ബംഗ്ലാദേശിലെ ഭരണമാറ്റത്തിനു തൊട്ടുപിന്നാലെ രണ്ട് പൊള്ളയായ ആഖ്യാനങ്ങളാണ് ഭാരതത്തിലെ മാധ്യമങ്ങളും രാഷ്ട്രീയ വിശകലന വിദഗ്ധരും ചമച്ചുവിട്ടത്. പാകിസ്ഥാന്റെയും ചൈനയുടെയും പിന്തുണയില്‍ ജമാ-അത്തെ-ഇസ്ലാമിയും ബംഗ്ലാദേശ് നാഷണല്‍ പാര്‍ട്ടിയും (ബിഎന്‍പി) ചേര്‍ന്ന് നടത്തിയ ജനകീയ മുന്നേറ്റമാണിതെന്നും ഏകാധിപത്യത്തിനെതിരെയുള്ള വിപ്ലവമാണെന്നുള്ളതുമാണ് ഒന്നാമത്തെത്. ബംഗ്ലാദേശിലെ ഭരണമാറ്റങ്ങള്‍ ഭാരതം ഭയക്കണമെന്നും ഭാരതത്തിന്റെ ചുറ്റുമിപ്പോള്‍ ശത്രുരാജ്യങ്ങള്‍ വര്‍ദ്ധിച്ചുവെന്ന രീതിയില്‍ മാതൃരാഷ്ട്രത്തെ വിലകുറച്ചു കാണിക്കുന്നതുമാണ് രണ്ടാമത്തേത്. ചുരുക്കത്തില്‍, ഇസ്ലാമിസ്റ്റുകളുടെ കയ്യില്‍ അധികാരം കിട്ടിയ ഉടനെ തന്നെയുള്ള ആഘോഷത്തിനിടയില്‍ ഇക്കൂട്ടര്‍ വിസ്മരിച്ച ചില വസ്തുതകളുണ്ട്.
അമേരിക്കന്‍ കരങ്ങളും ഭാരത താല്‍പര്യങ്ങളും
ജമാഅത്തെ-ഇസ്ലാമിയും ബി.എന്‍.പിയുമാണ് ബംഗ്ലാദേശില്‍ പ്രക്ഷോഭങ്ങള്‍ നടത്തിയതെങ്കിലും അതിന് ചുക്കാന്‍ പിടിച്ചത് അമേരിക്കയാണെന്നുള്ളതാണ് പ്രധാന വസ്തുത. അതിപ്പോള്‍ ഷെയ്ക്ക് ഹസീനയും തുറന്നു പറഞ്ഞിരിക്കുന്നു. കാരണം, ശീതയുദ്ധകാലത്ത് ബംഗ്ലാദേശുണ്ടായ സമയം മുതല്‍ അവാമി ലീഗിനെ അട്ടിമറിക്കാന്‍ അമേരിക്ക നടത്തി വന്നിരുന്ന ശ്രമങ്ങളാണ് ഇന്ന് ഹസീനയെ സ്ഥാനഭ്രാഷ്ടയാക്കുന്നതിലേക്ക് നയിച്ചത്. ശീതയുദ്ധകാലത്ത് സോവിയറ്റ് പക്ഷത്തായിരുന്നു ഹസീനയുടെ പിതാവായ മുജീബുര്‍ റഹ്മാനും അവാമി ലീഗും. ഒപ്പം ഇന്ദിരഗാന്ധിയും ഇന്ദിര കോണ്‍ഗ്രസ്സും സോവിയറ്റ് പക്ഷം ചേര്‍ന്നുകൊണ്ട് ബംഗ്ലാദേശിനുവേണ്ടി നിലകൊണ്ടു. അമേരിക്കയാവട്ടെ സഖ്യകക്ഷിയായ പടിഞ്ഞാറന്‍ പാകിസ്ഥാനൊപ്പവും നിന്നു. ഈ ബലപരീക്ഷണത്തിനൊടുവിലാണ് 1971-ല്‍ ബംഗ്ലാദേശ് പിറന്നത്. എന്നാല്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടിലധികമായി രാഷ്ട്രീയ സ്ഥിരതയും സാമ്പത്തിക വളര്‍ച്ചയും നിലനിര്‍ത്തിയ ബംഗ്ലാദേശ് കുറച്ചു നാളുകളായി ചൈനീസ്-റഷ്യന്‍ ചേരിയിലേക്ക് കൂടുതല്‍ അടുത്തതാണ് രാജ്യത്തെ ഏറ്റവും വലിയ നിക്ഷേപകരും മൂന്നാമത്തെ വലിയ വ്യാപാരപങ്കാളിയുമായ അമേരിക്കയെ ചൊടിപ്പിച്ചത്. 