(പഞ്ചാബിലെ ഖദൂര്‍ സാഹിബിലെയും കാശ്മീരിലെ ബാരാമുള്ളയിലെയും തിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യുകയാണ് ലേഖകന്‍)
2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പ്രവചനങ്ങളെ പാടെ തെറ്റിച്ചുകൊണ്ടുള്ളതായിരുന്നു. ബി.ജെ.പിക്ക് ഒറ്റയ്ക്ക് കേവലഭൂരിപക്ഷം ലഭിക്കാതെ പോയതും, കോണ്‍ഗ്രസിന്റെ സീറ്റ് വര്‍ദ്ധനവും, ദക്ഷിണേന്ത്യയില്‍ ബി.ജെ.പി കരുത്തു തെളിയിച്ചതും ഒക്കെയാണ് ഈ തിരഞ്ഞെടുപ്പിന്റെ ആകെത്തുക എന്ന് പറയാന്‍ കഴിയും. എന്നിരുന്നാലും സഖ്യ കക്ഷികളുടെ പിന്തുണയോടുകൂടി അധികാരത്തില്‍ എത്താന്‍ ബി.ജെ.പിക്ക് സാധിച്ചു. സഭയില്‍ ഒറ്റയ്ക്ക് ഭൂരിപക്ഷം ഇല്ലാത്തത് ബി.ജെ.പിക്ക് മുന്നില്‍ ചില പ്രതിസന്ധികള്‍ സൃഷ്ടിക്കും എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നുണ്ട്. പല വീക്ഷണകോണുകളില്‍ നിന്ന് തിരഞ്ഞെടുപ്പ് വിലയിരുത്തലുകള്‍ സംഭവിച്ചപ്പോഴും കാര്യമായി ചര്‍ച്ച ചെയ്യപ്പെടാതെ പോയ, പക്ഷെ വളരെ പ്രധാനപ്പെട്ടതുമായ ചില സംഭവങ്ങള്‍ കൂടിയുണ്ട്. പഞ്ചാബിലെ ഖദൂര്‍ സാഹിബിലെയും കാശ്മീരിലെ ബാരാമുള്ളയിലെയും തിരഞ്ഞെടുപ്പ് ഫലങ്ങള്‍ അതുകൊണ്ട് തന്നെ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്.
ആസ്സാമിലെ ദിബ്രുഗര്‍ ജയിലില്‍ കഴിയുന്ന ഖാലിസ്ഥാന്‍ വാദിയായ അമൃത്പാല്‍ സിങ് ഖദൂര്‍ സാഹിബില്‍ നിന്നും കാശ്മീരില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പിടിയിലായ എഞ്ചിനീയര്‍ റഷീദ് ബാരമുള്ളയില്‍ നിന്നും വലിയ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്. അമൃത്പാല്‍ സിങ് 1.97 ലക്ഷം വോട്ടുകള്‍ക്കും റഷീദ് 1.5 ലക്ഷം വോട്ടുകള്‍ക്കുമാണ് ജയിച്ചത്. ജയിലില്‍ കഴിയുന്നതിനാല്‍ യാതൊരു തരത്തിലുമുള്ള തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ നടത്താന്‍ ഇവര്‍ക്ക് രണ്ടുപേര്‍ക്കും സാധിച്ചിരുന്നില്ല. ഇവരുടെ ആശയങ്ങള്‍ വിഘടനവാദത്തെ പ്രോത്സാഹിപ്പിക്കുന്നത് ആണെന്ന് അറിഞ്ഞിട്ടും ഇവരെ പിന്തുണയ്ക്കാന്‍ വലിയൊരു ആള്‍ക്കൂട്ടം തയ്യാറായി എന്നത് ചിന്തിപ്പിക്കുന്ന വസ്തുതയാണ്.
ദേശീയ സുരക്ഷാ നിയമപ്രകാരമാണ് അമൃത്പാല്‍ സിങിനെ ജയിലില്‍ അടച്ചിരിക്കുന്നത്. പാകിസ്ഥാന്റെ ചാരസംഘടനയായ ഐ.എസ്.ഐയുമായും മറ്റ് തീവ്രവാദ സംഘടനകളുമായും അമൃത്പാലിന് ബന്ധമുണ്ടെന്ന് അന്വേഷണ ഏജന്‍സികള്‍ ഇതിനോടകം കണ്ടെത്തിയിട്ടുണ്ട്. എഞ്ചിനീയര്‍ റഷീദ് യു.എ.പി.എ കേസില്‍ പ്രതിയാണ്. വിഘടനവാദികളുമായി ചേര്‍ന്നുകൊണ്ട് രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ട് സ്വരൂപിച്ചു എന്നുമുള്ള ഗുരുതരമായ ആരോപണങ്ങളാണ് അയാള്‍ നേരിടുന്നത്.
