രമണ്‍ രേതിയില്‍ നിന്ന് മടങ്ങുമ്പോള്‍ സൂര്യന്‍ പടിഞ്ഞാറ് ചാഞ്ഞു തുടങ്ങിയിരുന്നു. നിധി വനം എന്ന തുളസീവനമാണ് ഞങ്ങളുടെ അടുത്ത ലക്ഷ്യം. ഗോപികമാരോടൊത്ത് ബാലകഭാവത്തിലുള്ള കൃഷ്ണന്‍ ആട്ടവും പാട്ടുമായി കളിച്ചു നടന്നത് യമുനയുടെ തീരത്തുള്ള ഈ ലതാനികുഞ്ജങ്ങള്‍ക്കുള്ളിലായിരുന്നു. രാസലീലയെ മാംസനിബദ്ധമായ കാമചേഷ്ടയായി ചിത്രീകരിച്ച് ശ്രീകൃഷ്ണനെ വിചാരണ ചെയ്യുന്ന ചില പണ്ഡിതമന്യന്മാരും ഇക്കാലത്തുണ്ട്. ഭഗവാന്‍ രാസലീലയാടുമ്പോള്‍ കേവലം പതിനൊന്നുവയസ്സ് മാത്രമാണ് പ്രായമെന്ന കാര്യം ഇക്കൂട്ടര്‍ ബോധപൂര്‍വ്വം തമസ്‌ക്കരിക്കാറുണ്ട്. പതിനൊന്നു വയസ്സുള്ള ഒരു ബാലകനില്‍ എന്ത് കാമവികാരമാണ് ഉണ്ടാവുക. ഭഗവാന്‍ ബാലകനായിരുന്നപ്പോള്‍ ഗോപികമാരുടെ വസ്ത്രങ്ങള്‍ യമുനയുടെ തീരത്തുള്ള കടമ്പിന്‍ കൊമ്പിലും ആല്‍മരത്തിലുമൊക്കെ ഒളിപ്പിച്ചത് സ്ത്രീശരീരം കണ്ടാനന്ദിക്കാനായിരുന്നു എന്ന് വിമര്‍ശിക്കുന്നവരെയും ഓര്‍ത്തുപോയി. കൗരവ രാജസദസ്സില്‍ വിവസ്ത്രയാക്കപ്പെടുമായിരുന്ന ദ്രൗപദിക്ക് തന്റെ യോഗസിദ്ധിയാല്‍ ഉടുവസ്ത്രം നല്‍കിയവനാണ് ഭഗവാന്‍ എന്ന കാര്യം ഇക്കൂട്ടര്‍ ബോധപൂര്‍വ്വം വിസ്മരിക്കാറുണ്ട്. ബാലഗോപാലനാണ് രാസലീലയിലൂടെ ബ്രഹ്മാനന്ദം പകര്‍ന്നതെന്ന സത്യം കൃഷ്‌ണേതിഹാസത്തെ മനസ്സിലാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെല്ലാം അറിവുള്ളതാണ്. നിധി വനം കാണാനുള്ള യാത്രയില്‍ എന്റെ മനസ്സിലൂടെ ഈവക വിചാരങ്ങള്‍ കടന്നു പോയിക്കൊണ്ടിരുന്നു.
