പാലക്കാട്: സ്ത്രീസുരക്ഷയില്‍ വിട്ടുവീഴ്ച പാടില്ലെന്ന് ആര്‍എസ്എസ്. മൂന്ന് ദിവസമായി പാലക്കാട്ട് ചേര്‍ന്ന അഖില ഭാരതീയ സമന്വയ ബൈഠക് ഇക്കാര്യം ആഴത്തില്‍ ചര്‍ച്ച ചെയ്തു. ബംഗാളിലെ യുവ വനിതാ ഡോക്ടര്‍ക്കു നേരേയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ചര്‍ച്ചയെന്ന് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേക്കര്‍ പറഞ്ഞു. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ പെട്ടെന്നു നീതിയുണ്ടാകണം. നിയമ സംവിധാനങ്ങളും സര്‍ക്കാരും ഉണര്‍ന്നു പ്രവര്‍ത്തിക്കണം. ആവശ്യമെങ്കില്‍ നിയമം ശക്തമാക്കണം. സ്ത്രീസുരക്ഷ ഉറപ്പാക്കാന്‍ നിയമപരമായ സംവിധാനങ്ങളുടെ ശാക്തീകരണം, ബോധവത്കരണം, കുടുംബ സംസ്‌കാരം പരിപോഷിപ്പിക്കല്‍, വിദ്യാഭ്യാസം, ആത്മരക്ഷാ പദ്ധതികള്‍ എന്നിവ വേണമെന്ന് യോഗത്തില്‍ നിര്‍ദേശങ്ങളുയര്‍ന്നു.
സമൂഹത്തിന്റെ പ്രയാണത്തില്‍ സത്രീകളുടെ പങ്ക് നിര്‍ണായകമാണ്. സാമൂഹ്യ ജീവിതത്തില്‍ സ്ത്രീ ശാക്തീകരണവും പങ്കാളിത്തവും ലക്ഷ്യമിട്ട് കഴിഞ്ഞ വര്‍ഷം എല്ലാ സംസ്ഥാനങ്ങളിലും ജില്ലാ കേന്ദ്രങ്ങളിലും മഹിളാ സമ്മേളനങ്ങള്‍ സംഘടിപ്പിച്ചിരുന്നു. ആറു ലക്ഷത്തോളം മഹിളകള്‍ 472 സമ്മേളനങ്ങളിലായി പങ്കെടുത്തു. സമന്വയ ബൈഠക്കില്‍ ഈ സമ്മേളനങ്ങളുടെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പിന്നാക്ക വിഭാഗങ്ങള്‍ക്ക് ഭരണഘടന ഉറപ്പു നല്കുന്ന സംവരണം പാലിക്കണം. ജാതി കണക്കെടുപ്പുകള്‍ പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമം ഉറപ്പുവരുത്താന്‍ ലക്ഷ്യമിട്ടുള്ളതാണ്. പിന്നാക്ക ക്ഷേമത്തില്‍ ഭരണഘടനാ നിര്‍ദേശങ്ങള്‍ പാലിക്കപ്പെടണം. വോട്ടിന് ജാതി സെന്‍സസ് പോലുള്ള വിഷയങ്ങളെ ഉപയോഗിക്കുന്നതിനെ ആര്‍എസ്എസ് അനുകൂലിക്കുന്നില്ല. ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ ഉള്‍പ്പെടെ ന്യൂനപക്ഷങ്ങള്‍ വേട്ടയാടപ്പെടുന്നത് ആശങ്കാജനകമാണെന്ന് യോഗം വിലയിരുത്തി. വിഷയത്തില്‍ എല്ലാവര്‍ക്കും ഉത്കണ്ഠയുണ്ട്. അന്താരാഷ്‌ട്ര വിഷയമെന്ന നിലയ്‌ക്ക് ഇക്കാര്യത്തില്‍ നയതന്ത്ര ഇടപെടലുണ്ടാകണമെന്ന് ഭാരത സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നതായി ആര്‍എസ്എസ് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേക്കര്‍ പറഞ്ഞു.