ഇത്രത്തോളം ഗൗരവകരമായ വകുപ്പുകള്‍ പ്രകാരം ജയിലില്‍ കഴിയുന്നവരെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും വിലക്കാന്‍ ഉള്ള നിയമത്തിന്റെ അഭാവം ഇവര്‍ പ്രയോജനപ്പെടുത്തി. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി ഏതെങ്കിലും കേസില്‍ ശിക്ഷിക്കപ്പെടുകയും ശിക്ഷ 2 വര്‍ഷത്തിന് മുകളില്‍ ആണെങ്കിലുമാണ് ഇന്നുള്ള നിയമപ്രകാരം അയാള്‍ക്ക് സ്ഥാനം നഷ്ടപ്പെടുന്നത്. അമൃത്പാല്‍ സിങിന്റെ ‘വാരിസ് ഡേ പഞ്ചാബ്’ എന്ന സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന, ദിബ്രുഗര്‍ ജയിലില്‍ കഴിയുന്ന മറ്റ് ഖാലിസ്ഥാന്‍ വാദികളും ആസന്നമായ പഞ്ചാബ് നിയമസഭയിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കും എന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. ഇപ്രകാരം തീവ്രവാദ ബന്ധം ആരോപിച്ചു ജയിലില്‍ കഴിയുന്നവര്‍ കാശ്മീരിലും തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കാന്‍ ഇറങ്ങിപുറപ്പെട്ടാല്‍ ഇന്ത്യന്‍ ജനാധിപത്യം ലോകത്തിന് മുന്നില്‍ അപഹാസ്യമാകും എന്നത് ഒരു പരമാര്‍ത്ഥമാണ്. ഭാരതത്തെ അറുത്തുമുറിക്കാന്‍ പ്രവര്‍ത്തിക്കുന്നവര്‍ അതേ രാജ്യത്തിന്റെ ഭരണഘടനയെ സംരക്ഷിക്കാം എന്ന് പ്രതിജ്ഞ എടുക്കുന്നത് വിരോധാഭാസമാണ്.
ബാരാമുള്ളയിലെ റഷീദിന്റെ വിജയവും ഞെട്ടലോടെ കാണേണ്ടതാണ്. ആര്‍ട്ടിക്കിള്‍ 370 അസാധുവാക്കിയതിന് ശേഷം കാശ്മീരില്‍ വലിയ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകാതെ ഇരിക്കുന്നുണ്ടെങ്കിലും ഏതു നിമിഷവും പാകിസ്ഥാന് തീവ്രവാദി ആക്രമണങ്ങള്‍ നടത്താന്‍ സാധിക്കുന്ന തരത്തില്‍ അവിടെ സംവിധാനം പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് മനസ്സിലാക്കാം. കഴിഞ്ഞ കുറച്ചു ആഴ്ചകളായി കാശ്മീരില്‍ വര്‍ദ്ധിച്ചുവരുന്ന തീവ്രവാദി ആക്രമണങ്ങള്‍ ഇതിനുള്ള തെളിവാണ്. ഇക്കൊല്ലം സപ്തംബര്‍ 30-ന് മുന്നേ ജമ്മു കാശ്മീര്‍ നിയമസഭയിലേക്ക് തിരഞ്ഞെടുപ്പ് നടത്തണം എന്ന സുപ്രീം കോടതിയുടെ ഉത്തരവും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കാശ്മീരിലെ ക്രമസമാധാന പാലനം കേന്ദ്രസര്‍ക്കാരിന് ഭാരിച്ച ഒരു ഉത്തരവാദിത്തം കൂടിയാണ്.