2024 ജൂലായില്‍ ചൈന സന്ദര്‍ശിച്ച ഹസീന അവരുടെ ‘ഏക ചൈന’ നയത്തെ പിന്തുണയ്ക്കുകയും ചൈനയ്ക്ക് തായ്‌വാനുമേല്‍ അവകാശമുണ്ടെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. ഇത് തായ്‌വാനെ പിന്തുണയ്ക്കുന്ന അമേരിക്കയെ കൂടുതല്‍ പിണക്കി. ‘ഏക ചൈന’ നയപ്രകാരം ഭാരതത്തിന്റെ അരുണാചല്‍ പ്രദേശ്, ലഡാക്ക് തുടങ്ങിയ സ്ഥലങ്ങള്‍ ചൈനയ്ക്ക് അവകാശപ്പെട്ടതാണ്. കൂടാതെ ഭാരതവും അമേരിക്കയും ഒരുപോലെ എതിര്‍ക്കുന്ന ചൈനയുടെ ‘വണ്‍ ബെല്‍റ്റ്’ പദ്ധതിക്ക് ഹസീന പച്ചക്കൊടി കാട്ടുകയും ആ പദ്ധതിയെ അനുകൂലിച്ച ആദ്യ ദക്ഷിണേഷ്യന്‍ രാജ്യമായി ബംഗ്ലാദേശ് മാറുകയും ചെയ്തു. കൂടാതെ, ഉക്രൈന്‍ യുദ്ധത്തിന് ശേഷം റഷ്യയുമായി ഹസീന അടുത്തതും വ്യാപാരം വര്‍ദ്ധിപ്പിച്ചതും പാശ്ചാത്യ രാജ്യങ്ങളെ ചൊടിപ്പിച്ചു. മാറിയ ആഗോള രാഷ്ട്രീയ സാഹചര്യത്തില്‍ ചൈന, റഷ്യ എന്നീ രണ്ട് ഏകാധിപത്യ രാജ്യങ്ങള്‍ മേഖലയില്‍ വളരുന്നത് ഭാരതത്തിനും താത്പര്യമില്ലായിരുന്നു. മാത്രമല്ല, അത് ചൈനയുടെ അതിക്രമങ്ങള്‍ തടയാനും വ്യാപാര സ്വാതന്ത്ര്യം, ക്രമസമാധാനം എന്നിവ ഉറപ്പുവരുത്തുവാനും അമേരിക്ക രൂപം നല്‍കിയ ഇന്‍ഡോ-പസഫിക് നയത്തിനും ആസിയാന്‍ രാജ്യങ്ങളിലേക്കും കിഴക്കനേഷ്യന്‍- പസഫിക് രാജ്യങ്ങളിലേക്കും സാമ്പത്തിക-സൈനിക-സാംസ്‌കാരിക ബന്ധങ്ങള്‍ ശക്തിപ്പെടുത്താന്‍ 2014-ല്‍ ഭാരതം രൂപം നല്‍കിയ ആക്ട് ഈസ്റ്റ് നയത്തിനും കനത്ത ഭീക്ഷണി സൃഷ്ടിക്കും. ഇതിന്റെ ഭാഗമായി മേഖലയില്‍ നിരവധി റോഡ് -ജലഗതാഗത സംവിധാനങ്ങളാണ് ഭാരതം വിഭാവനം ചെയ്തിരിക്കുന്നത്. കൂടാതെ ആസ്‌ട്രേലിയ, ഭാരതം, അമേരിക്ക, ജപ്പാന്‍ എന്നീ രാജ്യങ്ങളുടെ സാമ്പത്തിക – സൈനിക ചതുര്‍രാഷ്ട്ര (ക്വാഡ്) സഖ്യവും മേഖലയിലുണ്ട്. ഇവിടേയ്ക്കാണ് അമേരിക്കന്‍ വിരോധിയായ ഹസീനയിലൂടെ ബംഗ്ലാദേശില്‍ സ്വാധീനമുറപ്പിക്കാന്‍ ചൈനയും റഷ്യയും ശ്രമിച്ചത്. തന്റെ അധികാരം നിലനിര്‍ത്താന്‍ ഹസീനയും അമേരിക്കയുടെ എതിരാളികള്‍ക്ക് കൈകൊടുത്തു. ഇത് ശീതയുദ്ധകാലത്തേതിന് സമാനമായ സാഹചര്യം സൃഷ്ടിക്കുമെന്നും ബി.എന്‍.പിയും ജമാഅത്തെ ഇസ്ലാമിയും നേരിട്ട് അധികാരത്തിലെത്തുമ്പോഴുണ്ടാകുന്ന ഭീഷണിയേക്കാള്‍ ഭീകരമായിരിക്കുമെന്നും ഭാരതത്തിനറിയാമായിരുന്നു. അതുകൊണ്ടാണ് ബംഗ്ലാദേശിന്റെ ആഭ്യന്തര പ്രശ്‌നമാണിതെന്ന നിലപാടെടുത്ത് ഭാരതം ‘തന്ത്രപരമായ മൗനം’ പുലര്‍ത്തിയത്. കാരണം ഭാരതത്തിന്റെ സുരക്ഷയേക്കാള്‍ വലുതല്ല അവാമി ലീഗും ഹസീനയും.
