നരേന്ദ്ര മോദിയെ അയച്ചത് ദൈവം തന്നെ എന്ന കാര്യത്തില്‍ മുഖ്യമന്ത്രി വിജയന്‍ സഖാവിനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും സംശയം തീര്‍ന്നു എന്നു തോന്നുന്നു. പ്രധാനമന്ത്രി വയനാട്ടിലെ പ്രളയ ബാധിത സ്ഥലങ്ങള്‍ സന്ദര്‍ശിച്ചപ്പോഴാണ് അവരുടെ സംശയം തീര്‍ന്നത് എന്നുവേണം കരുതാന്‍. നേരത്തെ രാഹുല്‍ ഗാന്ധി മോദിയെ അയച്ചത് ദൈവമല്ല, അംബാനിയാണെന്നു കളിയാക്കിയിരുന്നു. അതിനൊപ്പം കൂടിയവരാണ് വിജയന്‍ സഖാവും സതീശനും. പ്രധാനമന്ത്രി മോദിയും കേന്ദ്രസര്‍ക്കാരും കേരള വിരുദ്ധരാണ്, കേരളത്തിന് ഒന്നും തരാതെ കഷ്ടപ്പെടുത്തുന്നവരാണ് എന്നൊക്കെയാണ് ഇവര്‍ രണ്ടുകൂട്ടരും ഒരേ സ്വരത്തില്‍ പറഞ്ഞത്. അതുകൊണ്ട് മോദി വരുമ്പോള്‍ കാര്യമായ ആക്രമണത്തിന് അവര്‍ ആയുധം മിനുക്കിനില്‍ക്കുകയായിരുന്നു. താന്‍ കേവലം ജൈവവസ്തുവല്ലെന്നും തന്റെ ജീവിതം ദൈവനിയോഗമാണെന്നും താന്‍ ദൈവത്തിന്റെ കയ്യിലെ ഉപകരണമാണെന്നും അദ്ദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇതാണ് കോണ്‍ഗ്രസ്സുകാരും മറ്റു പ്രതിപക്ഷക്കാരും വിവാദമാക്കി മോദിയെ ആക്ഷേപിച്ചത്. വയനാട്ടിലെ പ്രളയസ്ഥലത്ത് വാനനിരീക്ഷണം നടത്തിയ ശേഷം വാഹനത്തില്‍ അവിടെ എത്തിയ മോദി എസ്.പി.ജിക്കാര്‍ നിശ്ചയിച്ച സമയക്രമം തെറ്റിച്ച് അഞ്ച് മണിക്കൂര്‍ അവിടെ ചെലവഴിച്ച് ചൂരല്‍ മലയും ബെയ്ലി പാലവും മറ്റും നേരില്‍ കണ്ടു. ആശുപത്രിയിലെത്തി ചികിത്സയില്‍ കഴിയുന്നവരുമായി സംസാരിച്ചു, അവരെ ആശ്വസിപ്പിച്ചു. കലക്ട്രേറ്റിലെ യോഗവും കഴിഞ്ഞാണ് അദ്ദേഹം തിരിച്ചു പോയത്. അതിനിടയ്ക്ക് കഴിച്ചത് ഒരു ചായ മാത്രം. അഭിമുഖത്തില്‍ പത്രപ്രവര്‍ത്തക എന്തുകൊണ്ടാണ് ഇത്രയും തിരക്കിലും ഒരു ക്ഷീണവുമില്ലാതെ പ്രവര്‍ത്തിക്കാന്‍ കഴിയുന്നത് എന്നു ചോദിച്ചപ്പോഴാണ് തന്റെത് ദൈവനിയോഗമാണെന്ന് മോദി പറഞ്ഞത്.
കൗരവസഭയില്‍ ദൂതിനുപോയ ശ്രീകൃഷ്ണനെ അപമാനിക്കാന്‍ ശ്രമിച്ച പോലെ കേരളത്തിലെ ഇടതുസര്‍ക്കാരും പ്രതിപക്ഷത്തെ കോണ്‍ഗ്രസ്സും മോദിക്കെതിരെ സകല ആയുധങ്ങളുമായി തയ്യാറെടുത്തു നിന്നതായിരുന്നു. കേന്ദ്രം കേരളത്തിന് നക്കാപ്പിച്ചയേ തന്നുള്ളൂ എന്ന കണക്ക് വളച്ചൊടിച്ചുണ്ടാക്കിയ മാധ്യമക്കാര്‍ അവര്‍ക്ക് ആയുധം മിനുക്കിക്കൊടുക്കുകയും ചെയ്തു. സാമൂഹമാധ്യമ പടയാളികളും ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും ചെയ്തു. മോദിയെ കേരളത്തില്‍ വെച്ച് ജനകീയ വിചാരണ ചെയ്യാന്‍ ആ കോക്കസ് കരുക്കള്‍ നീക്കി തയ്യാറായി നില്‍ക്കുമ്പോഴാണ് കൗരവസഭയില്‍ പ്രസന്നവദനനായി എത്തിയ കൃഷ്ണനെപ്പോലെ മോദി വയനാട്ടിലെത്തി എല്ലാവരുടെയും മനം കവര്‍ന്നത്. അതോടെ വിജയന്‍ സഖാവിനും സതീശനും ആയുധം താഴെ വെച്ചു കൈകൂപ്പേണ്ടി വന്നു. ഇതൊക്കെ മുകളില്‍ നിന്ന് യച്ചൂരിയും രാഹുലനും കാര്‍ഗെയുമൊക്കെ കാണുന്നുണ്ട് എന്ന് കേരളത്തിലെ ഭരണപ്രതിപക്ഷനേതാക്കള്‍ മറന്നുപോകരുത്. എന്തിനും ഏതിനും മോദിയെ അധിക്ഷേപിക്കുന്ന രാഹുലിന്റെ കോപത്തിനിരയായാല്‍ സതീശന്റെ ശുക്രദശ അതോടെ അവസാനിക്കും