യമുനയുടെ എക്കല്‍ അടിഞ്ഞ് ഇരുണ്ട നിറമാര്‍ന്ന മണ്ണില്‍ ഇടതൂര്‍ന്ന് വളര്‍ന്നു നില്‍ക്കുന്ന കുറ്റിക്കാടുകളെയാണ് നിധി വനം എന്ന് പറയുന്നത്. തുളസിച്ചെടിയുടെ വംശത്തില്‍പ്പെട്ട ഒരിനം കുറ്റിച്ചെടിയാണ് ഇവിടെ വ്യാപകമായി കാണുന്നത്. മൂന്നാറിലും മറ്റും വെട്ടി ഒതുക്കി നിര്‍ത്തിയിരിക്കുന്ന തേയിലത്തോട്ടത്തെയാണ് നിധി വനം കണ്ടപ്പോള്‍ ഓര്‍മ്മ വന്നത്. ഇവിടെ രണ്ടു മരങ്ങള്‍ വീതം പരസ്പരം ചുറ്റിപ്പിണഞ്ഞു നില്‍ക്കുന്നതു തന്നെ രാധാകൃഷ്ണയുഗ്മത്തെ ദ്യോതിപ്പിക്കും വിധമാണ്. രാത്രിയില്‍ ഇന്നും രാധാകൃഷ്ണലീലകള്‍ നിധി വനത്തില്‍ അരങ്ങേറുന്നു എന്നാണ് ഭക്തജനങ്ങളുടെ വിശ്വാസം. അതുകൊണ്ട് രാത്രിയില്‍ നിധി വനത്തില്‍ തങ്ങാന്‍ ആരെയും അനുവദിക്കാറില്ല. രാസലീലയെ ജീവാത്മാവിന്റെ പരമാത്മാവിനോടുള്ള പ്രണയഭാവമായാണ് ആദ്ധ്യാത്മിക തത്ത്വചിന്തകര്‍ വിശേഷിപ്പിക്കുന്നത്. രാധ ജീവാത്മാവിന്റെയും കൃഷ്ണന്‍ പരമാത്മാവിന്റെയും പ്രതീകം. കൃഷ്ണന്‍ സ്ഥിതിയുടെ അഥവാ ജീവിതത്തിന്റെ പ്രതിരൂപമായ വിഷ്ണുവിന്റെ നേര്‍ അവതാരമായതുകൊണ്ട് മനുഷ്യജീവിതത്തെ പ്രതീകവല്‍ക്കരിക്കാന്‍ പറ്റിയ മൂര്‍ത്തിയാണ് കൃഷ്ണന്‍ എന്ന് പറയാറുണ്ട്. ജീവിതം ആനന്ദകരമായി നയിക്കുക എന്നതു തന്നെയാണ് കൃഷ്ണന്റെ ജീവിതസന്ദേശം. നിധി വനത്തിലുള്ള രംഗ മഹല്‍ ക്ഷേത്രത്തിലാണത്രെ രാസലീലയ്ക്കു ശേഷം രാധാകൃഷ്ണന്മാര്‍ വിശ്രമിക്കുക. ഇവിടെ അവര്‍ക്കായി ചന്ദനക്കട്ടില്‍ ഒരുക്കിവച്ചിട്ടുണ്ട്. എല്ലാ ദിവസവും നട അടയ്ക്കും മുമ്പ് ചന്ദനക്കട്ടിലില്‍ കിടക്ക വിരിക്കുന്നു. രാധാദേവിക്കായി വളകളും മാല്യങ്ങളും അംഗരാഗങ്ങളും പട്ടുവസ്ത്രങ്ങളും പുഷ്പങ്ങളും എല്ലാം ഒരുക്കിവയ്ക്കുന്നു. രാവിലെ ഉണര്‍ന്നാല്‍ പല്ലു തേയ്ക്കാന്‍ ആര്യവേപ്പിന്റെ കൊമ്പുവരെ ഒടിച്ച് വയ്ക്കുന്നു. മുറുക്കാന്‍ താമ്പൂലവും കുടിക്കാന്‍ കുടിവെള്ളവും വരെ ശ്രദ്ധാ ഭക്തിയോടെ എന്നും തയ്യാറാക്കി വയ്ക്കാറുണ്ടിവിടെ. രാധാകൃഷ്ണന്മാരുടെ സൈ്വര്യ വിഹാരത്തിന് ആരും തടസ്സമാകാന്‍ പാടില്ലെന്നതുകൊണ്ട് സന്ധ്യ മയങ്ങിയാല്‍ നിധി