സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ പ്രതിരോധ മേഖല ഏറെക്കാലം റഷ്യയുടെ കനിവിന് കാത്തുനില്‍ക്കേണ്ടതുണ്ടായിരുന്നു. വന്‍ശക്തി രാഷ്ട്രങ്ങളുടെ ആയുധപ്പുരയിലെ കാലഹരണപ്പെട്ട ആയുധങ്ങള്‍ അവര്‍ പറയുന്ന വിലയ്ക്കു വാങ്ങിക്കൂട്ടുവാന്‍ നാം നിര്‍ബന്ധിതരായിരുന്നു. എന്നാല്‍ സാങ്കേതികവിദ്യകള്‍ കൈമാറാന്‍ വന്‍ശക്തികള്‍ ഒന്നും തയ്യാറുമല്ലായിരുന്നു.ചുറ്റിലും ശത്രുരാജ്യങ്ങള്‍ അതിര്‍ത്തി മാന്തിത്തുടങ്ങിയപ്പോള്‍ വന്‍ശക്തികള്‍ നിശ്ചയിക്കുന്ന വിലയ്ക്ക് അവരുടെ ആയുധങ്ങള്‍ ഭാരതത്തിന് വാങ്ങേണ്ടി വന്നു. ചേരിചേരായ്മ പറയുമ്പോഴും റഷ്യന്‍ ചേരിയില്‍ നില്‍ക്കാന്‍ നമ്മുടെ നാട് നിര്‍ബന്ധിതമായത് പ്രതിരോധ ആയുധ ഇടപാടിലെ നമ്മുടെ പരാധീനതകള്‍ മൂലമായിരുന്നു. എന്നാല്‍ മെല്ലെ നാം നമ്മുടെ പ്രതിരോധ ഗവേഷണ മേഖലയെ ശക്തിപ്പെടുത്തുകയും തനതായ ആയുധങ്ങള്‍ വികസിപ്പിച്ചെടുക്കുകയും ചെയ്തു. 2014ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ബഹിരാകാശ, പ്രതിരോധ, ആണവസാങ്കേതിക മേഖലകളില്‍ വന്‍ മുതല്‍ മുടക്കും ഗവേഷണങ്ങളും ആരംഭിച്ചു. നമ്മുടെ ബജറ്റിന്റെ നല്ലൊരു പങ്കും അപഹരിച്ചിരുന്ന ആയുധ ഇറക്കുമതി പടിപടിയായി കുറച്ചുകൊണ്ടുവരുവാനും നമ്മുടെ ആയുധപ്പുരയില്‍ നാം ഗവേഷണത്തിലൂടെ വികസിപ്പിച്ച ആയുധങ്ങള്‍ നിറയാനും തുടങ്ങി. എന്നുമാത്രമല്ല, ആഗോള ആയുധക്കമ്പോളത്തില്‍ ഇന്ന് ഭാരതത്തിന്റെ ആയുധങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെയുണ്ട് എന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ മാറിമറിഞ്ഞു. അമേരിക്കയുമായി കടുത്ത മത്സരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ചൈനയ്ക്ക് ഏഷ്യാ വന്‍കരയില്‍ വളര്‍ന്നുവരുന്ന ഭാരതത്തിന്റെ കരുത്ത് വെല്ലുവിളിയായി തോന്നിത്തുടങ്ങിയിരിക്കുന്നു. ഭാരതത്തെ സാമ്പത്തികമായും സായുധമായും ദുര്‍ബലപ്പെടുത്താനുള്ള ചൈനയുടെ ശ്രമങ്ങള്‍ക്ക് അതേ നാണയത്തില്‍ മറുപടി കൊടുക്കുന്ന ഭരണകൂടമാണ് ഇന്ന് ഭാരതത്തിലുള്ളത്.
