്‍. അവര്‍ക്കും സ്വന്തം കാറുണ്ട്. ആറോ ഏഴോ മണിക്കൂറുകൊണ്ട് പാലക്കാട്ടെത്താം.
രാഘവന്‍ കാക്കനാട്ടെ ഐ.ടി.പാര്‍ക്കില്‍. അവന്റെ ഭാര്യയും അവിടെത്തന്നെ. അവരും അവരുടെ കാറോടിച്ചുവരും. വെറും നാലു മണിക്കൂറു മതി പാലക്കാട്ടേക്ക്.
ആളും ബഹളവും കുട്ടികളും അവരുടെ കളിയും ചിരിയും കലശലും. ഓണം കേമമാക്കണം.
പഠിത്തം കഴിഞ്ഞ് പരദേശത്തേക്ക് വണ്ടികേറുന്നതുവരെ തറവാട്ടില്‍ ഓണമാഘോഷിക്കുമായിരുന്നു. അന്ന് അമ്മയുണ്ട്. ഓണം കൊണ്ടാടണമെന്ന് അമ്മയ്ക്കായിരുന്നു നിര്‍ബന്ധം.
അത്തംതൊട്ടു പൂവിട്ടു തുടങ്ങുന്നു. പൂരാടത്തിനും ഉത്രാടത്തിനും പൂക്കളത്തിനു പകരം മാതേവരെ മണ്ണുകൊണ്ടു മെനഞ്ഞുണ്ടാക്കി വെയ്ക്കുന്നു. പൂരാടത്തിനു മൂന്ന്, ഉത്രാടത്തിന് അഞ്ച്. മാതേവരുടെ എണ്ണം കുറയരുത്. എങ്കില്‍ അടുത്ത ഓണമുണ്ണാന്‍ വീട്ടിലൊരാള്‍ കുറയുമെന്നാണ് സങ്കല്‍പ്പം. തിരുവോണപ്പുലര്‍ച്ചേ തൃക്കാക്കരയപ്പനേയും മഹാബലിയേയും അരിമാവുകൊണ്ടണിഞ്ഞ മുറ്റത്ത് കുടിവെച്ച്, പരിവാരങ്ങളായി ആറു മാതേവരേയും തൃക്കാക്കരയപ്പന്റെ ചുറ്റിനും പ്രതിഷ്ഠിച്ച്, ചിങ്ങമഴച്ചാറ്റലേല്‍ക്കാതിരിക്കാന്‍ പുത്തന്‍ പട്ടക്കുട ചൂടിച്ച്, പൂജ കഴിച്ചും പൂവട നിവേദിച്ചും ഓണം കൊണ്ടാടിയ ബാല്യകൗമാരങ്ങള്‍. പ്രാതലിന് ഇലയടയും പഴന്നുറുക്കും വറുത്തുപ്പേരിയും. ഉച്ചക്ക് ചതുര്‍വിഭവങ്ങളോടെ സദ്യ. അടയോ പരിപ്പോ പഴമോ പ്രഥമന്‍.
വര്‍ഷങ്ങള്‍ക്കുശേഷം പ്രവാസജീവിതം അവസാനിപ്പിച്ച് പിറന്ന നാട്ടില്‍ തിരിച്ചെത്തിയപ്പൊഴോ, അമ്മയില്ലാത്തതുകൊണ്ടാവാം ഓണം വീടും നാടും വിട്ടുപോയിരിക്കുന്നു.
ഏട്ടന്‍ വിശ്രമജീവിതത്തിനു പറ്റിയ ഇടമന്വേഷിച്ചുനടന്ന് തൃശൂര് ഫ്‌ളാറ്റു വാങ്ങി. തറവാട്ടുവളപ്പില്‍ത്തന്നെ വീടുവെക്കാനായിരുന്നു ജയദേവനിഷ്ടം. പാടത്തിന്റെ കരയ്ക്ക് വിശാലമായ വളപ്പ്. ചെറിയ, ഓടിട്ട വീട്. അടുക്കളക്കിണറില്‍ നിലയില്ലാത്ത വെള്ളം. ഒരിക്കലും വറ്റാത്ത, കല്ലുകെട്ടിപ്പടുത്ത, ചെറുതെങ്കിലും ചന്തമുള്ള കുളം. തെളിഞ്ഞ വെള്ളം. വെള്ളത്തില്‍ മുഖം നോക്കാം. വീട്ടിന്റെ കോലയിലിരുന്ന് പാടത്തിനക്കരെ മരക്കൂട്ടങ്ങള്‍ക്കു പിറകില്‍ ആദിത്യനുദിച്ചുയരുന്നതു കാണാം.