വനത്തിലേയ്ക്ക് ഭക്തജനങ്ങളെ പ്രവേശിപ്പിക്കാറില്ല. കുരങ്ങുകളും പക്ഷികളും പോലും സന്ധ്യ കഴിഞ്ഞാല്‍ നിധി വനത്തില്‍ പ്രവേശിക്കാറില്ല പോലും. പലപ്പോഴും നിധി വനത്തില്‍ നിന്നും കാല്‍ത്തളനാദവും പുല്ലാങ്കുഴല്‍ നാദവും കേട്ടതായി ഇവിടെ കഥകള്‍ പ്രചാരത്തിലുണ്ട്. ചന്ദനക്കട്ടിലിലെ കിടക്ക വിരി രാവിലെ നട തുറക്കാന്‍ പൂജാരി എത്തുമ്പോള്‍ ചുളുങ്ങി കിടക്കുന്നതായും കണ്ടിട്ടുണ്ടത്രെ. ഗുരുവായൂര്‍ ശ്രീലകത്ത് ഭഗവാന് ചാര്‍ത്തിയ വനമാല പിറ്റേന്ന് രാവിലെ മഞ്ജുളാലിന്റെ തറയില്‍ നിന്നും ലഭിച്ച പുരാവൃത്തങ്ങള്‍ ഉള്ള നാട്ടില്‍ നിന്നും നിധി വനത്തില്‍ എത്തിയ എനിക്ക് ഒന്നും അത്യല്‍ഭുതമായി തോന്നിയില്ല. കാരണം ഭാരതമെന്ന ഈ ആര്‍ഷഭൂമിയില്‍ കൃഷ്ണന്‍ ദ്വാപരയുഗത്തിലെങ്ങോ ജനിച്ച് ജീവിച്ച് കടന്നു പോയ ഒരു വ്യക്തിയല്ല. നിത്യജീവിതത്തിന്റെ പ്രേരണാ ദായകമായ തത്ത്വമാണ്. അവന്റെ ജീവിത രതിയുടെ രാസകേളികള്‍ ബംഗാളില്‍ ജനിച്ച ജയദേവ കവിയുടെ തൂലികയില്‍ ഗീതഗോവിന്ദമാവുകയും ഭാരതത്തിന്റെ തെക്കേയറ്റത്തുള്ള ഭാര്‍ഗ്ഗവ ഭൂമിയിലെ ക്ഷേത്ര സോപാനങ്ങളില്‍ നിത്യവും കൊട്ടിപ്പാടി ആഘോഷിക്കുകയും ചെയ്യുമ്പോള്‍ കൃഷ്ണന്‍ ചിരംജീവ സത്യമായി മാറുന്നു.
നിധി വനത്തിലും പരിസര പ്രദേശങ്ങളിലും അനേകം ക്ഷേത്രങ്ങള്‍ ഉണ്ട്. സമയ പരിമിതി മൂലം ഏതാനും ക്ഷേത്രങ്ങളില്‍ മാത്രമെ ദര്‍ശനം നടത്താന്‍ കഴിഞ്ഞുള്ളു. അതില്‍ ശ്രദ്ധേയമായ ഒന്നായിരുന്നു വംശി ചോര്‍ രാധാമന്ദിര്‍. ഇവിടെ വച്ച് പണ്ടൊരിക്കല്‍ കൃഷ്ണന്റെ പുല്ലാങ്കുഴല്‍ രാധ മോഷ്ടിച്ചത്രെ. അങ്ങിനെ പുരാവൃത്തങ്ങളുടെ വളക്കൂറുള്ള യമുനാ തടത്തില്‍ ഇരവു പകലുകള്‍ രാധാകൃഷ്ണ പ്രണയ ലീലകള്‍ക്ക് പൂമെത്ത വിരിച്ചു കൊണ്ടേ ഇരിക്കുന്നു. ഇരുട്ടിന്റെ തിരശ്ശീലകള്‍ക്കുള്ളില്‍ കാല്‍ത്തള നാദങ്ങള്‍ ഇനിയും പാറി വരും. ഇത് ചിരന്തന പ്രണയത്തിന്റെ ഇതിഹാസ ഭൂമികയാണ്. ഒരു ദിവസത്തെ തീര്‍ത്ഥാടനം മതിയാക്കി നിധി വനത്തില്‍ നിന്നും ഞാന്‍ തിരിഞ്ഞു നടന്നു. എന്റെ പാദപതനം കൊണ്ടു പോലും രാധാകൃഷ്ണയുഗ്മങ്ങളുടെ വിഹാര ഭൂമിയില്‍ ശല്യമുണ്ടാകാത്ത വിധം.