ജമാഅത്ത്: അമേരിക്കയുടെ ഉപകരണം
അഫ്ഗാനിസ്ഥാനില്‍ താലിബാനെയും പാകിസ്ഥാനില്‍ അല്‍ – ക്വയ്ദയെയും സിറിയയില്‍ പ്രസിഡന്റ് അസദിനെയും വീഴ്ത്താന്‍ വിവിധ സംഘടനകളെ ഉപയോഗിച്ചതുപോലെ ഹസീനയെ വീഴ്ത്താന്‍ ബംഗ്ലാദേശിലെയും പാകിസ്ഥാനിലെയും ജമാഅത്തെ ഇസ്ലാമിയെയും ബി.എന്‍.പിയെയുമാണ് അമേരിക്ക ഉപകരണമാക്കിയത്. ബംഗ്ലാദേശിനോട് ശത്രുതയുള്ള പാകിസ്ഥാനും അമേരിക്കയുടെ ചട്ടുകമായി. എന്തുകൊണ്ട് ഈ സംഘടനകള്‍ അമേരിക്കയ്‌ക്കൊപ്പം നിന്നുവെന്ന ചോദ്യം സ്വാഭാവികമായും ഇവിടെ ഉയരാം. പ്രതിഫലമായി അധികാര ലഭ്യതയാണ് അവര്‍ ആഗ്രഹിച്ചത്. ഇതൊക്കെ ഉണ്ടായിട്ട് ശക്തനായ ചൈനയെന്തുകൊണ്ട് നോക്കിനിന്നുവെന്ന സംശയവും ഉയരാം. അവിടെയാണ് ഭാരതമെന്ന ശക്തിയുടെ സാന്നിധ്യം പ്രസക്തമാവുന്നത്. ചൈനയ്ക്ക് ഈ വിഷയത്തില്‍ കൂടുതല്‍ ഇടപെടാന്‍ സാധിക്കാതെ വന്നത് തങ്ങള്‍ ഇടപെട്ടാല്‍ ഭാരതത്തിനും ബംഗ്ലാദേശില്‍ ഇടപെടാനുള്ള അവസരമായിരിക്കും അത് തുറക്കുകയെന്നു ചൈന മനസ്സിലായതിനാലാണ്. ആ സാഹചര്യത്തില്‍ ഭൂമിശാസ്ത്രപരമായി വളരെ അടുത്തുള്ള ഭാരതത്തിനായിരിക്കും കൂടുതല്‍ മേല്‍ക്കോയ്മ ലഭിക്കുക. അതുകൊണ്ട് തന്നെ ചൈന പിന്‍വലിയുകയും അമേരിക്കന്‍ തന്ത്രങ്ങള്‍ അവിടെ യഥാര്‍ഥ്യമാവുകയും ചെയ്തു.