ചൈനയെ സംബന്ധിച്ച് അവരുടെ വ്യാപാര ഉല്‍പ്പന്നങ്ങളുടെ പ്രധാന പാത കടന്നുപോകുന്നത് ഭാരത മഹാസമുദ്രത്തില്‍ക്കൂടിയാണ്. ഈ മേഖലയില്‍ ഭാരതത്തിനുള്ള മേല്‍ക്കൈ കുറയ്ക്കാന്‍ വന്‍ മുതല്‍മുടക്കാണ് ചൈന നടത്തുന്നത്. ബംഗ്ലാദേശ്, ശ്രീലങ്ക, പാകിസ്ഥാന്‍ തുടങ്ങിയ അയല്‍രാജ്യങ്ങളുടെ തുറമുഖങ്ങള്‍ ദീര്‍ഘകാലത്തേയ്ക്ക് പാട്ടത്തിനെടുത്ത് വികസിപ്പിച്ച് നാവികത്താവളങ്ങള്‍ ആക്കി മാറ്റുന്ന പ്രവര്‍ത്തനം ചൈന തുടങ്ങിയിട്ട് കുറച്ച് കാലങ്ങളായി. ഇന്തോപസഫിക് സമുദ്ര മേഖലയില്‍ ചൈനയുടെ യുദ്ധയാനങ്ങളുടെ എണ്ണം പടിപടിയായി അവര്‍ വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുന്നു. ചൈനയുടെ വെല്ലുവിളിയെ നാം അതേ നാണയത്തില്‍ തന്നെ പ്രതിരോധിച്ചുകൊണ്ടിരിക്കുകയാണ്. വിമാനവാഹിനിക്കപ്പലുകളുടെയും യുദ്ധക്കപ്പലുകളുടെയും അന്തര്‍വാഹിനികളുടെയും എല്ലാം എണ്ണം ഭാരതം വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായിട്ടാണ് ഇക്കഴിഞ്ഞ ദിവസം തദ്ദേശീയമായി നാം നിര്‍മ്മിച്ച ഭാരതത്തിന്റെ രണ്ടാം ആണവ മിസൈല്‍ അന്തര്‍വാഹിനി ഐ.എന്‍.എസ്. അരി ഘാത് നീറ്റിലിറക്കിയത്. ഇതിലെ ആണവ റിയാക്ടറുകളും ആണവ മിസൈലുകളുമെല്ലാം തദ്ദേശീയമായി നാം വികസിപ്പിച്ചവയാണ്. ഭാരതത്തിന്റെ ആദ്യ ആണവ അന്തര്‍വാഹിനി ഐഎന്‍എസ് അരിഹന്തിന്റെ പരിഷ്‌ക്കരിച്ച പതിപ്പാണിത്. ആണവ അന്തര്‍വാഹിനി ആയതുകൊണ്ട് ഇതിന് ഇടയ്ക്കിടയ്ക്ക് ഇന്ധനം നിറയ്‌ക്കേണ്ട ആവശ്യമില്ല. പസഫിക് സമുദ്രാന്തര്‍ഭാഗങ്ങളില്‍ ഭാരത നാവിക സേനയുടെ കരുത്തായി ഇനി അരിഘാത് ഉണ്ടാവും. ഇതോടെ കരയില്‍ നിന്നും കടലില്‍ നിന്നും ആകാശത്തുനിന്നും അണുവായുധ മിസൈല്‍ വിക്ഷേപിക്കാന്‍ ശേഷിയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഭാരതം ഇടം നേടിയിരിക്കുന്നു. എന്നുമാത്രമല്ല തദ്ദേശീയമായി ആറു മുങ്ങിക്കപ്പലുകള്‍ നിര്‍മ്മിക്കാന്‍ നാല്‍പ്പതിനായിരം കോടി രൂപയുടെ പദ്ധതിക്ക് പ്രതിരോധ മന്ത്രാലയം അനുമതി നല്‍കിക്കഴിഞ്ഞിരിക്കുക കൂടിയാണ്.
7800 കിലോമീറ്ററിലേറെ ദൈര്‍ഘ്യമുവിശാലമായ സമുദ്രാതിര്‍ത്തി സംരക്ഷിക്കുക എന്ന ഭാരിച്ച ദൗത്യമാണ് ഭാരത നാവിക സേനയ്ക്കുള്ളത്. സുരക്ഷാ മേല്‍നോട്ടം മാത്രമല്ല ഇന്ന് നാവികസേനയ്ക്കുള്ളത്. വര്‍ദ്ധിച്ചു വരുന്ന കടല്‍ വഴിയുള്ള കള്ളക്കടത്ത്, മയക്കുമരുന്ന് കടത്ത്, മനുഷ്യക്കടത്ത്, കൊള്ളസംഘങ്ങളുടെ നീക്കം, ആയുധക്കടത്ത് എന്നിവയെല്ലാം നേരിടേണ്ട ബാധ്യത നാവിക സേനയ്ക്കാണ്. കരയിലെന്ന പോലെ കടലിലും ഭാരതത്തിന്റെ മുഖ്യ എതിരാളി ചൈന തന്നെയാണ്. 