വിശ്രാം ഘാട്ടിലേക്ക്
കാഴ്ചകളുടെ യമുന പിന്നെയും ഒഴുകുകയാണ്. ശ്രീകൃഷ്ണ പരമാത്മാവിന്റെ സംഭവബഹുലമായ ജീവിത ലീലകളില്‍ മിക്കതിനും സാക്ഷിയാകുവാനുള്ള ഭാഗ്യം സിദ്ധിച്ച യമുനാ നദിക്കരയിലെ വിശ്രാം ഘാട്ടിലേക്കായിരുന്നു രാവിലത്തെ യാത്ര. കംസവധത്തിനുശേഷം ശ്രീകൃഷ്ണനും ബലരാമനും വിശ്രമിച്ചത് യമുനയുടെ ഈ കടവിലായിരുന്നത്രെ. ഇവിടെ യമുന അതിവിശാലവും ജലസമൃദ്ധവുമായി പ്രവഹിക്കുന്നു. കടവുകള്‍ മാര്‍ബിള്‍പടിക്കെട്ടുകളാല്‍ മനോഹരമാക്കിയിട്ടുണ്ട്. നിരവധി കൊടിതോരണങ്ങളാല്‍ വര്‍ണ്ണാഭമാക്കിയ വള്ളങ്ങള്‍ ഭക്തരെ കാത്ത് കടവില്‍ വിശ്രമിക്കുന്നുണ്ട്. വിശ്രാം ഘാട്ടിലേക്ക് പടിക്കെട്ടുകള്‍ ഇറങ്ങി വരുമ്പോള്‍ തന്നെ ധാരാളം ചെറിയ ക്ഷേത്രങ്ങള്‍ ഭക്തരെ സ്വാഗതം ചെയ്ത് നില്‍ക്കുന്നുണ്ട്. ഭക്തി കച്ചവടം ചെയ്ത് ജീവിക്കുന്ന കുറെ പുരോഹിതന്മാര്‍ പലപൂജകളുടെയും പേരുപറഞ്ഞ് ജനങ്ങളെ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഈ ക്ഷേത്രങ്ങളില്‍ യമുനാ ദേവിയുടെയും യമരാജന്റെയും പ്രതിഷ്ഠകള്‍ ഉള്ള ഒരു ക്ഷേത്രം ശ്രദ്ധേയമായി തോന്നി. മരണദേവനായ യമന്റെ സഹോദരിയാണ് യമുനാ നദി എന്നാണ് പുരാണ കഥ. പതിനഞ്ചാം നൂറ്റാണ്ടില്‍ മുഗള്‍ ഭരണാധികാരിമാര്‍ വിശ്രാം ഘാട്ടിലേക്കുള്ള ഹിന്ദുക്കളുടെ തീര്‍ത്ഥാടനം നിരോധിച്ചിരുന്നു. നിരവധി പോരാട്ടങ്ങള്‍ക്കൊടുവിലാണ് തീര്‍ത്ഥാടനം പുന:സ്ഥാപിക്കാനായത്. ആചാര്യ കേശവ ഭട്ട് കാശ്മീരിയും വല്ലഭാചാര്യ മഹരാജും മറ്റും ചേര്‍ന്ന് നടത്തിയ ആരാധനാ സ്വാതന്ത്ര്യ സമരം ഒടുക്കം വിജയിച്ചു. ഇവിടെ യമുനയുടെ രണ്ടു തീരവും പടിക്കെട്ടുകള്‍ കെട്ടി ഭംഗിയായി സംരക്ഷിച്ചിട്ടുണ്ട്. ഒരു തീരത്ത് 12 കടവുകളും മറുതീരത്ത് 11 കടവുകളുമാണ് ഉള്ളത്. രാവിലെയും വൈകുന്നേരവും ഇവിടെ യമുനാ ആരതി പതിവുണ്ട്. മഥുരയില്‍ നിന്നും ഏതാണ്ട് നാലു കിലോമീറ്റര്‍ മാത്രമാണ് വിശ്രാം ഘാട്ടിലേക്കുള്ളത്.