വീട് ചിതലരിച്ചു തുടങ്ങിയിരുന്നു. കുടുസ്സുമുറികള്‍. സൗകര്യം കുറവ്. എങ്കിലും ഈ വീടിന്റെ വടക്കേ അറയിലാണല്ലോ അമ്മ എന്നെ പ്രസവിച്ചത്.
സന്താപത്തോടെയാണെങ്കിലും, വീട് പൊളിച്ചുകളഞ്ഞ് കാറ്റും വെളിച്ചവും കടന്നു വരുന്ന പുതിയ ബംഗ്ലാവു വെക്കാമെന്ന് ആലോചിച്ചതായിരുന്നു. ഓര്‍മ്മകളെ താലോലിച്ചുകൊണ്ട് ശിഷ്ടജീവിതം കഴിച്ചുകൂട്ടാം. പാടത്തിന്റെ ഓരത്തായതിനാല്‍ വാഹനം തറവാട്ടുവളപ്പിലേക്കു വരില്ലെന്നൊരു ദോഷമുണ്ട്. എന്നിട്ടും അവിടെത്തന്നെ വീടുവെക്കാനായിരുന്നു മോഹം.
കാറ് മുറ്റത്തു വരണം. ശോഭയ്ക്കു നിര്‍ബന്ധം. അര്‍ദ്ധനാരീശ്വരനാണല്ലൊ. സമ്മതിച്ചു കൊടുത്തു.
ജനിച്ചുവളര്‍ന്ന വീടും കാടുകാട്ടിനടന്ന പറമ്പും കിട്ടിയ വിലയ്ക്ക് വിറ്റൊഴിച്ചു. പാലക്കാടു ടൗണില്‍ നിന്നകലെയല്ലാതെ കൃത്യം എട്ടു സെന്റു സ്ഥലം വാങ്ങി. സമൂഹത്തിലെ മേല്‍ത്തട്ടില്‍ വിഹരിക്കുന്നവരുടെ വസതികളാണ് ചുറ്റും. ഇരുനില ബംഗ്ലാവു വെച്ചു. പോര്‍ച്ചില്‍ ഫോര്‍ഡിന്റെ ലക്ഷ്വറിമോഡല്‍ കാര്‍. ബംഗ്ലാവിനു ചുറ്റോടുചുറ്റും ടൈലൊട്ടിച്ചു ഭംഗിയാക്കി. വീടിനു മുമ്പില്‍, കാഴ്ചപ്പുറത്ത്, ചായം തേച്ച സിമന്റുചട്ടികളില്‍ വരിയായി വെച്ച അലങ്കാരച്ചെടികള്‍. അവിടവിടെ അറേബ്യന്‍ കള്ളിച്ചെടികള്‍. ആന്തൂറിയം. (അലങ്കാരച്ചെടികളില്‍ വിടരുന്നത് നിറമുണ്ടെങ്കിലും മണമില്ലാത്ത പൂക്കള്‍). റോഡരികില്‍, മതിലിനിപ്പുറം നിരക്കേ കാറ്റാടി മരങ്ങള്‍. ആളുയരമുള്ള ഗേറ്റിനിരുവശത്തും മതില്‍ക്കെട്ടുകളുടെ നെറ്റിമേല്‍പതിച്ച ചെറിയ ഗ്രാനൈറ്റ് ഫലകം:
‘ശ്രീസദന്‍’ – ‘സി.ജെ. നായര്‍’
തുളസിയും തെച്ചിയും ചെമ്പരുത്തിയും മന്ദാരവും എന്തേ നട്ടുപിടിപ്പിക്കാന്‍ തോന്നാതിരുന്നത്! വീടിനു പിറകില്‍ മുഴുവന്‍ സ്ഥലത്തും ടൈലുപതിച്ചതിനാല്‍ ഒരു മൂടു വാഴപോലും വെയ്ക്കാന്‍ പഴുതില്ല. വേണമെങ്കില്‍ ടൈല്‍ ഇളക്കിമാറ്റേണ്ടിവരും.
3
ഓണം ഏടത്തിയുടെ അടുത്താവാമെന്ന് അനിയത്തിമാരും അനിയനും സമ്മതിച്ചു.
”പ്രാതലിന് ഇലയടയും പഴന്നുറുക്കും എന്റെ വക.” ജയദേവന്‍ വാക്കു പറഞ്ഞു.