ഖാലിസ്ഥാന്‍ വാദം അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തിയ 1980-കളില്‍ അമൃത്‌സറിലെ സുവര്‍ണ്ണ ക്ഷേത്രത്തില്‍ തമ്പടിച്ച തീവ്രവാദികളെ ഭാരതത്തിന്റെ സുരക്ഷാസേന ഉന്മൂലനം ചെയ്തു. ഓപ്പറേഷന്‍ ബ്ലൂസ്റ്റാറിന് ശേഷം ഇന്ത്യന്‍ പ്രധാന മന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധി സ്വന്തം അംഗരക്ഷകരാല്‍ കൊലചെയ്യപ്പെട്ടിരുന്നു. അവര്‍ക്ക് നേരെ വെടിയുതിര്‍ത്ത ബീന്ത് സിങിന്റെ മകന്‍ സരബ്ജിത് സിങ് ഖാല്‍സയും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ഈ തിരഞ്ഞെടുപ്പില്‍ ഫരീദ്‌കോട്ടില്‍ നിന്ന് വിജയിച്ചിരുന്നു.
1980-ല്‍ ഖാലിസ്ഥാന്‍ തീവ്രവാദികള്‍ക്ക് പരിശീലനം നല്‍കിയതും അവരെ അതിര്‍ത്തി കടത്തി പഞ്ചാബിലേക്ക് വിട്ടതും പാകിസ്ഥാന്‍ ആണെന്നത് ഒരു വസ്തുതയാണ്. പഞ്ചാബിലെ ഹിന്ദുക്കളെ തിരഞ്ഞുപിടിച്ച് കൊല്ലുന്ന സംഭവങ്ങള്‍ പോലും സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ഉണ്ടായി. 1984-ന് ശേഷം പാകിസ്ഥാന്‍ അവരുടെ പദ്ധതിയില്‍ മാറ്റങ്ങള്‍ വരുത്തി. പഞ്ചാബിലേക്ക് വലിയ തോതില്‍ മയക്കുമരുന്ന് കടത്തി യുവതലമുറയെ തകര്‍ക്കാന്‍ അവര്‍ ശ്രമിച്ചു. ഇന്ത്യക്ക് പുറത്തു ഖാലിസ്ഥാന്‍ വാദികള്‍ക്ക് ഒന്നിക്കാനുള്ള അവസരവും അവര്‍ നല്‍കി. പഞ്ചാബില്‍ വര്‍ദ്ധിച്ചു വരുന്ന മതനിന്ദാ ആള്‍ക്കൂട്ട കൊലപാതകങ്ങളും മറ്റും സംസ്ഥാനത്തിന്റെ പോക്ക് ഏതു ദിശയിലേക്ക് ആണെന്ന് കൃത്യമായ സൂചനകള്‍ നല്‍കുന്നുണ്ട്.
തിരഞ്ഞെടുപ്പിലെ വിഘടനവാദികളുടെ വിജയം വലിയ രീതിക്ക് ചര്‍ച്ചചെയ്യാതെ പോയി എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. പഞ്ചാബും കാശ്മീരും അശാന്തമാകണം എന്ന് ഏറ്റവും അധികം ആഗ്രഹിക്കുന്നത് പാകിസ്ഥാനാണ്. അതുകൊണ്ട് തന്നെ വിഘടനവാദികളുടെ ഈ ജയത്തിന്റെ പരിണിത ഫലങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ടാകും എന്നത് തീര്‍ച്ചയാണ്. അമൃത്പാല്‍ സിങും എഞ്ചിനീയര്‍ റഷീദും പ്രത്യേക പരോളില്‍ ഇറങ്ങിയാണ് എം.പിയായി സത്യപ്രതിജ്ഞ ചെയ്തത്. ലോക് സഭാ സ്പീക്കറുടെ ചേംബറിലാണ് ചടങ്ങ് നടന്നത്.
ഖദൂര്‍ സാഹിബിലേയും ബാരാമുള്ളയിലെയും വിഘടനവാദികളുടെ വിജയം കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. പഞ്ചാബിലും കാശ്മീരിലും വളര്‍ന്നുവരുന്ന വിഘടനവാദ പ്രവര്‍ത്തനങ്ങളെ ശക്തമായി നേരിടാന്‍ കേന്ദ്ര സര്‍ക്കാരിന് സാധിക്കണം. അമൃത്പാല്‍ സിങും എഞ്ചിനീയര്‍ റഷീദും മുന്നോട്ട് വെയ്ക്കുന്ന ആശയം മറ്റിടങ്ങളിലേക്ക് കൂടി പടര്‍ന്നാല്‍ ഭാരതം അതിന് വലിയ വില നല്‍കേണ്ടിവരും എന്നത് നിസ്സംശയം പറയാം.