ദ്വാരകാധീശന്റെ തിരുസന്നിധാനം
വിശ്രാം ഘാട്ടില്‍ നിന്നും പടിക്കെട്ടുകള്‍ കയറി മുകളിലെത്തുമ്പോള്‍ വീതി കുറഞ്ഞ പൊതുനിരത്തിനുമപ്പുറത്ത് ഉയരെ സ്ഥാപിതമായിരിക്കുന്ന സാമാന്യം വലുതും പുരാതനവുമായൊരു ശ്രീകൃഷ്ണ ക്ഷേത്രമാണ് ദ്വാരകാധീശ് മന്ദിര്‍. പ്രസിദ്ധമായ ദ്വാരകാധീശ ക്ഷേത്രം ഗുജറാത്തിലെ ദ്വാരകയിലാണ്. ദ്വാരകാധീശ ക്ഷേത്രത്തിലെ അതേ സങ്കല്‍പ്പമാവാം ഒരു പക്ഷെ ഇവിടെ. എ.ഡി. 1814ല്‍ ഗോകുല്‍ദാസ് പരീഖ് എന്ന ഭക്തന്‍ നിര്‍മ്മിച്ചതാണ് യമുനയുടെ തീരത്തെ ഈ ക്ഷേത്രം എന്നാണ് ചരിത്രം പറയുന്നത്. ഈ ക്ഷേത്രത്തില്‍ ഏതാണ്ട് പത്തുവര്‍ഷം മുന്നെ ഞാന്‍ ദര്‍ശനം നടത്തിയിട്ടുണ്ട്. ക്ഷേത്രത്തിലേക്കുള്ള വഴിയും പരിസരവും കുറച്ചുകൂടി മെച്ചപ്പെട്ടതൊഴിച്ചാല്‍ മറ്റ് വലിയമാറ്റങ്ങളൊന്നും ഇവിടെ ഉണ്ടായിട്ടില്ല. ശ്രീകോവിലിന്റെ മുന്നില്‍ തന്നെ അതീവ പ്രാധാന്യത്തോടെ സംരക്ഷിച്ചിരിക്കുന്ന തുളസിത്തറ ഇവിടുത്തെ ഒരു പ്രത്യേകതയാണ്. കേരളത്തില്‍ വീടിന്റെ മുന്നില്‍ തുളസിത്തറ നിര്‍മ്മിക്കാറുണ്ടെങ്കിലും ഉത്തര ഭാരതത്തില്‍ തുളസി ചെടിയെ ആരാധിക്കുന്ന അത്രയും ഭക്തിയും ശ്രദ്ധയും ഇവിടെ കാണാറില്ല. അവര്‍ രാവിലെ മന്ത്രജപങ്ങളോടെ തുളസിക്ക് തീര്‍ത്ഥം പകരുന്നത് കണ്ടിട്ടുണ്ട്. പ്രത്യക്ഷ ലക്ഷ്മീഭഗവതിയായിട്ടാണ് തുളസിയെ സനാതന ധര്‍മ്മവിശ്വാസികള്‍ കാണുന്നത്. തുളസിത്തറയില്‍ വിളക്ക് വയ്ക്കുന്ന ആചാരമൊക്കെ ഇന്ന് കേരളത്തില്‍ ലോപിച്ച് വരുന്നതായാണ് കാണുന്നത്. രാജസ്ഥാനീ ശൈലിയില്‍ കല്ലില്‍ ഏറെ കൊത്തുപണികളോടെ നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന ദ്വാരകാധീശ് മന്ദിര്‍ കാഴ്ചയില്‍ ഏറെ സുന്ദരമാണ്. ക്ഷേത്ര ശ്രീകോവിലിനു മുന്നിലുള്ള നടുമുറ്റത്ത് നിന്നാല്‍ തന്നെ ശ്രീലകത്തെ വിഗ്രഹം കാണാന്‍ കഴിയും. ക്ഷേത്ര മേല്‍ക്കൂരയില്‍ ശ്രീകൃഷ്ണചരിതം ചിത്രീകരിച്ച് വച്ചിട്ടുണ്ട്. ആറു ദിവസം നീണ്ടു നില്‍ക്കുന്ന ജന്മാഷ്ടമി ഉല്‍സവമാണ് ഇവിടുത്തെ പ്രധാന ആഘോഷം.