ബി.എന്‍.പിയും ജമാഅത്തെ ഇസ്ലാമിയും, ചൈനയുമാണ് ബംഗ്ലാദേശില്‍ അട്ടിമറി നടത്തിയതെന്ന് ചിലര്‍ അഭിമാനപൂര്‍വ്വം പ്രചരിപ്പിക്കുന്നു. എന്നാല്‍ അതവര്‍ക്ക് അപ്രാപ്യമായ ഒരു കാര്യമാണ്. കാരണം അങ്ങനെയൊരു സാഹചര്യമുണ്ടായാല്‍ ഭാരതം കയ്യുംകെട്ടി നോക്കി നില്‍ക്കില്ല. കൂടാതെ ശീതയുദ്ധ സമയത്ത് ജമാഅത്ത് ഇസ്ലാമി ബംഗ്ലാദേശിലെ അവാമി ലീഗ് ഭരണത്തെ അട്ടിമറിക്കാന്‍ പാക് ചാര സംഘടനായായ ഐ.എസ്.ഐയ്‌ക്കൊപ്പം നിന്നുവെന്ന ചരിത്രമുണ്ടെന്നും ഇക്കൂട്ടര്‍ പ്രചരിപ്പിക്കുന്നു. എന്നാല്‍ അന്നും ജമാഅത്തെ – ഇസ്ലാമി അറിഞ്ഞോ അറിയാതെയോ അമേരിക്കന്‍ പക്ഷത്തായിരുന്നു. കാരണം അന്ന് പാകിസ്ഥാനെ നിയന്ത്രിച്ചിരുന്നത് അമേരിക്കയായിരുന്നു. മാത്രമല്ല, ഇവര്‍ ഉന്നയിക്കുന്ന വാദമനുസരിച്ചു ചൈനയുടെയും പാകിസ്ഥാന്റെയും താത്പര്യത്തിനനുസരിച്ചാണ് ഹസീനയെ അട്ടിമറിക്കാന്‍ ശ്രമിച്ചിരുന്നതെങ്കില്‍ ആ രാജ്യത്തിലേക്ക് ഹസീന നിരന്തരം സന്ദര്‍ശനം നടത്തുകയും അവരെ പിന്തുണയ്ക്കുകയുമില്ലായിരുന്നു. മാത്രമല്ല അമേരിക്കയ്‌ക്കെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഹസീന ഉയര്‍ത്തിയിരുന്നത്. ചൈനയാണ് ഹസീനയുടെ ശത്രുവെങ്കില്‍ ഹസീന പലായനം ചെയ്തയുടനെ അമേരിക്കയോ ബ്രിട്ടനോ അടങ്ങുന്ന പാശ്ചാത്യ രാജ്യങ്ങള്‍ അവരെ ഇരുകയ്യും നീട്ടി സ്വീകരിക്കുമായിരുന്നു. എന്നാല്‍ ഹസീനയുടെ വിസ റദ്ദാക്കുകയാണ് അമേരിക്ക ചെയ്തത്. ബ്രിട്ടനും കയ്യൊഴിഞ്ഞു. ചൈനീസ് പിന്തുണയോടെ ഈ സംഘടനകള്‍ സ്വന്തമായാണ് അട്ടിമറി നടത്തിയതെങ്കില്‍ എന്തുകൊണ്ട് ബി.എന്‍.പിയുടെയും ജമാഅത്തെ-ഇസ്ലാമിയുടെയും അല്ലെങ്കില്‍ കമ്മ്യൂണിസ്റ്റുകളുടെ പ്രധാന നേതാക്കന്മാര്‍ അധികാരത്തിലേറിയില്ല എന്ന ചോദ്യമാണ് ഭാരതത്തില്‍ ഇത് ആഘോഷിക്കുന്നവരോട് ചോദിക്കാനുള്ളത്. യഥാര്‍ത്ഥത്തില്‍ പാശ്ചാത്യ പിന്തുണയുള്ള മുഹമ്മദ് യൂനുസ് അധികാരത്തിലേറിയത് മേഖലയില്‍ ചൈനീസ് -റഷ്യന്‍ വിരുദ്ധ താത്പര്യങ്ങള്‍ സംരക്ഷിക്കാനാണ്. ഇന്നത്തെ ആഗോള രാഷ്ട്രീയത്തിന്റെ സ്വഭാവം പരിഗണിക്കുമ്പോള്‍ ഭാരതവിരുദ്ധ നയങ്ങള്‍ സ്വീകരിക്കുവാനുള്ള സാദ്ധ്യതകള്‍ വളരെ കുറവാണ്.
അപകടം ഭാരതത്തിനോ?