ഗുജറാത്ത് കച്ചിലെ അതിര്‍ത്തി സുരക്ഷ സംബന്ധിച്ച പ്രശ്നങ്ങളും ചര്‍ച്ചയായി. തമിഴ്നാട്ടിലെ മതപരിവര്‍ത്തന ശ്രമങ്ങള്‍ ആശങ്കയുണ്ടാക്കുന്നതാണെന്നും യോഗം വിലയിരുത്തി. ആര്‍എസ്എസ് ശതാബ്ദിയോടനുബന്ധിച്ച് സാമൂഹ്യ പരിവര്‍ത്തനത്തിനായി അഞ്ചിന കര്‍മ പരിപാടി തയാറാക്കിയിട്ടുണ്ട്. എല്ലാ സംഘടനകളും ഈ പ്രവര്‍ത്തനം വളരെ ഗൗരവമായാണ് ഏറ്റെടുത്തിട്ടുള്ളത്. സാമൂഹ്യ സമരസത, കുടുംബ ശാക്തീകരണം, പരിസ്ഥിതി സംരക്ഷണം, സ്വദേശി, പൗരധര്‍മം എന്നിവയില്‍ ഊന്നി പ്രവര്‍ത്തനം ശക്തമാക്കും. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്ന സര്‍വതല സ്പര്‍ശിയായ പ്രവര്‍ത്തനമാണ് ആസൂത്രണം ചെയ്യുന്നത്. സംഘവും വിവിധ ക്ഷേത്ര സംഘടനകളും രാഷ്‌ട്ര താത്പര്യം മുന്‍ നിര്‍ത്തി പ്രവര്‍ത്തിക്കുന്നു. ഏതെങ്കിലും വിഷയത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങളുണ്ടെങ്കില്‍ രാഷ്‌ട്ര താത്പര്യത്തിന്റെ അടിസ്ഥാനത്തില്‍ പരിഹാരം കാണുന്നതാണ് രീതിയെന്നു മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരമായി സുനില്‍ ആംബേക്കര്‍ പറഞ്ഞു.
മണിപ്പൂര്‍ പ്രശ്നത്തില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് തന്നെ നേരത്തെ അഭിപ്രായം വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ അക്രമം നിയന്ത്രിക്കുകയും സമാധാനം പുനഃസ്ഥാപിക്കുകയും വേണമെന്നതാണ് സംഘത്തിന്റെ അഭിപ്രായം. ആ നിലയ്‌ക്ക് അവിടെ വലിയ പുരോഗതിയുണ്ടായി. ശാശ്വത സമാധാനം വൈകാതെ പ്രതീക്ഷിക്കാം. വഖഫ് ബോര്‍ഡ് പ്രവര്‍ത്തനം സംബന്ധിച്ച് മുസ്ലിം സംഘടനകളില്‍ നിന്നു തന്നെ ഒട്ടേറെ പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. ആ സാഹചര്യത്തില്‍ നിയമം പുനഃപരിശോധിക്കുന്നതില്‍ തെറ്റില്ല. സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി വിഷയം പരിഗണിക്കുന്നത് സ്വാഗതാര്‍ഹമെന്നും സുനില്‍ ആംബേക്കര്‍ കൂട്ടിച്ചേര്‍ത്തു.
സമന്വയ ബൈഠക് വേദിയായ പാലക്കാട് അഹല്യാ കാമ്പസില്‍ ചേര്‍ന്ന വാര്‍ത്താസമ്മേളനത്തില്‍ ആര്‍എസ്എസ് ഉത്തര കേരള പ്രാന്ത സംഘചാലക് അഡ്വ. കെ.കെ. ബാലറാം, അഖിലഭാരതീയ സഹ പ്രചാര്‍ പ്രമുഖുമാരായ പ്രദീപ് ജോഷി, നരേന്ദ്രകുമാര്‍ എന്നിവരും പങ്കെടുത്തു.