മഞ്ഞയും നീലയും വസ്ത്രങ്ങളില്‍ ശ്രീകൃഷ്ണ വിഗ്രഹത്തെ അണിയിച്ചൊരുക്കി ഭാര്യമാരായ സത്യഭാമയോടും രുഗ്മിണിയോടുമൊപ്പം ഭക്തര്‍ക്ക് ദര്‍ശനം നല്‍കുന്ന ശൃംഗാര്‍ ആരതി ഇവിടുത്തെ സവിശേഷമായ ഒരു ചടങ്ങാണ്. ക്ഷേത്ര പുരോഹിതന്‍ ശൃംഗാര്‍ ആരതിക്കു മുമ്പായി അണിയിച്ചൊരുക്കിയതിന്റെ ഭംഗി ഭഗവാനെ ബോധ്യപ്പെടുത്താനായി കണ്ണാടി കാട്ടുന്നു. ഭക്തസംഘങ്ങള്‍ അവിടിവിടെ കൂടി നിന്ന് കര്‍ണ്ണമധുരമായ ഭജനകള്‍ പാടുന്നുണ്ടായിരുന്നു. ഭജനകള്‍ ഏറെയും വ്രജഭാഷയിലാണെങ്കിലും ശ്രദ്ധിച്ചാല്‍ ആശയം മനസ്സിലാക്കാന്‍ കഴിയുമായിരുന്നു. ദര്‍ശനം കഴിഞ്ഞ് പടിക്കെട്ടിറങ്ങി ഞാന്‍ കാര്‍ പാര്‍ക്കു ചെയ്തിരിക്കുന്നിടത്തേയ്ക്ക് നടന്നു. നടക്കുന്നതിനിടയില്‍ ഒന്നു തിരിഞ്ഞു നോക്കാന്‍ മറന്നില്ല. കാരണം ഉത്തര്‍പ്രദേശിലെ പല തീര്‍ത്ഥസങ്കേതങ്ങളിലും ഇത് രണ്ടാം തവണയാണ് എത്തുന്നത്. ഇനി ഒരിക്കല്‍ കൂടി വരുവാന്‍ അവസരമുണ്ടാകുമോ എന്ന് ദ്വാരകാധീശനല്ലേ അറിയൂ… പാതയോരം സജീവമായി തുടങ്ങിയിരുന്നു. പലഹാരത്തട്ടുകടകളില്‍ പ്രാദേശിക ഭക്ഷണങ്ങളായ കച്ചോരി, ആലു പൂരി, ഗുലാബ്ജാമൂന്‍ തുടങ്ങിയവ നിരന്നിരുന്ന് മാടി വിളിക്കുന്നു. വിശപ്പുണ്ടായിരുന്നെങ്കിലും വൃത്തി കുറവായതുകൊണ്ട് വഴിയോര പലഹാരങ്ങളെ അവഗണിച്ച് മുന്നോട്ട് നടന്നു.
(തുടരും)