ഹസീനയും അവാമി ലീഗും അധികാരത്തില്‍ നിന്നും പുറത്തുപോയതോടെ ഭാരതത്തിന് എന്തൊക്കെയോ അപകടം വരാന്‍ പോകുന്നുവെന്നാണ് ഇക്കൂട്ടര്‍ പ്രചരിപ്പിക്കുന്നത്. കോണ്‍ഗ്രസ് ഭരണകാലത്തെ ഭാരതത്തിന്റെ ഭൂതകാല ചരിത്രം ഇപ്പോഴും മനസ്സില്‍ നിന്നും മായ്ക്കാത്തവര്‍ക്കാണ് ഇത്തരത്തില്‍ പറയുവാനാവുക. ഭാരതത്തിന്റെ സുരക്ഷ അവാമി ലീഗിനെയോ ഹസീനയെയോ ആശ്രയിച്ചല്ല നിലനില്‍ക്കുന്നത്. മറിച്ചു രാജ്യത്തിന്റെ സാമ്പത്തിക – സൈനിക – സാങ്കേതിക ശക്തിയെയും ബന്ധങ്ങളെയും തന്ത്രങ്ങളെയും അടിസ്ഥാനപ്പെടുത്തിയാണ്. ഭാരതത്തെ നയിക്കുന്നവരുടെ ഇച്ഛാശക്തിയും അതിനെ സ്വാധീനിക്കുന്നുണ്ട്. കഴിഞ്ഞ ഒരു ദശാബ്ദമായി ലോകത്തെ പതിനൊന്നാമത്തെ സാമ്പത്തിക ശക്തിയില്‍ നിന്നും മൂന്നാമത്തെ സാമ്പത്തിക ശക്തിയിലേക്ക് കുതിക്കുന്ന ഭാരതത്തിന്റെ ആഗോള സ്വാധീനവും ശക്തിയും എന്താണെന്നുള്ളത് ഇവിടെ എന്തും വിളിച്ചു പറയാന്‍ ലഭിക്കുന്ന അമിത സ്വാതന്ത്ര്യത്തിന്റെ ഉന്മാദത്തില്‍ തിരിച്ചറിയാനാവില്ല. എന്നാല്‍ ഭാരതത്തിനെതിരെ പോരാടുവാന്‍ ദശാബ്ദങ്ങളായി വിധ്വംസക ശക്തികള്‍ക്ക് സഹായം ചെയ്യുന്ന പാകിസ്ഥാന്‍, കാനഡ, ചൈന തുടങ്ങിയ രാജ്യങ്ങള്‍ക്ക് ഇന്നത്തെ ഭാരതം എന്താണെന്ന് നന്നായി അറിയാം. അവിടെയാണ് ബംഗ്ലാദേശ് എന്ന രാജ്യത്തെ മുന്‍നിര്‍ത്തികൊണ്ട് ചൈനയും പാകിസ്ഥാനും ചേര്‍ന്ന് എന്തൊക്കെയോ ചെയ്യുമെന്ന് പ്രചരിപ്പിക്കുന്നത്. സമാനമായിരുന്നു നേപ്പാളിലും ശ്രീലങ്കയിലും മാലിദ്വീപിലും ഭാരത വിരുദ്ധത വെച്ചുപുലര്‍ത്തുന്നവര്‍ അധികാരത്തിലേറിയപ്പോഴും ഇക്കൂട്ടര്‍ പ്രചരിപ്പിച്ചത്. എന്നാല്‍ ഇന്ന് ഈ രാജ്യങ്ങള്‍ ഒരു വിധത്തിലുമുള്ള പ്രശ്‌നങ്ങളും മറ്റ് രാജ്യങ്ങളുമായി ചേര്‍ന്ന് ഭാരതത്തിനെതിരെ ഉണ്ടാക്കുന്നില്ലെന്ന് മാത്രമല്ല അവര്‍ യാഥാര്‍ത്ഥ്യം മനസ്സിലാക്കിയിരിക്കുന്നു. അങ്ങനെ ചിന്തിക്കുന്ന രാജ്യങ്ങള്‍ക്കും അവിടുത്തെ നേതാക്കന്മാര്‍ക്കും ഒരു മുന്നറിയിപ്പ് കൂടിയാണ് ബംഗ്ലാദേശില്‍ ഉണ്ടായിരിക്കുന്നത്. അമേരിക്ക