2019 ഡിസംബറിനും 2020 ഫെബ്രുവരിക്കുമിടയില്‍ 12 ജലാന്തര്‍ഡ്രോണുകളടങ്ങിയ ഒരു കപ്പല്‍ നിരയെ ഭാരത സമുദ്ര മേഖലയില്‍ ചൈന വിന്യസിക്കുകയുണ്ടായി. ആളില്ലാ അന്തര്‍വാഹിനികളും നാവികരഹസ്യങ്ങള്‍ ചോര്‍ത്താന്‍ ചൈന ഉപയോഗിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് നാവിക സേനയെ കൂടുതല്‍ ശക്തമാക്കുവാനുള്ള പരിശ്രമങ്ങള്‍ ഭാരതം ആരംഭിച്ചത്. 2035 ആകുമ്പോഴേയ്ക്കും 175 പടക്കപ്പലുമായി ലോകത്തിലെ തന്നെ പ്രബല നാവിക സേനയായി മാറാനുള്ള ശ്രമത്തിലാണ് ഭാരതം. ഇപ്പോള്‍ നിര്‍മ്മാണത്തിലിരിക്കുന്ന 43 പടക്കപ്പലുകളില്‍ 41 എണ്ണവും ആത്മനിര്‍ഭര ഭാരതത്തിന്റെ ഭാഗമായി നമ്മുടെ ഷിപ്പ്‌യാര്‍ഡുകളില്‍ തന്നെയാണ് പണിതുകൊണ്ടിരിക്കുന്നത്. ഐ.എന്‍.എസ് വിക്രമാദിത്യയും ഐഎന്‍എസ് വിക്രാന്തുമടക്കം രണ്ട് വിമാനവാഹിനിക്കപ്പലുകളാണ് നാവിക സേനയ്ക്ക് ഇപ്പോഴുള്ളത്. വിക്രാന്ത് മാതൃകയില്‍ ഒരു വിമാനവാഹിനി കൂടി നിര്‍മ്മാണത്തിലാണ്. സ്വന്തമായി വിമാനവാഹിനികള്‍ നിര്‍മ്മിക്കാന്‍ കഴിയുന്ന ലോകത്തിലെ അപൂര്‍വ്വം വന്‍ശക്തി രാഷ്ട്രങ്ങളുടെ പട്ടികയില്‍ ഇടംപിടിക്കാന്‍ ഭാരതത്തിനായി എന്നത് ചെറിയ നേട്ടമല്ല. അടിയന്തിരമായി കൂടുതല്‍ ആളില്ലാ അന്തര്‍വാഹിനികളും യാനങ്ങളും കടലില്‍ വിന്യസിക്കാനുള്ള പരിശ്രമത്തിലാണ് നമ്മുടെ നാവിക സേന. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ആദ്യത്തെ സായുധ ബോട്ടായ പരാശര്‍ നാവികസേനയുടെ മറ്റൊരു മുന്നേറ്റത്തെക്കുറിക്കുന്നു. കേവലം ബംഗാള്‍ ഉള്‍ക്കടലും അറബിക്കടലും അടക്കിവാഴാനല്ല ഇപ്പോള്‍ ഭാരതം ശ്രമിക്കുന്നത്. ഹോര്‍മുസ് കടലിടുക്ക്, ബാബാ ഏല്‍മണ്ഡപ് കടലിടുക്ക്, മലാക്കാ കടലിടുക്ക്, ലോം ബോക്ക് കടലിടുക്ക് തുടങ്ങി നിരവധി തന്ത്രപ്രധാന മേഖലകളില്‍ സാന്നിധ്യം ഉറപ്പിക്കുന്നതിലൂടെ മേഖലയുടെ മൊത്തം നിയന്ത്രണം പിടിക്കുക എന്നതാണ് ഭാരത നാവിക സേനയുടെ ലക്ഷ്യം. നിരവധി രാജ്യങ്ങളുമായി സൈനിക ധാരണയിലെത്തിക്കൊണ്ട് ചൈനയുടെ കടന്നുകയറ്റങ്ങളെ പ്രതിരോധിക്കാനുള്ള പരിശ്രമത്തിലാണ് ഭാരതം. സിംഗപ്പൂരിലെ ഷാംഗി വ്യോമതാവളവും ഇന്തോനേഷ്യയിലെ സബാങ്ങ് പോര്‍ട്ടും ഒമാനിലെ ഡുക്കം പോര്‍ട്ടും എല്ലാം ചൈനയുടെ നീക്കങ്ങളെ ചെറുക്കാന്‍ ഭാരതത്തിന് സഹായകമാകുന്ന തന്ത്രപ്രധാന കേന്ദ്രങ്ങളാണ്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മുന്‍കൈയെടുത്തത് ആ മേഖലയുടെ തന്ത്രപ്രധാനമായ പ്രാധാന്യം തിരിച്ചറിഞ്ഞുകൊണ്ടും ഭാവിയില്‍ അതിനെ ഒരു പ്രതിരോധ തുറമുഖമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയുമാണ്.
2047 ഓടെ സമ്പൂര്‍ണ്ണമായും സ്വാശ്രയത്വം കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് നാവികസേന മുന്നേറുന്നത്.