അടയും പഴന്നുറുക്കും ഉരുളിയില്‍ ഒപ്പം വേവിക്കുന്ന വിദ്യ ജയദേവന്‍ അമ്മയില്‍നിന്നു പഠിച്ചുവെച്ചിട്ടുണ്ട്. ഉത്രാടദിവസം അത്താഴശേഷം ഉരുളി അടുപ്പത്തുവെച്ച്, അടിയിലിത്തിരി വെള്ളമൊഴിച്ച്, തിളച്ചുവരുമ്പോള്‍ നേന്ത്രപ്പഴം നുറുക്കിയിട്ട്, മീതെ വാഴയുടെ കണകൊണ്ടു തടതീര്‍ത്ത്, അതിനുമീതെ ഇലയട പരത്തിമടക്കി അടുക്കി, വലിയ തട്ടുകൊണ്ട് ഉരുളിയുടെ വാവട്ടം അടച്ചുവെക്കുക. നന്നായി ആവി വരുമ്പോള്‍ തീക്കൊള്ളിപിരിഞ്ഞിടുക. അടുപ്പില്‍ കനല്‍ ജ്വലിച്ചു കിടക്കും, രാവേറെച്ചെന്നാലും. പുലരാന്‍നേരം തട്ടു മാറ്റിനോക്കുമ്പോള്‍ അടയും പഴന്നുറുക്കം പാകത്തിനു വെന്തിട്ടുണ്ടാവും. ഇവിടെ വിറകടുപ്പില്ലാത്തിനാല്‍ ഗ്യാസടുപ്പില്‍ വേവിക്കണം. അതു സാരമില്ല.
ഇലയടയിലൊന്ന് നേന്ത്രപ്പഴം അരിഞ്ഞിട്ട് പ്രത്യേകം വേവിക്കണം, മറന്നുപോകാതെ. അത് പൂവടയാണ്. മാതേവര്‍ക്കു നിവേദിക്കാന്‍ പൂവട വേണം. നേദിച്ചുകഴിഞ്ഞാല്‍ പൂവടയുടെ അവകാശം പൂജിക്കുന്ന ആള്‍ക്കായിരിക്കും. എന്നും പൂവടയ്ക്ക് അവകാശി ഏട്ടനായിരുന്നു. കൊതിപെടാതിരിക്കാന്‍ അതില്‍കുറച്ചനിയനും തരും ഏട്ടന്‍.
”അടയും പഴന്നുറുക്കും ഏട്ടനേറ്റല്ലൊ. കായ നാലുവറവ് വെളിച്ചെണ്ണയില്‍ വറുത്തത് മോഡേണ്‍ ബേക്കറിയില്‍ കിട്ടും. സദ്യ നമുക്ക് കാറ്ററിങ്ങില്‍ പറയാം.” ശ്രീമതി.
ഊതിവീര്‍പ്പിച്ചുവന്ന ബലൂണ്‍ സൂചികൊണ്ടു കുത്തിപ്പൊട്ടിച്ചപോലെ ജയദേവന്‍ ഹതാശനായി.
”സദ്യ നമുക്കുണ്ടാക്കിക്കൂടെ. നിങ്ങള്‍ നാലു പെണ്ണുങ്ങളില്ലെ. ഞങ്ങള്‍ ആണുങ്ങള്‍ സഹായിക്കാം. പായസത്തിന്റെ കാര്യവും ഞാനേല്‍ക്കാം. പരിപ്പുവേണോ പാലട വേണോ?””
ഓണത്തിനും പിറന്നാളുകള്‍ക്കും പായസം വെപ്പില്‍ അമ്മയോടൊപ്പംനിന്ന പരിചയമുണ്ട് ജയദേവന്്. അയ്യേ എന്നു പറയിക്കില്ല.
”അതൊന്നും ശരിയാവില്ലേട്ടാ. നല്ലോരു ദിവസായിട്ട് അടുക്കളയില്‍ കിടന്നു കഷ്ടപ്പെടാനൊന്നും ഞങ്ങള്‍ക്കു വയ്യ. ഞങ്ങള്‍ക്കും വേണ്ടേ ഒരു റെസ്റ്റ്.””
തിരുവോണദിവസം ഭക്ഷണം പുറത്തുനിന്നു വരുത്തിക്കഴിക്കാന്‍ മനസ്സു വരുന്നില്ല. ശ്രീമതിയോ അമ്പിനും വില്ലിനും അടുക്കുന്നില്ല.
അപ്പോള്‍ ജയദേവന്‍ ആഗ്നേയാസ്ത്രം പ്രയോഗിച്ചു:
”എങ്കില്‍ ഞാന്‍ തിരുവോണത്തിന് ഹോട്ടലില്‍പോയി ഊണു കഴിക്കും!”
ജയദേവന്റെ ആഗ്നേയാസ്ത്രം ശോഭ വരുണാസ്ത്രംകൊണ്ടു തടുത്തു. അവളുടെ നീണ്ടിടംപെട്ട കണ്ണുകള്‍ ചുവന്നുകലങ്ങി. കണ്ണീര്‍ കവിളിലൂടെ ഒലിച്ചിറങ്ങി.