ബംഗ്ലാദേശില്‍ ചുവടുറപ്പിക്കുന്നത് ഭാരതത്തെ ഉപദ്രവിക്കാനാണെന്ന് ഇക്കൂട്ടര്‍ വാദിക്കുന്നു. എന്നാല്‍ ഭാരതത്തെ ഉപദ്രവിക്കാനായി ബംഗ്ലാദേശില്‍ അട്ടിമറി നടത്തേണ്ടതില്ല. തങ്ങളുടെ മുന്‍കാല സുഹൃത്തായ പാകിസ്ഥാനും ഭീകരവാദികള്‍ക്കും പണവും ആയുധങ്ങളും മുന്‍പ് നല്‍കി സഹായിച്ചത് അവര്‍ക്ക് ഇപ്പോഴും തുടര്‍ന്നാല്‍ മതിയായിരുന്നു. ഇന്ന് പാകിസ്ഥാനേക്കാള്‍ അമേരിക്കയുമായി മികച്ച ബന്ധം ഭാരതം കാത്തുസൂക്ഷിക്കുന്നു. സ്വാതന്ത്രാനന്തരം നെഹ്‌റു സര്‍ക്കാര്‍ ഈ നയം സ്വീകരിച്ചിരുന്നുവെങ്കില്‍ അന്ന് മുതലേ ഭാരതം അമേരിക്ക ബന്ധം സുശക്തമാകുമായിരുന്നു. ഇപ്പോള്‍ ചൈനയെയും സഖ്യ രാജ്യങ്ങളെയും മാത്രം ലക്ഷ്യംവെച്ചാണ് അമേരിക്കന്‍ സാന്നിധ്യം ബംഗ്ലാദേശിലും സമീപപ്രദേശത്തും ശക്തമാക്കുന്നത്. ഒപ്പം ജപ്പാന്‍, ആസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളും മേഖലയില്‍ സാന്നിധ്യം വര്‍ദ്ധിപ്പിക്കും. ഇപ്പോള്‍ ഹിന്ദു മഹാസമുദ്രത്തില്‍ നടക്കുന്ന പല സൈനിക അഭ്യാസങ്ങളും ബംഗാള്‍ ഉള്‍ക്കടലിലും അരങ്ങേറും. ഇത് മേഖലയില്‍ സുരക്ഷ വര്‍ദ്ധിപ്പിക്കും. തത്ഫലമായി വ്യാപാരം നിക്ഷേപം തുടങ്ങിയവും അഭിവൃദ്ധിപ്പെടും. ചുരുക്കത്തില്‍ ഭാരതത്തിനു ചൈനയെ ഇനി ഒറ്റയ്ക്ക് നേരിടേണ്ടിവരില്ല. ശ്രമവും ഊര്‍ജ്ജവും പണച്ചിലവുമെല്ലാം സഹകരണാടിസ്ഥാനത്തിലായിരിക്കും. ഈ തന്ത്രം വല്ലഭഭായി പട്ടേലും അംബേദ്ക്കറും നെഹ്‌റുവിനെ ഉപദേശിച്ചുവെങ്കിലും അന്ന് അത് തള്ളിക്കളയുകയും സോവിയറ്റ് പക്ഷത്ത് നിലകൊള്ളുകയുമാണ് നമ്മള്‍ ചെയ്തത്.
2014 ല്‍ മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ഭാരതത്തിന്റെ അതിര്‍ത്തികള്‍ സുശക്തമാണ്. മ്യാന്മാറുമായി അതിര്‍ത്തി പങ്കിടുന്ന 1643 കി.മീ കെട്ടിഅടയ്ക്കാനുള്ള ജോലികള്‍ മണിപ്പൂരില്‍ ആരംഭിച്ചു. ബംഗ്ലാദേശിലെയും അതിര്‍ത്തികള്‍ കെട്ടിയടച്ചുകൊണ്ടിരിക്കുന്നു. 4096 കി.മീ നീളമുള്ള ഭാരതം – ബംഗ്ലാദേശ് അതിര്‍ത്തിയുടെ 81 ശതമാനം പൂര്‍ത്തിയാക്കി. ബംഗാളിലെ മമത സര്‍ക്കാര്‍ സഹകരിക്കാത്തതിനാല്‍ ഭൂമിയേറ്റെടുക്കലുമായി ബന്ധപ്പെട്ട പ്രശ്ങ്ങളാണ് ബാക്കി ഭാഗം പൂര്‍ത്തിയാക്കാന്‍ തടസ്സമാവുന്നത്. വിഘടനവാദികളുടെ വടക്ക് കിഴക്കും, മാവോയിസ്റ്റുകളുടെ ചുവന്ന ഇടനാഴിയും ഇന്ന് ദുര്‍ബലമാണ്. ഇതിന് പുറമെ ഭാരത വിരുദ്ധ ശക്തികള്‍ ഒളിച്ചിരിക്കുന്നിടത്ത് കയറി അവരെ വകവരുത്താന്‍ സാധിക്കുമെന്ന് 2015 ല്‍ മ്യാന്മാറിലും, പാകിസ്ഥാനിലെ 2016, 2019 കര-വ്യോമ സര്‍ജിക്കല്‍ സ്‌ട്രൈക്കിലൂടെയും തെളിഞ്ഞതാണ്. ബംഗ്ലാദേശിലെ ബി.എന്‍.പി മുന്‍പ് അധികാരത്തില്‍ ഇരുന്നത് പതിനഞ്ച് വര്‍ഷം മുന്‍പാണ്. അന്നത്തെ ഭാരതമല്ല ഇന്നുള്ളതെന്നും മനസ്സിലാക്കണം. അതുകൊണ്ട് തന്നെ ഭാരതത്തിന്റെ മൂക്കിന് താഴെയുള്ള ഒരു രാജ്യത്ത് ഇന്നത്തെ ഭരണത്തിന് കീഴില്‍ ഒന്നും തന്നെ ഇവര്‍ക്ക് ചെയ്യാനാവില്ല. ലോകത്തെ സൈനിക ശക്തികളിലൊന്നായ ഭാരതത്തിന്റെ പ്രഹരശേഷിയും ഇന്നത്തെ ഭരണകൂടവും അവരുടെ ആഗ്രഹങ്ങള്‍ക്ക് ഒരു വെല്ലുവിളിയാണ്. എന്നാല്‍ അവര്‍ക്ക് ആകെ ചെയ്യാനാവുക അധികാര കൈമാറ്റത്തിനിടയില്‍ കിട്ടിയ ചെറിയ സമയത്തില്‍ പരമാവധി ഹിന്ദുക്കള്‍, ക്രൈസ്തവര്‍, ബുദ്ധര്‍ തുടങ്ങിയ കാഫിറുകളെ ആക്രമിക്കുകയെന്നതാണ്. അത് ക്രൂരമായി അവര്‍ ചെയ്യുകയും ചെയ്തു. ഇതിന്റെ ഫലമായി, ഇക്കൂട്ടര്‍ പ്രചരിപ്പിച്ചതില്‍ ശരിയായ ഒരു കാര്യം ഭാരതത്തിലേക്കുള്ള അഭയാര്‍ത്ഥി പ്രവാഹമാണ്. അക്രമത്തിനിരായ ഹിന്ദുകളടങ്ങുന്ന ന്യൂനപക്ഷങ്ങളുടെ ഒഴുക്ക് ഭാരതത്തിലേക്ക് ഉണ്ടാവാം. അവര്‍ക്ക് അഭയം കൊടുക്കുന്നതിനാണ് എന്‍.ആര്‍.സിയും (NRC) സി.എ.എയും (CAA) നമ്മുടെ രാജ്യത്ത് നടപ്പിലാക്കുന്നത്. ഭാരതത്തില്‍ നുഴഞ്ഞു കയറിയ മൂന്ന് കോടിയോളം വരുന്ന ബംഗ്ലാദേശിലെ ഭൂരിപക്ഷ സമുദായത്തില്‍ പെടുന്നവരെ പുറത്താക്കാനും അവിടുത്തെ ന്യൂനപക്ഷ സമുദായങ്ങളെ സ്വീകരിക്കാനും യഥാക്രമം എന്‍.ആര്‍.സി കൊണ്ടും സി.എ.എ കൊണ്ടും സാധിക്കും. അതിനുള്ള അവസരം കൂടിയാണ് ഇപ്പോള്‍ വന്നിരിക്കുന്നത്.