ആ കണ്ണീര്‍പ്രവാഹത്തില്‍ അയാളുടെ നിലതെറ്റി. ജയദേവന്‍ അടിയറവു പറഞ്ഞു.
”നിന്റെ ഇഷ്ടം. നമുക്ക് സദ്യ ശങ്കരയ്യരെ വിളിച്ചുപറയാം.””
കാറ്ററിങ്ങില്‍ മുടിചൂടാമന്നനാണല്ലോ ശങ്കരയ്യര്‍. അമൃതപുരിയും നിളയും പാലക്കാട്ട് നിറഞ്ഞാടുമ്പോഴും ശങ്കരയ്യര്‍ക്കു തിരക്കുതന്നെ. ചെറിയ സദ്യകള്‍ ശങ്കരയ്യര്‍ ഏറ്റെടുത്തു നടത്തുന്നു. വലിയ സദ്യകള്‍ക്കുവേണ്ട സന്നാഹമില്ലാത്തതിനാല്‍ അയ്യര്‍ സ്വയം വഴിമാറിക്കൊടുക്കുന്നു. വലിയ കല്യാണങ്ങള്‍ക്ക് ദേഹണ്ഡത്തിന്റെ മേല്‍നോട്ടം മാത്രം മതിയെങ്കില്‍ സ്വാമി തയ്യാര്‍.
4
ജയദേവനും രാഘവനും അമൃതപുരിയില്‍നിന്നിറങ്ങി. കാറിനിപ്പോള്‍ പഴയ സ്പീഡില്ല. സ്പീഡോമീറ്ററിന്റെ സൂചി ഇരുപതു കടക്കുന്നില്ല.
ഒരു ചടങ്ങിന് നിളയിലൊന്നു കേറി. പാത്രങ്ങള്‍ കഴുകിക്കമിഴ്ത്തിയല്ലോ സാറെ എന്ന പ്രതീക്ഷിച്ച മറുപടി കേട്ട് വീണ്ടും കാറ് സ്റ്റാര്‍ട്ടു ചെയ്തു. കാറിന്റെ വേഗത കണ്ട് രാഘവന് അത്ഭുതം.
”എന്തായിത് ഏട്ടാ!”
”അരിവേവാനും സാമ്പാറുണ്ടാക്കാനും സാവകാശം വേണ്ടേ രാഘവാ?”
അതുശരിയാണെന്ന് അവനും സമ്മതിച്ചു.
മടക്കത്തില്‍ ജയദേവന്‍ നല്ലൊരു കാര്യം ചെയ്തു. വഴിയില്‍കണ്ട പലവ്യഞ്ജനക്കടയുടെ മുമ്പില്‍ കാര്‍ നിര്‍ത്തി. രണ്ടു പാക്കറ്റു പപ്പടം വാങ്ങി. പപ്പടം സ്വാമി കാച്ചിക്കൊണ്ടുവരും. അതാണ് ‘’ശങ്കരയ്യര്‍സ്റ്റൈല്‍.’ കാച്ചിയ പപ്പടം പ്രതീക്ഷിച്ചിരുന്നതിനാല്‍ പപ്പടം സ്റ്റോക്കുണ്ടാവില്ല. പപ്പടമില്ലാത്ത ഓണം സങ്കല്‍പ്പിക്കാന്‍പോലും വയ്യ. മരണാടിയന്തിരങ്ങള്‍ക്കു മാത്രമാണ് സദ്യക്കു പപ്പടം വിളമ്പിക്കൂടാത്തത്.
പോര്‍ച്ചിലേക്ക് കാറ് കയറ്റുമ്പോഴേക്കും ശ്രീമതി ഓടിവന്നു. പാലടയുടെ പ്ലാസ്റ്റിക് ഡബ്ബയും ബാക്കി വിഭവങ്ങള്‍ നിറച്ച കൊച്ചുകൊച്ചു പാത്രങ്ങളും ബിഗ്‌ഷോപ്പറില്‍വെച്ച് രാഘവന്‍ ഏടത്തിക്കു കൊടുത്തു. ഒഴിഞ്ഞ പാത്രങ്ങള്‍ മറ്റൊരു ബാഗിലിട്ട് അവന്‍ അകത്തേക്കു പോയി.
ജയദേവന്‍ ഡ്രോയിങ്ങ് റൂമിലെ ക്ലോക്കില്‍ നോക്കി.
മണി മൂന്ന്.
സാമ്പാറിന്റെ കൊതിപ്പിക്കുന്ന മണം മുക്കിലേക്കടിച്ചുകയറുന്നു. വയറ്റിനകത്ത് വിശപ്പ് ചുരമാന്തുന്നു. മൂന്നരയ്‌ക്കെങ്കിലും ഇല വെയ്ക്കാനായാല്‍ ഭാഗ്യം!
അതിന് ഇലയെവിടെ!