ഭാവി ബംഗ്ലാദേശ്: വിദേശ ശക്തികളുടെ വിളനിലം
ഭീകരവാദികള്‍ക്ക് അധികാരം കിട്ടിയതുമൂലം ഭാവി ബംഗ്ലാദേശ്, ഇറാഖ്, അഫ്ഗാനിസ്ഥാന്‍, സിറിയ തുടങ്ങിയ പരാജിത രാജ്യങ്ങളുടെ പട്ടികയിലേക്ക് വരുവാന്‍ സാധ്യത വളരെ കൂടുതലാണ്. കാരണം സംവരണവിഷയവും, സംഘടനകളുമെല്ലാം അമേരിക്കയുടെ കളിപ്പാവകള്‍ മാത്രമായിരുന്നു. അമേരിക്കന്‍ നിയന്ത്രണത്തിലായ യൂനുസ് സര്‍ക്കാരിനെ ഉപയോഗിച്ചു ചൈനയ്‌ക്കെതിരെ തന്ത്രങ്ങള്‍ മെനയുന്നതിനാവും അമേരിക്കന്‍ ചാര സംഘടനായ സി.ഐ.എ ഇനി ശ്രമിക്കുക. പണ്ട് സോവിയറ്റ് യൂണിയനെതിരെ താലിബാനെ അഫ്ഗാനിസ്ഥാനില്‍ വളര്‍ത്തിയതുപോലെ ഭീകരസംഘടനകളെ ബംഗ്ലാദേശില്‍ ചൈനയ്‌ക്കെതിരെ വളര്‍ത്തിയാല്‍ മയക്കുമരുന്നും ആയുധങ്ങളും ആ രാജ്യത്തിലൂടെ ഒഴുകുകയും സമൂഹം തന്നെ നശിക്കുന്നതിന് കാരണമാവുകയും ചെയ്യും. കാരണം, ലാവോസ്, തായ്‌ലന്‍ഡ്, മ്യാന്‍മാര്‍, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ ലോകത്തെ മയക്കുമരുന്നിന്റെ ഈറ്റില്ലങ്ങള്‍ ബംഗ്ലാദേശിന്റെ തൊട്ടടുത്ത് സ്ഥിതിചെയ്യുന്നു. ഇപ്പോള്‍ ഹസീന പറയും പ്രകാരം സൈന്റ് മാര്‍ട്ടിന്‍ ദ്വീപ് അമേരിക്കയ്ക്ക് യൂനുസ് സര്‍ക്കാര്‍ നല്‍കുകയും അമേരിക്കഅവിടെ സൈനിക തുറമുഖം തുറക്കുകയും ചെയ്താല്‍ ചൈനയ്ക്ക് അത് വലിയ തലവേദനയായി മാറും. ഭാരതവും അമേരിക്കയും 2016 ല്‍ ഒപ്പു വെച്ച ലോജിസ്റ്റിക്‌സ് എക്‌സ്‌ചേഞ്ച് മെമ്മറാണ്ടം ഓഫ് എഗ്രീമെന്റ് (LEMOA) പ്രകാരം ഭാരത നാവിക സേനയ്ക്കും ആ തുറമുഖം ഉപയോഗിക്കാനാവും. മറിച്ച് ചൈനയും റഷ്യയും അഫ്ഗാനിസ്ഥാനിലും ഇറാനിലും സിറിയയിലും ചെയ്യുന്നതുപോലെ അമേരിക്കന്‍ വിരുദ്ധ നീക്കങ്ങള്‍ ബംഗ്ലാദേശില്‍ നടത്തിയാല്‍ അതിന്റെ തിക്തഫലങ്ങളും ബംഗ്ലാദേശ് ജനത അനുഭവിക്കണം. അതുകൊണ്ട് തന്നെ അമേരിക്കന്‍ സാന്നിധ്യവും ചൈനയുമായുള്ള ശത്രുതയും മറിച്ചുള്ളതും ബംഗ്ലാദേശിന്റെ ഭാവിയെ എങ്ങനെ ബാധിക്കുമെന്നുള്ളത് പ്രവചനാതീതമാണ്. എന്നാല്‍ ഇപ്രകാരം അമേരിക്കയും മറ്റ് ശക്തികളും തങ്ങളുടെ വന്‍ പദ്ധതികള്‍ ബംഗ്ലാദേശില്‍ നടപ്പിലാക്കുമെന്നതില്‍ സംശയമില്ല. എന്നാല്‍ നിലവില്‍ വിജയിച്ചു നില്‍ക്കുന്ന അമേരിക്കന്‍ തന്ത്രങ്ങള്‍ക്കാണ് ഭാരതത്തിലെയും പ്രത്യേകിച്ചു കേരളത്തിലെയും മാധ്യമങ്ങളും വിദഗ്ധരും പിന്തുണ നല്‍കി ജയ് വിളിച്ചതെന്നുള്ളതാണ് വിചിത്രമായ കാര്യം.
(ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്‌സിറ്റിയില്‍ ഗവേഷകനാണ് ലേഖകന്‍)